അവര്‍ ചെയ്യുന്നത് കേജരിവാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു ; ഇനി നമുക്ക് അന്വേഷിക്കാം.!

  203

  Kejriwal

  ബി.ജെ.പിക്കാരും കോണ്‍ഗ്രസ്സുകാരും പണവുമായി വരുമ്പോള്‍ വാങ്ങിച്ചോ, അത് നിങ്ങളെ കൊള്ളയടിച്ച് ഉണ്ടാക്കിയ മുതലാണ് എന്നാണ് കഴിഞ്ഞ ദിവസം ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് കേജരിവാള്‍ പറഞ്ഞത്. അദ്ദേഹം നടത്തിയ ആ പ്രസ്താവന വന്‍ വിവാദമാവുകയും ചെയ്തു.

  കോണ്‍ഗ്രസ്സും ബിജെപിയും പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയപ്പോള്‍ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തു. കേജരിവാള്‍ നടത്തിയ പ്രസ്താവനയെ ചട്ട വിരുദ്ധം എന്നോ നിയമലംഘനമെന്നോ അങ്ങനെ എന്തു വേണമെങ്കിലും വിളിക്കാം. കാര്യം ശരി തന്നെ. പക്ഷെ ആ പ്രസ്താവനയിലെ തെറ്റും ശരിയും മാത്രം ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് ബി.ജെ.പിയും കോണ്‍ഗ്രസ്സും പണം ഒഴുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാത്തത്?

  നമ്മുടെ മലയാളം ചാനലുകളിലെ 9 മണി വാര്‍ത്ത പോരാളികള്‍ (ന്യൂസ്‌ റീഡഴ്സ്) മുതല്‍ അര്‍നബ് ഗോസ്വാമി വരെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്ത് കൊണ്ട് വിഷയത്തിന്റെ രണ്ട് പുറവും ചര്‍ച്ച ചെയ്യുന്നില്ല ? കേജരിവാള്‍ പറഞ്ഞത് തെറ്റ്, അല്ലെങ്കില്‍ പറയേണ്ടത് പറയേണ്ട സമയത്ത് അല്ല അദ്ദേഹം പറഞ്ഞത് എന്ന് നമുക്ക് വെറുതെ അങ്ങ് പറയാം…

  ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനെയാണ് കേജരിവാള്‍ വിമര്‍ശിച്ചത്. വിമര്‍ശനത്തില്‍ തെറ്റ് ഉണ്ടോ അതോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നല്ലേ നമ്മള്‍ ആദ്യം അന്വേഷിക്കേണ്ടത് ?

  കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ ആണ് ബി.ജെ.പി അടക്കം പതിവുപോലെ ചാനലുകളിലും പത്രങ്ങളിലും ദിവസവും നല്‍കുന്നത്. ഇതൊക്കെ നമ്മള്‍ എന്നും കാണുന്നതാണ്, ഈ പണത്തില്‍ ഒക്കെ ഒരു സത്യമുണ്ട് എങ്കില്‍ കേജരിവാള്‍ എന്ന ന്യൂ ജനറേഷന്‍ രാഷ്ട്രീയ നേതാവ് പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. ഇനി അതില്‍ എന്തെങ്കിലും സത്യം ഉണ്ടെങ്കില്‍ അതിനെ കുറിച്ച് ഒന്ന് അന്വേഷിക്കുകപോലും ചെയ്യാതെ അദ്ദേഹത്തെ വിമര്‍ശിക്കുന്ന നമ്മുടെ മാധ്യമങ്ങളുടെ നടപടി തീര്‍ത്തും നിരാശജനകമാണ്.

  ബി.ജെ.പിക്കാരും കോണ്‍ഗ്രസ്സുകാരും പണവുമായി വരുമ്പോള്‍ വാങ്ങിച്ചോ, അത് നിങ്ങളെ കൊള്ളയടിച്ച് ഉണ്ടാക്കിയ മുതലാണ് എന്നാണ് കേജരിവാള്‍ പറഞ്ഞത്. ആ പ്രസ്താവനയിലെ തെറ്റും ശരിയും മാത്രം ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് അവര്‍ അങ്ങനെ പണവുമായി വരാറുണ്ടോ ? വന്നാല്‍ തന്നെ ആ പണം എവിടുന്നു കകിട്ടി ? അങ്ങനെ പണം കൊടുത്ത് നിയമവിരുദ്ധമല്ലെ ?  എന്നുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതല്ലേ ?

  ആം ആദ്മിയായാലും ബിജെപിയായാലും കോണ്‍ഗ്രസായാലും മാധ്യമങ്ങള്‍ക്കും ചര്‍ച്ച വീരന്മാര്‍ക്കും എല്ലാ രാത്രിയും  ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയം മതി.! ആ വിഷയത്തിന്റെ ആയുസ് ഒരു രാത്രി മാത്രമായിരിക്കും.!