അപൂര്‍വ രാഗങ്ങള്‍ : രജനിയുടെ അരങ്ങേറ്റവും കമലിന്റെ ആദ്യ ഹിറ്റും

426

arangettam_rajni

ശിവാജി റാവു ഗേയ്ക്ക്വാദ് എന്ന പേര് നിങ്ങളില്‍ എത്ര പേര്‍ക്ക് പരിചിതമാണെന്ന് എനിക്കറിയില്ല. എന്നാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ നടന്മാരില്‍ ഒരാളുടെ യഥാര്‍ത്ഥ പേര് ആണ് അതെന്ന് പറഞ്ഞാലോ? ഇപ്പോഴും സംശയം ആണെങ്കില്‍ ഒരു കാര്യം കൂടി പറയാം. ഈ നടന്‍ ആദ്യം ഒരു ബസ് കണ്ടക്ടര്‍ ആയിരുന്നു. ഇനി ഞാന്‍ പേര് പറയേണ്ട ആവശ്യമില്ലെന്ന് അറിയാം. അതെ. തമിഴ് ചലച്ചിത്രലോകം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ ഏറ്റവും വലിയ പ്രതിഭകളില്‍ ഒരാള്‍, കരുത്തിന്‍റെ മൂര്‍ത്തഭാവം, താരാരാധനയുടെ മകുടോദാഹരണം. സ്‌റ്റൈല്‍ മന്നന്‍ രജനി കാന്ത്.

കഷ്ടപ്പാടിന്‍റെ ആദ്യ നാളുകള്‍

ബാംഗ്ലൂരില്‍ 1950 ഡിസംബര്‍ 12ന് റാമോജി റാവു ഗേയ്ക്ക്വാദിന്‍റെയും രമാഭായിയുടെയും മകനായി ഒരു മറാത്തി കുടുംബത്തില്‍ ആയിരുന്നു ശിവാജി റാവുവിന്‍റെ ജനനം. കുട്ടിക്കാലത്ത് ഒരു വികൃതി ആയിരുന്ന ശിവാജി റാവുവിന് അഭിനയത്തില്‍ താല്‍പര്യം ഉണ്ടാവുന്നത് ജേഷ്ടന്‍ അദ്ദേഹത്തെ രാമകൃഷ്ണ മഠത്തില്‍ ചേര്‍ക്കുന്നതോട് കൂടിയാണ്. ആ കാലത്ത് ചെയ്ത ഏകലവ്യന്‍റെ സുഹൃത്ത് വേഷം കൊച്ചു ശിവാജി റാവുവിന് ഏറെ കൈയ്യടി നേടിക്കൊടുത്തു. സിക്‌സ്ത് ഗ്രേഡിന് ശേഷം ആചാര്യ പാഠശാല പബ്ലിക് സ്‌കൂളില്‍ ചേര്‍ന്നപ്പോഴും അഭിനയം ശിവാജി റാവു കൈവിട്ടില്ല. കുരുക്ഷേത്ര എന്ന നാടകത്തില്‍ പ്രതിനായകനായ ദുര്യോധനന്‍റെ വേഷം ശിവാജി റാവു അവിസ്മരണീയം ആക്കി.

സ്‌കൂള്‍ പഠനത്തിനു ശേഷം ബാംഗ്ലൂരിലും മദ്രാസിലും ആയി ശിവാജി റാവു പലതരം ജോലികള്‍ ചെയ്തുനോക്കി. കൂലിയായും മരപ്പണിക്കാരനായും ഒക്കെ പയറ്റിയ ശേഷമാണ് ബാംഗ്ലൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ജോലി ലഭിക്കുന്നത്. ജോലിയോടൊപ്പം നാടകങ്ങളില്‍ അഭിനയിക്കുവാനും ശിവാജി റാവു താല്പര്യം കാട്ടി. ഈ സമയത്താണ് പുതുതായി ആരംഭിച്ച മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കുവാനുള്ള കോഴ്‌സ് ആരംഭിക്കുന്നു എന്ന പരസ്യം ശിവാജി റാവു കാണുന്നതും വീട്ടുകാരുടെ പൂര്‍ണ സമ്മതം ഇല്ലാതിരുന്നിട്ടും രാജാ ബഹദൂര്‍ എന്ന സുഹൃത്തിന്‍റെ സാമ്പത്തിക പിന്തുണയോടെ കോഴ്‌സിന് ചേരുന്നതും.

അപൂര്‍വ രാഗങ്ങള്‍

                                                കമലും രജനിയും കെ.ബാലചന്ദറിന് ഒപ്പം

മദ്രാസ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലെ പഠനസമയത്താണ് തമിഴ് സിനിമ സംവിധായകന്‍ ആയ കെ. ബാലചന്ദര്‍ ശിവാജി റാവു അഭിനയിച്ച ഒരു ചെറിയ നാടകം കാണുന്നത്. ശിവാജി റാവുവിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ബാലചന്ദര്‍ തന്‍റെ അടുത്ത ചിത്രത്തിലെ ഒരു വേഷത്തിനുള്ള ഓഡീഷന് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആദ്യ ദിനം ശിവാജി ഗണേശനെ അനുകരിച്ചാണ് ശിവാജി റാവു തുടങ്ങിയത്. എന്നാല്‍, തനിക്ക് വേണ്ടത് അനുകരണങ്ങള്‍ അല്ല, വ്യത്യസ്തമായ ഒരു ശൈലി ആണെന്ന് ബാലചന്ദര്‍ പറഞ്ഞു.

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും എത്തിയ ശിവാജി റാവു ഒരു സിഗരറ്റ് കൈയ്യില്‍ എടുത്ത് തന്റേതായ സ്‌റ്റൈല്‍ ചേര്‍ത്ത് അത് വായിലേയ്ക്ക് എറിഞ്ഞു പിടിച്ചു. അങ്ങനെ ഒരു കാര്യം അത് വരെ ആരും ചെയ്തതായി ബാലചന്ദറിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ഈ സ്‌റ്റൈല്‍ ഇഷ്ടപ്പെട്ടിട്ടാണ് ബാലചന്ദര്‍ ശിവാജി റാവുവിനെ സിനിമയില്‍ എടുത്തത്. പിന്നീട് അനേകം ചിത്രങ്ങളില്‍ ഇതേ സ്‌റ്റൈല്‍ തന്നെയാണ് തിയേറ്ററുകള്‍ ഇളക്കി മറിച്ചതും.

പേര് വന്ന വഴി

സിനിമയില്‍ എത്തുമ്പോള്‍ ശിവാജി റാവു എന്ന പേരിന് പകരം കുറച്ചുകൂടി സ്‌റ്റൈലിഷ് ആയ ഒരു പേര് വേണം എന്ന നിര്‍ദേശം വെച്ചത് സംവിധായകന്‍ ബാലചന്ദര്‍ ആണ്. രജനികാന്ത്, ചന്ദ്രകാന്ത്, ശ്രീകാന്ത് എന്നീ മൂന്ന് പേരുകള്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ മനസ്സില്‍. അതില്‍ നിന്നും രജനികാന്ത് എന്ന പേര് ഒടുവില്‍ തിരഞ്ഞെടുത്തതും അദ്ദേഹം തന്നെയാണ്.

പാണ്ഡ്യന്‍ എന്ന ആദ്യ കഥാപാത്രം

അപൂര്‍വ രാഗങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു ചിത്രം ആയിരുന്നു. പ്രായവ്യത്യാസം ഉള്ള ആളുകള്‍ തമ്മില്‍ ഉണ്ടാവുന്ന പ്രണയവും വിവാഹവും ആയിരുന്നു അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിന്‍റെ പ്രധാന പ്രമേയം. ഇപ്പോള്‍ പോലും പലര്‍ക്കും ദഹിക്കാത്ത ഈ വിഷയം 1975ല്‍ വിവാദം ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. കമലഹാസന്‍, ശ്രീവിദ്യ, മേജര്‍ സുന്ദരരാജന്‍, ജയസുധ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കമല്‍ഹാസന്‍ അവതരിപ്പിച്ച പ്രസന്ന എന്ന കഥാപാത്രം തന്നെക്കാള്‍ പ്രായത്തില്‍ മുതിര്‍ന്ന ഭൈരവി (ശ്രീവിദ്യ) യുമായി പ്രണയത്തില്‍ ആകുന്നു. പ്രസന്നയുടെ അച്ഛനായ മഹേന്ദ്രന്‍ രഞ്ജനി എന്ന ചെറുപ്പക്കാരിയില്‍ അനുരക്തനാകുന്നു. എന്നാല്‍, രഞ്ജനി ഭൈരവിയുടെ മകള്‍ ആണെന്ന സത്യം അറിയുമ്പോള്‍ ഈ ബന്ധങ്ങള്‍ സങ്കീര്‍ണമാകുന്നു.

ഈ പ്രശ്‌നങ്ങളുടെ നടുവിലേയ്ക്കാണ് വളരെ നാളുകള്‍ക്ക് മുന്‍പ് നാടുവിട്ടുപോയ ഭൈരവിയുടെ ഭര്‍ത്താവ് പാണ്ഡ്യന്‍ കടന്നുവരുന്നത്. എന്നാല്‍, ചിത്രത്തില്‍ ഒരു വില്ലന്‍ വേഷമല്ല പാണ്ഡ്യന്റേത്. തന്റെ ഭാര്യ പ്രസന്നയുമൊത്ത് സന്തോഷമായി ജീവിക്കുന്നു എന്ന് മനസിലാക്കുന്ന അയാള്‍ അതിനെ എതിര്‍ക്കാന്‍ പോലും ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം.

ചിത്രത്തിലെ തന്‍റെ ആദ്യ സീനില്‍ ഒരു ഗേയ്റ്റ് തള്ളിത്തുറന്ന് മെല്ലെ കടന്നു വരുന്ന രജനികാന്തിനെ കാണാന്‍ കഴിയും. തമിഴ് സിനിമയിലെ രാജപദവിയിലേയ്ക്കുള്ള കുതിപ്പിന്‍റെ ആദ്യ കാല്‍വെയ്പ്പായിരുന്നു ആ സീന്‍ എന്ന് അന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല.

വില്ലനില്‍ നിന്നും തമിഴ് സിനിമയുടെ ദളപതിയിലേയ്ക്കുള്ള വളര്‍ച്ച

അപൂര്‍വ രാഗങ്ങള്‍ക്ക് ശേഷം പ്രധാനമായും വില്ലന്‍ വേഷങ്ങളാണ് രജനിയെ തേടി എത്തിയത്. അവ രജനി മനോഹരമാക്കി തുടങ്ങിയപ്പോള്‍ നായകകഥാപാത്രങ്ങളും എത്തി. തന്റേതായ സ്‌റ്റൈലിലൂടെയും കോരിത്തരിപ്പിക്കുന്ന സംഭാഷണ ശൈലിയിലൂടെയും രജനികാന്ത് തമിഴ്‌നാട്ടുകാരുടെ ഹൃദയം കീഴടക്കി. ബോക്‌സ് ഓഫീസില്‍ രജനി ചിത്രങ്ങള്‍ പണം വാരി. തിയേറ്ററുകളില്‍ നിന്നും തെരുവിലേയ്ക്ക് രജനികാന്ത് ചിത്രങ്ങള്‍ ആഘോഷം കൊണ്ടുവന്നു.

ഇപ്പോഴും രജനിക്ക് തുല്യം ആരെന്ന് ചോദിച്ചാല്‍ രജനിക്ക് തുല്യം രജനി മാത്രം എന്നേ പറയുവാനുള്ളൂ. ഒരിക്കല്‍ കൂടി ചോദിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ചോദിക്കാം. പക്ഷെ, അപ്പോള്‍ മറുപടി അണ്ണന്‍റെ സ്‌റ്റൈലില്‍ ആയിരിക്കും. ‘നാന്‍ ഒരു ദടവ് സൊന്നാല്‍ നൂറു ദടവ് സൊന്ന മാതിരി.’

Advertisements