ആണെഴുത്ത്
കിനാവുകള്‍ പൂക്കുന്ന താഴ്വാരം തേടിയുള്ള എന്റെ ഈ യാത്ര തുടങ്ങിയത് എന്നായിരുന്നു………..അറിയില്ല.
രാവുകളും പകലുകളും കടന്നു പോയതും, മഞ്ഞും മഴയും മാറി മാറി വന്നതും അറിഞ്ഞില്ല.
കണ്ടതും കാണാത്തതും കാണാന്‍ മറന്നതും കുറിച്ചിട്ടു കൊണ്ട് ഞാന്‍ നടന്നു…….
ഇടയ്ക്കിടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ കട പുഴകി വീഴാതെ, ആരൊക്കെയോ ഇട്ടു തന്ന കച്ചിത്തുരുമ്പില്‍ പിടിച്ചു ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിച്ചു.
88 total views

കിനാവുകള്‍ പൂക്കുന്ന താഴ്വാരം തേടിയുള്ള എന്റെ ഈ യാത്ര തുടങ്ങിയത് എന്നായിരുന്നു………..അറിയില്ല.
രാവുകളും പകലുകളും കടന്നു പോയതും, മഞ്ഞും മഴയും മാറി മാറി വന്നതും അറിഞ്ഞില്ല.
കണ്ടതും കാണാത്തതും കാണാന്‍ മറന്നതും കുറിച്ചിട്ടു കൊണ്ട് ഞാന്‍ നടന്നു…….
ഇടയ്ക്കിടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ കട പുഴകി വീഴാതെ, ആരൊക്കെയോ ഇട്ടു തന്ന കച്ചിത്തുരുമ്പില്‍ പിടിച്ചു ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിച്ചു.
എന്റെ ആത്മഗതങ്ങള്‍ വായിച്ചവര്‍ എന്നെ നോക്കി ചിരിച്ചു……അമ്മിഞ്ഞപ്പാലിന്റെ മണം മാറിയിട്ടില്ലത്രേ!!!
പഴമയുടെ എഴുത്തുകാരോട് പലര്‍ക്കും പുച്ഛം……..ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സന്തതികളുടെ സാമ്രാജ്യം.
കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് അമ്മാനമാടി, അര്‍ത്ഥവും അര്‍ത്ഥവ്യത്യാസവും തിരിച്ചറിയാത്ത ഭാഷയില്‍, തോന്നുന്ന പോലെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നവന് ഇവിടെ മഹാകവി.
വിദ്യാഭ്യാസം കുറഞ്ഞു പോയതിന്റെ കുഴപ്പമായിരിക്കാം, പണ്ടേ എനിക്കതിനോട് ബഹുമാനമില്ല.
അല്ലെങ്കില്‍ പിന്നെ ഇണ ചേരുന്ന സര്‍പ്പങ്ങളുടെ ശീല്ക്കാരത്തില് ഇരുളനെ പുതയ്ക്കുന്ന പെണ്ണിന്റെ ചുണ്ടിലെ ചുവന്ന ചായത്തിന്റെ മേമ്പൊടി ചേര്‍ക്കണം………..അത്രക്കൊക്കെ വേണോ? സ്വന്തം മനസാക്ഷിയോടെങ്കിലും കൂറു പുലര്‍ത്തണ്ടേ…..
പെണ്ണെഴുത്ത് എന്താണെന്ന് എനിക്കു കാണിച്ചു തന്നത് എന്റെ ഭാര്യയാണ്.
കലാലയത്തിലെ ഇടനാഴികളില്‍ ഇണയില്ലാതെ അലഞ്ഞുനടന്നിരുന്ന എന്നിലെ ഏതു ഗുണമാണ് അവള്‍ക്കെന്നില്‍ പ്രിയം ഉണ്ടാക്കിയതെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം……….ചോദിച്ചാല്‍ ചിരിച്ചു കൊണ്ട് അവള് പറയും “ഒരു മണ്ടത്തരമൊക്കെ ഏതൊരാള്‍ക്കും പറ്റൂലെ”
കലാലയ രാഷ്ട്രീയത്തില്‍ തൂലിക കൊണ്ട് വിപ്ലവം സൃഷ്ടിച്ച പെണ്‍സിംഹം ആയിരുന്നു അവള്, സഖാക്കളുടെ കണ്ണിലുണ്ണി.
അവള് എഴുതുന്നതിന്റെയൊന്നും അര്‍ത്ഥം പലപ്പോഴും മനസിലാകുകയില്ലെങ്കിലും, അവളുടെ പുതിയ സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്നത് എന്റെയൊരു ബലഹീനത ആയിരുന്നു……..അതില്‍ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടിനെയും കാവു തീണ്ടി അശുദ്ധമാക്കിയ ബലിക്കാക്കയേയുമൊക്കെ എനിക്കും ഇഷ്ടമായിരുന്നു.
ആരോ പറഞ്ഞത് ഞാനും വിശ്വസിച്ചു………ഇതാണ് പെണ്ണെഴുത്ത്.
രാഷ്ട്രീയത്തിനോട് അയിത്തം കാത്തു സൂക്ഷിക്കുന്ന എന്റെ പൂന്തോട്ടത്തില്‍ തുമ്പയും തുളസിയുമൊക്കെയായിരുന്നു താരങ്ങള്‍, ആരെയും കാണിക്കാതെ ഞാന്‍ നാട്ടു നനച്ചുണ്ടാക്കിയ എന്റെ പൂന്തോട്ടത്തില്‍ അനുവാദം ചോദിക്കാതെ ഒരു ചുവന്ന പനിനീര്‍പുഷ്പം വിരിഞ്ഞപ്പോള്‍ ദേഷ്യം തോന്നിയില്ല, അത്ഭുതമായിരുന്നു. കലികാലമല്ലേ…….എന്തും സംഭവിക്കാം.
അവള് പിന്നെ എനിക്ക് വേണ്ടിയും എഴുതി തുടങ്ങി……
ഒരിക്കല്‍ ഞാന്‍ ചോദിച്ചു ” വിപ്ലവം നിറച്ച പേന കൊണ്ടാണോ നീ ഇതും എഴുതുന്നത്?”
“സഖാവിനു ചോരയുടെ മണം ഇഷ്ടമല്ലെന്നു എനിക്കറിയാം” രാഷ്ട്രീയവുമായി പുലബന്ധം പോലുമില്ലെങ്കിലും അവള് എന്നെ സഖാവേ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് രോമാഞ്ചം ഉണ്ടാകുമായിരുന്നു.
ശരിയായിരുന്നു, എനിക്ക് മാത്രം വായിക്കാനായി എഴുതുന്ന ആ കഥകള്‍ക്ക് എന്നും മഴയുടെ ഭംഗിയും മഞ്ഞിന്റെ കുളിരും വസന്തത്തിന്റെ സുഗന്ധവും ഉണ്ടായിരുന്നു.
എന്റെ ഭാഗ്യമോ അതോ അവളുടെ ജാതകദോഷമോ, കാലില്‍ ഒരു മുള്ളു പോലും കൊള്ളിക്കാതെ നോക്കി വളര്‍ത്തിയ മകള്‍ കുപ്പിച്ചില്ലുകള്‍ വിതറിയ വഴിയിലൂടെ നടക്കുന്നത് കണ്ടു മനസു നൊന്ത അവളുടെ മാതാപിതാക്കളുടെ മനസ്സില്‍ വീശിയ ഒരു കുളിര്‍കാറ്റായിരുന്നു ഞങ്ങളുടെ ബന്ധം.
ഒരു ഭാവി ഭരണാധികാരിയുടെ ഭാവി തുലച്ചതിനു എന്നോടുള്ള ദേഷ്യം മറച്ചുവക്കാത്ത തലതൊട്ടപ്പന്മാരുടെ നഷ്ടബോധം നിറഞ്ഞ മുഖം കണ്ടില്ലെന്നു നടിച്ചു ഞാന്‍ തീര്‍ത്ത കുരുക്കണിയാന് എന്റെ അരികില്‍ കതിര്‍മണ്ഡപത്തില്‍ അവള് മുഖം കുനിച്ചിരുന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥിയുടെ സന്തോഷമായിരുന്നു എനിക്ക്.
ആദ്യരാത്രിയില്‍ കസവുസാരിയുമുടുത്തു കൈയില്‍ പാല്‍ഗ്ലാസും കണ്ണുകളില്‍ നാണവുമായി വന്ന അവളെ കണ്ടു ഞാന്‍ ഞെട്ടി എന്നുള്ളതാണ് സത്യം.
“എന്താ ഇങ്ങനെ നോക്കുന്നത്………”
“നിന്നെ ഒരു പെണ്ണായി കണ്ടതിന്റെ അമ്പരപ്പാ…….പെണ്ണെഴുത്ത് കൊണ്ട് പുതിയ തലമുറയെ കോള്മയിര് കൊള്ളിച്ച ആളു തന്നെയാണോ ഇപ്പോള്‍ എന്റെ മുന്പില് നില്‍ക്കുന്നതെന്ന് ഒരു സംശയം.”
കാല്‍വിരലുകള്‍ കൊണ്ട് മാര്‍ബിള്‍ തറയില്‍ പേരറിയാത്ത ഒരു പൂവിന്റെ ചിത്രം വരച്ചു കൊണ്ട് അവള് മൊഴിഞ്ഞു “ഇതാണ് ചേട്ടാ യഥാര്‍ത്ഥ പെണ്ണെഴുത്ത്”
അന്നവള്‍ എന്നോട് ചെവിയില്‍ പറഞ്ഞ ഒരു രഹസ്യമുണ്ട്………. “പെണ്ണിന് ആഭരണം പുരുഷത്വമല്ല, സ്ത്രീത്വമാണ്”
പിന്നീടുള്ള ഞങ്ങളുടെ ജീവിതത്തില്‍ നിന്നും അവള് പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസിലായി…….
സ്നേഹത്തോടെ ഒന്ന് തഴുകിയാല്‍, എന്നും തന്റെ പുരുഷന്റെ മാറില്‍ ചാഞ്ഞു മയങ്ങാന്‍ കൊതിക്കുന്ന ഒരു മുല്ലവള്ളിയാണ് പെണ്ണ്………അതിനു പോന്നു കൊണ്ട് തുലാഭാരമോ, ആകാശം മുട്ടുന്ന മണിമന്ദിരങ്ങളോ ഒന്നുമവള്‍ക്ക് സമ്മാനമായി വേണ്ട, പ്രണയം എന്ന മൂന്നക്ഷരം കാച്ചിയുരുക്കി ഉണ്ടാക്കിയെടുക്കുന്ന ഒരു താലിച്ചരട് മതി.
89 total views, 1 views today
