അവസാനത്തെ അദ്ധ്യായം

383

hartal

മുന്പിലിരിക്കുന്ന വെള്ളക്കടലാസിലേക്കു നോക്കി ഇരിപ്പു തുടങ്ങിയിട്ട് കുറച്ചു നേരമായി. എന്താണെഴുതേണ്ടത്, എവിടെ നിന്നാണെഴുതിത്തുടങ്ങേണ്ടത്. മനസ്സ് ആകെ കലുഷിതമായിരിക്കുന്നു.പലതും എഴുതിയിട്ടുണ്ട്. കഥ, കവിത, നാടകം തുടങ്ങി കൈ വക്കാത്ത മേഖലകള്‍ ചുരുക്കം. എഴുതിത്തുടങ്ങിയ കാലത്ത് പോലും ഇത്രയും ടെന്ഷന്‍ അനുഭവിച്ചിട്ടില്ല. വിഷയ ദാരിദ്ര്യം എന്താണെന്നറിഞ്ഞിട്ടില്ല. എന്നിട്ടും ഇപ്പോള്‍ തനിക്കെന്താണ് സംഭവിച്ചത്?

ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷങ്ങളില്‍ എന്റെ കഴിവുകള്‍ എന്നെ കൈവിട്ടോ. പണ്ട് കര്‍ണ്ണന് ശാപം കിട്ടിയതു പോലെ ?

എന്തായാലും എനിക്ക് ഇത് എഴുതിയേ തീരൂ. കാരണം എന്റെ ജീവിതത്തില്‍ ഇതു വരെ ഞാന്‍ എഴുതിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്ന ഒന്നായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്. പണ്ടൊക്കെ എഴുതി അയക്കുന്ന കഥകളും കവിതകളും പോയതിലും വേഗത്തില്‍ തിരികെ വന്നു കൊണ്ടിരുന്ന കാലത്ത് പോലും ഇത്രയും നിരാശ അനുഭവപ്പെട്ടിട്ടില്ല. അതുമായി എത്തുന്ന തപാല്ക്കാരന്‍ രാഘവനാശാന്‍ ആയിരുന്നു തനിക്ക് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നിരുന്നത്.

‘തിരികെ വരുന്ന നിന്റെ രചനകള്‍ക്ക് പകരം ചാക്ക് നിറയെ നിനക്കുള്ള അഭിനന്ദനങ്ങള്‍ വരുന്ന ഒരു ദിവസം വരും മോനെ.. അതും ഈ ഞാന്‍ തന്നെ കൊണ്ട് വന്നു തരും.’ അദ്ദേഹം എന്നും പറയുന്ന വാക്കുകളായിരുന്നു. പക്ഷെ അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.

തനിക്കുള്ള ആദ്യത്തെ അഭിനന്ദനക്കത്തുമായി എത്തിയ ആശാന്‍ പകുതി വഴി എത്തിയപ്പോള്‍ തന്നെ ചെറിയ ഒരു നെഞ്ചുവേദന.. ആശുപത്രിയില്‍ എത്തിയപ്പോളെക്കും എല്ലാം കഴിഞ്ഞിരുന്നു.മരണത്തിന്റെ മണം ചൂടിയ ആ അഭിനന്ദനക്കത്തും നോക്കി മരവിച്ച മനസുമായി അന്ന് ദിവസങ്ങളോളം ഞാന്‍ ഇരുന്നു. ‘ഇതു എന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ…..?

അന്ന് ഞാന്‍ എഴുതിയ കഥ ‘എന്റെ തപാല്ക്കാരന്‍’ ആഴ്ചപ്പതിപ്പില്‍ അച്ചടിച്ച് വന്നപ്പോള്‍ സന്തോഷമല്ല, സങ്കടമാണ് തോന്നിയത്.അന്ന് തൊട്ടിന്നോളം എന്റെ ജീവിതയാത്രയില്‍ ഭാഗ്യനിര്ഭാഗ്യങ്ങള്‍ എന്നും തുല്യപങ്കാളികളായിരുന്നു.
ഇന്ന് ഈ കടലാസിനു മുന്പിലിരുന്നു ഭൂതകാലം ചികഞ്ഞെടുക്കാന്‍ എന്തായാലും എനിക്ക് താല്പര്യമില്ല. അതിനുള്ള മാനസികാവസ്ഥയോ, ധൈര്യമോ ഇല്ല.

അവസാനത്തെ അദ്ധ്യായം എഴുതുവാനുള്ള മഷി നിറച്ച തൂലിക കൈയിലെടുത്തപ്പോള്‍ പതിവുപോലെ ചെറിയ വിറയലല്ല, ഒരു തരം മരവിപ്പാണ് അനുഭവപ്പെട്ടത്.ഈ തൂലിക കൊണ്ട് വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങള്‍ ചുറ്റിനും നിന്ന് പരിഹസിക്കുന്നത് പോലെ. ‘വാക്കുകള്‍ക്കായി പരതുന്ന നീയാണോ നാടോന്നടങ്കം വാഴ്ത്തിപ്പാടിയ മഹാനായ ആ എഴുത്തുകാരന്‍?’

ഒരു നിമിഷത്തിന്റെ ചാപല്യം.. അത് ഇത്രയും വലിയ മാനസികാഘാതമായി മാറുമെന്നു ഒരിക്കലും കരുതിയില്ല.ഒരിക്കലും ഒരു ലഹരിയും തന്റെ ദൌര്‍ബല്യം ആയിരുന്നില്ല. എന്നിട്ടും കവിസമ്മേളനവും അവാര്‍ഡുദാനചടങ്ങും കഴിഞ്ഞപ്പോള്‍ സംഘാടകരില്‍ ഒരാള്‍ക്കൂടിയായ സുഹൃത്തിന്റെ നിര്ബന്ധം ഒഴിവാക്കാനായില്ല.രണ്ടേ രണ്ടു പെഗ്. അതായിരുന്നു കണ്ടീഷന്‍. പക്ഷേ ആദ്യചഷകത്തിന്റെ ലഹരി തന്നെ സിരകളെ ചൂടു പിടിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍, വീണ്ടും വീണ്ടും നിറച്ചു തരുന്ന സുഹൃത്തിന്റെ കൈകളെ കണ്ടില്ലെന്നു നടിച്ചു.

ലഹരി വിവേകത്തിനെ കീഴ്‌പ്പെടുത്തിയ ഏതോ ഒരു നിമിഷത്തിലാണ് അവള്‍ കടന്നു വന്നത്. മുല്ലപ്പൂവിന്റെ സുഗന്ധവും സ്വപ്‌നങ്ങള്‍ വിടരുന്ന മിഴികളും വശ്യതയാര്ന്ന ചിരിയും ചൂടിയ മധുരപ്പതിനേഴുകാരി.സൌമ്യ…..അങ്ങിനെയാണവള്‍ സ്വയം പരിചയപ്പെടുത്തിയത്. ആരാധികയാണത്രെ.സൌമ്യ എന്നാണു പേരെങ്കിലും അവള്‍ അങ്ങിനെയല്ലായിരുന്നു. നിര്ത്താതെയുള്ള അവളുടെ സംസാരം ഒരിക്കലും അരോചകമായി തോന്നിയില്ല. ചോദ്യങ്ങളും ഉത്തരങ്ങളും അവള്‍ തന്നെ പറഞ്ഞുകൊണ്ടിരുന്നു.

ഇടയിലെപ്പോഴോ ഭാര്യയുടെ വിളി വന്ന സുഹൃത്ത് യാത്ര പറഞ്ഞിറങ്ങി.മുറിയില്‍ അവളും ഞാനും മാത്രമായപ്പോള്‍ ആദ്യം ചെറിയ ഭയം തോന്നി എന്നുള്ളത് സത്യം. എന്നാല്‍ അതൊന്നും വക വക്കാതെ, ഭൂമിയില്‍ ഞങ്ങള്‍ രണ്ടു ജീവികള്‍ അല്ലാതെ മറ്റൊന്നുമില്ല എന്ന രീതിയില്‍ ഇടവിടാതെ സംസാരിച്ചു കൊണ്ടിരുന്ന അവളെ നോക്കി നോക്കിയിരിക്കെ വര്ഷങ്ങള്ക്കു പുറകിലേക്ക് എന്റെ മനസ് സഞ്ചരിച്ചു തുടങ്ങിയത് ലഹരിയുടെ മാസ്മരികതയായിരുന്നോ അതോ അവള്ക്കു എന്റെ ചിന്നുവുമായി പല കാര്യങ്ങളിലും ഉള്ള സാമ്യതകള്‍ ആയിരുന്നോ.

എന്തായാലും ഒന്നുറപ്പ്.. പിന്നീടങ്ങോട്ട് എന്നെ നിയന്ത്രിച്ചത് ഞാന്‍ ആയിരുന്നില്ല, എന്നില്‍ നിറഞ്ഞാടിയ ലഹരി എന്ന വിഷപ്പാമ്പായിരുന്നു.എന്റെ മനസ്സില്‍ ഞാന്‍ പണ്ടെന്നോ കുഴിച്ചു മൂടിയിരുന്ന സ്വപ്നങ്ങളെ, നൈരാശ്യങ്ങളെ, പ്രതികാര ചിന്തകളെ ഓരോന്നായി അത് തട്ടിയുണര്ത്തി.

എന്റെ മുന്പില്‍ അപ്പോള്‍ ഞാന്‍ കണ്ടത് സൗമ്യയെ അല്ലായിരുന്നു. വര്ഷങ്ങള്ക്കു മുന്പ് ഹൃദയം നിറയെ മോഹങ്ങള്‍ നട്ട് വളര്ത്തി, സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച്, പ്രണയത്തിന്റെ വര്ണ്ണ്ങ്ങള്‍ എന്നില്‍ നിറച്ച്, എന്റെ ജീവിതസഖിയായി എത്തി, അവസാനം ജീവിതത്തിന്റെ ഇടവഴിയില്‍ വച്ച് അവളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തികക്കാന്‍ എന്റെ കൈയിലെ സമ്പാദ്യം മതിയാകില്ല എന്ന് മനസിലായപ്പോള്‍ നിഷ്‌ക്കരുണം എന്നെ തള്ളിപ്പറഞ്ഞ് പണക്കാരനായ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയ എന്റെ ഭാര്യയെ ആയിരുന്നു.

‘ഇവളെ കൊല്ലണം.. നിന്നെ വഞ്ചിച്ച ഇവള്‍ ജീവിച്ചിരിക്കുവാന്‍ അര്ഹയല്ല, പുരുഷരക്തം ഊറ്റിക്കുടിക്കുന്ന യക്ഷിയാണിവള്‍.. ‘ മനസിലിരുന്ന്! ആരോക്കെയോ വിളിച്ചു പറയുന്നത് പോലെ. ‘അതെ, ഇവളെ കൊല്ലണം’

പതിയെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചുവടുകള്‍ വച്ചപ്പോഴും അവള്ക്കു സംശയം ഒന്നും തോന്നിയില്ല. അപ്പോഴും എന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിച്ചു സ്വയം ഉത്തരം പറഞ്ഞു കളിക്കുകയായിരുന്നു അവള്‍.പ്രതീക്ഷിച്ചിരിക്കാത്ത സമയത്താണ് എന്റെ കൈകള്‍ അവളുടെ കഴുത്തില്‍ അമര്ന്നത്. ഒരു നിമിഷം സ്തബ്ധയായ അവള്‍ ഞാന്‍ എന്തോ തമാശ കാണിക്കുകയാണ് എന്ന ചിന്തയില്‍ ചിരിച്ചു കൊണ്ട് എന്റെ കൈകള്‍ വിടുവിക്കുവാന്‍ ശ്രമിച്ചു.

എന്നാല്‍ എന്റെ കൈകളുടെ ബലം കൂടിയപ്പോള്‍.. എന്റെ കണ്ണുകളിലെ പൈശാചികഭാവം തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ നിലവിളിച്ചുകൊണ്ട് കുതറിമാറാന്‍ ശ്രമിച്ചു. അതോടെ എനിക്ക് വാശി കൂടി…..’എന്നെ വഞ്ചിച്ചവളാണ് നീ… നീ ഇനി ജീവിച്ചിരിക്കണ്ട’ അവളെ തറയിലേക്കു മറിച്ചിട്ട് അവളുടെ മുകളില്‍ കയറിയിരുന്നു കഴുത്തു പിടിച്ചു ഞെരിക്കുവാന്‍ ശ്രമിച്ച എന്റെ വാക്കുകള്‍ അവളുടെ നിലവിളിയില്‍ അലിഞ്ഞു. അവളിലെ സ്ത്രീത്വം കവര്‌ന്നെടുക്കുവാന്‍ ശ്രമിക്കുന്ന കാമവെറി പൂണ്ട പുരുഷനെയാണ് അപ്പോള്‍ അവള്‍ എന്നില്‍ കണ്ടത്.

സര്‍വശക്തിയുമെടുത്ത് കൈ ചുരുട്ടി എന്റെ അടിവയറ്റില്‍ അവള്‍ ആഞ്ഞിടിച്ചപ്പോള്‍ സ്ത്രീയുടെ മാനത്തിന്റെ് ശക്തി എത്രത്തോളമാണെന്ന് എനിക്ക് മനസിലായി. ഒരു സൈഡിലേക്ക് വേച്ചിരുന്നു പോയ എന്നെ തള്ളിമാറ്റി വാതിലിനു നേരെ ഓടുമ്പോള്‍ ഒരു ചവിട്ടു കൂടി തരാന്‍ അവള്‍ മറന്നില്ല.
ചാരിയിട്ടിരുന്ന വാതില്‍ തുറന്നു പുറത്തേക്കോടിയ അവളുടെ നിലവിളി കേട്ട് ഓടിക്കൂടിയ ആള്ക്കാരോട് കണ്ണീരോടെ അവള്‍ പറഞ്ഞു.

‘ഇയാള്‍…….ഇയാള്‍ എന്നെ…..’

അത്രയും മതിയായിരുന്നു. യാതൊരു വിശദീകരണവും ആവശ്യമില്ലാതെ തന്നെ അവിടെ കൂടിയിരുന്നവര്‍ ബാക്കി കാര്യങ്ങള്‍ ഉറപ്പിച്ചു. ‘പത്തമ്പത് വയസായിട്ടും അയാടെ കഴപ്പ് തീര്ന്നില്ല, അതെങ്ങിനെ.. എഴുത്തുകാരന്‍ അല്ലെ.. ഇവര്ക്ക് കള്ളും കഞ്ചാവും പെണ്ണുമില്ലാതെ പറ്റില്ലല്ലോ.. ‘ കിട്ടിയ അവസരം പാഴാക്കാതെ എന്നെ മര്ദ്ദിച്ചുകൊണ്ടിരുന്നവരുടെ ആത്മരോഷം വാക്കുകളിലൂടെ പുറത്തു വന്നത് ഞാന്‍ കേട്ടു.

‘അവള്‍ ചിന്നുവാണ്. എന്നെ വഞ്ചിച്ചവള്‍.. അവളെ കൊല്ലണം’ തല്ലു കൊള്ളുന്നതിനിടയിലും ഞാന്‍ പറഞ്ഞു കൊണ്ടിരുന്നത് ആരും കേട്ടില്ല. പിന്നീട് ബോധം മറഞ്ഞത് എപ്പോഴാണെന്നും അറിയില്ല.ബോധം വന്നപ്പോള്‍ ലഹരിയുടെ വിത്തുകള്‍ എന്നില്‍ പാകിയ വിഷാശം എവിടെയോ നഷ്ടപ്പെട്ടിരുന്നു. പോലിസ് ലോക്കപ്പില്‍ ഇരുന്ന എന്നെ ഒരു പോലീസുകാരന്‍ പുറത്തേക്ക് വിളിച്ചു.’വാ, ഏമാന്‍ വിളിക്കുന്നുണ്ട്’

എസ്സൈയുടെ മുറിയുടെ പുറത്തു നില്ക്കുമ്പോള്‍ അകത്തെ സംസാരം കേട്ടു……’കേസാക്കണ്ട സാറേ, എന്റെ മകളുടെ പേര് കൂടി ചീത്തയാകും. ആ സമയത്ത് അവള്‍ അവിടെയെത്തിയത് ചീത്ത ഉദ്ദേശത്തോടെ ആണെന്നെങ്ങാനും ആരെങ്കിലും പറഞ്ഞുണ്ടാക്കിയാല്‍… തന്നെയുമല്ല…….’ ഒരു സ്ത്രീയുടെ പാതി മുറിഞ്ഞ ശബ്ദം.

അകത്തേക്ക് കയറിയ എന്റൈ കണ്ണുകള്‍ അവിടെ ഇരുന്ന സ്ത്രീയില്‍ പതിഞ്ഞു… ചിന്നു, ഇവള്‍ ഇവിടെ…..? അപ്പോള്‍ സൌമ്യ ചിന്നുവിന്റെ് മകള്‍ ആണോ. അതാണോ ഞാന്‍ കണ്ട ആ സാമ്യം?

ചിന്നു എന്റെ! മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ എസ്സൈയോട് ചോദിച്ചു ‘സാറേ.. ഇദ്ദേഹത്തോട് എനിക്ക് സ്വകാര്യമായി ഒന്ന് സംസാരിക്കണം.’

ചെറിയ സംശയം മുഖത്തു കാണാമായിരുന്നെങ്കിലും എസ്സൈ അനുവാദം നല്കി.

‘എന്ത് വേണം. എനിക്ക് നിന്നോട് ഒന്നും സംസാരിക്കാന്‍ ഇല്ല.’ പോലീസ്സ്‌റ്റേഷനിലെ ഇടനാഴിയില്‍ ഞങ്ങള്‍ തനിച്ചായപ്പോള്‍ ഞാന്‍ പറഞ്ഞു. ‘നീയാണ്. നീ കാരണമാണ് ഇതെല്ലാം സംഭവിച്ചത്’

‘ഞാന്‍ കാരണമോ……..’

‘അതെ.. നീയും അവളുമായുള്ള സാമ്യം. അവള്‍ നിന്റെ് മകള്‍ ആണെന്ന് എനിക്കറിയില്ലായിരുന്നു. അവള്‍ കരുതുന്ന പോലെ ഞാന്‍ അവളെ ബലാല്‌സംഗം ചെയ്യാന്‍ അല്ല നോക്കിയത്. കുടിച്ചത് കൂടിപ്പോയപ്പോള്‍ മുന്നില്‍ ഇരിക്കുന്നത് നീയാണെന്ന് കരുതി. എന്നെ വഞ്ചിച്ച നിന്നെ കൊല്ലാന്‍ ഉള്ള ആവേശമായിരുന്നു…….’

‘എനിക്ക് മനസിലാകും….’ കുറച്ചു നിമിഷങ്ങളിലെ ചിന്തകള്ക്ക് ശേഷം ചിന്നു പറഞ്ഞു. ‘പക്ഷെ ചെറിയൊരു തിരുത്തുണ്ട്. എന്റെ മാത്രം മകളല്ല…..നിങ്ങളെ വിട്ടു പോകുമ്പോള്‍ അവള്ക്കു എന്റെ് വയറ്റില്‍ രണ്ടു മാസം പ്രായം ഉണ്ടായിരുന്നു.’
ആരോ കൂടം കൊണ്ട് തലക്കടിച്ചത് പോലെ തോന്നി എനിക്ക്.

‘പിന്നെ നിങ്ങള്‍ കരുതുന്നത് പോലെ നിങ്ങളുടെ കൂട്ടുകാരനോടൊപ്പം ഒളിച്ചോടിയതല്ല ഞാന്‍. അന്നത്തെ നമ്മുടെ ജീവിതം, എഴുത്തുകാരന്‍ ആകണമെന്ന നിങ്ങളുടെ ആഗ്രഹവും ജീവിത യാഥാര്ഥ്യവും തമ്മിലുള്ള വടംവലിക്കിടയില്‍ എന്തിനെ ഉപേക്ഷിക്കണം, എന്തിനെ സ്വീകരിക്കണം എന്ന് തീരുമാനിക്കാന്‍ ആകാതെ പതറുന്ന നിങ്ങളുടെ മാനസികാവസ്ഥ. ആഹാരത്തിനു പോലും മറ്റുള്ളവരുടെ മുന്പില്‍ കൈ നീട്ടേണ്ടി വന്ന സാഹചര്യം. ഞാന്‍ കൂടെയുള്ളിടത്തോളം നിങ്ങള്‍ ഒന്നുമൊന്നും ആകില്ലെന്ന സത്യം മനസിലായപ്പോള്‍ എന്റെ മുന്പില്‍ മറ്റ് വഴികള്‍ ഒന്നും ഇല്ലായിരുന്നു. നിങ്ങള്‍ കുറ്റക്കാരനെന്നു കരുതുന്ന ആ സുഹൃത്തിന്റെ സഹായത്തോടെ ഡല്ഹിയില്‍ ഒരു ജോലി തരപ്പെടുത്തി അങ്ങോട്ട് പോകുകയാണ് ഞാന്‍ ചെയ്തത്.’

‘എന്നിട്ട്……എന്നെ…..’

‘പറഞ്ഞില്ല…..മനപ്പൂര്‍വമായിരുന്നു. പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കില്ല എന്നറിയാം. എന്നോടൊപ്പം വരാനോ, എന്റെറ ശമ്പളത്തില്‍ ജീവിക്കാനോ നിങ്ങളിലെ അഭിമാനം സമ്മതിക്കില്ലെന്ന സത്യം മറ്റാരിലും നന്നായി എനിക്കറിയാമായിരുന്നു.’
മറുപടി പറയാന്‍ വാക്കുകള്ക്കായി ഞാന്‍ പരതി.

‘നിങ്ങളുടെ ഓരോ വളര്ച്ചയും ഞാന്‍ അറിയുന്നുണ്ടായിരുന്നു. കുറച്ചു കൂടി മെച്ചപ്പെട്ട ഒരു ജോലി ഇവിടെ ലഭിച്ചപ്പോള്‍ ഡല്ഹിയിലെ ജോലി ഉപേക്ഷിച്ചു ഇവിടെ എത്തി. നിങ്ങളുടെ അടുത്തേക്ക് എത്തുവാനും ഒന്നിച്ചു ജീവിക്കുവാനുമുള്ള മോഹം ഉള്ളിലുണ്ടായിരുന്നെങ്കിലും നിങ്ങളുടെ പ്രതികരണത്തെ ഭയപ്പെട്ടിരുന്നത് കൊണ്ട് ഇത് വരെയും അതിനു കഴിഞ്ഞില്ല.’

‘മോള്ക്കറിയാമോ ഞാന്‍…….?’

‘ഇല്ല……പറയാനുള്ള സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല. അച്ഛന്‍ മരിച്ചതാണെന്നോ, എന്നെ വഞ്ചിച്ചതാണെന്നോ ഒക്കെ എപ്പോഴോ അവള്‍ വിശ്വസിച്ചു തുടങ്ങിയിരുന്നു. എന്റെ വിഷമം കാണാതിരിക്കുവാന്‍ വേണ്ടിയാകും, ഒരിക്കലും അവള്‍ എന്നോട് അച്ഛനെപ്പറ്റി ഒന്നും ചോദിച്ചിരുന്നില്ല. എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും കഷ്ടപ്പാടിന്റെ സമയത്ത് അച്ഛനെ ഉപേക്ഷിച്ചു പോന്ന അമ്മയെ അവള്‍ വെറുക്കുമോ എന്നുള്ള ഭയമുണ്ടായിരുന്നത് കൊണ്ട് എനിക്ക് അവളോട് ഒന്നും ഒരിക്കലും പറയാനും കഴിഞ്ഞിരുന്നില്ല’

ഗദ്ഗദത്തില്‍ കുതിര്ന്ന വാക്കുകള്‍ ഇടയ്ക്കു വച്ചു മുറിഞ്ഞു. കുറച്ചു നിമിഷത്തെ നിശബ്ദതക്കു ശേഷം അവള്‍ തുടര്ന്നു

‘അച്ഛനാനെന്നറിയാതെ നിങ്ങളെ ഒരുപാട് ആരാധിച്ചിരുന്നു മോള്‍. അവള്‍ നിങ്ങളുടെ അരികിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ കൂടെ വരണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ, കഴിഞ്ഞില്ല. ആദ്യം അവള്‍ നിങ്ങളുമായി പരിചയത്തില്‍ ആകട്ടെ, പിന്നീട് പതിയെ എല്ലാം അവളെ പറഞ്ഞു മനസിലാക്കാം എന്ന് കരുതി. ഒപ്പം അവളിലൂടെ നിങ്ങളുടെ അടുത്തെത്താനുള്ള എന്റെ ആഗ്രഹം സാധിക്കാമെന്നും.. പക്ഷേ…’ വാക്കുകള്‍ വീണ്ടും മുറിഞ്ഞു.
നിറഞ്ഞൊഴുകിയ എന്റെ കണ്ണുകള്‍ ചിന്നുവിന്റെ കരങ്ങള്‍ കൊണ്ട് തുടച്ചപ്പോള്‍ ആ നിമിഷം ഭൂമി പിളര്ന്നു അതിന്റെ ഗര്ത്തങ്ങളിലേക്ക് മറയുവാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്റെ മാനസികാവസ്ഥ മനസിലാക്കിയ അവള്‍ എന്നെ ആശ്വസിപ്പിച്ചു….’സാരമില്ല, എല്ലാം എന്റെ! തെറ്റാണ്. ഇത്രയും കാലം മകളെ അച്ഛനില്‍ നിന്നകറ്റി നിര്ത്തിയതിനു ഈശ്വരന്‍ എന്നെ ചെറുതായി ഒന്ന് ശിക്ഷിച്ചതാണ്. അതോര്ത്തു നിങ്ങള്‍ ഇനി സങ്കടപ്പെടേണ്ട.’

എല്ലാം തുറന്നു പറഞ്ഞു മകളെയും കൂട്ടി വരാമെന്ന് പറഞ്ഞിറങ്ങിയ ചിന്നു പോകുന്നത് നോക്കി നിന്ന ഞാന്‍ തളര്ന്നു വീഴാതിരിക്കാന്‍ അപ്പോള്‍ ചുവരിലേക്ക് ചാരിയിരുന്നു.

നാളെ രാവിലെ അവരെത്തും. ഇപ്പോഴും മകളോട് അവള്‍ ഒന്നും പറഞ്ഞിട്ടില്ലത്രെ. നാളെ അച്ഛനെ കാണിച്ചു തരാം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇപ്പോഴും എല്ലാം തുറന്നു പറയാന്‍ അവള്ക്കു ധൈര്യം പോരാ.നാളെ എന്നെ ചൂണ്ടി ഞാന്‍ ആണ് അച്ഛന്‍ എന്ന് പറയുമ്പോള്‍ മകളുടെ പ്രതികരണം എന്തായിരിക്കും? അവളെ നശിപ്പിക്കുവാനാണ് ഞാന്‍ ശ്രമിച്ചതെന്ന് വിശ്വസിക്കുന്ന അവള്‍ എങ്ങിനെ അതിനെ അന്ഗീകരിക്കും? എത്രയൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും, മനസുകൊണ്ട് ഇതിനോടകം ആയിരം തവണ ശപിച്ചു കഴിഞ്ഞ എന്നെ എങ്ങിനെ അവള്‍ ഇനി അച്ഛാന്നു വിളിക്കും? ചിന്തിക്കുമ്പോള്‍ തന്നെ ശരീരം മുഴുവന്‍ വിറക്കുന്നു.

ഇല്ല, ആ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ എനിക്ക് കഴിയില്ല. ഒരു ഒളിച്ചോട്ടം അത് അത്യാവശ്യമായിരിക്കുന്നു.
അവസാനം എല്ലാ ശക്തിയും സംഭരിച്ച് അയാള്‍ ആ കടലാസില്‍ എന്തോ കുറിച്ചു.പിറ്റേ ദിവസം പ്രഭാതം വിരിഞ്ഞത് ചൂടുള്ള വാര്ത്തയുമായി ആയിരുന്നു. പ്രശസ്ത എഴുത്തുകാരന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത് രണ്ടേ രണ്ടു വാക്ക്

‘മകളേ മാപ്പ്’