നന്ദി ധോണി…ക്രിക്കറ്റ് പ്രേമികളിൽ നീ നിറച്ച ലഹരിക്ക്

0
43

Προμηθεύς ο Τιτάν

ധോണിക്കായ്

2007 t20 ലോക കപ്പ് ഫൈനൽ നടക്കുമ്പോൾ ഞാൻ പന്തളം NSS കോളേജിൽ NCC ക്യാമ്പിലായിരുന്നു.ക്യാമ്പിൽ ടിവി ഇല്ലായിരുന്നു, കളിയുടെ വിവരങ്ങൾ കൂട്ടുകാരോട് ഫോണിൽ വിളിച്ചറിഞ്ഞ് ആവേശം അടക്കാവുന്നതിലും അപ്പുറത്തായി.”ടാ എനിക്ക് കളി കാണണം”ക്യാമ്പിൽ തന്നെയുണ്ടായിരുന്ന നൂറനാട്കാരൻ സുഹൃത്ത് സുധീഷിനോട് ഞാൻ പറഞ്ഞു.പകൽ മുഴുവൻ കൊല്ലം ഗ്രൂപ്പിന്റെ RD പരേഡിന്റെ ഡ്രിൽ ഇൻസ്ട്രക്ടർ സർദാർജിയുടെ റഗഡ വാങ്ങി ഡ്രിൽ ചെയ്ത് തളർന്ന് കിടന്ന അവൻ ചാടി എഴുനേറ്റു പറഞ്ഞു.
” നീ വാ, നമുക്ക് ജംഗ്ഷനിൽ പോയി കളി കാണാം”.
“ഈപ്പൻ കോശീ!”
” ഈശി പൂശീ നീ വന്നേ”
അവൻ പറഞ്ഞു.
ക്യാമ്പ് അണ്ടർ ഓഫീസറും യൂണിവേഴ്സിറ്റി ബോക്സിങ്ങ് ചാമ്പ്യനുമായ ഒരാളെയാണ് അവൻ നിർദ്ദയം പുച്ഛിച്ച് തള്ളിയത്.
റൂമിൽ നിന്നും പുറത്തിറങ്ങി കോളേജിന്റെ ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും നിലാവെട്ടത് രണ്ട് രൂപങ്ങൾ ഞങ്ങൾക്ക് അഭിമുഖമായി നടന്ന് വരുന്നത് കണ്ടു.
ഇപ്പൻ കോശിയും, അനൂപ് ഭായിയും !!!
അനൂപ് ഭായി റഗഡ സെപെഷ്യലിസ്റ്റാണ്.
“മൂഞ്ചി ഹേ”
സുധീഷ് പറഞ്ഞു
“എവിടെ പോവുവാടാ”
അനീഷ് ഭായ് ചോദിച്ചു
“നേഴ്സിങ്ങ് അസിസ്റ്റന്റ് സാറിന് സിഗററ്റ് വേണം അർജന്റാ”
ഞാൻ പറഞ്ഞു
ഈപ്പൻ കോശി തല വെട്ടിച്ച് പോയിട്ട് വരാൻ ആംഗ്യം കാണിച്ചു.സ്വാതന്ത്ര്യം എത്ര മധുരമുള്ളതാണെന്ന് MC റോഡിനരികിലുള്ള ഗേറ്റ് പിന്നിട്ടപ്പോൾ എനിക്ക് മനസ്സിലായി.അവിടെ അടുത്ത് തന്നെയുള്ള ഹോം അപ്ലൈൻസസ് കടയിൽ പുറത്തേക്കുള്ള കണ്ണാടിക്ക് അഭിമുഖമായി വച്ച ടിവിയിൽ ഫുൾ വോളിയത്തിൽ കളി നടക്കുന്നുണ്ടായിരുന്നു.കടക്കാരന്റെ ഹൃദയവിശാലതയ്ക്ക് അഭിവാദ്യം അർപ്പിച്ച് കളി കണ്ട് തുടങ്ങി. പതിനെട്ട് ഓവർ കഴിഞ്ഞിരുന്നു രണ്ടോവറിൽ പാകിസ്താന് ജയിക്കാൻ രണ്ട് വിക്കറ്റ് ശേഷിക്കേ ഇരുപത് റൺസ് മാത്രം മതി,മിസബാ ഉൾ ഹഖ് അപാര ഫോമിൽ കളിക്കുന്നു. ഞാനും അവനും നിരാശരായി പരസ്പരം നോക്കി.
“നമ്മള് ജയിക്കുമെടാ”

ആത്മവിശ്വാസം തുളുമ്പുന്ന ആ വാക്കുകൾ കേട്ടത് അടുത്ത് നിന്ന് കൈയ്യിലിരുന്ന പ്ലാസ്റ്റിക് ത്രിവർണ്ണ പതാക ആകാശത്തേക്ക് വീശിക്കൊണ്ടിരുന്ന പേരറിയാത്ത ഒരു കൊച്ചാട്ടനിൽ നിന്നാണ്,വൈകുന്നേരം ലേശം വീശിയിട്ടുള്ളതിനാൽ കൊച്ചാട്ടനും നിന്ന് ആടുന്നുണ്ടായിരുന്നു. പത്തൊമ്പതാമത്തെ ഓവറിൽ RP സിങ്ങ് ഒരു വിക്കറ്റ് എറിഞ്ഞിട്ടു, ആ ഓവറിൽ ഏഴ് റൺ മാത്രമേ നമ്മൾ വഴങ്ങിയുള്ളൂ.അടുത്തോവർ ചെയ്യാൻ ധോണി ജൊഗീന്ദർ ശർമ്മയെ വിളിച്ചു.മെയിൻ ബൗളർമാരുടെ നാലോവറുകൾ യാതൊരു മാനേജ്മെന്റുമില്ലാതെ പത്തൊമ്പതാം ഓവറിന് മുന്നേ തീർത്ത ധോണിയുടെ വിവരക്കേടിനോട് പുച്ഛം തോന്നി,പരിചയ സമ്പന്നനായ ഭാജിക്ക് ഓവർ നൽകെടാ എന്ന് ഞങ്ങൾ വിളിച്ച് കൂവി (അതിന് മുന്നേയുള്ള ഭാജിയുടെ ഓവറിൽ മിസ്ബ ഭാജിയെ ശരിക്കും പെരുമാറിയെന്ന് പിന്നെ എന്നോ ഈ കളിയുടെ ഹൈലൈറ്റ്സ് കണ്ടപ്പോഴാണ് മനസ്സിലായത്)

ആദ്യത്തെ പന്ത് വൈഡെറിഞ്ഞ് ജൊഗീന്ദറിന്റെ രണ്ടാമത്തെ പടുകൂറ്റൻ പന്ത് സിക്സർ പറത്തി മിസ്ബ ഞങ്ങളുടെ പ്രതീക്ഷകൾക്ക് മേൽ അവസാന ആണി അടിച്ചു.പൊട്ടി പുറത്തേക്ക് വരാൻ പാകത്തിന് ഒരു നിലവിളി തൊണ്ടയിൽ വന്നുടക്കി നിന്നു.അടുത്ത പന്തിൽ മിസ്ബ ഒരു സ്ക്കൂപ് ഷോർട്ടിന് ശ്രമിച്ചു.ആകാശത്തേക്കുയർന്ന പന്ത് വന്ന് ലാന്റ് ചെയ്തത് ശ്രീശാന്തിന്റെ കൈകളിൽ ആയിരുന്നു.
ലോകം ജയിച്ചിരിക്കുന്നു നമ്മൾ,നുരഞ്ഞ് പൊന്തിയ ആവേശം അണപൊട്ടിയൊഴുകി.പേരറിയത്ത ആ കൊച്ചാട്ടന്റെ കൈയ്യിൽ നിന്നും കൊടി തട്ടിപ്പറിച്ച് ഞങ്ങൾ രണ്ട് വെള്ളിൽ പറവകളായി MC റോഡിലേക്ക് പറന്നിറങ്ങി.ആ വിജയത്തിൽ ധോണിയുടെ കൈയ്യൊപ്പുണ്ടായിരുന്നു.

നാല് വർഷങ്ങൾക്ക് മുന്നേ ദയനീയമായി മറ്റൊരു ലോക കിരീടം അടിയറവ് വച്ച അതേ വേദിയിൽ t20യുടെ രാജാക്കന്മാരായി ഇന്ത്യൻ ടീം മാറുന്ന കാവ്യ നീതി ഉണ്ടായിരുന്നു. ധോണിയെന്ന മികച്ച ക്യാപ്റ്റന്റെ പട്ടാഭിഷേകമായിരുന്നു. നന്ദി ധോണി….ക്രിക്കറ്റ് പ്രേമികളിൽ നീ നിറച്ച ലഹരിക്ക്, തൊണ്ട അടപ്പിച്ച ആരവങ്ങൾക്ക്. മിന്നൽ സ്റ്റമ്പിങ്ങുകൾക്ക്. നിന്റെ ഹെലികോപ്റ്റർ ഷോട്ടുകൾക്ക്.