അണ്‍ഫ്രണ്ട് ചെയ്തവരുടെ പിന്നാലെ പോകേണ്ട: ഈ ആപ്പ് നിങ്ങളുടെ പാസ്സ്‌വേര്‍ഡ് ചോര്‍ത്തിയെടുക്കും

558

unfriendalert_boolokam
എന്തിനും ഏതിനും ആപ്പുകള്‍ ഉള്ള കാലമാണിത്. (രണ്ട് അര്‍ത്ഥത്തിലും!) സൗജന്യമായി കിട്ടുന്നു എന്നതുകൊണ്ട് യഥേഷ്ടം ഇവ ഉപയോഗിക്കുമ്പോള്‍, അവയുടെ പ്രശ്‌നങ്ങളെക്കുറിച്ച് നാം അധികമൊന്നും ചിന്തിക്കാന്‍ നില്‍ക്കാറില്ല എന്നതാണ് സത്യം. ഫെയ്‌സ്ബുക്ക് ആപ്പുകളും നാം ഏറെ ഉപയോഗിക്കുന്നുണ്ട്. ആരൊക്കെ എന്റെ പ്രൊഫൈല്‍ കാണുന്നുണ്ട്, ആരൊക്കെ എന്നെ അണ്‍ഫ്രണ്ട് ചെയ്തു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയുവാനുള്ള ത്വര ആളുകളെ അത്തരം ആപ്പുകളുടെ പിന്നാലെ കൊണ്ടുപോകുന്നു.

ഇപ്പോള്‍, ഏറെ പ്രചാരത്തില്‍ ഇരിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് ആപ്പ് ആണ് അണ്‍ഫ്രണ്ട്അലേര്‍ട്ട് (UnFriendAlert). നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള ആരെങ്കിലും നമ്മളെ അണ്‍ഫ്രണ്ട് ചെയ്താല്‍ അതിനെക്കുറിച്ച് നമ്മുക്ക് ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കും എന്നാണ് ഈ ആപ്പ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍പോലും ഇപ്പോള്‍ ഫെയ്‌സ്ബുക്ക് പാസ്സ്‌വേര്‍ഡ് നല്‍കേണ്ട ആവശ്യം ഇല്ല. എന്നാല്‍, ഈ ആപ്പ് നിങ്ങളുടെ ഫെയ്‌സ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ നല്‍കുവാന്‍ ആവശ്യപ്പെടും. ഈ വിവരങ്ങള്‍ yougotunfriended.com എന്ന വെബ്‌സൈറ്റിലേക്കാണ് എത്തുക. ഇതിനോടകം തന്നെ പല ടെക് വെബ് സൈറ്റുകളും ഈ പ്രശ്‌നത്തെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

നിങ്ങള്‍ അബദ്ധത്തില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? ഒട്ടും താമസിക്കാതെ അത് റിമൂവ് ചെയ്‌തേക്കൂ. കൂട്ടത്തില്‍ നിങ്ങളുടെ പാസ്സ്‌വേര്‍ഡ് മാറ്റാനും മറക്കേണ്ട.