tourists__jpg_1569799g

ദുബായില്‍ നിന്നും ഒരേ ഭീമാനത്തില്‍ ആണ് യാത്ര ചെയ്തത് എങ്കിലും പാരീസില്‍ ചെന്നിട്ടേ സഹയാത്രികനുമായി കാണാനും മുട്ടാനും ഒത്തുള്ളൂ .

ഡോക്ടര്‍ റാസാ ഹുസൈന്‍ . അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉപായത്തില്‍ അടിച്ചു മാറ്റിയ ഇറാനി ആണ് .
ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ രോഗികള്‍ക്ക് പണി കൊടുക്കല്‍ ആണ് ആശാന്റെ പ്രധാന പണി .
ഞങ്ങള്‍ ഫ്രാന്‍സിലെ ബോര്‍ഡോ എന്ന സ്ഥലത്ത് സ്‌പൈന്‍ സര്‍ജറിയിലെ അഥവാ നട്ടെല്ല് ശസ്ത്രക്രീയകളിലെ പുതിയ സങ്കേതങ്ങള്‍ കണ്ട് പഠിക്കാന്‍ അവിടെ ഉള്ള ഒരു കൊള്ള സങ്കേതത്തിലേക്ക് ( ഒരു സ്വകാര്യ ആശുപത്രി എന്നത് ആലങ്കാരികം ആയി പറഞ്ഞത് ആണ് ) ഉള്ള യാത്രയില്‍ ആണ്.
ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്ന് ആണ് വെയ്പ്പ് , എന്നെ സംബന്ധിച്ചിടത്തോളം പെട്ട് പോയി എന്ന് പറഞ്ഞാലും കൊഴപ്പം ഇല്ല

സഹനടനെ കണ്ടപ്പോള്‍ തന്നെ എവിടെയോ വച്ചു് കണ്ടിട്ടുണ്ടല്ലോ എന്ന് ഓര്‍ത്തു .
കൂലം കക്ഷത്ത് വയ്ച്ചു ഓര്‍ത്തപ്പോള്‍ പിടികിട്ടി . കുഞ്ഞു നാളില്‍ … ഉത്സവ പറമ്പില്‍ …
അതേ …മത്തങ്ങാ ബലൂണും വള്ളി ബലൂണും പിണച്ചു ഉണ്ടാക്കിയ പൂച്ച …,ഇപ്പോള്‍ ഇതാ ജീവന്‍ വച്ച് ജീന്‍സും ടീ ഷര്‍ട്ടും ഇട്ട് ഡെനിം ജാക്കെറ്റും ചൂടി എഴുന്നേറ്റു നില്ക്കുന്നു , നടക്കുന്നു , സംസാരിക്കുന്നു .
ഇനി സംഘ ത്തില്‍ ഒരാള്‍ കൂടി ചേരാന്‍ ഉണ്ട് . റാസാ അണ്ണനുടെ പൊണ്ടാട്ടി . ഏതോ രാജ്യത്ത് നിന്ന് ഏതോ ബീമാനത്തില്‍ പാരീസില്‍ എത്താന്‍ ആണ് അക്കയുടെ പരിപാടി .
അണ്ണന്‍ ആള് ശുദ്ധന്‍ ആണ് .പാരീസില്‍ ആണ് പോകുന്നത് എങ്കിലും ഭാര്യയെയും കൊണ്ടേ പോകൂ . കല്യാണ സദ്യയ്ക്ക് വിളിച്ചാല്‍ പൊതി ച്ചോറും കൊണ്ട് പോകുന്ന ആളാണ് ..അത് കൊണ്ടാണ് പറഞ്ഞത് ആള് ശുദ്ധന്‍ ആണെന്ന് . ശുദ്ധന്‍ .ശുദ്ധ കിഴങ്ങന്‍ .

ഒരു മണിക്കൂര്‍ കഴിഞ്ഞ് നായിക എത്തി . മറ്റൊരു ബലൂണ്‍ . മുഖം കണ്ടാല്‍ മനസ്സിലാവും ഭൂതകാലത്തില്‍ കക്ഷി ഒരു കൊച്ചു സുന്ദരി ആയിരുന്നു എന്ന് . തിന്നു കൊഴുത്ത് വര്‍ത്തമാന കാലത്തില്‍ ഭൂതം ആയത് ആണ് ..ഫോര്‍ എ ചെയ്ഞ്ച് ..
ചതുര വടിവില്‍ ആണ് ഷേപ്പ് എങ്കിലും ,ദോഷം പറയരുതല്ലോ അക്കന് ജാഡയ്ക്ക് ഒരു കുറവും ഇല്ലാ . ചാള്‍സ് ഡിഗോള്‍ എയര്‍ പോര്‍ട്ട് സ്വന്തം ഭര്‍ത്താവിന്റെ അമ്മായി അപ്പന്റെ വഹ ആണെന്ന ഭാവത്തില്‍ ആണ് അഭിനയം . ‘ഡേ ഓഫ് ദി ജക്കാള്‍’ സിനിമ പിടിച്ചത് സ്വന്തം അപ്ഫന്‍ ആണെന്നും .
അക്കനും കൂടി എത്തിയപ്പോള്‍ അണ്ണന്‍ പൂര്‍വാധികം ബലം പിടിച്ചു തുടങ്ങി .
ആദ്യ ചോദ്യം എറിഞ്ഞു, എന്നോട് ‘ ഹാവ് യു ബീന്‍ ടു പാരീസ് ബിഫോര്‍ ??
‘യെസ് ‘ എന്ന് പറയാന്‍ ആഞ്ഞ എന്നെ തട്ടിമാറ്റി ,ഉള്ളിലെ ചെക്കന്‍ ചാടി വീണ് പറഞ്ഞു ‘ നോ ‘.
ഞാന്‍ ഞെട്ടി .ഞാന്‍ എന്ന് പറഞ്ഞാല്‍ ലോകം മുഴുവന്‍ തെണ്ടി തിരിഞ്ഞ് നടന്നു സകലമാന ഉഡായിപ്പുകളും തിരുട്ടു വിദ്യകളും ജാഡകളും വശത്ത് ആക്കി , മൂന്ന് കഷണം സൂട്ടില്‍ കയറി നില്ക്കുന്ന സകല കലാവല്യപ്പന്‍ .അല്‍പ്പന്‍ .
ചെക്കനോ , കൊല്ലം പട്ടത്താനം ഗവണ്‍മേന്റ്‌റ് എല്‍ പി സ്‌കൂളില്‍ തൊള്ളായിരത്തി എഴുപത്തി മൂന്നുകളില്‍ പഠിച്ച എട്ടും പൊട്ടും തിരിയാത്ത എട്ടു വയസ്സുകാരന്‍ പൊട്ടന്‍ , വള്ളി നിക്കര്‍ വാലാ .( സാഹിത്യ കാരന്മാര്‍ എഴുപത്തി മൂന്നില്‍ എന്ന് പറയാന്‍ പാടില്ല , മൂന്നുകളില്‍ എന്ന് പറയണം , അതിനേ ഉള്ളൂ ഒരു ഇത് , ഏത് ?? ഒരു എടുപ്പ് ) ചെക്കന്‍ ഇടയ്ക്കിടയ്ക്ക് എനിക്ക് ഇങ്ങനെ പണി തരാറുള്ളതാണ് .
അടി കൊടുത്തും , തെറി വിളിച്ചും ആവശ്യമെങ്കില്‍ പട്ടിക്കൂട്ടില്‍ അടച്ചിട്ടും അവനെ ഒന്ന് നന്നാക്കാന്‍ ഉണ്ട് .
ഞാന്‍ മനസ്സില്‍ കരുതി .
ഞാന്‍ പാരീസില്‍ വന്നത് ഒരു കന്നി സന്ദര്‍ശനത്തിന് ആണ് എന്നുള്ള വാര്‍ത്ത ആഹ്‌ളാദത്തോടെ ആണ് ഇറാനി ഗപ്പിള്‍സ് ശ്രവിച്ചത് .. ഒരു ഫീസും ചാര്‍ജ് ചെയ്യാതെ അവര്‍ എന്റെ ഗൈഡുകളും ഉപദേശകരും ആയി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു . അതോടെ എന്റെ കഷ്ട കാലവും തുടങ്ങി.
ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത് ഞങ്ങള്‍ നഗരത്തില്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി .
തുടരെ തുടരെ വിവരങ്ങള്‍ തന്നും ഉപദേശിച്ചും രണ്ട് പേരും കന്നി യാത്രികനായ എന്റെ കന്യകാത്വം കവരാന്‍ തുടങ്ങി .
ഇത് ഈഫല്‍ ടവര്‍ ആണ് , ഈ പ്രതിമയില്‍ കാണുന്നത് അത് ഉണ്ടാക്കിയ ഈഫല്‍ സായിപ്പ് ആണ്. ഇത് പമ്പാ നദിയല്ല, സിയാന്‍ റിവര്‍ ആണ് ..അങ്ങിനെ അങ്ങിനെ .
അതും പോരാഞ്ഞു , സൂപ്പര്‍ മാര്‍ക്കെറ്റ് കണ്ട് കരി ഫോര്‍ കരി ഫോര്‍ എന്ന് നില വിളിച്ച എന്നോട് അത് ഫ്രഞ്ച് ഭാഷയില്‍ കാഫോ ആണെന്നും ഫ്രാന്‍സില്‍ പരക്കെ ‘ ആര്‍’ നിശബ്ദനാണെന്നും പറഞ്ഞു എന്നെ നിശബ്ദന്‍ ആക്കി കശ്മലന്‍ . എന്നാല്‍ പിന്നെ ഈ രാജ്യത്തിന്റെ പേര് ‘ഫാന്‍സ്’ എന്നാണോ എന്നും തലസ്ഥാനതിന്‍ പേര് ‘പായീസ്’ എന്നാണോ എന്നും ഉള്ള എന്റെ അളിഞ്ഞ തമാശ ഗപ്പിള്‍സ് അവഗണിച്ചതായി ഭാവിച്ചു .
വഴിയില്‍ കണ്ട സായിപ്പന്മാരോട് ഗുഡ് മോര്‍ണിംഗ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘ബോണ്‍ഷൂ മോന്‍ഷൂ’ എന്നോ മറ്റോ പറഞ്ഞു പേര്‍ഷിയാക്കാരന്‍ സ്‌കോര്‍ ചെയ്തു .
രാത്രി ഹോട്ടലില്‍ തിരിച്ച് എത്തിയപ്പോള്‍ ആയിരുന്നു ക്ലൈമാക്‌സ് .
റിസപ്ഷനില്‍ നിന്ന സുന്ദരി ചോദിച്ചു ‘ ഹൂ ഈസ് റാസാ ഹുസൈന്‍ ?’
പിറകില്‍ നിന്ന ചേട്ടന്‍ പറഞ്ഞു ‘ യെസ് , ഐ ആം ‘
‘ സര്‍, ദെയര്‍ ഈസ് എ മെസ്സേജ് ഫോര്‍ യു ‘
വാഷിംഗ്ടണില്‍ നിന്നും ഒബാമയുടെ സന്ദേശം തന്നെ തേടി എത്തി എന്ന മട്ടില്‍ അണ്ണന്‍ എന്നെ നോക്കി , അഭിമാനം കൊണ്ട് വിജ്രിംഭിച്ചു , ബലൂണ്‍ പൊട്ടും എന്നായി .
‘ വാട്ട് മെസ്സേജ് ?, ഫ്രം വെയര്‍ ? ‘ അണ്ണന്‍ .
‘ ഇവിടെ നിന്ന് തന്നെ മൊന്‍ഷിയൂര്‍ , ഹോട്ടലിലെ ക്ലീനെര്‍ പറഞ്ഞു . താങ്കളുടെ മുറിയില്‍ കട്ടിലിന്റെ രണ്ടു വശത്തും ചവച്ച ചൂയിംഗ് ഗം തേയ്ച്ചു വച്ചിരിക്കുന്നു എന്ന് . ദയവായി ഇത് ആവര്‍ത്തിക്കരുത് . അല്ലെങ്കില്‍ ഞങ്ങള്‍ക്ക് താങ്കളുടെ നാളത്തെ റൂം റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരും ‘
കുട്ടി മദാമ്മ പോഷ് ആയിട്ട് ആണ് പറഞ്ഞത് എങ്കിലും ,ചുരുക്കി പറഞ്ഞാല്‍ ‘ അലവലാതികളേ, തറ പരിപാടി കാണിച്ചാല്‍ നിന്നേം നിന്റെ പൊണ്ടാട്ടിയേം ഓട്ടലീന്നു ചവിട്ടി പുറത്തു കളയും’ എന്നായിരുന്നു തര്‍ജമ …
പിറകില്‍ രണ്ട് ബലൂണ്‍കളുടെയും കാറ്റു പോകുന്ന ശബ്ദം കേള്‍ക്കാമായിരുന്നു .
തിരിഞ്ഞ് നോക്കിയില്ല , അല്ലെങ്കില്‍ തന്നെ എനിക്ക് ചമ്മിയ മുഖം കാണുന്നത് പണ്ടേ വല്ല്യ പഥ്യം അല്ല …
ഫ്രഞ്ച് പരദേവതകള്‍ രക്ഷിച്ചു .
പിറ്റേന്ന് മുതല്‍ ദമ്പതികള്‍ വളരെ മര്യാദക്കാര്‍ ആയി ഭാവിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ …

[divider]

എഴുതിയത് : മോനി കെ വിനോദ് 

[divider]
You May Also Like

പദങ്ങള്‍ക്കു മാറ്റം സംഭവിച്ചിട്ടുണ്ട് (ലേഖനം) – സുനില്‍ എം എസ്

മലയാളത്തില്‍ ദുഃഖം എന്ന ഒരേയൊരു പദത്തിലൊഴികെ, മറ്റെല്ലാ പദങ്ങളില്‍ നിന്നും വിസര്‍ഗം നീക്കം ചെയ്തിട്ടുണ്ട്. പകരം, തുടര്‍ന്നുള്ള അക്ഷരം ഒന്നുകില്‍ ഇരട്ടിക്കണം, അല്ലെങ്കില്‍ കൂട്ടക്ഷരമായിരിയ്ക്കണം

A REVENGE, OF A SOLDIER (3 ) – ബൈജു ജോര്‍ജ്ജ്

[one_half][ads2][/one_half] മലബാറിന്റെ കലാകായിക സംസ്‌കാരത്തെക്കുറിച്ച് ഏറ്റവും ആഴത്തില്‍ മനസ്സിലാക്കുവാനുള്ള ഈ അവസരം ശരിക്കും വിനിയോഗിക്കുവാന്‍ തന്നെ…

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 13) – ബൈജു ജോര്‍ജ്ജ്

നീണ്ട കൂട്ടികിഴിക്കലുകള്‍ക്കൊടുവില്‍ …; എന്റെ മനസ്സ് ഉറച്ച ഒരു തീരുമാനമെടുത്തു .., റിസള്‍ട്ട് എന്തു തന്നെയായാലും ഉടന്‍ നാട്ടിലേക്ക് തിരിക്കുക

ഒരു ഡ്രൈ ഡേ …! – ബൈജു ജോര്‍ജ്ജ്..

ഇതെല്ലാം കഴിഞ്ഞ് …, കുളത്തിലൊന്ന് .., വിശാലമായി നീന്തിക്കുളിച്ച്.., വീട്ടിലോട്ട് കേറി ചെല്ലുമ്പോഴേക്കും .., , ബീഫെല്ലാം നന്നായി വെന്ത് .. ചാറെല്ലാം കുറുകി …, നല്ല കുമു കുമാ മണത്തോടെ റെഡി ആയിട്ടിണ്ടാവും ..,