അവള്‍ – ഓര്‍മ്മകളുടെ തിരശീലയില്‍…

192

945141_347369768723627_736366009_nവിരസമായ ഇന്നത്തെ പകല്‍ …കെ എസ് ഇ ബി യുടെ ആത്മാര്‍ത്ഥത കൂടുതല്‍ കൊണ്ട് വിഡ്ഢി പെട്ടി പോലും തുറക്കാനാവാതെ വിഷമിച്ചിരിക്കുമ്പോള്‍ തലയില്‍ ബള്‍ബ് ഒന്ന് മിന്നിക്കത്തി. സമയം കൊല്ലാന്‍ പറ്റിയ ഒരു പണി. എന്റെ അലമാരയിലെ പല്ലികളുടേയും പാറ്റകളുടെയും പിന്നെ പേരറിയാത്ത പല വന്യജീവികളുടെയും ആവാസ വ്യവസ്ഥ തകര്‍ക്കുക എന്ന യമണ്ടന്‍ ഐഡിയ. അങ്ങിനെ ആ ഗൂഡലക്ഷ്യവുമായി ഞാന്‍ ആദ്യം ആക്രമണം അഴിച്ചു വിട്ടത് പഴയ പുസ്തകകെട്ടുകള്‍ക്കിടയിലായിരുന്നു.

പഴമയുടെ മണം തളം കെട്ടിനില്‍ക്കുന്ന ആ പുസ്തകതാളുകള്‍ക്കിടയില്‍ ഞാന്‍ സൗഹൃദത്തിന്റെയും, പരിഭവങ്ങളുടെയും , പ്രണയത്തിന്റെയും അക്ഷരങ്ങള്‍ കണ്ടു. പക്ഷെ പഴയ ഓര്‍മ്മകളുടെ ശവകുടീരമായി ഞാന്‍ കരുതി ഉപേക്ഷിച്ച എന്റെ പഴയ ആ ഡയറിയും അതിലുണ്ടായിരുന്നു. ബോധമണ്ഡലം ആശ്ചര്യത്തിനുമപ്പുറം ആകാംഷക്ക് വഴിമാറിയപ്പോള്‍ ഞാന്‍ എന്റെ ദൗത്യം പാടേ മറന്നു. ആദ്യ പേജുകളില്‍തന്നേ പ്രണയം വിളിച്ചോതുന്ന 2 വരികള്‍. പക്ഷെ അതിനു ശേഷം ഒരു മുന്നറിയിപ്പും Trans-passers will be Strictly Punished. താളുകള്‍ മറിക്കുമ്പോള്‍ ഇടയിലെവിടയോ വടിവൊത്ത അക്ഷരങ്ങള്‍ ഒന്ന് മിന്നിമറഞ്ഞു. പിറകിലേക്ക് പേജുകള്‍ മറിച്ച എന്നെ ആദ്യം വരവേറ്റത് 2 വാക്കുകളാണ് Shall I Enter..?.

ഓര്‍മ്മകളില്‍ പലതും അന്നേ ബംഗ്ലൂരില്‍ കുഴിച്ചുമൂടി അതിനുമുകളില്‍ ഒരു ചേമ്പിന്‍ മൂടും കുഴിച്ചിട്ടിട്ടാണ് അന്നാ പടിയിറങ്ങിയത്, പക്ഷേ ഈ കറുത്ത മഷിയിലെഴുതിയ വടിവൊത്ത അക്ഷരങ്ങള്‍ എന്നേ വീണ്ടും ആ ശവക്കുഴി തോണ്ടാന്‍ നിര്‍ബന്ധിക്കുന്നു. മറ്റു വഴികള്‍ ഇല്ലാത്തതുകൊണ്ടോ എന്തോ, ശാന്തമായി ഞാനുമൊന്നു മൂളി, ‘ ഉം ‘ആദ്യത്തെ ചോദ്യത്തിനുത്തരം എന്നപോലെ. അടുത്ത പേജില്‍ ആ വടിവൊത്ത കറുത്ത ലിപികള്‍ എന്നെ നോക്കി ചിരിച്ചു, ഞാന്‍ വായന തുടര്‍ന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു

Sorry for everything, I know how harshly i am behaving. But what to do..? Really i cant adjust with this new situations. Now also i feels that these all are new and some what strange, but still i am trying to coop. DON’T WORRY, I AM WITH YOU & I WILL BE WITH YOU ONLY…

ഓര്‍മ്മകളുടെ തിരശീലയില്‍ പല ചലനചിത്രങ്ങളും മിന്നിമറഞ്ഞു. അവസാനം എല്ലാം ഒരു നീര്‍ക്കുമിള പോലെ പൊട്ടിത്തകര്‍ന്നു. ഞെട്ടിയുണര്‍ന്ന ഞാന്‍ ഒരു നിമിഷം പ്രപഞ്ചത്തെ വിസ്മരിച്ചു പോയി, ഒരു നേര്‍ത്ത നിശ്വാസം ഞാനറിയാതെ എന്നില്‍ നിന്നും പറന്നകന്നു. പിന്നെ അറിയാതെ പറഞ്ഞു ‘ കോപ്പ് …..ഇന്നത്തെ സകല മൂഡും പോയി….കര്‍ത്താവേ ആത്മാവിന് ശാന്തിനല്‍കാന്‍ വലികോലുമില്ല, കുടിക്കാന്‍ സോമരസവുമില്ല…ഇത് ഹലാക്കിലെ അവിലുംകഞ്ഞി പോലായല്ലോ….’