അശ്ലീല പരിഹാര പരിശീലനക്കളരി (സര്‍ക്കാര്‍ വക)

  1
  378

  പുതിയ അധ്യയന വര്ഷം തുടങ്ങിയ സ്കൂള്‍ മാഷന്മാരെപ്പോലെയാണ് കര്‍ണാടകത്തിലെ ബി. ജെ. പി നേതാക്കളുടെ സ്ഥിതി. തലങ്ങും വിലങ്ങും കിടന്നോടുകയാണ്. പരിശീലന പദ്ധതി തയ്യാറാക്കലും പരിശീലകരെ നിയമിക്കലും എന്നിങ്ങനെ പിടിപ്പതു പണികളാണ് ബി. ജെ. പി പ്രസിഡന്റ് ഈശ്വരപ്പയ്ക്ക്. അതിനിടയില്‍ ജയിലില്‍ കിടക്കുന്ന മന്ത്രിമാരുടെ കാര്യങ്ങളും അവരുടെ കേസുകെട്ടുകളും മറ്റും വേറെയും നോക്കി നടത്തണം. ഒന്നിനും മുടക്കം വരാതെ നോക്കി നടത്തണമെങ്കില്‍ കേസു നടത്താന്‍ വേണ്ടി മാത്രം ഒരു മന്ത്രാലയം വേറെ ഉണ്ടാക്കേണ്ടി വരും സര്‍ക്കാരിന്. അത്രയുമാണ് അഴിമതിക്കണക്കുകള്.

  അതിനിടയിലാണ് ഞരമ്പിനു ദീനം ബാധിച്ച മൂന്നു ‘ബ്ലു’ ക്ലാസ് മന്ത്രിമാര്‍ കൂട്ടം ചേര്‍ന്ന് ഒരു മദാമ്മയെ പീഡിപ്പിക്കുന്ന ‘കരളലിയിക്കുന്ന’ സീന്‍ മൊബൈല്‍ വഴി കണ്ടു കളഞ്ഞത് (കരളിനു പകരം നിങ്ങളുടെ ഭാവനയിലുള്ള അലിയുന്ന എന്തുമായും ചേര്‍ത്ത് വായിക്കാം). ഊണു കഴിഞ്ഞാല്‍ ഒരു മസാലപ്പടം കാണുക എന്നത് പണ്ടേയുള്ള ശീലമാണ്. അതിനി നിയമസഭയില്‍ കയറി എന്നത് കൊണ്ട് മാത്രം ഒഴിവാക്കാന്‍ പറ്റില്ല. ചില ശീലങ്ങള്‍ അങ്ങനെയാണ്. പുക വലിക്കുന്നവന്‍ അടുത്തിരിക്കുന്നവനോട് ഒന്ന് വലിക്കുന്നോ എന്ന് ചോദിക്കുന്നത് പോലെയാണ് കാര്യം. അശ്ലീലം കാണുന്നവന്‍ അടുത്തിരിക്കുന്നവന് താല്പര്യമുണ്ടെങ്കില്‍ അത് കാണിച്ചു കൊടുക്കുന്നതിലും തെറ്റില്ല.

  പക്ഷെ പത്രങ്ങള്‍ക്കും ടി. വിക്കാര്‍ക്കും പിന്നെ പ്രതിപക്ഷമടക്കമുള്ള നാട്ടിലെ സകല മൂരാച്ചികള്‍ക്കും അത് എട്ടു കോളം വാര്‍ത്തയായതാണ് ബി. ജെ. പി കേന്ദ്ര നേതൃത്വത്തിന് ഇളക്കം തട്ടിയത്. നിയമസഭയിലേക്ക് വന്ന് ബുദ്ധിമുട്ടേണ്ട കാര്യമില്ല; വീട്ടിലിരുന്നു മണിക്കൂര്‍ ഇടവിട്ട്‌ പീഡനസീനുകള്‍ കണ്ടു കണ്ണോ കരളോ അലിയിച്ചോളാന് കേന്ദ്രം അനുമതി നല്‍കി. അത് കൊണ്ട് മൂന്ന് പേരും രാജിയും വെച്ച് വീട്ടില്‍ സീ ഡിയും കണ്ടിരിപ്പാണ്. ഈ പോക്ക് പോയാല്‍ നിയമസഭയില്‍ ഇരിക്കാന്‍ ആളുണ്ടാവില്ല എന്ന കാര്യം കേന്ദ്രം ഓര്‍ത്തില്ല. അതിനാണ് സംസ്ഥാന നേതൃത്വം പരിശീലനക്കളരി തയ്യാറാക്കിയിരിക്കുന്നത്.

  നിയമസഭയില്‍ ഇരിക്കേണ്ട രീതി, ഇരിപ്പിടങ്ങളില്‍ ആണ്‍-പെണ് വിന്യാസത്തിന്റെ തോത്, മുണ്ട് പൊക്കാനുദ്ധേശിക്കുന്നവര്‍ക്ക് എത്ര വരെ പൊക്കാം എന്നതിന്റെ സെന്റിമീറ്റര്‍ കണക്ക്, ബോറന്‍ പരിപാടികളില്‍ (ബജറ്റ് പോലുള്ള) ഉറങ്ങുന്ന രീതി, റിലേ ഉറക്കം സമര്‍ത്ഥമായി എങ്ങിനെ വിനിയോഗിക്കാം എന്നതിനെക്കുറിച്ചൊക്കെ ഈ കളരിയില്‍ സവിസ്തരം പരിശീലനം നല്കുമെന്നാണറിവ്. കര്‍ണാടകത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി വിജയിച്ചാല്‍ ബി. ജെ. പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാവുന്നതാണ്. നിയമസഭാംഗങ്ങള്‍ക്ക് ഐ പാഡ് കൊടുക്കുന്നതിന്റെ ഗുട്ടന്‍സ്‌ ഇപ്പോഴെങ്കിലും പിടികിട്ടിക്കാണുമല്ലോ?

  ***************************************************************
  കാലം തെറ്റി പെയ്യുന്ന മഴ പോലെയാണ് കോണ്ഗ്രസ്സ് കുട്ടികളുടെ സംഘടനാ തെരഞ്ഞെടുപ്പ്. എന്തൊക്കെ ഹലാക്കുകളാണ് പടച്ച തമ്പുരാന്‍ കരുതി വെച്ചിരിക്കുന്നതെന്ന് ആര്‍ക്കും പ്രവചിക്കുക സാധ്യമല്ല. തെരഞ്ഞെടുപ്പ്‌ എപ്പോള്‍ എങ്ങിനെ നടക്കുമെന്നോ ആരൊക്കെ തമ്മിലായിരിക്കും മത്സരമെന്നോ സാക്ഷാല്‍ സോണിയാ ഗാന്ധിക്ക് പോലും പറയാന്‍ പറ്റില്ല. വല്ലപ്പോഴും വരുന്ന കാര്യമായത് കൊണ്ട് കൊണ്ഗ്രസ്സുകാര്‍ തലതല്ലി അതിനെ ആഘോഷിക്കാറാണ് പതിവ്‌. കോണ്ഗ്രസ്സ് എന്നത് സാധാരണ സംഘടനയല്ലാത്തത് കൊണ്ടും അതിലെ അണികള്‍ അസാധാരണമാം വിധം പെരുമാറുന്നവര്‍ ആയത് കൊണ്ടും തെരഞ്ഞെടുപ്പ്‌ എന്നത് കാഴ്ചക്കാര്‍ക്ക് ഒരു കാര്‍ണിവല്‍ തന്നെയാണ്.

  ഉന്തും തള്ളും, തപ്പും തുടിയും, സിന്ദാബാദും മുര്‍ദാബാദും തുടങ്ങി എല്ലാ തരം കലാ പരിപാടികളും പിന്നെ കാലുവാരല്‍, ചെളിവാരിയെറിയല്‍, മുണ്ടുരിയല്‍ തുടങ്ങിയ പാരമ്പര്യ കലകളും അവിടെ അരങ്ങേറും. അത് കൊണ്ട് തന്നെ ഒരു മാതിരിപ്പെട്ട കലാസ്വാദകരൊക്കെ (ടി. വി ക്കാരുള്‍പ്പെടെ) അവിടെ ഹാജരാകുകയും ചെയ്യും. സിനിമാലയുടെ രണ്ടു എപ്പിസോഡ് ഷൂട്ട്‌ ചെയ്യുന്നില്ലെന്നാരോ പറയുന്നത് കേട്ടു. കോണ്ഗ്രസ്സ് പിള്ളാരുടെ സംഘടനാ തെരഞ്ഞെടുപ്പ്‌ ഫൂട്ടേജ് കൊണ്ട് കാര്യം സാധിക്കാം എന്നാണവര്‍ പറയുന്നത്.

  കെ. എസ്. യു തെരഞ്ഞെടുപ്പ് കാലത്ത്‌ പോലീസ്‌ പണി ചെയ്യേണ്ടി വരുന്നവരുടെ കാര്യമാണ് കഷ്ടം. തല്ലു പിടിക്കൂട്ടത്തില്‍ നിന്നും ആരെ രക്ഷിക്കണം ആരെ ശിക്ഷിക്കണം എന്ന കണ്ഫ്യൂഷന് തീര്‍ന്നു കിട്ടില്ല. കാരണം രണ്ടു കൂട്ടര്‍ വിചാരിച്ചാലും പാറ്റ വന്നു വീഴുക പോലീസുകാരന്‍റെ നൂഡില്‍സില്‍ തന്നെയായിരിക്കും. തല്ലു കൂടുന്ന രണ്ടു കൂട്ടര്‍ക്കും ഒരു കാര്യത്തില്‍ യോജിപ്പുണ്ട്. രാഹുല്‍ ഗാന്ധിക്ക് മുദ്രാവാക്യം വിളിക്കണമെന്ന കാര്യത്തില്‍. അങ്ങേര്ക്കിത് തന്നെ കിട്ടണം. കാരണം അങ്ങേരാണല്ലോ സംഘടനാ തെരഞ്ഞെടുപ്പ്‌ പോലുള്ള പൌരാണിക സമ്പ്രദായങ്ങളെയൊക്കെ പൊടി തട്ടി പുറത്തെടുത്ത്‌ ഈ പരുവത്തിലാക്കിയത്‌..

  ***************************************************************

  കോണ്ഗ്രസ്സ് പോലെ ഊച്ചാളികളല്ല അഖില ലോക വര്‍ഗ വിപ്ലവ സഖാക്കള്‍ തന്‍ നേര്‍പ്പാര്ട്ടിയായ സി. പി. എം. അതിന്റെ തെരഞ്ഞെടുപ്പായാലും സമ്മേളനമായാലും ഇനി അടിയന്തിരം തന്നെയായാലും ഒരടുക്കും ചിട്ടയുമൊക്കെ കാണും. കേഡര്‍ കേഡര്‍ എന്ന് പറഞ്ഞാല്‍ മോഹന്‍ലാലിന് കേണല്‍ പദവി കിട്ടുന്നത് പോലെ ചുമ്മാ കിട്ടുന്ന ഒന്നല്ല. അതിനിത്തിരി പണിയെടുക്കണം. പട്ടാളച്ചിട്ടയൊന്നുമായില്ലെങ്കിലും ആര്‍. എസ്സ്. എസ്സിന്റെ ശാഖാ കവാത്തിനേക്കാള്‍ നിലവാരം കാണുമതിന്.

  രാസമഴ പെയ്തോ മറ്റോ ആ കേഡറിസത്തിന് കേടു വരുമ്പോഴാണ് ജനറല്‍ സെക്രട്ടറി വക അനൌണ്സ്മെന്റ് ഉണ്ടാകുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പരിപാടി ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല എന്ന പ്രത്യേക അറിയിപ്പ്‌. ഇത്തരം അലമ്പുകള്‍ ഒഴിവാക്കാനാണ് ഈ പണികളൊക്കെ വെടിപ്പായി ചെയ്യാനറിയുന്ന ‘ഇവന്‍റ് മാനേജ്മെന്റുകാരെ പണിയേല്പിച്ചത്. അതൊരു പണിയായത് മിച്ചം. ഇതേ ഇവന്‍റ്മാരെ സമ്മേളന സ്ഥലത്ത് ആളെക്കൂട്ടാന്‍ അനിയന്‍ സഖാവും ഏല്‍പ്പിച്ചത്‌ കാരണം ഏരിയാ കമ്മിറ്റിയിലുള്ള കാര്യം പോളിറ്റ്ബ്യൂറോയിലെത്തി എന്ന് പറഞ്ഞത്‌ പോലായി.

  കാര്യങ്ങള്‍ അനിയന്മാരുടെ ചെവിയിലുമെത്തി അവരത് മൈക്ക്‌ കെട്ടി വിളിച്ചു പറയുകയും ചെയ്തു. മലപ്പുറം ജില്ലയില്‍ രണ്ടു പാര്‍ട്ടിയാപ്പീസും കൂടെ ദേശാഭിമാനിയുടെ ഒരു പതിനഞ്ചു കോപ്പിയും ലക്ഷ്യമിട്ടാണ് മലപ്പുറം സമ്മേളനം നടത്തിയതെങ്കില്‍ തിരുവനന്തപുരം സമ്മേളനത്തിനു അതിലും മഹത്തായ ലക്ഷ്യമാണുണ്ടായിരുന്നത്. പാര്‍ട്ടി ശത്രുക്കളെ അരുക്കാക്കി പാര്‍ട്ടി ശക്തിപ്പെടുത്തുക. ആഗോള തലത്തില്‍ തന്നെ പാര്‍ട്ടിക്ക് ഒരേയൊരു ശത്രുവേയുള്ളൂ. അത് അമേരിക്കയോ മൊസാദോ ഒന്നുമല്ല. വേലിക്കകത്ത്‌ ശങ്കരന്‍ എന്ന ഒറ്റയാന്‍. കുറച്ചു കുറുക്കി പറഞ്ഞാല്‍ ആളെ നിങ്ങളറിയും. സാക്ഷാല്‍ വി. എസ്! തോളത്തിരുന്ന മൂപ്പിലാനെയെടുത്ത് വേലിക്കകത്തു തന്നെ വെച്ചിട്ടുണ്ട്. സി. പി. ഐ ക്കാര്‍ ചെന്ന് തോണ്ടി അങ്ങേരെ എടങ്ങേറാക്കാതിരുന്നാല്‍ മതി.

  ***************************************************************

  മുസ്ലിം യൂത്ത്‌ ലീഗന്മാര്‍ പത്ര സമ്മേളനം നടത്തുന്നത് കണ്ടപ്പോള്‍ പേടിച്ചു പോയി. ദൈവമേ ഇനി വല്ല അത്യാഹിതവും. പണി പോയാലും പള്ളി പൊളിഞ്ഞാലും കൂടി പത്ര സമ്മേളനം കൂടി പറയുന്ന രീതി യൂത്ത്‌ ലീഗുകാര്‍ക്ക് പണ്ടേയില്ല. അതിലും വലുതായിരിക്കുമോ ഇനി ഇവര്‍ക്ക് പറയാനുള്ളത്‌.. പിറവം ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വേണ്ട എന്ന് പറയാനാണത്രേ പത്ര സമ്മേളനം നടത്തിയത്‌. കേട്ടിട്ട് ജമാഅത്തുകാര്‍ക്ക് പോലും ചിരി വന്നു പോയി. ജമാഅത്ത്‌ വോട്ടിന്റെ ബലം കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പോടു കൂടി എല്ലാരും കണ്ടതാണ്. ഇല്ലാത്ത ഒന്ന് (കിട്ടാത്ത എന്ന് കൂടി വായിക്കുക) വേണ്ട എന്ന് പത്ര സമ്മേളനം കൂട്ടി വിളിച്ചു പറയാന്‍ യൂത്ത്‌ ലീഗുകാര്‍ക്ക് മാത്രമേ കഴിയൂ. അവര്‍ക്കുമുണ്ടാകില്ലേ പത്ര സമ്മേളനമൊക്കെ കാണാനുള്ള ഒരാഗ്രഹം.

  ലാസ്റ്റ്‌ ബോള്‍: എക്സ്പ്രസ് വേ തെറ്റായ ഒരാശയമായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായി. മന്ത്രി ഡോ. എം. കെ. മുനീര്‍.

  അതിനു പത്തു വര്ഷം വേണ്ടി വന്നു!! ഡോക്ടര്‍ ചികിത്സിച്ച രോഗികളൊക്കെ ജീവിച്ചിരിപ്പുണ്ടോ ആവോ?

  Comments are closed.