arangettam_mammootty

മലയാള സിനിമാ വ്യവസായത്തിന്‍റെ നെടുംതൂണുകളില്‍ ഒന്നായി വളരുന്നതിന് മുന്‍പ്, എങ്ങനെയെങ്കിലും സിനിമയില്‍ ഒന്ന് മുഖം കാണിക്കണം എന്ന അടങ്ങാത്ത ആഗ്രഹത്തിന്‍റെ മാത്രം പിന്‍ബലത്തോടെ ജീവിച്ച ഒരു യുവ അഭിഭാഷകന്‍ ആയിരുന്നു അയാള്‍. ജന്മസിദ്ധമായ അഭിനയശേഷിയോ മുന്‍തലമുറകളുടെ അനുഭവജ്ഞാനമോ അയാള്‍ക്ക് കൂട്ടിന് ഉണ്ടായിരുന്നില്ല. മെല്ലെയായിരുന്നു അയാളുടെ തുടക്കം. എന്നാല്‍, അയാള്‍ ക്ഷമയോടെ എല്ലാത്തില്‍നിന്നും പഠിക്കുകയായിരുന്നു. പരാജയങ്ങള്‍ അയാളെ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചു. അയാള്‍ക്ക് വഴങ്ങില്ല എന്ന് പൊതുജനം വിധിയെഴുതിയവയൊക്കെയും മെല്ലെ ചെയ്തു കാണിച്ചുകൊണ്ട് അയാള്‍ തന്റെ അര്‍പ്പണബോധത്തിന്‍റെ ആഴം വെളിവാക്കി. അയാള്‍ ആരാണെന്ന് ഇപ്പോള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാവും. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍, മെതേഡ് ആക്റ്റിംഗിന്‍റെ പൂര്‍ണത, നമ്മുടെ സ്വന്തം മമ്മൂട്ടിയാണ് അയാള്‍.

നമ്മുക്ക് സുപരിചിതരായ നടന്മാര്‍ ആദ്യമായി വെള്ളിത്തിരയില്‍ മുഖം കാണിച്ച ചിത്രം ഏതെന്ന് അറിയുവാന്‍ എല്ലാവര്‍ക്കും താല്‍പര്യം ഉണ്ടാവും. ഇഷ്ടതാരത്തിന്റെ ആദ്യചിത്രത്തിന്റെ പേര് അറിയുന്നവര്‍ക്ക് അതിനു പിന്നിലെ രസകരമായ കഥകള്‍ അറിയുവാനും താല്‍പര്യമുണ്ടാവും. ഈ താല്‍പര്യം മനസിലാക്കി ബൂലോകം ഇന്ന് മുതല്‍ ‘അരങ്ങേറ്റം’ എന്ന പേരില്‍ ഒരു പംക്തി ആരംഭിക്കുകയാണ്. മലയാളത്തിലെയും മറ്റു ഇന്ത്യന്‍ ചലച്ചിത്ര വ്യവസായങ്ങളിലെയും പ്രമുഖരുടെ ആദ്യ ചലച്ചിത്രത്തെക്കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ അറിയുവാന്‍ ഉപകരിക്കുന്ന ഈ പംക്തിയില്‍ ആദ്യം ആരാണ് വരേണ്ടത് എന്ന് ചിന്തിച്ചപ്പോള്‍ ഒട്ടും സംശയം ഇല്ലാതെ ലഭിച്ച പേരാണ് നമ്മുടെ സ്വന്തം മമ്മൂക്കയുടേത്.

അനുഭവങ്ങള്‍ പാളിച്ചകള്‍

തകഴി ശിവശങ്കരപ്പിള്ളയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി തോപ്പില്‍ ഭാസി തിരക്കഥ രചിച്ച് കെ.എസ്.സേതുമാധവന്റെ സംവിധാനത്തില്‍ 1971ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനുഭവങ്ങള്‍ പാളിച്ചകള്‍. സത്യന്‍, പ്രേം നസീര്‍, ഷീല, ബഹദൂര്‍ എന്നിങ്ങനെ അക്കാലത്തെ സൂപ്പര്‍താരങ്ങള്‍ (അന്ന് അങ്ങനെ ഒരു വിശേഷണം ഉണ്ടായിരുന്നില്ലെങ്കിലും) എല്ലാവരും ഒന്നിച്ച ഒരു ചിത്രം ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തെ മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച ചിത്രം എന്ന് വിശേഷിപ്പിക്കുമ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഒരു ചെറിയ സീനില്‍ മാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ബഹദൂര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കട രാത്രിയില്‍ ആരോ തീവെച്ച് നശിചിപ്പിച്ചതറിഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് ബഹദൂറിനൊപ്പം ഓടിയെത്തുന്നവരില്‍ ഒരാളായിരുന്നു മമ്മൂട്ടി. ഏതാനും സെക്കണ്ടുകള്‍ മാത്രമേ മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണാന്‍ കഴിയൂ. സംഭാഷണം ഒന്നും ഇല്ല താനും!

ആദ്യ സംഭാഷണം

ആദ്യ ചിത്രമായ അനുഭവങ്ങള്‍ പാളിച്ചകള്‍ വെറുമൊരു മുഖം കാണിക്കല്‍ മാത്രമായിരുന്നു മമ്മൂട്ടിയ്ക്ക്. 1973ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ പുറത്ത് വന്നതിന് ശേഷം രണ്ട് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വന്നു മലയാളത്തിന്റെ ഇന്നത്തെ മെഗാസ്റ്റാറിന് ആദ്യമായി ഒരു സംഭാഷണ രംഗം അവതരിപ്പിക്കാന്‍. പ്രേം നസീര്‍, ജയഭാരതി, അടൂര്‍ ഭാസി എന്നിവര്‍ അഭിനയിച്ച ഈ ചിത്രത്തില്‍ ഒരു തോനിക്കാരന്റെ വേഷമാണ് മമ്മൂട്ടി ചെയ്തത്. അടൂര്‍ ഭാസിയുടെ കഥാപാത്രത്തോട് കടവില്‍ വച്ച് നടത്തുന്ന സംഭാഷണം ആയിരുന്നു മമ്മൂട്ടിയുടെ ആദ്യ ഓണ്‍സ്‌ക്രീന്‍ ഡയലോഗ്. ആ ഭാഗം സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും. സംഭാഷണ ശൈലിയില്‍ വ്യത്യസ്തതയും കൃത്യതയും കൊണ്ടുവരാന്‍ ഇന്ന് അദ്ദേഹം എത്രത്തോളം ശ്രമിക്കുന്നുണ്ടോ അതെ ശ്രദ്ധ തന്നെ ആ ചെറിയ സീനിലും അദ്ദേഹം നല്‍കിയിട്ടുണ്ട്.

ദേവലോകവും വില്‍ക്കാനുണ്ട് സ്വപനങ്ങളും പിന്നെ മേളയും

മമ്മൂട്ടി ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ വേണ്ടി അഭിനയിക്കുന്നത് 1980ല്‍ എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ദേവലോകം എന്ന ചിത്രത്തിലാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ആ സിനിമ പുറത്ത് വന്നില്ല.

മമ്മൂട്ടി നായകനായി അഭിനയിച്ച് ആദ്യമായി റിലീസ് ആയ ചിത്രം എം.ടി. വാസുദേവന്‍ നായര്‍ എഴുതി ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ആയിരുന്നു. അവിടെയും ഉണ്ട് ഒരു ട്വിസ്റ്റ്. ആദ്യമായി പുറത്തിറങ്ങിയ ചിത്രം വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ആണ്. എന്നാല്‍, മമ്മൂട്ടി നായകനായി അഭിനയിച്ച് റിലീസ് ചെയ്ത ചിത്രങ്ങളില്‍ അദ്ദേഹം ആദ്യം അഭിനയിച്ചത് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത മേളയിലാണ്.

ശേഷം ചരിത്രം

ആദ്യമായി നായകന്‍ ആയ 1980 മുതല്‍ ഇപ്പോള്‍ 2015 വരെയുള്ള കാലയളവില്‍ അദ്ദേഹം മലയാള സിനിമാ വ്യവസായത്തിന് ചെയ്ത കാര്യങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങുന്നതല്ല. ഒരു നടന്‍ എന്ന നിലയില്‍ നിന്നും ഒരു സൂപ്പര്‍ താരം എന്ന സ്ഥാനത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച തീര്‍ച്ചയായും ആവേശം ജനിപ്പിക്കുന്നതാണ്. എന്നാല്‍, അവ ഈ ലേഖനത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ അല്ലാത്തതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആദ്യ ചിത്രത്തെക്കുറിച്ച് എഴുതിക്കൊണ്ടുതന്നെ ഈ പരമ്പര തുടങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അടുത്ത താരത്തെയും അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തെയും കുറിച്ച് എഴുതിക്കൊണ്ട് അരങ്ങേറ്റം ഉടന്‍ തിരിച്ചു വരും. കാത്തിരിക്കുക.

Advertisements