Featured
അങ്ങനെ ഒരു നോമ്പു കാലത്ത്……… ..
റമദാനിലെ നോമ്പുമായി ബന്ധപ്പെട്ട് ഒരു മൂന്നാം ക്ലാസുകാരന്റെ ഓര്‍മ്മയുണ്ടെനിക്ക്. പിന്നീട് വളയം കുന്നത്ത് ഉണ്ണികൃഷ്ണന് നായരായി രൂപപരിണാമം നേടിയ കളിക്കൂട്ടുകാരനും തൊട്ടയല്പക്കക്കാരനും ഇപ്പോള്‍ റിയാദിലെ ഓഫീസില്‍ നിത്യവിശ്രമം കൊള്ളുന്നവനുമായ ഉണ്ണിയുടെ കൊടുംചതിയുടെ കഥ കൂടിയാണത്.
94 total views

റമദാനിലെ നോമ്പുമായി ബന്ധപ്പെട്ട് ഒരു മൂന്നാം ക്ലാസുകാരന്റെ ഓര്‍മ്മയുണ്ടെനിക്ക്. പിന്നീട് വളയം കുന്നത്ത് ഉണ്ണികൃഷ്ണന് നായരായി രൂപപരിണാമം നേടിയ കളിക്കൂട്ടുകാരനും തൊട്ടയല്പക്കക്കാരനും ഇപ്പോള്‍ റിയാദിലെ ഓഫീസില്‍ നിത്യവിശ്രമം കൊള്ളുന്നവനുമായ ഉണ്ണിയുടെ കൊടുംചതിയുടെ കഥ കൂടിയാണത്.
സ്കൂളിലും മദ്രസയിലും ചെന്ന് കൂട്ടുകാരോട് എനിക്കിത്ര നോമ്പായി എന്ന് വീമ്പിളക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യം നോമ്പെടുക്കുന്നതു കൊണ്ട് കുട്ടികളായ ഞങ്ങള്‍ക്കുണ്ടായിരുന്നോ എന്നത് സംശയമാണ്. ശീലമാക്കാന്‍ വേണ്ടി മാത്രം ചില നോമ്പുകള്‍ കുട്ടികളെക്കൊണ്ടെടുപ്പിക്കുക എന്ന ലക്ഷ്യമേ രക്ഷിതാക്കള്‍ക്കുമുണ്ടായിരുന്നുള്ളൂ.
മുഖവുരയിലെ രണ്ടാം ഭാഗത്തേക്ക് വരട്ടെ. പറഞ്ഞതു പോലെ ഉണ്ണി എന്റെ കളിക്കൂട്ടുകാരനാണ്. ഉമ്മ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥക്കു കീഴിലാണ് ഞാനും അനിയനും വളര്‍ന്നു വന്നത്. ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏതാണ്ട് അതേ കാലത്തു തന്നെയായായിരിക്കണം ഉമ്മ ഞങ്ങളുടെ വീട്ടിലും അത് പ്രഖ്യാപിക്കുന്നത്. ഇന്ന സമയത്ത് ഉണര്‍ന്നു കൊള്ളണം, അവിടേക്ക് പോകരുന്നത്,അവരുമായി കൂട്ടുകൂടരുത്, അവന്റെ കൂടെ പോയാല്‍ മതി, അങ്ങോട്ടു നോക്കരുത്…നൂറുകൂട്ടം കല്‍പ്പനകള്‍.., എവിടെയായിരുന്നു? അവനേതാ?അതെവിടെ? മറ്റൊരു നൂറു കൂട്ടം, ചോദ്യങ്ങളായും വന്നെത്തും.
പത്തൊമ്പത് മാസത്തിനു ശേഷം ശ്രീമതി ഗാന്ധി അവരുടെ അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും ഞങ്ങളുടെ സ്വന്തം അടിയന്തരാവസ്ഥ പിന്നെയും വര്‍ഷങ്ങള്‍ നീണ്ടു. എപ്പോഴെങ്കിലും വീട്ടിലെത്തുന്ന ബാപ്പയുടെ അസാന്നിദ്ധ്യത്തില്‍ മക്കള്‍ ചീത്ത കൂട്ടൂകെട്ടുകളില്‍ ചെന്ന് ചാടാനുള്ള ചാന്‍സ് കൌമാര പ്രായത്തില്‍ കൂടുതലാണല്ലോ അതിനുള്ള മുന്‍കരുതലുകളാണവ. എന്നാല്‍, ഉണ്ണിയോടൊപ്പം എനിക്കെവിടെയും പോകാമായിരുന്നു. ഉമ്മയുടെ കണ്ണില്‍ അവന് സല്‍ഗുണ സമ്പന്നനും സുശീല കുലീനനുമായിരുന്നു. കുരുത്തക്കേടുകളുടെ മൊത്തവ്യാപാരിയായിരുന്നു മാന്യദേഹം എന്ന് എല്ലാവര്ക്കും അറിയാവുന്ന പരസ്യവുമായിരുന്നു. കുത്തനെ നില്ക്കുന്ന മരത്തില്‍ പാഞ്ഞു കേറി അവന് ഞങ്ങള്‍ കൂട്ടുകാരെ വിസ്മയിപ്പിച്ചു. ഉള്ളങ്കയ്യില്‍ പമ്പരം കറക്കി അവന് ഞങ്ങളെ സ്തബ്ധരാക്കി. ഉയര്‍ന്നു നില്ക്കുന്ന പാടവരമ്പത്തു കൂടെ വട്ടുരുട്ടിയും സൈക്കിള്‍ ചവിട്ടിയും ഞങ്ങള്‍ക്ക് ശ്വാസം തടസ്സം സൃഷ്ടിച്ചു. പാഴ്വസ്ക്കളുപയോഗിച്ച് അവന് നിര്‍മിച്ചിരുന്ന കളിപ്പാട്ടങ്ങള്‍,കളിപ്പാട്ടങ്ങള്‍ എന്നതിനേക്കാള്‍ കൗതുകമുണര്‍ത്തിയ കൊച്ചു യന്ത്രങ്ങളായിരുന്നു. എഞ്ചിനീയറിംഗ് കോളേജില്‍ പോകാത്തതു കൊണ്ട് മാത്രമാണ് താന്‍ എഞ്ചിനീയറാകാതെ പോയതെന്ന വലിയ അറിവ് കൂട്ടുകാരുമായി ഇടക്കിടെ പങ്കുവക്കാറുണ്ട്. അവനൊരു പട്ടാളക്കാരന്,ചുരുങ്ങിയത് ഒരു ഗള്‍ഫ് കാരനെങ്കിലും, ആകും എന്ന് പ്രവചിച്ചവര്‍ ഞങ്ങളുടെ കൂട്ടത്തിലെ ന്യൂനപക്ഷമായിരുന്നില്ല; ആ ജാതി ബഡായിയായിരുന്നു. ഉണ്ണി എന്നെ കയറ്റാത്ത കുന്നോ കൊണ്ടുപോയി ചാടിക്കാത്ത കുഴിയോ നാട്ടിലില്ല എന്ന് മാത്രം പറഞ്ഞു നിര്‍ത്താനാണെനിക്കിഷ്ടം.
എം.എസ്.പിക്കാരനായ അച്ഛന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്നതു കൊണ്ട് ആരെയും തെറി പറയാനുള്ള ചാന്‍സ് അവന് ലഭിച്ചിരുന്നില്ല. ആരുമായും അടികൂടുകയോ വക്കാണത്തിന് പോവുകയോ ചെയ്യാറില്ല. ചീത്ത ഭാഷ ഉപയോഗിക്കാനറിയില്ല. ആരെയും ശല്യം ചെയ്യാറില്ല. പറഞ്ഞല്ലോ,അവന്റെ കൂടെ എനിക്കെങ്ങോട്ടും പോകാമായിരുന്നു. കഥാപ്രസംഗക്കാരന്‍ പറഞ്ഞതു പോലെ വേനലും മഞ്ഞും മഴയുമായി കാലം പതുക്കെ കടന്നു പോകവെയാണ് അക്കൊല്ലത്തെ നോമ്പും അപ്പോലെ തന്നെ മുന്‍ചൊന്ന കൊടിയ വഞ്ചനയും അരങ്ങേറുന്നത്.
ഇരുപത്തഞ്ചാമത്തെയോ ഇരുത്താറാമത്തെയോ നോമ്പായിരിക്കുമത്. എനിക്കന്ന് പന്ത്രണ്ടാമത്തെ നോമ്പായിരുന്നു.
‘വാ നമുക്ക് പോകാം’ അവന്
‘എങ്ങോട്ട്?’ ഞാന്‍
‘നല്ലാണിയിലേക്ക്, നല്ല നെല്ലിക്കയുണ്ടവിടെ’
‘ഉമ്മയോട് ചോദിക്കട്ടെ.’
നോമ്പ് തുറന്നതിന് ശേഷം തിന്നാനായി പലവസ്തുക്കളും കരുതി വയ്ക്കുക കുട്ടികളുടെ രീതിയാണ്. കരുതി വച്ചതിന്റെ പത്തിലൊരംശം പോലും കഴിക്കാനാവില്ലെങ്കില്‍പോലും ശേഖരിച്ചു വക്കുക എന്നതായിരുന്നു പ്രധാനം.
ഉമ്മയുടെ സമ്മതം കിട്ടി.
അഞ്ചാറ് നെല്ലിക്കയൊക്കെ പെറുക്കി വിശ്രമിക്കാനായി ഞങ്ങള്‍ മരച്ചോട്ടിലിരുന്നു. ആകാശത്ത് പറന്നു നടക്കുന്നതിനായുള്ള തന്റെ പരീക്ഷണങ്ങളുടെ പുരോഗതി വിശദീകരിച്ചു കൊണ്ട് അവന് ഒരു നെല്ലിക്കയെടുത്ത് കടിച്ചു.
കൊടും ചതി! ഒരു നോമ്പുകാരന്റെ മുഖത്തു നോക്കി നെല്ലിക്ക കടിക്കുക പോരാത്തതിന് ഒരു ചോദ്യവും.
“നിനക്ക് വേണോ?”
“നോമ്പുണ്ട്.”
അതിനിടെ ഇരുന്നിടത്തു നിന്നെഴുന്നേറ്റ് ട്രൌസറിന്റെ പോക്കറ്റില്‍ നിന്ന് ഒരു ചെറിയ പൊതിയെടുത്ത് ശ്രദ്ധാപൂര്‍വ്വം തുറന്നു. ഞാന്‍ നോക്കി, ഏതാനും കല്ല് ഉപ്പ്. കടിച്ച നെല്ലിക്കയുടെ വായ്ഭാഗം ഉപ്പില്‍ ശ്രദ്ധാപുര്‍വം കുത്തി വീണ്ടും അവന് കടിച്ചു.
“വേണോ?”
“ഥ്ഫൂ, നോമ്പ് കാരനെയാണോ നെല്ലിക്കാ-ഉപ്പ് കോമ്പിനേഷന്‍ കാട്ടി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നുത്” എന്നാട്ടുകയാണ് വേണ്ടത്. ഹല്ല പിന്നെ. എന്നാല്‍ വിയിലൂറിയ വെള്ളം കാരണം നാവിന്റെ സ്വതന്ത്രമായ ചലനത്തിന് തടസ്സം നേരിട്ടു.
അടുത്ത പ്രലോഭനം, “ഉമ്മയോട് ഞാന്‍ പറയില്ല.”
അനിച്ഛാ പ്രേരണയില്‍ എന്റെ കൈ നീണ്ടു. അങ്ങനെ, നോമ്പ് മുറിഞ്ഞു. പക്ഷേ ഞങ്ങള്‍ തമ്മിലുള്ള ധാരണ പ്രകാരം എനിക്ക് പന്ത്രണ്ടാം നോമ്പു തന്നെ. അവന്റെയും എന്റെയും, തീര്‍ച്ചയായും പടച്ചവന്റെയും കണക്കില്‍ മാത്രം പതിനൊന്ന്.
അവനെ വിശ്വസിക്കാന്‍ തോന്നിയ നിമിഷത്തെ കുറ്റപ്പെടുത്താന്‍ എനിക്കധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. കിട്ടിയ ആദ്യത്തെ അവസരത്തില്‍, അന്ന് വൈകുന്നേരം, ഉമ്മ നീട്ടിയ ഏതാനും പത്തിരിത്തുണ്ടുകള്‍ക്ക് പകരമായി കശ്മലന് ആ രഹസ്യം കൈമാറി. അങ്ങനെ വീട്ടുകാരുടെയും കണക്കില്‍ എനിക്ക് നോമ്പ് പതിനൊന്ന്.
പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ മുതല പിടിക്കും എന്നാണല്ലോ പ്രമാണം. പിന്നീട്, മെക്കാളെ പ്രഭു ആവിഷ്കരിച്ച പഴഞ്ചന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അശാസ്ത്രീയത കാരണം കോളേജ് പഠനം വഴിയില്‍ വെച്ച് മുടങ്ങി ജോലിയും കൂലിയുമൊന്നുമില്ലാതെ ആകാശത്തേക്ക് നോക്കി തേരാ ബാരാ (13-12) എന്ന് അവരോഹണ ക്രമത്തില്‍ ഉല്‍ക്കകള്‍ എണ്ണി നടക്കുന്ന കാലം. അവനെ മുതല പിടിച്ചു.
ഞങ്ങളുടെ നാട്ടില്‍ ഹോട്ടല്‍ കച്ചവടക്കാരെല്ലാം മുസ്ലിംകളായിരുന്നു. നോമ്പുകാലത്ത് അവര്‍ കട തുറക്കാറില്ല. പക്ഷേ നോമ്പു പിടിക്കാത്തവര്‍ക്ക് ഭക്ഷണം വേണമല്ലോ. ഉണ്ണിയും കുട്ടുകാരായ ശിവനും മധുവും ചേര്‍ന്ന് ചായക്കച്ചവടം തുടങ്ങി. മൂന്ന് പേര്‍ക്കും കൂടി ആകെ കിട്ടിയത് ഒരു കസ്റ്റമറെയാണ്. നോമ്പായതു കാരണംവീട്ടില്‍ നിന്ന് ഒന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു ഇക്കാക്കയെ. എന്നിട്ട്… അല്ലെങ്കില്‍ വേണ്ട അവന് തന്നെ പറയട്ടെ, “പത്തു ദിവസം കഴിഞ്ഞ് കച്ചോടം പൂട്ടുമ്പോഴത്തെ ലാഭം,പൊട്ടാതെ രക്ഷപ്പെട്ട നാലു ഗ്ലാസും രണ്ടു കഷണം ഒണക്കപ്പുട്ടും.”
അവന് കച്ചവടത്തില്‍ ആ സ്ഥിതി വന്നത് അന്ന് എന്നെ പറ്റിച്ചതു കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യമായിട്ടും.
തല താഴ്ത്തി കുറ്റബോധത്തോടെ ഞാന്‍ ഉമ്മയുടെ മുമ്പില്‍ വന്നു നിന്നു. കള്ളത്തരം പിടിച്ചേ എന്ന് പറഞ്ഞ് അവരുടെ മുഖത്ത് ചിരിവരിഞ്ഞപ്പോള്‍ സമാധാനമായെങ്കിലും റമദാനില്‍ അങ്ങനെയൊരു വേണ്ടാത്തരം കാണിച്ചതിലും ആറ്റുനോറ്റ പന്ത്രണ്ടാമത്തെ നോമ്പ് അസാധുവായതിലും തുടര്‍ന്നുവന്ന രണ്ടു ദിവസങ്ങളില്‍ എനിക്ക് വിഷമമുണ്ടായി.
റമദാന് അങ്ങനെയാണ്. മുസ്ലിം വീടുകളില്‍ നോമ്പ് കാലത്ത് കുട്ടികളെ അടക്കി നിര്‍ത്തുക രക്ഷിതാക്കള്‍ക്ക് ഒരു പ്രയാസമുള്ള കാര്യമല്ല. മേശമേല്‍ കയറ്വേ, നോമ്പു കാലമല്ലേ ഇത്? കളവു പറയ്വേ, നോമ്പു കാലമല്ലേ ഇത്?ഉമ്മ പറഞ്ഞത് കേള്‍ക്കാതിരിക്ക്വേ, നോമ്പല്ലേ ഇത്. കോഴികളെ കല്ലെടുത്തെറ്യേ, നോമ്പുകാലമല്ലേ ഇത്? കുട്ടികളും മുതിര്‍ന്നവരുമൊക്കെ അന്ന് പൊടുന്നനെ നല്ലവരാകും. ദാനധര്‍മ്മകങ്ങള്‍ അധികരിപ്പിക്കും. പുണ്യങ്ങള്‍ ചെയ്തു കൂട്ടും, വഴക്കും വക്കാണവും പരമാവധി ഒഴിവാക്കും. റമദാനില്‍ പുണ്യങ്ങള്‍ക്കുള്ള പ്രതിഫലം ആയിരമിരട്ടിയാണെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.
“ചീത്ത വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കാതെ നിങ്ങളുപേക്ഷിക്കുന്ന അന്നപാനീയങ്ങള്‍ കൊണ്ട് അല്ലാഹുവിന് ഒരു കാര്യവുമില്ല” എന്ന നബി വചനം പൊതുവെ നോമ്പുകാരനെ ശാന്തനാക്കുന്നു.
മാറ്റത്തിനുള്ള അവസരമായിട്ടാണ് മിക്കവാറും ആളുകള്‍ റമദാനിനെ കാണുക. നമസ്കരിക്കാത്ത ഒരാള്‍ പെട്ടെന്ന് നമസ്കാരം തുടങ്ങിയാല്‍ എല്ലാവരും അയാളെ ശ്രദ്ധിക്കും അതാലോചിച്ച് അയാളാ പരിപാടിക്കു തന്നെ നില്‍ക്കില്ല. എന്നാല്‍ റമദാനിലാണ് ആ തുടക്കമെങ്കില്‍ സ്ഥിതി മറിച്ചാണ്. ആരും അയാളെ അര്‍ഥം വച്ച് നോക്കില്ല, പരസ്പരം നോക്കി ചിരിക്കില്ല. കാരണം അത് മാറ്റത്തിന്റെ സ്വാഭാവിക കാലമാണ്. മാറാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. പുകവലി നിര്‍ത്താനുള്ള അവസരമായി പലരും റമദാനിനെ കാണാറുണ്ട്, അങ്ങനെ ഇരുപതും മുപ്പതും തവണ’അവസാനത്തെ കുറ്റി’ വലിച്ചെറിഞ്ഞവരെ ചുറ്റുപാടും കാണാനാകും. ഈ മാറ്റം ജീവിതത്തിലുടനീളം കൊണ്ടുനടക്കുന്നവരെയും റമദാന് കഴിഞ്ഞാല്‍ പൂര്‍വാധികം ശക്തിയോടെ വാല് വളഞ്ഞ് ചുരുണ്ടിരിക്കുന്നവരെയും കാണാം.
പട്ടിണിക്കാരന്റെ വിശപ്പ് മനസ്സിലാക്കാനുള്ള അവസരം എന്ന ലളിത സമവാക്യങ്ങളില്‍ റമദാനിനെ കെട്ടുന്നവരുണ്ട്. ഞാനും അങ്ങനെ പറയാറുണ്ടായിരുന്നു. എന്റെ ധാരണയെ കീഴ്മേല്‍ മറിച്ച ഒരു സംഭവമുണ്ടായി. റമദാന് ആയിക്കഴിഞ്ഞാല്‍ എല്ലാ ദിവസവും മലയാള പത്രങ്ങള്‍ മുസ്ലിം നേതാക്കളെക്കൊണ്ടും പണ്ഡിതരെക്കൊണ്ടും എഴുത്തുകാരെക്കൊണ്ടും ലേഖനങ്ങള്‍ എഴുതിപ്പിക്കുക പതിവാണ്. എന്റെ പിതാവിന് അന്ന് പണിയാകും. അല്ലെങ്കില്‍ തന്നെ തരാതരം തിരക്കുകളില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത വേളയില്‍, കൂനിന്മേല് പെരുങ്കുരു സൃഷ്ടിച്ചു കൊണ്ട് പത്രങ്ങള്‍ ലേഖനങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തെ സമീപിക്കും. ബാപ്പ എന്നെയോ അനിയനെയോ എഴുതാനേല്‍പ്പിക്കും. എഴുതിക്കഴിഞ്ഞ് വായിച്ച് കേട്ട് വേണ്ട തിരുത്ത് നിര്‍ദ്ദേശിക്കും. തിരുത്തിക്കഴിയുമ്പോള്‍ പലപ്പോഴും ഞങ്ങളെഴുതിയതിന്റെ ചൊറിപിടിച്ച തൊലിയേ ബാക്കി കാണൂ അമ്മാതിരി സൂക്ഷ്മ വായനയാണ്. അങ്ങനേയിരിക്കെ, ഒരു പത്രത്തിന് വേണ്ടിയെഴുതിയ ലേഖനത്തില്‍ ഞാന്‍ കാച്ചി, “പട്ടിണിക്കാന്റെ പട്ടിണിയും വിശക്കുന്നവന്റെ വിശപ്പും അറിയാനുള്ള അവസരമായാണ് നോമ്പിനെ ഇസ്ലാം പരിചയപ്പെടുത്തുന്നത്.” ബാപ്പ വായിച്ചു അടിവരയിട്ടു കൊണ്ടിരുന്നു (എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, അദ്ദേഹത്തെ കാണിക്കാനുള്ള കുറിപ്പുകള്‍ വരയുള്ള കടലാസിലാണ് എഴുതേണ്ടതെന്ന് അങ്ങിനെയാണെങ്കില്‍ അടിവരയിടുന്ന ജോലിഭാരം കുറച്ചു കൊടുക്കാമല്ലോ) ഈ വാചകത്തിലെത്തിയപ്പോള്‍ അടിയില്‍ ഇരട്ടവര വീണു.
“ഇതെവിടന്നാ? നിന്നോടാരാ പറഞ്ഞത്?”
“അങ്ങനെയില്ലേ? എല്ലാവരും പറയാറുണ്ടല്ലോ?”
“ഖുര്‍ആനിലോ ഹദീസിലോ അങ്ങനെയില്ല.”
ശരിയാണല്ലോ, ഖുര്‍ആനിലോ ഞാന്‍ ഇതുവരെ കേട്ട ഹദീസുകളിലോ അങ്ങനെയൊന്നുമില്ലല്ലോ.
പിന്നെ തുടര്‍ന്നു, “നിനക്കറിയാമോ പട്ടിണിയെന്താണെന്ന്? മുമ്പിലുള്ള സമൃദ്ധമായ ഭക്ഷണം തല്ക്കാലം വേണ്ടെന്ന് വച്ച് കൃത്യമായ ഒരു സമയത്ത് പിന്നീടത് കഴിക്കുന്നതിന് പട്ടിണി എന്ന് പറയില്ല;അയാള്‍ക്കറിയാം തനിക്കിനിയെപ്പോള്‍ ഭക്ഷണം കിട്ടുമെന്ന്. വെറും വിശപ്പുമല്ല പട്ടിണി. പട്ടിണി ഒരു മനോഭാവമാണ്, സ്വഭാവമാണ്,ഒരനുഭവമാണ്. മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും പട്ടിണിക്കാരന് ആധിയാണ്, ഇനിയെപ്പോഴാണിങ്ങനെയൊരു ഭക്ഷണം കഴിക്കാനാവുക എന്ന്.ആ അനിശ്ചിതത്വം കാരണം എപ്പോഴും അയാള്‍ വിശന്നാണിരിക്കുക. ഔചിത്യത്തെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല… ഭക്ഷണ വിഭവങ്ങളൊരുക്കി മഗ്രിബ് ബാങ്ക് വിളിക്കുന്നതും കാത്ത് വാച്ചില്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇപ്പറഞ്ഞ പട്ടിണിക്കാരന്റെ പട്ടിണിയെങ്ങനെയാണ് മനസ്സിലാവുക..? ” പിന്നെ ഞാനത്തരം ബഡായികള്‍ എഴുതിയിട്ടില്ല.
രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അല്‍ജസീറ ചാനല്‍ അംഗോളയില്‍ നിന്നുള്ള ഒരു ദൃശ്യം കാണിച്ചു. ഹറു മുസ്തയുടെ റിപ്പോര്‍ട്ടായിരുന്നു അത്. കൊയ്തെടുത്ത ഗോതമ്പ് കയറ്റിപ്പോകുന്ന ട്രക്കുകളില്‍ നിന്ന് റോഡില്‍ കൊഴിഞ്ഞു വീഴുന്ന ധാന്യമണികള്‍ അടിച്ചുകൂട്ടുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും പരസ്പരം ഉന്തും തള്ളുമുണ്ടാക്കുന്നു. ക്യാമറക്കണ്ണുകള്‍ അവരെ പിന്തുടരുന്നതില് അവര്‍ക്ക് മാനക്കേടൊന്നുമില്ല. അല്ലെങ്കിലും, തങ്ങളൊരിക്കലും കാണാനിടയില്ലാത്ത ഒരു ടി.വി ഫൂട്ടേജിനെപ്പേടിച്ച് അവരെന്തിന് നിലനില്‍പ്പിനു വേണ്ടിയുള്ള തങ്ങളുടെ സമരം ഉപേക്ഷിക്കണം?
എനിക്ക് നല്ല ഓര്‍മ്മയുണ്ട് അതും ഒരു റമദാനിലായിരുന്നു. അതിന് തൊട്ടടുത്തയാഴ്ചയാണ് ഒരു മലയാളം ചാനലില്‍ യു.എ.ഇയില്‍ നിന്നുള്ള ഒരു ദൃശ്യം കാണുന്നത്. വലിയ ഒരു ചെമ്പ്, വലിയൊരടുപ്പില്‍ വച്ചിരിക്കുന്നു. (ഇപ്പോള്‍ നിങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചെടുത്ത ഒരു വലിയ ചെമ്പിന്റെ ചിത്രമുണ്ടല്ലോ, അതിനെക്കാള്‍ വലിയ ചെമ്പായിരുന്നു അത്) അതില്‍ വച്ച ലോകത്തിലെ ഏറ്റവും വലിയ ബിരിയാണി ആളെ കാത്തിരിക്കുന്നു. കോട്ടും സൂട്ടും സൂസുമനിഞ്ഞ് അവിടെ കണ്ട പുരുഷാരത്തിനാകട്ടെ വിശപ്പ് മാറ്റാന്‍ ആ ബിരിയാണി കഴിക്കേണ്ട യാതൊരവശ്യവുമുണ്ടായിരുന്നില്ല എന്നുറപ്പിച്ച് പറയാനാകും. “പാവപ്പെട്ടവന് ക്ഷണിക്കപ്പെടാത്ത സദ്യയാണ് ദുനിയാവിലെ ഏറ്റവും മോശം സദ്യയെന്ന്” നബി (സ) പറഞ്ഞിട്ടുണ്ട്. നോമ്പിനാണ് മുസ്ലിം പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കിക്കളയുന്നത്. ഒത്തുവരികയാണെങ്കില്‍ ഈ വരുന്ന ദിവസങ്ങളില്‍ ഞാന്‍ അത്തരം ചില ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാം, എനിക്കുറപ്പുണ്ട് എനിക്കതിനാകും. ഇന്ഷാ അല്ലാഹ്. “നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക; ധൂര്‍ത്ത് അരുത്,അല്ലാഹു ധൂര്ത്തന്മാരെ ഇഷ്ട\പ്പെടുന്നില്ല” എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
എണ്ണിയാലൊടുങ്ങാത്ത തീന്‍പണ്ടങ്ങള്‍ ഉണ്ടാക്കി, ആവുതന്നത് കഴിച്ച് ബാക്കി വലിച്ചെറിഞ്ഞ് റമദാനിന്റെ അനുഗൃഹീതമായ പകലിരവുകള്‍ കുളമാക്കുന്ന കാക്കാമാരും കാക്കാത്തികളും ശ്രദ്ധിക്കുക. നിങ്ങള്‍ വലിച്ചെറിഞ്ഞ ഒരു മണി ധാന്യം കിട്ടിയെങ്കില്‍, അസഹിനീയമായ വിശപ്പില്‍, ഒരു തുള്ളി കണ്ണുനീരുല്‍പാദിക്കാന്‍ പോലും ത്രാണിയില്ലാത്ത കുഞ്ഞുങ്ങളുടെ തുറന്ന വായില്‍ വച്ചു കൊടുക്കാമായിരുന്നുവെന്ന് കരുതുന്ന ആയിരക്കണക്കില്‍ അമ്മമാരെ ഓര്‍ക്കുക. മ്യന്മാറിനെയും ബംഗ്ളാദേശിനെയും വേര്‍ത്തിരിക്കുന്ന അതിരില്‍ മീന്കാരന്റെ കുട്ടയില്‍ അടുക്കി വച്ച മത്തി പോലെ അടിഞ്ഞു കിടക്കുന്ന മനുഷ്യരൂപങ്ങളെയെങ്കിലും ഓര്‍ക്കുക
95 total views, 1 views today