അമ്മ – കഥ

328

01ഞങ്ങളുടെ അവധിക്കാലങ്ങള്‍ എപ്പോളും സംഭവ ബഹുലമാണ്.നാട്ടില്‍ എത്തിയാല്‍ കണ്ണടച്ച് തുറക്കും മുന്‍പേ ദിവസ്സങ്ങള്‍ തീരും.ഒടുവില്‍ ഒന്നും മറന്നു കളയാനോ എല്ലാം ഓര്‍മ്മിച്ചെടുക്കാനോ കഴിയാത്ത അമ്പരപ്പില്‍ ജോലിസ്ഥലത്തെക്കുള്ള മടക്ക യാത്ര. ഓരോ യാത്രയും ഓരോ അവധിയും ഓര്‍മ്മകള്‍ മാത്രമാവുന്നു. പിന്നെ നൊമ്പരത്തിന്റെ, അഗ്ലാദത്തിന്റെ അവ്യക്തമായ ചീളുകള്‍ മനസിന്‍റെ കാലിടോസ്കോപ്പില്‍ തിരിച്ചും മറിച്ചുമിട്ടു
വര്‍ണ്ണ ചിത്രങ്ങളാക്കി മടക്കയാത്രയിലെ പാഥേയം ആവുന്നു.

അവധികാലത്തെ സന്തോഷതുടിപ്പുകള്‍ക്കും മീതെ കനത്തു പോയ നൊമ്പരമായിരുന്നു കുഞ്ഞുമോന്‍ ചേട്ടന്റെ അമ്മയെ കാണാന്‍ പോയത്.
കുഞ്ഞുമോന്‍ ചേട്ടന്‍ ഒരു വ്യക്തി അല്ല ,പ്രസ്ഥാനമാണ് എന്ന് അച്ചായന്‍ എപ്പോളും പറയും.

ഇംഫാലിലെ ആറുമാസത്തെ താമസ കാലത്താണ് കുഞ്ഞുമോന്‍ ചേട്ടനേം ചേച്ചിയേം കൂടുതല്‍ പരിചയപ്പെടത്.ജൈസേട്ടന്‍ കേന്ദ്രിയ വിദ്ദ്യലയത്തില്‍ ജോലി ചെയ്യുന്ന സമയം ,താമസ സൗകര്യം ഇല്ലാതെ കഷ്ട്ടപെട്ട ഞങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടിയത് കുഞ്ഞുമോന്‍ ചേട്ടനാണ് .ഇംഫാലിലെ ആറുമാസത്തെ ജീവിതത്തിലെ മരകാനവാത്ത പല അനുഭവങ്ങളും കുഞ്ഞുമോന്‍ ചേട്ടനെയും ചേച്ചിയെയും അവരുടെ മക്കളേം ചുറ്റിപറ്റി ഉള്ളതാണ്. പിന്നീടു പ്രായമായ അമ്മയെ പരിചരികാനായി അവര്‍ നാട്ടിലേക്ക് മാറി എന്നാണ് അറിഞ്ഞത്.

പേരാവൂര്‍ ഉള്ള ഒരു ബന്ധുവിനെ കാണാന്‍ പോകുന്ന തിരക്കിനിടയില്‍ ആണ് കുഞ്ഞുമോന്‍ ചെട്ടന്റെ അമ്മക്ക് സുഘമില്ലെന്നു അറിയ്ച്ചുള്ള ഫോണ്‍ വന്നത്.അങ്ങനെ പെരവൂര്‍ക്കുള്ള ട്രിപ്പ്‌ മാറ്റിവെച്ചു ഞങ്ങള്‍ കേലകതെക്ക് തിരിച്ചത്.

വീടിന്റെ മുറ്റത്തു ബൈക്ക് ചവുട്ടി നിറുത്തി അച്ചായന്‍ ഹോണ്‍ നീട്ടി അടിച്ചു. പ്രതീക്ഷിച്ചതുപോലെ കുഞ്ഞുമോന്‍ ചേട്ടന്‍ ഇറങ്ങിവന്നു അമ്പരപ്പും ആഘ്ലാദവും തിരയടിക്കുന്ന മുഖത്തോടെ ഞങ്ങളെ കെട്ടിപ്പിടിച്ചു. പെട്ടന്നാണ് കാതടപ്പിക്കുന്ന സൊരത്തില്‍ ആരോ ഉറക്കെ അലറിക്കരയുന്നത് കേട്ടത്.അമ്മയാണ് പെടിക്കേണ്ട, അമ്പരപ്പ് നിറഞ്ഞ എന്‍റെ മുഖത്തേക്ക് നോക്കി കുഞ്ഞുമോന്‍ ചേട്ടന്‍ പറഞ്ഞു.അമ്മ ഇങ്ങനാണ് ഇടതടവില്ലാതെ കാരിക്കൊണ്ടിരിക്കും ,അയല്പക്കതുല്ലവര്കാന് ശല്യം ,ഇപ്പൊ അവരും കുറെ ഒക്കെ അട്ജെസ്റെദ് ആയി….അകത്തേക്ക് നടക്കുന്നതിനിടയില്‍ കുഞ്ഞുമോന്‍ ചേട്ടന്‍ വിശദീകരിച്ചു ….ചേച്ചി വന്നു എന്നെ കെട്ടിപിടിച്ചു അകത്തേക്ക് കൂടികൊണ്ടുപോയി . നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ ജെസ്സി …അയ്യോ മുടി മുറിച്ചു കളഞ്ഞോ…എങ്ങനെ തോന്നി അത്രയും നീണ്ട മുടി മുറിച്ചു കളയാന്‍…എന്‍റെ കെട്ടിയവന്‍ ആണേല്‍ സമ്മതിക്കില്ല…ചേച്ചി ഓരോരോ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു ….

ഇടതടവില്ലാതെ അമ്മ അലരിക്കരയുംപോള്‍ എന്‍റെ നെഞ്ഞിനുള്ളില്‍ നിന്നും പേരിട്ടു പറയാന്‍ അറിയാത്ത ഒരു നൊമ്പരം …ഓരോ കരച്ചിലിനും ഇടയില്‍ കിടന്നു പിടഞ്ഞു…

ചേച്ചിയുടെ ഇടതടവില്ലാത്ത സംഭാഷണ ശകലങ്ങളില്‍ പാതി സ്രെദ്ധ കൊടുത്തു ,ഞാന്‍ മെല്ലെ അമ്മ കിടക്കുന്ന മുറിയിലേക്ക് കടന്നു…
കട്ടിലില്‍ ഒരറ്റം ചേര്‍ന്ന് കിടക്കുന്ന ദുര്‍ബലമായ ആ ശരീരത്തിലേക്ക് എന്‍റെ കണ്ണുകള്‍ എത്തിപ്പെടും മുന്‍പ് തന്നെ അടുത്ത കരച്ചില്‍ ഉയര്‍ന്നു…ഞാന്‍ മെല്ലെ നടന്നു അമ്മയുടെ അടുതെത്തി മെല്ലെ ചേര്‍ന്നിരുന്നു …ആ കൈകളില്‍ മെല്ലെ തടവി.അമ്മ തല തിരിച്ചു എന്നെ നോക്കുക മാത്രമല്ല കൂടുതല്‍ ശക്തിയില്‍ അലരിക്കരയുകയും തിരിഞ്ഞു കിടക്കുകയും ചെയ്തു.

” അടുത്തേക്ക് പോവണ്ട ജെസ്സി…”ചേച്ചി അപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു.

കാപ്പി കുടിക്കുന്നതിനിടയിലാണ് നാടിലെ ജീവിതത്തിന്‍റെ നഗ്ന യാതര്ത്യങ്ങലെക്കുരിച്ചു കുഞ്ഞുമോന്‍ ചേട്ടന്‍ വിശദീകരിച്ചു തുടങ്ങീതു…രണ്ടു ആണ്മക്കളെ പഠിപ്പിക്കാന്‍ പെടുന്ന പാട്…ചിലവുകള്‍……… …അമ്മയുടെ മാറാത്ത അസ്സുഘങ്ങള്‍ …ബന്ധു ജനങ്ങളുടെ നിലകാത്ത പരിദേവനങ്ങള്‍……… ……….,,,,

നമ്മള്‍ ദൂരെ ആയിരിക്കുമ്പോള്‍ നാടിലെക്കൊന്നു വന്നാ മതീന്ന് കരുതും …വന്നു താമസം തുടങ്ങുപോള്‍ അല്ലെ അതിന്റെ കഷ്ട്ടപ്പാടുകള്‍ മനസിലാവുന്നത്…എവിടെങ്ങിലും പോയി ആരും അറിയാതെ കഴീന്നതാ നല്ലത്…കുഞ്ഞുമോന്‍ ചേട്ടനും അച്ചായനും ജീവിതത്തിന്‍റെ തത്വ ശാസ്ത്രങ്ങളിലെക്കും ..പഴയ ഓര്‍മ്മകളിലേക്കും വാക്കുകളെ പെരുക്കിവെച്ചു മത്സരിച്ചു..

ചേച്ചിയും ഞാനും വീണ്ടും അടുക്കളയുടെ നവരസങ്ങളിലേക്ക് പിന്‍വാങ്ങി.ഒരുപാട് വര്‍ഷങ്ങള്‍ക്കിടയിലെ കൌതുകങ്ങള്‍ ആവിയായും പുകയായും അടുക്കളയിലെ രുചി ഭേതങ്ങളിലൂടെ ഞങ്ങള്‍ക്ക് ചുറ്റും ഒഴുകി നടന്നു.

വിഭവ സമൃദ്ധമായ ഊണിനും അമ്മയുടെ കരച്ചിലിനും ഇടയില്‍ മനസ്സ് മറ്റെവിടയോ പരതി നടന്നു…
”എത്ര പേര്‍ ഇവിടെ വരുന്നു,അമ്മയുടെ കരച്ചില്‍ കേട്ട് ആരും ഇങ്ങനേ വിഷമിച്ചു കണ്ടിട്ടില്ല…ഈ ജെസ്സിക്ക്‌ എന്താ പറ്റീത്…”
ചേച്ചി പാതി പരിഭവം കലര്‍ത്തി ചോദിച്ചു …”എയി,ഒന്നുമില്ല ചേച്ചി ”,ഞാന്‍ മുഴുവന്‍ സ്രെദ്ധയും ഊണ് മേശക്കു ചുറ്റും തളച്ചിട്ടു…
ഊണുകഴിഞ്ഞു എണീറ്റ്‌ പിന്നേം ചേച്ചിയുടെ കൂടെ അടുകളതോട്ടതിലും പൂചെടികല്‍ക്കിടയിലും കറങ്ങി നടന്നു.

തിരിച്ചു പോകാന്‍ ഇറങ്ങുമ്പോള്‍ ,ഒരികല്‍ കൂടി അമ്മയെ ഒന്ന് കാണണം എന്ന ഉള്‍ വിളിയോടെ ഞാന്‍ വീണ്ടും അമ്മ കിടന്ന മുറിയിലേക്ക് നടന്നു.ഇത്തവണ കട്ടിലില്‍ എണീറ്റിരുന്ന അമ്മയെ ഞാന്‍ കെട്ടിപ്പിടിച്ചു മെല്ലെ ആ മുടിയില്‍ തലോടി,മൌനമായി യാത്രാമൊഴി പറഞ്ഞു ഞാന്‍ പിന്‍വാങ്ങി.രണ്ടു ചുവടു മുന്‍പോട്ടു വെയിക്കും മുന്‍പ് തന്നെ അമ്മ ഉറക്കെ അലറികരഞ്ഞു ….

‘അമ്മക്കൊരുമ്മ താ…അമ്മക്കൊരു ഉമ്മ താ ……”വളരെ സ്പഷ്ടമായി ആ അലരിക്കരച്ചില്‍ കേട്ട് കുഞ്ഞുമോന്‍ ചേട്ടനും ചേച്ചിയും അച്ചായനും ഓടി എത്തി…എന്‍റെ ശരീരത്തിലൂടെ കറന്റ് കയറിപ്പോയ ഒരനുഭവം.പിടയുന്ന നെഞ്ചുമായി ഒറ്റക്കുതിപ്പിനു ഞാന്‍ അമ്മയുടെ അടുതെത്തി ,ചേര്‍ത്ത് പിടിച്ചു നെറുകയില്‍ എന്‍റെ വിറയ്ക്കുന്ന ചുണ്ടുകള്‍ ചേര്‍ത്ത് വെച്ചു ….തപിക്കുന്ന ഹൃദയം ഉരുകിപ്പിടഞ്ഞു ,നീര്‍ത്തുള്ളികള്‍ കണ്ണിലൂടെ അടര്‍ന്നു വീണു അമ്മയുടെ മൂര്‍ദ്ധാവു പൊള്ളിച്ചു കാണണം.വാവിട്ടു കരയാന്‍ മറന്ന അമ്മയെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന എന്നെ കണ്ടു എല്ലാവരും ഒന്നുപോലെ നടുങ്ങി…

”അമ്മ ഇന്നുവരെ മനസിലാവുന്ന രീതീല്‍ ഒന്നും സംസാരിച്ചിട്ടില്ല…”- ചേച്ചിയുടെ വാക്കുകള്‍ എന്‍റെ ബോധ മന്ടലങ്ങള്‍ക്കും അപ്പുറം എവിടെയോ കിടന്നു പ്രധിദ്വനിച്ചു …

ആര്‍ക്കും ഒന്നും പറയുവാന്‍ ഇല്ലാതിരുന്ന ആ നിമിഷങ്ങളില്‍ ,ചേര്‍ത്ത് പിടിച്ചിരുന്ന അമ്മയെ മെല്ലെ താങ്ങി കട്ടിലിലേക്ക് കിടത്തി ,ഒരുമ്മ കൂടി ആ നെറ്റിയില്‍ കൊടുത്തു ഞാന്‍ മെല്ലെ പിന്‍വാങ്ങി…

ആ വീട്ടില്‍ കാലു കുത്തിയ നിമിഷം മുതല്‍ എന്നെ വിടാതെ പിടികൂടിയ നൊമ്പരത്തിന്റെ ചീളുകള്‍ മനസ്സില്‍ നിന്നും എങ്ങോ പൊയ് മറഞ്ഞതും ,ഒരു പഞ്ഞിക്കെട്ടുപോലെ മനസ്സ് കനം കുറഞ്ഞു പോയതും ഞാന്‍ അറിഞ്ഞു….

വീണ്ടും വീണ്ടും നിറഞ്ഞു തൂവിയ കണ്ണുകളെ നിയന്ത്രിക്കുവാന്‍ മാത്രം ഞാന്‍ പാടുപെട്ടു.

രണ്ടു ദിവസ്സങ്ങള്‍ക്ക് ശേഷം കുഞ്ഞുമോന്‍ ചേട്ടന്റെ അമ്മ മരിച്ചു എന്ന് അച്ചായന്‍ വിളിച്ചു പറഞ്ഞപ്പോളും എന്‍റെ കണ്ണുകളില്‍ നീര്പോടിഞ്ഞത് ഞാന്‍ അറിഞ്ഞു…

എല്ലാ കരച്ചിലുകളേയും മറികടന്നു ആ അമ്മ ഇപ്പോളും എന്‍റെ മനസ്സില്‍ ഇരുന്നു ചിരിക്കുന്നു…എന്‍റെ വഴികളിലെ വരപ്രസ്സാദം പോലെ….