‘കുഞ്ഞാ കട്ട വെച്ചോ ?’ – ഒരു ഡ്രൈവറീയന്‍ കഥ

479

അരങ്ങേറ്റം

നാട്ടില്‍ എല്ലാവരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളാണ്‌ ബഷീര്‍ക്ക. ഒരു ആജാനബാഹു. കെ എസ ആര്‍ ടി സിയില്‍ ഡ്രൈവറായിരുന്ന പുള്ളി റിട്ടയര്‍ ആയപ്പോ വീട്ടിലിരുന്നാല്‍ മുഷിപ്പാവുമെന്നു കരുതി നാട്ടിലെ ലോറി മുതലാളിയായ ഹാജ്യാരുടെ ഒരു നാഷണല്‍ പെര്‍മിറ്റ്‌ ലോറിയില്‍ ജോലി നോക്കി. ഇനി വേണ്ടത് ഒരു കിളി’യെ ആണ്. എന്ന് വെച്ചാല്‍ ക്ലീനര്‍. ആയിടെയാണ് പ്ലസ്‌ ട്ടൂവില്‍ സ്കൂളില്‍ പോക്ക് നിര്‍ത്തി തെണ്ടി തിരിഞ്ഞു നടക്കുന്ന തന്റെ മകനെ എന്തെങ്കിലും ജോലിക്ക് പറഞ്ഞയച്ചാല്‍ കൊള്ളാമെന്ന സുഹൃത്തായ ദിനേശന്റെ ആത്മഗതം നാസറിന്റെ തട്ടുകടയിലിരിക്കുമ്പോ കേള്‍ക്കുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്നാ രീതിയില്‍ കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനമായി.

പിരിയാന്‍ നേരം ബഷീര്‍ക്കാ പറഞ്ഞു:

“ഡാ ദിനേശാ, നാളെ നാല് മണിക്ക് പുറപ്പെടും. ചെക്കനോട് ഹാജ്യാരെ പൊരന്റടുത്തുക്ക് വരാന്‍ പറഞ്ഞാല് മതി… മൈസൂര്‍ക്കുള്ളതാണ്. രണ്ടോസം കയ്ഞ്ഞിട്ടെ വരൂ..”

പിറ്റേ ദിവസം, ഹാജ്യാരെ വീടിന്റെ മുമ്പില്‍ ഭീമന്‍ ലോഡുമായി ഒതുക്കിയിട്ട ലൈലാണ്ട് ലോറിയില്‍ റേസ്‌ ആക്കി ബ്രേക്ക് എയര്‍ നിറച്ചു കൊണ്ടിരിക്കുകയാണ് ബഷീര്‍ക്കാ.  അപ്പഴാണ് നമ്മടെ കഥാപാത്രം ലാന്‍ഡ്‌ ചെയ്യുന്നത്. അവന്റെ വരവ് കണ്ടപ്പോ ആദ്യം ബഷീര്‍ക്കാക്ക് മനസ്സിലായില്ല. ചെലപ്പോ ഹാജ്യാരുടെ പോരേല് വിരുന്നു വന്ന ഏതെങ്കിലും കുണ്ടന്മാരായിരിക്കും എന്നൂഹിച്ചു. നേരെ വരവ് ലോരിയിലെക്കാനെന്നു വ്യക്തം. അവന്റെ നടത്തം തന്നെ ഒരു പന്തികെടാണല്ലോ എന്നോര്‍ത്ത് ബഷീര്‍ക്കാ അവനെ ഒന്ന് അടിമുടി നോക്കി… വെള്ള ഇരുകിപ്പിടിച്ച്ച ടീഷര്‍ട്ട്. അതിന്റെ മുകളില്‍ വലുതാക്കി എഴുതിയ അക്ഷരങ്ങള്‍ പണ്ടത്തെ പത്താം ക്ലാസ്‌ ആയ ബഷീര്‍ക്കാ അനായാസം വായിച്ചെടുത്തു:

*”ഡ്രിങ്ക് ബിയര്‍… ദെന്‍ ഫക്ക് മി….”*

ഒരു കുപ്പിയുടെ ചിത്രവും ഒരു പെണ്ണിന്റെ ചുണ്ടിന്റെ അടയാളവും കൂടെ ഉണ്ട്…. അതിന്റെ അര്‍ഥം അറിയാത്തത് കൊണ്ട് ബഷീര്‍ക്കാ ആ ഇംഗ്ലീഷ് വായന കൊണ്ട് സ്വയം അഭിമാനിച്ചു. ഊരിവീഴാറായ ജീന്‍സ്‌. പത്തു കിലോന്റെ അരി സഞ്ചിയില്‍ കൊടുവാളിട്ടത് പോലെയുള്ള പോക്കറ്റുകള്‍. കയ്യില് ഒരു സ്കൂള് ബാഗ്‌.അതും മോഡല് തന്ന്. താഴോട്ട് നോക്കിയപ്പോ ബഷീര്‍ക്കാ അന്തം വിട്ടു. കാലുമ്മല് സൂസ്…. ആന്ന്, മ്മളെ കിര്‍ക്കറ്റ്‌ കളിക്കാര് ഇടന പോലത്തെ ഷുഗ്ഗ്. അതും മ്മളെ ബീവി പാത്തുമ്മാന്റെ പല്ല് പോലെ നല്ല വെളുത്തത്. മൊത്തത്തില്‍ പറഞ്ഞാല്‍ ആങ്കറിന്മേല്‍ ഷര്‍ട്ട് തൂക്കിയിട്ട പോലെ ഒരു കോലം.
അവന്‍ ലോറിക്കരികില്‍ എത്തിക്കഴിഞ്ഞു. നനഞ്ഞ ലുങ്കി കുടഞ്ഞ പോലെ ഒറ്റ തൂങ്ങലിന് ഇവിട ഇത്രയും വല്ല്യ ഒരാള്‍ ഇരിക്കുന്നത് കണ്ടിട്ടും സമ്മതം ചോദിക്കാതെ ലോറിയില്‍ കയറിയതിന് ബഷീര്‍ക്കാക്ക് മുഷിപ്പ് തോന്നി.

ആരാണ്ട്രാ?

തനി തറ സ്റ്റൈലില്‍ ബഷീര്‍ക്കാ മുരടന്‍ ശബ്ദത്തില്‍ ആരാഞ്ഞു: പയ്യന്‍ എന്തെങ്കിലും ചോദിച്ചോ എന്നാ മട്ടില്‍ നെറ്റി ചുളിച്ചു നോക്കി. ചെവി അടച്ചു വെച്ച മൂടി തുറന്നു നോക്കി.

എന്താ?

“ആരാണ്ടാ ഇജ്ജ്‌?”

“അച്ഛന്‍ പറഞ്ഞില്ലേ?”
ബഷീര്‍ക്കാക്ക് ഓടി. ദിനേശന്റെ പടപ്പ് തന്നെ.! നാലും! ഇങ്ങനൊന്ന്..!?അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ ബഷീര്‍ക്കാ ചോദിച്ചു:
“എതച്ചന്‍? ”

“അക്കരപ്പാടത്തെ… മേസ്തിരിപ്പണിക്ക് പോകുന്ന ദിനെശേട്ടന്റെ….”

പയ്യന്റെ പയ്യന്റെ കൂസലില്ലായ്മ ബഷീര്‍ക്കാനെ തെല്ലൊന്നു ചൊടിപ്പിച്ചിരുന്നു. ബഷീര്‍ക്കാ പയ്യനെ ഒന്നുംകൂടി വാട്ടി:
“ഏട്ടനോ..?

നിന്റെ അച്ഛനല്ലടോ ദിനെശന്‍…?”

ബഷീര്‍ക്കാന്റെ ഭീകര രൂപവും കറുത്തിരുണ്ട ശരീരവും ഡി റ്റി എസ് ശബ്ദവും പയ്യനെ തെല്ലൊന്ന് വിരട്ടി.

“ആ… ആണ്… അതല്ല നിങ്ങളോട് പറയുമ്പം….”

“എന്ത് പറയുമ്പം? നിന്റച്ചന്‍ ദിനേശന്‍ എന്റെ മൂന്നാല് വയസ്സിനു എളെതാണ് … അതനക്കറിയോ. കണക്ക് നോക്ക്യാ ഓന്‍ അമ്മളെ ഇക്കാന്ന് വിളിക്കണം… ഹും.. അല്ലാ പിന്നെ…”

ലോഹ്യം

പയ്യന്‍ പിന്നെ ഒന്നും മിണ്ടിയില്ല. ഇടയ്ക്കിടെ അവന്റെ മൊബൈലിലേക്കും ഇടങ്കണ്ണില്‍ ബഷീര്‍ക്കാനെ നോക്കിയും പയ്യന്‍ കുലുങ്ങി കുലുങ്ങി നീങ്ങാന്‍ തുടങ്ങിയ ആ വണ്ടിയില്‍ നേരം കൊന്നു.

ഒരു ഇരമ്പലോടെ വണ്ടി ഓലമറ പൊളിച്ച് ആന വരുന്നത് പോലെ അരികിലുള്ള ചെടികളെ വകഞ്ഞു കൊണ്ടു ടാറിട്ട റോഡിലേക്ക് കയറി.

അവന്‍ മുടി നന്നാക്കാന്‍ കൈ ഉയര്‍ത്തിയപ്പോ അവന്റെ ജട്ടിക്കമ്പനിയുടെ പേര് പുള്ളിയെ വീണ്ടും ഇംഗ്ലീഷ് വായിപ്പിക്കാന്‍ പ്രേരിപ്പിച്ചു അനായാസമായ ഡ്രൈവിങ്ങിനിടയില്‍ ബഷീര്‍ക്കാ ഇലാസ്ടിക്കിനു വീതികൂടിയ വലിയ എഴുത്തുകള്‍ നോക്കി അത് സാധിച്ചെടുത്തു :ജാക്കി. ങേ.. അല്ല, ജോക്കി… തെറ്റ് പറ്റിയതില്‍ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞമ്മളെ പണി ഇതല്ലേ…. വന്ന പൈതലിന്റെ ചെവിയില് വെള്ള വയറിംഗ് ചെയ്തത് കണ്ടു അദ്ദേഹം ഒന്നുകൂടി ഞെട്ടി…. ചെക്കന് ചെവി കേക്കൂലെ റബ്ബേ… അവന്റെ ആ കുന്ത്രാണ്ടം എങ്ങാനും കളഞ്ഞു പോയാല്‍ വയനാട്ടിലെ കയറ്റം കയറുമ്പോ വലി മുട്ടിയ വണ്ടിക്ക് അട വെക്കാന്‍ പറഞ്ഞാ ചെവി കേക്കാത്തോനോക്കെ എങ്ങനെ കൂടെക്കൂട്ടും! ദിനേശാ അനക്ക് ഇമ്മാതിരി ഒരു പടപ്പ് ഉണ്ടെന്നു നമ്മള് സ്വപ്നത്തില്‍ വിചാരിച്ചില്ല.ബഷീര്‍ക്കാ പല്ലിറുമ്മി… അതിന്റെ കൂടെ ഇങ്ങനെയോരാത്മഗതവും-

എന്നാലുമെന്റെ ദിനേശാ ഇന്നോട് ജ്ജ് ഇച്ചതി ചെയ്യണ്ടെയ്നി.

ബഷീര്‍ക്കയുടെ ചിന്തകളങ്ങനെ ആ ഭീമന്‍ ചരക്ക് ലോറിയെ പോലെ തന്നെ ഇരംബിയിരമ്പി നീങ്ങി. പയ്യന്റെ മുഖത്തെ വാട്ടവും വരണ്ടായിരുന്നു എന്നൊരു ഭാവത്തോടെ ഉള്ള ചുണ്ട് കൂര്‍പ്പിക്കലും കണ്ടപ്പോ ബഷീര്‍ക്കാക്ക് തന്റെ ഇളയ മകനെ ഓര്‍മ്മ വന്നു. ഏതാണ്ട് അതെ പ്രായം. ഒരു വിധം ആണെങ്കില്‍ ഈ നരിന്തു ചെക്കനെ ദിനേശന്‍ ജോലിക്ക് വിടില്ല.കഷ്ട്ടപ്പാട് കാരണമായിരിക്കും. പാവം. ബഷീര്‍ക്കാന്റെ മനസ്സ് അലിഞ്ഞു തുടങ്ങിയിരുന്നു. അയാള്‍ ഇടയ്ക്കിടെ അവനെ നോക്കി. അവനും അതുപോല ഇടയ്ക്കിടെ ബഷീര്‍ക്കാനെയും നോക്കുന്നുണ്ട്. ചിലപ്പോ രണ്ടു പേരുടെയും നോട്ടങ്ങള്‍ ഒന്നു വെട്ടിക്കോര്‍ക്കും. അപ്പൊ തന്നെ രണ്ടു പേരും കണ്ണ് തെറ്റിച്ചു കളയുകയും ചെയ്യും. ആരെങ്കിലും ഇടാന്‍ കൊടുത്ത ഈ കൊനോത്തിലെ കുപ്പായമെല്ലാം അഴിച്ചു വെച്ചാല്‍ ഓന്‍ തനി ദിനേശന്റെ മോന്‍ തന്നെ. ഒരുമാത്ര പയ്യന്‍ അടിക്കുപ്പായമില്ലാതെ ഭാവനയില്‍ കണ്ട് ബഷീര്‍ക്കാ ഒന്നോര്‍ത്ത് ചിരിച്ചു. ശബ്ദം അല്‍പ്പം കൂടിപ്പോയതാവും ചെക്കന്‍ ബഷീര്‍ക്കാന്റെ മുഖത്തേക്ക് നോക്കി. ഒരു ചിരിക്ക് ശേഷമുള്ള മന്ദസ്മിതം. പയ്യന്റെ മുഖത്തും ചെറുതായി തെളിച്ചം വന്നു. അവനും അവനും പതിയെ ചിരിച്ചു. ബഷീര്‍ക്കാ ആലോചിച്ചു. അങ്ങ് മൈസൂര്‍ വരെയും അവിടിന്നിങ്ങോട്ടുമുള്ള യാത്രയില്‍ ഇങ്ങനെ ആരോടും സംസാരിക്കാതെ എങ്ങനെയിരിക്കും. ഇവന്റെ പെരെന്തായിരിക്കും!? ആ ചിന്തയാണ് തലയിലേക്ക് ആദ്യം വന്നത്… തന്റെ ശബ്ദം പരമാവധി മയപ്പെടുത്തി ബഷീര്‍ക്കാ അവനോടു ചോദിച്ചു:

“എന്തട കുഞ്ഞാ അന്റെ പേര്? ”

സംസാരിക്കാനുള്ള തയ്യാറെടുപ്പില്‍ പയ്യന്‍ ചെവിയില്‍ നിന്നും ഇയര്‍ ഫോണ്‍ മാറ്റി. എന്നിട്ട് പറഞ്ഞു:

“മനു”

മന്വോ? അതെന്തു പേര് ..? പെങ്കുട്ട്യോളെ പേര് മായിരി? {മാതിരി}

“അല്ല, എന്റെ മുഴുവന്‍ പേര് മനു സാരംഗധര്‍ എന്നാ”
പിന്നെ ബഷീര്‍ക്കാ ഒന്നും മിണ്ടിയില്ല. എന്തൊരു പേരാണ് കുണ്ടന് ദിനേശന്‍ ഇട്ടക്കണത്! തൊേള്ളല്‍ കൊള്ളാത്ത ഇമ്മാതിരി പേരുകള്‍ ഇവനെവിടുന്നു കിട്ടി…? ചെലപ്പോ ഓന്റെ കെട്ട്യോളെ വകയാരിക്കും. ഓള് പടിപ്പുകാരി ആണെന്ന് തോന്നുന്. എന്തായാലും ചെക്കന് ചെവികെക്കാത്ത കൊഴപ്പമോന്നുല്ല. അത് പാട്ട് കേക്കണ കുന്ത്രാണ്ടം ആണ്…!

ചെക്കനെ മെരുക്കാന്‍ ബഷീര്‍ക്കാ വീണ്ടും സംസാരം തുടങ്ങി. അവന്‍ പഠിച്ച സ്കൂളിനെ പറ്റിയും ക്ലാസിലെ കുട്ടികളെ പറ്റിയും വീട്ടിലെ അവസ്ഥകളെ പറ്റിയും ഒക്കെ ബഷീര്‍ക്കാ ചോദിച്ചറിഞ്ഞു… നല്ല ചാടുലസ്വഭാവമാണ് ചെക്കന്. ചോദ്യം ചോദിക്കും മുമ്പേ മറുപടി. സിഗരറ്റ്‌ എടുത്തു ചുണ്ടില്‍ വെച്ചാ തീപ്പെട്ടി കത്തിക്കഴിഞ്ഞു. കുറഞ്ഞ നേരം കൊണ്ടു അവര്‍ നല്ല ലോഹ്യമായി. വാടാ പോടാ സ്വഭാവമുള്ള സ്വന്തം അച്ഛനില്‍ നിന്നും വിത്യസ്തമായി അതെ പ്രായത്തിലുള്ള ഒരാള്‍ സ്നേഹത്തോടെ സംസാരിക്കുന്നതും പെരുമാറുന്നതും അവനെ വല്ലാതെ മനസ്സില്‍ കൊള്ളിച്ചു…. അവന്‍ തമാശ പറയുമ്പോ ഓര്‍മ്മയുടെ ശക്തി കൊണ്ടോ, നര്‍മ്മത്തിന്റെ ആധിക്യം കൊണ്ടോ ഇടയ്ക്കിടെ അവന്റെ കണ്ണുകളില്‍ കണ്ണുനീര് വരുമായിരുന്നു….. അങ്ങനെയൊരു നിമിഷത്തില്‍ പെട്ടെന്ന് ബഷീര്‍ക്കാക്ക് സ്നേഹനിധിയായ തന്റെ പിതാവിനെ ഓര്‍മ്മ വന്നു.തന്റെ മരിച്ചു പോയ പെങ്ങള് തമാശ പറയുമ്പോ കണ്ണുനീര് വരുമായിരുന്നു. അപ്പൊ അപ്പുറത്തെ മുറിയിലിരുന്ന് വാപ്പ പറയും:

“കരയാതെ പിടിച്ചു വെക്കുന്ന കണ്ണീരാണെടാ മോനെ ഓള് ചിരിക്കുംബളും വരുന്നത്.”

ഒരുകാലത്ത് ചികില്‍സിക്കാന്‍ പണമില്ലാതെ പതിനാറാം വയസ്സില്‍ വിട പറഞ്ഞ ആ കുഞ്ഞിപ്പെങ്ങളുടെ എല്ലാ കുസൃതിയും തന്റെയടുത്തിരിക്കുന്ന ഈ പയ്യനും ഉണ്ടെന്നയാള്‍ക്ക് തോന്നി. കൊടുവള്ളിയില്‍ നിന്ന് ചായകുടിയും കഴിഞ്ഞ് താമരശ്ശേരി പിന്നിട്ടപ്പഴത്തെക്കും ബഷീര്‍ക്കാ അവന്റെ ജോലിയെ പറ്റി അവനു പറഞ്ഞു കൊടുത്തു. നിനക്ക് കാര്യമായിട്ട് പണി ഒന്നുമില്ല. ഉറങ്ങനമെങ്കി ഉറങ്ങാം. ടയറു പഞ്ചറായാല്‍ പിന്നെ നിനക്കും എനിക്കും ഒക്കെ പണിയാണ്. ചായ കുടിക്കാന്‍ എവിടെ നിര്‍ത്തിയാലും ടയര്‍ തട്ടി നോക്കണം. എല്ലാ ടയറില്‍ നിന്നും വിത്യാസമായി എന്തേലും ഒച്ച കേട്ടാല്‍ അപ്പൊ നോക്കണം. നട്ട പാതിരാക്ക് പഞ്ചര്‍ കട ഇല്ലാത്തോടുത്തു വണ്ടി നിന്നാ ആനക്കും ഇന്ക്കും പണിയാണ്. പിന്നെ ചൊരം കേറുമ്പോ ചെലപ്പോ വലി മുട്ടി വണ്ടി നിക്കും. ഇന്ന് ചെലപ്പോ എന്തായാലും നിക്കും. ഇന്ന് പേരും ലോഡാണ് പഹയന്‍ കെട്ടി വിട്ടേക്കണത്. അപ്പൊ ഇജ്ജ്‌ എറങ്ങി അന്റെ സീറ്റിന്റെ അടീല് കാണണ മരക്കട്ടകള് എടുത്തു കൊണ്ടു പോയി വെക്കണം.

അവന്‍ താഴേക്ക്‌ നോക്കി. സീറ്റിനടിയില്‍ ആറേഴു വണ്ണമുള്ള മരക്കഷണങ്ങള്‍.ഏതു ടയറിനാ കുഞ്ഞാ നീ കട്ട വെക്കുക? “എല്ലാത്തിനും വെക്കാം.” അവന്റെ ഉത്തരം പെട്ടെന്നായിരുന്നു. ആ ഇയ്യ് ആളു ഉഷാറാണല്ലോ…! പക്ഷേങ്കില് ആദ്യം വെക്കണ്ടത് അന്റ സൈഡിലെ ബേക്ക് ടയറിന്. പിന്ന വെക്കണ്ടത് ഇന്റ സൈഡിലെ ബേക്ക് ടയറിന്… ഹ്മം… ബഷീര്‍ക്കാ ഒന്നിരുത്തി മൂളി. കുഞ്ഞന്‍ അവന്റെ മൊബൈലില്‍ പഴയ പാട്ട് വെച്ചത് ബഷീര്‍ക്കാക്ക് നല്ലോണം ഇഷ്ട്ടമായി… വണ്ടിയങ്ങനെ മൈസൂര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു…. ഈങ്ങാപ്പുഴ കഴിഞ്ഞപ്പഴത്തെക്കും തണുത്ത കാറ്റ് അല്പ്പാല്പ്പമായി വണ്ടിയുടെ ഉള്ളിലേക്ക് വന്നു തുടങ്ങി…. ഇരമ്ബിക്കൊണ്ടേയിരിക്കുന്ന എഞ്ചിന്റെ ചൂടും പുറത്തു നിന്നുള്ള കാറ്റും ആ വാഹനത്തിനുള്ളില്‍ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ട്ടിച്ചു.അതെല്ലാം ആ പതിനഞ്ചുകാരന് പുതിയ അനുഭവമായിരുന്നു…..

ക്ലൈമാക്സ് ദോ ഇവിടെ

വണ്ടി വയനാടിന്റെ ഊഷ്മളതയിലെക്ക് കടക്കാനുള്ള കടംബകളില്‍ എത്തി നില്‍ക്കുകയാണ്.. ഒന്നാം വളവ് രണ്ടാം വളവ് എന്നിങ്ങനെ ഒന്‍പതു ചുരമുണ്ടെന്നും കയറ്റവും ഹെയര്‍പിന്‍ വളവുകളും ഒരുമിക്കുന്ന അങ്ങനെയുള്ള സ്ഥലങ്ങളില്‍ ചിലപ്പോള്‍ ചരക്കു വണ്ടികള്‍ സാധാരണയായി നിന്ന് പോകാരുണ്ടെന്നും ബഷീര്‍ക്കാ പറഞ്ഞത് അവനോര്‍ത്തു. താഴോട്ട് നോക്കുമ്പോള്‍ ഭയം തോന്നും വിധത്തിലാണ് റോഡ്‌ പണിതിരിക്കുന്നത്. സ്കൂളില്‍ പഠിച്ച റോഡിനെ സംബന്ധിച്ച കഥകള്‍ അവന്റെ മനസ്സില്‍ ഓടിയെത്തി…

ചുരം കയറിത്തുടങ്ങിയ അവരുടെ വാഹനം ഏതോ ഒരു വളവില്‍ ഒരു കുലുക്കത്തോടെ നിന്നു…!!!
ബഷീര്‍ക്കാ ഉറക്കെ വിളിച്ചു പറഞ്ഞു… കുഞ്ഞാ എറങ്ങി കട്ട വെക്ക്…..! ഏതോ ചിന്തയില്‍ നിന്നും ചാടിയെഴുന്നേറ്റ അവന്‍ കട്ടകളെടുത്തു താഴെയിറങ്ങി. കട്ട വെച്ചു… ബഷീര്‍ക്കാ ഉറക്കെ വിളിച്ചു ചോദിച്ചു: ”

കുഞ്ഞാ.. കട്ട വെച്ചോ..?”

” ഓ.. വെച്ചു….”

“നല്ലോണം വെച്ചാ? ബ്രേക്ക് ഒഴിവാക്കട്ടെ…?”

“ഇങ്ങള് ധൈര്യായിട്ട് കാലെടുക്കിന്‍… കട്ട നല്ലോണം വെച്ചിട്ടുണ്ട് ….”
ആ വളവില്‍ നിന്നും ഒരു ഒച്ചിന്റെ വേഗതയോടെ അടുത്ത വളവിലേക്ക് ആ ഭീമന്‍ വണ്ടി നീങ്ങിക്കൊണ്ടിരുന്നു. പുറത്തു ഇറങ്ങിയപ്പോഴാണ് ആ വണ്ടിക്കു എന്തുമാത്രം ശബ്ദം ഉണ്ടെന്ന് അവനു മനസ്സിലായത്‌….

വീണ്ടും!! വണ്ടി നിന്നു…
ബഷീര്‍ക്കാ ഉറക്കെ വിളിച്ചു….

“കട്ട വെച്ചോ…?”

“വെച്ചൂ…”
വീണ്ടും വണ്ടി ഓരോ വളവിലും നിന്നു പോകുകയാണ്. എന്തിനാണ് ഇത്രമാത്രം ലോഡ്‌ കയറ്റുന്നത്!
അതാ…. ശരിക്കും എയിഡ്സിന്റെ ചിഹ്നം പോലയുള്ള അടുത്ത വളവില്‍ വണ്ടി വീണ്ടും നിന്നു…. കുഞ്ഞന്‍ കട്ടയെടുത്തു ചാടിയിറങ്ങി….

“കുഞ്ഞാ വെച്ചോ…?”

“ആ വെച്ചൂ….’

വീണ്ടും… “വെച്ചോ…!?”

“വെച്ചൂ…”
പിന്നെപ്പിന്നെ അതിനൊരു താളം വന്നു… വണ്ടി നിക്കുമ്പോ ബഷീര്‍ക്കാ ചോദിക്കും കട്ട വെച്ചോ..!? മറുപടി അപ്പൊ വരും…

“കട്ട വെച്ചൂ…”
ഇനി ഒരു വളവും കൂടിയേ ഉള്ളൂ എന്ന് ബഷീര്‍ക്കാ ആത്മഗതിക്കുന്നത് കുഞ്ഞന്‍ ആശ്വാസത്തോടെ കേട്ടു… അത് കഴിഞ്ഞാല്‍ നല്ല സുഖമാണ്. ഒരു പണിയും ഉണ്ടാവില്ല…!

ഓര്‍ത്ത്‌ തീര്‍ന്നില്ല… അതാ ഒരു കുലുക്കത്തോടെ വണ്ടി നിന്നു… അല്‍പ്പം ചരിവിലായത് കൊണ്ടു വണ്ടിയല്‍പ്പം നിരങ്ങുന്നുമുണ്ട്…. ബഷീര്‍ക്കാ അതിലൊന്നും പതറില്ല.. അതൊക്കെ എത്ര കണ്ടതാണ്!
ബഷീര്‍ക്കാ പതിവ് ചോദ്യം ചോദിച്ചു:
“കുഞ്ഞാ കട്ട വെച്ചോ…?”

മറുപടി ഇല്ല…!!!
ബഷീര്‍ക്കാ അല്‍പ്പം കൂടി ബലത്തില്‍ ചോദിച്ചു:

“കുഞ്ഞാ നീ കട്ട വെച്ചോ…?”
ഇല്ല. മറുപടി ഇല്ല…!!!
എവിടെപ്പോയി ഇവന്‍… അമിത ഭാരം കാരണം പതിയെ നിരങ്ങി വെട്ടി ഒഴിയുന്ന വണ്ടിയിലിരുന്നു ബഷീര്‍ക്കാ അമര്‍ഷം പൂണ്ടു….

“ഡാ ചെക്കാ……”

അതൊരു അലര്‍ച്ചയായിരുന്നു…. വയനാടന്‍ മലകള്‍ അതിനു മുമ്പ് അത്രക്കും വിറച്ചത് പണ്ട് ആ റോഡുണ്ടാക്കാന്‍ വഴി കാട്ടിയ കീഴ്‌ജാതിക്കാരനെ വെള്ളക്കാര് കൊന്നുകളഞ്ഞപ്പോളായിരിക്കണം…. അതെ.. ആ വിളിക്ക് മറുപടി തരാതിരിക്കാന്‍ ദിനേശന്റെ മകനെന്നല്ല ലോറി മുതലാളി ഹാജ്യാര്‍ക്ക് പോകുമാവില്ല. ബഷീര്‍ക്കാക് ദേഷ്യം വന്നാല്‍ അതാണ്‌.
ഏതോ കിണറ്റില്‍ നിന്നു വിളി കേള്‍ക്കുന്ന പോലെ മരുപടിയെത്തു:

“ആ.. ഞാനിവിടെണ്ട്…ഞാന്‍ മൂത്രമൊഴിക്കാന്‍ പോയതാ…”

“ഫ്ഫാ… നായീന്റെ മോനെ… ഇവട വണ്ടി ചവ്ട്ട്യാ കിട്ടാത്ത കളി കളിക്കുംബളാ ഒന്റ്യൊരു മൂത്രക്കടച്ചില്… പോയി കട്ട വെക്കാടാ…”
പയ്യന്‍ വന്നല്ലോ എന്ന സമാധാനത്തില്‍ പഴയ താളത്തില്‍ ബഷീര്‍ക്കാ ചോദിച്ചു:

“കട്ട വെച്ചോ…?”

“കട്ട ഇല്ലാ….!!!!”
രണ്ടു തെറി കേട്ടപ്പോ ഉണര്‍ന്നു പ്രവര്‍ത്തിച്ച കുഞ്ഞന്റെ മറുപടി പെട്ടന്നായിരുന്നു.
‘കട്ട ഇല്ലെ!!!? അതോരാത്മഗതമായിരുന്നു… കട്ട എവിടെപ്പോയെടാ..?
“കട്ട വെക്കാടാ… കാലു കഴക്കുന്നു….”
അതൊരു ദയനീയ സ്വരം പോലെ കുഞ്ഞന് തോന്നി.
കുഞ്ഞന്‍ ഉറക്കെ വിളിച്ചു പറഞ്ഞു പറഞ്ഞു:

“ബഷീര്‍ക്കാ കട്ട തീര്‍ന്നു പോയീ… എത്ര വളവിലാ നമ്മള് കട്ട വെച്ചത്! ഇനിയ്‌ എന്നോട് കട്ട ചോദിച്ചിട്ട് കാര്യുമുണ്ടോ..!!?”

സത്യത്തില്‍ ഓരോ വളവില്‍ വണ്ടി നിന്നു പോകുമ്പോഴും വെച്ച കട്ടകളോന്നും അവന്‍ തിരിച്ചെടുത്തിട്ടില്ലായിരുന്നു മണ്ണും ചാണകവും തിരിച്ചറിയാത്ത പിള്ളേരെ കൂടെ കൂട്ടിയതിന് തന്നെയാണ് തല്ലേണ്ടത് എന്ന് ആത്മഗതം ചെയ്തു കൊണ്ട് നമ്മുടെ ബഷീര്‍ക്കാ ദേഷ്യവും സങ്കടവും മിശ്രിതം ചെയ്തു കൊണ്ട് സ്റ്റീയറിംഗ് പിടിച്ചങ്ങനെയിരുന്നു….

എന്നിട്ടെന്തായി!!!

എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു ഓഫ് സൈഡ് ഉണ്ടേ.. അതിങ്ങനെ!: പയ്യന്റെ കാമുകി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന അമല എന്ന പെണ്‍കുട്ടിയുടെ സ്കൂളില്‍ നിന്നും മൈസൂരെക്ക് ടൂര്‍ പോയിട്ടുണ്ട്. കട്ട കിട്ടാതെ വളഞ്ഞ ബഷീര്‍ക്കാ പിന്നാലെ വന്ന ചരക്കു ലോറിയില്‍ നിന്നും നുമ്മട പയ്യനെ കൊണ്ട് കട്ട വാങ്ങിപ്പിച്ചു പിന്നീട് യാത്ര തുടര്‍ന്നു. മൈസൂരില്‍ ലോഡ്‌ ഇറക്കാന്‍ നേരം ഒന്നു മയങ്ങിയ ബഷീര്‍ക്കാ എഴുന്നേറ്റ് നോക്കുമ്പോ കുഞ്ഞനെ കാണാനില്ല! ബഷീര്‍ക്കാന്റെ കൂടെ ലോറിയില് പണി എന്ന് പറഞ്ഞപ്പോ കാമുകിയെ കാണാമെന്നും മനസ്സില്‍ ലഡു പൊട്ടിച്ചാണ് വിദ്വാന്‍ അച്ഛനോട് പോകാമേന്നേറ്റത്.ദിനേശനോട് എന്ത് മറുപടി പറയും എന്നാലോചിച്ച്‌ രണ്ടു ദിവസം പയ്യനെ കാണാതെ മൈസൂരില്‍ അലഞ്ഞ ബഷീര്‍ക്കാക്ക് പിന്നെ നാട്ടില്‍ നിന്നും നമ്മടെ കാണാതായ കുഞ്ഞന്റെ ശബ്ദത്തില്‍ ഒരു വിളി വന്നു അതിങ്ങനെ:
‘ഹലോ… ”
ആ ആരാണ്?”
ആ ബഷീര്‍ക്കാ അല്ലെ…”
അതേ… ആരാ…
ഞാനേയ് മ്മടെ ദിനെശേട്ടന്റെ മോനാ മനു സാരംഗധര്‍.. അല്ല, എപ്പളാ അടുത്ത പോക്ക്…? ഞാനും ഉണ്ട് കേട്ടോ….!”

അന്ന് ബഷീര്‍ക്കാ അവനോടു പറഞ്ഞ ഒരു തെറിയുണ്ട്…. ഇന്നീ വരെ ആരും കേട്ടിട്ടില്ലാത്ത തെറി. അത്രക്കും ഭയങ്കര തെറി ആയത് കൊണ്ട് എന്റെ വായനക്കാരെയും ഞാന്‍ അത് വിളിച്ചു പേടിപ്പിക്കുന്നില്ല…. ലാല്‍ സലാം…

Advertisements
Previous articleഒരു ‘ബാച്ചിയുടെ’ രോദനം..
Next articleആദമും ശ്രേയയും പിന്നെ പൌര്‍ണ്ണമിയും …
കൂടുതലായൊന്നുമില്ല,ചില അപ്പോത്തോന്നലുകള്‍ . ചിലപ്പോള്‍ പ്രണയം, ചിലപ്പോള്‍ സന്തോഷം. മറ്റു ചിലപ്പോള്‍ അല്‍പ്പം വേദന. പിന്നെ ചിലപ്പോള്‍ ചില നര്‍മ്മങ്ങള്‍ . അങ്ങനെയങ്ങനെ അപ്പൊഴെപ്പഴോ തോന്നുന്ന അപ്പോത്തോന്നലുകള്‍ മാത്രം. ഈ തോന്നലുകള്‍ തന്നെയല്ലേ നമ്മെ ഓരോ ദിവസവും ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നതും. വിരുന്നുകാരന് എന്റെ ഹൃദയം തൊട്ടുള്ള സ്വാഗതം. മോശമാണെങ്കിലും അല്ലെങ്കിലും എന്നെ എഴുതാന്‍ പ്രേരിപ്പിച്ച മനു കൊറോണയോടും സൈനുവിനോടുമുള്ള കടപ്പാട് ഇവിടെ കോറിയിടുന്നു. എന്നും എന്റെ ഹൃദയത്തിലുള്ളത് പോലെ തന്നെ. പിന്നെ കൂടുതലറിയണേല്‍ പ്ലസ്സില് വന്നാ മതി. അതാണ്‌ നമ്മുടെ ലോകം....

Comments are closed.