aruvikkara

പരസ്യ പ്രചാരണവും രഹസ്യ പ്രചാരണവും കഴിഞ്ഞ് ഇന്ന് പോളിംഗ് ബൂത്തുകളില്‍ വിധിയെഴുതിക്കഴിഞ്ഞു അരുവിക്കരയിലെ ജനങ്ങള്‍. കേരളം ഇന്നോളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണം എന്ന ഖ്യാതിയുമായാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇനി ചരിത്രത്തില്‍ ഇടം പിടിക്കുവാന്‍ പോകുന്നത്. എല്ലാ പാര്‍ട്ടികളുടെയും തലമൂത്ത നേതാക്കന്മാരും അധികം മൂപ്പെത്താത്ത കുട്ടിനേതാക്കന്മാരും അണികളും അനുഭാവികളും എല്ലാം അരുവിക്കരയിലേയ്ക്ക് ഒഴുകുകയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങില്‍. അരുവിക്കരയില്‍ പോകാന്‍ കഴിയാത്ത അണികളും അനുഭാവികളും ടി.വി.യില്‍ തെരഞ്ഞെടുപ്പ് പ്രചാരണവും ചര്‍ച്ചകളും കണ്ടു ആവശ്യത്തിനും അനാവശ്യത്തിനും കോള്‍മയിര്‍ കൊള്ളുന്നുമുണ്ട്. ഇതുപോലെ ഒരു നൂറ് തിരഞ്ഞെടുപ്പുകള്‍ ഇതിന് മുന്‌പെയും ഇവിടെ നടന്നിട്ടുണ്ട്. ഇതിനു ശേഷവും ഒരു നൂറ് തിരഞ്ഞെടുപ്പ് ഇവിടെ നടക്കുകയും ചെയ്യും. എങ്കിലും, അരുവിക്കരയില്‍ സംഭവിക്കുവാന്‍ പോകുന്നത് കേരളത്തിന്റെ ഭാവിയെത്തന്നെ മാറ്റി മറിക്കുവാന്‍ പോന്ന സംഭവവികാസങ്ങള്‍ ആണെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഘോരഘോരം പ്രസംഗിക്കുമ്പോള്‍ എന്തോ, ചിരിയാണ് വരുന്നത്. കേരളം അങ്ങനെ അങ്ങ് പെട്ടെന്ന് നന്നായാല്‍ ഈപ്പറഞ്ഞ നേതാക്കന്മാര്‍ക്കൊക്കെ പിന്നെ ജീവിതത്തിന്റെ ലക്ഷ്യം മാറ്റി പുതിയത് കണ്ടെത്തേണ്ടി വരുമല്ലോ!

View post on imgur.com

ഒരു പാര്‍ട്ടി അധികാരത്തില്‍ എത്തിക്കഴിഞ്ഞ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ എത്തുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് തീര്‍ച്ചയായും ആവേശം കൂടുതല്‍ ഉണ്ടാകുമെന്നത് സത്യമാണ്. നെയ്യാറ്റിന്‍കരയിലും പിറവത്തും ഒക്കെ അതിന്റെ ആഴവും വ്യാപ്തിയും നമ്മള്‍ കണ്ടതുമാണ്. തങ്ങള്‍ ചെയ്തുവന്നിരുന്ന ഭരണസമ്പ്രദായങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഭരണപക്ഷത്തിന്റെ ബാധ്യതയും ഭരണപക്ഷം ചെയ്തുവന്നിരുന്നതെല്ലാം തെറ്റായിരുന്നുവെന്ന് സ്ഥാപിക്കുക പ്രതിപക്ഷത്തിന്റെ ആവശ്യവും ആവുമ്പോള്‍ തീര്‍ച്ചയായും ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ചൂട് കൂടും. എന്നാല്‍, അരുവിക്കരയിലേയ്ക്ക് കണ്ണും കാതും നട്ടിരിക്കുന്ന മാധ്യമങ്ങളും ടി.വി.യുടെ മുന്നില്‍ തല്‍സമയ പ്രക്ഷേപണം കണ്ടു പുളകം കൊണ്ടിരിക്കുന്ന ജനങ്ങളും എല്ലാ തിരക്കുകളും മാറ്റിവച്ച് ഓടിയെത്തുന്ന നേതാക്കന്മാരും ഒന്ന് മനസിലാക്കണം. ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍, ഇതിനേക്കാള്‍ അടിയന്തിരമായി പ്രതിവിധി കാണേണ്ട പ്രശ്‌നങ്ങള്‍, ഇപ്പോള്‍ കേരളത്തില്‍ ഉണ്ട്.

കേരളത്തിന്റെ തീരദേശത്ത് ഭീതി വിതയ്ക്കുന്ന ‘തീക്കാറ്റ്’ എന്ന് മാധ്യമങ്ങള്‍ വിളിക്കുന്ന, ഇപ്പോഴും ശരിയായി വിശദീകരിക്കുവാന്‍ ആകാത്ത, പ്രതിഭാസവും തെരുവുകളില്‍ ഭീതിയുണര്‍ത്തുന്ന തെരുവുനായ്ക്കളും, പലയിടത്തായി വീണ്ടും തലപൊക്കിത്തുടങ്ങുന്ന പകര്‍ച്ചപ്പനികളും സര്‍ക്കാര്‍ സിലബസില്‍ പുതിയ പാഠപ്പുസ്തകങ്ങള്‍ പ്രഖ്യാപിച്ച ക്ലാസുകളില്‍ അവ ഇനിയും എത്താത്തതും തീര്‍ച്ചയായും ഇതിനേക്കാള്‍ ശ്രദ്ധ അര്‍ഹിക്കുന്ന കാര്യങ്ങള്‍ തന്നെ. തീരദേശങ്ങളിലെ തീക്കാറ്റ് പ്രത്യക്ഷപ്പെട്ട് നാല് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് അതിനെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ദസംഘം എത്തുന്നത്. ഇപ്പോഴും ജനങ്ങള്‍ എന്ത് മുന്‍കരുതല്‍ എടുക്കണമെന്നോ ഇത് എത്രനാള്‍ തുടരുമെന്നോ ഒന്നും ആരും മിണ്ടുന്നില്ല.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓടിയ എത്ര നേതാക്കന്മാര്‍ തീരദേശത്തെ സ്ഥിതി നേരിട്ട് കണ്ടു ബോധ്യപ്പെടാന്‍ സമയം കണ്ടെത്തി? വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നോടിയായി പ്രകൃതി ചെറിയ സൂചനകള്‍ ഇപ്പോഴും നല്‍കാറുണ്ടെന്ന വസ്തുത ആളുകളില്‍ ഭീതി ഉണര്‍ത്തുന്നതിനേക്കാള്‍ ഭരണാധികാരികളില്‍ കുറച്ചുകൂടി മുന്‍കരുതല്‍ എടുക്കാനുള്ള പ്രേരണ നല്‍കിയിരുന്നെങ്കില്‍ എന്ന് ആശിക്കാനേ തരമുള്ളൂ. ഇതിനെക്കുറിച്ചൊക്കെ പറഞ്ഞുതുടങ്ങിയാല്‍, മുല്ലപ്പെരിയാര്‍ ഇപ്പഴും പൊട്ടാതെ നില്‍പ്പുണ്ടല്ലോ എന്ന മറുപടി ലഭിക്കാനും സാദ്ധ്യത ഇല്ലാതില്ല.

View post on imgur.com

അരുവിക്കരയിലെ തിരഞ്ഞെടുപ്പില്‍ കണ്ട വിപ്ലവാത്മകമായ ഒരു മാറ്റം സോഷ്യല്‍ മീഡിയയുടെ ഉപയോഗം ആയിരുന്നു. സ്ഥാനാര്‍ഥികള്‍ തമ്മില്‍ ചോദ്യോത്തരമേള തന്നെ ഫെയ്‌സ്ബുക്കില്‍ അരങ്ങേറി. അതോടൊപ്പം വോട്ടര്‍മാരുമായി ഫോണിലും നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും ഒക്കെ ദീര്‍ഘനേരം സംസാരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, ഇത് എത്ര കാലം ഉണ്ടാകും എന്നതില്‍ ഒരു ഉറപ്പാണ് ആദ്യം അവര്‍ നല്‍കേണ്ടത്. സാങ്കേതികവിദ്യ വളര്‍ന്ന ഇക്കാലത്ത് ഒരു പരാതിയുമായി ഒന്നിലധികം ഓഫീസുകള്‍ ഇപ്പോഴും കയറി ഇറങ്ങേണ്ടി വരുമ്പോള്‍ ആ സ്ഥിതിക്ക് ഒരു മാറ്റം കൊണ്ടുവരുവാന്‍, അത് ഫലപ്രദമായി നടപ്പാക്കുവാന്‍, കഴിയുമെന്ന് ആര്‍ക്കെങ്കിലും ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുവാന്‍ കഴിയുമോ?

ഇന്ന് കണ്ട മറ്റൊരു രസകരമായ സംഗതി അരുവിക്കരയിലെ പ്രധാന സ്ഥാനാര്‍ഥികള്‍ ആരുംതന്നെ അവിടുത്തെ വോട്ടര്‍മാര്‍ അല്ല എന്നതാണ്. എന്നെങ്കിലും ഈ സ്ഥിതി ഒന്ന് മാറുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ? മത്സരിക്കുന്ന മണ്ഡലത്തില്‍ തന്നെയുള്ളവര്‍ ആവണം സ്ഥാനാര്‍ഥികള്‍ എന്ന് നിര്‍ബന്ധം ഒന്നുമില്ലെങ്കിലും അത് ഒരു അടിസ്ഥാനപരമായ അവകാശമല്ലേ? ഒരു മണ്ഡലത്തിലെ വികസനങ്ങള്‍ നയിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവിടെയുള്ള ആരും പ്രാപ്തരല്ലെങ്കില്‍ പിന്നെ പുറമേ നിന്ന് വന്നവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? സ്വന്തം മണ്ഡലത്തിന് പുറത്ത് മത്സരിച്ചു ജയിച്ച് അവിടെ ഒരുപാട് നന്നായി പ്രവര്‍ത്തിച്ചവര്‍ അനേകരുണ്ടെന്ന സത്യം വിസ്മരിക്കുകയല്ല. എങ്കിലും, ഇന്ത്യ നയിക്കാന്‍ ഇന്ത്യക്കാര്‍ പോര, അതുകൊണ്ടൊരു സായിപ്പ് അടുത്ത തവണ ഭരിക്കട്ടെ എന്ന് പറയുന്നത് പോലെയുള്ളൊരു അനൗചിത്യം അതില്‍ മുഴച്ചുനില്‍പ്പുണ്ട്.

View post on imgur.com

തിരഞ്ഞെടുപ്പ് കാലത്ത് ആവേശം കൊള്ളുകയും തിരഞ്ഞെടുപ്പിന് ശേഷം തിരക്കുകള്‍ ബാധിക്കുകയും ചെയ്യുന്ന നേതാക്കന്മാര്‍ നമ്മുക്ക് പുത്തരിയല്ല. ഇപ്പറഞ്ഞതിനു അപവാദമെന്നോണം നന്നായി ജനസേവനം ചെയ്യുന്ന നേതാക്കന്മാരെയും നമ്മുക്ക് അങ്ങിങ്ങ് കാണുവാന്‍ കഴിയും. എല്ലാവരും ഒന്നുപോലെ സദ്ഗുണസമ്പന്നരാകണമെന്ന് ശഠിക്കുന്നത് അത്യാഗ്രഹം ആണെന്നറിയാം. എങ്കിലും, നമ്മുടെ നിശബ്ദതയാണ് പലപ്പോഴും ഈ അവസ്ഥയ്ക്ക് കാരണമാകുന്നത് എന്ന സത്യം അറിയുന്നതുകൊണ്ടുള്ള ധാര്‍മികരോഷം ആയി ഇതിനെ കണക്കാക്കിയാല്‍ മതി. രാഷ്ട്രീയ പാര്‍ട്ടികളുടെ ആദര്‍ശങ്ങളെയല്ല, രാഷ്ട്രീയ നേതാക്കന്മാരുടെ ആദര്‍ശങ്ങളെയാണ് നമ്മള്‍ പിന്തുടരേണ്ടതും വിജയിപ്പിക്കേണ്ടതും. അല്ലാത്തപക്ഷം രാഷ്ട്രീയം തൊഴിലായും കുടുംബക്കാര്യമായും പ്രത്യയശാസ്ത്ര അദ്ധ്യാപനമാര്‍ഗമായും മാറിപ്പോകും. നമ്മള്‍ ജനങ്ങള്‍ തുടര്‍ന്നും തെറ്റിധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും.

Advertisements