Narmam
അങ്ങനെ ഒരു മഴക്കാലത്ത്
സംഭവം നടക്കുന്നത് രണ്ടു വര്‍ഷം മുന്‍പ് ഒരു മഴക്കാലത്താണ്. അന്ന് ഞാന്‍ ജോലി ഒന്നും ഇല്ലാതെ നടക്കുകയായിരുന്നു. വെറുതെ നടക്കുകയല്ല കണ്ണില്‍ കാണുന്ന എല്ലാ അപേക്ഷകളും അയക്കും. പിന്നെ ബാക്കി സമയം ക്ലബിന്റെ പ്രവര്‍ത്തനവും അത്യാവശ്യം പൊതു പ്രവര്‍ത്തനവും, ദൈവം സഹായിച്ച്, നാട്ടില്‍ ആര്‍ക്കും എന്നെ പറ്റി മോശം അഭിപ്രായം ഒന്നും ഇല്ല. ഇത്തിരി മതിപ്പും ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.
75 total views, 1 views today
സംഭവം നടക്കുന്നത് രണ്ടു വര്‍ഷം മുന്‍പ് ഒരു മഴക്കാലത്താണ്. അന്ന് ഞാന്‍ ജോലി ഒന്നും ഇല്ലാതെ നടക്കുകയായിരുന്നു. വെറുതെ നടക്കുകയല്ല കണ്ണില്‍ കാണുന്ന എല്ലാ അപേക്ഷകളും അയക്കും. പിന്നെ ബാക്കി സമയം ക്ലബിന്റെ പ്രവര്‍ത്തനവും അത്യാവശ്യം പൊതു പ്രവര്‍ത്തനവും, ദൈവം സഹായിച്ച്, നാട്ടില്‍ ആര്‍ക്കും എന്നെ പറ്റി മോശം അഭിപ്രായം ഒന്നും ഇല്ല. ഇത്തിരി മതിപ്പും ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.
ഒരു ദിവസം വൈകീട്ട് ഞാന്‍ ക്ലബ്ബില്‍ ഇരിക്കുകയായിരുന്നു.ചെറുതായിട്ട് മഴ പെയ്യുന്നുണ്ടായിരുന്നു. എന്തൊക്കെയോ ആലോചിച്ചു ഇരിക്കുകയായിരുന്നു. ആരോ പടികയറി വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ഞാന്‍ പതിയെ തിരിഞ്ഞു നോക്കി.എന്റെ ഒരു സുഹൃത്ത് ആണ്, അവന് പട്ടാളത്തില്‍ ആണ്. ട്രെയിനിംഗ് കഴിഞ്ഞു ആദ്യമായി ലീവില്‍ വന്നതാണ്. അവന് വന്നു എന്റെ മുന്നില്‍ ഉള്ള കസേരയില്‍ ഇരുന്നു. ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചു. പട്ടാളക്കാരുടെ ത്യാഗനിര്‍ഭരമായ ജീവിതത്തെ പറ്റിയും, ട്രെയിനിങ്ങില്‍ അനുഭവിച്ച വിഷമങ്ങളെ പറ്റിയും അവന് പറഞ്ഞു.
അവനെ എനിക്ക് പണ്ടേ അറിയാം പഠിക്കാന്‍ അവന് കുറച്ചു പിറകോട്ടയിരുന്നു. പക്ഷെ വളരെ നല്ല സ്വഭാവം ആയിരുന്നു. സംസാരിക്കുന്നതു പോലും വളരെ പതുക്കെ ആയിരുന്നു, അത് ഇപ്പോഴും മാറിയിട്ടില്ല. ഞാന്‍ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു അവന് എന്തോ ഒന്ന് കൂടെ പറയാനുണ്ട് എന്ന് തോന്നി, ഞാന്‍ ചോദിച്ചപ്പോള്‍ മടിച്ചു മടിച്ചു അവന് കാര്യം പറയാന്‍ തുടങ്ങി. അപ്പോഴേക്കും വേറെ ചില സുഹൃത്തുക്കള്‍ അവിടേക്ക് വന്നു. അവന് സംസാരം നിര്‍ത്തി പതുക്കെ എഴുന്നേറ്റു, എന്നിട്ട് നാളെ കാണാം എന്ന് പറഞ്ഞു പോവാന്‍ തുടങ്ങി.
അവന് പടികള്‍ ഇറങ്ങിപോവുന്നത് ഞാന്‍ നോക്കി നിന്നു. അവന് എന്തായിരിക്കും പറയാന്‍ വന്നത് എന്ന് ആലോചിച്ചിരിക്കുമ്പോള്‍ അവന് വീണ്ടും കയറിവന്നു അവന്റെ വീട്ടില്‍ പോയിരുന്നു സംസാരിക്കാം എന്ന് പറഞ്ഞു എന്നെ വിളിച്ചു കൊണ്ട് താഴേക്കിറങ്ങി. മഴ നിന്നിട്ടില്ല അവന്റെ കയ്യില്‍ കുടയുണ്ടായിരുന്നു അവന്റെ ചുമലില്‍ കയ്യിട്ടുകൊണ്ട് ചേര്‍ന്ന് നടക്കുമ്പോള്‍ എന്റെ ഉള്ളില്‍ ആകാംഷ കൂടികൊണ്ടിരുന്നു, രണ്ടു പേരുടെയും തല ഒഴിച്ച് ബാക്കിയെല്ലാം നനയുന്നുണ്ട്. നടന്നു നടന്നു ബാബു ഏട്ടന്റെ പീടിക കഴിഞ്ഞപ്പോള്‍ അവന് കാര്യത്തിലേക്ക് കടന്നു.അവന് ഒരാളെ ഇഷ്ടമാണെന്നും അവള്‍ക്കു വേണ്ടിയാണു പട്ടാളത്തില്‍ പോയതെന്നും ജോലി കിട്ടിയ സ്ഥിതിക്ക് അവള് തന്നെ കല്യാണം കഴിക്കും എന്നും എല്ലാത്തിനും കൂടെ നില്‍ക്കണം എന്നും പറഞ്ഞു.
അവന്റെ വീട് ഒരു വയലിലാണ്. വരമ്പിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ പടിഞ്ഞാറുനിന്നും സോഹന്‍ വരുന്നുണ്ടായിരുന്നു. പാല് വാങ്ങിക്കാന്‍ പോയതാണ് കയ്യില്‍ പാല് പാത്രം കാണുന്നുണ്ട്.സംസാരിക്കാന്‍ നേരം ഇല്ല മഴ കൂടുന്നുണ്ട്. രാത്രി ഫോണ്‍ വിളിക്കാം എന്ന് അവനോടു ആങ്ങ്യം കാണിച്ചിട്ട് ഞങ്ങള്‍ വരമ്പിലെക്കിറങ്ങി. വയലിലെ വെള്ളത്തിന് നല്ല തണുപ്പ് ഉണ്ട്. അവന്റെ അമ്മ അവനെ നോക്കി നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ നേരെ ടെറസ്സിലേക്ക് കയറിച്ചെന്നു. ഞാന്‍ പെണ്‍കുട്ടി ഏതാണെന്ന് ചോദിച്ചു അവന് ആളെ പറഞ്ഞു. നാട്ടിലെ ഒരു ഗള്‍ഫ്കാരന്റെ മകളാണ്. കാണാന്‍ സുന്ദരിയാണ് പക്ഷെ ആര്‍ക്കും അവളെ പറ്റി അത്ര നല്ല അഭിപ്രായം അല്ല ഉള്ളത്, പോരാത്തതിനു അവര്‍ ഞങ്ങളുടെ എതിര് പാര്‍ട്ടിക്കാരും ആണ്.
കാര്യം എങ്ങനെ കാര്യം കൈകാര്യം ചെയ്യും എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ അമ്മ വെല്ല കാപ്പിയും കിഴങ്ങ് പുഴുങ്ങിയതും കൊണ്ട് വന്നു.കാപ്പി കുടിക്കുമ്പോള്‍ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. അവന് വന്നിട്ട് ഇത് വരെ അവളെ കണ്ടിട്ടില്ലെന്നും ഫോണ്‍ നമ്പര്‍ അറിയില്ല എന്നും പറഞ്ഞു. ഒടുവില്‍ നാളെ അവളുടെ വീട് വരെ ഒന്ന് പോയിക്കളയാം എന്ന് അവന് പറഞ്ഞു, മനസില്ല മനസോടെ ഞാന്‍ സമ്മതിച്ചു.അവന് പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വാസം വന്നിട്ടില്ല. ഒരു ജോലി കിട്ടിയാല്‍ നിന്നെ വിവാഹം കഴിക്കാം എന്ന് അവള് അവനെ പറഞ്ഞു പറ്റിച്ചതായിരിക്കാം. അവള് ഇങ്ങനെ പലരോടും പറഞ്ഞിട്ടുണ്ടാവാം പക്ഷെ അവനോടു അത് തുറന്നു പറയാന്‍ എനിക്ക് മടി തോന്നി ഒരു പക്ഷെ ഇത് വിശുദ്ധ പ്രേമം ആണെങ്കിലോ. നാളെ കാണാം എന്ന് പറഞ്ഞു ഇറങ്ങുമ്പോള്‍ അവന് ഒരു ഫുള്‍ ബോട്ടില്‍ സ്കോച് കവറില്‍ പൊതിഞ്ഞു കൊണ്ടുതന്നു. ഞാന്‍ കഴിക്കില്ലെന്നു പറഞ്ഞു അത് വാങ്ങിച്ചില്ല.
ഞാന്‍ ക്ലബിലേക്ക് തിരിച്ചു നടക്കുമ്പോള്‍ നാളെ നടക്കാന്‍ പോകുന്ന സംഭവങ്ങളെ പറ്റി ആലോചിച്ചു. എന്തിനായിരിക്കും അവന് ഇതിനു എന്നെ കൂട്ട് പിടിച്ചത് എന്ന് മനസിലാവുന്നില്ല. അന്ന് രാത്രി എനിക്ക് ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല.രാവിലെ അവന് വന്നു വിളിച്ചപ്പോഴാണ് ഞാനുണര്‍ന്നത്.പെട്ടന്ന് തന്നെ പല്ലുതേപ്പും കുളിയും കഴിച്ചു ഞാന്‍ റെഡി ആയി. ഇന്നലത്തെ മഴ തോര്‍ന്നിട്ടില്ല ഞങ്ങള്‍ പുറപെട്ടു കുറച്ചു ദൂരെയാണ്. എനിക്ക് അവളെയും ആ വീട്ടുകാരെയും നല്ലത് പോലെ അറിയാം വീട്ടില്‍ അവളും അവളുടെ അമ്മയും മാമനും അമ്മമ്മയും ആണ് ഉള്ളത് ഏട്ടന് ബംഗ്ലൂരില്‍ എന്തോ പഠിക്കുകയാണ്. അവര്‍ക്ക് ആര്‍ക്കും എന്നെ അറിയില്ല. രാവിലെ ആയതു കൊണ്ട് മാമന് ഉണ്ടാവില്ല അയാള്‍ ജോലിക്ക് പോയിക്കാണും. അമ്മയെയും അമ്മമ്മയെയും കാര്യമാക്കേണ്ട.
ഞങ്ങള്‍ ഓട്ടോയില്‍ ആണ് പോയത്. ഓട്ടോ ഇറങ്ങി അടുത്ത കടയില്‍ നിന്നും ബേക്കറി സാധനങ്ങളും വാങ്ങി അവളുടെ വീട്ടിലേക്കു നടന്നു. വരാന്തയില്‍ ഇരുന്നു അവളുടെ അമ്മമ്മ പത്രം വായിക്കുന്നുണ്ടായിരുന്നു. ഗേറ്റ് തുറക്കുന്ന ഒച്ച കേട്ടപ്പോള്‍ തന്നെ അവര്‍ ഞങ്ങളെ തുറിച്ചു നോക്കാന്‍ തുടങ്ങി.എന്റെ നെഞ്ചിടിപ്പ് കൂടി. അവന് ഒരു മാറ്റവും ഇല്ല അവന് നല്ല പ്രതീക്ഷയിലാണ്. ഞങ്ങള്‍ മുറ്റത്തെത്തി അവര്‍ ചോദിയ്ക്കാന്‍ മുന്‍പേ ഞങ്ങള്‍ അവളുടെ ക്ലാസ്സ്മേറ്റ് ആണെന്ന് അവന് സ്വയം പരിചയപെടുത്തി. ഇവിടെ അടുത്ത് ഒരു വീട്ടില്‍ വന്നപ്പോള്‍ വെറുതെ വന്നതാണ് എന്നും പറഞ്ഞു. അവര്‍ അകത്തേക്ക് ക്ഷണിച്ചു. കെട്ടുന്ന ചെരിപ്പായിരുന്നു എന്റെത് അഴിച്ചു വെക്കാന്‍ എനിക്ക് മടി ഒരു പക്ഷെ വല്ല പ്രശ്നവും ഉണ്ടായാല്‍ ഓടുമ്പോള്‍ എടുത്തു കെട്ടാന്‍ നേരം കിട്ടിയില്ല എന്ന് വരും. പക്ഷെ തറയിലെ തിളങ്ങുന്ന ഗ്രാനൈറ്റ് കണ്ടപ്പോള്‍ ഞാന്‍ ചെരുപ്പ് അഴിച്ചു വച്ചു. സെന്റെര് ഹാളിലെ വിലകൂടിയ സെറ്റിയില്‍ ഞങ്ങള്‍ ഇരുന്നു.
അവളുടെ അമ്മ അടുക്കളയില്‍ നിന്നും വന്നു കുശലം ചോദിച്ചു. അവള് കുളിക്കുകയാണെന്ന് ഇപ്പൊ വരും എന്നും പറഞ്ഞു. എന്നിട്ട് ചായ എടുക്കാന്‍ അടുക്കളയിലേക്കു പോയി. നിന്റെ കൂട്ടുകാര്‍ വന്നിട്ടുണ്ട് വേഗം കുളിച്ചിട്ടുവാ എന്ന് അവര്‍ വിളിച്ചു പറയുന്നത് കേട്ടു എനിക്ക് ഇത്തിരി ആശ്വാസമായി. അപ്പോഴാണ് അവളുടെ മാമന് അങ്ങോട്ട് കയറി വന്നത്, രംഗം വീണ്ടും വഷളായി. എന്റെ ഹൃദയമിടിപ്പ് വെളിയില്‍ കേള്‍ക്കാം എന്നായി. അവളുടെ അമ്മ ചായയും പലഹാരങ്ങളും കൊണ്ട് വന്നു. ഞങ്ങളെ അയാള്‍ക്ക് പരിചയപെടുത്തി അയാളും ഞങ്ങളുടെ കൂടെ ഇരുന്നു ചായ കുടിക്കാന്‍ തുടങ്ങി. അപ്പോള്‍ അവള് മുകളില്‍ നിന്നും താഴേക്ക് ഇറങ്ങിവന്നു.
കുളി കഴിഞ്ഞപ്പോള്‍ അവള് ഒന്നുകൂടെ സുന്ദരി ആയിട്ടുണ്ട് പക്ഷെ അത് ആസ്വദിക്കാനുള്ള ഒരു മൂടയിരുന്നില്ല അപ്പോള്‍. ഞാന്‍ കയ്യില്‍ ഇരുന്ന ചായകപ്പ് പതിയെ ടീപോയില്‍ വച്ചു അവള് ഞങ്ങളുടെ മുന്നില്‍ ഉള്ള സോഫയില്‍ വന്നിരുന്നു. അവന് ഒന്ന് ചിരിച്ചു കാണിച്ചു. ആരാ മനസിലായില്ലല്ലോ? അവള് ചോദിച്ചു. ഷോക്ക് അടിച്ചത് പോലെ തോന്നി. ഞാന്‍ ആദ്യം എഴുന്നേറ്റു പിന്നാലെ അവനും അനുവിന് ഞങ്ങളെ മനസിലായില്ലേ? വിറയാര്‍ന്ന ശബ്ദത്തില്‍ അവന് ചോദിച്ചു? ഇല്ല എനിക്ക് നിങ്ങളെ അറിയില്ല.
അവളുടെ മാമന്റെ മുഖം ഇരുളുന്നത് ഞാന്‍ കണ്ടു. സോറി ഞങ്ങള്‍ക്ക് ആള് മാറിപോയതാണ് ഞാന്‍ ഒരു വിധം പറഞ്ഞു ഒപ്പിച്ചു ഞങ്ങള്‍ പതുക്കെ പുറത്തിറങ്ങി. അകത്തു എന്തൊക്കെയോ സംസാരം നടക്കുന്നുണ്ട്. ചെരുപ്പ് ഇടാന്‍ വേണ്ടി കുനിഞ്ഞപ്പോഴേക്കും അകത്തു നിന്നും നില്‍ക്കെട അവിടെ എന്ന് ഒരു അലര്‍ച്ച കേട്ടു. ചെരുപ്പ് ഇടാന്‍ സമയം ഇല്ല.രണ്ടു ചെരിപ്പും കയ്യില്‍ എടുത്തുകൊണ്ടു ഒരു ഓട്ടമായിരുന്നു പിന്നാലെ അവനും ആ ഓട്ടം നിന്നത് ക്ലബിന്റെ മുറ്റത്തായിരുന്നു. പിന്നെ ജീവിതത്തില്‍ ഇതുവരെ അവന്റെ കൂടെ ഒരു പരിപാടിക്കും പോയിട്ടില്ല. ആണ് ഓടിയ ഓട്ടത്തിന്റെ കിതപ്പ് ഇപ്പോഴും മാറിയിട്ടില്ല. അവന് ഇപ്പൊ പഞ്ചാബിലാണ് ഞാന്‍ ഇവിടെ ഷാര്‍ജയിലും. ഇന്നലെ രാത്രി ഇവിടെ മഴ പെയ്തിരുന്നു അപ്പോള്‍ പഴയ ചില കാര്യങ്ങള്‍ ഓര്‍ത്തു പോയതാണ്.
76 total views, 2 views today