അച്ഛന്, കാലം മാറ്റി വരച്ച ചിത്രം
അച്ഛന്…..
എന്നും പരുക്കന്‍ മുഖംമൂടികളില്‍ തളച്ചിടപ്പെട്ട ..അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രം….
എന്റെ ബാല്യത്തിന്റെ ഓര്മ്മപ്പെയ്ത്തുയ്കളില് ,എന്റെ മധ്യവേനല്‍ അവധികളില്‍ മാത്രം വിരുന്നു വന്നിരുന്ന ഒരു ട്രങ്ക് പെട്ടിയുടെ ചിലമ്പിച്ച ശബ്ദം …വൃത്തിയായി മടക്കി വച്ച ഒന്ന് രണ്ടു പട്ടാള യൂനിഫോര്മുകള് …. ഏതോ ഹെയര്‍ ഓയിലിന്റെ കടുത്ത ഗന്ധം,…എന്റെ ബാല്യം എന്റെ കൊച്ചു വീടിന്റെ ഏതോ കോണുകളില്‍ മാത്രമായി ചുരുങ്ങിയിരുന്ന ദിനങ്ങള്‍……
148 total views

അറിയാതെ ഉയര്‍ന്നു പോകുന്ന ശബ്ദം പോലും ,അടക്കി പിടിച്ചു ,ഭയന്ന് ,അമ്മയുടെ സാരിത്തുമ്പില്‍ അഭയം കണ്ടെത്തിയിരുന്ന ഒരു മെലിഞ്ഞ കൊച്ചു പയ്യന് ,ഇന്നും മനസിലെങ്കിലും മാറ്റമില്ലാതെ അവശേഷിക്കുന്നു…
കൊമ്പന് മീശയ്ക്കു ഒപ്പം ,പരുക്കന്‍ ഭാവം മറ ചാര്‍ത്തിയ ആ നെഞ്ചില്‍ ..എനിക്കായി ഒളിച്ചു വച്ചിരുന്ന ഒരു സ്നേഹക്കടല്‍ പലപ്പോഴും ഞാന്‍ കാണാതെ പോയോ???
മുപ്പതു വര്‍ഷത്തിന്റെ പട്ടാള ജീവിതം ആ കൈകാലുകളെ തളര്ത്തുമ്പോഴും ,എന്റെ കൈ കാലുകള്‍ വളരുവാന്‍ വേണ്ടി സ്വന്തം ജീവിതത്തിന്റെ നല്ല ഭാഗം ഹോമിച്ച ആ മനസ് ഞാന്‍ തിരിച്ചറിയുവാന്‍ താമസിച്ചോ……???
മരുന്നും മരണവും മണക്കുന്ന ആശുപത്രി കിടക്കയില്‍, അര്‍ദ്ധരാത്രിയുടെ ഏതോ യാമത്തില്‍ ,എന്റെ മുടിയിഴകള്‍ക്ക് ഇടയിലൂടെ ഇഴഞ്ഞു നടന്ന വിരലുകളുടെ പൊരുളറിയാതെ ഞെട്ടി ഉണര്‍ന്ന ഞാന്‍ കണ്ടത്, എന്നെ നോക്കി നിറഞ്ഞു ഒഴുകുന്ന കണ്ണുകളുമായി ഉറങ്ങാതിരിക്കുന്ന ആ പരുക്കന്‍ പട്ടാളക്കാരനെയാണ്….
നിറഞ്ഞൊഴുകിയ സ്നേഹക്കടലില്‍,മനസ്സില്‍ എങ്ങോ പൊടിപിടിച്ചു കിടന്ന ‘അച്ഛന്’ എന്ന ചിത്രം കഴുകി വെടിപ്പാക്കപ്പെടുകയായിരുന്നു….
പ്രവാസ ജീവിതത്തിന്റെ വന്നു പോകുന്ന അവധിക്കാലങ്ങളുടെ ഏറ്റവും അവസാനം, യാത്ര പറയാന്‍ ചെന്നപ്പോള്‍ ആരും കാണാതെ എന്നെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച ആ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു…..
നിറഞ്ഞൊഴുകിയ ആ കണ്ണുകള്‍ പറയാതെ ഒരുപാട് പറഞ്ഞു…
..ആ തോളിലെ ഭാരം ഇറക്കി വയ്കാന്‍ ആവാത്ത ഒരു നിസ്സഹായനായ മകനായി ഞാന്‍ നിന്നു……
ഇതു എന്റെ ‘പപ്പയ്ക്ക്’ വേണ്ടിയാണ്……..
അര്‍ദ്ധരാത്രിയിലെ ഈ അക്ഷരപ്പെയ്ത്ത്…..
ഞാന്‍ സ്നേഹിക്കാന്‍ മറന്നു പോയ എന്റെ പപ്പയ്ക്ക് വേണ്ടി…..
എന്റെ പപ്പയ്ക്ക് ഒരുപാട് സ്നേഹത്തോടെ……….
സ്വന്തം …ഷിജു…….
149 total views, 1 views today