അജിനോമോട്ടോ; ഇന്ത്യക്കാരുടെ ആയുസ് എടുക്കുന്നു, ജപ്പാന്‍ക്കാര്‍ക്ക് ആയുസ് കൊടുക്കുന്നു !

  274

  7207138_orig
  ഒരു നൂറ്റാണ്ടിലേറെ കാലം മുന്‍പാണ് കിഡുനേ ഇകേഡാ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞന്‍ മാംസത്തിലും ചീസിലും തക്കാളിയിലും ഒക്കെ അടങ്ങിയ അവ്യക്തമായ പുതിയൊരു രുചിയെപ്പറ്റി ഗവേഷണം തുടങ്ങിയത്.

  എരിവ്, മധുരം, പുളി, ഉപ്പ് എന്നീ സുവ്യക്തമായ നാല് രുചികളെ കൂടാതെയുള്ള ഈ അഞ്ചാമത്തെ രുചിയ്ക്ക് ഇകേഡാ ‘ഉമാമി’ എന്ന് പേരിട്ടു. ഉമാമി രുചിയ്ക്ക് വേണ്ടി തന്റെ ഭാര്യ ചേര്‍ക്കുന്ന കൊമ്പു എന്ന കടല്‍സസ്യത്തില്‍ ആയി തുടര്‍ന്ന് ഗവേഷണം.

  അങ്ങനെ അദ്ദേഹം ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ ആസിഡിനെ വേര്‍തിരിച്ചെടുത്തു. ഇതിനെ പാചകം ചെയ്യുമ്പോള്‍ ഗ്ലൂട്ടാമേറ്റ് ആകും. ഗ്ലൂട്ടാമേറ്റ് ആണ് ഈ രുചിക്ക് കാരണം എന്ന് അദ്ദേഹം കണ്ടെത്തി. അതിനെ ഉപ്പുവെള്ളത്തില്‍ കലര്‍ത്തിയാല്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) കിട്ടും.

  കടല്‍സസ്യത്തില്‍ നിന്നും ഉണ്ടാക്കുന്നതിലും എളുപ്പത്തില്‍ ഗോതമ്പില്‍ നിന്നോ കരിമ്പില്‍ നിന്നോ ഇവനെ ലളിതമായി ഉണ്ടാക്കാം എന്ന് ഇകേഡാ പിന്നീട് കണ്ടെത്തി. അദ്ദേഹം അജിനോമോട്ടോ (‘രുചിയുടെ സത്ത്‘) എന്ന പേരില്‍ ഇതിന്റെ വില്‍പ്പന തുടങ്ങി. ജപ്പാന്‍കാര്‍ ടണ്‍ കണക്കിന് വാങ്ങി ഉപയോഗിക്കാനും തുടങ്ങി.

  കഴിഞ്ഞ ഒരു നൂറ്റാണ്ടായി അജിനോമോട്ടോ എന്ന ഭീകരനെ വാരിക്കോരി കഴിക്കുന്ന അവര്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ആയുര്‍ദൈര്‍ഘ്യം ആണ് ഉള്ളത്. ജപ്പാനില്‍ ജനിച്ച ഏറ്റവും മികച്ച പത്ത് കണ്ടുപിടുത്തക്കാരില്‍ ഒരാളായാണ് ജാപ്പനീസ് സ്‌കൂള്‍ കുട്ടികള്‍ ഇകേഡായെപ്പറ്റി പഠിക്കുന്നത്.

  തുടര്‍ന്ന് നടത്തിയ ഗവേഷണങ്ങള്‍ ‘ഞെട്ടിപ്പിക്കുന്ന’ വിവരങ്ങളാണ് കണ്ടെത്തിയത്. പ്രകൃതിദത്തമായ ഗ്ലൂട്ടാമേറ്റ് മിക്കവാറും എല്ലാ ഭക്ഷ്യവസ്തുക്കളിലും ഉണ്ട്. മനുഷ്യശരീരം ദിവസവും സ്വന്തമായി 40 ഗ്രാം ഗ്ലൂട്ടാമേറ്റ് ഉത്പാദിപ്പിക്കുന്നു.

  പശുവിന്റെ പാലില്‍ ഉള്ളതിന്റെ പത്തിരട്ടി ഗ്ലൂട്ടാമേറ്റ് ആണ് മനുഷ്യരുടെ പാലില്‍ അടങ്ങിയിട്ടുള്ളത്. കുട്ടികളെ പാല് കുടിപ്പിക്കാനുള്ള പ്രകൃതിയുടെ വഴിയാണ് ഗ്ലൂട്ടാമേറ്റ്.

  രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് അജിനോമോട്ടോ അമേരിക്കയില്‍ പ്രചരിച്ചു. അങ്ങനെ പോകുമ്പോള്‍ ആണ് ചൈനീസ് റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചാല്‍ തനിക്ക് അസ്വസ്ഥതകള്‍ ഉണ്ടാകുന്നു എന്ന് പറഞ്ഞ് ഒരാളുടെ ലേഖനം പുറത്തു വന്നത്. പിന്നെ അമേരിക്കന്‍ ജനത അതിന്റെ പിന്നാലെയായി.

  അജിനോമോട്ടോയ്ക്ക് ഇറക്കുമതി ചെയ്ത വിദേശ ഭീകരന്‍ എന്ന പേര് വീണു. എന്നാല്‍ അമേരിക്കയിലെ FDA പല തവണ പരിശോധിച്ചിട്ടും അജിനോമോട്ടോയ്ക്ക് പ്രശ്‌നം ഒന്നും കണ്ടെത്തിയില്ല. ആരോപിക്കപ്പെടുന്ന അസ്വസ്തതകളുമായി അജിനോമോട്ടോയെ ബന്ധിപ്പിക്കാന്‍ ഒരു ഗവേഷണത്തിനും സാധിച്ചിട്ടില്ല.

  ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും സുരക്ഷിതമായ ഭക്ഷ്യചേരുവകളുടെ ലിസ്റ്റില്‍ ആണ് അജിനോമോട്ടോ ഉള്ളത്.