അമ്മയ്ക്ക് ഒരു പ്രതിഫലം.

418

ആ വർഷത്തെ ഏറ്റവും നല്ല ഉദ്യോഗസ്ഥനുള്ള സമ്മാനം മഹാരാജാവ് പ്രഖ്യാപിച്ചു,

കൊട്ടാരത്തിലെ കാര്യസ്ഥന് മഹാരാജാവ് ഒരു നവരത്ന മോതിരം സമ്മാനിച്ചു.

അദ്ദേഹം വൈകീട്ട് വീട്ടിലെത്തി. അമ്മയുടെ പാദം തൊട്ട് വന്ദിച്ചു. പിന്നീട് അമ്മയ്ക്ക് മോതിരം കൊടുത്തുകൊണ്ട് പറഞ്ഞു.

” അമ്മേ, അമ്മ എത്ര കഷ്ടപ്പെട്ടിട്ടാണ് എന്നെ ഈ നിലയിലാക്കിയത്….

ചെറുപ്പത്തിലേ എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. എവിടെയൊക്കെ ജോലി ചെയ്താണ് അമ്മ എന്നെ പഠിപ്പിച്ചതും വളർത്തിയതും….

ഇന്ന് മഹാരാജാവ് ഏറ്റവും നല്ല ജോലിക്കാരനുള്ള സമ്മാനം എനിക്ക് സമ്മാനിച്ചു……

അത് അമ്മയ്ക്കവകാശപ്പെട്ടതാണ്. എന്നെ വലുതാക്കിയ അമ്മയ്ക്കുള്ള പ്രതിഫലമാണീ നവരത്ന മോതിരം.”

അമ്മ പുഞ്ചിരിച്ചു. മോതിരം തിരിച്ച് മകന്റെ കൈവിരലിൽ അണിയിച്ചു കൊണ്ട് പറഞ്ഞു.

” ഇത് നിന്റെ കയ്യിൽ തന്നെ കിടക്കട്ടെ… അതാണ് അമ്മക്കിഷ്ടം…. ”

അന്ന് അത്താഴം കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു.

” മക്കളേ ഇന്ന് നീ അമ്മയുടെ മുറിയിൽ കിടക്കണം….. അമ്മയുടെ ഒരാഗ്രഹമാണ്. ”

രാത്രിയായി ഇരുവരും കിടന്നു. ഒരു മണിക്കൂർ കഴിഞ്ഞു കാണും അമ്മ ഉണർന്ന് മകനെ വിളിച്ചുണർത്തി.

” വലിയ ദാഹം കുറച്ചു വെള്ളം വേണം” മകൻ അടുക്കളയിൽ നിന്നും വെള്ളം ചൂടാക്കി കൊണ്ടുവന്നു കൊടുത്തു.

അമ്മ അതു വാങ്ങി കുടിച്ചു. “ഇനി കിടന്നോളൂ….. ” അവൻ പറഞ്ഞു.

മകൻ വീണ്ടും കിടന്നു. ഒരു മണിക്കൂർ കഴിഞ്ഞു കാണും. അമ്മ മകനെ വീണ്ടും വിളിച്ചുണർത്തി…..

” മക്കളേ പുറം വേദനിക്കുന്നു…… ഒന്നു തടവി താ…. ”

അയാൾ അമ്മയുടെ പുറം തടവിക്കൊടുത്തു. ഉറക്കം പോയതിന്റെ ക്ഷീണവും അസ്വസ്ഥതയും തോന്നി തുടങ്ങി.

കുറെക്കഴിഞ്ഞ് അമ്മ കിടന്നുകൊള്ളാൻ പറഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞ് അമ്മ വീണ്ടും അദ്ദേഹത്തെ വിളിച്ചുണർത്തി……

” വലിയ ദാഹം…..” അവർ പറഞ്ഞു.

അദ്ദേഹം അടുക്കളയിൽ പോയി ഒരു വലിയ പാത്രത്തിൽ വെള്ളം ചൂടാക്കിക്കൊണ്ടു വന്ന് വെച്ചിട്ട് പറഞ്ഞു. ” ഇതാ …. അമ്മേ വെള്ളം…. ആവശ്യം ഉള്ളപ്പോൾ എടുത്തു കുടിച്ചോളൂ… ഇനി എന്നെ വിളിക്കേണ്ട……”

അതു കേട്ടതും അമ്മ പറഞ്ഞു…… ” നീ വിളക്ക് കൊളുത്തു……. ”

മകൻ വിളക്കു കൊളുത്തി. അമ്മയുടെ മുഖത്ത് നിർവ്വചിക്കാനാവാത്ത ഭാവം…. അവർ പറഞ്ഞു തുടങ്ങി…..,

” നന്നേചെറുപ്പത്തിലേ, നിനക്ക് അച്ഛൻ നഷ്ടപ്പെട്ടു…. അന്ന് നിനക്ക് ഞാൻ മാത്രം… എനിക്കു നീയും….

എത്ര രാത്രികൾ നിനക്കായി ഞാൻ ഉറങ്ങാതിരുന്നു. നിനക്ക് രോഗം വന്നപ്പോൾ അമ്മ ഉറങ്ങാതിരുന്നു, നിന്നെ പരിചരിച്ചു. നിന്നെ ഉറക്കാനായി.

കൊച്ചു കുഞ്ഞായിരിക്കുമ്പോൾ….. മൂത്രം വീണു നനഞ്ഞ നിന്റെ ഉടുപ്പുകൾ മാറ്റി, നിനക്ക് നല്ല ഉറക്കം കിട്ടാനായി അമ്മ എത്ര രാവുകൾ ഉറക്കം കളഞ്ഞു……

നിനക്ക് ഏറെ പഠിക്കാനുള്ള രാത്രികളിൽ, അമ്മ കൂട്ടി നായി ഉറക്കമിളച്ചു.

ഇന്ന് ഒരു രാത്രി… ഒരേയൊരു രാത്രി മാത്രം ഉറക്കം കുറച്ചു നഷ്ടപ്പെട്ടപ്പോൾ നീ അസ്വസ്ഥനായി അല്ലേ…… അമ്മ തുടർന്നു ചോദിച്ചു.

” അമ്മയുടെ പരിചരണത്തിന് പ്രതിഫലം കൊടുക്കാൻ ഏതു സന്താനത്തിന് കഴിയും മക്കളേ………. ”

മകന്റെ ഹൃദയം പിടഞ്ഞു…. അയാൾ പറഞ്ഞു,

” അമ്മേ മാപ്പ്……”

ഗുണപാഠം:

ഒരു സന്താനത്തിനും മാതാപിതാക്കൾക്ക് പ്രതിഫലം കൊടുത്ത് കടം തീർക്കാൻ സാധ്യമല്ല.

Previous articleചില ജീവിത സത്യങ്ങൾ…. കണ്ടതും, കേട്ടതും, അനുഭവങ്ങളും !
Next articleപശുമേധം തുടരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.