അപരിചിതര്‍
ജോലി കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും അയാള്‍ ആകെ ക്ഷീണിച്ചിരുന്നു, വന്ന പാടെ ഭാര്യ ഉണ്ടാക്കി കൊടുത്ത കാപ്പി ചൂടോടെ ഊതിയൂതി കുടിച്ചു. ടി വി ഓണ്‍ ചെയ്ത് വാര്‍ത്തകള്‍ ശ്രദ്ധിച്ചു. ഓണ്‍ലൈനിലൂടെ കുറച്ച് മുമ്പ് വായിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും തന്നെയില്ല എന്ന് മനസിലായപ്പോള്‍ അയാള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഫേസ് ബുക്കില്‍ നിന്നും, ഗൂഗിളില്‍ നിന്നുമെല്ലാം പരിചയപ്പെട്ട അപരിചിത സൌഹൃദങ്ങള്‍ ഓണ്‍ ലൈനില്‍ വരി വരിയായി കിടക്കുന്നു.
122 total views
ജോലി കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും അയാള്‍ ആകെ ക്ഷീണിച്ചിരുന്നു, വന്ന പാടെ ഭാര്യ ഉണ്ടാക്കി കൊടുത്ത കാപ്പി ചൂടോടെ ഊതിയൂതി കുടിച്ചു. ടി വി ഓണ്‍ ചെയ്ത് വാര്‍ത്തകള്‍ ശ്രദ്ധിച്ചു. ഓണ്‍ലൈനിലൂടെ കുറച്ച് മുമ്പ് വായിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ഒന്നും തന്നെയില്ല എന്ന് മനസിലായപ്പോള്‍ അയാള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഫേസ് ബുക്കില്‍ നിന്നും, ഗൂഗിളില്‍ നിന്നുമെല്ലാം പരിചയപ്പെട്ട അപരിചിത സൌഹൃദങ്ങള്‍ ഓണ്‍ ലൈനില്‍ വരി വരിയായി കിടക്കുന്നു.
ഈയിടയായി പരിചയപ്പെട്ട ഒരു അപരിചിത ‘ഹായ്’ എന്ന് പറഞ്ഞ് വന്നു, അതിന് മറുപടി പറയും മുമ്പ് ഭാര്യ എവിടെയെന്ന് നോക്കി, അടുക്കളയില്‍ കര്‍മ്മനിരതയായിരിക്കുന്ന അവള് ഇനി കുറച്ച് നേരത്തേക്ക് ഈ വഴി വരില്ല എന്ന് മനസ്സിലാക്കി. മോന് അടുക്കളയിലും ഹാളിലുമായി പന്തുരുട്ടി കളിക്കുന്നു. അവന് അങ്ങനെയാണ് ഒരിടത്ത് ഒതുങ്ങിയിരിക്കുന്ന സ്വഭാവം ജനിച്ച മുതലേ ഇല്ല. കുസൃതിയാണെന്ന് പറഞ്ഞാല്‍ അത് അവനെ കുറിച്ചുള്ള വളരെ ചെറിയ ഉപമയേ ആകൂ.
‘ഹായ്’ പറഞ്ഞ അപരിചിത മറുപടി കാണാഞ്ഞിട്ടാവണം ‘ഹലോ’ എന്ന് വീണ്ടും വിട്ടിരിക്കുന്നു, ചുമ്മാ ഒരു ഹായ് അങ്ങോട്ടും പാസ്സാക്കി ആ ചാറ്റിംഗിന് തുടക്കമിട്ടു.
മോന് ഇടക്കിടെ വന്ന് ബഹളമുണ്ടാക്കിയിട്ട് പോകും, കമ്പ്യൂട്ടറില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ അവനെ ഓരോന്നിനും ശാസിച്ച് നിര്‍ത്തി, അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്കി.
അവനെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ അടുത്ത് വന്ന് നിന്ന് കൊഞ്ചിക്കൊണ്ട് പറഞ്ഞു,
‘ഉപ്പാ നോക്ക്’
‘ങാ… ഞാന്‍ നോക്കി’
സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ അയാള്‍ പറഞ്ഞു. അവനത് കേള്‍ക്കേണ്ട താമസം വീണ്ടും കളി തുടങ്ങി, പന്ത് മുകളിലേക്കിട്ടും കുഞ്ഞിക്കാലുകള്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചും അവന് കളിച്ച് കൊണ്ടിരുന്നു. അവനെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാല്‍ അവന് വീണ്ടും ചിണുങ്ങി കൊണ്ട് പറയും.
‘ഉപ്പ നോക്ക്, ഉമ്മ നോക്ക്’
ആരും അവനെ നോക്കിയില്ലേല്‍ അവന് ഉച്ചത്തില്‍ ഒച്ച വെക്കും. വയസ് രണ്ടരയാണെങ്കിലും അവന്റെ കൂവലില്‍ ചെവി പോലും പൊട്ടി പോകും, അത്ര ശക്തിയില്‍ ഒച്ചയുണ്ടാക്കാന്‍ അവന് മിടുക്കനാണ്. ആ ഒച്ച വെക്കുന്നതിലൂടെ അവന്റെ ലക്ഷ്യം ഉപ്പയും ഉമ്മയും മുഴുകിയിരിക്കുന്ന ജോലിയില്‍ നിന്നും ശ്രദ്ധ തിരിച്ച് അവനിലേക്ക് മാത്രം ആക്കുക എന്നതാണ്. അങ്ങനെ ശ്രദ്ധ മുഴുവന്‍ അവനിലാണെന്ന് മനസ്സിലായാല്‍ ആ അലറല്‍ നിര്‍ത്തും.
അടച്ചിട്ട മുറിയില്‍ അവന് മുശിഞ്ഞ് തുടങ്ങിയിട്ടുണ്ട്, ദിവസവും ഷോപ്പിംഗ് മാളുകളിലോ അല്ലെങ്കില്‍ പുറത്ത് പാര്‍ക്കിലോ പോയാലെ അവന് അവന്റെ ഒരു ദിവസം കഴിഞ്ഞെന്ന് തോന്നൂ. അയാള്‍ ജോലിക്കിറങ്ങാന്‍ നേരം അവന് വാതില്ക്കല് വന്ന് നിന്ന് മെല്ലെ പറയും
‘ഉപ്പ വന്നിട്ട് പാണ്ടയില്‍ പോണം, ജ്യൂസ് വാങ്ങണം, ചോക്കലേറ്റ് വാങ്ങണം’
‘ങാ… ഉപ്പ വന്നിട്ട് പോകാട്ടോ… ‘
‘ങും.. ‘
‘നല്ല കുട്ടി’
‘ഉപ്പ്പയും നല്ല കുട്ടിയാ..’
കുസൃതി നിറഞ്ഞ ചിരിയോടെ അവന് പറഞ്ഞു.
വാതിലടച്ച് പോകാന്‍ നേരം കൈകള്‍ വീശി അവന് ടാറ്റ എന്ന് പറയും. അതെല്ലാം ഉമ്മ പഠിപ്പിച്ച് കൊടുത്ത ശീലങ്ങളാണ്.
പതിവു പോലെ അയാള്‍ അന്നും കമ്പ്യൂട്ടറില്‍ മുഴുകിയിരിക്കുകയായിരുന്നു. ഉപ്പയും ഉമ്മയും അവനെ ശ്രദ്ധിക്കുന്നില്ലഎന്ന് മനസ്സിലായപ്പോള്‍ അവന് പതിവ് പോലെ കൂവല്‍ അല്ലെങ്കില്‍ അലറിക്കരയാന്‍ തുടങ്ങി. ഒരു തുള്ളി കണ്ണീര് പോലും വരാതെയുള്ള ഒരു കള്ളക്കരച്ചിലാണത് എന്ന് അവര്‍ക്കറിയാം.
അയാളുടെ ചെവിയില്‍ വന്ന് അവന് ഉച്ചത്തില്‍ കാറി, ചെവി പൊത്തി കൊണ്ട് അയാള്‍ അലറി
‘എടാ നിന്നോട് ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ചെവിയില്‍ വന്ന് കാറരുതെന്ന്’
ഉച്ചത്തില്‍ വീണ്ടും കാറിക്കറഞ്ഞ് കൊണ്ടായിരുന്നു ആ ചോദ്യത്തോടുള്ള അവണ്റ്റെ പ്രതികരണം. അയാളുടെ ചെവികള്‍ വേദനിച്ചു. ചാറ്റിംഗിണ്റ്റെ രസച്ചരട് പൊട്ടിച്ചതിലും ചെവി വേദനിച്ചതിലും അയാള്‍ക്ക് ദേഷ്യം വന്നു, മുഖം കോപത്താല്‍ ചുവന്നു, അവന് ഉപ്പയുടെ മുഖം കണ്ട് പേടിച്ച് കരച്ചിലിണ്റ്റെ ശബ്ദം മെല്ലെ കുറച്ചു, അയാള്‍ അടുക്കളയില്‍ പോയി ചട്ടുകം എടുത്ത് കൊണ്ട് വന്നു. അവന്റെ ചന്തിയില്‍ ശക്തിയായി അടിച്ചു. ആദ്യത്തെ അടിയില്‍ അവന്റെ മുഖം മെല്ലെ ഒരു വശത്തേക്ക് കോടുന്നത് കണ്ടു, ഉപ്പ പിന്നേയും അടിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ അവന് ഉച്ചത്തില്‍ കരഞ്ഞു, പതിവ് പോലെ അവന് കൂവി കാറി കരഞ്ഞില്ല. വേദന കൊണ്ടുള്ള ദയനീയ വിലാപം, കണ്ണുനീര് കവിളിലൂടെ ഒലിച്ചിറങ്ങി.
‘ഇനി നീ ചകിടത്ത് വന്ന് കൂവുമെടാ’
‘ഇല്ല ഇനി കൂവൂല്ല’
‘ഇനി കൂവിയാല്‍ ഞാന്‍ നിന്റ്റെ തുട അടിച്ച് പൊളിക്കും’
‘ഇല്ല, ഇനി ഞാന്‍ കൂവൂല്ല, ഉപ്പാ..’
കരച്ചിലിനിടെ പറഞ്ഞൊപ്പിച്ചു. തേങ്ങി കരഞ്ഞ് കൊണ്ട് ഓടിപ്പോയി ഉമ്മയുടെ മാക്സിക്കുള്ളിലൊളിച്ചു.
എന്തോ നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവില്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ അയാള്‍ വീണ്ടുമിരുന്നു, ചാറ്റ് ചെയ്ത് കൊണ്ടിരുന്ന അപരിചിത ഗുഡ് ബൈ, സീ യു ടുമോറോ എന്ന് മെസേജ് വിട്ട് ചാറ്റിംഗ് അവസാനിപ്പിച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ ലിസ്റ്റില്‍ അവളെ പരതിയെങ്കിലും അവള് സൈന്‍ ഔട്ടായിരുന്നു.
അയാളുടെ ശ്രദ്ധ വീണ്ടും മോനിലേക്ക് തിരിഞ്ഞു,
‘ങും നീ കാരണം നല്ല ഒരു ചാറ്റിംഗ് നഷ്ടപ്പെട്ടു’
അവന് മെല്ല് മൂക്ക് തുടച്ച് കൊണ്ട് അയാളിലേക്ക് ഒട്ടിച്ചേര്‍ന്ന് നിന്നുകാരണം അവന് വലുത് അയാള്‍ മാത്രമാണ്, കൂടെ കളിക്കാനും, കഥ പറഞ്ഞ് തരാനും, പാട്ട് പാടിത്തരാനുമെല്ലാം അവന് അയാള്‍ തന്നെ വേണം. അടച്ച് പൂട്ടിയ മുറിയില്‍ അവന്റെ ലോകം അയാളാണ്, അയാളുമായി പിണങ്ങി നില്ക്കാന് അവനാവില്ല, കുറച്ച് നിമിഷങ്ങള്‍ പോലും.
അവന് ചേര്‍ന്ന് നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് സഹതാപം തോന്നി. അവന്റെ കുഞ്ഞി കൈകള്‍ കൊണ്ട് അയാളുടെ അരക്കെട്ടിലൂടെ വട്ടമിട്ട് ചേര്‍ത്ത് പിടിച്ചിട്ടുണ്ട്, കരഞ്ഞ് കലങ്ങിയ കണ്ണുകളില്‍ ഇപ്പോഴും കണ്ണ് നീര് നിറഞ്ഞ് നില്ക്കുന്നു, അവന് ദയനീയമായി അയാളെ നോക്കി…
‘ഉപ്പാന്റെ പൊന്നുമോന് ഇവിടെ വന്നാ..’
അത് കേള്‍ക്കേണ്ട താമസം അവന് അയാളുടെ മടിയില്‍ ചാടിക്കയറി. ആ വിളിക്ക് വേണ്ടിയാണ് അണഞ്ഞ് കൂടി നില്ക്കുന്നതും. അയാള്‍ അവന്റെ തുടയും, കാലുകളും നോക്കി, ചുവന്ന് തണര്‍ത്ത് നില്ക്കുന്ന കാലുകളില്‍ മെല്ലെ തലോടി, അയാള്‍ ആദ്യമായാണ് അവനെ ഇത്ര ശക്തിയായി അടിക്കുന്നത്.
‘മോന് വേദനിച്ചോ’
‘ങും..വേദനിച്ചു’
അവന് മെല്ലെ തലായാട്ടി കൊണ്ട് പറഞ്ഞു.
‘എണ്റ്റെ കുട്ടിയൊന്ന് ചിരിച്ചാ’
അത് കേട്ട് അവന് മെല്ലെ പുഞ്ചിരിച്ചു
‘അങ്ങനെയല്ല, ഒച്ചയുണ്ടാക്കി ചിരിക്ക്’
അവന് ഒച്ചയുണ്ടാക്കി ചിരിച്ചു, അയാള്‍ക്കങ്ങനെയാണ് മോന് പ്രത്യേക ശബ്ദത്തില്‍ ഒച്ചയുണ്ടാക്കി ചിരിച്ചാലേ സന്തോഷമാകൂ. അവന് കൊച്ച് കുഞ്ഞായിരുന്നപ്പോള്‍ ഉണ്ടാക്കിയിരുന്ന ശബ്ദമാണത്രെ അത്..
‘ഇനി ഒന്ന് കൂവിക്കാ…. ഉപ്പയൊന്ന് കേള്‍ക്കട്ടെ’
അവന് കൂവിയില്ല, മെല്ലെ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു
‘ഉപ്പാടെ ചെവി വേദനിക്കൂലേ, ഞാന്‍ ഇനി കൂവില്ല, അലറിക്കരീല്ല.’
അത് കേട്ട് അയാളുടെ കണ്ണുകള്‍ നിറഞ്ഞു…
‘അത് സാരമില്ല, മോന് ഒന്ന് കൂവിക്കേ.. ‘
അവന് പതിവിന് വിപരീതമായി മെല്ലെ കൂവി, ആ കൂവലിന് പഴയ ശക്തിയില്ല….
‘മോന് ഉപ്പാക്കൊരു ഉമ്മ തന്നേ…’
അവന് ചുണ്ടുകള്‍ അയാളുടെ കവിളിലേക്ക് നീട്ടി
‘എന്റെ കുട്ടിക്ക് എവിടെ വേദനിക്കുന്നേ’
ചുവന്ന് തണര്‍ത്ത് കിടക്കുന്ന തുടയിലെ പാടിലേക്ക് അവന്റെ കുഞ്ഞ് വിരല്‍ നീട്ടി കൊണ്ട് പറഞ്ഞു
‘ഇബടെ’
അയാള്‍ അവിടെ മെല്ലെ തലോടി, അവന് അയാളുടെ നെഞ്ചില്‍ ഒരു പൂച്ച കുഞ്ഞിനെ പോലെ ചേര്‍ന്നിരുന്നു. തുടയിലും കാലിലുമുള്ള ചുവന്ന തിണര്‍ത്തു കിടക്കുന്ന പാടുകളില്‍ അയാള്‍ മെല്ലെ തലോടിക്കൊണ്ടിരുന്നു. ചാറ്റിംഗിനേയും ആ കമ്പ്യൂട്ടറിനേയും ആ നിമിഷം അയാള്‍ !വെറുത്തു. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത അപരിചിതര്‍ക്ക് വേണ്ടി സമയം കളയുന്നതിനേക്കാള്‍ നല്ലതല്ലെ സ്വന്തം മോന്റേ കുസൃതിയും കളികളും കണ്ടുകൊണ്ടിരിക്കുന്നത്. അവന്റെ വളര്‍ച്ച അനുഭവിച്ചറിയുന്നത്.
പണ്ടെങ്ങോ പരിചയപ്പെട്ട അപരിചിതന്റെ മെസേജ് ചെറിയ വിന്‍ഡോയില്‍ പുതുതായി കിടക്കുന്നതയാളുടെ ശ്രദ്ദയില്‍ പെട്ടു, തന്റെ സ്റ്റാറ്റസ് ഇന്‍ വിസിബിള്‍ എന്നാക്കി മോനേയും കൊണ്ട് ഡ്രസ് മാറ്റി പുറത്തിറങ്ങി വണ്ടിയില്‍ കയറി മോന് ഏറ്റവും ഇഷ്ടപ്പെട്ട പാര്‍ക്കായിരുന്നു അയാളുടെ ലക്ഷ്യം.
123 total views, 1 views today
