അല്ലയീ മഹാത്മാ ഗാന്ധി ഇന്ത്യയുടെ ആരായിട്ടു വരും?

546

Who is that old man in the picture, Sir..?

ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന കുട്ടന്‍ പിള്ള ചുറ്റും നോക്കി. ആരെയും കാണുന്നില്ലല്ലോ? ങാ..സ്വപ്നം കണ്ടതായിരിക്കും. വീണ്ടും ഉറങ്ങാന്‍ തുടങ്ങിയ കുട്ടന്‍ പിള്ളയുടെ കാതുകളില്‍ ആ ചോദ്യം പിന്നെയും വന്നലച്ചു.

Hello sir! Tell me who is that seminude old man? ഹല്ലല്ല! ഇത് സ്വപ്നമല്ല! തലയുയര്‍ത്തി പാതിയടഞ്ഞു കിടക്കുന്ന കൌണ്ടറിന്റെ വാതില്‍ പാളി മാറ്റി പിള്ള ഒരു തവള നോട്ടം പായിച്ചു. ദേ..ഒരു പെങ്കൊച്ചു നില്‍ക്കുന്നു. അപ്പോള്‍ ഇവളാണ് താന്‍ കേട്ട ശബ്ദത്തിന്റെ സ്റ്റേഷന്‍ മാസ്റ്റര്‍. ദേശീയ ചരിത്രരേഖാ വകുപ്പില്‍ ഈ കൊച്ചിനെന്താ കാര്യം എന്ന് പിള്ള ചിന്തിച്ചു നില്‍ക്കെ കൊച്ച് വീണ്ടും പ്രസാരണം തുടങ്ങി.

Hey man! I am asking you.. Who is that man.. and I need the evidence?

ദൈവേ ഇന്ഗ്രീസാ…മോളെ..ഹമാരാ രാഷ്ട്ര ഭാഷ ഹിന്ദി ഹേ..ഹും..ഹീ!! തോ ബതാവോ.. നിങ്ങളുടെ പിറകില്‍ ചില്ലിട്ടു വച്ചിരിക്കുന്ന ആ ചിത്രം ആരുടെതാ? പൊടി പിടിച്ചു കിടക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിലേക്ക് നോക്കിയാണ് കൊച്ചിന്റെ ചോദ്യം. ഇവളെന്താ കോടീശ്വരന്‍ പരിപാടി കളിക്കുകയാണോ ഈ നട്ടുച്ച നേരത്ത്..? ഗാന്ധിജിയെ അറിയാത്തവരായി രാഷ്ട്രീയക്കാര്‍ വരെയില്ല..അപ്പോഴാ ഈ കൊച്ച്..

മോളെ.. മോ ള് എത്രാം ക്ലാസ്സിലാ പഠിക്കുന്നത്?

ആറാം ക്ലാസ്സില്‍..

എന്നാ പിന്നെ സര്‍ക്കാര്‍ സ്കൂളിലായിരിക്കും?

അല്ല പ്രൈവറ്റാ..

ഓ..NRI സ്റ്റുഡന്റ് ആണല്ലേ..? അവറ്റകള്‍ ഗാന്ധിയെക്കുറിച്ചൊന്നും പഠിപ്പിക്കില്ലല്ലോ?

അല്ല നാടനാ..

നാടനെന്നു വെച്ചാ… നമ്മളെ തിര്വോന്തരത്താണോ?

അല്ല.. ഉത്തര്‍ പ്രദേശ്‌

ഉത്തര്‍ പ്രദേശ്‌ എന്ന് പറയുമ്പോ നാഗാലാന്റിന്റെ ഏതു ജില്ലയായിട്ടു വരും?

നാഗാലാന്റ് അല്ല! ഉത്തര്‍ പ്രദേശ്‌ സംസ്ഥാനം.

അ..അ..അതു പിന്നെ മോളേ..നമ്മളീ പുരാതന രേഖാ വകുപ്പായതു കൊണ്ട് പുതിയ കാര്യങ്ങളൊന്നും വല്ലാതെ അറിയില്ല. (ആത്മഗതം..ഇപ്പോഴത്തെ പിള്ളാര്‍ എന്തോരം കാര്യങ്ങളാ പഠിക്കുന്നത്, ഉത്തര്‍ പ്രദേശ്‌ ഇന്ത്യയുടെ സംസ്ഥാനമാണെന്ന് വരെ അറിയാം)

തന്നെ..തന്നെ! ഉത്തര്‍ പ്രദേശ്‌ തന്നെ! അതിവിടെ അടുത്തല്ലേ.. നമ്മുടെ സോണിയാ മാഡത്തിന്റെ മ്വാന്‍ രാഹുല്‍ മോനൊക്കെ ഉണ്ടായിരുന്നു കുറച്ചു കാലം അവിടെ?  ആട്ടെ ഉത്തര്‍ പ്രദേശ്‌ മോളുടെ പേരെന്താ?

ഐശ്വര്യ.

ഹായ്.. നല്ല ബച്ചന്‍ പേരാണല്ലോ? ആട്ടെ ഐശ്വര്യ മോള്ക്കിപ്പോ എന്താ അറിയേണ്ടത്?

ഗാന്ധിജി ഇന്ത്യയുടെ ആരാണ്?

മോള്‍ ആറാം ക്ലാസില്‍ തന്നെയല്ലേ പഠിക്കുന്നത്?

അതേ..

എന്നിട്ടും ഗാന്ധിജി ഇന്ത്യയുടെ ആരാണെന്നറിയില്ല…? മോശം! ബഹുത് മോശം ഹെ..!

അതേയ് സാറേ..രാഷ്ട്ര പിതാവാണെന്നൊക്കെ എനിക്കറിയാം. അതിനുള്ള രേഖയാണെനിക്ക് വേണ്ടത്.

രേഖയോ, എന്തു രേഖ? എനിക്കാകെ ഒരു രേഖയെ അറിയൂ.. കൈരേഖ.. അതു വേണമെങ്കില്‍ ഞാന്‍ നോക്കി പറയാം. കൈ നീട്ടൂ..

സാറേ.. സാറൊരു മാതിരി സുരാജ് വെഞ്ഞാറമ്മൂട് കളിക്കല്ലേ.. എനിക്ക് ഗാന്ധിജി രാഷ്ട്ര പിതാവാണെന്നതിനു തെളിവാണ് വേണ്ടത്. വിവരാവകാശ നിയമാ.. കളിച്ചാല്‍ സാറ് വിവരമറിയുവേ..

(ഈശ്വരാ ഈ കൊച്ച് എന്നെയും കൊണ്ടേ പോകൂ..) മോളേ അങ്ങേര് രാഷ്ട്ര പിതാവാണെന്നൊക്കെ സാമൂഹ്യ പാഠം പഠിപ്പിക്കുമ്പോള്‍ നാണു മാഷ്‌ പറഞ്ഞ അറിവ് മാത്രേ എനിക്കുള്ളൂ..അതില്‍ കൂടുതല്‍ തെളിവൊന്നും ദൈവാണേ..എന്റടുത്തില്ല! മോള്‍ ആ പ്രധാനമന്ത്രിയുടെ ആപ്പീസിലോ ചിദമ്പരം സാറിന്റെ ആപ്പീസിലോ ചെന്ന് ചോദിക്ക്. അവിടെ വല്ല തെളിവും കാണുമായിരിക്കും.

അവിടെ രണ്ടിടത്തും കയറിയിറങ്ങിയാണ് ഇവിടെ എത്തിയത്. അവര്‍ പറഞ്ഞു. ഗാന്ധിജി, രാഷ്ട്ര പിതാവ് എന്നൊക്കെ പറഞ്ഞാ പഴയ കേസാണ്.. അതൊക്കെ പുരാരേഖാ വകുപ്പിലേ ഉണ്ടാവൂ എന്ന്.

(അപ്പൊ അവര് കയ്യൊഴിഞ്ഞ കേസ് കേട്ടാണ്…) എന്നാ മോളൊരു കാര്യം ചെയ്യ്, ഗാന്ധിയുടെ ജനന സര്‍ട്ടിഫിക്കറ്റും, കരമടച്ച രസീതും, അങ്ങേരുടെ വില്ലേജ് ആപ്പീസറുടെ സാക്ഷ്യ പത്രവുമായി വാ.. എന്നാ അങ്ങേര് രാഷ്ട്ര പിതാവാണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അതിന്റെ പകര്‍പ്പ് ഞാന്‍ തരാം. മൂപ്പര്‍ ദണ്ഡിയിലും വണ്ടിയിലും കുറെ യാത്ര ചെയ്തിട്ടാണ് ഇവിടെ സ്വാതന്ത്ര്യം കിട്ടിയതെന്ന് പറയുന്നുണ്ട്. അതിന്റെ വല്ല പടവും ഉണ്ടെങ്കില്‍ കൂടെ അറ്റാച്ച് ചെയ്യാന്‍ മറക്കേണ്ട.

ഓകെ സാര്‍.. വളരെ നന്ദി!

ങാ.. കവറില്ലാത്ത നന്ദി വരവ് വെക്കാറില്ല. എന്നാലും മോള്‍ കൊച്ചല്ലേ.. അടുത്ത തവണ വരുമ്പോ തന്നാ മതി. (പുരാവസ്തു ആത്മഗതം.. ഈ വക സാധനങ്ങളൊക്കെ സംഘടിപ്പിക്കുന്നതിലും ഭേദം വല്ല പാകിസ്താന്‍ പൌരത്വത്തിന് അപേക്ഷിക്കുന്നതാണെന്ന് കൊച്ചുണ്ടോ അറിയുന്നു)

ങാ….നെക്സ്റ്റ്! ഹലോ..

ഹലോ..എന്തു വേണം? മണിപ്പൂരിയാണോ?

ഇല്ല കാലത്ത് മന്‍മോഹന്റെ വീട്ടില്‍ നിന്നും പാനിപൂരി കഴിച്ചിട്ടുണ്ട്.

അതല്ലെടോ.. മുഖച്ഛായ കണ്ടിട്ട് ചോദിച്ചതാ.. ആട്ടെ..നിങ്ങളാരാ?

ഞാന്‍ ചൈനീസ് പ്രധാനമന്ത്രി ഹു-ജിന്റാഓ

അങ്കമാലീലെയല്ലല്ലോ..ഭാഗ്യം! ആട്ടെ! ചൈനക്കാര്‍ക്കെന്താ പുരാതന രേഖയില്‍ കാര്യം?

ഇന്ത്യയുടെ അടിയാധാരത്തിന്റെ കോപ്പി ഒന്ന് വേണമായിരുന്നു.

എന്നാത്തിനാ?

തെക്ക് മൂലയും വടക്ക് മൂലയും ഒന്നറിഞ്ഞേച്ചു ഇന്ത്യ കൊടുക്കുന്നുണ്ടോ എന്ന് ചോദിക്കാനാ.. നഷ്ടം വരരുതല്ലോ?

Comments are closed.