അന്യമാകുന്ന മലബാറിലെ കുറിക്കല്ല്യാണം – നിയാസ് കലങ്ങോട്ട് എഴുതുന്നു

796

00205_371331

മലബാറിലെ ഒട്ടുമിക്ക നാട്ടില്‍ പ്രദേശത്തും വര്‍ഷങ്ങള്‍ക്കു മുന്‍പ് സജീവമായി നിലനിന്നിരുന്നു കുറികല്യാണം എന്ന പരസ്പര സഹായ നിധി .പക്ഷെ ഇന്ന് വളരെ വിരളിലെണ്ണാവുന്ന പ്രദേശങ്ങളില്‍ മാത്രമേ ഇത് കണ്ടു വരുന്നുള്ളൂ .ചായ സല്‍കാരം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട് .ഈ കുറികല്യാണ ത്തിന്റെ അഭാവമാണ് നാട്ടിന്‍ പുറങ്ങളില്‍ സജീവമായി നിലനില്‍ക്കുന്ന ബ്ലേഡ് മാഫിയ . മുന്‍പ് സാമ്പത്തിക ബുദ്ധിമുട്ടുള്ളവനാണെങ്കില്‍ പോലുംതന്റെ കയ്യിലുള്ളതില്‍ നിന്നും അല്‍പമെടുത്തു മറ്റുള്ളവനെ സഹായിക്കാന്‍ കാണിച്ചിരുന്ന ആ സ്‌നേഹവും താല്‍പര്യവും കുറഞ്ഞു വരുകയും ഞാനും എന്റെ കുടുംബവും എന്ന കുടുസ്സു മനസ്സുമാണ് കുറികല്യാണം പോലുള്ള പരസ്പര സഹായ നിധികള്‍ അപ്രത്യക്ഷമാവാന്‍ കാരണം

,നാട്ടിന്‍ പ്രദേശങ്ങളില്‍ നിലനിന്നു പോന്നിരുന്ന ഒരു പരസ്പര സഹായ ഹസ്തമായിരുന്നു ഈ കുറിക്കല്ല്യാണം .ഇന്ന് എന്തിനും ഏതിനും ബാങ്കുകളെയും ബ്ലേഡ് മാഫിയകളെയും ആശ്രയിക്കുന്ന നാം മുന്‍കാലങ്ങളില്‍ നാട്ടിന്‍ പുറങ്ങളില്‍ നടന്നിരുന്ന ഈ കുറിക്കല്ല്യാണം കൊണ്ട് ഒരുപരിധിവരെ ബ്ലേഡ് മഫിയകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ സാധിച്ചിരുന്നു എന്നത് ഒരു വലിയ സത്യം തന്നെയാണ് .ഇതിലൂടെ കൈ മാറിയിരുന്നത് പണത്തിനുമപ്പുറമായി സഹജീവികളോടുള്ള പരസ്പര സ്‌നേഹവും വിശ്വാസവും മതാതീത ചിന്തകള്‍ക്കപ്പുറം ബുദ്ധിമുട്ടുള്ളവനെ സഹായിക്കണം എന്നുള്ള ആത്മ സംതൃപ്തിയുമായിരുന്നു.

എല്ലാ ആഴ്ച്ചകളിലും ഒരു കുറിക്കല്ല്യാണം എന്ന തോതില്‍ നാട്ടിന്‍ പുറങ്ങളിലെ പ്രസിദ്ധമായ ചായ മക്കാനികളില്‍ ഉണ്ടായിരുന്നത് നാം പലരും ഇന്ന് ഓര്‍ക്കുന്നുണ്ടാകും. മക്കാനികളിലെ ചുമരില്‍ തൂങ്ങിയാടികൊണ്ടിരുന്ന വലിയ അക്ഷരത്തിലുള്ള പഴയ കലണ്ടറില്‍ …ഇന്നു നാം കല്യാണ മണ്ഡപങ്ങള്‍ ബുക്ക് ചെയ്യുന്നത് പോലെ മാസങ്ങള്‍ക്കു മുന്‍പ് തന്നെ തങ്ങളുടെ കുറി കല്യാണത്തിന്റെ ഡേറ്റ് കുറിച്ചിടുമായിരുന്നു.

ഈ ദിവസങ്ങളില്‍ മറ്റാരും തന്നെ കുറിക്കല്ല്യാണം നടത്തുമായിരുന്നില്ല. ആഴ്ചയില്‍ ഒന്ന് എന്നരീതിയിലായിരുന്നു ഇത് നടന്നിരുന്നത് .ചെറിയ ഒരു പേപ്പറില്‍ കുറി കത്തും മിനുസ പെടുത്തിയ മരപ്പലകയില്‍ (പഴയ കുറികല്യാണ വാര്‍ത്താ ബോര്‍ഡ് ,എഴുതിയുമായിരുന്നു ആളുകളെ അറിയിച്ചിരുന്നത്

അത്യാവശ്യം സാമ്പത്തികമുള്ളവര്‍ മൈക്ക് സെറ്റ് കെട്ടി പഴയ ഗാനങ്ങളും ഇടയ്ക്കിടയ്ക്ക് അനൌണ്‍സ് മെന്റുകളും നടത്തി ആഘോഷ പൂര്‍വ്വം നടത്തുന്നതും കാണാമായിരുന്നു ..

‘മറക്കാതിരിക്കുക ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കുറിക്കല്ല്യാണം …ചെലക്കൊടാന്‍ ഹനീഫ മറക്കാതിരിക്കുക’ ….ഈ അനൌണ്‍സ്‌മെന്റ് ഇന്നും എന്റെ മനസ്സില്‍ മുഴങ്ങിനില്ക്കുന്നു .കല്യാണത്തിനു പങ്കെടുക്കുന്നവര്‍ക്ക് മക്കാനികളില്‍ നിന്നും ചായയും ലഗുകടികളുമാണ് നല്‍കിയിരുന്നത് . സാമ്പത്തികത്തിനനുസരിച്ചു ചിലര്‍.പൊറോട്ടയും ഇറച്ചികറിയും ചായയുo നല്‍കിയിരുന്നു.. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ക്കു ഒരു പരിധിവരെ അറുതി വരുത്താന്‍ ഈ കല്യാണങ്ങള്‍ കൊണ്ട് സാധിച്ചിരുന്നു .

വീടിന്റെ അറ്റകുറ്റ പണി നടത്താനോ മകളുടെ കല്യാണത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് നികത്താനോ ആയിരുന്നു ഇത്തരം കുറിക്കല്ല്യാണം നടത്തിയിരുന്നത് എല്ലാവര്‍ഷവും മുറ പോലെ നടത്തുന്നവരും ഉണ്ടായിരുന്നു .ഒന്നിച്ചു ലഭിക്കുന്ന ഒ വന്‍തുക തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപകരിക്കുകയും ഒന്നിച്ചു തിരിച്ചടക്കേണ്ട എന്നതുമാണ് ഇത്തരം കുറിക്കല്ല്യാണം ഗ്രമാന്തരങ്ങളില്‍ വ്യാപകമാവാന്‍ കാരണം

.പണമുള്ളവനും ഇല്ലാത്തവനും പരസ്പരം സഹായിച്ചിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത .ഇത്തരം സല്‍ പ്രവര്‍ത്തികള്‍ നാട്ടില്‍ നിലനിന്നിരുന്നതു മൂലമാണ് ബ്ലേട് മാഫിയകളുടെ വട്ട പലിശയില്‍ നിന്നും കടക്കെണി മൂലം ഉണ്ടാകുന്ന അത്യാഹിതങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ഒരു പരിധിവരെ സാധിച്ചിരുന്നത്.

ഇന്നു കഥ മാറി ഇത്തരം കൂട്ടായ്മകള്‍ അന്യമായതോടെ ബ്ലേഡ് മാഫിയ നാട്ടിന്‍ പുറങ്ങളില്‍ പിടിമുറുക്കുകയും ഭീമമായ കടക്കെണി മൂലം ജീവിതം ഹോമിക്കപെട്ട അവസ്ഥ എത്തിയപ്പോള്‍ മാത്രമാണ് നാം ഇത്തരം കല്യാണങ്ങളുടെ (പരസ്പര സഹായ നിധി ) ആവശ്യ കഥ വിളിച്ചോതുന്നത് .സമൂഹം ഇന്നു വളരെ സങ്കുചിത മനോഭാവത്തോടു കൂടിയാണ് മുന്നോട്ടു പോകുന്നത് .ഞാനും എന്റെ കുടുംബവും എന്നതിലപ്പുറം ചിന്തിക്കാന്‍ പോലും ഇന്നത്തെ സമൂഹം തയ്യാറാവുന്നില്ല എന്നത് ഖേദകരം തന്നെയാണ്

പരസ്പര സ്‌നേഹവും മനുഷ്യര്‍ തമ്മിലുള്ള സഹ വര്‍ത്വിതവും മറ്റുള്ളവന്റെ ദുഖത്തില്‍ പങ്കു ചേരാനുള്ള മനസ്സും ഉള്ള സമൂഹത്തിലാണ് ഇത്തരം കല്യാണങ്ങള്‍ നടന്നിരുന്നത്

പരസ്പരം അറിയാനും അയല്‍പക്കകാരന്റെ വിഷമതകളില്‍ കയറിച്ചെന്നു അവന്റെ ദുഖങ്ങളില്‍ പങ്കു ചേരാനും ആവശ്യമുള്ളപ്പോള്‍ സഹായിക്കാനും ഈ പുതു തലമുറക്ക് സാധിക്കാത്തിടത്തോളം കാലം നമ്മുടെ ഇടയിലുള്ള പരസ്പര സ്‌നേഹവും വിശ്വാസവും നശിക്കുകയും മത സ്പര്‍ദ്ധ വര്‍ദ്ധിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട .

ഇത്തരം കല്യാണങ്ങള്‍ (പരസ്പര സഹായ നിധികള്‍ ) നാട്ടില്‍ പുറങ്ങളില്‍ നിന്നും അന്യമായതോടെയാണ് നമ്മുടെ സാമൂഹിക അന്തരീക്ഷം കൂടുതല്‍ മലീനസമായതും ഉള്ളവനും ഇല്ലാത്തവനും എന്നുള്ള അന്തരം വര്‍ദ്ധിച്ചതോടെ ബ്ലേഡ് മാഫിയ നാട്ടില്‍ തഴച്ചു വളര്‍ന്നതും.

വിദ്യഭ്യാസത്തില്‍ പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗം ഇത്തരം നന്മ നിറഞ്ഞ കാര്യങ്ങള്‍ ചെയ്തു പരസ്പര ഐക്യവും മതത്തിനതീതമായ സ്‌നേഹവും നിലനിര്‍ത്തിയിരുന്നെങ്കില്‍ വിദ്യഭ്യാസമുള്ള ന്യൂ ജനറേഷന്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കുറിക്കല്ല്യാണം എന്ന പേരിലല്ലെങ്കിലും മറ്റൊരു രീതിയില്‍ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തി പാവപ്പെട്ട ജനവിഭാഗത്തെ ബാങ്കുകളുടെയും ബ്ലേഡ് മാഫിയകളുടെയും കയ്യില്‍ നിന്നു മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുകയും നമ്മുടെ സാമൂഹിക അന്തരീക്ഷം കൂടുതല്‍ സ്‌നേഹ നിബിഡമാക്കാന്‍ സാധിക്കുകയുള്ളൂ .

നിയാസ് കലങ്ങോട്ട് കൊടിയത്തൂര്‍