അജിങ്ക്യ രഹാനയെക്കുറിച്ച് അറിയേണ്ടതെല്ലാം.

374

ar7

സിംബാവെയ്‌ക്കെതിരായ പരമ്പരയില്‍ നായകനായി അജങ്ക്യ രഹാനെയുടെ പേര് ബി.സി.സി.ഐ. തിരഞ്ഞെടുത്തപ്പോള്‍ സാക്ഷാല്‍ രാഹാനെ പോലും അത്ഭുതപ്പെട്ടിട്ടുണ്ടാകണം. നന്നായി കളിച്ച് പലതവണ മികവ് തെളിയിച്ചുവെങ്കിലും, ധോണിയുടെ സംഘത്തില്‍ അംഗമല്ലാത്തതിനാല്‍ പന്ത്രണ്ടാമന്റെ കുപ്പായം അണിയാന്‍ ആയിരുന്നു പലപ്പോഴും രഹാനെയുടെ വിധി.

സ്ഥിരത പുലര്‍ത്തുന്നില്ല എന്ന കാരണം പറഞ്ഞു ബംഗ്ലാദേശ് പര്യടനത്തിന് രഹാനെയെ ഒഴിവാക്കിയ ധോണിക്ക് ബി.സി.സി.ഐ. യുടെ ഒരു മുന്നറിയിപ്പ് കൂടിയാണ് രഹാനെയുടെ ക്യാപ്റ്റന്‍ സ്ഥാനം. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ രഹാനെയ്ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പിക്കുവാന്‍ ഉള്ള ഏറ്റവും മികച്ച ഒരു അവസരമാണ് സിംബാവെ പര്യടനത്തിലൂടെ കൈവന്നിരിക്കുന്നത്.

സൗമ്യതയും അതേസമയം കളിമികവും ഒത്തിണങ്ങിയ അജങ്ക്യ രഹാനെയുടെ വിശേഷങ്ങളിലേയ്ക്ക്:

  • എളിയ തുടക്കം

View post on imgur.com

മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ദോമ്പിവാലി എന്ന ഗ്രാമത്തില്‍ 1988 ജൂണ്‍ 6 നാണ് രഹാനെയുടെ ജനനം. രഹാനെയുടെ അച്ചന്‍ മുംബൈ ഗതാഗത വകുപ്പിലെ ഒരു സാധാരണ ജോലിക്കാരന്‍ ആയിരുന്നു. ഏഴാമത്തെ വയസില്‍ തന്നെ രഹാനെ അടുത്തുള്ള ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു. എന്നാല്‍ ഇത് ക്രിക്കറ്റ് കളിക്കാരന്‍ ആവുക എന്നതിനേക്കാള്‍ ശാരീരികക്ഷമത നേടുന്നതിന് വേണ്ടിയായിരുന്നു എന്നാണ് രഹാനെ പിന്നീട് പറഞ്ഞത്. ഏതായാലും അതോടുകൂടി വീടിന്റെ ജനല്‍ ക്രിക്കറ്റ് ബോള്‍ കൊണ്ട് പൊട്ടുന്നു എന്ന സ്ഥിരം പരാതി മാറിക്കിട്ടി.

  • കരാട്ടെക്കാരന്‍

View post on imgur.com

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്

പുറമേ ശാന്തന്‍ എന്ന് തോന്നും രഹാനയെ കണ്ടാല്‍. എന്നാല്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കിയ ആളാണ് രഹാനെ. കൃത്യതയാര്‍ന്ന ബാറ്റിംഗ് ശൈലിയും ചടുലമായ ഫീല്‍ഡിങ്ങും എവിടെ നിന്ന് വന്നതാണെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ.

  • അണ്ടര്‍15, അണ്ടര്‍19 ടീമുകളിലേയ്ക്ക്

View post on imgur.com

2002ല്‍ ഇന്ത്യയുടെ അണ്ടര്‍15 ടീമിലേയ്ക്ക് രഹാനെ തിരഞ്ഞെടുക്കപ്പെട്ടു. ദുബായില്‍ നടന്ന പരമ്പരയില്‍ പിയൂഷ് ചൗളയും തന്മയ് ശ്രീവാസ്തവയും രഹാനെയുടെ ഒപ്പം ഉണ്ടായിരുന്നു. 2007ല്‍ വിരാട് കോഹിലി, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവരുടെ ഒപ്പം ഇന്ത്യന്‍ അണ്ടര്‍19 ദേശീയ ടീമിലേയ്ക്കും സിലക്ഷന്‍ ലഭിച്ചു.

  • ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം

View post on imgur.com

2007ല്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലേയും പ്രാദേശിക ചാമ്പ്യന്‍മാര്‍ മാറ്റുരയ്ക്കുന്ന മുഹമ്മദ് നിസാര്‍ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തില്‍ കറാച്ചിക്ക് എതിരെ മുംബൈക്ക് വേണ്ടി ആയിരുന്നു രഹാനെയുടെ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം. ഈ മത്സരത്തില്‍ ഓപ്പണര്‍ ആയി ഇറങ്ങി 143 റണ്‍സാണ് രഹാനെ അടിച്ചു കൂട്ടിയത്.

  • ഐ.പി.എല്‍. തുടക്കം മുംബൈയോടൊപ്പം

View post on imgur.com

ആദ്യത്തെ എഡിഷനുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു രഹാനെ. എന്നാല്‍, സച്ചിന്‍ ഉള്‍പ്പെടെ കിടിലന്‍ താരങ്ങള്‍ തിങ്ങിനിറഞ്ഞുനിന്നിരുന്ന മുംബൈ ഇന്ത്യന്‍സ് നിരയില്‍ പലപ്പോഴും സൈഡ് ബെഞ്ചില്‍ ആയിരുന്നു രഹാനെയുടെ സ്ഥാനം.

  • ആദ്യ അന്താരാഷ്ട്ര ടി20 രാഹുല്‍ ദ്രാവിഡിനൊപ്പം

View post on imgur.com

രഹാനെയുടെ ആദ്യ അന്താരാഷ്ട്ര ട്വന്റിട്വന്റി മത്സരത്തില്‍ കൂടെ അരങ്ങേറ്റം കുറിക്കുവാന്‍ ഒരു സൂപ്പര്‍ താരവും ഉണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡ്. അരങ്ങേറ്റ മത്സരത്തില്‍ മൂന്നാം വിക്കറ്റില്‍ രണ്ടുപേരും ചേര്‍ന്ന് 63 റണ്‍സ് എടുക്കുകയും ചെയ്തു.

  • ട്വന്റി20 യിലെ ഒരോവറില്‍ എല്ലാ പന്തും ഫോര്‍ അടിക്കുന്ന ആദ്യ താരം

2012 ഐ.പി.എല്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ശ്രീനാഥ് അരവിന്ദിന്റെ ഒരോവറിലെ ആറു പന്തുകളും ഫോര്‍ അടിച്ച് റിക്കാര്‍ഡ് ഇട്ട് രഹാനെ. അന്താരാഷ്ട്ര ട്വന്റി20 യില്‍ ആദ്യമായി ആയിരുന്നു ഇങ്ങനെ ഒരു സംഭവം.

  • ഇന്ത്യയില്‍ കളിച്ചത് ഒരേ ഒരു ടെസ്റ്റ്

View post on imgur.com

2013ല്‍ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ഒരു ടെസ്റ്റ് മാത്രമാണ് രഹാനെ ഇന്ത്യയില്‍ കളിച്ചിട്ടുള്ളത്. അതിനുശേഷം ന്യൂസിലണ്ട്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ബംഗ്ലാദേശ് പരമ്പരയില്‍ അവസരം നഷ്ടപ്പെട്ടതിന് ശേഷം തൊട്ടടുത്ത പരമ്പരയില്‍ ടീം ക്യാപ്റ്റന്‍ എന്ന ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുന്നത് ഒരു കടുത്ത പരീക്ഷണം തന്നെയാണ്. ഹര്‍ഭജന്‍ സിംഗ് ഒഴികെ ടീമിലെ ബാക്കി എല്ലാവരും താരതമ്യേന തുടക്കക്കാര്‍ ആണെന്നിരിക്കെ ഇത് കൂടുതല്‍ കടുപ്പമുള്ളതാവും. എന്നാലും, രഹാനെ ഈ അവസരം ശരിയായി വിനിയോഗിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.