അമേരിക്കക്ക് അടുപ്പിലും വിസര്‍ജ്ജിക്കാം, പക്ഷെ ഇന്ത്യ അത് കോരണോ ?

  245

  ശ്രീലങ്കക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ചു അമേരിക്ക യു എന്നില്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ഇരുപത്തിനാല് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ചൈന ഉള്‍പ്പെടെ പതിനഞ്ചു രാജ്യങ്ങള്‍ ശ്രീലങ്കക്ക് ഉറച്ച പിന്തുണ നല്‍കിക്കൊണ്ട് പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ എട്ടു രാജ്യങ്ങള്‍ വോട്ടിങ്ങില്‍ നിന്നും വിട്ടുനിന്നു.

  എല്‍ ടീ ടീ ഈ നേതാവ് പ്രഭാകരന്റെ പന്ത്രണ്ടുകാരനായ മകനെ ക്രൂരമായി പീഡിപ്പിച്ചു, മെഷീന്‍ഗണ്‍ ബുള്ളറ്റിനാല്‍ അരിപ്പപോലെ തുളച്ചു കൊലപ്പെടുത്തിയതിനു സമാനമായ മറ്റനവധി സംഭവങ്ങളും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനു പുറമേ യു എന്‍ റിപ്പോര്‍ട്ടുകള്‍ സൈന്യം ജനവാസകേന്ദ്രങ്ങളില്‍ ഷെല്‍ വര്ഷം നടത്തിയും, തമിഴ് വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണവും മരുന്നും തടഞ്ഞും ആണ് യുദ്ധത്തില്‍ വിജയം കൈവരിച്ചത് എന്ന് കണ്ടെത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ആണ് അത്രേ അമേരിക്ക ഈ പ്രമേയം കൊണ്ടുവന്നത്.

  തമിഴ് പോരാളികള്‍ ആകട്ടെ, സാധാരണ ജനങ്ങളെ പരിചയായി ഉപയോഗിച്ചും, കുട്ടിപടയാളികളെ ആത്മഹത്യാബോബുകളായും, മുന്നണിപ്പോരാളികളായും ഉപയോഗിച്ചും തമിഴ് വംശജരെയും, സിംഹളരെയും ഒരേ സമയം കൊടും ക്രൂരതക്ക് ഇരയാക്കുകയായിരുന്നു.

  കുഞ്ഞുങ്ങളെയും നിഷ്കളങ്കരെയും പീഡിപ്പിച്ചും കൊന്നൊടുക്കിയും നടത്തുന്ന യുദ്ധങ്ങള്‍ക്കും സമരങ്ങള്‍ക്കും തക്ക ശിക്ഷ; അത് തെരഞ്ഞെടുക്കപ്പെട്ട ഗെവേന്മേന്റുകള്‍ക്ക് ആയാല്‍ പോലും ലഭിക്കണം എന്നതില്‍ ഒരു തര്‍ക്കവും ഇല്ലെങ്കില്‍ പോലും ശ്രീലങ്കക്കെതിരെ ഇത്തരം ഒരു പ്രമേയം കൊണ്ടുവരാന്‍ അമേരിക്കക്ക് എന്താണ് അവകാശം? അതിനെ പിന്തുണക്കാന്‍ ഇന്ത്യക്ക് എന്ത് ധാര്‍മികമായ കടമ ആണ് ഉള്ളത് ? തീവ്ര വാദത്തിന്റെ ഏറ്റവും വലിയ ഇരകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ വലിയ ജനാധിപത്യ രാജ്യങ്ങള്‍, തങ്ങളുടെ താല്പര്യങ്ങള്‍ക്ക് എതിരായി നടത്തുന്ന ഏത് സമരത്തിനെയും തീവ്രവാദം എന്നും, തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കു അനുകൂലമായി നടത്തുന്ന ഏത് സമരവും വിമോചനപ്പോരാട്ടം എന്നും വിശേഷിപ്പികുന്നതില്‍ തികഞ്ഞ വൈരുധ്യമാണ് ഉള്ളത്.

  അഫ്ഗാനിസ്ഥാനില്‍ നിഷ്കളങ്കരെ കൊന്നൊടുക്കുകയും, തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ചു അവരുടെ ശവശരീരത്തില്‍ മല മൂത്ര വിസര്‍ജ്ജനം ചെയ്യുക എന്നത് ഒരു നയം ആക്കുകയും; മധ്യ പൂര്‍വഏഷ്യയില്‍ പതിനായിരക്കണക്കിനു കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊലക്ക് കൊടുക്കുകയും ചെയ്യുന്ന അമേരിക്കയുടെ ധാര്‍മികരോഷം ശ്രീലങ്കക്ക് നേരെ ഉയര്‍ന്നത്, ഈ പ്രദേശത്തെ വീണ്ടും അസ്ഥിരമാക്കി ആയുധക്കച്ചവടം കൂട്ടുവാനുള്ള തന്ത്രം ആണെന്നിരിക്കെ, ഇന്ത്യയുടെ ധാര്‍മികരോഷം തീവ്രവാദത്തിനു പച്ചക്കൊടി കാട്ടിയിട്ടെങ്കില്‍ പോലും, തമിഴകത്തെ അണ്ണാച്ചിയുടെയും, ഹിടുംബിയുടെയും കാലുനക്കി കേന്ദ്ര മന്ത്രിസഭ നിലനിര്‍ത്തുക എന്നതിനായി മാത്രം.

  തക്ക സമയത്ത് ചൈന നല്‍കിയ സഹായം ഒരിക്കലും ശ്രീലങ്ക മറക്കുമെന്നോ, അവര്‍ക്ക് ഇന്ത്യയുമായിയുള്ള ബന്ധം ഇനി ഒരുകാലത്തും പഴയപടി ആകുമെന്നോ തോന്നുന്നില്ല. നമ്മുടെ മൂക്കിനു താഴെ അമേരിക്കയും ചൈനയും ആയുധപ്പന്തയം നടത്തുന്നതും കണ്ടു പേടിച്ചു വിറച്ചു കഴിയാനുള്ള അവസരം നമ്മുടെ ഭാവി തലമുറയ്ക്ക് നമ്മുടെ നാണംകെട്ട സര്‍ക്കാര്‍ ഒരുക്കി കൊടുക്കുമ്പോള്‍ മഹേന്ദ്ര രാജപക്ഷേയുടെ വാക്കുകള്‍ക്കു ഒരു പ്രവചന സ്വഭാവം കൈവരുന്നുവോ?

  കാശ്മീര്‍ വിഷയത്തില്‍ ഭാവിയില്‍ ഇന്ത്യ അനുഭവിക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതിനു പുറമേ, തീവ്രവാദത്തിന്റെ വിത്തുകള്‍ തമിഴ്നാടിന്റെ വളക്കൂറുള്ള മണ്ണില്‍ വേരുപിടിച്ചു തുടങ്ങിയില്ല എന്ന് നമുക്ക് ഉറപ്പിക്കാന്‍ കഴിയുമോ?

  ഫ്രീ ഹിറ്റ്‌ : വൈക്കോല്‍ സ്വാമിയും, പുരയിട്ചി അമ്മായിയും ബന്ദു നടത്തി ചൈനയിലേക്കുള്ള വഴി തടയുകയും, തമിഴ്നാട്ടില്‍ നിന്നും ചൈനക്കാരെ അടിച്ചു പുറത്താകുകയും ചെയ്യുമോ എന്ന് ഭയപ്പെടുന്നതായി ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോ ബെയ്ജിങ്ങില്‍ അറിയിച്ചു. കടുത്ത നടപടികള്‍ എടുക്കരുത് എന്ന് അഭ്യര്‍ഥിച്ചു അമ്മായിക്ക് ഉടനെ ഒരു കത്തയക്കുകയും, തമിഴ് പത്രങ്ങളില്‍ ചൈനീസ്‌ ഭാഷയില്‍ ഒരു പരസ്യം കൊടുക്കുകയും ചെയ്യും എന്നും അദ്ദേഹം അറിയിച്ചു.

  Comments are closed.