Narmam
അടൂരില്‍ നിന്നും കായംകുളം വരെ ഒരു യാത്ര – നര്‍മ്മം
എല്ലാവര്ക്കും നല്ലത് വരുത്തണേ അപ്പുപ്പാ’, എവിടെ പോകാന്‍ ഇറങ്ങിയാലും എന്റെ പതിവ് പ്രാര്‍ത്ഥന ആണ്. അപ്പുപ്പന് എന്ന് പറയുമ്പോള്‍ തെറ്റിദ്ധരികണ്ട , ഞങ്ങളുടെ നാട് കാക്കുന ഞങ്ങളുടെ മലയുടെ ദേവനെ ഞങ്ങള്‍ അപ്പുപ്പന് എന്നാണ് വിളിക്കുന്നത് . മലയുടെ അടിവാരത്ത് താമസിക്കുന്ന ഞങ്ങള്‍ക്ക് ആ കൊച്ചു ക്ഷേത്രം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെ ആണ് . ‘ഭീമന് കുന്നു മല ‘ എന്ന് പലരും പറയുന്ന ആ മലയുടെ ദേവന് ‘ഭീമന് ‘ ആണെന്ന് പറയുനവര്‍ ഉണ്ട് . അതല്ല ‘ഭീമന് കൊന്ന മല ‘ ആണെന്നും , അത് കൊണ്ട് തന്നെ അവിടെ ഉള്ള മൂര്‍ത്തി ‘ ദുര്യോദനന് ‘ ആണെന്നും ഒരു കൂട്ടര് പറയുന്നു . അതല്ല ശിവന്റെ സാനിദ്ധ്യം ആണ് അവിടെ ഉള്ളതെന്ന് ഈ അടുത്ത ഇടയ്ക്കു കേട്ടു. എന്തായാലും പേരില്ല മൂര്‍ത്തിയെ ഞങ്ങള്‍ അപ്പുപ്പന് എന്ന് വിളിക്കുന്നു .
87 total views

എല്ലാവര്ക്കും നല്ലത് വരുത്തണേ അപ്പുപ്പാ’, എവിടെ പോകാന്‍ ഇറങ്ങിയാലും എന്റെ പതിവ് പ്രാര്‍ത്ഥന ആണ്. അപ്പുപ്പന് എന്ന് പറയുമ്പോള്‍ തെറ്റിദ്ധരികണ്ട , ഞങ്ങളുടെ നാട് കാക്കുന ഞങ്ങളുടെ മലയുടെ ദേവനെ ഞങ്ങള്‍ അപ്പുപ്പന് എന്നാണ് വിളിക്കുന്നത് . മലയുടെ അടിവാരത്ത് താമസിക്കുന്ന ഞങ്ങള്‍ക്ക് ആ കൊച്ചു ക്ഷേത്രം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെ ആണ് . ‘ഭീമന് കുന്നു മല ‘ എന്ന് പലരും പറയുന്ന ആ മലയുടെ ദേവന് ‘ഭീമന് ‘ ആണെന്ന് പറയുനവര്‍ ഉണ്ട് . അതല്ല ‘ഭീമന് കൊന്ന മല ‘ ആണെന്നും , അത് കൊണ്ട് തന്നെ അവിടെ ഉള്ള മൂര്‍ത്തി ‘ ദുര്യോദനന് ‘ ആണെന്നും ഒരു കൂട്ടര് പറയുന്നു . അതല്ല ശിവന്റെ സാനിദ്ധ്യം ആണ് അവിടെ ഉള്ളതെന്ന് ഈ അടുത്ത ഇടയ്ക്കു കേട്ടു. എന്തായാലും പേരില്ല മൂര്‍ത്തിയെ ഞങ്ങള്‍ അപ്പുപ്പന് എന്ന് വിളിക്കുന്നു .
അന്ന് ഒരു സുഹൃത്തിന്റെ പെങ്ങളുടെ കല്യാണത്തിന് മുന്‍കൂറായി ഗിഫ്റ്റ് കൊടുക്കാന്‍ ഇറങ്ങിയതാണ് . അപ്പുപ്പനെ തൊഴുതു , വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജ നടക്കുന്ന ആ ക്ഷേത്രത്തില്‍ നിന്നും ഇറങ്ങി നടന്നു . വഴിയില്‍ കാണുന്നവരോട് കുശലം പറയുന്നുണ്ടെങ്കിലും മനസില്‍ ‘ചാരുമൂട് ‘ വരെ പോകണം എന്നുള്ളത് കൊണ്ട് തന്നെ ഒരു തിടുക്കം ഉണ്ട് . ജംഗ്ഷനില്‍ നിന്നും ‘ അടൂര്‍’ ക്കുള്ള ബസ് പിടിച്ചു . അടൂരില്‍ എത്തിയാല്‍ ഗിഫ്റ്റ് മേടികണം എന്ന് മുന്‍കൂട്ടി തന്നെ നിശ്ചയിച്ചിരുന്നു . ബസ് ഇറങ്ങിയ ശേഷം പേഴ്സ് ഒന്നുടെ ഒന്ന് പരിശോധിച്ച് നൂറിന്റെ മൂന്ന് ഗാന്ധി ഉണ്ടെന്നു ഉറപ്പു വരുത്തി, അന്‍പതും പത്തുമായും ഗാന്ധി എന്നെ നോക്കി ചിരിക്കുന്നു, ചില്ലറ ആയിട്ടും കാണും കുറച്ച് . ഒരു ഗിഫ്റ്റ് ഷോപ്പില്‍ കയറി ഓരോരോ സാധനമായി തിരയാന്‍ തുടങ്ങി . ചിലത് മനസില്‍ പിടിച്ചില്ല , മനസ്സില്‍ പിടിച്ച ചിലതിനു കയ്യില്‍ ഉള്ള ഗാന്ധി മതിയാവില്ല . കുഴപ്പം ഇല്ലെന്നു തോന്നിയ ഒരണ്ണം എടുത്തു . ‘എത്രായി ചേട്ടാ ‘ ? . ‘ഇരുനൂറു രൂപ ‘ . ‘ അത് കുറച്ചു കൂടുതല്‍ അല്ലെ ചേട്ടാ ‘ . നൂറ്റമ്പതു രൂപ എടുത്തു കൊടുത്തു . പോരന്നായി കടക്കാരന് . ഒരു പത്തും കൂടി കൊടുത്ത് മനോഹരമായി പായ്ക്ക് ചെയ്തു വാങ്ങി . ‘ ഇത് കുറച്ചു കൂടുതല ചേട്ടാ ‘ എന്ന് പറഞ്ഞു കടക്കാരന് ഒരു ചിരി സമ്മാനിച്ച് അവിടെന്നിന്നും ഇറങ്ങി . വല്ലാതെ ദാഹിക്കുന്നു , ‘ഒരു നാരങ്ങ വെള്ളം കാച്ചിയാലോ ?’ മനസ് പറഞ്ഞു . ഒരു ബേക്കറിയില്‍ കയറി ഒരു സോഡാ ലയിം കുടിച്ചു . തണുപ്പ് ഇറങ്ങിയപോള്‍ എന്തോ ഒരു സുഖം .
കായംകുളം വരെ ഉള്ള ബസ് ആണ് കിട്ടിയത് ,അതില്‍ ചാരുമൂട് ഇറങ്ങാം . സീറ്റ് ഇല്ല . നില്ക്കുക തന്നെ . ‘ ടിക്കറ്റ് , ടിക്കറ്റ് ‘ , ഈ ലോകത്തോട് മുഴുവന്‍ പുച്ഛവും ദേഷ്യവും ആണ് തനിക്കു എന്ന് തോനിക്കുന്ന രീതിയില്‍ മുഖം പിടിച്ചു കൊണ്ട് കണ്ടക്ടര്‍ പയ്യന് . ‘ഒരു ചാരുമൂട് ‘ . അമ്പതു രൂപ കൊടുത്തത് പയ്യന് അത്ര പിടിച്ചില്ല . ‘ ചില്ലറ ഇല്ലേ ?’. ‘ ഇല്ല ‘ ഞാന്‍ പറഞ്ഞു . എന്തോ പിറ് പിറുത്തു , ബാക്കി തന്നു പയ്യന് വിളിച്ചു പറയുന്നു ‘ ടിക്കറ്റ് എടുക്കാന്‍ ആരാ , ടിക്കറ്റ് ടിക്കറ്റ് ‘. ബസ് ഹൈ സ്കൂള്‍ ജഗ്ഷനില്‍ എത്തിയിരിക്കുന്നു , ഒരാള്‍ എഴുനേറ്റു . ഒറ്റ ചാട്ടത്തിനു സീറ്റ് ഞാന്‍ കൈയടക്കി . ‘ഹോ , സമധാനമായി ,സീറ്റ് കിട്ടിയല്ലോ ‘ മനസ്സില്‍ പറഞ്ഞു . ബസ് കേന്ദ്രീയ വിദ്യാലയം കടന്നു പോയപോള്‍ ഞങ്ങളുടെ സ്വന്തം ‘പവനായി ‘ യെ ഓര്മ വന്നു . അവന്റെ വീട് അവിടയിരുന്നു . മണ്ടത്തരം മാത്രം വിളംബിയിരുന്ന ഞങ്ങളുടെ പവനായി . ഇപ്പോള്‍ നേവിയില്‍ ഓഫീസര്‍ ആണ് അവന് ബസ് കുതിച്ചു കൊണ്ടിരുന്നു എന്റെ മനസും .നൂറനാട് കഴിഞ്ഞിരിക്കുന്നു , അടുത്ത ജഗ്ഷന് , എന്റെ കലാലയ ജീവിതത്തില്‍ ഞാന്‍ ദിനവും ഇറങ്ങി കൊണ്ടിരുന്നുന ‘പാറ ജഗ്ഷന് ‘ . കെ .പി . റോഡില്‍ നിന്നും എന്റെ കലാലയം ആയ ‘ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗ്ഗില്‍ ‘ പോകണമെങ്കില്‍ ഇവിടെ ഇറങ്ങണം . എന്തായാലും ഇന്ന് ഇവിടെ ഇറങ്ങാന്‍ തരമില്ല . ഒരുപിടി ഓര്‍മകളും ,ഒരുപാടു സുഹൃത്തുകളേയും തന്ന എന്റെ കലാലയം . ഒരിക്കലും മറക്കാന്‍ ആവാത്ത നാലു വര്‍ഷങ്ങള്‍ ജീവിത താളില്‍ എഴുതി തന്ന എന്റെ കോളേജ് . ഓര്‍മ്മകള്‍ കുറച്ച് കൊല്ലങ്ങള്‍ പിറകോട്ടു പോയി . ആദ്യമായി കോളേജില്‍ വന്ന ദിവസം . ‘ തുള്ളിക്കൊരുകുടം ‘ എന്നാ മട്ടില്‍ മഴ പെയ്ത ദിവസം . ആദ്യമായി കയറി ചെന്ന എന്നോട് ‘പിന് തിരിഞ്ഞു ‘ നിന്ന കോളേജ് ( എന്റെ കോളേജില്‍ കയറി ചെല്ലുനത് പിന് വശത്ത് കൂടി ആണ് ). തന്റെ സുന്ദര രൂപം വെളിവാക്കി കൊണ്ട് സുന്ദരിയായി പുഞ്ച. മുന്‍വശത്തെ പൂംത്തോട്ടവും പുഞ്ചയും കൂടി അവിസ്മരണീയമായ കാഴ്ച തന്നെ ആദ്യ ദിനം എനിക്ക് സമ്മാനിച്ചു. പിന്നീടുള്ള നാലു വര്‍ഷങ്ങള്‍ നാനൂറു പരീഷകള്‍ നാലായിരം അസയിന്മേന്റുകള്‍ ,എല്ലാം നാലു ദിവസം പോലെ കടന്നു പോയി . ഓര്‍മകളില്‍ ഞാന്‍ പരിസരം മറന്നു പോയെന്നു തോന്നുന്നു . ‘ചാരുമൂട് ,ചാരുമൂട് , ചാരുമൂട് ആള് ഇറങ്ങാന്‍ ഉണ്ടോ ?’ കണ്ടക്ടര്‍ പയ്യന്റെ വിളിയാണ് എന്നെ ഉണര്‍ത്തിയത് . പെട്ടെന്ന് ചാടി ഇറങ്ങി .
ഇനി അടുത്ത ബസ് പിടിക്കണം, വേറെ വഴിയാണ് പോകേണ്ടത് . പെട്ടെന്ന് ഞാന്‍ ഒന്ന് ഞെട്ടി , ദൈവമേ ഞാന്‍ കൊടുക്കാന്‍ കൊണ്ട് വന്ന വന്ന ഗിഫ്റ്റ് കയ്യില്‍ ഇല്ല . ഓര്‍മകളുടെ തള്ളിച്ചയില്‍ ഗിഫ്റ്റ് ബസ്സില്‍ നിന്നും എടുക്കാന്‍ മറനിരിക്കുന്നു . നോക്കി നില്ക്കാന് സമയം ഇല്ല , ഒരു ഓട്ടോ പിടിച്ചു ‘ ചേട്ടാ , വേഗം കായംകുളം ഭാഗത്തേക്ക് വിട്ടോ ‘. ഓട്ടോ ചലിച്ചു തുടങ്ങി . ‘അധികം ദൂരം പോയി കാണില്ല ‘ മനസ്സില്‍ ആശ്വസിക്കാന്‍ ശ്രമിച്ചു . ‘എന്ത് പറ്റി’ . ഓട്ടോ ചേട്ടന് ചോദിച്ചു . ‘ എന്റെ ഒരു ബാഗ് ബസില്‍ വെച്ച് മറന്നു , വേഗം പോകണം , അധികം ദൂരം പോയി കാണില്ല ‘. കാര്യം മനസിലായ മട്ടില്‍ അദ്ദേഹം സ്പീഡ് കൂട്ടി . ബസ് കാണുനില്ല . ‘ ചേട്ടാ വേഗം ‘ . പുള്ളി പിന്നെയും സ്പീഡ് കൂട്ടി . ഇല്ല ബസിന്റെ പൊടി പോലും കാണുനില്ല . ഓട്ടോ വേഗത്തില്‍ ആണ് പോകുനത് പക്ഷെ എനിക്ക് തൃപ്തി ഇല്ല . ‘ വേഗം വേഗം ‘. ‘ ട്രെയിന്റെ സ്പീഡ് ഓട്ടോയിക്ക് കിട്ടില്ല മോനെ ‘ തിരിഞ്ഞു നോക്കാതെ തന്നെ പുള്ളി പറഞ്ഞു . കുറെ നേരം ഞാന്‍ മിണ്ടിയില്ല . ഒരു ബസ് പോകുന്നു മുന്പില് , പക്ഷെ അത് ഞാന്‍ വന്ന ബസ് അല്ല. ഓട്ടോ അതിന്റെ പരമാവതി വേഗത്തില്‍ അലറി വിളിച്ചു കൊണ്ട് പോകുന്നു . പലരും ഞങ്ങളുടെ ഓട്ടോയെ നോക്കുനുമുണ്ട് . ഇത്രയും വേഗത്തില്‍ ഓട്ടോ വിടുന്ന ചേട്ടനോട് ഒരു ആരാധനാ ഒക്കെ തോന്നിയെങ്കിലും മനസ്സില്‍ എന്റെ ഗിഫ്റ്റ് മാത്രമായിരുന്നു . ഓട്ടോ കായംകുളം എത്താറായി , ‘ എത്ര നേരം കഴിഞ്ഞാണു ഓട്ടോ പിടിച്ചത് ‘ ഓട്ടോ ചേട്ടന്റെ ചോദ്യം . ‘ഒരു മിനിറ്റ് പോലും ആയില്ല ‘ . ‘ ചില ബസുകള്‍ അഞ്ചു പത്തു മിനിറ്റ് ചാരുമൂട്ടില്‍ നിര്‍ത്തിയിടാറുണ്ട് ‘ ഓട്ടോ ചേട്ടന്റെ കമന്റു . ‘ദൈവമേ ചതിച്ചോ ‘ മനസ്സില്‍ പറഞ്ഞു . ഓട്ടോ കായംകുളം എത്തി . ഞാന്‍ വന്ന ബസ് മാത്രം കണ്ടില്ല . ‘ തിരിച്ചു പോകാം ചേട്ടാ ‘.
ഓട്ടോ തിരിച്ചു , സാധാരണ വേഗത്തില്‍ മൂളി കൊണ്ട് പോകുകയാണ് . ഫോണ്‍ റിംഗ് അടിക്കുന്നു . ഫോണ്‍ എടുത്തു നോക്കി സുഹൃത്താണ് ,’ നീ എവിടെ ആയി ?’ . ‘ ഞാന്‍ വന്നു കൊണ്ട് ഇരിക്കുന്നു , വന്നിടു പറയാം കഥകള്‍ ‘. ഞാന്‍ പറഞ്ഞു. ‘എന്താടാ എന്ത് പറ്റി ?’ മറുതലക്കല്‍ നിന്നുള്ള ചോദ്യം . ‘ വന്നിടു പറയാമെടാ ‘. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു . ഓട്ടോ പിന്നെയും മുന്നോട്ടു പോയികൊണ്ടിരുന്നു . അതാ വരുന്നു ‘ കായംകുളം ‘ ബോര്‍ഡ് വെച്ച ഒരു ബസ് . അതെ അത് അവന് തന്നെ ഞാന്‍ വന്ന അതെ ബസ് , എന്റെ ഗിഫ്റ്റ് ‘കവര്‍ന്ന ‘ അവന് തന്നെ . ‘ ചേട്ടാ അത് തന്നെയാ ഞാന്‍ വന്ന ബസ് ‘ . അയാളുടെ മുഖത്ത് ഒരു ചിരി പടരുന്നത് ഞാന്‍ ശ്രദ്ധിച്ചു . ഓട്ടോ നിര്‍ത്തി ഞാന്‍ ബസ്സിന്റെ മുന്‍പിലേക്ക് ചാടി . പഴയ കണ്ടക്ടര്‍ പയ്യന് തന്നെ , ‘ എന്റെ ഒരു പാക്കറ്റ് ഇതില്‍ വച്ച് മറന്നു ‘ ഞാന്‍ പറഞ്ഞു . ‘ ഇതാണോ ‘ എന്റെ പാക്കറ്റ് എടുത്തു കാണിച്ചു . ‘ അതെ ഇത് തന്നെ ‘ . അവന് ഒരു ഇളിച്ച ചിരിയോടെ പാക്കറ്റ് എനിക്ക് തന്നു . പാക്കറ്റ് പൊട്ടിയിരിക്കുന്നു . ‘ എന്താന്നെനു അറിയാന്‍ ഞങ്ങള്‍ പൊട്ടിച്ചു നോക്കി , ഇനി വല്ല ബോംബ് എങ്ങനം ആണെങ്കിലോ ?’ പയ്യന്റെ ഇളിച്ച ചിരിയോടുള്ള കോമഡി . ‘ ബോംബ് ആയിരുനെകില്‍ നീ എന്ത് ചെയ്തെനെട ‘……….’ ‘ എന്ന് ചോദിക്കാന്‍ തോന്നി . ദേഷ്യം അടക്കി ബസില്‍ നിന്നും ഇറങ്ങി . സുന്ദരമായി പൊതിഞ്ഞു കൊണ്ട് വന്ന ഗിഫ്റ്റ്ന്റെ അവസ്ഥ കണ്ടു കരയാന്‍ തോന്നി . വേഗം വന്നു ഓട്ടോയില്‍ കേറി . ‘പോകാം ചേട്ടാ ‘ ചിരി അടക്കാന്‍ പാടുപെടുന്ന ഓട്ടോ ചേട്ടനോട് പറഞ്ഞു . കുറെ നേരം ഞാന്‍ ഒന്നും മിണ്ടിയില്ല . ചമ്മലും ,സങ്കടവും കൂടി എന്നെ വരിഞ്ഞു മുറുകി കൊണ്ട് ഇരുന്നു .
‘ചാരുമൂട് എത്തി എവിടെയാ ഇറങ്ങണ്ടത്’ അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു . ‘ എത്ര രൂപ ആയി ചേട്ടാ ‘ . മനസ്സില്‍ കണക്കു കൂടി അയാള്‍ പറഞ്ഞു ‘ഇരുനൂറ്റി മുപ്പതു’ . തലയില്‍ ഇടിവെട്ടിയത് പോലെ ഞാന്‍ ഇരുന്നു . നൂറ്റി അറുപതു രൂപയുടെ ഗിഫ്റ്റ് എടുക്കാന്‍ എനിക്ക് ഇപ്പോള്‍ ചെലവ് വന്നത് ഇരുനൂറ്റി മുപ്പതു രൂപ . പണം കൊടുക്കാന്‍ പേഴ്സ് എടുത്തു , ‘ഇടി വെട്ടിയവനെ പാമ്പും കടിച്ചു’, എല്ലാം കൂടി കൂട്ടിയിട്ടും എന്റെ കയ്യില്‍ നൂറ്റിതൊണൂര്‍ രൂപയെ ഒള്ളു . എന്ത് ചെയ്യും, എനിക്ക് തല കറങ്ങും പോലെ തോന്നി ..അബദ്ധം പറ്റിയത് പുറത്തു അറിയിച്ചില്ല ‘ ചേട്ടാ നമ്മുക്ക് കുറച്ചൂടെ പോകണം ‘ . എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തിട്ട് അയാള്‍ വീണ്ടും ആ ശകടം സ്റ്റാര്‍ട്ട് ചെയ്തു .ഓട്ടോ വീണ്ടും നീങ്ങി തുടങ്ങി . ‘ ഇനി എത്ര ദൂരം പോകണം ‘ . ‘ഒരു അഞ്ചു ആറു കിലോമീറ്റര്‍ കൂടി ‘. അയാള്‍ ഓട്ടോയുടെ സ്പീഡ് വീണ്ടും കൂട്ടി .
അങ്ങനെ അവസാനം എന്റെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരിക്കുന്നു .ഈ പ്രതിസന്ധിയില്‍ അവന് സഹായിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് . ‘ ഇപ്പോള്‍ എത്രായി’ . ‘ഇരുനൂറ്റിതൊണൂര്‍’ അയാള്‍ ചെറു ചിരിയോടെ പറഞ്ഞു . ഞാന്‍ സുഹൃത്തിന്റെ വീട്ടിലേക്കു ഇരച്ചു കയറി എന്ന് പറയുന്നതാണ് സത്യം . വളരെ വേഗത്തില്‍ ഉള്ള വരവും വിഷാദ ഭാവവും കൂടി കണ്ടപ്പോള്‍ അവന് ചോദിച്ചു ‘ എന്തുവാട പ്രശ്നം ‘ . ‘ എല്ലാം പറയാം , നീ ഒരു നൂറു രൂപ എടുക്കു ‘ . അത് ഒരു യാചന ആയിരുനില്ല , ഒരു ആജ്ഞ തന്നെ ആയിരുന്നു. അന്ധം വിട്ടു പോയ അവന് വേഗം പോയി നൂറു രൂപ എടുത്തു കൊണ്ട് വന്നു . അതും എന്റെ കൈയ്യിലെ കാശും കൊടുത്ത് ഓട്ടോ ചേട്ടനെ യാത്ര ആക്കാന്‍ ഒരുങ്ങി . ‘ഇത് വരെ പേര് ചോദിച്ചില്ല, ചേട്ടന്റെ പേര് എന്താ ?’. ‘കൃഷ്ണന് ‘, എന്നെ നോക്കി നന്നയി ഒന്ന് ചരിച്ചിട്ടു പുറത്തു ചെറുതായി ഒന്ന് തട്ടി അദ്ദേഹം ഓട്ടോ സ്റ്റാര്‍ട്ട് ആക്കി. എന്റെ മനസ് കലങ്ങിയ കടലിനേക്കാള്‍ കലുഷിതം ആയിരുന്നു . കയ്യില്‍ ഒരു കൂടിനുള്ളില്‍ പൊട്ടിച്ച കവറില്‍ ഒരു ‘ഗിഫ്റ്റ് ‘. എനിക്ക് പറ്റിയ അബദ്ധത്തിന്റെ നീറ്റല്‍. ഇനി തിരിച്ചു പോകണമെങ്കിലും ഇവര്‍ സഹായികണം എന്നുള്ള നിസഹായ അവസ്ഥ . തിരിച്ചു പോകുന്ന ഓട്ടോടെ പുറകില്‍ ഞാന്‍ കണ്ടു , ഞാന്‍ ആസമയം ഏറ്റവും അര്‍ഹിച്ച വചനം ,, ….ഇത് വരെ എനിക്ക് സാരഥി ആയിരുന്ന കൃഷ്ണന്‍ചേട്ടന്റെ ‘തേരിനു’ പുറകിലും കൃഷ്ണ വചനം തന്നെ. ‘ സംഭവിച്ചത് എല്ലാം നല്ലതിന് , ഇനി സംഭവിക്കാന്‍ ഇരിക്കുന്നതും നല്ലതിന് ‘…………!!!!!
കടപാട്: ഒരു സുഹൃത്തിനു സംഭവിച്ച അനുഭവം ,ആത്മകഥ രൂപേണ അവതരിപിച്ചിരിക്കുന്നു . കഥ ബീജം പാകിയ സുഹൃത്തിനു ഒരായിരം നന്ദി
88 total views, 1 views today