”സംഗീത പ്രമാണിക്ക്….
ഉഷസ്സിന് മാന്‍ പേട എന്ന രാഗത്തില്‍ ഒരു സങ്കീര്‍ത്തനം.
എന്റെ ദൈവമേ…. എന്റെ ദൈവമേ…..
നീ എന്നെ കൈവിട്ടതെന്ത്എന്നെ രക്ഷിക്കാതെയും
എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും
അകന്നു നില്ക്കുന്നതെന്ത്?
എന്റെ ശക്തി ഓട്ടുക്കഷ്ണം പോലെ ഉണങ്ങിയിരിക്കുന്നു…
എന്റെ നാവ് അണ്ണാക്കോടെ പറ്റിയിരിക്കുന്നു.
നീ എന്നെ മരണത്തിന്റെ പൊടിയില്‍ ഇട്ടുമിരിക്കുന്നു.”
ഏറെ നാളുകള്‍ക്ക് ശേഷം. അന്നു പുലര്‍ച്ചെ എനിക്ക് ചെറുതായ് പനിച്ചു…..രക്താര്ബുദവാര്ഡിലെ രോഗികളെ നോക്കി ജനലിലൂടെ ഞാന്‍ സൗഹൃദം കാട്ടുമ്പോഴായിരുന്നു അത്.
സ്വര്‍ണ്ണം കൊണ്ടു ഉരുക്കിപ്പണിത അതിമനോഹരമായ പക്ഷിമുട്ടപോലെ പ്രാതഃകാല മഞ്ഞരശ്മിയില് അവരുടെ തല തിളങ്ങി. ഞാന്‍ കൈവീശി. അവരും കൈവീശി. ജനലിലെ വരള്‍ച്ചയില്‍ അള്ളി വളര്‍ന്ന പേരാലിന്റെ കുള്ളച്ചെടിയില് എന്റെ കൈയ്യുരസി.എനിക്ക് അര്‍ബുദത്തിന്റെ ശീതമയക്കം പോലെ പനിച്ചു… കഞ്ഞിക്കലം തൊട്ടപ്പോലെ നെറ്റി പൊള്ളി.
മെഡിക്കല്‍ കോളേജിന്റെ ഏറ്റവും അറ്റത്തെ പേവാര്‍ഡിലെ സ്വകാര്യമുറിയിലായിരുന്നു ഞാന്‍….. ഏതൊരു വലിയ പനിക്കാലത്തിലേക്കുമെന്ന പോലെ എനിക്കും കട്ടിലിനുമിടയില്‍ ഇനിയൊരു മൂത്രത്തിന്റെ ദൂരമുണ്ട്. ഒരിളം മഞ്ഞതടാകക്കലക്കം മാത്രം .എനിക്കും ക്ലോസറ്റിനുമിടക്ക് കത്തീറ്ററിന്റെ അകലം സൂക്ഷിക്കുന്ന ഒരു മൂത്രത്തിന്റെ നീറ്റദൂരം….
ദുര്‍ബലനായൊരു മനുഷ്യന് കൂര്‍മ്മമാണ്. പരിണാമത്തിന്റെ ആദ്യഘട്ടത്തിലെവിടെയോ ചെറിയ കാലും കയ്യുമായി ഇഴഞ്ഞു നീങ്ങുന്ന വിഷകൂര്മ്മം. അകാരണമായി വാശിയാലും നിസ്സാരമായ പിണക്കങ്ങളാലും കോപാകുലമായ വാക്കുകളാലും ആതുരമെങ്കിലും ക്രൂരമായ വിഷം തുപ്പുന്ന രോഗികൂര്മ്മം. ഇതതെന്റെ പരിണാമത്തിന്റെ പിന്ഘട്ടമാണ്.
ചുമരില്‍ വേരിറക്കിയിഴയുംപോലെ, ഞാന്‍ വേച്ച് വേച്ച് കുളിമുറിയില്‍ കയറി….കത്തീറ്റര്‍ സഞ്ചി ഊരി, മൂത്രം പുറത്തൊഴിക്കുമ്പോള് വാര്‍ദ്ധ്യക കാലം പഠിച്ച് ഒരു കൈ വിറച്ചുകൊണ്ടേയിരുന്നു.
ഞാന്‍ അറിയുന്നുണ്ട് ഈ രോഗിയാമയെ അമര്ത്തിപ്പുണരാന് പിന്നില്‍ ഒരു തണുപ്പ് ഇഴഞ്ഞു വരുന്നു.അത് സര്‍പ്പസമാനമായ വഴുക്കലുകളില്‍, ഒട്ടുപോലും തെന്നാതെ തറയിലെ പൊളിഞ്ഞ ടൈല്സില് വന്നെന്റെ കാല്പാദത്തിനടിയില് പ്രേമപൂര്‍വ്വം കൊത്തി. മൂത്രത്തിന്റെ ഒഴിഞ്ഞചൂടുപോലെ ഇളതായ് നിന്ന ജലാംശം, ശീതദ്രവ്യമായ് കാലുകളെ പൊതിഞ്ഞു പൊത്തി മേല്പ്പോട്ട് കയറി. ജ്വരവിറ… പല്ലുകള്‍ അമര്‍ത്തിപ്പിടിച്ചിട്ടും താടിയെല്ലുകള്‍ കിടുകിടുങ്ങുന്നു. തണുപ്പ്, ഭയം പോലെ എന്റെ അസ്ഥികളില്‍ നിന്നസ്ഥികളിലേക്ക് നിസ്സാരമായ് തുളച്ചുകയറി, പനിയുടെ ഉരനാവുകൊണ്ട് എല്ലാഴങ്ങളെ നക്കിത്തോര്‍ത്തി. കോശമര്മ്മങ്ങളിലെ ഇത്തിരിദ്രവങ്ങളിലേക്ക് തണുവിരല്‍ നഖമാഴ്ത്തി. മജ്ജയെ ഉരുക്കി ഐസ്ലോലിയുടെ കൊഴും പരലാക്കി. മാംസത്തെ ശീതികരിച്ച് അറവുശാലയില്‍ തൂക്കിയ പോത്തിന്റെ തുടയിറച്ചിപോലെ കരുവാളിപ്പിച്ചു.
ഞാന്‍ എഴുന്നേറ്റു…കാലു മണലിലെന്നപോലെ പൂഴുന്നു. തരിപ്പിക്കുന്ന ഒരു തരം അദൃശ്യ സമുദ്രജലത്താല്‍ അത് വേയ്ക്കുന്നു…. വേദനയുടെയും വിറയലിന്റെയും പ്രാണസങ്കടം എന്റെ ഒച്ചയെ കൊന്നുകളയുന്നു…. കത്തീറ്ററിന്റെ സൂതാര്യട്യൂബിലൂടെ ആഴങ്ങളില്‍ നിന്നും തേന്‍നിറത്തില്‍ രക്തകലക്കത്തോടെ മൂത്രമൂറിയടിയുന്ന സഞ്ചി, നൂറു കിലോ ഭാരം പോലെ എന്നെ തറയിലേക്ക് വലിക്കുന്നു. ഇതേ പ്ലാസ്റ്റിക് സഞ്ചിയാണ് ഗര്ഭശസ്ത്രക്രിയക്കിടയില് ബാക്ടീരിയകളെ സമ്മാനിച്ച് യൂറിനല്‍ ട്രാക്കിനെ രോഗകാരിയാക്കി എന്നെ ചതിച്ചത്. നാശം. നോക്കിനില്‍ക്കെ അത് വീര്‍ത്തു വന്നു. മൂത്രമോ രക്തമോ? അതേ ചുവന്ന രക്തം. അത് നിറഞ്ഞ് മാതളനാരകച്ചാറുപോലെ, അല്പം നേര്‍ത്ത്, മനോഹരിയായ സഞ്ചി. ഒറ്റ ബലൂണ്‍ ശ്വാസകോശം. അതിന്റെ ഭാരം വര്‍ദ്ധിക്കുകയാണ്. അതെന്നെ ഭൂമിയിലേക്ക് താഴ്ത്തും. ഞാനീ കുളിമുറിത്തറയില്‍ വീണുചാകും. തോന്നലല്ലത് സത്യമാണ്. ഈ കത്തീറ്റര്‍ ഊരിയെറിഞ്ഞേ മതിയാവൂ. കാറ്റു പിടിച്ച പോലെ വിറയ്ക്കുന്ന ഉടല്, ഞാനൊരു നിമിഷം കൈകളില്‍ കരുത്തു പിടിച്ചു. പൊക്കിള്‍ക്കൊടിയെന്ന പോലെ എന്റെ ഉടലില്‍ നിന്നും പുറത്തേക്കു നിന്ന ട്യൂബിനെ ഞാന്‍ നിസ്സാരമായ് വലിച്ചെടുത്തു.
ഉടലി ന്റെ താഴ്പ്പാതിയില് ഞാനൊരു രക്തത്തിന്റെ ഒഴുക്കുകടല്. ബാത്ത്റൂമിന്റെ കുറ്റിയിടാത്ത വാതില്‍ തള്ളിത്തുറന്ന് ഞാന്‍ പുറത്തേക്ക് വീണു.തിളച്ച എണ്ണയില്‍ വീണ ഒറ്റക്കടുകുപോലെ ഞാന്‍ തറയിലേക്കു തെറിച്ചു വീണു. വളയുകയും ചെരിയുകയും കോടുകയും ചെയ്യുന്ന കാന്തികസ്പ്രിങ്ങിന്റെ ഉടല്‍പോലെ അപസ്മാരപ്പെട്ടു. ധ്രുവദേശാകാശത്തെന്നവണ്ണം മേഘത്തിന്റെ ആകാശപന്നികള്, അദൃശ്യപഞ്ഞിത്തൊപ്പപോലെ മേഘത്തുണ്ടുകള്‍ തുപ്പി. വിറങ്ങലിച്ചു. ഞാന്‍ വിറച്ചു. ശീതത്തിന്റെ ക്രൂരകാരിയായ ഭയക്കുടുക്കില്, ജലമുറഞ്ഞ പ്രവാഹത്തിലെ മത്സ്യം കണക്കെ, ശ്വാസരഹിതമായ് ഞാന്‍ പിടഞ്ഞു കൊണ്ടേയിരുന്നു. എന്റെ രക്തം വാര്‍ന്നു മുറിയകങ്ങള് ചുവന്നു ചുവന്നു വന്നു.മരണം വരുന്നത് ഞാനറിഞ്ഞു…
27 ദിവസം പ്രായമുള്ള എന്റെ മകന് അലറിക്കരഞ്ഞു.കൂട്ടിരുപ്പുകാരി
‘അയ്യോ അയ്യോ… എഴുന്നേല്ക്കൂ…. എന്റെ കുഞ്ഞേ” എന്നാര്‍ത്തലച്ചു.
”ചോര…. ചോര…” ആരൊക്കെയോ ആര്‍പ്പിട്ടു.മറ്റു മുറികളില്‍ നിന്നെത്തിയ രോഗികളും കൂട്ടുനില്പ്പുകാരും നിലവിളിയോടെ എന്റെ മരണത്തെ നോക്കി നിന്നു.
‘മരണം ബലാത്കാരിയായ പുരുഷന്’. അവന്റെ പ്രേമം, എന്റെ മുലകള്‍ക്കിടയിലെ ചൂടുള്ള വിടവില്‍ പറ്റി നില്ക്കുന്ന വിയര്‍പ്പിന്റെ ലാവ. അവന്റെ കാമചുംബനം ശ്വാസകോശാറയിലെ അവസാന തുള്ളിവായുവെയും ഊറ്റുന്നത്ര ഊര്‍ജ്ജമായത്…. ബോധാബോധത്തിന്റെ ലോകത്ത് വേദന എനിക്ക് നീറിക്കൊണ്ടേയിരുന്നു.
നഴ്സുമാര്‍ ഓടിവന്ന് എന്റെ ഹൃദയത്തിനുമുകളില്‍ ആഞ്ഞടിച്ചു. പുതുപ്പുകള്‍ ആട്ടിയിട്ട് ആട്ടിയിട്ട് തണുപ്പിനെ രോധിക്കുവാന്‍ ശ്രമിച്ചു. വിശുദ്ധനായ ഒരു തങ്ങളുടെ ഖബര്‍ പോലെ ഞാന്‍ വളര്‍ന്നു. ഡോ. ബീനാഗുഹനും ഡോ. ഷീലയും ഓടിവന്നു. അടുത്ത കട്ടിലിലെ ഗര്‍ഭിണി ഭയം കൊണ്ട് ചിതറിയ ശബ്ദത്തില്‍ എനിക്കു വേണ്ടി മൂസായ്ഫ് ഓതി….. സിയാറത്ത് പ്രാര്ത്ഥനക്കിടയില്പ്പെട്ട ദിവ്യ സൂഫിയെപ്പോലെ ഞാന്‍ സ്വര്ഗ്ഗസഞ്ചാരം ആരംഭിക്കുവാന്‍ തയ്യാറായി. മരണത്തിന്റെ പരിശുദ്ധമാലാഖത്തരത്തിനു വേണ്ടി ചുണ്ടില്‍ ഒരു വിളറിയ ചിരി ഞാന്‍ കുസൃതിയോടെ സൂക്ഷിച്ചു.
” നത്തിങ്ങ് റ്റു വറി… കുഴപ്പമില്ല”
‘ട്രോളീ….ഒട്ടും പേടിക്കണ്ടാ കേട്ടോ” ആരോ സ്ട്രക്ചറുരുട്ടുന്നു.
മകന്റെ വിശന്ന ഭ്രാന്തന് കരച്ചില് ചെവിയില്‍ ഊതിയടയുന്നു.
”ക്വിക് ക്വിക്ക്…” അപരിചിതരുടെ ശബ്ദങ്ങള്‍ വിറക്കുന്നു.
ഞാനൊരു തണുത്ത ശീതന്‍ ധ്രുവക്കാറ്റ്. പതുക്കെയുര്ന്ന് നന്നെപ്പതുക്കെ ഒഴുകി. ലോഹചക്രങ്ങളുടെ കിരുകിരുപ്പ് ചെവിയിലേന്തി. വെളുത്ത കിടക്കയെ ഞാനെന്റെ രക്തം കൊണ്ട് വിപ്ലവകാരിയാക്കി. തലയിണയെ കണ്ണീരുകൊണ്ടൊരുപ്പൂ പര്‍വ്വതവും.
രക്തം, ഒരു നയാഗ്രാ നദി പോലെ ഉടലിടുക്കില് നിന്നും പുറത്തേക്കുറ്റി വീഴുന്ന സ്വരം ഞാന്‍ കേട്ടു. ഞാനൊരു മഴകൊള്ളുന്നതു പോലെ. ഇരുട്ടിന്റെ ഒരടര് വന്ന് കണ്ണില്‍ ചരല് പൊത്തി. തണുപ്പില്‍ നിന്നും ഭയത്തിലേക്കും ഞാന്‍ ഇരുട്ടിലേക്കും മരിച്ചുകൊണ്ടേയിരുന്നു. ഇനിയൊരിക്കലും ഊട്ടാന്‍ സാധിക്കില്ലെന്ന ഓര്‍മ്മയില്‍ കുഞ്ഞിന്റെ മുഖം ഞാന്‍ അവസാനമായ് കണ്ടു. ആ മരണവെപ്രാളത്തിലും ഒരമ്മയുടല് വിശപ്പിന്റെയാഴങ്ങളെ ഊട്ടിത്തീര്ക്കാന് തന്റെ മുലകള്‍ ചുരന്നത് കൗതുകത്തോടെ ഞാന്‍ അറിഞ്ഞു…. എന്റെ ബോധം പരിപൂര്‍ണ്ണമായ് മറഞ്ഞു.
ഓര്‍മ്മയില്‍ തെളിയുന്നത് ഒരെക്കോ റൂമാണ്. ഹൃദയത്തിന്റെ ഏതേത് വാല്വ്ക്കളില് ഏതേതളവില്‍ പൂപ്പല്‍ കെട്ടിയെന്നറിയാന് എക്കോമുറിയില്. നെഞ്ചില്‍, ഹൃദയവിടവില്‍ പശതേച്ച് ഒട്ടിക്കുന്ന സ്റ്റീല്‍ പ്ലേറ്റുകള്‍. ജെല്ലിയുടെ കൊഴുത്ത പേസ്റ്റ് തേച്ച് ‘പ്ലക്ക് പ്ലക്ക്” ശബ്ദത്തില്‍ ഇക്കിളിപ്പെടുത്തിപ്പിടിക്കുന്ന് സക്കറുകള്‍. നെഞ്ചിനെ വേദനിപ്പിച്ച് അമര്ത്തിയുരുട്ടുന്ന ലോഹദണ്ഡ്. മോണിറ്ററില്‍ മത്സ്യചെകിളപ്പോലെ തുടിക്കുന്ന വാല്‍വിന്റെ ദൃശ്യം.
“‘ഞാന്‍ ഒറപ്പായും മരിക്ക്യോ?” നവ്യ(Navya Thaikkattil)യുടെ കൈപിടിച്ചു ഞാന്‍ സങ്കടപ്പെട്ടു.
തൊട്ടപ്പുറത്തെ എക്കോമെഷീനില് പുഞ്ചിരിയോടെ മോണിറ്ററില്‍ നോക്കിച്ചിരിക്കുന്ന പത്തൊമ്പതുകാരി. ഇതു കേട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു. ഞാന്‍ ദേഷ്യത്തോടെ അവളെ തുറിച്ചു നോക്കി.
“‘പിന്നെ… ഒന്നുപോ ഏച്ചി. ചേച്ചി ഓക്കേയാ.” മോണിറ്ററില്‍ നോക്കി നവ്യ എന്തൊക്കെയോ മെഡിക്കല്‍ ഭാഷയില്‍ സഹഡോക്ടര്മാരോട് സംസാരിച്ചു.
” ‘മോണിറ്ററില്‍ നോക്ക്യാ മതി. ഓറഞ്ച് തീയാളലിള്ളോടൊക്കെ കേടാണ്. ഇതൊക്കെ അറിയാനാ പാട്?”‘ തൊട്ടടുത്ത എക്കോ ടേബിളിലെ പെണ്‍കുട്ടി എന്നെ ആശ്വസിപ്പിക്കാന്‍ നോക്കി.
ഞാനവളുടെ മുഖത്തേക്ക് നോക്കിയതേയില്ല.
എനിക്ക് പ്രസവശസ്ത്രക്രിയയാണ് മിഠായി സമ്മാനിച്ചത്. മരണത്തിന്റെ ചവര്പ്പന് മിഠായി. അവള്‍ക്കൊരു മുന്തിരിക്കുല ഗര്‍ഭം. വീഞ്ഞു പഴകും പോലെ പഴുത്ത ഗര്‍ഭാശയത്തെ കഴുകിയുലര്ത്തിയതിലെ പിഴവ്. ഹൃദയരോഗികളായ രണ്ടു സ്ത്രീകള്‍ക്കും ഇന്‍ഫെക്റ്റീവ് എന്റോ കാര്‍ഡൈറ്റിസ് എന്നൂഹം.
പ്രസവം എനിക്കെപ്പോഴുമൊരു ജീവന്മരണക്കടമ്പ തന്നെയായിരുന്നു. ഛിദ്രിച്ചായാലും കീറിയെടുത്താലും ജീവഭീഷണി ഒരു പോലെ. മൂന്നാമത് ഗര്‍ഭിണിയായപ്പോള്‍ പക്ഷെ കാര്യങ്ങള്‍ കൈവിട്ടതു പോലെയായ്. ഭ്രാന്തന് ഹോര്‍മ്മോണുകളുടെ വിഷാദസമ്മാനചതുപ്പുകളില് മുങ്ങിനിവര്‍ന്ന് തേങ്ങിയും അകാരണമായ് വിതുമ്പിയും ദേഷ്യപ്പെട്ടും തീര്‍ക്കുന്ന പകലുകള്‍. വട്ടം കുറഞ്ഞ് ചുരുങ്ങിപ്പോയ മൈട്രല്‍ വാല്‍വിന്റെ 1.1 വ്യാസത്തിലെ ഭയങ്കരമായ ലീക്ക്. റിഗര്ഗിറ്റേഷന് അഥവാ ചര്‍വ്വിത ചര്വ്വണങ്ങളില് ഒരു കുടന്ന വായു കിട്ടുവാന്‍, ഓരോ പടിക്കയറ്റത്തിലും വായും മൂക്കും മുഴുവാനായ് ആകാശത്തേക്ക് തുറന്ന് പ്രാണന് ആഞ്ഞെടുക്കുന്ന പതിവ് സഞ്ചാരങ്ങള്‍.
ചെകുത്താന്റെയും നരിച്ചീറിന്റെയും സന്താനത്തെപ്പോലെ ജീവിതത്തിലേക്ക് കയറിവന്ന് സകലസ്വസ്ഥതകളും നശിപ്പിച്ച നിംഫോമാനിയാക്കായ ഇരുപത്തിമൂന്നുകാരിസ്ത്രീയുടെ പന്നിവാലില് ഉപദ്രവങ്ങള്‍….’
“ഞങ്ങടെയൊക്കെ പൊരേല് ആര് പെറണം തുറണന്നൊക്കെ കാരണോമ്മാരാ തീരുമാനിക്ക്വാ അത്, ഓരി ഇവടത്തെ ഡോക്ടര്‍മാരോട് നൂണ പറഞ്ഞതാണേച്ചീ….. മുന്തിരിക്കുലയുമല്ല ഒരു കുന്തവുമല്ല” എക്കോമുറിയില് നിന്നും ഐസിയുവിലേക്കും കൂട്ടുവന്നവള്‍ പുഞ്ചിരിച്ചു.
ആര്‍ക്കൊക്കെയോ വേണ്ടി സ്വന്തം ശരീരത്തെ കളിപ്പാവയാക്കേണ്ടി വരുന്ന പാവപ്പെട്ട പെണ്‍കുട്ടികളിലൊരാള്‍.
”ഭര്‍ത്താവിന്റെ പെങ്ങമ്മാര് അലസിപ്പിക്കാന്‍ ചോറില്‍ എന്തോ തന്നതാ. ഓലിക്ക് ഓറെല്ലാം പേട്യാ.”കെ ട്ട്യോനെ കളിയാക്കി അവള് ഉറക്കെചിരിച്ചു.
ഞങ്ങള്ക്കിരുപേര്ക്കും ആശുപത്രിയുടെ പഞ്ഞിക്കിടക്കകള്‍ വല്ലാത്തൊരാശ്വാസം തന്നു. നിര്വൃത്യാത്മകമായ പ്രശാന്തിയോടെ വെളുത്ത വിരിപ്പുകളും ജാലകവിരികളും ചാന്ദ്രപ്രകാശലോലമായ ചെറുവൈദ്യൂത വിളക്കുകളും എന്നെയും അവളെയും ആശ്വസിപ്പിച്ചു.
എന്നിട്ടും ഞങ്ങള്‍ക്ക് ശ്വാസം മുട്ടി. ഒരു സമുദ്രം കൂടിച്ചു വറ്റിക്കാനുള്ള തീവ്രദാഹം കഞ്ഞിയില്‍ ഞങ്ങള്‍ ഉപ്പേറെ കോരിയിട്ടു കെടുത്തി.
എട്ടാം ദിവസം പുലര്‍ച്ചെ ഞാന്‍ ചിറകുകളില്‍ ചുവന്ന പൊട്ടുള്ള ഒരു സ്വര്ണ്ണത്തള്ള മത്സ്യമായി. ശരീരത്തില്‍ രക്തത്തിന്റെ പൊട്ടുകള്‍. തീക്കുണ്ഡം ഉള്ളില്‍ കത്തിച്ചുണര്ത്തി ഉള്ക്കുടലില് നിന്നും, തലച്ചോറില്‍ നിന്നുമെല്ലാം ഒരു തരം എരിച്ചില്‍ ആരംഭിച്ചു. പതിയെ അത് ചര്മ്മത്തെമെഴുകി. ഓരോ രോമകൂപത്തിലും പൂത്തിരിപോലെ ജീവദ്രവത്തിന്റെ വെടിമരുന്നു കത്തിയാളി. അദൃശ്യമായൊരഗ്നിയില് എന്റെ ഉടല് ആഞ്ഞുകത്തി. ഞാന്‍ എരിയുന്ന ഒരു മനുഷ്യപന്തത്തെ പോലെ അലറിക്കരഞ്ഞു.
ക്യാനുലയുടെ ഭ്രാന്തന് സൂചികള്‍. ശ്വാസം മുട്ടുമ്പോള്‍ വെച്ചുതന്ന ഓക്സിജന്‍മാസ്ക്ക് എല്ലാം ഞാന്‍ പറിച്ചെറിഞ്ഞു…. ഒരു വൈദേശിക ഉപകരണത്തെയും എന്തിനൊരു വാക്കിനെപ്പോലും ഉള്‍ക്കൊള്ളാന്‍ എനിക്ക് കെല്പില്ലായിരുന്നു.
അവള്‍ക്കത്ര കുഴപ്പമുണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ക്ക് ഞാനാണ് വിശിഷ്ടവസ്തുവായത്. ഞങ്ങളിരുവരുടെയും അടിസ്ഥാന പ്രശ്നങ്ങള്‍ ഗര്ഭപാത്രവുമായ് ബന്ധപ്പെട്ടായതിനാല്‍ ഞങ്ങളെ സ്ത്രീകള്‍ക്കുള്ള ICU വിലേക്ക് മാറ്റിയിരുന്നു. എക്ലാംസിയ മുറിയായിരുന്നിട്ടും, ഗര്ഭച്ചോരയുടെയും സ്ത്രീയാന്തരികാവയവങ്ങളുടെയും ഓക്കാനിപ്പിക്കുന്ന ഗന്ധത്തില്‍ ആ മുറി അസ്വസ്ഥമായി.
പ്രസവവാര്‍ഡുകള്‍ തൊട്ടടുത്തായതിനാല്‍ നിലവിളിച്ചലറുന്ന സ്ത്രീകളുടെ ഒച്ചയായിരുന്നു അതിന്. കുട്ടികളുടെ പിറവിക്കരച്ചിലും മുലപ്പാലിനുള്ള വിശപ്പലര്ച്ചകളും സ്വബോധമുള്ള ഒരാള്‍ക്കും ആ ICUവില്‍ സമാധാനമായ് ഉറങ്ങാന്‍ സാധിക്കുമായിരുന്നില്ല. ചോരയുടെ നിറമായിരുന്നു അതിന്. കട്ടിലുകളും തറയും മിക്കവാറും സ്ത്രീകളുടെ ചോരയില്‍ കുതിര്‍ന്നിരുന്നു. ചോര പുരണ്ട കാല്പ്പാദങ്ങള് സദാ തറയില്‍ കറകുത്തിക്കിടന്നു.
ചോരയൊഴിഞ്ഞ ശാന്തതയോടെ അബോധത്തിലും അര്ദ്ധബോധത്തിലുമുള്ള ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കിടയില്‍ ഞാനുമവളും ഉറക്കം വരാതെ രാത്രികള്‍ കഴിച്ചുകൂട്ടി.എന്റെ നില അനുദിനം വഷളായിക്കൊണ്ടിരുന്നു. അവളാകട്ടെ എളുപ്പത്തില്‍ സുഖം പ്രാപിച്ചും വന്നു. ഞാന്‍ മരണത്തെപ്പുണരാന് വെമ്പി അവള് ജീവിതത്തെയും….
8 ഇഞ്ചക്ഷന് 30 ഗുളികകള്‍ എന്നിവയില്‍ എനിക്ക് ഞാന്‍ വിശപ്പടക്കി. ക്യാനുലയുടെ ശയ്യയില്‍ പ്രാണനുരുക്കി. മരുന്നിന്റെ ശക്തിയാല്‍ 3, 4 ഇഞ്ചക്ഷന് കഴിയുമ്പോഴേക്കും ഞരമ്പ് തളരുകയോ രക്തം ക്യാനുലയെ ഉപയോഗശൂന്യമാക്കുകയോ ചെയ്തു കട്ടപിടിച്ച സ്രവങ്ങളിലൂടെ മരുന്നുകള്‍ എന്റെ ശരീരക്കുഴലിലേക്കു കയറാന്‍ വിസമ്മതിച്ചു. ബലം പ്രയോഗിക്കുമ്പോള്‍ മരുന്ന്, അകത്തേക്ക് കയറാനാകാതെ ഞരമ്പിനും ക്യാനുലക്കുള്ളില് പൊട്ടിയ സൂചി മുനപോലെ വിങ്ങി നിന്ന് എന്നെ വേദനിപ്പിച്ചു. കൈപ്പുറം കഴിഞ്ഞപ്പോള്‍ ഇരുകൈത്തലങ്ങളിലേക്കും കാലുകളിലേക്കും ക്യാനുല സൂചി നാവു നീട്ടി. ദുര്‍ബലമായ ഞരമ്പുകളില്‍ രാസമരുന്നുകള്‍ സദാജാഗരൂഗമായി.
മരുന്നിന്റെ സ്ത്രീശരീരമായിരുന്നു ഞാന്‍. ചുണ്ടുകള്‍ മരുന്നു മണക്കുന്നു. കണ്ണീരില്‍ മരുന്നിന്റെ രുചിയുപ്പ് കലരുന്നു. വിയര്‍പ്പില്‍ മരുന്നുറുന്നു. ഹൗസ് സര്ജന്മാര് ഓരോ മണിക്കൂറിലും മൂന്നു തവണവീതം രക്തം കുത്തിയെടുത്ത്, എന്നെ പരീക്ഷണവസ്തുവാക്കി.
കണ്ണാടിയില്‍ ഞാനൊരു വെള്ളിമുഖിയായ സ്ത്രീയെപ്പോലെ വിളറി, ദിനം ദിനം ഇല്ലാതായിക്കൊണ്ടേയിരുന്നു. വേദനയുടെ കഠിനമായ വിഷാദഛവിയില്‍ എന്റെ കവിളുകള്‍ കുഴിഞ്ഞ് ദുര്ബലതയോടെ നീലിച്ചു. ഓരോ രണ്ടു മണിക്കൂറിലും വിശന്നലറി വന്ന എന്റെ മകന് കുഞ്ഞിത്തൊണ്ണു അമ്മിഞ്ഞച്ചുണ്ടും കൊണ്ട് അല്പം ബാക്കിയായ എന്റെ ജീവനെ മുലപ്പാലായി ഊറ്റിയെടുത്തു.
“‘ജീവിക്കണം ചേച്ചീ …. ജീവിക്കണം” അവള് എന്നെ ശക്തിപ്പെടുത്തി.
ദുര്‍ബലമായ കണ്പോള വിടര്‍ത്തി ഞാന്‍ വെറുതെ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. കടുത്ത മൈഗ്രേനും ഉറക്കമില്ലായ്മയും. രാത്രിയില്‍ അവള് എന്റെ നെറ്റിയില്‍ മൃദുവായ് ബാം തഴുകി… ലൈറ്റിടുന്ന അറ്റന്‍ഡര്‍മാരോട് ക്ഷോഭിച്ചു. എന്റെ രോഗവിവരം ഓരോ യൂനിറ്റിലെ ഡോക്ടര്‍മാരോടും കൃത്യമായ് വിവരിച്ചു, എന്റെ നാവായ്. അബോധരോഗിണികളുടെ പ്രാണഞരക്കങ്ങളില് മുറുകിത്തട്ടി മുറുകിത്തട്ടി അല്പാല്പ്പമായി എന്നെയവള് ഉറക്കി…
ഇടക്ക് അലറുന്ന പള്സോമീറ്ററോ പിറവിയുടെ ആക്രന്ദനമോ സെര്‍വിക്സ് പിളര്‍ച്ചയുടെ അലര്‍ച്ചയോ എന്നെയുണര്ത്തി. ഉറക്കമില്ലാ വേതാളത്തെപ്പോലെ മൂത്രസഞ്ചി ചുമന്ന് ആടിയാടി ഞാന്‍ കൊതുകുകളെ ടപ്പ് ടപ്പ് അടിച്ചു കൊന്നു. മങ്ങിയ വെട്ടത്തില്‍ ഏകാന്തയുടെ നൂറു വര്‍ഷങ്ങളോ മയക്കോവ്സ്കിയുടെ കവിതകളോ വായിച്ചു. ഫോണില്‍ ടെമ്പിള്റണ്ണോ കോപപക്ഷികളെകൊല്ലലോ കുമിളയുടക്കലോ കളിച്ചു.
ഇടക്ക് അറ്റന്‍ഡര്‍ സ്ത്രീകളുടെ കണ്ണു വെട്ടിച്ച് പതിയെ നടക്കാന്‍ ശ്രമിച്ചു. പഴുക്കുന്ന, പഴുപ്പില്‍ ഇളകുമ്പോള്‍ ചോരകിനിയുന്നശസ്ത്രക്രിയാമുറിവിന്റെ വേദനകളെ അമര്‍ത്തി ഒരു ശിശു, ലോകത്തില്‍ ആദ്യമായി പിച്ച വെക്കും പോലെ ചുമരള്ളി ഞാന്‍ നടന്നു.
“ന്റുമ്മച്ചീ ഈ ഏച്ചീക്ക് പേട്യോ… അടുത്ത കട്ടിലിലിള്ളോരെ സുക്കേടും ഓരിക്കും കിട്ടുന്നാ…”
അവള് ഉമ്മയോട് പറഞ്ഞ് എന്നെ കളിയാക്കി
ഓരോ പുലര്‍ച്ചയും ഡോക്ടര്‍മാരുടെ യുനിറ്റുകള്‍ വന്നു.”എങ്ങനുണ്ട്?”
”കരുത്തില്ല ഡോക്ടര്‍.’ ഞാന്‍ ശബ്ദമുയര്‍ത്താന്‍ നോക്കി.
”ആന്തരികമായ കരുത്ത്.ആനമൊട്ടാ…. ഹ ഹ ഹ. സാഹിത്യപിരാന്താണോ….”. എന്റെ പിറുപിറുപ്പുകളെ അവള് ഉരുവിട്ട് ചിരിച്ചു.
രോഗമെന്നാല്‍ പ്രേമം പോലൊരുന്മാദാവസ്ഥയായിരുന്നു എനിക്ക്. അപകടകരമായ ആനന്ദത്തിന്റെ ഹരം. വേദനയുടെയും ഭ്രമത്തിന്റെയും സ്വപ്നസമാനമായ വിചിത്രാനുഭവങ്ങളുടെയും പരമരസം. നിഗൂഢമായ മെസ്സോക്കിസ്റ്റുകാരിക്ക് – എനിക്ക് ആശുപത്രിക്കട്ടിലിലും ഹരമുണ്ടാക്കാനായി. വേദനയുടെ ലഹരിയില്‍ മയക്കുമരുന്നിലെന്നപോലെ എന്റെ നാഡികള്‍ കുഴഞ്ഞു.തലച്ചോറ് ജലത്തില്‍ പൊങ്ങിക്കിടക്കുന്നതുപോലെ ഭാരരഹിതമായി. പ്രേമത്തിനൊടുവില് രതിപോലെ രോഗത്തിന്റെ ഒടുക്കം മരണത്തിന്റെ ആഹ്ലാദമൂര്ച്ചയിലെത്തുമെന്ന് ഞാനും ആശ്വസിച്ചു. ശാരീരികമായ കരുത്തില്ലായ്മ എന്നെ സ്വയം മരണത്തെ കാത്തിരിക്കുന്ന ഒരവസ്ഥയിലേക്ക് എത്തിച്ചിരുന്നു. പോസ്റ്റ്പാട്ടം ഡിപ്രഷനും കൂടിയായപ്പോള്‍ അത് പരിപ്പൂര്ണ്ണമായി.
അവള് പക്ഷെ മിടുക്കിയായിരുന്നു.
”എനിക്ക് ജീവിക്കണം” ഓരോ സൂചിക്കുത്തിലും കണ്ണുമുറുക്കിയവള് പുഞ്ചിരിച്ചു.
”ഇങ്ങക്ക് വായിച്ചിറ്റ് വട്ടായതാ ഏച്ച്യേ. മിണ്ടാണ്ടെ കെടന്നാ വെളിവ് വരും” എന്റെ വിഷാദങ്ങളെ അവള് നിശിതമായ് വിമര്‍ശിച്ചു. അവളുടെ ശരീരം എളുപ്പത്തില്‍ മരുന്നിനോട് പ്രതികരിച്ചു.
”ഇങ്ങള് വല്ല വേനേം അനുഭവിച്ചിറ്റിണ്ടാ? വാ” ഇടക്ക് ഹൗസ് സര്ജന്മാര് മാത്രം ഡ്യൂട്ടിക്കുള്ളപ്പോള് അവളെന്നെ തൊട്ടടുത്തെ പ്രസവവാര്‍ഡ് കാണിച്ചു. നഗ്നസ്ത്രീകളുടെ ത്രികോണാകൃതി കാലുകളുടെ ഒന്നാം പ്രസവമുറി. പിറവിയുടെ ശിരസ്സ് ക്രൗണ്ചെയ്ത് ഭൂമിയിലേക്ക് തിരിഞ്ഞിറങ്ങുന്ന കാഴ്ചകള്‍ കണ്ടു. അമ്നിയോട്ടിക് ദ്രവം ചിതറി അമ്മയെ പിളര്‍ത്തി കുഞ്ഞിറങ്ങുന്ന പ്രസവക്കാഴ്ചകള് കാണിച്ചു. സ്ത്രീകളുടെ വേദനക്കണ്ട് ഞാന്‍ നടുങ്ങി.
”ഇങ്ങക്കൊന്നൂല്ല ചേച്ചി. വേദനാന്നച്ചാ ദൊക്കെണ്. സിസേറിയന്കാര്ക്കൊന്നത് തിരിയൂല” അവള് ഓരോ നിമിഷവും എനിക്കു ശക്തിതന്നുകൊണ്ടേയിരുന്നു.വീണ്ടും എട്ട് ദിവസങ്ങള്‍ കൂടി.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരല്ല രോഗികളാണ് നമ്മുടെ രോഗം മാറ്റുക. എത്ര മാരകമായതെങ്കിലും മറ്റുള്ളവരുടെ രോഗത്തിനും വേദനക്കും മുമ്പില്‍ നമ്മള് നിസ്സഹായത വെടിഞ്ഞു പോകും. സ്വയം കരുത്തരാവും… മറ്റുള്ളവരുടെ വേദനകള്‍ക്കു മുമ്പില്‍, എനിക്കൊന്നുമില്ലെന്ന അറിവില്‍, ഞാന്‍ പതുക്കെ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി…
അല്പം ഭേദമായപ്പോള്‍ ഐസിയുവില്‍ നിന്നും ഞങ്ങള്‍ പുറത്താക്കപ്പെട്ടു. ഇരുപേരും വീണ്ടും വാര്‍ഡിലെത്തി. രണ്ടുപേരും രണ്ടു വ്യത്യസ്ത ദിശയിലെ ബ്ലോക്കുകളില്‍ അവള് ജനറല്‍ വാര്‍ഡിന്റെ തിരക്കില്‍ ഞാന്‍ പേവാര്‍ഡിന്റെ ഏകാന്തതയില്‍. ഫോണ്‍ നമ്പര്‍ തന്നിരുവെങ്കിലും ഞങ്ങള്‍ പരസ്പരം വിളിച്ചിരുന്നില്ല. പക്ഷേ എപ്പോഴും ഞാന്‍ അവളെ ഓര്‍ത്തു. അവള് തന്ന ഊര്‍ജ്ജം, അവള് തന്ന കരുത്ത്, ഞാന്‍ മരുന്നുകളോട് നന്നായി ഇണങ്ങാന്‍ പഠിച്ചു. എനിക്കു വേണ്ടി ഞാന്‍ ഭക്ഷണം കഴിക്കയും ഗുളികകള്‍ വിഴുങ്ങുകയും ചെയ്തു. സൂചിക്ക് നീട്ടുവാന്‍, ക്യാനുല കുത്തുവാന്‍, രക്തമെടുക്കുവാന്, നിലവിളിക്കാതെ കൈ നീട്ടാന്‍ എനിക്കു കഴിഞ്ഞു. അവള് പാകിയ ധൈര്യത്തിന്റെ വിത്തുകളില്‍ ഞാന്‍ പ്രാകാരാന്തരീകരണത്തോടെ മുളച്ചു.
അങ്ങനെ ആശുപത്രിയിലെ 27-ആം ദിവസം. വീണ്ടും എക്കോമുറിയുടെ ശീതത്തണുപ്പില്, ആത്മവിശ്വാസത്തിന്റെ പച്ചയുടുപ്പില്‍, ഞാന്‍ ഡിസക്ഷന്‍ മേശയിലെ തവളയെപ്പോലെ മലര്‍ന്നു കിടന്നു….
‘’നോ വെജിറ്റേഷന്‍. നത്തിങ്ങ്. റിഗര്ഗിറ്റേഷന് ഉണ്ട് .ഇത്തിരി ലീക്കും. അതൊക്കെ ഒക്കെയാണ്. മരുന്നുണ്ടല്ലോ.” കാര്ഡിയോളജിസ്റ്റുമാരിലൊരാള് പുഞ്ചിരിച്ചു കവിളില്‍ തട്ടി.
”മരുന്നുകള്‍ സമയത്തിനു കഴിക്കണം. ഡിസ്ചാര്‍ജ്ജ് എഴുതാന്‍ പറയാം.പിന്നെ ശ്വാസം രണ്ടോ മൂന്നോ സെക്കന്റിലധികം നിന്നാല്‍ ഓടിയിങോങൊട്ടു പോരെ” ഡോക്ടര്‍ കണ്ണടനേരെയാക്കി കടലാസില്‍ എന്തൊക്കെയോ കുറിച്ചു.പെട്ടെന്ന് അയാള്‍ എന്തോ ഓര്‍ത്തു തലയുയര്‍ത്തി. അപ്പുറത്തെ ടേബിളിലെ ഡോക്ടറെ വിളിച്ചു
‘’അഹ് ഹരീ. മറ്റേ പേഷ്യന്റില്ലെ? സെയിം കേസ്… ആ ഡിഎന്സിക്കാരി. ഹോ ഇന്നു രാവിലെത്തെ എക്കോയില്‍ … ഒന്നു കാണേണ്ടതായിരുന്നു. ഹോ… അങ്ങനൊരു വെജിറ്റേഷന്‍…”ഡോക്ടര്‍ ആ ഓര്‍മ്മയില്‍ തലവെട്ടിച്ചു.
”അണ്ബിലിവബിള്… ഹോ… ഞാനെന്റെ ലൈഫില്‍ അങ്ങനൊരു വെജിറ്റേഷന്‍ കണ്ടിട്ടില്ല ഹരി. എണീറ്റോളു.” അയാള്‍ കീബോര്‍ഡില്‍ അതിദ്രുതം റ്റൈപ്പ് ചെയ്തു.
ഞാന്‍ പതിയെ എണീറ്റു. അകാരണമായ ഒരു ആധി എന്നെ ചൂഴ്ന്നു. ഞാന്‍ ഡ്രസ്സിങ്ങ് റൂമില്‍ കയറി. എക്കോ ഉടുപ്പ് മാറ്റാതെ ചെവിയോര്‍ത്തു നിന്നു…
”എന്നിട്ട്??” റ്റൈപ്പ് കീകളില്‍ പതിയുന്ന വിരലുകളുടെ മൃദുതാളം നിന്നും… ചെറിയ നിമിഷങ്ങളുടെ നിശബ്ദത മോണിറ്റര്‍ പീപ്പ് അടിച്ച് അവസാനിപ്പിച്ചു.’ഓഹ് എന്നിട്ടെന്താ.ഷീ ഡൈഡ് ആ!ാഫ്റ്റെര് ഹാല്ഫ് അന് ഹൌര്‍ ഒഫ് മൈ ഡയഗണോസിസ്സ്.മെഡിസിന്സ്സ് ഒക്കെ ക്രിത്ത്യായിരുന്നു.ഇപ്പൊ കാര്‍ഡിയാക് ഐസിയുവിലുണ്ട്.’
”ഷീ ഡൈഡ് !!! ഷീ ഡൈഡ് !!! എന്റെ ദൈവമേ…. അവള് മരിച്ചു. അവള് മരിച്ചു. ഓഹ്…. എന്റെ ദൈവമേ”
ജീവിതത്തെ മരണക്കയ്യില് നിന്നും എനിക്ക് വാങ്ങിത്തന്നവള്… ജീവിതമാണ് യഥാര്‍ത്ഥ കലയെന്ന് എന്നു ബോധിപ്പിക്കാന്‍ പരിശ്രമിച്ചവള്‍. വേദനകളെ ചിരികൊണ്ട് വ്യവകലനം. ചെയ്തവള്‍ അവള്….
ഭയങ്കരമായ ഒരു ഭാരം വന്ന് എന്റെ ഹൃദയം നിലച്ചു പോകും പോലെ എനിക്കു തോന്നി. കരച്ചിലിനും അപ്പുറത്തൊരു വിഷാദം വന്ന് എന്റെ തൊണ്ടക്കുഴിയെ അടച്ചു. എന്റെ പരിണാമം പൂര്‍ത്തിയായിരുന്നു. കാര്‍ഡിയാക് ബ്ലോക്കിലെ ICUവിനു മുമ്പിലൂടെ നടക്കുമ്പോള്‍ ഉരഗവും മത്സ്യവും കൂര്‍മ്മവും ഒക്കെ കഴിഞ്ഞ് ഒരു പരബ്രഹ്മവരാഹത്തെപോലെ മന്ദിതശിസ്കയായ് ഞാന്‍ നടന്നു. എന്നെത്തെയും പോലെ ഭയം എന്റെ ശരീരത്തെ തണുപ്പിക്കുവാന്‍ തുടങ്ങിയിരുന്നു.
അവള് എനിക്ക് പ്രാണനെ ഊതിത്തന്നു. അവള് എന്റെ മരണത്തെ കടമെടുത്തു. ഒരേ ഒരിക്കല്‍ മാത്രം കരച്ചില്ചുറഞ്ഞ വാക്കുകളോടെ അവള് പറഞ്ഞതോര്‍ത്തു.
”ഇങ്ങളെ എല്ലാരിക്കും വേണം ചേച്ചി. ഇന്നെ ആരിക്കും വേണ്ട. ആരിക്കും”
അവളുടെ ബന്ധുക്കള്‍ വരാന്തയില്‍ നില്‍ക്കുന്നത് കണ്ടു. അസാമാന്യ ധൈര്യശാലിയായിരുന്നു അവളുടെ ഉമ്മ എന്നെ കണ്ടപ്പോള്‍ മുഖം തുടച്ചു. മുഖത്തെ സങ്കടത്തെ റബര്‍ കൊണ്ട് മായിക്കാന്‍ ഒരുങ്ങുന്നത് പോലെ.
“അവള്‍ക്ക്??” ഞാന്‍ അവരെ തൊട്ടു.
കരയാതിരിക്കുവാന്‍ ചുണ്ടുകള്‍ മുറുക്കിപ്പിടിച്ച് അവര്‍ പറഞ്ഞു.
”ഇന്ന് ഡിസ്റ്റാര്ച്ചാര്ജാക്കി. പൊരേക്ക് കൊണ്ടാകാന്‍ പോണ്” ഞാന്‍ അവരെ തുറിച്ചു നോക്കി.
”ഇത് ആസ്പത്രിയാണ്. ചാകണോരൊക്കെ തോന്നേ കാണും. അതു പോയി നോക്കി നെലോള്ച്ചിങ്ങാഞ്ഞ് അവനവന്റെ തടി കേടാക്കണ്ട.”മരണത്തെ കണ്മുമ്പില് കാണുമ്പോള്‍ ആരെന്നറിയാന്‍ ഞാന്‍ കണ്മിഴിച്ചപ്പോഴെല്ലാം അവളാണു വിലക്കിയിരുന്നത്.
‘പോയിക്കോ ഈടെ അധ്യെം നിക്കണ്ട’ അവളുടെ ഉമ്മ നിസ്സംഗമായ മുഖത്തോടെ എന്നെ പറഞ്ഞയക്കാന്‍ ധൃതി കൂട്ടി. ‘പോ പോയ്യൂട്’
‘ഓള്ക്ക്??’
‘ഓക്കെത്താ?? ഓന്റോട്ക്കു പുകും’ ഉമ്മ കാര്‍ക്കശ്യത്താല്‍ നെറ്റി ചുളിക്കുന്നു.
അതേ അവളല്ലത്.മരണത്തെ കടം കൊണ്ടത്.
ഞാന്‍ ശക്തിയില്ലാതെ തിരിച്ചു നടന്നു. തിരികെ നടക്കുമ്പോള്‍ ഞാന്‍ രണ്ടു മൂന്നു തവണ തിരിഞ്ഞു നോക്കി. അവളുടെ ഉമ്മ പതുക്കെ കൈ വീശി…
”ന്റുമ്മച്ചി ഈ ഏച്ചിക്കെന്തൊരൂ പേട്യോനറയോ?” അവളുടെ ചിരിക്കുന്ന ശബ്ദം…
”പേടിച്ചാലെ ചത്ത് തൊലയും ഏച്ച്യേ. ധൈര്യയ്ട്ട് ഇരിക്കീന്ന്. കോളേജല്ലേദ്? ഡോക്ടര്മാരില്ലേന്ന് ഓര് നോക്കിക്കോളും” വെളുത്ത ആശുപത്രിയുടുപ്പില് അവള് എനിക്ക് ധൈര്യം തരുന്നവള്‍….ഞാന്‍ നടന്നു വരാന്തയില്‍ അവളുടെ ചിരിയുടെ ചിതറലുകള്‍ കേള്‍ക്കുന്നു. മരണ നിഴലൊച്ചകള്‍ പോലെ.
ഞാന്‍ ഒന്നുകൂടി തിരിഞ്ഞു നോക്കി. ഒരു സ്ട്രക്ചര്‍ വരുന്നതും അവളുടെ വീട്ടുകാര്‍ അതിലേക്ക് ഉറുമ്പുകളെപ്പോലെ പറ്റം ചേരുന്നതും ഞാന്‍ കണ്ടു. അവളുടെ ഉമ്മ മാത്രം ഒരു ചലിക്കുന്ന യന്ത്രപ്പാവയെപ്പോലെ എനിക്ക് കൈവീശിക്കൊണ്ടേയിരുന്നു…