അവള്
വിരസമായ ദിനങ്ങള്‍, ഒന്നും ചെയ്യാനില്ലാത്ത മണിക്കുറുകള്‍ അവള് പറയുനതു പോലെ ചാറ്റ് ചെയ്യുന്നതിനും ശമ്പളം വാങ്ങുന്നവന്. എവിടെ അവള്?എത്ര നാളു കാളായി അവളുടെ പേരില്‍ മഴവില്ല് തെളിയുന്നതും നോക്കിയുള്ള കാത്തിരിപ്പ്. എന്താ പറ്റിയത് അവള്‍ക്ക്? കീ ബോര്‍ഡിലെ അവളുടെ കൈവിരലുകളുടെ സ്പന്ദനം എന്റെ ഹൃദയത്തിലാണ് മുഴങ്ങിയിരുന്നത്.
എന്നു പറയാറുണ്ടായിരുന്നത് എന്റെ നമ്പറായിരുന്നുവെങ്കിലും അവളെ കാണുവാന്‍ ,സംസാരിക്കുവാന്‍ അവളോടെ ചേര്‍ന്ന് നടക്കുവാന്‍ ഒക്കെ ശരിക്കും ആഗ്രഹിച്ചിരുന്നു. അതെ പതിനാലു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു സൗഹൃദം പുതുക്കല്‍, വിവര സാങ്കേതികലോകത്തെ സൗഹൃദമുഖപുസ്തകത്തിന് നന്ദി. ഈ സൗഹൃദ പേജില്‍ തെളിയുന്ന അക്ഷരങ്ങള്‍ എന്നെ പഴയ പ്രീഡിഗ്രിപയ്യനായി മാറ്റുകയായിരുന്നു കരിഞ്ഞുണങ്ങിയ കൗമാര സ്വപ്നങ്ങളില്‍ പുതുനാമ്പുകള്‍ വിടര്‍ത്തുകയായിരുന്നു, ഒപ്പം കുറ്റബോധവും.
അന്നു വിളിച്ച ഇന്ക്വിലാബ്വിളികള്ക്ക് പകരം പഠിച്ചിരുന്നുവെങ്കില്‍. ഇപ്പോഴും കോളേജ് ജീവിതത്തിന്റെ അലയടികള്‍. അവളായിരുന്നു പിന്നെയും ആ ഓര്‍മ്മകളിലേക്ക് എന്നെ കൊണ്ടുപോയത്, വിപ്ലവാവേശം ആളിക്കത്തിയ വരാന്തകളും ചുവപ്പിന്റെ സൗന്ദര്യം സ്വന്തമാക്കിയ ഗുല്മോഹര്മരങ്ങളും ആരോടെല്ലാമോ ചേര്‍ന്നിരുന്നു സൊള്ളിയ ക്ലാസ്സ്മുറികളും. അതു പറഞ്ഞപ്പോള്‍ അവള്‍ക്ക് ഇഷ്ട്ടപ്പെട്ടിലെന്നു തോന്നുന്നു. ഉത്തരമില്ലാത്ത നെടുവീര്‍പ്പുകള്‍ ഞങ്ങളുടെ ഇടയില്‍ മതിലുകള്‍ പണിതിരുന്നുവോ?
ഞാന്‍ ഓര്‍മ്മയുടെ കയങ്ങളില്‍ ആഴ്ന്നിറങ്ങുവാന്‍ ശ്രമിക്കുമ്പോഴും അവള്‍ക്ക് എല്ലാം നല്ല ഓര്‍മ്മയായിരുന്നു എന്റെ മുഖവും ഭാവവും എന്തിനു എന്റെ നെറ്റിയിലെ ചന്ദനകുറിവരെ. വിപ്ലവപാര്‍ട്ടിയുടെ രോഷാകുലനായ നേതാവിന് അതു ചേര്ന്നിരുന്നില്ലെന്നായിരുന്നു അവളുടെ കണ്ടെത്തല്‍ , അതോ കളിയാക്കലോ?
പ്രീഡിഗ്രിക്ലാസ്സിലെ മിണ്ടാപ്പുച്ച തന്നെയാണോ ഇത് ? പുച്ചകള്‍ അല്ലെ ദ്വന്ദവ്യക്തിതം സ്വാഭാവികം. അവള് ഇപ്പോള്‍ ഒരുപാടു സംസാരിക്കുന്നു. ധാരാളം സമയമുള്ള വീട്ടമ്മ ആയതിന്റെ മാറ്റമാകാം. അവളോട് സംസാരിക്കുമ്പോള്‍ ജീവിതത്തോട് വല്ലാത്ത കൊതി തോന്നിയിരുന്നു. എന്നാല്‍ അവള്‍ക്ക് ഇപ്പോള്‍ എന്താ സംഭവിച്ചത് ? എല്ലുകളെ കാര്‍ന്നു തിന്നുന്ന തീഭുതത്തെക്കുറിച്ച് പറഞ്ഞിരുന്നത് ഇന്നും എന്റെ മനസില്‍ കത്തിചാരമാകാത്ത കനല്‍കട്ടയായി എരിഞ്ഞുകൊണ്ടിരിക്കുന്നു. ഈ ലോകത്തെ സ്നേഹിച്ചു കൊതിതീരാത്ത ഭാവം അവളില്‍ ഉണ്ടായിരുന്നുവോ? എന്റെ മനസ്സ് ഇപ്പോള്‍ ദുഷ് ചിന്ത കളുടെ ലോകത്തേക്കാണല്ലോ നീങ്ങുന്നത്, അവള് എവിടെ ?
(ആത്മഗതം :പരീക്ഷാ ഹാളില്‍ ഇരുന്നാണോ ടീച്ചറെകഥയെഴുത്ത് ?)
144 total views, 3 views today
