അഞ്ചു മാര്‍ക്കിന്റെ വിന
കേവലം അഞ്ച് മാര്‍ക്ക് ജീവിതത്തെ തന്നെ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടു. എന്തോ ആകാനിരുന്ന ഞാന്‍ മറ്റെന്തോ ആയി. ഹോസ്പിറ്റലിലും ചികിത്സയിലും ഒരു പക്ഷേ ജീവിതം കഴിച്ചു കൂട്ടേണ്ടിയിരുന്ന ഞാന്‍ കോടതിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടു. ആലപ്പുഴയില്‍ വെളുത്ത മണല്‍ തരികള്‍ നിറഞ്ഞ മുറ്റത്ത് സായാഹ്നങ്ങള്‍ ചിലവാക്കേണ്ടിയിരുന്ന ഞാന്‍ ഇപ്പോള്‍ കൊട്ടാരക്കരയിലെ ഈ ചെറിയ കുന്നും പുറത്തെ വീട്ടില്‍ ദൂരെ ദൂരെ മൊട്ടക്കുന്നുകളില്‍ പോക്ക് വെയില് മറഞ്ഞ് പോകുന്നത് കണ്ട്കൊണ്ട് സന്ധ്യകളെ കാത്തിരിക്കുന്നു. എല്ലാറ്റിനും കാരണം വെറും അഞ്ചു മാര്‍ക്കെന്ന് ആലോചിക്കുമ്പോള്‍ വിധിയുടെ അപാര കൈവിരുതിന്റെ മുമ്പില്‍ തലകുനിച്ചു പോകുകയാണ്.
77 total views, 1 views today
കേവലം അഞ്ച് മാര്‍ക്ക് ജീവിതത്തെ തന്നെ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടു. എന്തോ ആകാനിരുന്ന ഞാന്‍ മറ്റെന്തോ ആയി. ഹോസ്പിറ്റലിലും ചികിത്സയിലും ഒരു പക്ഷേ ജീവിതം കഴിച്ചു കൂട്ടേണ്ടിയിരുന്ന ഞാന്‍ കോടതിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടു. ആലപ്പുഴയില്‍ വെളുത്ത മണല്‍ തരികള്‍ നിറഞ്ഞ മുറ്റത്ത് സായാഹ്നങ്ങള്‍ ചിലവാക്കേണ്ടിയിരുന്ന ഞാന്‍ ഇപ്പോള്‍ കൊട്ടാരക്കരയിലെ ഈ ചെറിയ കുന്നും പുറത്തെ വീട്ടില്‍ ദൂരെ ദൂരെ മൊട്ടക്കുന്നുകളില്‍ പോക്ക് വെയില് മറഞ്ഞ് പോകുന്നത് കണ്ട്കൊണ്ട് സന്ധ്യകളെ കാത്തിരിക്കുന്നു. എല്ലാറ്റിനും കാരണം വെറും അഞ്ചു മാര്‍ക്കെന്ന് ആലോചിക്കുമ്പോള്‍ വിധിയുടെ അപാര കൈവിരുതിന്റെ മുമ്പില്‍ തലകുനിച്ചു പോകുകയാണ്.
ഇന്ന് എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷ കഴിഞ്ഞു കേവലം ആഴ്ച്ചകള്‍ക്കുള്ളില്‍ ഫലം പുറത്തു വന്നു. എന്റെ ബന്ധുവിന്റെ മകന് ഈ തവണ പരീക്ഷ എഴുതിയിരുന്നതിനാല്‍ നെറ്റില്‍ ഫലം പ്രതീക്ഷിച്ച് ഞങ്ങള്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ കാത്തിരുന്നപ്പോള്‍ പരീക്ഷാ ഫലം പിറ്റേ ദിവസം പത്രങ്ങളില്‍ വരുമെന്നതിനാല്‍ രാത്രി ഉറക്കം പോലും ഇല്ലാതെ പിറ്റേ ദിവസത്തെ പത്രവും കാത്തിരുന്ന കഴിഞ്ഞു പോയ കാലഘട്ടം മനസിലേക്ക് ഇരച്ച് വന്നു; കൂട്ടത്തില്‍ ഇംഗ്ലീഷിനും മലയാളത്തിനും നൂറില്‍ നാല്‍പ്പത് മാര്‍ക്ക് വാങ്ങിയാല്‍ മാത്രമേ ജയിക്കൂ എന്ന നിബന്ധനയാല്‍ അന്നത്തെ കാലത്ത് ദുര്‍ലഭമായി ലഭിക്കുന്ന ഫസ്റ്റ്ക്ലാസ്സ് മാര്‍ക്കായ 362മാര്‍ക്ക് ലഭിച്ചിട്ടും ഇംഗ്ലീഷിനു 35മാര്‍ക്ക് മാത്രം ലഭിച്ചൂ എന്ന കാരണത്താല്‍ തോറ്റ് പോയ ഒരു പാവം പയ്യന്റെ വിഷാദം നിറഞ്ഞ മുഖവും മനസിലേക്ക് ഓടിയെത്തി. അത് ഞാനായിരുന്നു.
ആലപ്പുഴ മുഹമ്മദന്‍ സ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്. ഇന്നത്തെ ഫിലിം സംവിധായകന് ഫാസില്‍ ഉള്‍പ്പടെയുള്ള പ്രസിദ്ധരായ പലരും അന്ന് ആ പരീക്ഷ എഴുതിയിരുന്നതായി ഓര്‍ക്കുന്നു. സ്കൂള്‍ ഫൈനല്‍ പരീക്ഷ എന്ന് ഓമനപ്പേരുള്ള അന്നത്തെ സിലബസ്സിന് പ്രകാരം മുഹമ്മദന്‍ ഹൈ സ്കൂളില്‍ രണ്ട് വിഭാഗം എസ്.എസ്.എല്‍.സി.ക്കാര് ഉണ്ടായിരുന്നു. ഒന്ന് അക്കാഡമിക്കാര്‍. അതായത് സാധാരണ എസ്.എസ്.എല്‍.സി. രണ്ടാമത്തേത് ഡൈവേര്സിഫൈഡ് കോഴ്സ്. അതായത് കൊമേഴ്സ്, സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നിവ ഓപ്ഷണല്‍ വിഷയമായെടുത്ത് പഠിക്കുന്നവര്‍. അവര്‍ക്ക് മലയാളം സെക്കന്റ് പേപ്പര്‍ നിര്‍ബന്ധമല്ല. ഞാന്‍ ഡൈവേഴ്സിഫൈഡ് സ്കീമിലായിരുന്നു.
അന്നും കഥയെഴുത്തും കവിതയെഴുത്തും ഭ്രാന്തായി കൊണ്ട് നടക്കുന്നവനായിരുന്നു ഞാന്‍ . വീട്ടിലെ സ്ഥിതി പരമ ദയനീയവുമാണ്. ഇത് അറിയാവുന്ന ഇംഗ്ലീഷ് പഠിപ്പിക്കുന്ന മേരിക്കുട്ടി ടീച്ചര്‍ വിഷാദ മൂകനായിരിക്കുന്ന എന്നെ സ്നേഹപൂര്‍വം ശാസിച്ച് പഠനത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു. മെക്കാനിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ ഇഞ്ചിനീയറിംഗിനോ ഹിന്ദിയിലോ ആയിരിക്കും എനിക്ക് അടി തെറ്റിയതെന്നാണ് ഞാന്‍ കരുതിയത്. ടീച്ചറുടെ വിഷയത്തിനു ഞാന്‍ തോല്‍ക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു എന്ന് മാര്‍ക്ക് ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അവര്‍ വേദനയോടെ പറഞ്ഞിരുന്നത് ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു. ഇയാളുടെ കഥയെഴുത്താണ് മാര്‍ക്ക് കുറപ്പിച്ചതെന്നും അവര്‍ അന്ന് കൂട്ടിച്ചേര്‍ത്തു.
മുഹമ്മദന്‍ സ്കൂളിലെ വിജയ ശതമാനം അന്ന് വളരെ കുറവാണ്. ചിലപ്പോള്‍ രണ്ട് കുട്ടികള്‍ ജയിക്കും; മറ്റ് ചിലപ്പോള്‍ മൂന്ന്. ആ അവസ്ഥയില്‍ നിന്നും അല്‍പ്പം മാറ്റം വന്നിരുന്ന കാലത്താണ് ഞങ്ങള്‍ പരീക്ഷ എഴുതിയത്. അന്നു മെയ്27 ആയിരുന്നു തീയതി. ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന എനിക്ക് വെള്ളിടി പോലെയായിരുന്നു പരീക്ഷാ ഫലം. ഞാന്‍ പിന്നെയും പിന്നെയും നോക്കി. നല്ല മാര്‍ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന എന്റെ നമ്പര്‍ പത്രത്തിലില്ല. അച്ചടി പിശകായിരിക്കുമെന്ന ധാരണയാല്‍ മറ്റ് പത്രങ്ങളിലും നോക്കി. ഇല്ല ഒന്നിലുമില്ല. ആരെയും അഭിമുഖീകരിക്കാന്‍ കഴിയാതെ മനപ്രയാസത്തോടെ ഞാന്‍ കടപ്പുറം ലക്ഷ്യമാക്കി നടന്നു. അവിടെ കടല്‍പ്പാലത്തിന്റെ കീഴില്‍ വെള്ള മണല്‍ പരപ്പില്‍ കിടന്നു അന്ന് ഏങ്ങി ഏങ്ങി കരഞ്ഞു. വൈകുന്നേരമായി വീട്ടിലെത്തിയപ്പോള്‍. ഫലം അവിടെയും അറിഞ്ഞിരുന്നു. എസ്.എസ്.എല്‍.സി.യുടെ പഠന കാലത്ത് യാതൊരു സ്പഷ്യല്‍ ട്യൂഷനും ഏര്‍പ്പെടുത്തി തരാന്‍ വീട്ടില്‍ നിവര്‍ത്തിയില്ലായിരുന്നുവല്ലോ. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലും പകല്‍ സ്കൂള്‍ സമയം കഴിഞ്ഞ് കടല്‍പ്പാലത്തിന്റെ കീഴിലെ മണല്‍പ്പരപ്പിലുമായിരുന്നു എന്റെ പഠനം നടന്നിരുന്നത്. അപ്രകാരം കഠിനമായ ശ്രമം നടത്തി പഠിച്ചിട്ടും തോല്‍വിയാണ് സംഭവിച്ചതെന്ന ദുഖം എല്ലാവരെയും അലട്ടി. വാപ്പാ മത്രം പറഞ്ഞു; “സാരമില്ല സെപ്റ്റമ്പറിലെ പരീക്ഷ എഴുതാം“. അന്ന് പഠിക്കാത്തവര്‍ക്കുള്ള പരീക്ഷയാണു സെപ്റ്റംബര്‍ പരീക്ഷ.
പക്ഷേ മാര്‍ക്ക് ലിസ്റ്റ് രേഖപ്പെടുത്തിയ ബുക്ക് കയ്യില്‍ കിട്ടി പരിശോധിച്ചപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്; മറ്റുള്ളവരും.
അന്നത്തെ അപൂര്‍വമായ മാര്‍ക്ക് 362എനിക്ക് ലഭിച്ചിരിക്കുന്നു.സയന്‍സിനും കണക്കിനുമെല്ലാം നല്ല മാര്‍ക്ക്. ഇംഗ്ലീഷിനു മാത്രം നൂറില്‍ മുപ്പത്തി അഞ്ച് മാര്‍ക്ക്. ഞാന്‍ തോറ്റു. ജയിച്ചിരുന്നെങ്കില്‍ ഏതെങ്കിലും വിധത്തില്‍ മെഡിസിനു ചേരാന്‍ കഴിയും. അന്ന് പഠന സഹായത്തിനു ലജനത്തുല്‍ മുഹമ്മദിയാ സംഘം എന്ന സ്ഥാപനം ആലപ്പുഴയില്‍ ഉണ്ടായിരുന്നു. അവരാണ് സ്കൂല്‍ഫൈനല്‍ വരെ എന്നെ സഹായിച്ചിരുന്നത്. ആലപ്പുഴയില്‍ തിരുമല ദേവസ്വം മെഡിക്കല്‍ കോളേജു ആരംഭിച്ച കാലഘട്ടവും. മെഡിക്കല്‍ ബിരുദത്തിനു മുമ്പുള്ള കോഴ്സുകളില്‍ എനിക്ക് യാതൊരു തടസവും ഇല്ലാതെ അഡ്മിഷന് ലഭിക്കുമായിരുന്നു എന്ന് ഉറപ്പ്. എല്ലാം പൊളിഞ്ഞു. ഞാന്‍ പിന്നെയും കരഞ്ഞു. ആദ്യമായി ഇംഗ്ലീഷിനോട് എനിക്ക് വെറുപ്പ് തോന്നി. ഈ നശിച്ച സായിപ്പിന്റെ ഭാഷ എന്റെ ജീവിതം തകര്‍ത്തു.( ഇന്ന് 210മാര്‍ക്ക് എങ്ങിനെയെങ്കിലും ലഭിച്ചാല്‍ ജയിക്കുമെന്ന അവസ്ഥ വന്ന് ചേര്‍ന്നപ്പോള്‍ ഇന്നത്തെ ബാല്യങ്ങളെ ഓര്‍ത്ത് ഞാന്‍ സന്തോഷിക്കുകയായിരുന്നു.)
ഞാന്‍ സെപ്റ്റംബര്‍ പരീക്ഷ എഴുതി. മാര്‍ച്ചില്‍ ലഭിച്ചതിനേക്കാള്‍ കുറവ് മാര്‍ക്ക് ലഭിച്ചെങ്കിലും ഞാന്‍ ജയിച്ചു. പക്ഷേ കോളേജ് പഠനം അടുത്ത വര്‍ഷമേ നടക്കുകയുള്ളൂ. നാട്ടില്‍ നിന്ന് ചീത്ത ആകാതിരിക്കാനും കൊച്ചു കൊച്ചു പ്രണയം കയ്യില്‍ സ്റ്റോക്ക് ഉണ്ടെന്ന് വീട്ടില്‍ സംശയം ഉണ്ടായിരുന്നതിനാലും നാട്ടില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന ചിന്ത വീട്ടുകാരില്‍ ഉണ്ടായിരുന്ന സമയത്താണ് ഹോമിയോ ചികിത്സ പഠിക്കാനായി ഒരു സ്വകാര്യ ആശുപത്രിയില്‍ ചാന്‍സ് ലഭിച്ചതും ഞാന്‍ മലബാറിലേക്ക് കെട്ടു കെട്ടിയതും. ആ യാത്ര എന്നെ മറ്റൊരു വഴിയിലേക്ക് തിരിച്ച് വിട്ടു. ഇനി ഒരിക്കലും ആലപ്പുഴയില്‍ സ്ഥിര താമസക്കാരനല്ലാത്തവിധം ബന്ധങ്ങളിലും ബന്ധനങ്ങളിലും കൊണ്ട് ചാടിച്ചു. വല്ലപ്പോഴും ഓര്‍മകള്‍ പുതുക്കാന്‍ ആലപ്പുഴയില്‍ വരുന്നവനായി മാറി ഞാന്‍ . ഞാന്‍ ഷരീഫ് കൊട്ടാരക്കരയായി മാറ്റപ്പെട്ടു കഴിഞ്ഞിരുന്നു.
അന്ന് അഞ്ച് മാര്‍ക്ക് കൂടി ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ ബ്ലോഗറായി നിങ്ങളുടെ മുമ്പില്‍ എത്തുമായിരുന്നോ എന്നറിയില്ല. ജയിച്ചിരുന്നെങ്കില്‍ മെഡിസിന് പഠിക്കാന്‍ അവസരം ലഭിക്കുകയും മറ്റൊരു ജീവിത പന്ഥാവ് തെരഞ്ഞെടുക്കാന്‍ ഇടയാകുകയും ചെയ്തേനെ.
അഞ്ച് മാര്‍ക്ക് ജീവിതം തന്നെ മാറ്റി മറിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാനാണ് എനിക്കിഷ്ടം.
78 total views, 2 views today
