അവര്‍ നമ്മെ മദ്രാസിയെന്ന്‍ വിളിച്ചു, തിരിച്ചു നമ്മള്‍ അവര്‍ക്കിട്ട പേര് “ബംഗാളി”

  0
  622

  512_bengali

  ഇന്ത്യ എന്ന മഹാരാജ്യത്തെ നമുക്ക് രണ്ടായി തരം തിരിക്കാം. ദക്ഷിണ ഇന്ത്യയും പിന്നെ വടക്കേ ഇന്ത്യയും…

  കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്‌ പിന്നെ കര്‍ണാടകവും കൂടി ചേരുമ്പോള്‍ ദക്ഷിണേന്ത്യയായി.! ഇവിടെ മലയാളിയുണ്ട്, തമിഴന്‍ ഉണ്ട്, തെലുങ്കന്‍ ഉണ്ട്, കര്‍ണാടകകാരന്‍ ഉണ്ട്, പക്ഷെ നമ്മുടെ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നിന്നുള്ള സഹോദരി സഹോദരന്മാര്‍ക്ക് ഇത് ഒന്നും അറിയില്ലയെന്ന്‍ തോന്നുന്നു. കാരണം അവര്‍ നമ്മളെയെല്ലാം വിളിക്കുന്ന ഒരൊറ്റ പേരിലാണ്, മദ്രാസി.!

  “എന്റെ അമ്മച്ചിയാണേ സത്യം, ഞാന്‍ മദ്രാസിയല്ല, മലയാളിയാണെ” എന്ന് പറഞ്ഞാല്‍ അവര്‍ ഒന്ന് തലയാട്ടും, അടുത്ത നിമിഷം വിളിക്കും , “ഓയ്, മദ്രാസി”.! വളരെ കാലങ്ങളായി, അല്ല വര്‍ഷങ്ങളായി ഒരു മലയാളിയും തെലുങ്കനും ഒക്കെ കേട്ട് മടുത്ത വിളിയാണ് ഈ മദ്രാസി വിളി. തമിഴന് ഈ വിളി ഒരു പ്രശ്നമല്ല, പക്ഷെ സൂര്യയുടെയും വിജയുടെയും സിനിമകള്‍ ഉറക്കം ഒഴിച്ച് ഇരുന്നു കണ്ടു എന്ന ഒരു തെറ്റ് മാത്രം ചെയ്ത നമ്മളെ അവര്‍ എന്തിനു അങ്ങനെ വിളിക്കണം ?

  ഒടുവില്‍ ഈ വിളികേട്ട് ഗതികെട്ട മലയാളികള്‍ അവരെ ചിലത് തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചു. അന്ന് മുതല്‍ കേരളത്തില്‍ വന്ന് ഇറങ്ങുന്ന ഓരോ വടക്കേ ഇന്ത്യക്കാരനും “ബംഗാളി”യായി. ഡല്‍ഹി, ഉത്തര്‍പ്രദേശ്‌,ബീഹാര്‍,ആസാം, മിസോറം, ബംഗാള്‍ തുടങ്ങി രാജ്യത്തിന്റെ വടക്കെ ഭാഗത്ത് നിന്നും കേരളത്തില്‍ വന്നു ഇറങ്ങിയാലും ശരി, നമ്മള്‍ ഉറക്കെ വിളിക്കും , “ഓയ്, ബംഗാളി”.!

  നമ്മളെ മദ്രാസി എന്ന് വിളിച്ച ഹിന്ദിക്കാരെ നമ്മള്‍ ബംഗാളി എന്ന് വിളിച്ചു പരിഹസിക്കുകയാണോ, അതോ പുച്ചിക്കുകയാണോ ? ബംഗാളി എന്ന് പറയുന്നത് അത്ര മോശപ്പെട്ട കാര്യമാണോ എന്നൊക്കെ ചില വിമര്‍ശകര്‍ ചോദിച്ചേക്കാം. ഏയ്, അങ്ങനെ ഒന്നും ഇല്ല, തമിഴ് അറിയാത്ത മലയാളിയും തെലുങ്കനേയും ഒക്കെ മദ്രാസി എന്ന് വിളിക്കാമെങ്കില്‍ ഹിന്ദി അറിയാവുന്ന എല്ലാവരെയും ബംഗാളി എന്ന് വിളിച്ചു കൂടെ ?

  പിന്നെ ഒരു കാര്യം, ഈ മദ്രാസി വിളി വന്നത് അവര്‍ കൂടുതല്‍ മദ്രാസികളെ കാണുന്നത് കൊണ്ട് ആയിരിക്കാം, സിവി രാമന്‍ മുതല്‍ അബ്ദുല്‍ കലാം വരെ മദ്രാസികള്‍ ആയിരുന്നു. അവര്‍ കണ്ടിട്ടുള്ള ആകെ ദക്ഷിണേന്ത്യക്കാര്‍ തമിഴന്മാരാണ്. അതുപോലെ ഇവിടെ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും കെട്ടിട നിര്‍മ്മാണ മേഘലകളിലും തുടങ്ങി എവിടെ തിരിഞ്ഞാലും അവിടെയല്ലാം ബംഗാളികള്‍ ആണ്. നമ്മള്‍ കൂടുതല്‍ കാണുന്നത് അവരെ, അതുകൊണ്ട് ആ പരിസരങ്ങളില്‍ നിന്ന് ആര് വന്നാലും അവര്‍ എല്ലാം ബംഗാളികള്‍ തന്നെ.

  മദ്രാസി എന്ന് വിളിക്കുന്ന സകല ഹിന്ദിക്കാരുടെയും മുഖത്ത് നോക്കി, “നീ പോടാ ബംഗാളി” എന്ന് വിളിക്കാന്‍ നാം തയ്യാറായി കഴിഞ്ഞു. ഇതിന് വേണ്ടി മാത്രം ബംഗാളികളെ നാം തേടി പോകുന്നു എന്ന് കുറച്ചു പെരുപ്പിച്ചു ഇവിടെ പറയാം എങ്കിലും നമ്മുടെ ബംഗാളി പ്രേമം അവര്‍ ശരിക്കും ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം.!

  നമ്മളെ മദ്രാസി എന്ന് വിളിച്ചപ്പോള്‍ നമ്മള്‍ പിണങ്ങി തിരിച്ചു വന്നു, അവരെ അങ്ങനെ വിളിച്ചപ്പോള്‍ അവര്‍ കൂട്ടം കൂട്ടമായി വന്നു. ബീഹാര്‍, ഉത്തര്‍ പ്രദേശ്‌,ആസാം തുടങ്ങി സകല ബംഗാളികളും കേരളത്തെ അവരുടെ മിനി ഗള്‍ഫായി കണ്ടു തുടങ്ങി. മലയാളി ഗള്‍ഫില്‍ കണ്ട സ്വപ്നങ്ങള്‍ ഇവിടെ പണി കഴിപ്പിക്കുന്ന പരിപാടി ബംഗാളികള്‍ ഏറ്റെടുത്തു…ഇപ്പോള്‍ അവരും ഹാപ്പി, നമ്മളും ഹാപ്പി.!

  പക്ഷെ ആ കൊച്ചു നിയമത്തില്‍ മാത്രം മാറ്റമില്ല, മലയാളി ഇന്നും മദ്രാസി തന്നെ, ഹിന്ദിക്കാരന്‍ നമുക്ക് ബംഗാളിയും.!