അറ്റ്ലീസ്റ്റ് ഇന്നെങ്കിലും – കഥ
പണ്ടൊക്കെ ഈ കണക്കൊക്കെ കൂട്ടാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് കണക്കിനോട് പ്രത്യേക താല്പര്യവും ഉണ്ടായിരുന്നു. പിന്നെ ഈ X ഉം Y ഉം അക്കങ്ങളുടെ കൂടെച്ചെര്ന്നു ഒരുമാതിരി വൃത്തികെട്ട കളി കളിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് അത് വെറുത്തു തുടങ്ങിയത്. ന്യുമെറിക്കല്‍ അനാലിസിസിന്റെ ഗൈഡ് തുറന്നു വച്ചപ്പോള്‍ തന്നെ ഉറക്കം വന്നു. നാളെ ഡിഗ്രീ ഫൈനല്‍ ഇയര്‍ എക്സാമാണ്. ഈശ്വരാ, ഇപ്രാവശ്യവും ഈ പേപ്പര്‍ സപ്പ്ളി ആയത് തന്നെ.
102 total views, 1 views today

പണ്ടൊക്കെ ഈ കണക്കൊക്കെ കൂട്ടാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് കണക്കിനോട് പ്രത്യേക താല്പര്യവും ഉണ്ടായിരുന്നു. പിന്നെ ഈ X ഉം Y ഉം അക്കങ്ങളുടെ കൂടെച്ചെര്ന്നു ഒരുമാതിരി വൃത്തികെട്ട കളി കളിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് അത് വെറുത്തു തുടങ്ങിയത്. ന്യുമെറിക്കല്‍ അനാലിസിസിന്റെ ഗൈഡ് തുറന്നു വച്ചപ്പോള്‍ തന്നെ ഉറക്കം വന്നു. നാളെ ഡിഗ്രീ ഫൈനല്‍ ഇയര്‍ എക്സാമാണ്. ഈശ്വരാ, ഇപ്രാവശ്യവും ഈ പേപ്പര്‍ സപ്പ്ളി ആയത് തന്നെ.
മൊബൈല്‍ ബെല്ലടിഞ്ഞു. ഫോണെടുത്തു കാതോട്ചേര്ത്തു.
“ഹലോ, സരസ്വതി ടീച്ചറല്ലേ, ഞാന്‍ നാളെ ഡാന്‍സ് ക്ലാസ്സിനു വരില്ല. കുഞ്ഞമ്മയുടെ മകളുടെ ചോറൂണാണ്, ഗുരുവായൂര്‍ വച്ച്. ഞങ്ങളെല്ലാവരും പോകുകയാണ്. അതുകൊണ്ടാണ് വരാന്‍ പറ്റാത്തെ.
ഒരു കിളിനാദം കോട്ടയം സൂപ്പര്‍ഫാസ്റ്റ് പോകുന്നതുപോലെ അടിച്ചങ്ങു പോകുകയാണ്. ഞാന്‍ ഫോണെടുത്ത് ഒന്നുകൂടെ നോക്കി.
അതെ പരിചയമില്ലാത്ത നമ്പര്‍ ആണ്.
അതേയ് സുഹൃത്തേ, നിങ്ങള്‍ക്ക് നമ്പര്‍ മാറിപ്പോയി എന്നാണ് തോന്നുന്നത്. നമ്പര്‍ ചെക്കു ചെയ്തിട്ട് വിളിക്കൂ.
വളരെ മാന്യമായി , അതീവ വിനയത്തോടെ ഞാന്‍ പറഞ്ഞു. ഫോണ്‍ ഉടനെ ഡിസ്കണക്ട് ആയി. ഛെ. എനിക്കിതെന്താണ് സംഭവിച്ചത് ? കുറച്ചു നേരം അവളോട് സംസാരിക്കാമായിരുന്നു. ഇതിപ്പോ പേര് പോലും ചോദിക്കാതെ.
എന്നാലും അതാരായിരിക്കും?.
ആ ശബ്ദത്തിനു വല്ലാത്തൊരു പ്രത്യേകതയുണ്ട്. ശബ്ദം കേട്ടിട്ട് നല്ല സുന്ദരിയായിരിക്കണം. അവള്‍ക്കൊരു സോറിയെങ്കിലും പറയാമായിരുന്നു എന്നൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണില്‍ അവളുടെ മെസ്സേജ് വന്നു.
“സോറി..ട്ടോ. ടീച്ചറുടെ നമ്പര്‍ അടിച്ചപ്പോ തെറ്റിപ്പോയതാ”. “വെരി വെരി സോറി”.
അതൊന്നും സാരമില്ല. ഇനിയെങ്കിലും നമ്പര്‍ ഒക്കെ നോക്കി വിളിക്കാന്‍ ശ്രദ്ധിക്കൂ. പിന്നേ, ടീച്ചറെ വിളിച്ചു ലീവ് പറയാന്‍ മറക്കണ്ട എന്ന് മറുപടിയായി മെസ്സേജ് അയച്ചു.
എന്നാലും അതാരായിരിക്കും ? എവിടെയായിരിക്കും വീട് ?
ചിന്തകളിപ്പോ അവള്‍ക്കു പിന്നാലെയാണ്. ഒന്ന് വിളിച്ചാലോ? റിസീവ്ഡ് കാള്‍ ഹിസ്റ്ററിയില്‍ നിന്നും അവളുടെ നമ്പര്‍ എടുത്തു.
വിളിക്കണോ വേണ്ടയോ ? ആകെ ഒരു കണ്ഫ്യുഷന്. എന്തെങ്കിലും ആവട്ടെ, വിളിക്കാം. വിരല്‍ പച്ച ബട്ടണില്‍ അമര്‍ന്നു.
അല്ലേല്‍ വേണ്ട. എന്തിനാ വെറുതെ ? ഫോണ്‍ കട്ട് ചെയ്തു. ഏതോ ഒരു കുട്ടി നമ്പര്‍ മാറി വിളിച്ചതിന് എനിക്കെന്തിനാ ഇരിക്കപ്പൊറുതി ഇല്ലാതാവുന്നത് ?
ഇന്നിനി പഠനം ഒന്നും നടക്കില്ല. അല്ലെങ്കിലും പഠനം എന്നാണ് നടന്നിട്ടുള്ളത് ? പുസ്തകം മടക്കി വച്ച് ഉറക്കത്തിലേക്ക് ഊളിയിടുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു –
“മെസ്സേജ്”.
“താങ്ക്സ്”. വീണ്ടും അവളുടെ മെസ്സേജ്.
ഇത് കൊള്ളാലോ ?
അവളുടെ പേര് സരസ്വതി ടീച്ചര്‍ എന്ന് സേവ് ചെയ്തു മെസ്സേജിനു റിപ്ലൈ അയച്ചു.
“നോ മെന്‍ഷന്‍ ഡിയര്‍, യു ആര് ഓള്‍വൈസ് വെല്‍ക്കം”. ഗുഡ് നൈറ്റ്. J
റിപ്ലൈ മെസ്സജിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ. പക്ഷെ അവളുടെ മെസ്സേജ് വന്നില്ല. ഒരു ഗുഡ് നൈറ്റ് പറഞ്ഞാലിപ്പോ എന്താ ? കയ്യിലെ വള ഊരിപ്പോകുമോ ? ഛെ. ഉള്ള മൂഡ് മൊത്തം പോയി. ഇവളാര് കൊച്ചി രാജാവിന്റെ കൊച്ചു മോളോ? പോട്ടെ പുല്ല്.
ഇന്നലെ രാത്രിയില്‍ നല്ല രീതിയില്‍ പഠിച്ചത് കൊണ്ട് എക്സാം വളരെ ഈസി ആയിരുന്നു! കയ്യിലിരുന്നതും പാസ് ചെയ്തു പോയതുമായ മുഴുവന്‍ തുണ്ട് പേപ്പറും എഴുതിക്കഴിഞ്ഞിരിക്കുന്നു. പാസ്സാവും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാലും ഒരു തുണ്ട് പേപ്പര്‍ കൂടെ കിട്ടിയിരുന്നെങ്കില്‍ മാര്‍ക്കിന്റെ ലെവല്‍ ഒന്ന് കൂട്ടാമായിരുന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിപ്പാണ്.
“കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ തുണ്ടുകള്‍ കൈമാറും നിമിഷങ്ങളില്‍” എന്ന പാട്ടിന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ പ്ലേ ചെയ്യാന്‍ ഇന്വിജിലേറ്ററോട് പറയാന്‍ തോന്നി.
ഇനിയും അരമണിക്കൂര്‍ കൂടെ ഉണ്ട്. ഒഴിവുസമയങ്ങള്‍ എങ്ങനെ ആനന്ദകരമാക്കാം എന്ന പുസ്തകം ബസ് സ്റ്റാന്‍ഡില്‍ വച്ച് വില്‍ക്കുന്നത് വാങ്ങി വായിച്ചിരുന്നെങ്കില്‍ ഫലപ്രദമായേനെ എന്ന് മനസ്സിലോര്‍ത്തു.
കോളേജ് കാന്റീനിലെ ശശിയേട്ടന് ചായും വടയും കൊണ്ട് വന്നു ഇന്‍വിജിലേറ്റര്‍ക്ക് കൊടുത്തു. എന്നിട്ട് ഞങ്ങളെയെല്ലാവരെയും നോക്കി നിനക്കൊക്കെ അങ്ങനെ തന്നെ വേണമെടാ എന്ന മട്ടില്‍ ഒരു ചിരി അങ്ങ് പാസ്സാക്കി. അല്ലെങ്കിലും ഈ ശശിക്ക് ഇതെപ്പഴും ഉള്ളതാ. മനുഷ്യന് ഇവിടെ ചങ്കിടിച്ചു നില്‍ക്കുമ്പോഴാ അവന്റെയൊരു ഒലത്തിയ ചിരി. നിന്നെ കാണിച്ചു തരാമെടാ ശശി. ഇന്ന് നാല് വട അധികം കഴിച്ചിട്ട് കടം പറയണം എന്ന് മനസ്സിലോര്‍ത്തു. അല്ലെങ്കില്‍ വേണ്ട, എല്ലാ ദിവസത്തേതും കടമാണല്ലോ.
ഉത്തരക്കടലാസില്‍ ഒന്ന് രണ്ട് മൂന്ന് എന്നെഴുതി സ്പേയ്സും കൊടുത്തു ഏതെങ്കിലുമൊരുത്തന്റെ പേപ്പറിനോ ഒരു കൊച്ചു തുണ്ട് കടലാസിനോ വേണ്ടി ദാഹിച്ചിരിക്കുന്ന എന്റെ മുന്നിലേക്ക് പെട്ടെന്നൊരു തുണ്ട്പേപ്പര് പറന്നിറങ്ങി. അബുദാബിയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ ഇറങ്ങാതെ തിരുവന്തപുരത്ത് ഇറങ്ങിയപോലെ. ഇതെനിക്കുള്ളത് തന്നെയോ ? തനിക്കുള്ളത് എന്തായാലും എത്ര വൈകിയാണെങ്കിലും തന്നെത്തേടി വരും എന്ന് രാജന് മാഷ് പറയാറുള്ളത് എത്ര സത്യം.
പിള്ളാര് ഇച്ഛിച്ചതും ദൈവം കല്പ്പിച്ചതും “തുണ്ട്” എന്നാണല്ലോ പുതുമൊഴി. വളരെ സന്തോഷത്തോടെ എക്സാം ഷീറ്റുകൊണ്ട് മറച്ചു പിടിച്ചു തുണ്ട് തുറന്നു നോക്കി.
“ഹൃദയം തകര്‍ന്നിരിക്കുന്നവര്‍ക്ക് പേപ്പറും നൂലും.
ഇത് കണ്ടു നില്‍ക്കുന്നവര്‍ക്ക് കാന്റീനിലെ ശശിയുടെ പരിപ്പുവടയും ചായയും. ഇതാണോ സോഷ്യലിസം?” – പരീക്ഷ ഹാളില്‍ നിന്നും മാസ്റ്റര്‍ ശശി. വായിച്ചശേഷം അടുത്തയാള്‍ക്ക് പാസ് ചെയ്യുക എന്ന് എഴുതിയിട്ടുണ്ട്.
ക്ലാസ്സിലുള്ള ഏതോ ശശി പ്രോമോട്ടറുടെ പണിയാണ്. കോപ്പി റൈറ്റ് പ്രകാരം ഇതൊക്കെ ടിന്റുമോന് അവകാശപ്പെട്ടതാണ്. പക്ഷെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ടിന്റുമാരെ കണക്കിലെടുത്തിട്ടാണെന്നു തോന്നുന്നു, ഇപ്പൊ ഈ വക മെസ്സേജുകളെല്ലാം ശശിയുടെ പേരില്‍ ഇറങ്ങുന്നത്. ഈ ശശിയുടെ ഒരു കാര്യം. വന്നു വന്നു ഇപ്പൊ പിള്ളേര്‍ക്ക് അച്ഛന്റെ പേര് ചോദിച്ചാല്‍ പറയാന്‍ മടി. അതിസുന്ദരനായിരുന്നിട്ടുകൂടി സ്വന്തം പേരുകാരണം വടക്കേതിലെ ശശിക്ക് കല്യാണം ശരിയാവുന്നില്ലെന്നു ബാര്‍ബര്‍ കുമാരേട്ടന് ഇന്നലെ പറയുന്നത് കേട്ടു.
എന്തായാലും ശശി പറഞ്ഞതല്ലേ, പേപ്പര്‍ പാസ് ചെയ്തേക്കാം. ആ തുണ്ട് പേപ്പര്‍ പാസ് ചെയ്യുമ്പോഴാണ് പോക്കറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ വൈബ്രെറ്റ് ചെയ്തത്.
മെസ്സേജ് ഫ്രം സരസ്വതി ടീച്ചര്‍ : “ഗുഡ് മോര്‍ണിംഗ്, ഹാവ് എ നൈസ് ഡേ”
അതെടീ, നട്ടുച്ചയ്ക്ക് എക്സാം ഹാളില്‍ ഈച്ചയെയും അട്ടി ഇരിക്കുന്ന എനിക്ക് ശുഭദിനം നേര്‍ന്ന സമയം കൊള്ളാം.
താങ്ക്യു. സെയിം ടു യു. ഇന്നലത്തെ എന്റെ ഗുഡ് നൈറ്റിന് മറുപടിയൊന്നും കണ്ടില്ലല്ലോ ?
ഇന്നലെ ബാലന്‍സ് തീര്‍ന്നു പോയി. അതാ റിപ്ലൈ അയക്കാന്‍ പറ്റാഞ്ഞെ. ഇപ്പൊ രാവിലെ റീചാര്‍ജ് ചെയ്തതെ ഉള്ളൂ. ഇപ്പൊ എന്ത് ചെയ്യുവാ?
പരീക്ഷ എഴുതുകയാ.
ഇപ്പൊ പരീക്ഷ എഴുതുകയാണോ?
അതെ.
കൊള്ളാലോ ? പരീക്ഷയ്ക്കിരുന്നിട്ടു ഇതാണോ പണി?
എഴുതാന്‍ വല്ലതും അറിയണ്ടേ ? പണ്ടൊക്കെ കോളേജില്‍ യൂനിവേര്‍സിറ്റി എക്സാം മാത്രമേ ഉണ്ടാകാറുള്ളൂ. ഇതിപ്പോ ഇല്ലം അങ്ങട് ക്ഷയിച്ചു. കോളേജു വരെ ഓണപ്പരീക്ഷ നടത്തിത്തുടങ്ങി. ഇനി പ്രോഗ്രസ്സ് കാര്‍ഡ് വീട്ടില്‍ കാണിച്ചു സൈന്‍ വാങ്ങണോ എന്ന് മാത്രമേ അറിയാനുള്ളൂ.
അപ്പൊ ചേട്ടന് പഠിക്കുകയാണ്, അല്ലെ? ഞാന്‍ വിചാരിച്ചു വല്യ ഏതോ ഉദ്യോഗസ്ഥനാണെന്ന്.
ഇപ്പോഴത്തെ ഒരു അവസ്ഥ വച്ചിട്ട് പഠിക്കുകയാണെന്നൊന്നും പറയാന്‍ പറ്റില്ല . പക്ഷെ സ്ഥിരമായിട്ട് കോളേജില്‍ പോകുന്നുണ്ട്.
വലിയ തമാശക്കാരനാണെന്നു തോന്നുന്നു?.
അങ്ങനെ തോന്നിയെങ്കില്‍ ചിലപ്പോ ശരിയായിരിക്കും.
വല്യകാര്യമായിപ്പോയി J
നീയൊന്നുപോയെ. പേപ്പര്‍ തിരിച്ചു കൊടുക്കാന്‍ സമയമായി. പ്യൂണ്‍ നൂല് ഇട്ടിട്ടു പോയിട്ട് നേരം കുറച്ചായി. ബെല്ലും അടിച്ചു. ക്യാച്ച് യു ലേറ്റര്‍.
ചിരപരിചിതരെപോലെയായിരുന്നു മെസ്സേജിംഗ്. എന്താ അവളുടെ പേരെന്ന് ചോദിക്കാന്‍ വരെ മറന്നു. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു ? അല്ലേ ?
സരസ്വതി ടീച്ചര്‍… അത് തന്നെ ധാരാളമല്ലേ ?
സന്തോഷ് ബേക്കറിയില്‍ നിന്ന് പപ്സും ജ്യുസും കുടിച്ചിറങ്ങുമ്പോള്‍ വീണ്ടും അവളുടെ മെസ്സേജ്.
കഴിഞ്ഞോ ?
മം. കഴിഞ്ഞു…
ഞാന്‍ ഇപ്പൊ ഫോണ്‍ വിളിക്കട്ടെ ?
വേണ്ട. നമുക്ക് ചാറ്റ് ചെയ്താല്‍ മതി.
ഓരോ വരിയിലും ഒരായിരം ചിന്തകളുണര്ന്നു. സൌഹൃദത്തിന്റെ പുതിയോരധ്യായത്തിന് അവിടെ തുടക്കം കുറിച്ചു. മെസ്സേജുകള്‍ കോളുകള്‍ക്ക് വഴി മാറി. കുട്ടിത്തം നിറഞ്ഞ അവളുടെ സംസാരം കേള്‍ക്കാന്‍ ഭയങ്കര രസമാണ്. ഇത്രയധികം സുഹൃത്തുക്കളുണ്ടെങ്കിലും അവളോട് മാത്രം ഒരു സ്പെഷ്യല്‍ അറ്റാച്ച്മെന്റ് തോന്നുന്നതെന്തേ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ കോളേജ് ഗേറ്റ് കയറുമ്പോഴാണ് അവളുടെ മെസ്സേജ് വന്നത്.
ഡാ പൊട്ടാ… ഒരു കാര്യം കേക്കണോ ?
പൊട്ടന് നിന്റെ %^*#@*&. എന്താ കാര്യം ?
ഈ വരുന്ന ഞായറാഴ്ച ഞാന്‍ കോഴിക്കോട് വരുന്നുണ്ട്. ഒന്ന് കാണാന്‍ പറ്റുമോ ?
രോഗി ഇച്ചിച്ചതും വൈദ്യന് കല്പിച്ചതും അനിക്സ്പ്രേ എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്‍. പല തവണ കാണണം എന്ന് പറയാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും നമ്മുടെ സൌഹൃദത്തെ തെറ്റായി വ്യാഖ്യാനിച്ചാലോ എന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു.
കോഴിക്കോടെന്താ പരിപാടി ?
എന്റെ കൂട്ടുകാരിയുടെ കല്യാണമാണ് സുക്രുതീന്ദ്ര ഓഡിറ്റോറിയത്തില്‍വച്ച്. അന്ന് എന്നെ റിസീവ് ചെയ്യാന്‍ നീ വരുമോ ? എനിക്ക് കോഴിക്കൊടൊന്നും പരിചയമില്ല മാത്രവുമല്ല നിന്നെ കാണണമെന്ന് ഭയങ്കര ആഗ്രഹവും.
അവസാനം പറഞ്ഞതെനിക്ക് ഇക്ഷ ബോധിച്ചു.
അതിനെന്താ ? ഞാന്‍ റെഡി. നീ എത്ര മണിക്കെത്തും, എങ്ങനെ എത്തും എന്നത് വിളിച്ചു പറ. ഓക്കേ ?
ഞായറാഴ്ച്ച രാവിലെ തന്നെ അവളുടെ മെസ്സേജ് വന്നു. ഞാന്‍ എറണാകുളം പൂനെ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സില്‍ ഒരു ടിക്കറ്റ് എടുത്തിട്ടുണ്ട്. കോച്ച് എസ്- 4. ഒരു എട്ടേ മുക്കാലാവുമ്പോ കോഴിക്കോട് എത്തും. ചേട്ടന് വരുമല്ലോ അല്ലേ ?
അതെന്തു ചോദ്യം?. ഞാനുണ്ടാകും. ഉണ്ടാകും എന്നല്ല. ഉണ്ട്.
ക്ലോക്കില്‍ നോക്കി സമയം 6:45. ഏഴു മണിയുടെ ദുല്‍ദുല്‍ ബസ് പിടിച്ചാല്‍ 8:30 ന് കോഴിക്കോടെത്താം. ഇനി ആകെ പതിനഞ്ചു മിനിറ്റ് കുടെയെ ഉള്ളു. ഒരു വിധത്തില്‍ കുളിച്ചെന്നുവരുത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മിനക്കെടാതെ ബസ്സ് സ്റ്റോപ്പിലെക്ക് വച്ചുപിടിച്ചു.
ഇന്‍ഫര്‍മേഷന്‍ കൌണ്ടറിലെ ബോര്‍ഡില്‍ നിന്നും എറണാകുളം പൂനെ എക്സ്പ്രെസ്സ് കൃത്യ സമയം പാലിക്കുന്നു എന്ന് കണ്ടു. നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോള്‍ ട്രെയിന്‍ വരുന്നത് കാണാനായി. പ്ലാറ്റ് ഫോമിലെ ബുക്ക്ഷോപ്പിനു പുറകില്‍ ഞാന്‍ മറന്നു നിന്നു. ഓടിക്കിതച്ച് കൂക്കി വിളിച്ച് ട്രെയിന്‍ വന്നു നിന്നു. ആളുകള്‍ ഇറങ്ങാനും കയറുവാനും തിരക്കുകൂട്ടിത്തുടങ്ങി.
ഇപ്പോഴെന്റെ ഹൃദയം പടപടാന്നു മിടിക്കുന്നത് എനിക്ക് കേള്‍ക്കാം. വലിയൊരു സൗഹൃദം ഞങ്ങള്‍ തമ്മില്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും ഒരു ഭയം എന്നെ പിടികൂടുന്നത് ഞാന്‍ അറിഞ്ഞു. അപ്പോഴാണ് സുന്ദരിയായ ഒരു പെണ്‍കുട്ടി ഏറ്റവും അവസാനമായി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയത്. തൂവെള്ള നിറമുള്ള ഒരു ഫ്രോക്ക് ആണ് വേഷം.
വൌ… ഇതാണോ എന്റെ സരസ്വതി ടീച്ചര്‍… ?
അനുസരണയില്ലാത്ത മുടികള്‍ മാടിയൊതുക്കിക്കൊണ്ട് അവള് ബാഗില്‍ നിന്നും മൊബൈല്‍ എടുത്തു.
അതെ. ചായേ…കാപ്പി…വിളികളാല്‍ മുഖരിതമായ ഈ പ്ലാറ്റ്ഫോമില്‍ വച്ചായിരിക്കണം ഞങ്ങളുടെ ആദ്യ സംഗമം ദൈവം പ്ലാന്‍ ചെയ്തിരിക്കുന്നത്. മസാലദോശയും വടയും വില്‍ക്കുന്ന ആളുകള്‍ അവളെ തട്ടിതടഞ്ഞു പോകുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ച ആളെ കാണാത്തതിലുള്ള പരിഭവമോ പരിഭ്രമമോ അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം.
എന്റെ മൊബൈല്‍ റിംഗ് ചെയ്തു. ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. നീയവിടെ നിന്നും നേരെ മുന്നോട്ട് നടന്നു വാ. എനിക്കിവിടെ നിന്നും നിന്നെ കാണാം. ഇങ്ങോട്ട് വാ.
ഞാന്‍ ഒരു ഹായ് കാണിച്ചു. പതിയെ അവളെന്റെ അടുത്തേക്ക് വന്നു. ആദ്യമായി തമ്മില്‍ കാണുന്നതിന്റെ വെപ്രാളം ഞങ്ങള്‍ രണ്ടു പേര്‍ക്കുമുണ്ടായിരുന്നു. പക്ഷേ അതില്‍ നിന്നും മുക്തയായി ആദ്യം സംസാരിച്ചതും അവളാണ്.
ചേട്ടന് ഇപ്പൊ വന്നതെയുള്ളോ ? ഞാന്‍ ഇറങ്ങുമ്പോ തന്നെ ചേട്ടനെ കാണുമെന്നാ കരുതിയെ. മൊബൈലില്‍ ഒരു കാള്‍ ചെയ്യാനുള്ള ബാലന്‍സേ ഉണ്ടായിരുന്നുള്ളൂ. അതാ മെസ്സേജ് ഒന്നും അയക്കാതിരുന്നത്. വളരെ അടുപ്പമുള്ളതുപോലെ എന്നോട് കൂടുതല്‍ ചേര്‍ന്ന് നിന്ന് അവളോരേ വായില്‍ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ്. ഞാന്‍ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
പക്ഷെ പൊടുന്നനെ അസഹനീയമായ എന്തോ ഒന്ന് എന്നെ പൊതിയുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു. എന്നാലും ഇത്…
ഇത്രേം സൌന്ദര്യബോധമുള്ള ഇവള് ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നോ ?
എന്തൊരു വായ്നാറ്റമാണ് ഇത്. അറ്റ് ലീസ്റ്റ് ഇന്നെങ്കിലും അവള്‍ക്കു പല്ല് തേച്ചു കൂടായിരുന്നോ ? ഛെ…
ഇത്രയും സന്തോഷവതിയായി സംസാരിക്കുന്ന അവളോട് ഞാന്‍ ഇതെങ്ങനെ പറയും ? എന്റെ മാനസികാവസ്ഥ ഞാന്‍ എങ്ങനെ അവളെ പറഞ്ഞു മനസ്സിലാക്കും ? പറഞ്ഞാല്‍ അവലെന്താ കരുതുക ? പറയാതിരുന്നാല്‍ എങ്ങനാ ? എന്നിങ്ങനെ ചിന്തകളുടെ ഒരു ഘോഷയാത്ര എന്റെ മനസ്സിലൂടെ കടന്നുപോയി.
ഏയ്, ചേട്ടനെന്താ ആലോചിക്കുന്നത് ? എന്നെ ഇഷ്ടായില്ലാന്നുണ്ടോ ?
നിഷ്കളങ്കമായ ചോദ്യം വീണ്ടും. സുന്ദരമായ ആ മുഖം വാടുന്നത് ഞാന്‍ കണ്ടു.
എന്താ ഒന്നും മിണ്ടാത്തത് ? പറയുന്നേ…
എന്തായാലും ഇനിയും മറച്ചു വയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. എന്തുതന്നെ വന്നാലും പറഞ്ഞേക്കാം എന്ന തീരുമാനത്തില്‍ ഞാന്‍ എത്തി.
അതേയ്… പറയുന്നത് കൊണ്ടൊന്നും തോന്നരുത്. എന്നോട് വിദ്വേഷവുമരുത്.
നിനക്ക് ഭയങ്കര വായ്നാ…
ഹോ… ചേട്ടന് വായൊന്നടച്ചേ… ഇതെന്തൊരു വായ്നാറ്റമാ… ? അറ്റ് ലീസ്റ്റ് ഇന്നെങ്കിലും നിങ്ങള്‍ക്ക് ഒന്ന് പല്ല് തേച്ചുകൂടായിരുന്നോ ? !!!
103 total views, 2 views today
