Narmam
അത്യന്താധുനിക കവിയുടെ ജനനം
അത്യന്താധുനിക കവി എഴുത്ത് പുരയിലാണ്. തന്റെ പോസ്റ്റിനു കിട്ടിയ അഭിപ്രായങ്ങള്‍ വായിച്ചു അയാള്‍ പൊട്ടിച്ചിരിച്ചു. ആ കവിതയും ചില കമന്റുകളും താഴെ വായിക്കുക.
149 total views
അത്യന്താധുനിക കവി എഴുത്ത് പുരയിലാണ്. തന്റെ പോസ്റ്റിനു കിട്ടിയ അഭിപ്രായങ്ങള്‍ വായിച്ചു അയാള്‍ പൊട്ടിച്ചിരിച്ചു. ആ കവിതയും ചില കമന്റുകളും താഴെ വായിക്കുക.
ചവച്ചും
ചതച്ചുമഗ്നിയില്
അരൂപിയായി,
വിരൂപിയായി
വാര്‍പ്പിലെ സുഖശയനം-
വിട്ടുണര്ന്നതോ
വികൃതമാം
ഉടലുമായൊരു
പുനര്‍ ജന്മം.
ഇടുങ്ങിയ
തൊണ്ടയില്‍
വാപിളര്‍ന്നു നില്ക്കയാണീ
കുടവയറില്‍
കത്തുന്ന ദാഹം.
തുള്ളിക്കൊരു കുടം
എന്നൊരു
ഭംഗിവാക്കിനി വേണ്ട
പല തുള്ളിയായി
എന്നില്നീ നിറയുക
—————————————-
108 Comments
ഏതായാലും അനുഭവിച്ചില്ലേ. ഒരു അഭിപ്രായം പറഞ്ഞിട്ട് പോകൂ മാഷേ.
—————————————————–
- വാര്‍പ്പില്‍ ഉറങ്ങുവാന്‍ നല്ല സുഖമാണ്. കവിത മനോഹരം
- അഗ്നി എല്ലാറ്റിനെയും അരൂപിയാക്കുന്നു. നല്ല ആശയം
- ഈ വരികള്‍ ഇഷ്ടമായി.
- താങ്കളുടെ കവിതയ്ക്ക് അഗ്നിയെക്കാള്‍ ചൂട്.
- പറയാന്‍ വാക്കുകളില്ല, അതി മനോഹരം
- അറിവിന്റെ അണ്ടകടാഹങ്ങളില് നിന്നും ബഹിര്‍ഗമിച്ച ജ്യോതിസ്സേ നിനക്ക് പ്രണാമം.
- അടിപൊളി, കിടിലന്‍ കവിത.
- ഈ കവിതയിലൂടെ താങ്കള്‍ നല്ലൊരു മെസ്സേജ് നല്കുന്നു.
- കവിത എന്താണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഞാന്‍ പറയൂല.
- അതെ, ദാഹിക്കുമ്പോള്‍ മാത്രമാണ് നമ്മള് വെള്ളം ആഗ്രഹിക്കുന്നത്- നല്ല കവിത.
- ശക്തം അതിശക്തമീ ഭാഷ. മനോഹരം.
- valare nannaayirikkunnu. iniyum pratheekshikkunnu
- അതെ അരൂപിയില്‍ നിന്നും വിരൂപമായൊരു പുനര്‍ജ്ജന്മം. യാഥാര്‍ത്ഥ്യം എത്ര ഭീഗരം. നന്ദി ഈ ആശയം പങ്കു വെച്ചതിനു.
- മലയാള സാഹിത്ത്യത്തിന് താങ്കള്‍ മുതല്‍ കൂട്ടാകും. ഭാവുകങ്ങള്‍.
—————————————————
ഇതെല്ലാം വായിച്ചപ്പോള്‍ എന്റെ തല പെരുക്കാന്‍ തുടങ്ങി. ഇയാള്‍ എന്ത് കുന്തമാ ഈ എഴുതി വെച്ചിരിക്കുന്നത്. എനിക്കൊന്നും മനസ്സിലായില്ല. പക്ഷെ വായനക്കാരുടെ “അല്പ്രായം” വായിക്കുമ്പോള്‍ ഇനി ഇതില്‍ വല്ല കാര്യവും ഉണ്ടോ എന്നൊരു ശങ്ക. ഏതായാലും നേരിട്ട് ചോദിച്ചേക്കാം. ഒന്നുകില്‍ ഞാന്‍. അല്ലെങ്കില്‍ കവി. ഞാന്‍ നേരെ കവിയുടെ അടുത്തേക്ക് ചെന്നു.
>>സത്യം പറയെടാ നീ എന്താ ഈ കവിതയില്‍ ഉദ്ദേശിച്ചത് ?.
>>അതോ ചേട്ടാ.. മനുഷ്യ മനസ്സില്‍ അന്തര്‍ലീനമായ ചേതോവികാരങ്ങങ്ങളുടെ ഉള്പോളകങ്ങളിലെ അനര്‍ഗ്ഗ നിര്‍ഗ്ഗളമായ വര്‍ഗ്ഗ വര്‍ണ്ണ വിവര്ന്ന വൈജാത്യങ്ങളുടെ…..
>>നേരെ ചൊവ്വേ കാര്യം പറയെടാ..ഇല്ലെങ്കില്‍ ഇത് കണ്ടോ നീ ?. (ഞാന്‍ കത്തി പുറത്തെടുത്തു)
>>അയ്യോ ചേട്ടാ ഉപദ്രവിക്കരുത്. ഞാന്‍ പറയാം.
>>എന്നാ പറ.?
>>ഹി ഹിഹി അതൊന്നുമില്ല ചേട്ടാ… ഒരു അലുമിനിയം മൊന്തയാണ് സംഭവം, ഹി ഹി ഹി.
>>അപ്പൊ അഗ്നി, തീനാളം, വാര്‍പ്പ് എന്നൊക്കെ ഉണ്ടല്ലോ ?
>>ആ…അതോ അത് മൊന്ത ഉണ്ടാക്കുന്നത് തീയില്‍ ഉരുക്കി മൂശയിലിട്ടു വാര്ത്താണല്ലോ. അത്രേയുള്ളൂ കാര്യം.
>>അമ്പടാ നീ ആള് കൊള്ളാലോ !!!.
കവിത ഒരാവര്‍ത്തി കൂടി വായിച്ചപ്പോ പറഞ്ഞതത്രയും ശരിയാണെന്ന് എനിക്കും തോന്നി. ഇനി നിങ്ങളും വായിച്ചു നോക്കൂ.
—————————————————-
( സമര്‍പ്പണം. ബൂലോകത്തെ അത്യന്താധുനിക, ഉത്തരാധുനിക ഗവികള്ക്ക് ).
150 total views, 1 views today