നാലായിരത്തിലേറെ വാക്കുകളുള്ള രചന. സമയമുള്ളപ്പോള്‍ മാത്രം വായിയ്ക്കുക. ഈ ലേഖനത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം
പൊതുജനത്തിന്റെ പക്കല്‍ നിന്നു ബാങ്കുകള്‍ നിക്ഷേപങ്ങള്‍ സ്വീകരിയ്ക്കുന്നു. ബാങ്കുകള്‍ക്കു കിട്ടുന്ന ഈ നിക്ഷേപങ്ങളുടെ ഒരു ഭാഗം സര്‍ക്കാരിനുള്ളതാണ്. ബാങ്കുകള്‍ സര്‍ക്കാരുമായി നിക്ഷേപങ്ങള്‍ പങ്കുവയ്ക്കണമെന്നതൊരു പൊതു തത്വമാണ്. പൊതുജനത്തില്‍ നിന്നു കിട്ടുന്ന നിക്ഷേപങ്ങളുടെ ആകെ ഇരുപത്തഞ്ചര ശതമാനം – നാലിലൊന്ന് സര്‍ക്കാരിനുള്ളതാണ്. ഇതില്‍ റിസര്‍വ് ബാങ്കിനുള്ള വിഹിതവും ഉള്‍പ്പെടുന്നു. റിസര്‍വ് ബാങ്കും സര്‍ക്കാരിന്റെ ഭാഗം തന്നെ. ബാങ്കുകള്‍ക്കു കിട്ടുന്ന നിക്ഷേപങ്ങളില്‍ നിന്നു സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കിട്ടേണ്ട വിഹിതങ്ങളുടെ നിരക്കുകള്‍ തീരുമാനിയ്ക്കാനുള്ള അധികാരവും സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെത്തന്നെയാണ് ഏല്പിച്ചിരിയ്ക്കുന്നത്. നിലവിലുള്ള നിരക്കുകളനുസരിച്ച്, ബാങ്കുനിക്ഷേപങ്ങളുടെ ഇരുപത്തൊന്നര ശതമാനം സര്‍ക്കാരിനും നാലു ശതമാനം റിസര്‍വ് ബാങ്കിനും ലഭിയ്ക്കുന്നു.
റിസര്‍വ് ബാങ്കിനുള്ള നാലു ശതമാനത്തിനു ക്യാഷ് റിസര്‍വ് റേഷ്യോ (സി ആര് ആര്) എന്നു പറയുന്നു. ക്യാഷ് റിസര്‍വ് റേഷ്യോയ്ക്കു മലയാളത്തില്‍ കരുതല്‍ ധന അനുപാതമെന്നു പറയാം. ക്യാഷ് റിസര്‍വ് റേഷ്യോയെപ്പറ്റി ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാരിനുള്ള ഇരുപത്തൊന്നര ശതമാനം സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എല്‍ ആര്) എന്നറിയപ്പെടുന്നു. സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയ്ക്കു ‘നിയമാനുസൃത പണലഭ്യതാ അനുപാതം’ എന്നു മലയാളത്തില്‍ പറയാമെങ്കിലും ആശയക്കുഴപ്പമൊഴിവാക്കാന്‍ വേണ്ടി നമുക്കു തത്കാലം സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്നോ എസ് എല്‍ ആര് എന്നോ തന്നെ ഉപയോഗിയ്ക്കാം.
ക്യാഷ് റിസര്‍വ് റേഷ്യോ റിസര്‍വ് ബാങ്കിനുള്ള വിഹിതവും, സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ സര്‍ക്കാരിനുള്ള വിഹിതവുമാണെന്നു പറഞ്ഞുവല്ലോ. ക്യാഷ് റിസര്‍വ് റേഷ്യോ പാലിയ്ക്കാന്‍ വേണ്ട പണം മുഴുവനും റൊക്കം പണമായി, അതായത് ക്യാഷ് ആയി, ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ ഏല്പിയ്ക്കുന്നു. എന്നാല്‍, സ്റ്റാച്യൂട്ടറി റിസര്‍വ് റേഷ്യോ പാലിയ്ക്കാന്‍ വേണ്ട തുക റൊക്കമായി സര്‍ക്കാരിനെ ഏല്പിയ്ക്കുകയല്ല ബാങ്കുകള്‍ ചെയ്യുന്നത്. ബാങ്കുകള്‍ക്ക് ആ തുകകൊണ്ടു സ്വര്‍ണവും, കേന്ദ്രസര്‍ക്കാരിന്റേയും സംസ്ഥാനസര്‍ക്കാരുകളുടേയും കടപ്പത്രങ്ങളും വാങ്ങാം, അല്ലെങ്കിലതു റൊക്കം പണമായി സൂക്ഷിയ്ക്കുകയും ചെയ്യാം. അതായത്, എസ് എല്‍ ആര് തുക പണമായി സൂക്ഷിയ്ക്കാം, അല്ലെങ്കില്‍ സ്വര്‍ണത്തിലോ സര്‍ക്കാരുകളുടെ കടപ്പത്രങ്ങളിലോ നിക്ഷേപിയ്ക്കാം. ഇവ മൂന്നും കൂടിയാകുന്നതും അനുവദനീയമാണ്.
മുഖ്യമായും നാലുതരം നിക്ഷേപങ്ങളാണു ബാങ്കുകളിലുള്ളത്: കറന്റ് അക്കൌണ്ട്, സേവിംഗ്സ് അക്കൌണ്ട്, റെക്കറിംഗ് അക്കൌണ്ട്, ഫിക്സഡ് ഡെപ്പൊസിറ്റ്. കറന്റ് അക്കൌണ്ടുകള്‍ക്കു ബാങ്കുകള്‍ പലിശ നല്‍കുന്നില്ല. സേവിംഗ്സ് അക്കൌണ്ടുകള്‍ക്കു താഴ്ന്ന നിരക്കില്‍ പലിശ നല്കുന്നു; ഇപ്പോഴത്തെ നിരക്കു നാലു ശതമാനം മാത്രം. റെക്കറിംഗ് അക്കൌണ്ടുകള്‍ക്കും ഫിക്സഡ് ഡെപ്പൊസിറ്റുകള്ക്കും അവയുടെ കാലദൈര്‍ഘ്യമനുസരിച്ച്, താരതമ്യേന ഉയര്‍ന്ന പലിശ നല്കുന്നു. ഈ നിക്ഷേപങ്ങളിലൂടെ ബാങ്കുകള്‍ പണം സമാഹരിയ്ക്കുന്നു.
ബാങ്കുകള്‍ വായ്പ നല്‍കുന്നവരാണെങ്കിലും, സ്വയം വായ്പയെടുക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയെടുക്കുന്ന വായ്പകളും ബാങ്കുകളുടെ ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ തന്നെ. ബാങ്കുകള്‍ക്കു കിട്ടിയിരിയ്ക്കുന്ന നിക്ഷേപങ്ങളും ബാങ്കുകളെടുത്തിരിയ്ക്കുന്ന വായ്പകളുമെല്ലാം തിരികെക്കൊടുക്കാനുള്ളതായതുകൊണ്ട് അവയെല്ലാം ബാങ്കുകളുടെ ബാദ്ധ്യതകള്‍ തന്നെ. ബാങ്കുകള്‍ക്കു കിട്ടിയിരിയ്ക്കുന്ന നിക്ഷേപങ്ങള്‍ക്കു മാത്രമല്ല, ബാങ്കുകളെടുത്തിരിയ്ക്കുന്ന വായ്പകള്‍ക്കും എസ് എല്‍ ആര് ബാധകമാണ്; സി ആര് ആറും അങ്ങനെ തന്നെ. എന്നാല്‍, ചില പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നു ബാങ്കുകള്‍ക്കു കിട്ടിയിരിയ്ക്കുന്ന വായ്പകള്‍ക്കു എസ് എല്‍ ആറും സീ ആര് ആറും ബാധകമല്ല. നബാര്‍ഡ്, നാഷണല്‍ ഹൌസിംഗ് ബാങ്ക്, എക്സിംബാങ്ക്, എന്നിങ്ങനെയുള്ള ചില ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു ബാങ്കുകളെടുത്തിരിയ്ക്കുന്ന വായ്പകള്‍ ഉദാഹരണങ്ങളാണ്.
എസ് എല്‍ ആര് തുക സ്വര്‍ണത്തില്‍ നിക്ഷേപിയ്ക്കാവുന്നതാണെങ്കിലും, സ്വര്‍ണത്തിലുള്ള നിക്ഷേപങ്ങള്‍ക്കു ചില കുഴപ്പങ്ങളുണ്ട്; അവയില്‍ നിന്നു പലിശവരുമാനം ലഭിയ്ക്കുകയില്ലെന്നതാണ് ഒരു കുഴപ്പം. ബാങ്കുകള്‍ക്കു കിട്ടുന്ന നിക്ഷേപങ്ങള്ക്കൊക്കെ ബാങ്കുകള്‍ പലിശ നല്‍കേണ്ടി വരുന്നതുകൊണ്ട്, പലിശവരുമാനം നല്‍കാത്ത സ്വര്‍ണനിക്ഷേപം ബാങ്കുകളുടെ പലിശഭാരം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമേ ഉതകുകയുള്ളൂ.
നമ്മുടെ വീട്ടില്‍ നൂറു പവന്റെ സ്വര്ണാഭരണങ്ങളുണ്ടെന്നു കരുതുക. നമുക്കു സമാധാനത്തോടെ കിടന്നുറങ്ങാനാവില്ല: ഏതു സമയവും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിയ്ക്കപ്പെടുകയോ കൊള്ളയടിയ്ക്കപ്പെടുകയോ ചെയ്യാം. നഷ്ടസാദ്ധ്യത വളരെയാണ്. ഇക്കാര്യത്തില്‍ വ്യക്തികളുടെ മാത്രമല്ല, ബാങ്കുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സ്വര്‍ണത്തിന്റെ സുരക്ഷാസംവിധാനം ചെലവേറിയതാണ്. ഇന്‍ഷൂറന്‍സിനുള്ള ചെലവും വലുതായിരിയ്ക്കും. സ്വര്‍ണത്തിന് ഇനിയുമുണ്ടു കുഴപ്പങ്ങള്‍. സ്വര്‍ണം വിറ്റു പണമാക്കേണ്ട അത്യാവശ്യം വരുന്നെന്നു കരുതുക. സ്വര്ണവില്പന എളുപ്പമല്ല. ഒരിടത്തുനിന്നു മറ്റൊരിടത്തേയ്ക്കു സ്വര്‍ണം കൊണ്ടുപോകുന്നതും അപകടം പിടിച്ചതു തന്നെ. സ്വര്‍ണത്തിന്റെ പരിശുദ്ധി തിട്ടപ്പെടുത്താനുമുണ്ട്. സ്വര്‍ണനിക്ഷേപം ദുര്‍ഘടം തന്നെ.
ഇവയ്ക്കെല്ലാം പുറമേ, ഗുരുതരമായൊരു കുഴപ്പം കൂടി സ്വര്ണനിക്ഷേപത്തിനുണ്ട്. സ്വര്‍ണത്തിന്റെ കമ്പോളവിലയില്‍ സദാ ഏറ്റക്കുറച്ചിലുണ്ടാകുന്നു. കമ്പോളവില ഉയരുക മാത്രമല്ല, ഇടിഞ്ഞെന്നും വരാം. ഇടിവ്, വാങ്ങിവച്ചിരിയ്ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യശോഷണത്തിനിടയാക്കും. 2012 നവംബര്‍ 26ലെ അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 1750.50 ഡോളറായിരുന്നു. (ഔണ്‍സ് = 28.3495 ഗ്രാം.) ഇപ്പോളത് 1081.30 ഡോളര്‍ മാത്രമാണ്. സ്വര്‍ണം ഇത്തരം വിലയിടിവുകള്‍ക്കു വിധേയമായൊരു വസ്തുവായതിനാല്‍, ബാങ്കുകള്‍ തങ്ങളുടെ വിലപ്പെട്ട ധനം സ്വര്‍ണത്തില്‍ നിക്ഷേപിയ്ക്കാനിടയില്ല.
എസ് എല്‍ ആര് തുക റൊക്കം പണമായും സൂക്ഷിയ്ക്കാവുന്നതാണെന്നു പറഞ്ഞുവല്ലോ. സ്വര്‍ണത്തിനുള്ള ചില കുഴപ്പങ്ങള്‍ പണത്തിനുമുണ്ട്. ആധുനികമനുഷ്യന് ചെയ്യുന്ന അദ്ധ്വാനത്തിന്റെ ഭൂരിഭാഗവും പണമുണ്ടാക്കാന്‍ വേണ്ടിയാണെങ്കിലും, പണം അലമാരയില്‍ നിറച്ചുവച്ചാല്‍ അതില്‍ നിന്നു വരുമാനമൊന്നും കിട്ടില്ലെന്നതാണു പണത്തിനുള്ള കുഴപ്പങ്ങളിലൊന്ന്. സ്വര്‍ണത്തെപ്പോലെ തന്നെ, പണം സൂക്ഷിച്ചു വയ്ക്കാനും, ഒരിടത്തു നിന്നു മറ്റൊരിടത്തേയ്ക്കു കൊണ്ടുപോകാനും പ്രത്യേകം സുരക്ഷാസംവിധാനങ്ങള്‍ വേണം. അവയ്ക്കു ചെലവേറെ. ഉയര്‍ന്ന പ്രീമിയം കൊടുക്കേണ്ടുന്ന ഇന്‍ഷൂറന്‍സും നിര്‍ബന്ധം. ചുരുക്കത്തില്‍, പണം പണമായി സൂക്ഷിയ്ക്കാനും ബാങ്കുകള്‍ക്കു താത്പര്യമുണ്ടാവില്ല.
റിസര്‍വ് ബാങ്കിനു പോലും നിക്ഷേപങ്ങള്‍ നടത്താനാണു കൂടുതല്‍ താത്പര്യം. ഇന്ത്യയിലെ ഷെഡ്യൂള്‍ഡ് കമ്മേര്‍ഷ്യല്‍ ബാങ്കുകളുടെ പക്കല്‍ ആകെ 83 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണറിവ്. ഇതിന്മേല് നാലു ശതമാനം ക്യാഷ് റിസര്‍വ് റേഷ്യോ മൂന്നേകാല്‍ ലക്ഷം കോടി രൂപയിലേറെ വരും. ഈ തുകയത്രയും ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ ഏല്പിച്ചിട്ടുണ്ടാവണം. റിസര്‍വ് ബാങ്ക് ഈ പണം പണമായിത്തന്നെ സൂക്ഷിച്ചിരുന്നെങ്കില്‍ അതു മുഴുവന്‍ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ കാണേണ്ടതായിരുന്നു. എന്നാല്‍, മൂന്നേകാല്‍ ലക്ഷം കോടി രൂപയ്ക്കു പകരം, പതിനൊന്നു കോടി രൂപ മാത്രമാണു നോട്ടുകളും നാണയങ്ങളുമായി റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ കാണുന്നത്. അതേ സമയം, ഇരുപത്താറു ലക്ഷം കോടി രൂപയിലേറെ വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിനുണ്ടു താനും. റിസര്‍വ് ബാങ്കും പണം പണമായി സൂക്ഷിയ്ക്കാറില്ലെന്നു വ്യക്തം.
റിസര്‍വ് ബാങ്കിനെ പിന്തുടര്ന്നു ബാങ്കുകളും നിക്ഷേപങ്ങള്‍ നടത്തി വരുമാനം നേടുന്നതില്‍ അതിശയമില്ല. സ്വര്‍ണത്തിനും റൊക്കം പണത്തിനും മുകളില്‍ സൂചിപ്പിച്ച കുഴപ്പങ്ങളുള്ളതുകൊണ്ട്, ബാങ്കുകള്‍ എസ് എല്‍ ആര് തുക പലിശവരുമാനം നല്കുന്ന സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിയ്ക്കുന്നതു സ്വാഭാവികം മാത്രം. ഇവിടെ ചെറിയൊരു കാര്യം കൂടി പറയേണ്ടിയിരിയ്ക്കുന്നു. റിസര്‍വ് ബാങ്കിന്റെ പക്കല്‍ സ്വര്‍ണം ധാരാളമുണ്ട്. 2015 ജൂണ്‍ മുപ്പതിലെ ബാലന്‍സ് ഷീറ്റനുസരിച്ചു റിസര്‍വ് ബാങ്കിന്റെ പക്കല്‍ 121607 കോടി രൂപയ്ക്കുള്ള സ്വര്ണശേഖരമുണ്ടായിരുന്നു. ഇതിന്റെ പകുതിയിലേറെയും (63723 കോടി രൂപ) നോട്ടുകളും നാണയങ്ങളും അച്ചടിയ്ക്കുന്നതിനാവശ്യമുള്ള കരുതല്‍ സ്വര്‍ണ ശേഖരമായിരുന്നു. 57884 കോടി രൂപയുടേതു സ്വര്‍ണനിക്ഷേപവും. ആകെ 557 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്കിന്റെ പക്കലുണ്ടെന്നു കാണുന്നു.
സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം റിസര്‍വ് ബാങ്കിന്റെ പക്കലുണ്ടാകുക തന്നെ വേണം. 1991ല്‍ ഇന്ത്യയുടെ സാമ്പത്തികനില ശോചനീയമായിരുന്നു. മൂന്നാഴ്ചയ്ക്കാവശ്യമുള്ള പെട്രോളിയം ഇറക്കുമതി ചെയ്യാനുള്ള വിദേശനാണയശേഖരം മാത്രമേ ഇന്ത്യയുടെ പക്കല്‍ അവശേഷിച്ചിരുന്നുള്ളൂ: 1.2 ബില്യന്‍ ഡോളര്‍. കൊടുത്തുതീര്‍ക്കാനുള്ള ഡോളര്തുകകള് കൃത്യസമയത്തു കൊടുക്കുന്നതില്‍ മുടക്കം വരുത്തേണ്ടുന്ന അവസ്ഥ വരെ അന്നു സംജാതമായിരുന്നു. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തില്‍ നിന്നു 67 ടണ്‍ പണയം വച്ച്, ഇന്റര്‍നാഷണല്‍ മോണറ്ററി ഫണ്ടിന്റെ (ഐ എം എഫ്) പക്കല്‍ നിന്നു 2.2 ബില്യന്‍ ഡോളറിന്റെ (അന്ന് ഏകദേശം അയ്യായിരം കോടിയിലേറെ രൂപ) അടിയന്തരവായ്പയെടുത്താണ് അന്നു മുടക്കമൊഴിവാക്കിയത്. സാമ്പത്തികനയങ്ങളുടെ ഉദാരീകരണം നടത്താന്‍ ഇന്ത്യ നിര്‍ബദ്ധയായത് അതോടെയാണ്. 1991ല്‍ വെറും 1.2 ബില്യന്‍ ഡോളര്‍ മാത്രമായി ശോഷിച്ചിരുന്ന ഇന്ത്യയുടെ വിദേശനാണ്യശേഖരം ഇന്ന് 353 ബില്യന്‍ ഡോളറായി വളര്‍ന്നിരിയ്ക്കുന്നു. വിദേശനാണയശേഖരത്തോടൊപ്പം സ്വര്‍ണശേഖരവും രാഷ്ട്രത്തിന് ആവശ്യം തന്നെ.
റിസര്‍വ് ബാങ്കിന്റെ പക്കല്‍ സ്വര്‍ണശേഖരവും കറന്‍സി ശേഖരവുമുണ്ടാകേണ്ടതാണെങ്കിലും, ബാങ്കുകള്‍ക്ക് അവയേക്കാളേറെ അഭികാമ്യം പലിശവരുമാനം നല്കുന്ന നിക്ഷേപങ്ങളാണ്. അതുകൊണ്ടവര്‍ എസ് എല്‍ ആര് തുക പലിശവരുമാനം തരുന്ന കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചിരിയ്ക്കുന്നു. ഇന്ത്യയിലെ ഷെഡ്യൂള്‍ഡ് കമ്മേര്‍ഷ്യല്‍ ബാങ്കുകളുടെ പക്കലുള്ള നിക്ഷേപം ഏകദേശം 83 ലക്ഷം കോടി രൂപയാണെന്നു പറഞ്ഞുവല്ലോ. നിലവിലുള്ള എസ് എല്‍ ആര് നിരക്ക് ഇരുപത്തൊന്നര ശതമാനം. ഈ നിരക്കില്‍ എസ് എല്‍ ആര് നിക്ഷേപങ്ങള്‍ ഇപ്പോളെത്രയുണ്ടാകുമെന്നു നോക്കാം. 83 ലക്ഷം കോടിയുടെ ഇരുപത്തൊന്നര ശതമാനം = 17.8 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഷെഡ്യൂള്‍ഡ് കമ്മേര്‍ഷ്യല്‍ ബാങ്കുകള്‍ക്കു പൊതുജനത്തിന്റെ പക്കല്‍ നിന്നു കിട്ടിയിരിയ്ക്കുന്ന 83 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളില്‍ നിന്നുള്ള 17.8 ലക്ഷം കോടി രൂപ ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലാണുള്ളത് എന്നു ചുരുക്കം.
ഒരു ബാങ്ക് എസ് എല്‍ ആര് നിബന്ധന പാലിയ്ക്കുന്നില്ലെങ്കില്‍ എന്തു സംഭവിയ്ക്കും? ക്യാഷ് റിസര്‍വ് റേഷ്യോ നിബന്ധന പാലിയ്ക്കാതിരുന്നെങ്കില് സംഭവിയ്ക്കുമായിരുന്നതൊക്കെ എസ് എല്‍ ആര് നിബന്ധന പാലിയ്ക്കാതിരിയ്ക്കുമ്പോഴും സംഭവിയ്ക്കും. ബാങ്കിനു പിഴയൊടുക്കേണ്ടി വരും. എസ് എല്‍ ആര് പാലിയ്ക്കാത്ത ആദ്യ ദിവസത്തേയ്ക്കു ബാങ്ക് റേറ്റിനേക്കാള്‍ മൂന്നു ശതമാനം ഉയര്‍ന്ന നിരക്കില്‍ പിഴയൊടുക്കേണ്ടി വരും. ഇപ്പോഴത്തെ ബാങ്ക് റേറ്റ് 7.75 ശതമാനമാണ്. ബാങ്ക് റേറ്റിനേക്കാള്‍ മൂന്നു ശതമാനം ഉയര്‍ന്ന നിരക്കെന്നു പറയുമ്പോള്‍, 10.75 ശതമാനം. എസ് എല്‍ ആര് നിബന്ധന പാലിയ്ക്കാതെ പോയ തുകയിന്മേലാണു പിഴയൊടുക്കേണ്ടി വരിക. എസ് എല്‍ ആര് പാലിയ്ക്കാത്ത അവസ്ഥ തുടര്‍ന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാങ്ക് റേറ്റിനേക്കാള്‍ അഞ്ചു ശതമാനം ഉയര്‍ന്ന നിരക്കിലായിരിയ്ക്കും പിഴ നല്‍കേണ്ടി വരിക; അതായത്, 7.75+5 = 12.75 ശതമാനം.
സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ നാല്പതു ശതമാനത്തിലേറെയാകരുതെന്ന് ബാങ്കിംഗ് റെഗുലേഷന് ആക്റ്റ് 1949ന്റെ ഇരുപത്തിനാലാം വകുപ്പു നിഷ്കര്‍ഷിച്ചിരിയ്ക്കുന്നു. ഇപ്പോള്‍ ഇരുപത്തൊന്നര ശതമാനമുള്ള സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ നാല്പതു ശതമാനം വരെ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കിനാകും എന്നു ചുരുക്കം. 2007ല്‍ ബാങ്കിംഗ് റെഗുലേഷന് ആക്റ്റു ഭേദഗതി ചെയ്യുന്നതിനു മുമ്പ്, ഏറ്റവും ചുരുങ്ങിയ എസ് എല്‍ ആര് നിരക്ക് 25 ശതമാനമായിരുന്നു. 2007ലെ ഭേദഗതി ഈ വകുപ്പു നീക്കം ചെയ്തു. അതുകൊണ്ട് എസ് എല്‍ ആര് നിരക്കു പൂജ്യം വരെ താഴ്ത്താന്‍ റിസര്‍വ് ബാങ്കിനാകും.
1949ല്‍ എസ് എല്‍ ആര് നിബന്ധന ആദ്യമായി നിലവില്‍ വന്നപ്പോള്‍ തുടക്കമിട്ടത് 20 ശതമാനത്തിലായിരുന്നു. 1964ല്‍ അത് 25 ശതമാനമായി ഉയര്‍ന്നു. പിന്നീടതു പലപ്പോഴുമുയര്‍ന്നു. 199092 കാലത്തു നിലവിലുണ്ടായിരുന്ന 38.50 ശതമാനമായിരുന്നു 1949 മുതലുള്ള എസ് എല്‍ ആര് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്ക്. 1991ല്‍ ഇന്ത്യ വലിയൊരു സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്നെന്നു മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. 1993 മുതല്‍ എസ് എല്‍ ആര് തുടര്‍ച്ചയായി താഴ്ന്നു കൊണ്ടിരുന്നു എന്നു പറയാം. 1965 മുതലുള്ള അമ്പതു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോള്‍ നിലവിലുള്ളത്: 21.5 ശതമാനം.
ബാങ്കുകള്‍ തങ്ങളുടെ എസ് എല്‍ ആര് തുകകള്‍ നിക്ഷേപിച്ചിരിയ്ക്കുന്ന കടപ്പത്രങ്ങളെപ്പറ്റി അല്പം പറയാം. എന്താണീ കടപ്പത്രം? കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒരു തുക തരാമെന്ന വാഗ്ദാനം മാത്രമാണത്. രണ്ടു തരം കടപ്പത്രങ്ങളുണ്ട്: ബോണ്ടുകളും ഡിബെഞ്ചറുകളും. മലയാളത്തിലിവ രണ്ടും കടപ്പത്രങ്ങള്‍ തന്നെ. ഈ ലേഖനവിഷയം ബോണ്ടുകളാണ്, ഡിബെഞ്ചറുകളല്ല. ഈ ലേഖനത്തിലുടനീളം കടപ്പത്രങ്ങള്‍ എന്നുപയോഗിച്ചിരിയ്ക്കുന്നതു ബോണ്ടുകള്‍ എന്ന അര്‍ത്ഥത്തിലാണ്.
സര്‍ക്കാരാണു കടപ്പത്രങ്ങള്‍ കൂടുതലും പുറപ്പെടുവിയ്ക്കുന്നത്. വിരളമായി വന്‍കിട കമ്പനികളും അവ പുറപ്പെടുവിയ്ക്കുന്നു. കമ്പനികളുടെ ബോണ്ടുകള്‍ അവയുടെ ഡിബെഞ്ചറുകളേക്കാള് സുരക്ഷിതമാണെന്നാണു പൊതുവിലുള്ള കാഴ്ചപ്പാട്. അതിനു കാരണവുമുണ്ട്. നിശ്ചിത ആസ്തികളുടെ ഈടിന്മേലായിരിയ്ക്കും, കമ്പനികള്‍ ബോണ്ടുകള്‍ പുറപ്പെടുവിയ്ക്കുന്നത്. ഡിബെഞ്ചറുകളുടെ അടിസ്ഥാനമാകട്ടെ, കമ്പനികളുടെ വിശ്വാസ്യത മാത്രമായിരിയ്ക്കും. ബോണ്ടുവ്യവസ്ഥകള് പാലിയ്ക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെടുന്നെങ്കില്‍, ബോണ്ടുകളുടെ ഈടായ ആസ്തികളില്‍ നിന്നു തുക ഈടാക്കുന്നതു താരതമ്യേന എളുപ്പമാണ്. ഡിബെഞ്ചറുകളുടെ വ്യവസ്ഥകള്‍ പാലിയ്ക്കാത്ത കമ്പനികളില്‍ നിന്നു ഡിബെഞ്ചര്‍ തുക പിരിച്ചെടുക്കുന്നതു താരതമ്യേന ദുഷ്കരവും.
സ്വകാര്യകമ്പനികളുടെ ബോണ്ടുകളില്‍ എസ് എല്‍ ആര് തുക നിക്ഷേപിയ്ക്കുന്നത് അനുവദനീയമല്ല. സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ മാത്രമാണ് എസ് എല്‍ ആറിന് അംഗീകൃതം. സര്‍ക്കാര്‍ വക ചില കോര്‍പ്പറേഷനുകളുടെ കടപ്പത്രങ്ങളും എസ് എല്‍ ആറിന് അംഗീകൃതമാണ്. ഫെര്‍ട്ടിലൈസര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ഒരുദാഹരണമാണ്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ എസ് എല്‍ ആര് നിക്ഷേപത്തിനുതകുന്നതാണെന്നു പൊതുവില്‍ പറയുമെങ്കിലും, സര്‍ക്കാരിന്റെ പല കടപ്പത്രങ്ങളും അതിനുതകാത്തവയാണ്. ടാക്സ് ഫ്രീ ബോണ്ടുകളും ഓയില്‍ ബോണ്ടുകളും എസ് എല്‍ ആര് നിക്ഷേപത്തിന് ഉതകാത്തവയുടെ ഉദാഹരണങ്ങളാണ്. ഏതെല്ലാം കടപ്പത്രങ്ങള്‍ എസ് എല്‍ ആര് നിക്ഷേപത്തിന് ഉതകുന്നവയാണെന്നു തീരുമാനിയ്ക്കുന്നതു റിസര്‍വ് ബാങ്കു തന്നെ.
കേന്ദ്രസര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ മാത്രമല്ല, സംസ്ഥാനസര്‍ക്കാരുകളുടെ കടപ്പത്രങ്ങളും എസ് എല്‍ ആര് നിക്ഷേപങ്ങളില്‍പ്പെടുന്നു. സംസ്ഥാനസര്‍ക്കാരുകളുടെ കടപ്പത്രങ്ങള്‍ സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകള്‍ (എസ് ഡി എല്‍) എന്ന പേരിലാണു പൊതുവില്‍ അറിയപ്പെടുന്നത്. അവയെല്ലാം സംസ്ഥാനവികസനത്തിനു വേണ്ടിയുള്ളതാണ്. സംസ്ഥാനസര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളും കടപ്പത്രങ്ങള്‍ പുറപ്പെടുവിയ്ക്കാറുണ്ട്. അവയ്ക്ക് സംസ്ഥാനസര്‍ക്കാരുകളുടെ ഗാരന്റിയുണ്ടാകുമെങ്കിലും, ഈ കടപ്പത്രങ്ങള്‍ സംസ്ഥാനസര്ക്കാരുകളുടേതല്ലാത്തതുകൊണ്ട്, അവ എസ് എല്‍ ആര് നിക്ഷേപങ്ങള്ക്കുപയുക്തമല്ല.
ചില സംസ്ഥാനസര്‍ക്കാരുകളുടെ സാമ്പത്തികനില ഭദ്രമാണോയെന്ന ചോദ്യമുയരാമെങ്കിലും, സംസ്ഥാനസര്ക്കാരുകളുടേതുള്പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ കടപ്പത്രങ്ങളും നൂറു ശതമാനം സുരക്ഷിതമാണെന്ന് അന്താരാഷ്ട്രതലത്തില്‍ ബാങ്കുകള്‍ പിന്തുടരുന്ന ബാസല്‍ നിയമങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞിട്ടുള്ളതാണ്. നിഷ്ക്രിയ ആസ്തികളെ (നോണ്‍ പെര്‍ഫോമിംഗ് അസറ്റ് – എന്‍ പി ഏ) കുറിച്ച് എഴുതാനുദ്ദേശിയ്ക്കുന്നൊരു ലേഖനത്തില്‍ ബാസല്‍ നിയമങ്ങളെപ്പറ്റി പരാമര്‍ശിയ്ക്കാം.
കടപ്പത്രങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റേതായാലും സംസ്ഥാനസര്ക്കാരുകളുടേതായാലും, അവര്‍ക്കു വേണ്ടി അവയെല്ലാം പുറപ്പെടുവിയ്ക്കുന്നതു റിസര്‍വ് ബാങ്കു തന്നെ. കാലാകാലങ്ങളില്‍ കടപ്പത്രങ്ങളുടെ പലിശവിതരണം നിര്വഹിയ്ക്കുന്നതും, കടപ്പത്രത്തുകകള് മടക്കിക്കൊടുക്കുന്നതുമെല്ലാം റിസര്‍വ് ബാങ്കു നേരിട്ടു ചെയ്യുന്നു.
എസ് എല്‍ ആര് നിക്ഷേപം റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിയ്ക്കുന്ന സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ മാത്രമേ ആകാവൂ എന്നു പറഞ്ഞുവല്ലോ. സര്‍ക്കാര്‍ കടപ്പത്രങ്ങളെ അവയുടെ കാലാവധിയ്ക്കനുസൃതമായി മൂന്നായി തരംതിരിയ്ക്കാം. ട്രഷറി ബില്ലുകളാണ് ഒന്നാമത്തേത്. ഇവ ‘ടി ബില്ലുകള്‍’ എന്നും അറിയപ്പെടുന്നു. ടി ബില്ലുകള്‍ 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ മൂന്നു കാലയളവുകളിലുള്ളവയാകാം. രണ്ടാമത്തെ വിഭാഗമായ ക്യാഷ് മാനേജ്മെന്റ് ബില്ലുകള്‍ (സി എം ബി) 91 ദിവസത്തേക്കാള്‍ കുറഞ്ഞ കാലയളവിലുള്ളവയായിരിയ്ക്കും. ഡേറ്റഡ് സെക്യൂരിറ്റികളെന്ന മൂന്നാമത്തെ വിഭാഗം ദീര്ഘകാലത്തേയ്ക്കുള്ളതായിരിയ്ക്കും. മുപ്പതു വര്ഷത്തേയ്ക്കുള്ളവയും ഈ വിഭാഗത്തിലുള്ളതായി കണ്ടിട്ടുണ്ട്.
ദീര്‍ഘകാലത്തേയ്ക്കുള്ള കടപ്പത്രങ്ങളിന്മേല്‍ നിക്ഷേപകന് അര്‍ദ്ധവാര്‍ഷികമായി പലിശ കിട്ടിക്കൊണ്ടിരിയ്ക്കും. കാലാവധി തികയുമ്പോള്‍ കടപ്പത്രത്തില്‍ നിക്ഷേപിച്ചിരുന്ന തുകയും തിരികെക്കിട്ടും. ഉദാഹരണത്തിന്, പത്തുവര്‍ഷത്തെ കാലാവധിയുള്ള, നൂറു രൂപ മുഖവിലയുള്ളൊരു കടപ്പത്രത്തില്‍ ആറു ശതമാനം പലിശ വാഗ്ദാനം ചെയ്തിരിയ്ക്കുന്നെന്നു കരുതുക. അതിന്റെ നിക്ഷേപകന് ഓരോ ആറു മാസം കൂടുമ്പോഴും മൂന്നു രൂപ വീതം പലിശ കിട്ടിക്കൊണ്ടിരിയ്ക്കും. പത്തു വര്‍ഷം തികയുമ്പോള്‍ മുഖവിലയായ നൂറു രൂപ തിരികെക്കിട്ടുകയും ചെയ്യും.
ദീര്ഘകാലകടപ്പത്രങ്ങള് നിക്ഷേപകര്‍ക്കു പലിശ നല്കുമ്പോള് ഹ്രസ്വകാലത്തേയ്ക്കുള്ള ടി ബില്ലുകളും സി എം ബികളും പലിശയ്ക്കുപകരം ഡിസ്കൌണ്ടു നല്കുന്നു. ഇതല്പം വിശദീകരിയ്ക്കാം. 91 ദിവസം തികയുമ്പോള്‍ നൂറു രൂപ തരാമെന്ന വാഗ്ദാനമാണ് ഒരു ടി ബില്ലിലുള്ളതെന്നു കരുതുക. ആ കടപ്പത്രം വാങ്ങാന്‍ വേണ്ടി ഇപ്പോള്‍ കൊടുക്കേണ്ടിവരുന്നത് 98.50 രൂപയാണെന്നും കരുതുക. ഇത് ഏകദേശം ആറു ശതമാനം പ്രതിവര്ഷപലിശയ്ക്കു തുല്യമാണ്. കാലാവധി നീണ്ടതാകുമ്പോള്, ഡിസ്കൌണ്ടു തുക വലുതായിരിയ്ക്കും, അടയ്ക്കേണ്ട തുക കുറവായിരിയ്ക്കും. ഹ്രസ്വകാലാവധിയ്ക്കു ഡിസ്കൌണ്ടു കുറവായിരിയ്ക്കും, അടയ്ക്കേണ്ട തുക കൂടുതലായിരിയ്ക്കും. ഇതെല്ലാം വിശാലമായ ഉദാഹരണങ്ങളായിപ്പറഞ്ഞെന്നേയുള്ളൂ; സൂക്ഷ്മതലത്തില്‍ വ്യത്യാസങ്ങളുണ്ടാകാം.
റിസര്‍വ് ബാങ്കിനു പബ്ലിക് ഡെറ്റ് ഓഫീസ് എന്നൊരു വിഭാഗമുണ്ട്. പി ഡി ഓ എന്നറിയപ്പെടുന്ന ഈ വിഭാഗം ‘നെഗോഷ്യേറ്റഡ് ഡീലിംഗ് സിസ്റ്റം’ (എന്‍ ഡി എസ്) വഴി പുതിയ കടപ്പത്രങ്ങള്‍ പുറപ്പെടുവിയ്ക്കുന്നു. എന്‍ ഡി എസ്സിന് ‘ഓര്‍ഡര്‍ മാച്ചിംഗ് സെഗ്മെന്റ്’ എന്ന, പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ഒരു കച്ചവടസംവിധാനമുണ്ട്. ബാങ്കുകള്‍ കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് ഈ സംവിധാനത്തിലൂടെയാണ്. റിസര്‍വ് ബാങ്കും ബാങ്കുകളും തമ്മിലും, ബാങ്കുകള്‍ പരസ്പരവും കടപ്പത്ര ഇടപാടുകള്‍ നടത്തുന്നു.
പണ്ട് കടലാസില്‍ അച്ചടിച്ച ഓഹരിസര്ട്ടിഫിക്കറ്റുകളുണ്ടായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഓഹരിസര്ട്ടിഫിക്കറ്റുകളെ ‘ഡീമെറ്റീരിയലൈസ്’ (ഡീമാറ്റ്) ചെയ്ത് ഇലക്ട്രോണിക് അഥവാ ഡിജിറ്റല്‍ രൂപത്തിലാക്കി. ഇപ്പോള്‍ കച്ചവടം നടത്തപ്പെടുന്ന ഓഹരികളെല്ലാം ‘ഡീമാറ്റ്’ ചെയ്യപ്പെട്ടവയാണ്. നാമിന്ന് ഓഹരി വാങ്ങിയാല്‍ ഓഹരിസര്ട്ടിഫിക്കറ്റു കിട്ടുകയില്ല. പകരം, ആ ഓഹരി നമ്മുടെ ഡീമാറ്റ് അക്കൌണ്ടില്‍ വരവുവച്ചു കിട്ടുന്നു; ‘ക്രെഡിറ്റു’ ചെയ്തു കിട്ടുന്നു എന്നും പറയാം. സേവിംഗ്സ് ബാങ്ക് അക്കൌണ്ടില്‍ നാം പണം നിക്ഷേപിയ്ക്കുന്നതിന് ഏകദേശം സമാനമാണിത്. നാം ഓഹരി വിറ്റൊഴിയുമ്പോള്‍, നമ്മുടെ ഡീമാറ്റ് അക്കൌണ്ടില്‍ നിന്ന് ആ ഓഹരി കുറവു ചെയ്യുന്നു, അഥവാ ‘ഡെബിറ്റു’ ചെയ്യുന്നു. കടപ്പത്രങ്ങള്‍ വാങ്ങുമ്പോഴുള്ള സ്ഥിതിയും ഇതു തന്നെ.
ബാങ്കുകള്‍ക്കു മാത്രമല്ല, വ്യക്തികള്‍ക്കും കടപ്പത്രങ്ങള്‍ വാങ്ങാവുന്നതാണ്. ഓഹരികള്‍ വാങ്ങുന്നതുപോലെ, കടപ്പത്രങ്ങളും നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച്, ബോംബേ സ്റ്റോക് എക്സ്ചേഞ്ച് എന്നിവ വഴി വാങ്ങാം.
ഇനി നമുക്കു റിപ്പോ റേറ്റും റിവേഴ്സ് റിപ്പോ റേറ്റും എന്തെന്നു നോക്കാം.
എപ്പോഴാണു നിക്ഷേപകര്‍ കൂട്ടത്തോടെ വന്നു നിക്ഷേപം പിന്വലിയ്ക്കുന്നതെന്നു മുന്‍കൂട്ടി കാണാന്‍ ബാങ്കുകള്‍ക്കാവില്ല. അതുപോലെ, ആര്‍ക്കൊക്കെയാണോ വായ്പ അനുവദിച്ചിരിയ്ക്കുന്നത്, അവരൊക്കെ ഏതു നിമിഷവും മുഴുവന്‍ വായ്പയുമെടുത്തെന്നു വരാം. പണം കൊടുക്കേണ്ടപ്പോള്‍ അതു കൊടുക്കുകയല്ലാതെ മറ്റൊരു പോംവഴിയും ബാങ്കുകള്‍ക്കില്ല. ആവശ്യത്തിനു പണം കൈവശമില്ലാത്ത അവസ്ഥ ഇതുമൂലം ബാങ്കുകള്‍ക്കു പലപ്പോഴുമുണ്ടാകുന്നു. ഇത്തരം ആസ്തിബാദ്ധ്യതാ പൊരുത്തക്കേടുകള്‍ സ്വാഭാവികവും പതിവുമാണ്. ചിലപ്പോള്‍ പണത്തിന്റെ കുറവാകാം ബാങ്കുകള്‍ നേരിടുന്നത്. മറ്റു ചിലപ്പോള്‍ പണത്തിന്റെ ആധിക്യവും. രണ്ടും ബാങ്കുകളെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ തന്നെ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു പണത്തിന്റെ അത്യാവശ്യമുണ്ടാകുന്നെന്നു കരുതുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്റ്റേറ്റ് ബാങ്കു റിസര്‍വ് ബാങ്കിനെ സമീപിയ്ക്കുന്നു. ബാങ്കുകളുടെ ബാങ്കാണല്ലോ റിസര്‍വ് ബാങ്ക്. സ്റ്റേറ്റ് ബാങ്ക് റിസര്‍വ് ബാങ്കിനോടൊരു താത്കാലിക വായ്പ ആവശ്യപ്പെടുന്നു. സ്റ്റേറ്റ് ബാങ്കും റിസര്‍വ് ബാങ്കും തമ്മിലുള്ള, സാങ്കല്പികമായൊരു സംവാദം നമുക്കു കേള്‍ക്കാം.
സ്റ്റേറ്റ് ബാങ്ക് റിസര്‍വ് ബാങ്കിനോടു ഫോണില്‍: ‘അതേയ്, ചേട്ടാ, അത്യാവശ്യായിട്ട് കൊറച്ചു കാശു വേണായിരുന്നു.’
റിസര്‍വ് ബാങ്ക്: ‘എസ് എല്‍ ആറിന്റെ ബോണ്ടുകളില്ലേ കൈയില്‍? അതു കുറേ ഇങ്ങോട്ടു തരിക.’
‘കാശെത്ര കിട്ടും?’
‘എത്ര വേണം?’
‘ഇത്തിരി കൂടുതലു വേണം: ഒരു ലക്ഷം രൂപ.’
‘ഒരു ലക്ഷമോ!’ റിസര്‍വ് ബാങ്കു ചിരിയ്ക്കുന്നു. ‘അഞ്ചു കോടിയില്‍ക്കുറഞ്ഞ ഇടപാടില്ല. അഞ്ചു കോടി, പത്തു കോടി, പതിനഞ്ചു കോടി. അങ്ങനെ അഞ്ചു കോടിയുടെ ഗുണിതങ്ങളായി മാത്രമേ കിട്ടുകയുള്ളൂ.
‘അപ്പോ, ഒരു ലക്ഷം മാത്രമായി കിട്ടുകയില്ലേ?’
‘ഇല്ല. മിനിമം അഞ്ചു കോടി. വേണമെങ്കില്‍ വേഗം പറയുക.’
‘അഞ്ചു കോടിയെങ്കില്‍ അഞ്ചു കോടി. എടുത്തുകളയാം. കാശിനാവശ്യണ്ട്. കടപ്പത്രം എന്തോരം തരണം?’
‘അഞ്ചു ശതമാനം മാര്‍ജിന്‍. എന്നു വച്ചാല്‍, അഞ്ചു കോടി രൂപ കിട്ടണമെങ്കില്‍ അഞ്ചു കോടി ഇരുപത്താറു ലക്ഷം രൂപയ്ക്കുള്ള കടപ്പത്രം തരണം.’
‘കടപ്പത്രങ്ങള്‍ പണയം വയ്ക്കുകയാണോ ഞങ്ങള്‍ ചെയ്യേണ്ടത്?’
റിസര്‍വ് ബാങ്കു ചിരിച്ചുപോയി. ‘ഇതെന്താ, സ്വര്‍ണപ്പണയം പോലുള്ള ബിസിനസ്സാണെന്നു കരുതിയോ? നിങ്ങള്‍ കടപ്പത്രങ്ങള്‍ ഞങ്ങള്‍ക്കു വില്‍ക്കണം.’
‘അതെന്തിനാ വില്‍ക്കണത്? പണയമായിത്തന്നാല്പ്പോരേ?’ പലിശവരുമാനം നല്കുന്ന കടപ്പത്രങ്ങള്‍ വിറ്റുകളയാന്‍ സ്റ്റേറ്റു ബാങ്കിനു വൈമനസ്യമുണ്ട്.
‘പോരാ. വിറ്റുതരിക തന്നെ വേണം.’
‘അങ്ങനെയെങ്കില്‍ അങ്ങനെ. എത്ര നാളത്തേയ്ക്കാണു ലോണ്‍ കിട്ടുക?’
‘എത്ര നാളത്തേയ്ക്കു വേണം?’
‘രണ്ടു ദിവസം. കൂടിപ്പോയാല്‍ മൂന്ന്. അങ്ങേയറ്റം എത്ര ദിവസത്തേയ്ക്കു വരെ കിട്ടും?’
‘ഒരു സമയപരിധി ഞങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടില്ല. എങ്കിലും മൂന്നു മാസത്തില്‍ കൂടാതിരിയ്ക്കുന്നതു നന്ന്. സാധാരണയായി ബാങ്കുകളിതു രണ്ടോ മൂന്നോ ദിവസത്തേയ്ക്കു മാത്രമായാണ് എടുക്കാറ്. ഒരാഴ്ചയ്ക്കപ്പുറം നീണ്ടു പോകാറില്ല.’
‘പലിശ വല്ലതും തരേണ്ടി വരുമോ?’
‘നല്ല ചോദ്യം! പലിശയില്ലാത്ത വായ്പ നിങ്ങള്‍ കൊടുക്കാറുണ്ടോ, ഇല്ലല്ലോ? ഇതിനും പലിശ വേണം.’
‘എത്ര ശതമാനം തരേണ്ടി വരും?’
‘അതു നിങ്ങള്‍ക്കറിയില്ലേ? ആറേമുക്കാല്‍ ശതമാനമെന്നു പറഞ്ഞുകൊണ്ടു ഞങ്ങളയച്ച സര്‍ക്കുലര്‍ നിങ്ങളുടെ കമ്പ്യൂട്ടറിലുണ്ടാകും. സര്‍ക്കുലറുകള്‍ ഇടയ്ക്കിടെ തുറന്നു വായിയ്ക്കണം.’
‘എന്താണിക്കേള്ക്കണത്! മൂന്നു ദിവസത്തേയ്ക്ക് ആറേമുക്കാല്‍ ശതമാനം പലിശയോ? അതു ബ്ലേയ്ഡിലും കടുപ്പമാകുമല്ലോ.’
‘ഞങ്ങള്‍ റിപ്പോ റേറ്റു പറയുന്നത് ഒരു വര്‍ഷത്തേയ്ക്കാണ്. പ്രതിവര്‍ഷം ആറേമുക്കാല്‍ ശതമാനം.’
‘ഹാവൂ! 365 ദിവസത്തേയ്ക്ക് ആറേമുക്കാല്‍ ശതമാനം സാരമില്ല.’ സ്റ്റേറ്റ് ബാങ്കിന് ആശ്വാസമായി. ‘അപ്പോ, റിപ്പോ റേറ്റെന്നു പറയുന്നത് ഇതിനാണോ?’
‘അതെ.’
‘ചേട്ടാ, ഒരു കാര്യമിപ്പഴാ ഓര്‍ത്തത്. ചോദിയ്ക്കുന്നതില് വേറൊന്നും വിചാരിയ്ക്കരുത്. കടപ്പത്രങ്ങളില്‍ നിന്നു ഞങ്ങള്‍ക്കു പലിശ കിട്ടാറുണ്ട്. കടപ്പത്രങ്ങള്‍ നിങ്ങള്‍ക്കു വിറ്റാല്‍, ഞങ്ങള്‍ക്കു കിട്ടിക്കൊണ്ടിരിയ്ക്കുന്ന പലിശ ഞങ്ങള്‍ക്കു കിട്ടാതെ പോകുമോ? വായ്പത്തുക മേല്‍ ആറേമുക്കാല്‍ ശതമാനം പലിശ നിങ്ങള്‍ക്കു തരേണ്ടി വരുന്നതിനെടേല്, കടപ്പത്രങ്ങളില്‍ നിന്നു കിട്ടിക്കൊണ്ടിരിയ്ക്കുന്ന പലിശവരുമാനം നിന്നുപോകുകയും ചെയ്താല്‍ വലഞ്ഞു പോകും.’
‘ആ വേവലാതി വേണ്ട.’ റിസര്‍വ് ബാങ്കു സ്റ്റേറ്റ് ബാങ്കിനെ ആശ്വസിപ്പിച്ചു. ‘ഈ വായ്പയ്ക്കായി നിങ്ങള്‍ ഞങ്ങള്‍ക്കു വില്‍ക്കുന്ന കടപ്പത്രങ്ങളുടെ സൂക്ഷിപ്പുകാരന് മാത്രമായിരിയ്ക്കും ഞങ്ങള്‍. ഞങ്ങളവയുടെ പലിശ കൃത്യമായി വാങ്ങി നിങ്ങളുടെ അക്കൌണ്ടില്‍ ക്രെഡിറ്റു ചെയ്യും.’
‘വളരെ സന്തോഷം. എന്നാല്‍ കടപ്പത്രങ്ങളും കൊണ്ട് അങ്ങോട്ടു വരട്ടേ?’
‘ഇങ്ങോട്ടു വരേണ്ട കാര്യമില്ല. ഇതൊക്കെയിപ്പോള്‍ കമ്പ്യൂട്ടര്‍ വഴി ചെയ്യാവുന്നതേയുള്ളൂ. കമ്പ്യൂട്ടര്‍ വഴിതന്നെ ചെയ്യുകയും വേണം. നിങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റു സന്ദര്‍ശിയ്ക്കുക. എന്തൊക്കെച്ചെയ്യണമെന്ന് അതിലുണ്ട്. നിങ്ങള്‍ കടപ്പത്രങ്ങള്‍ ഞങ്ങള്‍ക്കു വിറ്റ ഉടനെ ഞങ്ങള്‍ നിങ്ങളുടെ അക്കൌണ്ടില്‍ വായ്പപ്പണം ക്രെഡിറ്റു ചെയ്യും.’
‘ശരി. വേറൊന്നൂല്ലല്ലോ?’
‘ഒരു നടപടിക്രമം കൂടിയുണ്ട്,’ റിസര്‍വ് ബാങ്കു പറഞ്ഞു. ‘നിങ്ങളൊരു കരാറൊപ്പിട്ടുതരികയും വേണം. എത്ര ദിവസത്തേയ്ക്കാ ലോണ്‍ വേണ്ടത്?’
‘മൂന്നു ദിവസത്തേയ്ക്ക്. എന്തു കരാറാ ഒപ്പിട്ടു തരേണ്ടത്?’
‘റീപര്‍ച്ചേസ് എഗ്രിമെന്റ്. ഇന്നു നിങ്ങള്‍ ഞങ്ങള്‍ക്കു വില്ക്കാന് പോകുന്ന കടപ്പത്രം മുഴുവനും നാലാമത്തെ ദിവസം വായ്പ പലിശസഹിതം തിരിച്ചടച്ച ശേഷം ഞങ്ങളുടെ പക്കല്‍ നിന്നു തിരികെ വാങ്ങിക്കൊള്ളാമെന്നു സമ്മതിയ്ക്കുന്ന കരാര്‍. ഇന്നു കടപ്പത്രം നിങ്ങള്‍ ഞങ്ങള്‍ക്കു വില്‍ക്കുന്നു. നാലാമത്തെ ദിവസം നിങ്ങളവ തിരിച്ചു വാങ്ങുന്നു, അതായതു റീപര്‍ച്ചേസ് ചെയ്യുന്നു.’
‘ഓഹോ! ഈ റീപര്ച്ചേസു കാരണമാണ് ഇതിനു റിപ്പോ എന്ന പേരു വന്നത്. ശരിയല്ലേ?’ സ്റ്റേറ്റ് ബാങ്ക് തങ്ങളുടെ വിജ്ഞാനം പ്രകടിപ്പിച്ചു.
‘അതെ. റിപ്പോ എഗ്രിമെന്റ്, റിപ്പോ ലോണ്‍, റിപ്പോ റേറ്റ്.’
‘ഈ റീപര്‍ച്ചേസ് എഗ്രിമെന്റും കമ്പ്യൂട്ടറില്‍ക്കൂടി ഒപ്പിട്ടയച്ചാല്‍ മതിയോ?’
‘മതി.’
‘ഒരു കാര്യം കൂടി. ഇന്നു ഞങ്ങള്‍ക്കു മിനിമം തുക മാത്രം മതി. എങ്കിലും അറിഞ്ഞിരിയ്ക്കാന്‍ വേണ്ടി ചോദിയ്ക്കുകയാണ്. ഈ വായ്പ അങ്ങേയറ്റം എത്ര വരെ കിട്ടും?’
‘ഡെപ്പോസിറ്റുകളും ലോണുകളുമൊക്കെയായി ആകെ എത്ര നിക്ഷേപം നിങ്ങളുടെ പക്കലുണ്ടോ, അതിന്റെ അര ശതമാനം വരെ ഈ വായ്പ കിട്ടും.’
സ്റ്റേറ്റ് ബാങ്കും റിസര്‍വ് ബാങ്കും തമ്മില്‍ നടന്ന, സാങ്കല്പികമായ ഈ സംവാദത്തില്‍ നിന്നു റിപ്പോയെപ്പറ്റി കുറച്ചു കാര്യങ്ങള്‍ മനസ്സിലായിക്കാണുമെന്നു കരുതുന്നു. സ്റ്റേറ്റ് ബാങ്കിനു വിവരമല്പം കുറവാണെന്ന തരത്തില്‍ എഴുതിയിരിയ്ക്കുന്നതിനു സ്റ്റേറ്റ് ബാങ്കിന്റെ ആരാധകരാരും എന്നോടു കോപിയ്ക്കരുതെന്നപേക്ഷ. സ്റ്റേറ്റ് ബാങ്ക് യഥാര്‍ത്ഥത്തില്‍ ഇക്കാര്യങ്ങളിലൊക്കെ വിദഗ്ദ്ധരാണ്.
കാര്യമിവിടെ അവസാനിയ്ക്കുന്നില്ല. സ്റ്റേറ്റ് ബാങ്ക് അഞ്ചു കോടിയുടെ റിപ്പോ ലോണ്‍ ചോദിച്ചയുടനെ അതു കൊടുക്കാമെന്നു റിസര്‍വ് ബാങ്കു സമ്മതിയ്ക്കുകയും ചെയ്തു. റിസര്‍വ് ബാങ്കു ബാങ്കുകളുടെ ബാങ്കായതുകൊണ്ട്, ഒരു ബാങ്ക് അത്യാവശ്യം മൂലമൊരു ഹ്രസ്വകാല ധനസഹായം ആവശ്യപ്പെടുമ്പോള്‍ അതു കൊടുക്കാതെ തരമില്ല. പക്ഷേ, സ്റ്റേറ്റ് ബാങ്കിനു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത അഞ്ചുകോടി രൂപ തങ്ങളുടെ പക്കലുണ്ടോയെന്നു റിസര്‍വ് ബാങ്കു പരിശോധിച്ചപ്പോഴാണു സത്യാവസ്ഥ മനസ്സിലായത്: ഒരു രൂപ പോലുമില്ല! സ്റ്റേറ്റ് ബാങ്കിന് അഞ്ചുകോടി കൊടുക്കാമെന്നു സമ്മതിച്ചും പോയി. ഇനിയെന്തു ചെയ്യും?
പക്ഷേ, ഒരുപാടു ബാങ്കുകളുടേയും സര്‍ക്കാരുകളുടേയും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതു റിസര്‍വ് ബാങ്കിന്റെ പതിവായതുകൊണ്ട് ഇത്തരം പണദൌര്ലഭ്യങ്ങള് റിസര്‍വ് ബാങ്കിനു പരിചിതമാണ്. റിസര്‍വ് ബാങ്ക് ഐസിഐസിഐ ബാങ്കിനെ വിളിച്ചു. ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ ബാങ്കാണ് ഐസിഐസിഐ ബാ!ങ്ക്. അവര്‍ തമ്മിലുള്ള സാങ്കല്പികസംവാദം നമുക്കൊന്നു കേള്‍ക്കാം. റിവേഴ്സ് റിപ്പോയെപ്പറ്റി അല്പം മനസ്സിലാക്കാന്‍ അതുപകരിയ്ക്കും.
‘എന്താ ചേട്ടാ, പതിവില്ലാത്തൊരു വിളി?’ ആളെ മനസ്സിലായ ഉടനെ ഐസിഐസിഐ ബാങ്കു ചോദിച്ചു. ശബ്ദത്തില്‍ നേരിയൊരു നീരസമുണ്ടായിരുന്നു.
‘അഞ്ചു കോടി രൂപയെടുക്കാനുണ്ടോ കൈയില്‍? മൂന്നു ദിവസത്തേയ്ക്കേ വേണ്ടൂ. നാലാമത്തെ ദിവസം മടക്കിത്തരാം.’
മുമ്പ് ഒരത്യാവശ്യസന്ദര്ഭത്തില് ഐസിഐസിഐ ബാങ്കു വായ്പയ്ക്കായി റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. റിസര്‍വ് ബാങ്കന്നു വായ്പ നല്‍കിയിരുന്നെങ്കിലും ഐസിഐസിഐ ബാങ്കിനു മൂന്നു കാര്യങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. റിസര്‍വ് ബാങ്ക് വായ്പയ്ക്കു പലിശ ഈടാക്കിയതായിരുന്നു അനിഷ്ടത്തിനുള്ള കാരണങ്ങളിലൊന്ന്. നിസ്സാരസമയത്തേയ്ക്കൊരു ചെറിയ തുക ചോദിച്ചപ്പോള്‍ അതിനു പലിശ! ഇത്തരം കൊച്ചുകൊച്ചു സഹായങ്ങളൊക്കെ റിസര്‍വ് ബാങ്കു പലിശ കൂടാതെ തന്നെ ചെയ്തു തരേണ്ടതായിരുന്നെന്നാണ് ഐസിഐസിബാങ്കിന്റെ അഭിപ്രായം.
വായ്പയിന്മേല് പലിശ ചുമത്തുമെന്നു പറഞ്ഞതിനു പുറമേ, ഈടായി കടപ്പത്രങ്ങള്‍ വിറ്റുകൊടുക്കണമെന്നു റിസര്‍വ് ബാങ്കു നിര്‍ബന്ധിച്ചതും ഐസിഐസിഐ ബാങ്കിനു രുചിച്ചിരുന്നില്ല. ‘നിങ്ങളുടെ പണവും കൊണ്ട് ഞങ്ങളോടിപ്പൊയ്ക്കളയുമെന്നാണോ വിചാരിയ്ക്കുന്നത്’ എന്നവര്‍ അന്നു റിസര്‍വ് ബാങ്കിനോടു ചോദിയ്ക്കുക പോലും ചെയ്തിരുന്നു. ‘ഇതൊക്കെ പതിവു നടപടിക്രമങ്ങളല്ലേ, എല്ലാവരും ഇതൊക്കെ അനുസരിയ്ക്കുന്നുണ്ട്’ എന്ന മറുപടിയും റിസര്‍വ് ബാങ്ക് അക്ഷോഭ്യനായി കൊടുത്തിരുന്നു.
അതിനെല്ലാം പുറമേ അന്നു റീപര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടു നല്‍കുകയും വേണ്ടി വന്നു. ഐസിഐസിഐ ബാങ്കു രോഷത്തോടെ പറഞ്ഞു, ‘നിങ്ങള്‍ ബാങ്കുകളുടെ ബാങ്കാണെന്ന് അവകാശപ്പെടാതിരിയ്ക്കുകയാണു നല്ലത്!’
അക്കാര്യമൊക്കെ ഐസിഐസിഐ ബാങ്കിന് ഓര്‍മ്മ വന്നു. അതിനൊക്കെ പകരം വീട്ടിയിട്ടു തന്നെ കാര്യം! അവര്‍ പറഞ്ഞു, ‘രൂപയൊക്കെയുണ്ടു കൈയില്‍. പക്ഷേ, പലിശ, കടപ്പത്രങ്ങള്‍, എഗ്രിമെന്റ് – ഇവ മൂന്നും തരണം.’ അന്നു റിസര്‍വ് ബാങ്ക് എന്തൊക്കെച്ചെയ്യിച്ചിരുന്നുവോ അതെല്ലാമിന്ന് അവരെക്കൊണ്ടു തന്നെ ചെയ്യിയ്ക്കണം, ഐസിഐസിഐ ബാങ്കു തീരുമാനിച്ചു. ‘പലിശ പതിനഞ്ചു ശതമാനമാകും.’ പറഞ്ഞു കഴിഞ്ഞപ്പോഴാണോര്ത്തത്, ഇരുപതു ശതമാനമെന്നു പറയാമായിരുന്നു!
റിസര്‍വ് ബാങ്ക് ചോദിച്ചു, ‘ഞങ്ങളയച്ചു തന്ന സര്‍ക്കുലറുകള്‍ നിങ്ങള്‍ വായിയ്ക്കാറില്ല, അല്ലേ?’
‘ദിവസേന കുറേ സര്‍ക്കുലറു കയറി വരുന്നുണ്ട്. അതു മുഴുവനും വായിച്ചു തീര്‍ക്കാന്‍ ആരെക്കൊണ്ടാകും!’
‘ഞങ്ങള്‍ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകളുടെ വ്യവസ്ഥകളെല്ലാം സര്‍ക്കുലറുകളില്‍ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് അഞ്ചേമുക്കാല്‍ ശതമാനം പലിശ കിട്ടും. അത്രയേ കിട്ടുകയുള്ളൂ.’
‘അഞ്ചേമുക്കാല്‍ ശതമാനം മാത്രമോ?’
‘ബാങ്കുകളില്‍ നിന്നു ഞങ്ങളെടുക്കുന്ന ഇത്തരം ലോണുകള്‍ക്കു റിവേഴ്സ് റിപ്പോ റേറ്റനുസരിച്ചാണു പലിശ നല്‍കുക. നിലവിലിരിയ്ക്കുന്ന റിപ്പോ റേറ്റില്‍ നിന്ന് ഒരു ശതമാനം കുറവാണു റിവേഴ്സ് റിപ്പോ റേറ്റ്. റിപ്പോ റേറ്റിപ്പോള് ആറേമുക്കാല്‍ ശതമാനമായതുകൊണ്ട് റിവേഴ്സ് റിപ്പോ റേറ്റ് അഞ്ചേമുക്കാല്‍ ശതമാനം.’
‘ഇതെവിടുത്തെ ന്യായം! ലോണിന്റെ പലിശനിരക്കു തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യം ലോണ്‍ തരുന്നവര്ക്കുണ്ടാകേണ്ടതല്ലേ? ലോണെടുക്കുന്നവരാണോ പലിശനിരക്കു തീരുമാനിയ്ക്കുന്നത്?’
‘ഞങ്ങള്‍ക്കു തരുന്ന ലോണുകളുടെ പലിശനിരക്കു ഞങ്ങള്‍ നിശ്ചയിയ്ക്കും. ബാങ്കിംഗ് റെഗുലേഷന് ആക്റ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്റ്റ് എന്നീ രണ്ടു നിയമങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ?’
‘കേട്ടിട്ടുണ്ടെന്നു തോന്നുന്നു.’
‘അവ രണ്ടും വായിച്ചുനോക്കിയാല്‍ ഞങ്ങളുടെ അധികാരങ്ങളെന്തെല്ലാമെന്ന് അറിയാനാകും. സൌകര്യം പോലെ അതൊക്കെയൊന്നു വായിയ്ക്കുക.’ പതിനഞ്ചു ശതമാനത്തിനു പകരം അഞ്ചേമുക്കാല്‍ ശതമാനം പലിശ മാത്രമേ കിട്ടുകയുള്ളെന്നു മനസ്സിലായപ്പോള്‍ ഐസിഐസിഐ ബാങ്കു നിരാശനായി. റിസര്‍വ് ബാങ്കു തുടര്‍ന്നു: ‘ബോണ്ടുകള്‍ തരാം. പിന്നെ, എഗ്രിമെന്റ് ഒപ്പിടേണ്ടതു നിങ്ങളാണ്, ഞങ്ങളല്ല.’
‘അതെങ്ങനെ! അന്നു ഞങ്ങള്‍ ലോണെടുത്തപ്പോള്‍ ഞങ്ങളാണു റീപര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടു തന്നത്. ഇന്നു ലോണെടുക്കുന്നതു നിങ്ങളാണ്. അപ്പൊ നിങ്ങളല്ലേ റീപര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടു തരേണ്ടത്?’ ഐസിഐസിഐ ബാങ്കു ചൂടായി.
‘ലോണെടുക്കുന്നതു ബാങ്കുകളായാലും ഞങ്ങളായാലും എഗ്രിമെന്റൊപ്പിടേണ്ടതു ബാങ്കുകള്‍ തന്നെ. അതാണു നിയമം. ഞങ്ങള്‍ ലോണെടുക്കുമ്പോള്‍ നിങ്ങളൊപ്പിടേണ്ടതു റീപര്‍ച്ചേസ് എഗ്രിമെന്റല്ല, റീസെയില്‍ എഗ്രിമെന്റാണ്. അതായത്, ഞങ്ങളിപ്പോള്‍ നിങ്ങള്‍ക്കു വില്‍ക്കുന്ന ബോണ്ടുകള്‍ നിങ്ങള്‍ കൃത്യസമയത്തുതന്നെ ഞങ്ങള്‍ക്കു തിരികെ വിറ്റുകൊള്ളാമെന്നു സമ്മതിയ്ക്കുന്ന എഗ്രിമെന്റ്.’
‘അപ്പോള്‍ ഈ വ്യവസ്ഥകളൊക്കെ സമ്മതിയ്ക്കാതെ നിവൃത്തിയില്ലെന്നാണോ പറയുന്നത്?’
‘അതെ. നിങ്ങള്‍ക്ക് ഈ വ്യവസ്ഥകള്‍ സമ്മതമല്ലെങ്കില്‍ ഞങ്ങള്‍ മറ്റേതെങ്കിലും ബാങ്കുകളെ സമീപിച്ചോളാം. എന്തു പറയുന്നു?’
ഐസിഐസിഐ ബാങ്ക് ആലോചിച്ചു. കൈവശം നിഷ്ക്രിയമായിക്കിടക്കുന്ന പണം ഇരുപതിരുപത്തഞ്ചു കോടിയോളം വരും. പണം പണമായി ഇരുന്നതുകൊണ്ടു യാതൊരു ഗുണവുമില്ല. വരുമാനമുണ്ടാകണമെങ്കില്‍ വായ്പ കൊടുക്കണം. റിസര്‍വ് ബാങ്കിന് അഞ്ചു കോടി കൊടുക്കാനായാല്‍ അത്രയുമായി. ഐസിഐസിഐ ബാങ്കു മനക്കണക്കു കൂട്ടി നോക്കി: അഞ്ചുകോടി രൂപയ്ക്ക് അഞ്ചേമുക്കാല്‍ ശതമാനം നിരക്കില്‍ മൂന്നു ദിവസത്തെ പലിശ ഇരുപതിനായിരത്തില്ക്കുറയില്ല. തള്ളിക്കളയാന്‍ പറ്റുന്ന തുകയല്ല. ലോണ്‍ ചോദിച്ചുകൊണ്ട് അധികമാരും വരാത്ത കാലമാണു താനും.
‘ലോണ്‍ തരാം.’ റിസര്‍വ് ബാങ്കുമായി ഇണങ്ങുന്നതാണു നല്ലത്. അവരുമായി കലഹിച്ചുകൊണ്ടു ബാങ്കുകള്‍ക്കു ജീവിച്ചുപോകാനാകില്ല. ഐസിഐസിഐ ബാങ്കു ബുദ്ധിമുട്ടി സൌഹൃദഭാവം മുഖത്തു വരുത്തി. ‘ഇന്നു മാത്രമല്ല, ഇത്തരം ആവശ്യം വരുമ്പോഴൊക്കെ മടിയ്ക്കാതെ ചോദിച്ചോളുക.’
റിവേഴ്സ് റിപ്പോ നിരക്കിനെപ്പറ്റി ഒരേകദേശരൂപം മുകളില്‍ക്കൊടുത്തിരിയ്ക്കുന്ന സാങ്കല്പിക സംഭാഷണത്തില്‍ നിന്നു മനസ്സിലായിക്കാണുമെന്നു കരുതുന്നു. റിപ്പോറിവേഴ്സ് റിപ്പോ വായ്പകള്‍ക്കായി ഇത്തരം സംഭാഷണങ്ങള്‍ ഇന്നാവശ്യമില്ല. റിപ്പോ ലോണുകളും റിവേഴ്സ് റിപ്പോ ലോണുകളുമെല്ലാം ഇപ്പോള്‍ കമ്പ്യൂട്ടര്വത്കരിച്ചിരിയ്ക്കുകയാണ്. വായ്പകളെടുക്കലും കൊടുക്കലും മിനിറ്റുകള്‍ കൊണ്ടു നടക്കുന്നു.
റിപ്പോറിവേഴ്സ് റിപ്പോ സംക്ഷിപ്തരൂപത്തിലിതാ: ബാങ്കുകളാണു റിപ്പോ വായ്പയെടുക്കുന്നത്. റിവേഴ്സ് റിപ്പോ വായ്പയെടുക്കുന്നതു റിസര്‍വ് ബാങ്കും. റിപ്പോ വായ്പയ്ക്കു വേണ്ടി ബാങ്കുകള്‍ കടപ്പത്രങ്ങള്‍ റിസര്‍വ് ബാങ്കിനു വില്‍ക്കുന്നു. അങ്ങനെ പോകുന്ന കടപ്പത്രങ്ങള്‍ ‘റീപര്‍ച്ചേസ്’ ചെയ്യാനുള്ള കരാര്‍ ബാങ്കുകളൊപ്പിട്ടുകൊടുക്കുന്നു. റിവേഴ്സ് റിപ്പോ വായ്പയില്‍ റിസര്‍വ് ബാങ്കു കടപ്പത്രങ്ങള്‍ ബാങ്കുകള്‍ക്കു വില്‍ക്കുന്നു, ബാങ്കുകള്‍ ‘റീസെയില്‍’ കരാറൊപ്പിട്ടുകൊടുക്കുന്നു. റിപ്പോവായ്പയില്‍ കടപ്പത്രങ്ങളും വായ്പപ്പണവും ഏതെല്ലാം ദിശകളിലാണോ പോകുന്നത്, അവയുടെ വിപരീത ദിശകളിലാണ് അവ റിവേഴ്സ് റിപ്പോവായ്പയില്‍ പോകുന്നത്. അതുകൊണ്ടാണു റിവേഴ്സ് റിപ്പോ ഇടപാടുകളിലെ എല്ലാ ഘടകങ്ങളേയും ‘റിവേഴ്സ്’ എന്ന പദം ചേര്‍ത്തു വിശേഷിപ്പിയ്ക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ നയമനുസരിച്ച്, റിവേഴ്സ് റിപ്പോ നിരക്ക് റിപ്പോ നിരക്കിനേക്കാള്‍ ഒരു ശതമാനം കുറവായിരിയ്ക്കും. നിലവിലുള്ള റിപ്പോ നിരക്ക് 6.75 ശതമാനമായതുകൊണ്ട്, റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമാണ്. ഇക്കാര്യം മുകളിലെ സംവാദത്തില്‍ പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 28 വരെ 7.25 ശതമാനമായിരുന്നു റിപ്പോ നിരക്ക്. സെപ്റ്റംബര്‍ 29നു പ്രഖ്യാപിച്ച സാമ്പത്തികനയാവലോകനത്തില് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ അര ശതമാനം കുറവു വരുത്തി. റിപ്പോ നിരക്കില്‍ മാറ്റങ്ങള്‍ വരുമ്പോള്‍, സമാനമായ മാറ്റങ്ങള്‍ റിവേഴ്സ് റിപ്പോ നിരക്കിലും ഉണ്ടാകുന്നു. റിപ്പോ നിരക്കുയര്‍ന്നാല്‍ സമാനമായ ഉയര്‍ച്ച റിവേഴ്സ് റിപ്പോ നിരക്കിലുമുണ്ടാകുന്നു. റിപ്പോ നിരക്കു താഴ്ന്നാല്‍, സമാനമായ താഴ്ച റിവേഴ്സ് റിപ്പോ നിരക്കിലുമുണ്ടാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും തമ്മിലുള്ള വിടവു മൂന്നു ശതമാനമായിരുന്നു. ഈ വിടവു ക്രമേണ കുറഞ്ഞ് ഒരു ശതമാനത്തിലെത്തിയിരിയ്ക്കുന്നു.
ബാങ്കുകള്‍ക്കെടുക്കാവുന്ന റിപ്പോവായ്പയ്ക്കു പരിധിയുണ്ടെന്നും, ബാങ്കുകള്‍ക്കു കിട്ടിയിരിയ്ക്കുന്ന നിക്ഷേപത്തിന്റെ അര ശതമാനമാണ് ആ പരിധിയെന്നും സ്റ്റേറ്റ് ബാങ്കും റിസര്‍വ് ബാങ്കും തമ്മില്‍ നടക്കുന്ന സാങ്കല്പിക സംവാദത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പലപ്പോഴുമിതു ബാങ്കുകള്‍ക്കു മതിയാകാതെ വന്നെന്നു വരാം. അത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്കില്‍ നിന്നെടുക്കാവുന്ന മറ്റൊരു താത്കാലിക വായ്പയുണ്ട്. അതിനു മാര്‍ജിനല്‍ സ്റ്റാന്റ്റിംഗ് ഫെസിലിറ്റി (എം എസ് എഫ്) എന്നു പറയുന്നു. റിപ്പോ വായ്പയ്ക്ക് ഏകദേശം സമാനം തന്നെയാണു എം എസ് ഈഫ്. അതിനു രണ്ടു വ്യത്യാസങ്ങളുണ്ട്. പലിശ റിപ്പോ നിരക്കിനേക്കാള്‍ ഒരു ശതമാനം കൂടുതലായിരിയ്ക്കും; ഇപ്പോഴത്തെ റിപ്പോ നിരക്ക് 6.75 ശതമാനമായതുകൊണ്ട് 7.75 ശതമാനമാണ് എം എസ് എഫിന്റെ പലിശനിരക്ക്. പരിധിയിലാണു രണ്ടാമത്തെ വ്യത്യാസം: റിപ്പോ നിരക്കിലെടുക്കാവുന്ന വായ്പയുടെ പരിധി ബാങ്കിന്റെ പക്കലുള്ള നിക്ഷേപത്തിന്റെ അര ശതമാനം മാത്രമാണെങ്കില്‍, എം എസ് എഫിന്റെ പരിധി നാലിരട്ടി ഉയര്‍ന്നതാണ്: ബാങ്കിന്റെ പക്കലുള്ള നിക്ഷേപങ്ങളുടെ രണ്ടു ശതമാനം.
ഇവയ്ക്കെല്ലാം പുറമേ, റിസര്‍വ് ബാങ്കില്‍ നിന്നു ബാങ്കുകള്‍ക്കെടുക്കാവുന്ന മറ്റൊരു വായ്പ കൂടിയുണ്ട്. അതിനു റിസര്‍വ് ബാങ്ക് ചുമത്തുന്ന പലിശനിരക്ക് ‘ബാങ്ക് റേറ്റ്’ എന്നറിയപ്പെടുന്നു. 7.75 ശതമാനമാണ് ഇപ്പോഴത്തെ ബാങ്കു റേറ്റ്. റിപ്പോ നിരക്കിലുള്ള വായ്പയ്ക്കും എം എസ് എഫിനും വേണ്ടി ബാങ്കുകള്‍ റിസര്‍വ് ബാങ്കിനു കടപ്പത്രങ്ങള്‍ ഈടായി കൊടുക്കേണ്ടി വരുമ്പോള്‍, ബാങ്ക് റേറ്റില്‍ ലഭ്യമാകുന്ന വായ്പയ്ക്കു ഈടൊന്നും കൊടുക്കേണ്ടി വരുന്നില്ല. റിപ്പോ നിരക്കിലെടുക്കുന്ന വായ്പയും എം എസ് എഫും ഹ്രസ്വമായ കാലയളവുകളിലേയ്ക്കുള്ളവയാണെങ്കില്, ബാങ്ക് റേറ്റില്‍ ലഭ്യമാകുന്ന വായ്പ താരതമ്യേന ദീര്‍ഘമായ കാലയളവിലേയ്ക്കുള്ളതാണ്.
റിസര്‍വ് ബാങ്കില്‍ നിന്നു കിട്ടുന്ന വായ്പകള്‍ക്കു പുറമേ, ബാങ്കുകള്‍ പരസ്പരം സഹായിയ്ക്കുകയും ചെയ്യുന്നുണ്ട്. പതിന്നാലു ദിവസത്തില്‍ക്കൂടാത്ത കാലയളവിലേയ്ക്കുള്ള ഇത്തരം പരസ്പര ധനസഹായങ്ങള്‍ കോള്‍ (call) മണി വായ്പകളെന്നറിയപ്പെടുന്നു. ഇത്തരം വായ്പകള്‍ക്ക് ഈടു കൊടുക്കേണ്ടയാവശ്യമില്ല. ഒരു ബാങ്കിന് എടുക്കാവുന്ന കോള്‍ മണി വായ്പയ്ക്കു പരിധിയുണ്ട്: ബാങ്കുകള്‍ തങ്ങളുടെ മൂലധനത്തിനു തുല്യമായ തുക മാത്രമേ കോള്‍ മണി വായ്പയായി എടുക്കാവൂ. എങ്കിലും, രണ്ടാഴ്ചയ്ക്കിടയില്‍ ഏതെങ്കിലും ഒരു ദിവസം മാത്രമായി മൂലധനത്തിന്റെ 125 ശതമാനം വരെയാകാമെന്ന ഇളവുമുണ്ട്. കടം കൊടുക്കുന്നതിനുമുണ്ടൊരു പരിധി: മൂലധനത്തിന്റെ 25 ശതമാനം മാത്രമേ കോള്‍ മണി വായ്പയായി കൊടുക്കാവൂ. രണ്ടാഴ്ചയ്ക്കിടയില്‍ ഏതെങ്കിലുമൊരു ദിവസം മാത്രമിതു മൂലധനത്തിന്റെ 50 ശതമാനമാകാമെന്ന ഇളവുമുണ്ട്.
കോള്‍ മണി വായ്പകളുടെ പലിശക്കാര്യം അല്പം വിചിത്രമാണ്. അവയ്ക്കു ചുമത്താവുന്ന പലിശനിരക്കിനു പരിധിയില്ല! പലിശനിരക്കിനു പരിധിയില്ലാത്തതുകൊണ്ട് അമ്പതോ അറുപതോ നൂറോ ശതമാനമെന്ന ‘ബ്ലേഡു’നിരക്കുകള്‍ ചാര്‍ജുചെയ്യാനും ബാങ്കുകള്‍ക്കു സ്വാതന്ത്ര്യമുണ്ട്. 2000 മാര്‍ച്ച് ഇരുപതാം തീയതി കോള്‍ മണി നിരക്ക് 60 ശതമാനമായി ഉയര്‍ന്നിരുന്നത്രേ. ഈ സംഭവമായിരുന്നു, റിപ്പോ വായ്പകളും റിവേഴ്സ് റിപ്പോ വായ്പകളും ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്കിനു പ്രേരകമായിത്തീര്‍ന്നത്. ഇവ നിലവില്‍ വന്നതോടെ, കോള്‍ മണി നിരക്കുകള്‍ റിപ്പോ നിരക്കിനേക്കാള്‍ അധികം ഉയരത്തിലല്ലാതെയായി. അത്യാവശ്യമായി പണം വേണ്ടി വരുന്ന ബാങ്കുകള്‍ക്ക് കോള്‍ മണി വായ്പ അനുഗ്രഹമാണ്. ആവശ്യത്തിലധികം പണം കൈയില്‍ വന്നുപെട്ട ബാങ്കുകള്‍ക്കും അതു ഗുണം ചെയ്തു: അധികപണം വായ്പ നല്കി അവര്‍ പലിശ നേടി.
കോള്‍ മണി നിരക്കുകള്‍ ‘ബ്ലേഡു’ നിരക്കുകളാകരുതല്ലോ; അതുകൊണ്ടു രണ്ടു മേല്നോട്ടസ്ഥാപനങ്ങള് കോള്‍ മണി നിരക്കുകളെ സദാ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കും: റിസര്‍വ് ബാങ്കും ഫിക്സഡ് ഇന്‍കം മണി മാര്‍ക്കറ്റ് ആന്റ് ഡെറിവേറ്റീവ്സ് അസോസിയേഷന് ഓഫ് ഇന്ത്യ എന്ന, ബാങ്കുകളുടെ അസോസിയേഷനും. കോള്‍ മണി മാര്‍ക്കറ്റിലെ ഓരോ ഇടപാടും റിസര്‍വ് ബാങ്കിനു പതിനഞ്ചു മിനിറ്റിനകം റിപ്പോര്‍ട്ടു ചെയ്യേണ്ടതുമുണ്ട്.
കോള്‍ മണിയെപ്പറ്റി ചെറിയൊരു കാര്യം കൂടിപ്പറഞ്ഞോട്ടെ. പതിന്നാലു ദിവസത്തില്‍ കവിയാത്ത കാലയളവിലേയ്ക്കുള്ള ലോണുകളായിരിയ്ക്കും കോള്‍ മണി ലോണുകളെന്നു പറഞ്ഞുവല്ലോ. സൂക്ഷ്മമായിപ്പറഞ്ഞാല്‍, ഒരു ദിവസത്തേയ്ക്കു മാത്രമുള്ള വായ്പകളാണു കോള്‍ മണി വായ്പകളെന്നറിയപ്പെടുന്നത്. രണ്ടു ദിവസം മുതല്‍ പതിന്നാലു ദിവസം വരെയുള്ള വായ്പകള്‍ കോള്‍ മണി വായ്പകളെന്നല്ല, നോട്ടീസ് മണി ലോണുകളെന്നാണറിയപ്പെടുന്നത്. കാലയളവിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ സൂക്ഷ്മവ്യത്യാസം നിലവിലുണ്ടെങ്കിലും, വിശാലാടിസ്ഥാനത്തില്‍ ഇവയെല്ലാം കോള്‍ മണിയെന്നാണറിയപ്പെടുന്നത്.
ഇന്ത്യയിലെ ബാങ്കുകളുടെ പക്കലുള്ള നിക്ഷേപങ്ങളുടെ ഇരുപത്തൊന്നര ശതമാനം സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ വഴി കേന്ദ്രസര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരുകളുടേയും കടപ്പത്രങ്ങളില്‍ 17.84 ലക്ഷം കോടിയോളം നിക്ഷേപിയ്ക്കപ്പെട്ടിട്ടുണ്ടെന്നു മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. നാലു ശതമാനം ക്യാഷ് റിസര്‍വ് റേഷ്യോയുടെ രൂപത്തില്‍ 3.32 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിന്റെ പക്കലുമുണ്ട്; റിസര്‍വ് ബാങ്കും ഈ തുകയുടെ ഭൂരിഭാഗവും നിക്ഷേപിയ്ക്കുകയാണു ചെയ്തിരിയ്ക്കുന്നത്. ചുരുക്കത്തില്‍, ബാങ്കുനിക്ഷേപങ്ങളില്‍ നിന്നുള്ള ഇരുപത്തൊന്നു ലക്ഷം കോടി രൂപ സര്‍ക്കാരുകളുടെ പക്കലുണ്ട്. 2014ല്‍ ബാങ്കുനിക്ഷേപങ്ങളില്‍ 13.4 ശതമാനം വര്‍ദ്ധനവുണ്ടായി. 2015ലെ നിക്ഷേപവളര്‍ച്ച എത്രയായിരുന്നെന്നു കൃത്യമായറിയാനായില്ല. 2014ലേതിനു സമാനമായ വളര്‍ച്ച 2015ലുമുണ്ടായെന്നു കരുതുക. ഈ വര്‍ദ്ധനവിന്റെ 25.5 ശതമാനവും എസ് എല്‍ ആര്, സി ആര് ആര് എന്നിവ വഴി സര്‍ക്കാരുകളുടെ കൈയിലെത്തുന്നു. എസ് എല്‍ ആറിന്റേയും സി ആര് ആറിന്റേയും മുഖ്യഗുണഭോക്താക്കള്‍ സര്‍ക്കാരാണെന്നതിനു മറ്റു തെളിവുകള്‍ വേണ്ട.
എസ് എല്‍ ആറും സി ആര് ആറും കൊടുത്തുകഴിഞ്ഞ ശേഷം ബാങ്കുകളുടെ പക്കല്‍ അവശേഷിയ്ക്കുന്ന നിക്ഷേപവും അതിലേറെയും ബാങ്കുകള്‍ അവരുടെ ഇടപാടുകാര്‍ക്കു വായ്പയായി കൊടുത്തിരിയ്ക്കുന്നു. ‘അതിലേറെയും’ എന്നുദ്ദേശിച്ചത് നബാര്‍ഡ്, എക്സിം ബാങ്ക്, നാഷണല്‍ ഹൌസിംഗ് ബാങ്ക്, എന്നിങ്ങനെ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു ബാങ്കുകള്‍ക്കു കിട്ടുന്ന ധനസഹായങ്ങളെയാണ്. പൊതുജനത്തിന്റെ നിക്ഷേപങ്ങളായും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളായും സമാഹരിച്ചിരിയ്ക്കുന്ന തുക മുഴുവന്‍ ഇത്തരത്തില്‍ വായ്പയായി നല്കി പലിശവരുമാനമുണ്ടാക്കിയെങ്കില് മാത്രമേ നിക്ഷേപങ്ങളിന്മേല് പലിശ കൊടുക്കാനും സ്വന്തം ചെലവുകള്‍ വഹിയ്ക്കാനും ഓഹരിയുടമകള്‍ക്കു തൃപ്തികരമായ ലാഭവിഹിതം കൊടുക്കാനും വികസനശ്രമങ്ങള്‍ നടത്താനും ബാങ്കുകള്ക്കാവുകയുള്ളൂ.
പശ്ചാത്തലവികസനത്തിനായി സര്‍ക്കാരുകള്‍ നടത്തിയിരിയ്ക്കുന്ന നിക്ഷേപങ്ങളും, ബാങ്കുകള്‍ കൊടുത്തിരിയ്ക്കുന്ന വായ്പകളും, ഇവയോടൊപ്പം സ്വകാര്യമൂലധനവുമെല്ലാം വിവിധമേഖലകളിലെ ഉല്പാദനത്തിനു വഴി തെളിയ്ക്കുന്നു. ഉല്പാദനത്തില് നിന്നു സര്‍ക്കാരിനു നികുതിവരുമാനം കിട്ടുന്നു. ബാങ്കുകള്‍ക്കു കൂടുതല്‍ നിക്ഷേപങ്ങള്‍ കിട്ടുകയും ബാങ്കുകള്‍ കൂടുതല്‍ വായ്പകള്‍ കൊടുക്കുകയും ചെയ്താല്‍ ഉല്പാദനമുയരുന്നു, രാഷ്ട്രത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം (ജീ ഡി പി) ഉയരുന്നു. സര്‍ക്കാരിന്റെ നികുതിവരുമാനവുമുയരുന്നു. നിക്ഷേപങ്ങളും വായ്പകളും കുറഞ്ഞാല്‍ ഉല്പാദനം കുറയുന്നു, സര്‍ക്കാരിന്റെ നികുതിവരുമാനം കുറയുന്നു, രാഷ്ട്രം തളരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, രാഷ്ട്രത്തിന്റെ നിലനില്പും വികസനവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ബാങ്കുകള്‍ സമാഹരിയ്ക്കുന്ന നിക്ഷേപങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു.
199092കാലത്ത് എസ് എല്‍ ആര് നിരക്ക് 38.50 ശതമാനമായിരുന്നെന്നും 21.50 ശതമാനമാണിപ്പോഴത്തെ നിരക്കെന്നും മുകളില്‍ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 23 വര്‍ഷം കൊണ്ട് എസ് എല്‍ ആര് നിരക്കു പതിനേഴു ശതമാനം താഴ്ന്നു. എസ് എല്‍ ആര് നിരക്ക് ഒരു ശതമാനം താഴുമ്പോള്‍ എന്തു സംഭവിയ്ക്കുന്നെന്നു നോക്കാം.
ഇപ്പോള്‍ ബാങ്കുകളുടെ പക്കലുള്ള 83 ലക്ഷം കോടി രൂപ നിക്ഷേപത്തിന്റെ ഒരു ശതമാനമെന്നാല് 83000 കോടി രൂപ. എസ് എല്‍ ആര് നിരക്കിപ്പോള്‍ ഒരു ശതമാനം കുറയുകയാണെങ്കില്‍ ബാങ്കുകള്‍ തങ്ങളുടെ പക്കലുള്ള 17.84 ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിന്ന് 83000 കോടി രൂപയ്ക്കുള്ള കടപ്പത്രങ്ങള്‍ വിറ്റഴിയ്ക്കും. അങ്ങനെ വിറ്റുകിട്ടുന്ന തുക വായ്പ നല്കാനുപയോഗിയ്ക്കും. കൂടുതല്‍ വായ്പ നല്‍കുന്നത് ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടും. മറുവശത്ത്, നാണയപ്പെരുപ്പത്തിന് ഇടയായെന്നും വരാം.
എസ് എല്‍ ആര് നിരക്കു താഴുമ്പോള്‍ സാദ്ധ്യമാകുന്ന ഈ വിറ്റഴിയ്ക്കല്‍ ബാങ്കുകളുടന്‍ തന്നെ ചെയ്തെന്നു വരില്ല. വായ്പകള്‍ കൊടുക്കുന്നതിനനുസൃതമായാണ് അവര്‍ക്കു പണത്തിനാവശ്യം വരിക. പണത്തിനാവശ്യം വരുമ്പോള്‍ മാത്രം അധികമുള്ള കടപ്പത്രങ്ങള്‍ വിറ്റഴിയ്ക്കുന്നു. കടപ്പത്രങ്ങളില്‍ നിന്നു ബാങ്കുകള്‍ക്കു പലിശവരുമാനം കിട്ടുന്നതുകൊണ്ടാണിത്. നിലവിലുള്ള എസ് എല്‍ ആര് നിരക്ക് 21.5 ശതമാനം മാത്രമാണെങ്കിലും, ബാങ്കുകളുടെ പക്കല്‍ 26 ശതമാനത്തിനുള്ള കടപ്പത്രങ്ങളുണ്ടെന്ന് ഒരു വാര്‍ത്തയില്‍ കാണുന്നു. ആവശ്യമുള്ളതിനേക്കാള്‍ നാലര ശതമാനം അധികം. ബാങ്കുകളുടെ പക്കലിങ്ങനെ അധികമുള്ള നാലര ശതമാനം കടപ്പത്രങ്ങള്‍ വിറ്റഴിച്ചാല്‍ 3.73 ലക്ഷം കോടി രൂപയുടെ വായ്പകള്‍ കൂടി കൊടുക്കാന്‍ ബാങ്കുകള്‍ക്കാകും. ഈ റിപ്പോര്‍ട്ടു ശരിയാണെങ്കില്‍ അതിനര്‍ത്ഥം വായ്പകള്‍ക്ക് ആവശ്യക്കാരില്ലെന്നാണ്.
ലോണെടുത്ത് ഉല്പാദനവും വില്പനയും നടത്തി ലാഭമുണ്ടാക്കി കൃത്യസമയത്തുതന്നെ ലോണ്‍ തിരിച്ചടയ്ക്കാനനുകൂലമായ സാമ്പത്തിക കാലാവസ്ഥ നിലവിലുള്ളപ്പോള്‍ മാത്രമേ വായ്പകള്‍ക്ക് ആവശ്യക്കാരുണ്ടാകുകയുള്ളൂ. അപ്പോള്‍ മാത്രമേ, ബാങ്കുകള്‍ വായ്പകള്‍ കൊടുക്കുകയുമുള്ളൂ. ലോണുകളെടുക്കാന്‍ അധികമാരും മുന്നോട്ടു വരാതിരിയ്ക്കുകയും, ബാങ്കുകളിലെ നിക്ഷേപം ഉയരുകയും ചെയ്യുമ്പോള്‍ നിക്ഷേപങ്ങളിന്മേലുള്ള പലിശനിരക്കു കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകുന്നു. റിസര്‍വ് ബാങ്കു സീ ആര് ആറും എസ് എല്‍ ആറും കുറയ്ക്കുമ്പോള്‍ ബാങ്കുകള്‍ക്കും അതനുസരിച്ചു വായ്പകളിന്മേലും നിക്ഷേപങ്ങളിന്മേലുമുള്ള പലിശനിരക്കുകള്‍ കുറയ്ക്കാവുന്നതാണെങ്കിലും, പലപ്പോഴും അവരങ്ങനെ ചെയ്യാറില്ല. അനുപാതങ്ങളുയരുമ്പോഴാകട്ടെ, ബാങ്കുകളുടന്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ലാഭം തന്നെ ബാങ്കുകളുടേയും ലക്ഷ്യം.
എസ് എല്‍ ആര് നിരക്കിലുമേറെ കടപ്പത്രങ്ങള്‍ ബാങ്കുകള്‍ കൈവശം വയ്ക്കാറുണ്ടെങ്കിലും, ക്യാഷ് റിസര്‍വ് റേഷ്യോയുടെ കാര്യത്തില്‍ ബാങ്കുകളുടെ ഭാഗത്ത് ഈ ധാരാളിത്തമുണ്ടാകാറില്ല. ക്യാഷ് റിസര്‍വ് റേഷ്യോ പാലിയ്ക്കാന്‍ വേണ്ടി ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ ഏല്പിയ്ക്കുന്ന റൊക്കം പണത്തിന് (ക്യാഷിന്) റിസര്‍വ് ബാങ്കു പലിശയൊന്നും നല്‍കാത്തതാണു കാരണം. സീ ആര് ആറില്‍ നിന്നു ബാങ്കുകള്‍ക്കു വരുമാനമൊന്നും ലഭിയ്ക്കുന്നില്ലെന്നു ചുരുക്കം.
എസ് എല്‍ ആര് നിരക്കു താഴുമ്പോളെന്തു സംഭവിയ്ക്കുന്നെന്നു നാം കണ്ടു. എസ് എല്‍ ആര് നിരക്ക് ഉയരുമ്പോളെന്തായിരിയ്ക്കാം സംഭവിയ്ക്കുക? അപ്പോള്‍ ബാങ്കുകള്‍ക്കു കൂടുതല്‍ കടപ്പത്രങ്ങള്‍ വാങ്ങേണ്ടിവരുന്നു. കടപ്പത്രങ്ങള്‍ വാങ്ങാനായി കൂടുതല്‍ തുക മാറ്റിവയ്ക്കേണ്ടി വരുന്നതു മൂലം ബാങ്കുകള്‍ നല്കുന്ന വായ്പകള്‍ കുറയും. മാത്രമല്ല, പണലഭ്യത കുറയുന്നതുകൊണ്ട്, അതു പരിഹരിയ്ക്കാനായി ബാങ്കുകള്‍ക്കു കൂ!ടുതല്‍ നിക്ഷേപങ്ങളെ ആകര്ഷിയ്ക്കേണ്ടി വരുന്നു. നിക്ഷേപങ്ങളിന്മേലുള്ള പലിശനിരക്കുകളുയര്ത്തുകയാണ് ഇതിനുള്ള വഴി. ഇതു വായ്പകളിന്മേലുള്ള പലിശനിരക്കുകളും ഉയര്‍ത്താന്‍ ബാങ്കുകളെ നിര്ബദ്ധരാക്കുന്നു. വായ്പകള്‍ തിരിച്ചു പിടിയ്ക്കുന്നതില്‍ കൂടുതല്‍ ശുഷ്കാന്തി കാണിയ്ക്കാനും ബാങ്കുകള്‍ ശ്രമിയ്ക്കും. ഇതെല്ലാം വായ്പാവളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കും. രാഷ്ട്രത്തിന്റെ സാമ്പത്തികവളര്‍ച്ചയേയും. പക്ഷേ, നാണയപ്പെരുപ്പം താഴാനിതു സഹായിയ്ക്കുമെന്നതാണ് ഒരു ഗുണം.
കമ്പോളത്തില്‍ പണം ആ!വശ്യത്തിലേറെയുള്ളതായി ബോദ്ധ്യപ്പെടുമ്പോളാണു റിസര്‍വ് ബാങ്ക് എസ് എല്‍ ആര് നിരക്കുയര്‍ത്തുന്നത്. കമ്പോളത്തില്‍ പണം ധാരാളമുള്ളപ്പോള്‍, കുറേയേറെപ്പണം ഓഹരിക്കമ്പോളത്തിലേയ്ക്കൊഴുകിയെന്നു വരാം. അപ്പോള്‍ ഓഹരിവിലകള്‍ അകാരണമായി, യുക്തിരഹിതമായി കുതിച്ചുയര്‍ന്നെന്നും വരാം. ഇതു തടയാന്‍ കൂടിയാണു എസ് എല്‍ ആര് നിരക്കുയര്‍ത്തുന്നത്. പണപ്പെരുപ്പം കുറയ്ക്കാനുള്ള പല വഴികളിലൊന്നാണ് എസ് എല്‍ ആര് നിരക്കു വര്‍ദ്ധന.
എസ് എല്‍ ആറും സീ ആര് ആറും ബാങ്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു എന്നൊരു ധാരണയുണ്ട്. ആ ധാരണ ശരിയാണെന്ന് എനിയ്ക്കഭിപ്രായമില്ല. ഇവ രണ്ടും ബാങ്കുകളുടെ വരുമാനം കുറയ്ക്കുകയാണു ചെയ്യുന്നത്. ബാങ്കുകളിന്മേലുള്ള സമ്മര്‍ദ്ദം ഉയര്‍ത്തുകയും. ഒരു ബാങ്കു വൈഷമ്യത്തിലാണെങ്കില്പ്പോലും റിസര്‍വ് ബാങ്ക് സീ ആര് ആര് മടക്കിക്കൊടുക്കുകയില്ല. മുന്‍ ഖണ്ഡികകളില്‍ പരാമര്‍ശിച്ചിട്ടുള്ള തരം ധനസഹായങ്ങള്‍ (റിപ്പോലോണ്, എം എസ് എഫ്, ബാങ്ക് റേറ്റ് ലോണ്‍) അഭ്യര്ത്ഥിയ്ക്കുകയാണു വൈഷമ്യത്തിലകപ്പെട്ടിരിയ്ക്കുന്ന ബാങ്കുകളുടെ മുന്നിലുള്ള ഒരേയൊരു വഴി.
ഇന്ത്യയില്‍ അവസാനമായി തകര്‍ന്ന വാണിജ്യബാങ്ക് ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കായിരുന്നു. പരിധികളും പരിമിതികളും ലംഘിച്ചുകൊണ്ട് ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് ഓഹരികളിന്മേല് വലിയ വായ്പകള്‍ നല്‍കിയിരുന്നു. ഓഹരിവിലകള്‍ തകര്‍ന്നപ്പോള്‍ ആ വായ്പകള്‍ തിരിച്ചുപിടിയ്ക്കാനാകാതെ പോയി. അതുമൂലം വന്ന ഭീമമായ നഷ്ടത്തില്‍ ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ മൂലധനം മുഴുവനുമൊഴുകിപ്പോയി. ഓഹരികള്‍ വഴി കിട്ടിയിരിയ്ക്കുന്നതാണു മൂലധനം. മൂലധനം തുടച്ചുനീക്കപ്പെട്ടപ്പോള്‍ ഓഹരിസര്ട്ടിഫിക്കറ്റുകള്ക്ക് അവയച്ചടിച്ചിരിയ്ക്കുന്ന കടലാസിന്റെ വില പോലുമില്ലാതായി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശാനുസരണം ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ് ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിനെ ഏറ്റെടുത്തപ്പോള്‍, ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ ഓഹരിയുടമകള്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരമായി കിട്ടിയില്ല. മൂലധനത്തിലെ ഒരു രൂപ പോലും അവശേഷിച്ചിട്ടില്ലാത്തപ്പോള്‍ ഓഹരിയ്ക്കെന്തു വില! ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ ഓഹരിയുടമകള്‍ക്കു തങ്ങളുടെ ഓഹരിനിക്ഷേപം അപ്പാടെ നഷ്ടമായി.
ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ ഓഹരിയുടമകളുടെ ഗതി പരിതാപകരമായിപ്പോയെങ്കിലും, ബാങ്കിലെ നിക്ഷേപകര്‍ക്ക്, അതായതു ഡെപ്പൊസിറ്റര്മാര്ക്ക്, നഷ്ടമൊന്നുമുണ്ടായില്ല. ഒരു ബാങ്കിന്റെ മൂലധനത്തില്‍ ഭീമമായ ഇടിവുണ്ടായാല്‍, ആ ബാങ്കിനെ മറ്റൊരു ബാങ്കിനെക്കൊണ്ട് ഏറ്റെടുപ്പിയ്ക്കുകയാണു റിസര്‍വ് ബാങ്കു ചെയ്യുകയെന്നും, സീ ആര് ആര് മടക്കിക്കൊടുത്തു ബാങ്കിനെ റിസര്‍വ് ബാങ്കു രക്ഷിച്ചെടുക്കുകയില്ലെന്നും ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ ഗതി സൂചിപ്പിയ്ക്കുന്നു. സീ ആര് ആറും എസ് എല്‍ ആറും നിക്ഷേപങ്ങളില്‍ നിന്നുണ്ടായവയാണ്, മൂലധനത്തില്‍ നിന്നുണ്ടായവയല്ല, എന്നും ഓര്മ്മിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഏതായാലും, എസ് എല്‍ ആറും സി ആര് ആറും സര്‍ക്കാരുകളെയാണു, ബാങ്കുകളെയല്ല സുരക്ഷിതമാക്കുന്നത്.
സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ ബാങ്കുകള്‍ക്കു മാത്രമല്ല മറ്റു സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം വാങ്ങാവുന്നതാണ്. ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്കിന്റെ ഓര്‍ഡര്‍ മാച്ചിംഗ് സെഗ്മെന്റില്‍ നിന്നോ, ഏതെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നോ അവ വാങ്ങാനാകും. കേന്ദ്രസര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ വിദേശനിക്ഷേപകര്‍ക്കും ഒരു പരിധി വരെ വാങ്ങാനാകും. ഒന്നര ലക്ഷം കോടി രൂപയാണ് അവര്‍ക്കായുള്ള ഇപ്പോഴത്തെ പരിധി. റിസര്‍വ് ബാങ്കു കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ പരിധി അര്‍ദ്ധവാര്‍ഷികമായി ഉയര്‍ത്താന്‍ തുടങ്ങി. 2018 മാര്‍ച്ചിനുള്ളില്‍ ഈ പരിധി രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപയാക്കുമെന്നാണു റിസര്‍വ് ബാങ്കു പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ആകെ നിലവിലുള്ള കേന്ദ്രസര്‍ക്കാര്‍ കടപ്പത്രങ്ങളുടെ അഞ്ചു ശതമാനമെന്ന പരിധിയും വിദേശനിക്ഷേപകര്‍ക്കു ബാധകമാണ്. സംസ്ഥാനസര്‍ക്കാരുകളുടെ കടപ്പത്രങ്ങളിലും വിദേശനിക്ഷേപകര്‍ക്ക് 3500 കോടി രൂപ വരെ നിക്ഷേപിയ്ക്കാവുന്നതാണ്. ഈ പരിധിയും റിസര്‍വ് ബാങ്കു ക്രമേണ ഉയര്‍ത്തുമെന്നു പറഞ്ഞിട്ടുണ്ട്.
വിദേശനിക്ഷേപകര്ക്കാകാവുന്ന പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തിയയുടനെ, ഒരു പ്രശസ്ത വിദേശസ്ഥാപനം കേന്ദ്രസര്‍ക്കാരിന്റെ കുറേ കടപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടി; അത് ഏതു സ്ഥാപനമെന്നറിയണ്ടേ? ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന! അതായത്, ചൈനയുടെ ‘റിസര്‍വ് ബാങ്ക്’. (അമേരിക്കയിലെ കേന്ദ്രബാങ്ക് ‘ഫെഡറല്‍ റിസര്‍വ്’ എന്നും, ബ്രിട്ടനിലേത് ‘ബാങ്ക് ഓഫ് ഇംഗ്ലണ്ട്’ എന്നും അറിയപ്പെടുന്നു.) അമേരിക്കന്‍ കടപ്പത്രങ്ങള്‍ ഏറ്റവുമധികം വാങ്ങിവച്ചിരിയ്ക്കുന്നതും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന തന്നെ. ഇന്ത്യന്‍ രൂപ അന്താരാഷ്ട്ര നാണയക്കമ്പോളത്തില്‍ ശക്തിയാര്ജിച്ചിരിയ്ക്കുന്നതിന്റെ തെളിവാണു പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ നടത്തിയിരിയ്ക്കുന്ന നിക്ഷേപം. ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ നിന്നു കിട്ടുന്ന പലിശവരുമാനം അമേരിക്കന്‍ കടപ്പത്രങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ ഉയര്‍ന്നതാണ്. അമേരിക്കന്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള ശരാശരി വരുമാനം ഏകദേശം രണ്ടേമുക്കാല്‍ ശതമാനം മാത്രമാണെന്നു കാണുന്നു. അതിന്റെ ഇരട്ടിയിലേറെയാണ് ഇന്ത്യന്‍ കടപ്പത്രങ്ങള്‍ നല്കുന്ന ശരാശരി പലിശ. ഈ ഉയര്‍ന്ന പലിശവരുമാനവും ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്താന്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയെ പ്രേരിപ്പിച്ചിരിയ്ക്കണം.
കടപ്പത്രങ്ങളില്‍ വിദേശസ്ഥാപനങ്ങളുടേതുള്പ്പെടെയുള്ള നിക്ഷേപങ്ങളുയരുമ്പോള് അവയിലൂടെ കിട്ടുന്ന പണമുപയോഗിച്ചു കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരുകള്‍ക്കാകും. കടപ്പത്രങ്ങള്‍ വാങ്ങാന്‍ ധാരാളം നിക്ഷേപകര്‍ മുന്നോട്ടു വരുമ്പോള്‍, കടപ്പത്രങ്ങളിന്മേലുള്ള പലിശനിരക്കു കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ക്കാകും. കുറഞ്ഞ നിരക്കില്‍ ധനസമാഹരണം സര്‍ക്കാരുകള്‍ക്കു സാദ്ധ്യമാകും. ബാങ്കുകളില്‍ നിന്ന് എസ് എല്‍ ആര് വഴി കിട്ടുന്ന പണത്തിന്മേല് സര്‍ക്കാരുകള്‍ക്ക് അധികം ആശ്രയിയ്ക്കേണ്ടി വരികയുമില്ല. കൂടുതല്‍ വായ്പകള്‍ നല്കാന് ബാങ്കുകള്‍ക്കാകും. വികസനപ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിന്റെ പണവും വായ്പകളിലൂടെ ബാങ്കുകളുടെ പണവും കമ്പോളത്തിലെത്തുമ്പോള്‍ രാഷ്ട്രത്തിന്റെ സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും കുറയുന്നു. രാഷ്ട്രം സമ്പല്‍സമൃദ്ധമാകുന്നു. മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്നു തോന്നാമെങ്കിലും, കാര്യശേഷിയും ഇച്ഛാശക്തിയുമുള്ളൊരു സര്‍ക്കാരിന് ഈ സ്വപ്നസാക്ഷാത്കാരം തികച്ചും സാദ്ധ്യം തന്നെ.
ഇന്ത്യന്‍ രൂപ അന്താരാഷ്ട്രക്കമ്പോളത്തില്‍ ശക്തിയാര്ജിച്ചതുകൊണ്ടാണ് ചൈന ഇന്ത്യയുടെ കടപ്പത്രങ്ങള്‍ വാങ്ങിയതെന്നു സൂചിപ്പിച്ചുവല്ലോ. കടപ്പത്രങ്ങളനുസരിച്ചുള്ള മുതലും പലിശയും കൃത്യസമയത്തു കൊടുത്തുതീര്‍ക്കാന്‍ ഇന്ത്യ ഒരമാന്തവും വരുത്തുകയില്ലെന്ന ഉത്തമവിശ്വാസം ചൈനയ്ക്കുള്ളതുകൊണ്ടാണ് അവര്‍ ഇന്ത്യയുടെ കടപ്പത്രങ്ങള്‍ വാങ്ങിയത്. തങ്ങളെടുത്തിരിയ്ക്കുന്ന വായ്പകള്‍ കൃത്യസമയത്തു തന്നെ തിരിച്ചടയ്ക്കുന്നതില്‍ ഇന്ത്യ ഒരിയ്ക്കലും വീഴ്ച വരുത്തിയിട്ടില്ല. ഈയിടെ ഗ്രീസു വീഴ്ച വരുത്തിയിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്, അര്‍ജന്റീനയുടെ ഋണദാതാക്കളും കുറേയേറെ നഷ്ടമനുഭവിയ്ക്കേണ്ടി വന്നിരുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പതിനെട്ടു കോടി ജനം ഇന്ത്യയിലുണ്ട്. ഇതു ചൈനയിലുള്ളതിന്റെ ഇരട്ടിയിലേറെയാണ്. പ്രകൃതിദുരന്തങ്ങള്‍ ഇന്ത്യയില്‍ പതിവാണ്. ഭാരതസര്‍ക്കാര്‍, കാര്യക്ഷമതക്കുറവിന് സ്വജനതയുടെ തന്നെ പഴി വാങ്ങാറുമുണ്ട്. ഇതൊക്കെയായിട്ടും, ഇന്ത്യ വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഒരിയ്ക്കലും വീഴ്ച വരുത്തിയിട്ടില്ലെന്ന കാര്യം നമുക്കഭിമാനകരമാണ്. വായ്പയെടുക്കുന്ന കാര്യത്തില്‍ ഭാരതസര്‍ക്കാര്‍ നിയന്ത്രണം പാലിയ്ക്കാറുണ്ട്. തെളിവിതാ: മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 52 ശതമാനം മാത്രമാണ് ഇന്ത്യയുടെ ആകെ കടബാദ്ധ്യതയെന്നിരിയ്ക്കെ, ജപ്പാന്റേത് 214 ശതമാനവും ബ്രിട്ടന്റേത് 89 ശതമാനവും അമേരിക്കയുടേത് 74 ശതമാനവുമാണ്.
കടപ്പത്രങ്ങളെപ്പറ്റി ചെറിയൊരു കാര്യം കൂടി. ഇരുപതു ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന, ഇരുപതു വര്ഷത്തേയ്ക്കുള്ളൊരു കടപ്പത്രം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നു കരുതുക. ഇന്നിപ്പോള്‍ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്കു കിട്ടുന്ന പലിശ എട്ടു ശതമാനത്തോളം മാത്രമായതുകൊണ്ട് ഇരുപതു ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന കടപ്പത്രം ചൂടപ്പം പോലെ വിറ്റഴിയും. എന്നാല്‍, ഏതാനും വര്‍ഷം കഴിയുമ്പോള്‍ ആറു ശതമാനം മാത്രം പലിശ വാഗ്ദാനം ചെയ്യുന്ന കടപ്പത്രങ്ങള്‍ പോലും വാങ്ങാന്‍ ധാരാളം നിക്ഷേപകരെത്തുന്നെന്നു സങ്കല്പിയ്ക്കുക. സര്‍ക്കാര്‍ ഈ അനുകൂലപരിതസ്ഥിതി മുതലെടുക്കുന്നു. എങ്ങനെ? ആറു ശതമാനത്തിന്റെ കടപ്പത്രങ്ങള്‍ പുറപ്പെടുവിയ്ക്കുന്നതാണ് ആദ്യ പടി. അതില്‍ നിന്നു കിട്ടുന്ന തുക കൊണ്ടു 15 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന കടപ്പത്രങ്ങള്‍ അവയുടെ കാലാവധിയ്ക്കു മുമ്പു തന്നെ തിരികെ വാങ്ങിയെടുക്കുന്നതാണ് അടുത്ത പടി. പലിശഭാരം ഇത്തരത്തില്‍ സര്‍ക്കാര്‍ കുറയ്ക്കുന്നു. ഇങ്ങനെ, സര്‍ക്കാരിന്റെ അഭീഷ്ടമനുസരിച്ച്, കാലാവധിയ്ക്കു മുമ്പു തന്നെ കടപ്പത്രങ്ങള്‍ തിരികെ വാങ്ങാന്‍ അനുവദിയ്ക്കുന്ന വ്യവസ്ഥ മിയ്ക്ക കടപ്പത്രങ്ങളിലുമുണ്ടാകാറുണ്ട്.
_______________________________________________
(ബാങ്കിംഗ് മേഖലയും റിസര്‍വ് ബാങ്കും സര്‍ക്കാരും ഭയപ്പെടുന്ന ഒന്നാണ് ‘എന്‍ പി ഏ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘നോണ്‍ പെര്‍ഫോമിംഗ് അസ്സെറ്റുകള്‍’ അഥവാ നിഷ്ക്രിയ ആസ്തികള്‍. ബാങ്കുകളുടേയും രാഷ്ട്രത്തിന്റെ തന്നെയും സാമ്പത്തികഭദ്രതയ്ക്കു കോട്ടം വരുത്തുന്നവയാണു നിഷ്ക്രിയ ആസ്തികള്‍. ഈ ലേഖനപരമ്പരയിലെ അടുത്ത ഭാഗം നിഷ്ക്രിയ ആസ്തികളെപ്പറ്റിയുള്ളതായിരിയ്ക്കും.
[email protected] )