പവിത്ര ഉണ്ണി
അപ്പന്മാരുടെ ലോകത്തെ മക്കളും പെണ്ണുങ്ങളും…
Spoiler Alert: ‘അപ്പൻ’ സിനിമയെക്കുറിച്ച്
ചില സിനിമകൾ നമ്മളെ വളരെയധികം മാനസിക പ്രയാസത്തിലാക്കും. എന്നെ പോലെ ലോലഹൃദയം ഉള്ളവർ ആണെങ്കിൽ പിന്നെ പറയാനും ഇല്ല. അങ്ങനെ വലിയ മനപ്രയാസം സമ്മാനിച്ച സിനിമയാണ് ‘അപ്പൻ’. സോണി ലിവിൽ റിലീസ് ആയിരിക്കുന്ന ഈ പുതിയ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസിൽ തങ്ങിയ 3 പെണ്ണുങ്ങളെക്കുറിച്ചും 3 മക്കളെക്കുറിച്ചുമാണ് പറയാനുള്ളത്. അപ്പനെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല! അപ്പനാണത്രെ അപ്പൻ!!!
മകൻ 1 (ആബേൽ): ക്രൂരനായ ഒരു അപ്പാപ്പനെകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഒരു കുടുംബത്തിൽ തെറിവിളികളും വഴക്കുകളും കൊണ്ട് സംഘർഷഭരിതമായിരിക്കുന്ന ഒരു വീട്ടിൽ വാടി തളർന്ന ഒരു പൂമൊട്ടിനോട് ഉപമിക്കാൻ സാധിക്കുന്ന ഒരു കുഞ്ഞ്. എങ്ങനെയൊക്കെയാണ് വലിയവരുടെ പ്രശ്നങ്ങളും തർക്കങ്ങളും ഒച്ചകളും ഒരു കുഞ്ഞിനെ നിശ്ശബ്ദനാക്കി കളയുന്നത് എന്നതിന് ഉദാഹരണമാണ് ആബേൽ. നമുക്കും ശബ്ദം ഉയർത്താനും തെറി പറയാനും ഒക്കെ തോന്നുമ്പോൾ ആബേലിനെ ഓർത്താൽ മതി. ലെക്സിയെ അത്രയേറെ കരുതലോടെ അന്വേഷിക്കുന്ന,മനസ് നിറച്ചും ആർദ്രതയോടെ പിറന്നു വീഴുന്ന ഈ കുഞ്ഞുങ്ങളെ ആണല്ലോ വളർത്തി വളർത്തി നമ്മൾ ഞ്ഞൂഞ്ഞും ഇട്ടിച്ചനും ഒക്കെ ആക്കുന്നത് എന്നോർത്ത് നോക്കൂ!
മകൻ 2 (ഞ്ഞൂഞ്ഞ്): പേടിച്ചു പേടിച്ചു വളർന്ന ഒരു കുഞ്ഞിന്റെ മുതിർന്ന രൂപമാണ് ഞ്ഞൂഞ്ഞ്. നിങ്ങൾ കണ്ടിട്ടുണ്ടോ ഇപ്പോഴും ഉള്ളിൽ കരയുന്ന ഒരു കൊച്ചു കുഞ്ഞിനെ കൊണ്ട് നടക്കുന്ന മുതിർന്നവരെ? അവരുടെ ഒക്കെ ബാല്യ കൗമാരങ്ങൾ ഓർക്കാൻ പോലും ആഗ്രഹിക്കാത്തവരെ…സമാധാനപൂർണമായ,സ്നേഹം നിറഞ്ഞ ഒരന്തരീക്ഷത്തിൽ വളരാൻ കഴിയാതെ പോയവർ! അപ്പനെ കണ്ടപ്പോൾ ആദ്യം തോന്നി ഇങ്ങനെയും ഉണ്ടാകുമോ അപ്പന്മാർ എന്ന്. എന്നാൽ ഞ്ഞൂഞ്ഞിനെ കണ്ടപ്പോൾ മനസിലായി, ഇത്തരം ഒരുപാട് മക്കളെ നമ്മൾ കാണുന്നുണ്ടല്ലോ എന്ന്. അവർക്ക് പിന്നിലും ഇത്തരം അപ്പന്മാരും അമ്മമാരും ഉണ്ടാകണം. ജീവിതം തന്നെ മടുത്ത്, സ്നേഹിക്കാനും വെറുക്കാനും കഴിയാത്ത മാതാപിതാക്കളുടെ ഇടയിൽ ഞെരുങ്ങി ജീവിക്കുന്ന എത്രയെത്ര മക്കളുണ്ടാകും. അപ്പന്റെ പാരമ്പര്യം മകന്റെ മേലെയും ആരോപിക്കപ്പെടുമ്പോൾ കരഞ്ഞു കലങ്ങി തകർന്നിരിക്കുന്ന മനുഷ്യനായി സണ്ണി വെയിൻ നല്ല സ്വാഭാവിക അഭിനയം കാഴ്ച്ച വച്ചിട്ടുണ്ട്.
മകൻ 3(ജോൺസൺ): തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് സമൂഹത്തിന്റെ കുത്തുവാക്കുകളിൽ ജീവിതം തന്നെ കൈവിട്ടു പോകുന്ന ജാരസന്തതികളിൽ ഒരുവൻ. അപ്പനെ കൊന്നിട്ടായാലും ചീത്തപ്പേര് മാറ്റിയെടുക്കാൻ കൊതിക്കുന്ന ഒരുവന്റെ ഗതികേടിനെ നമുക്ക് ജോൺസൺ എന്ന് വിളിക്കാം. ഇട്ടിയെപ്പോലെ നാട് നീളെ വിത്ത് വിതയ്ക്കുന്നവർ മറന്നു പോകുന്നത് ഇവരെ പോലെയുള്ള മക്കളുടെ ജീവിതമാണ്. അപ്പൻ മരിച്ചപ്പോഴെങ്കിലും ജോൺസണ് സമാധാനവും പെണ്ണും കിട്ടിക്കാണുമോ? ചീത്തപ്പേര് ജോൺസൺ മറന്നാലും നമ്മുടെ സമൂഹം മറക്കുമെന്ന് തോന്നുന്നില്ല അല്ലെ!
അപ്പനിലെ പെണ്ണുങ്ങൾ:
പെണ്ണ് 1(കുട്ടിയമ്മ): സിനിമയുടെ ഓപ്പണിങ് സീൻ സുന്ദരമായ പകൽക്കിനാവിൽ സ്വയം മറന്ന് ചിരിക്കുന്ന കുട്ടിയമ്മയാണ്. അപ്പനോടുള്ള എല്ലാ വൈരാഗ്യവും ശരീര ഭാഷയിലും സംസാരത്തിലും പ്രകടിപ്പിക്കുന്നുണ്ട് കുട്ടിയമ്മ. അപ്പൻ ചാകണം എന്നാഗ്രഹിക്കുമ്പോഴും അത് തന്റെ മകന്റെ കൈ കൊണ്ടാകരുത് എന്നാഗ്രഹിക്കുന്ന സ്നേഹമയിയായ അമ്മ. ആ അമ്മയുടെ സ്നേഹം കൊണ്ട് മാത്രമാകണം, ഇങ്ങനെ ഒരപ്പനെ കണ്ടു പഠിക്കാതെ സമാധാനപ്രിയനായ ഒരുവനായി ഞ്ഞൂഞ്ഞ് വളർന്നത്. അമ്മായിഅമ്മ-മരുമകൾ ബന്ധം, അമ്മ-മകൾ ബന്ധം ഒക്കെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് ഈ സിനിമയിൽ. അമ്മച്ചി കിടന്നു പോയാൽ പെട്ടെന്ന് മരിച്ചേക്കാം എന്നൊക്കെ പറയുന്ന സീൻ വളരെ ഹൃദയസ്പർശിയായിരുന്നു.
പെണ്ണ് 2(റോസി): ഒരു കുലസ്ത്രീ മരുമകൾ ഒന്നുമല്ല റോസി. അപ്പനെയും വേണമെങ്കിൽ ഭർത്താവിനെയും എതിർത്ത് സംസാരിക്കാൻ കെൽപ്പുള്ള, ആദ്യം ശത്രുത കാണിച്ചെങ്കിലും ഒടുവിൽ ഷീലയോട് സഹോദരി തുല്യ സ്നേഹവും അലിവും കാണിക്കുന്നവളാണ് റോസി. കരഞ്ഞു തളരുന്ന ഞ്ഞൂഞ്ഞിന് അഭയമാകുന്നവളും മനസ് തകർന്നു നിൽക്കുന്ന കുട്ടിയമ്മയ്ക്ക് താങ്ങാവുന്നതും റോസിയാണ്. ഒരു പക്ഷെ അപ്പന്റെ ക്രൂരതകളുടെ വർഷങ്ങൾ നീണ്ട അനുഭവങ്ങളിൽ വലയുന്ന ആ അമ്മയ്ക്കും മകനും ആ വീട്ടിലെ ഒരേ ഒരു അത്താണി റോസിയാണ്. ഈ സിനിമയിൽ കാണിച്ചിരിക്കുന്ന പൊതു ശത്രുവിനോട് ഒരുമയോടെ പൊരുതുന്ന സ്ത്രീകൾ എന്ന സങ്കൽപം വളരെ സ്വാഗതാർഹമായ മാറ്റമായി തോന്നി.
പെണ്ണ് 3(ഷീല): നിസ്സഹായതയും ധൈര്യവും ചേർന്ന ഒരു പെണ്ണാണ് ഷീല. അയൽക്കാരി പെണ്ണുങ്ങളെ ചീത്ത പറഞ്ഞോടിക്കുമ്പോഴുള്ള ധൈര്യമുള്ള പെണ്ണാണോ അതോ ഇട്ടിയുടെ കാൽചുവട്ടിൽ, പോകാൻ ഒരിടമില്ലാതെ കുടുങ്ങിക്കിടക്കുന്ന പെണ്ണാണോ ശരിക്കുള്ള ഷീല? ചിലർക്ക് ചില ജീവിതങ്ങളിൽ ഒരു രക്ഷകന്റെ റോളാണ്. അപ്പന്റെ കുടുംബത്തിൽ ആ പണി ഷീലയ്ക്ക് ഉള്ളതായിരുന്നു. കുട്ടിയമ്മയോ ഞ്ഞൂഞ്ഞോ കുര്യാക്കോയോ ബാലൻ മാഷോ ജോൺസണോ അപ്പനെ കൊന്നിരുന്നെങ്കിൽ നമ്മൾക്ക് ഇത്ര ഇമ്പാക്ട് അനുഭവപ്പെടുമായിരുന്നില്ല. എന്നാൽ അപ്പന്റെ മരണം ഷീലയുടെ കൈ കൊണ്ടായപ്പോൾ കണ്ടിരിക്കുന്നവരും ആശ്വാസം കൊള്ളുന്നു.
അപ്പൻ കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം-കുടുംബ ബന്ധങ്ങളിൽ, വ്യക്തി ബന്ധങ്ങളിൽ ഒക്കെ നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ട്. നമ്മളെ സ്നേഹിക്കുന്നവരെ തന്നെ നമ്മൾ വേദനിപ്പിക്കാറുണ്ട്. പക്ഷെ ഒന്ന് വീണ് പോകും മുൻപെങ്കിലും എല്ലാം ഏറ്റു പറഞ്ഞു മാപ്പിരക്കാൻ മറക്കരുത്. കാരണം എല്ലാവർക്കും ഇട്ടിച്ചനെ പോലെ കട്ടിലിലും കല്ലുപോലുള്ള മനസുമായി ജീവൻ പിടിച്ചു വയ്ക്കാൻ കഴിഞ്ഞെന്ന് വരില്ല. സമാധാനമായി മരിക്കാൻ എങ്കിലും സമാധാനപ്രിയരായി ജീവിക്കണം, സഹജീവികളെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്! നിങ്ങൾ മരിച്ചു പോയെങ്കിൽ എന്ന് ഒന്നിലധികം ആളുകൾ ആഗ്രഹിക്കുന്ന ഒരു ജീവിതം ജീവിച്ചിട്ട് എന്ത് കാര്യം?