അവള്‍

0
260

തെരുവിന്‍റെ മൂലയിലെവിടുന്നോ ഒരു ചങ്ങലകിലുക്കം. രാത്രിയുടെ സ്വൈര്യവിഹാരങ്ങളില്‍ ഇര തേടിയിറങ്ങിയ ശ്വാനന്മാര്‍ക്ക്‌ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട് ചങ്ങലകിലുക്കം നിശബ്ദതയ്ക്ക് താളമേകിക്കൊണ്ടിരുന്നു. കിലുങ്ങുന്ന ചങ്ങലകളിലേക്ക് ശ്രദ്ധ തിരിക്കാതെ വളകിലുക്കവും തേടി അവര്‍ മുന്നേറി.

തെരുവ്‌. വാണിഭങ്ങളുടെ ഉറവിടം. തിരക്കിട്ട പകലുകളില്‍, ഏതോ പീടികത്തിണ്ണയുടെ ദ്രവിച്ച തൂണില്‍, കാലില്‍ ചങ്ങലയുമായി ഒരുവള്‍…അവള്‍….

എന്നാണ് തന്‍റെ കാലിവിടെ കുടുങ്ങിയത്‌ ഓര്‍ത്തെടുക്കാന്‍ അവളൊരു വിഫലശ്രമം നടത്തി. ഇന്നലെയോ മിനിഞ്ഞാന്നോ? അല്ല ഈ ഇന്നലെയെന്നു പറഞ്ഞാല്‍ എന്നായി വരും?ചിന്തകള്‍ അവളുടെ ഞെരമ്പുകളെ വലിച്ചുമുറുക്കി. അവളുടെ കണ്ണിനു ജലദോഷം പിടിച്ചു. ഇന്നലെയ്ക്ക് അനന്തതയോളം പഴക്കം വരുമെന്നവള്‍ക്ക് തോന്നി…

കാലിനു വല്ലാത്ത ഭാരം… തലയ്ക്കും… തനിക്ക് ഭ്രാന്തുണ്ടോ? അവള്‍ ചിന്തിച്ചു. ഉണ്ടാവുമായിരിക്കും. ഇല്ലെങ്കിലും ഇനി പത്താള്‍ ചേര്‍ന്ന്‍ ഉറപ്പിച്ചു പറഞ്ഞാല്‍ അതാണ്‌ അന്തിമവിധി. ആ വിധിക്കു വിധേയയാവാന്‍ അവള്‍ തയ്യാറായിരുന്നു.

വിധി…ഇന്നലെയും അവന്‍ വന്നിരുന്നു. വിളിച്ചിരുന്നു. അമ്മേയെന്ന് … ഞെട്ടിയുണര്‍ന്നപ്പോള്‍… അവള്‍ അറിയാതെ അലറിപ്പോയി. ഈ അലറിച്ച കേള്‍ക്കാത്ത ഒരു രാത്രിയും ആ തെരുവില്‍ കടന്നുപോയിട്ടില്ല. തന്‍റെ കയ്യില്‍ നിന്നാണ് അവന്‍…. അവള്‍ക്കു തല വെട്ടിപ്പൊളിയുന്നതായി തോന്നി. ചുറ്റുമുള്ള വായു തന്നിലേക്ക് വരാതെ നീങ്ങി നിന്ന് കൊഞ്ഞനം കുത്തുന്നു… ഭ്രാന്തിനു ഭ്രാന്ത്‌ പിടിച്ച അവസ്ഥ.

കാലില്‍ ചങ്ങല കിടക്കുന്ന അവളുടെ അടുത്തേക്ക്‌ ആരും വരാന്‍ തയ്യാറായിരുന്നില്ല. എന്നിട്ടും പ്രായത്തിന്‍റെ ബോധാമില്ലായ്മ കൊണ്ടോ അതോ ഒരു കളിപ്പാട്ടത്തോട് ‌ തോന്നുന്ന കൗതുകം കൊണ്ടോ എന്തോ അവന്‍ എന്നും അവിടെയെത്തി. അവളുമായി കൂട്ടുകൂടി, കളിച്ചു… അവളെ ഇക്കിളിയാക്കി ചിരിപ്പിച്ചു. അവസാനം ഒരു നാള്‍ അവന്‍ വിളിച്ചു “അമ്മേ..” . അതവളുടെ സിരകളില്‍ മുലപ്പാല്‍ ചുരത്തി. അവള്‍ക്കു തൊണ്ട വരളുന്നതായി തോന്നി… വെള്ളത്തില്‍ മുങ്ങി ദാഹിച്ചു മരിക്കുന്ന അവസ്ഥ. പിന്നീടുള്ള ദിവസങ്ങള്‍ മാറ്റങ്ങളുടേതായിരുന്നു. എന്തൊക്കെയോ മാറ്റങ്ങള്‍. പെരുമാറ്റത്തിലും ഇരിപ്പിലും നടപ്പിലും. തനിക്കും ആരൊക്കെയോ.. അല്ല., ഒരു മകന്‍ ഉണ്ടെന്ന തോന്നല്‍ അവളുടെ ഭ്രാന്തിനു മുകളില്‍ ആവരണം മറച്ചു.

എന്നാല്‍ എന്നോ ഒരു നാള്‍ ആവരണം നീക്കി തീ പുറത്തെത്തി. ആ അഗ്നി അവളുടെ ചിന്തകളില്‍ കത്തിപ്പടര്‍ന്നു. കണ്ണിനും കയ്യിനും ചുവപ്പ് നിറം.. അഗ്നി അടങ്ങിയപ്പോഴേക്കും കൂടിനില്‍ക്കുന്ന ഒരു ജനക്കൂട്ടം. പോലീസ് ജീപ്പ്. അവള്‍ നാലുപാടും നോക്കി തന്‍റെ മകന്‍ എവിടെ? നിലത്ത് ചോരയില്‍ കുളിച്ച ശവം. ഭ്രാന്തിയെന്ന പരിഗണനയില്‍ അവള്‍ക്ക് ശിക്ഷ ഉണ്ടായില്ല. കുറച്ചു നാളത്തെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. അവള്‍ നേരെ വന്നത്‌ തന്‍റെ ചങ്ങലയിലേക്കാണ്. സ്വയം ചങ്ങലചാര്‍ത്തി അവളെന്നും കാത്തിരുന്നു. അവന്‍റെ ഒരു വിളിക്കായി……