അര്‍ദ്ധരാത്രി പെരുമ്പാമ്പിനെയും കൊണ്ട് ഒന്നരമണിക്കൂര്‍….

337

 

snake-attacked-ammini
തലയിണയുടെ അടിയില്‍ എന്തോ അനങ്ങുന്നതറിഞ്ഞാണ് അറുപത്തിയഞ്ചുകാരിയായ അമ്മിണി ഉണര്‍ന്നത്. ടോര്‍ച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടതു കൈയില്‍ എന്തോ തടഞ്ഞു; നോക്കിയപ്പോള്‍ പെരുമ്പാമ്പ്. അര്‍ധരാത്രി കഴിഞ്ഞ് മൂവാറ്റുപുഴ പാംകുളങ്ങര ഇടക്കാട്ട് അമ്മിണിയുടെ കുടിലിലാണ് സംഭവം.

ഈ കുടിലില്‍ വൈദ്യുതി ഇല്ല. തനിച്ച് താമസിക്കുന്ന അമ്മിണി ധൈര്യം സംഭരിച്ച് വലതു കൈകൊണ്ട് പാമ്പിന്റെ തലയില്‍ പിടിച്ചു.ആറടിയോളം നീളമുള്ള പാമ്പ് അപ്പോഴേക്കും അമ്മിണിയുടെ വലതുകൈയില്‍ ചുറ്റി. ഇടതു കൈകൊണ്ട് പാമ്പിന്റെ വാലിലും പിടിച്ചു. ഒരുവിധത്തില്‍ തള്ളിത്തുറന്ന് വാതിലിലൂടെ അമ്മിണി പുറത്തേക്കോടി. അയല്‍വാസികളെ വിളിച്ചുണര്‍ത്തി. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റവര്‍ പാമ്പിനെയും കൊണ്ടുള്ള അമ്മിണിയുടെ നില്‍പുകണ്ട് ഞെട്ടി.  ഒടുവില്‍ പാംകുളങ്ങരയില്‍ പി.കെ. കുഞ്ഞ് രക്ഷയ്‌ക്കെത്തി പാമ്പിനെ ഒരുവിധത്തില്‍ ചാക്കിലാക്കുകയായിരുന്നു. പാമ്പിന്റെ ചുറ്റ് അഴിഞ്ഞതോടെയാണ് അമ്മിണിക്ക് ആശ്വാസമായത്. എന്നാല്‍ പാമ്പ് കടിച്ചവന് ഇടിവെട്ടേറ്റതു പോലെയായി ചാക്കിലാക്കിയ പാമ്പുമായി പിന്നീടുള്ള അവസ്ഥ!രാത്രി തന്നെ മൂവാറ്റുപുഴ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചിരുന്നു. ഇവര്‍ തിരിഞ്ഞുനോക്കിയില്ല. ചാക്കിലാക്കിയ പാമ്പുമായി അമ്മിണി 15 മണിക്കൂര്‍ കാത്തിരുന്നു. വൈകുന്നേരം അഞ്ചിനാണ് വനപാലകര്‍ എത്തിയത് .

30 വര്‍ഷത്തോളമായി താമസിക്കുന്ന സ്ഥലത്തിന് പട്ടയത്തിനായുള്ള നെട്ടോട്ടത്തിലാണ് അമ്മിണി. പട്ടയം ഇല്ലാത്തതിനാല്‍ വായ്പയെടുക്കാനോ വീട് പണിയാനോ കഴിഞ്ഞില്ല. മക്കളുണ്ടെങ്കിലും വേറെയാണ് താമസം. ഇനിയെങ്കിലും ഒരുതുണ്ട് ഭൂമിയും കിടപ്പാടവും അമ്മിണിക്ക് ലഭ്യമാക്കാന്‍ അധികൃതര്‍ കണ്ണ് തുറക്കണമെന്നാണ് അയല്‍വാസികളുടെ ആവശ്യം. ഏതായാലും പെരുമ്പാമ്പില്‍ നിന്നു രക്ഷപ്പെട്ട അമ്മിണിയെ അഭിനന്ദിക്കാന്‍ അയല്‍വാസികളെല്ലാം എത്തിയിരുന്നു..