ആകാശത്തിലെ പറവകള്‍
ദൈവം സ്വര്‍ഗ്ഗവും നരകവും സൃഷ്ടിച്ചിട്ടുണ്ട് എന്ന് ചെറുപ്പത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. നന്മ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പോകുമെന്നും തിന്മ ചെയ്യുന്നവര്‍ നരകത്തിലും, പക്ഷെ ഞാന്‍ അതിനെ എതിര്‍ത്തിരുന്നു. എന്റെ അഭിപ്രായത്തില്‍ സ്വര്‍ഗ്ഗവും നരകവുമെല്ലാം ഈ ഭൂമിയില്‍ തന്നെ ആണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഓരോ മനുഷ്യനും ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം ഈ ഭൂമിയില്‍ തന്നെ അനുഭവിച്ചു തീര്‍ക്കും എന്നാണു എന്റെ പക്ഷം.
120 total views
ദൈവം സ്വര്‍ഗ്ഗവും നരകവും സൃഷ്ടിച്ചിട്ടുണ്ട് എന്ന് ചെറുപ്പത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. നന്മ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പോകുമെന്നും തിന്മ ചെയ്യുന്നവര്‍ നരകത്തിലും, പക്ഷെ ഞാന്‍ അതിനെ എതിര്‍ത്തിരുന്നു. എന്റെ അഭിപ്രായത്തില്‍ സ്വര്‍ഗ്ഗവും നരകവുമെല്ലാം ഈ ഭൂമിയില്‍ തന്നെ ആണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഓരോ മനുഷ്യനും ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം ഈ ഭൂമിയില്‍ തന്നെ അനുഭവിച്ചു തീര്‍ക്കും എന്നാണു എന്റെ പക്ഷം. ചിലപ്പോള്‍ മരണത്തിനു ഒരു നിമിഷം തൊട്ടു മുന്‍പെങ്കിലും, ചിലപ്പോള്‍ നമ്മള് പുറമേ നിന്ന് നോക്കുമ്പോള്‍ സന്തോഷവാന്മാരായി കാണുന്ന പലരും, ചിലപ്പോള്‍ അതിയായ മാനസിക വേദന അനുഭവിക്കുന്നുണ്ടാവും. നമുക്ക് വായുവും വെള്ളവും ജീവിക്കാനുള്ള എല്ലാ ആവാസവ്യവസ്ഥകളും തരുന്ന പ്രകൃതിക്ക് ശിക്ഷിക്കാന്‍ ഉള്ള അധികാരം മാത്രം ഇല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല.
പണ്ട് കുട്ടിക്കാലത്ത് ചെറിയ ചെറിയ തമാശകള്‍ കാണിക്കും. അതൊക്കെയും മായാതെ മനസിന്റെ എതെകിലും ഒരു കോണില്‍ ഇങ്ങനെ ചുരുണ്ട് കൂടി കിടക്കും. എന്നെങ്ങിലും വലിയവനായി എന്ന് തോന്നുമ്പോള്‍ മനസ് അതിന്റെ ഉള്ളറകളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന പല രഹസ്യങ്ങളും എടുത്തു പുറത്തു ഇടും, ഒന്ന് ഓര്മപ്പെടുത്താന്. കുട്ടിക്കാലത്ത് ഉണ്ടായിരുന്ന തമാശകള്‍ ചിലപ്പോള്‍ അതിര് കടന്നു പോയിട്ടുണ്ട്. അന്ന് എന്തൊക്കെയായിരുന്നു ചെയ്തിരുന്നത്? ഓട്ടം.. ചാട്ടം.. തലകുത്തി മറിയല്‍ …അങ്ങനെ അങ്ങനെ …..പലതും ………അതില്‍ പ്രധാനപ്പെട്ടവയായിരുന്നു ….. ക്രിക്കറ്റ് കാര്‍ഡ് ശേഖരിക്കല്‍…..ഗോലികള്‍ വലിയ കുപ്പികളില്‍ നിറച്ചു സൂക്ഷിക്കല്‍ …..പിന്നെ ലോട്ടറി ടിക്കെട്ടുകള്‍ ശേഖരിക്കല്‍………….അതില്‍ ലോട്ടറി ടിക്കെട്ടുകള്‍ ശേഖരിച്ചു വെക്കുന്നത് ഒരു ഹരം ആയിരുന്നു….സിക്കിമിന്റെയും ഭൂട്ടാന്റെയും ഒരുപാട് താളുകളുള്ള ടിക്കെട്ടുകള്‍ വീട്ടില്‍ അടുക്കി വെച്ചിട്ട് വലിയ അഭിമാന ബോധത്തില്‍ തല ഉയര്‍ത്തി പിടിച്ചു നടന്നിരുന്നു …..രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം………എന്റെ അറിവില്‍ അന്ന് ടൌണില്‍ …സിക്കിമും ഭൂട്ടാനും ലോട്ടറി ടിക്കെട്ടുകള്‍ സ്ഥിരമായി വാങ്ങിക്കുന്ന രണ്ടു വ്യക്തികള്‍ ഉണ്ടായിരുന്നു…..ഒന്ന് ഒരു ഹോട്ടല്‍ നടത്തുന്ന ഒരു മനുഷ്യന് ….പിന്നെ ഒരു ആയുര്‍ വേദ വ്യ്ധ്യശാല നടത്തുന്ന മറ്റൊരു വ്യക്തി ……എല്ലാ ദിവസങ്ങളിലും അവര്‍ മണ്ടന്മാര് ആകുന്നതുകൊണ്ട് ……ലോട്ടറി ടിക്കെട്ടുകള്‍ കടയുടെ പ്രവേശന കവാടത്തിന്റെ ഒരു അരികില്‍ അവര്‍ വെച്ചിരിക്കും………..അത് ദിവസവും എടുത്തു വീട്ടില്‍ കൊണ്ടുപോയി നിധി പോലെ സൂക്ഷിച്ചു വെക്കുകയാണ് എന്റെ ജോലി……………ഞാന്‍ മാത്രെമല്ല എന്റെ കൂടെ അന്ന് മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു……….സ്കൂള്‍ വിട്ടാല്‍ പിന്നെ ഒരു ഓട്ടമാണ്…………ആദ്യം ചെന്ന് എടുക്കുന്ന ആള് മുഴുവനും എടുക്കും………ഓട്ടത്തില്‍ ഞാന്‍ ബഹു മിടുക്കന് ആയതു കൊണ്ടു മിക്കപ്പോളും പരാജയപ്പെടുകയാണ് പതിവ്……..(ഒരിക്കല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി ഓട്ടമല്‍സരത്തിനു ചേര്‍ന്നു …….അന്ന് സ്കൂള്‍ ഗ്രൌണ്ട് ഇല്ലാത്തതു കൊണ്ടു ….ഹെഡ് മാഷിന്റെ ഓഫീസിന്റെ മുറ്റത്തു ആണ് ഓട്ടമത്സരം ….ഓടിയോടി പകുതി ചെന്നപ്പോള്‍ …ദൂരെ ഫിനിഷിംഗ് പൊയന്റില്‍ കേട്ടു ജയ് വിളികള്‍…..ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി…..ഒരു മനുഷ്യനുമില്ല……പെട്ടെന്നുണ്ടായ ബോധോദയത്തില്‍ ….ഓട്ടം പാതി വഴിക്ക് നിര്‍ത്തി …….പതിയെ വരാന്തയുടെ അരികിലൂടെ ആരും കാണാതെ..മുങ്ങി……അങ്ങനെ എന്റെ ആദ്യത്തെയും അവസാനത്തെയും ഓട്ടമത്സരം……ഫിനിഷിംഗ് പൊയന്റില്‍ എത്താതെ ഇപ്പോഴും തുടരുന്നു )………………അങ്ങനെ ലോട്ടറി ടിക്കെട്ടുകള്ക്ക് വേണ്ടിയുള്ള പ്രാണന് വെടിഞ്ഞുള്ള ഓട്ടം തുടര്‍ന്ന് കൊണ്ടേ ഇരുന്നു ..പക്ഷെ ആ ഓട്ടം ഒരു ദിവസം പെട്ടെന്ന് നിന്നു………കാരണം……..ഒരിക്കല്‍ ലോട്ടറി ടിക്കെട്ടുകള്‍ എടുക്കാനുള്ള മരണപ്പാച്ചിലില്‍ ……..ആ ഹോട്ടെലിന്റെ മുന്പില് കല്ലില്‍ കാലു തട്ടി ഒരു വീഴ്ചയാണ് ………..ചാണകത്തില്‍ മൂക്കും കുത്തി നടുറോട്ടില്‍……….ചുറ്റും കൂട്ടച്ചിരി……….
ഇളിഭ്യനായി പതിയെ എഴുന്നേറ്റു ….ചുറ്റും ചിരിക്കുന്ന ജനക്കൂട്ടത്തെ ശ്രേധിക്കാതെ ……ഇടതെക്കൈകൊണ്ട് മുഖത്ത് പറ്റിയ മിശ്രിതം ഒന്ന് തൊട്ടു മണത്തു നോക്കി…….
..ഹും………….ചാണകം………..
നാട്ടുകാരുടെ മുന്പില് വെച്ചു എന്റെ കുഞ്ഞു മനസിനുണ്ടായ അപമാനം എനിക്ക് സഹിക്കാന്‍ പറ്റിയില്ല………കരഞ്ഞു കൊണ്ടു മെല്ലെ വീട്ടിലേക്കു നടന്നു …………പിന്നീട് ഒരിക്കലും ലോട്ടറി ടിക്കെട്ടുകളുടെ പുറകെ പോയിട്ടില്ല……….(വീട്ടില്‍ ഇരുന്ന ലോട്ടറി ടിക്കെട്ടുകള്‍ ദേഷ്യം വന്നു എടുത്തു തോട്ടില്‍ കളഞ്ഞു )..
അങ്ങനെ ഓട്ടമത്സരം ഉപേക്ഷിച്ചു……വേറെ പല വികൃതികളുമായി …….ഇങ്ങനെ നടക്കുമ്പോള്‍… സ്കൂളില്‍ നിന്നും വരുന്ന വഴിക്ക് ഞാന്‍ ഒരു മനുഷ്യനെ കാണാറുണ്ടായിരുന്നു ………വഴിയരികള്‍ ഇരുന്നു യാചിക്കുന്ന ഒരു ഭിക്ഷക്കാരന് ….അന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ പിച്ചക്കാരന് ..അയാള്‍ അന്ധനാണ്………പിച്ചക്കാരെല്ലാം കള്ളന്മാരനെനു ആരോ പറഞ്ഞു കേട്ടിടുണ്ട്………വേണ്ടി വന്നാല്‍ പിള്ളേരെ ചാക്കിനകത്ത് പിടിച്ചോണ്ട് പോയി കണ്ണ് കുത്തിപ്പൊട്ടിച്ചു അവരുടെ കൂടെ കൊണ്ടുനടന്നു തെണ്ടിക്കുമെന്നു ആരോ പറഞ്ഞു പഠിപ്പിച്ചിരുന്നു ….ഞാന്‍ വികൃതി കാണിക്കുമ്പോള്‍ അമ്മ എന്നെ പലപ്പോഴും പേടിപ്പിച്ചു അടക്കി ഇരുത്തിയിരുന്നതും ഈ പല്ലവി പറഞ്ഞുകൊണ്ടായിരുന്നു ….അതുകൊണ്ട് തന്നെ അയാളുടെ മുന്പില് എത്തുമ്പോള്‍ അല്പം അകന്നു ആണ് നടക്കാറ് …..ആ കാപാലികനാണ് ഇപ്പോള്‍ മുന്പില് കുത്തി ഇരിക്കുന്നത് ……………..അയാളുടെ മുന്പില് നിവര്‍ത്തി വെച്ചിരിക്കുന്ന തുണിയില്‍……….നിറയെ ചില്ലറ പൈസകള്‍ ………..അഞ്ചു പൈസ മുതല്‍ അമ്പതു പൈസ വരെ ……….അന്ന് അയാളോട് ശരിക്കും അസൂയ തോന്നിയിരുന്നു………
ഹോ… ഈ പൈസ ഒക്കെ കൊടുത്തു അയാള്‍ക്ക് എന്തുമാത്രം മുട്ടായി മേടിചു തിന്നാം….(മുട്ടായി അന്ന് എന്റെ ഒരു വീക്ക്നെസ്സ് ആയിരുന്നു……ഇന്നും )……….എനിക്ക് ആണെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ വല്ലതും……….അമ്പതു പൈസയോ ഒരു രൂപയോ കിട്ടും………അതുകൊണ്ട് എന്ത് ആവാന്‍ ……..ദിവസം ചെല്ലുംതോറും …അയാളോടുള്ള അസൂയ കൂടി കൂടി വന്നു………. അങ്ങനെ ഒരിക്കല്‍ ഞാന്‍ എന്റെ കൂട്ടുകാരനോട് ചോദിചു………..
”നീയ് അയാളെ……..കണ്ടോ ..?”
”ആരെ..?”
”അവിടെ കുത്തി ഇരിക്കുന്ന പിച്ചക്കാരനെ………?”
”ഉം അതിനു……”
”അയാള്‍ക്ക് കണ്ണ് നന്നായി കാണാം …….നിക്ക് ഉറപ്പാ………”
”ആര് പറഞ്ഞു…….”
”ആരും പറയണ്ട……..നിക്ക് അറിയാം …പിച്ചക്കാരെല്ലാം കള്ളന്മാരാണ്……..”
അവന് എന്നെ കളിയാക്കി ഒന്ന് ചിരിച്ചു……..
”നീയ് ചിരിക്കണ്ട………ഒരിക്കല്‍ അയാള്‍ നിന്നെയും ചാക്കിനകത്ത് പിടിച്ചോണ്ട് പോയി കണ്ണ് കുത്തി പൊട്ടിച്ചു …. ഇതുപോലെ തെണ്ടിക്കും…… ”
അത് അവന്റെ മനസ്സില്‍ ഒന്ന് കൊണ്ടു……
അവന് എന്നെ സൂക്ഷിച്ചു ഒന്ന് നോക്കി……….
ആ തക്കം നോക്കി ഞാന്‍ അവനോടു പറഞ്ഞു……..
”നമുക്ക് അയാളുടെ മുന്പിലെ പൈസയും വാരി ഓടം………നീ കണ്ടോ…….അയാള്‍ ഓടി വരും …….അയാള്‍ കള്ളനാണ്………അയാള്‍ക്ക് കണ്ണ് കാണാം ……”
( അന്നത്തെ ആ ചോദ്യത്തിലെ ദുരുദ്ദേശം ………പിന്നീട് എന്റെ ഉപബോധ മനസ് എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്………..പിന്നീട് മുതിര്‍ന്ന ശേഷം……….ഞാന്‍ എന്റെ ഉപബോധ മനസിനോട് ആ ചോദ്യം പല തവണ ചോദിച്ചിട്ടുണ്ട്………അപ്പോളെല്ലാം ഒരു ഉത്തരം മാത്രമേ കിട്ടിയുള്ളൂ…………..നിന്റെ ഉദ്ദേശം ഒന്ന് മാത്രം ആയിരുന്നു …………”മുട്ടായി മേടിക്കുക ……..” )
അവന് കുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു…
”അത് വേണോ..?”
”വേണം…”
”ഓടിയാല്‍ പുറകെ വന്നു അയാള്‍ നമ്മളെ പിടിച്ചാലോ…………? ”
”ഇല്ല പിടിക്കില്ല ………നീയ് എന്റെ കയ്യില്‍ പിടിച്ചോ…. ഒരുമിച്ചു ഓടിയാല്‍ മതി…….” .(കയ്യും കൂട്ടി പിടിച്ചു ഓടിയാല്‍ മൂക്കും കുത്തി വീഴുമെന്നു ചിന്തിക്കാനുള്ള കഴിവ് അന്ന് ഇല്ലായിരുന്നു )
അങ്ങനെ ……….ഒടുവില്‍ പൈസ ഇടാനെന്ന വ്യാജേന ………പേടിച്ചു വിറച്ചു….അടുത്ത് ചെന്നു….
ഞങ്ങളുടെ കാല്പെരുമാറ്റം കേട്ടു അയാള്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു……….
”വല്ലതും തരണേ…”
മറുപടി വളരെ പെട്ടെന്നായിരുന്നു ……..കൈയ്യില്‍ കിട്ടിയത് വാരി എടുത്തു…..(അന്ന് കുഞ്ഞി കൈകളില്‍ എന്ത് മാത്രം വാരാന്‍ ……..ആകെ രണ്ടോ മൂന്നോ പത്തു പൈസ തുട്ടുകള്‍ )………………….കണ്ണും പൂട്ടി ഓടി……….പ്രാണന് വെടിഞ്ഞുള്ള ഓട്ടത്തിനിടയില്‍ …കൈകൂട്ടിപ്പിടിക്കണം എന്ന തന്ത്രം മറന്നു………ഇടയ്ക്കു എപ്പോഴോ ഒന്ന് തിരിഞ്ഞു……….നോക്കി…………അയാള്‍ അയാളുടെ മുന്പിലെ തുണിയില്‍ പരതുകയാണ്…….എന്തൊക്കെയോ ഉച്ചത്തില്‍ പറയുന്നു….തന്നെ പറ്റിച്ചു കടന്നു കളഞ്ഞ വിരുതന്മാരെ ശപിക്കുകയാവാം …….ശരിക്കും അന്ധന് തന്നെ …………….പിന്നെ ഓട്ടം മന്ദ ഗതിയിലായി…………….ഒടുവില്‍ കിതച്ചു കിതച്ചു ഓട്ടം നിര്‍ത്തി ……
ഓട്ടം നിര്‍ത്തി കഴിഞ്ഞു ആണ് സുഹൃത്തിന്റെ പെട്ടെന്നുള്ള ഭാവ മാറ്റം ….അവന് എന്റെ മുഖത്തേക്ക് ഒന്ന് രൂക്ഷമായി സൂക്ഷിച്ചു നോക്കി…….എന്നിട്ട് കൈയില്‍ ഇരുന്ന നാണയങ്ങള്‍ ദൂരേക്ക് വലിച്ചെറിഞ്ഞു……….ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി……….ഇവന് എന്താണ് ഈ കാണിക്കുന്നത്…….ഇങ്ങനെ വലിച്ചെറിയാന്‍ ആയിരുന്നോ ഇത്ര കഷ്ടപ്പെട്ടു എടുത്തോണ്ട് ഓടിയത്………..അവന്റെ നോട്ടം കൂടുതല്‍ രൂക്ഷമായി…………ഒടുവില്‍ മനസ്സില്ലാ മനസോടെ……
”എന്നാല്‍ നിക്കും വേണ്ട” ……..എന്ന് പറഞ്ഞു ……ഞാനും എന്റെ കൈയിലുള്ള നാണയങ്ങള്‍ ദൂരേക്ക് വലിച്ചെറിഞ്ഞു………..അവന് എന്നോട് ഒന്നും മിണ്ടാതെ ഓടി വീട്ടില്‍ പോയി…………ഞാന്‍ മുട്ടായി വാങ്ങാന്‍ പറ്റിയില്ലന്ന വിഷമത്തോടെ എന്റെ വീട്ടിലേക്കും…(ഒരു ആവേശത്തിന്റെ പുറത്തു വലിച്ചു എറിഞ്ഞതാണ് ….വേണ്ടായിരുന്നു )
…………. പിന്നീട് ആ വഴിക്ക് പോയിട്ടില്ല….അയാള്‍ പൂര്‍വ വയരാഗ്യം തീര്‍ക്ക്കാന്‍ ചാക്കിനകത്ത് പിടിച്ചിട്ടു കൊണ്ടുപോയാലോ………..പിന്നീട് പിച്ചക്കാരെ കാണുമ്പോള്‍ ഭയമായിരുന്നു………ഓരോ പിച്ചക്കാരനെയും കാണുമ്പോള്‍ തോന്നും ……..അത് അയാള്‍ ആയിരിക്കുമോ എന്ന്……..
(പിന്നീട് മുതിര്‍ന്നതിനു ശേഷം ……..ഞാന്‍ അവന്റെ പെരുമാറ്റത്തെ പറ്റി ………ഒരുപാട് ചിന്തിച്ചിട്ടുണ്ട്…………..എന്തുകൊണ്ടായിരിക്കും അവന് ആ നാണയങ്ങള്‍ ദൂരേക്ക് വലിച്ചെറിഞ്ഞത്……….എന്തായിരിക്കും എന്നോട് ഒന്നും മിണ്ടാതെ അവന് ഓടി വീട്ടില്‍ പോയത്………..ചെയ്തത് തെറ്റാണെന്ന് അവനു തോന്നിയിട്ടുണ്ടാവുമോ………….പിന്നെ എന്തുകൊണ്ട് എനിക്ക് തോന്നിയില്ല…………പിന്നീട് എപ്പോഴോ മുതിര്‍ന്ന ക്ലാസ്സുകളില്‍ എത്തി തെറ്റ് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ അയാളെ തിരഞ്ഞിട്ടുണ്ട് ………….ചെയ്ത തെറ്റിന് ………പരിഹാരമായി ….അയാളുടെ കടങ്ങള്‍ പലിശസഹിതം തീര്‍ക്കാന്‍……..പക്ഷെ അയാളുടെ മുഖം തിരിച്ചു അറിയാന്‍ പറ്റാത്ത വിധം മനസ്സില്‍ നിന്ന് മാഞ്ഞിരുന്നു……….)..
പിന്നീട്………….കാലം മുന്‍പോട്ടു ഓടിക്കൊണ്ടിരുന്നു…..മഴയും വെയിലും……പല തവണ ….കടന്നു പോയി…………….ഒരുപാട് ഓണസദ്യകള് പിന്നെയും ഉണ്ടതുകൊണ്ടാവാം………..ഞാന്‍ വളര്‍ന്നു വലുതായി………….. ജിവിതത്തിലെ യാത്രകളില്‍ ഇടയ്ക്ക് ചിലപ്പോള്‍ വന്യമൃഗങ്ങള്‍ ഉള്ള കൊടുംകാട്ടിലൂടെ യാത്ര ചെയ്യേണ്ടി വരും…..മരുഭുമിയിലൂടെ ദാഹിച്ചു അലയേണ്ടി വരും…..മുള് പടര്പുകളിലൂടെ നഗ്ന പാദങ്ങളുമായി നടക്കേണ്ടി വരും……………….ചിലപ്പോള്‍ കുത്തി ഒഴുകുന്ന പുഴകള്‍ പോലും നീന്തി കടക്കേണ്ടി വരും ……അപ്പോള്‍ പ്രകൃതി മുന്പില് തടിപ്പാലങ്ങള്‍ ഇട്ടുതരും കടന്നു പോകാന്‍…..മനുഷ്യന് അവന്റെ അഹങ്കാരം മൂലം ആ ……..പാലങ്ങള്‍ തള്ളി മറിച്ചിട്ട് ……….നീന്തി പോകും…………കുറെ നീന്തി കഴിയുമ്പോഴാണ് മനസിലാകുക നീന്തുന്നത് കടലാണെന്ന് ….. ഒടുവില്‍ കുത്തൊഴുക്കില്‍ പെട്ട് ….ഏതെങ്കിലും തീരത്ത് അടിയും……………..ജീവനോടെയോ ശവമായോ………..
സ്വതന്ത്രെമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ കാലം……..ജീവിക്കാന്‍ വേണ്ടി സയന്‍സ് പഠിക്കാന്‍ തീരുമാനിക്കുന്നു……അങ്ങനെ നഗരത്തിലേക്ക് ചേക്കേറുന്നു …..നഗരത്തിന്റെ തോളോട് ഇഴുകി ചേര്‍ന്നു നടന്നുകൊണ്ടിരുന്നു ….അങ്ങനെ ശാസ്ത്രം പഠിച്ചു പഠിച്ചു മുന്‍പോട്ടു പോകുന്നതിനിടയിലാണ്…… എവിടെയോ കണ്ടത്………..
”ശാസ്ത്രം ജയിച്ചു….മനുഷ്യന് തോറ്റു”
(അത് എവിടെയാണ് ഞാന്‍ കണ്ടതെന്ന് ഓര്‍മയില്ല………..ആരെങ്കിലും പറഞ്ഞു കേട്ടതാണോ….ഏതെങ്കിലും പുസ്തകങ്ങളില്‍ വായിച്ചതാണോ ……അതോ നഗരത്തിലെ ഏതെങ്കിലും ഫ്ലെക്സ് ബോര്‍ഡില്‍ കണ്ടതാണോ…….ഓര്‍മയില്ല)
അന്ന് ആദ്യമായി ശാസ്ത്രത്തോട് വെറുപ്പ് തോന്നി ….തത്വചിന്തകള്‍ തലയ്ക്കു പിടിച്ചു തുടങ്ങുന്നു …അങ്ങനെ ശാസ്ത്രവും തത്വചിന്തയും ഒന്നിച്ചു കൊണ്ടുപോകാനാവാതെ ഞാന്‍ കുഴഞ്ഞു …..ഒടുവില്‍ ഒരുപാട് നേരത്തെ ആലോചനക്കു ശേഷം ശാസ്ത്രത്തെ വലിച്ചു കീറി മീനച്ചില്‍ ആറ്റില്‍ എറിഞ്ഞു… …….കൈയും വീശി തിരിഞ്ഞു നടന്നു …(അതാകുംബം പഠിക്കണ്ടല്ലോ………..ആകാശത്ത് നോക്കി നടന്നാല്‍ മതിയല്ലോ ……………പക്ഷെ എന്റെ തത്വചിന്തകളുടെ അര്‍ഥം ഭ്രാന്ത് ആണെന്ന് ഞാന്‍ വൈകാതെ തിരിച്ചു അറിഞ്ഞു……..പിന്നീട് എപ്പോഴോ തത്വചിന്തകള്‍ വിശപ്പു മാറാന്‍ സഹായിക്കില്ല എന്ന് മനസ്സിലായപ്പോള്‍ മീനച്ചിലാറിന്റെ തീരങ്ങളില്‍ പോയി ഇരുന്നു ഞാന്‍ വലിച്ചു കീറി എറിഞ്ഞ ശാസ്ത്രെതിനെ തിരഞ്ഞിട്ടുണ്ട് ………….പക്ഷെ അത് എന്നെ കൈവിട്ടു ഒരുപാട് ദൂരം മുന്‍പോട്ടു ഒഴുകി പോയിരുന്നു)…………
എന്റെ തീരുമാനങ്ങളെ ന്യായീകരിക്കാന്‍ ഞാന്‍ വേദപുസ്തകത്തിലെ ഒരു വാചകവും കടമെടുത്തിരുന്നു……….
”ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല….കൊയ്യുന്നില്ല …കളപ്പുരയില്‍ കൂട്ടി വെക്കുന്നുമില്ല………..പിന്നെയോ കാരുണ്യവാനായ ദൈവം അവയെ നടത്തുന്നു”
(പിന്നെ ദൈവം അവരെ എങ്ങനെ നടത്തുന്നു എന്ന് ചിന്തിച്ചു ഞാന്‍ ഒരുപാട് രാത്രികളില്‍ ഉറക്കമിലചിട്ടുണ്ട് ……അവര്‍ പാവപ്പെട്ട കര്‍ഷകരെ പറ്റിച്ചാണ് ജീവിക്കുന്നതെന്ന സത്യം മനസ്സിലാക്കാന്‍ പിന്നീടു ഒരുപാട് കാലം എടുത്തു)
ഞാന്‍ പലപ്പോഴും അത്ഭുടപ്പെട്ടിട്ടുണ്ട് ………മനുഷ്യന് എങ്ങനെയാണ് ശാസ്ത്രവും തത്വവും ഒരുമിച്ചു കൊണ്ടുപോകുന്നതെന്ന്……ശാസ്ത്രം മുന്നേറുമ്പോള്‍ ..തത്വചിന്തകള്‍ ..അതിന്റെ പിടലിക്ക് പിടിച്ചു പുറകോട്ടു വലിക്കും…അപ്പോള്‍ ശാസ്ത്രം തത്വത്തിന്റെ കരണ കുറ്റിക്ക് ഒന്ന് കൊടുത്തിട്ട് വീണ്ടും മുന്‍പോട്ടു പോകും…..ഇതായിരുന്നു ഞാന്‍ കണ്ട ലോകം …..
..പക്ഷെ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു………………….അങ്ങനെ തനിയെ നടക്കാന്‍ ശക്തി പോര എന്ന് തോന്നിയപ്പോള്‍ ………..രണ്ടു സഹയാത്രികരെ കൂടെ കൂട്ടി………….മദ്യവും സിഗരെട്ടും………. അവരുടെ ആഡംബര ജീവിതം എന്നെ ആകെ തളര്‍ത്തി കളഞ്ഞു……..അവരുടെ പല
ഡിമാന്റുകളും എനിക്ക് അന്ഗീകരിക്കേണ്ടി വന്നു…………..പകല്‍ മുഴുവന്‍ അലഞ്ഞു തിരിഞ്ഞു നടക്കണം … മൈതാനങ്ങളില്‍ മലര്‍ന്നു കിടന്നു വിശാലമായ ആകാശത്ത് നോക്കി കൂക്കി വിളിക്കണം…..രാത്രി ഉറങ്ങാന്‍ പാടില്ല …….ചീട്ടു കളിച്ചു നേരം വെളുപ്പിക്കണം …… അങ്ങനെ പലതും……………
ഒടുവില്‍ അപ്പന് അപ്പന്റെ നിലത്തു വിത്ത് വിതച്ചു…….കൊയ്ത് ..മെതിച്ചു…….. തന്നിരുന്ന വിളവു തികയാത്തെ വന്നപ്പോള്‍……………ഞാന്‍ മറ്റുള്ളവരുടെ പാടങ്ങളില്‍ അതിക്രെമിച്ചു കയറി കൊയ്യാന്‍ തുടങ്ങി………അങ്ങനെ വിതക്കല്‍ ഇല്ലാതെ …..കൊയ്യല്‍ മാത്രം തുടര്‍ന്ന് കൊണ്ടേ ഇരുന്നു………..ആദ്യം ആരും ഒന്നും അനങ്ങിയില്ല ……പിന്നെ പലരുടെയും മുഖം ചുളിഞ്ഞു തുടങ്ങി………..ഇനി കൊയ്യാന്‍ വന്നാല്‍ കൈ വെട്ടി കളയുമെന്ന് പറഞ്ഞപ്പോള്‍ കൊയ്ത്തു നിര്‍ത്തി……(പക്ഷെ ചില പാവപ്പെട്ട കര്‍ഷകരുടെ പാടങ്ങളില്‍ ഞാന്‍ പിന്നീടും അതിക്രെമിച്ചു കയറി കൊയ്യാരുന്ടായിരുന്നു …)
അങ്ങനെ കൊയ്തുകളും …..ചീട്ടുകളിയും ….ആകാശത്ത് നോക്കി കൂക്കി വിളിയുമായി ദിവസങ്ങള്‍ കടന്നു പോയി…………
ഒരിക്കല്‍ ഒരു ഉച്ച തിരിഞ്ഞ സമയം….എങ്ങും പൊരിവെയില് ആണ്…….വിശന്നു അലഞ്ഞു തിരിഞ്ഞു നടന്നു …രാവിലെ മുതല്‍ അലയാന്‍ തുടങ്ങിയതാണ് ….പച്ചവെള്ളം കുടിക്കാമെന്ന് വെച്ചാല്‍ ആര് തരാന്‍…….അഥവാ തന്നാല്‍ പോലും കുത്തിനുപിടിച്ച് പൈസ വാങ്ങി വെക്കുന്ന നഗരത്തിന്റെ വൃത്തികെട്ട മുഖം മനസ്സില്‍ ….അതുകൊണ്ട് ആരോടും പച്ചവെള്ളം പോലും ചോദിക്കാന്‍ തോന്നിയില്ല …(കൊയ്യാന്‍ പാടങ്ങലോന്നും കണ്ടില്ല …എല്ലാം വെയിലത്ത് ഉണങ്ങി വരണ്ടു കിടക്കുകയാണ്) …..അങ്ങനെ …ദാഹിച്ചു വലഞ്ഞു .. നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ സമീപമുള്ള ബ്രിഡ്ജിനു മുകളിലേക്കുള്ള നടപ്പാത കയറി വരുമ്പോഴാണ് ഞാന്‍ ഒരു വിളി കേട്ടത്….
.
……. ”സര്”…..
ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി…
”എന്തെങ്കിലും തരണേ…………? ”
ഒരു യാചകന് ………..ആ നടപ്പാതയുടെ ഒരു മൂലയില്‍ അയാള്‍ കുത്തി ഇരിക്കുകയാണ്…….
നടപ്പാതയില്‍ ഞാന്‍ അല്ലാതെ വേറെ ഒരു ജീവിയുമില്ല……..
ഞാന്‍ എന്റെ വേഷം ഒന്ന് നോക്കി …. ആകെ മുഷിഞ്ഞു ഇരിക്കുന്നു……അലസമായി ഇട്ടിരിക്കുന്ന മുടിയിഴകള്‍ കാറ്റത് ആടി കളിക്കുന്നു …കാലുകളില്‍ പൊടി അട്ടി പിടിച്ചു ഇരിക്കുന്നു …………………ആകെ ഒരു വൃത്തികെട്ട രൂപം ………ഈ എന്നെ ആണോ അയാള്‍ സാറെ എന്ന് വിളിച്ചത്…..എന്റെ കണ്ണുകളിലെ വിഷാദ ഭാവം അയാള്‍ കാണുന്നില്ലേ ………….എനിക്ക് സന്തോഷം അടക്കാനായില്ല……….എന്നെ ആദ്യമായി സാറെ എന്ന് വിളിച്ച ആ വ്യക്തിയോട് എനിക്ക് അതിയായ സ്നേഹവും നന്ദിയും തോന്നി………………പക്ഷെ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല…..ഞാന്‍ പതിയെ അയാളുടെ അടുക്കലേക്കു നടന്നു……..അപ്പോഴാണ് ഞാന്‍ ശ്രേധിച്ചത് ……അയാളുടെ കണ്ണുകള്‍ എന്റെ മുഖത്തിന് നേരെയല്ല …..ആകാശത്തില്‍ എവിടെയോ അയാളുടെ കണ്ണുകള്‍ ഒഴുകി നടക്കുകയാണ്……..അയാള്‍ അയാളുടെ മുന്പില് കിടന്ന തുണി കഷണത്തില്‍ ഇടതു കൈ മുറുകെ പിടിച്ചിരിക്കുന്നു….വലതുകൈ അന്തരീക്ഷത്തില്‍ ഉയര്‍ത്തി പിടിച്ചിരിക്കുന്നു … …..അയാള്‍ അന്ധനാണ് …..അപ്പോള്‍ എന്നെ അയാള്‍ സാറെ എന്ന് വിളിച്ചത് എന്നെ കണ്ടു കൊണ്ടല്ല…..എന്റെ കാല്പെരുമാറ്റം കേട്ടു ആരോ ഒരാള്‍ കടന്നു പോയി എന്ന് അയാള്‍ക്ക് തോന്നിയിട്ടുണ്ടാവണം……കാഴ്ച്ചയില്ലാതവര്ക്ക് കേള്‍വി ശക്തി കൂടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്….
വലതു കൈ അന്തരീക്ഷത്തില്‍ പതിയെ ഉയര്‍ത്തികൊണ്ടു………….അയാള്‍ വീണ്ടും ചോദിച്ചു………
”വല്ലതും തരണേ………?”
ഒരു നിമിഷം…………..മനസ്സില്‍ ഒരായിരം സൂചി മുനകള്‍ കൊണ്ടു ഇറങ്ങിയതുപോലെ………………എവിടെയോ കേട്ടുമറന്ന ശബ്ദം……….മനസ് പലതും ചികഞ്ഞു പുറത്തേക്കു ഇടാന്‍ തുടങ്ങിയിരിക്കുന്നു…………തടയാന്‍ ശ്രേമിച്ചു നടന്നില്ല………..പണ്ടെങ്ങോ രാണ്ടാം ക്ലാസിലെ…………ആ പഴയ യാചകന്റെ ഓര്‍മകള്‍……………..ഞാന്‍ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…..ഏയ് അത് അയാളല്ല എന്ന് തോന്നുന്നു ….ഇയാള്‍ ചെറുപ്പക്കാരനാണ് ……….ഇനി അത് അയാളുടെ മകന് ആയിരിക്കുമോ………….അല്ലെങ്കില്‍ അവരുടെ കൂട്ടത്തില്‍ പെട്ട ആരെങ്കിലും………….അറിയില്ല……….അയാളുടെ മുന്പിലെ തുണിയില്‍ ഒരുപാട് ചില്ലരപൈസക്ല് കൂടി കിടക്കുന്നു……….ഒരു രൂപ നാണയങ്ങള്‍ മുതല്‍ അഞ്ചു രൂപ നാണയങ്ങള്‍ വരെ……….അതില്‍ അഞ്ചു പൈസയുടെയോ പത്തു പൈസയുടെയോ നാണയങ്ങള്‍ കണ്ടില്ല………….അവയൊക്കെയും കാലം അപ്രേത്യക്ഷമാക്കിയിരിക്കുന്നു……….എനിക്ക് അയാളോട് അസൂയ തോന്നിയില്ല……….അത് അയാള്‍ സമ്പാദിച്ചത് ആണ്……….പൊരിവെയിലത്ത് അവിടെ കുത്തി ഇരുന്നു…….അതിനു ഞാന്‍ എന്തിനു അസൂയപ്പെടണം ………
ഞാന്‍ പോക്കറ്റില്‍ തപ്പി നോക്കി രണ്ടു രൂപയുടെ ഒരു നാണയം അവശേഷിക്കുന്നു ……….രാവിലെ മുതല്‍ വായു ആണ് ഭക്ഷണം…….ഈ രണ്ടു രൂപ കൊടുത്താല്‍ എനിക്ക് ഒരു സിഗരെറ്റ് വലിക്കാം…….ഒരു രൂപയും കൂടി ചേര്‍ത്താല്‍ ഒരു ചായ കുടിക്കാം….അല്ലെങ്കില്‍ ഒരു നാരങ്ങവെള്ളം ….
ഞാന്‍ അയാളുടെ മുന്പില് കുത്തി ഇരുന്നു………….അയാള്‍ അയാളുടെ തുണിക്കഷണത്തില്‍ മുറുകെ പിടിച്ചു………….ഒരു പക്ഷെ അയാളുടെ വര്‍ഗ ശത്രുവിനെ അയാള്‍ അക കണ്ണാല്‍ തിരിച്ചു അറിഞ്ഞു കാണണം ………..
”സഹോദരാ നമ്മള് ശരിക്കും തുല്യ ദുഖിതരാന് …….ഒരുപക്ഷെ എന്നേക്കാള്‍ സമ്പന്നന് ആണ് നീ …….നീ നിന്റെ അഭിമാനം പണയം വെച്ചു ഒരു പാട് പൈസ നിന്റെ മുന്പില് കൂട്ടി ഇട്ടിരിക്കുന്നു……..നിനക്ക് ഇന്ന് സുഭിഷമായി ആഹാരം കഴിക്കാം ….ഞാനോ …….എന്റെ അഭിമാനം വിറ്റു ഇന്നലെ രാത്രി ആഹാരം കഴിച്ചു ………….ഇനി എന്റെ കയ്യില്‍ വില്ക്കാന് അഭിമാനം ഇല്ല……….എന്റെ കയ്യില്‍ നിനക്ക് തരാന്‍ അധികമായി ഒന്നുമില്ല……എങ്കിലും എന്റെ കയ്യില്‍ ഉള്ളത് ഞാന്‍ നിനക്ക് തരാം……..ഇന്ന് രാത്രി ആഹാരം കഴിക്കുമ്പോള്‍ നീ എന്നെയും ഓര്‍ക്കണം ….”
ഞാന്‍ ആ രണ്ടു രൂപ നാണയം അയാളുടെ മുന്പിലെ ആ തുണിക്കഷണത്തില്‍ നിക്ഷേപിച്ചു തിരിഞ്ഞു നടന്നു ….മനസ്സില്‍ എന്തെന്നില്ലാത്ത ആഹ്ലാദം………പണ്ടെങ്ങോ വാങ്ങിയ ഒരു കടം ഞാന്‍ വീട്ടിയിരിക്കുന്നു…..മനസ് തുള്ളിച്ചാടാന്‍ വെമ്പുകയാണ്……..ഓവര്‍ ബ്രിഡ്ജിലേക്കുള്ള നടപ്പാത വേഗം ഓടി കയറി………..ഞാന്‍ മറുവശത്ത് ഇറങ്ങി………….തിരക്കുള്ള ലോകത്തിലെ മറ്റൊരു പാളിയിലേക്ക് പ്രവേശിക്കുകയാണ്………..എന്റെ കാലുകള്‍ക്ക് വേഗം കൂടി കൊണ്ടേ ഇരുന്നു………….പൊരി വെയിലാണ് ചുറ്റും………പക്ഷെ ആ ചൂട് എന്നെ ബാധിക്കുന്നതെ ഇല്ല ………….വിശപ്പ് എങ്ങോ പോയി മറഞ്ഞിരിക്കുന്നു……………ഞാന്‍ ദൂരേക്ക് നോക്കി …………..റോഡ് മുന്പില് നീണ്ടു നിവര്‍ന്നു അങ്ങനെ കിടക്കുകയാണ്…………..ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ട് എന്ന് അറിയിച്ചുകൊണ്ട്……………
121 total views, 1 views today
