01

കുറെ നാളായി സെന്റി പോസ്റ്റുകള്‍ മാത്രം ഇട്ടു ഞാന്‍ എന്നെ തന്നെ ബോറടിപ്പിക്കുകയാണ് എന്ന് തോന്നാന്‍ തുടങ്ങി. മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ ചിരിക്കാനും ചിരിപ്പിക്കാനുമാണ് ഇഷ്ടമെങ്കിലും തനിയെ ഇരിക്കുമ്പോ അടൂര്‍  ഗോപാലകൃഷ്ണന്റെ പടം പോലെയാ. എന്താ ചെയ്യുക . ഏതായാലും ഇനി കുറച്ചു കോമഡി എഴുതാമെന്ന് തോന്നുന്നു. ( ഇത് നമ്മുടെ ഫ്രെണ്ട്സ് കണ്ടാല്‍ അവന്മാര് പറയാന്‍ പോകുന്ന ഡയലൊഗ് ബോയിംഗ് ബോയിംഗ് സിനിമയില്‍ ജഗതിയോട് ശങ്കരാടി പറയുന്നതാണെന്ന് എനിക്കറിയാം) എന്തെലുമാകട്ടെ ഞാന്‍ ഇത് എഴുതാന്‍ പോകുവാ.

ആനക്കഥ ഞാന്‍ കുറെ കേട്ടിട്ടുണ്ടെങ്കിലും ഓര്‍ത്തിരിക്കുന്നത് വളരെ കുറച്ചു മാത്രമാണ്. നമ്മുടെ സ്വന്തം ആലക്കോട് നിന്ന് ഒരു 6 കിലോമീറ്റര്‍ അകലെ വെള്ളിയാമറ്റം എന്നൊരു സ്ഥലമുണ്ട്. രണ്ടു പ്രൈവറ്റ് ബസ്‌ മാത്രം സര്‍വീസ് നടത്തുന്ന ചെറിയ ഒരു നാട്ടിന്‍പുറം. നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നാണല്ലോ. അവിടെയാണ് ഈ കഥ നടക്കുന്നത്. നമ്മള് മലയാളികളുടെ ഒരു പ്രത്യേക സ്വഭാവമാണല്ലോ എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നം വന്നാല്‍ അവനവനു പരുക്ക് പറ്റാത്ത ദൂരത്തു നിന്ന് കണ്ടാസ്വദിക്കുക എന്നുള്ളത്.

അതുപോലെ രണ്ടു ചേട്ടന്മാര് വെള്ളിയാമറ്റത്തു ആന ഇടഞ്ഞു എന്ന് കേട്ട് സന്തോഷത്തോടെ കാണാന്‍ പോയതാണ്.കാണാന്‍ പോയ കാര്യം പറഞ്ഞപ്പോഴാ വേറൊരു കാര്യം ഓര്‍മ്മ വന്നത്. പണ്ട് തൊടുപുഴയില്‍ പുലി ഇറങ്ങിയപ്പോ എല്ലാവരും കാണാന്‍ പോകുന്ന രംഗം. നാട്ടില്‍ സര്‍ക്കസ് വന്നിട്ടുണ്ടെന്ന് പറയുന്ന ലാഘവത്തോടെ പറഞ്ഞുകൊണ്ടാണ് എല്ലാരും പുലിയെ കാണാന്‍ പോയത്. ആദ്യം പോയ രണ്ടുപേരെ പുലി മാന്തിക്കീറി താങ്ങിയെടുതുകൊണ്ട് വരുന്നത് കണ്ടപ്പോഴാണ് ആള്‍ക്കാര്‍ക്ക് സംഗതിയുടെ ഗൌരവം മനസ്സിലായത്. ഞാന്‍ നോക്കുമ്പോ ഉണ്ട് ഒരു വെല്യപ്പന്‍ വടിയും കുത്തി പിടിച്ചു പുലിയെ കാണാന്‍ പോകുന്നത് കണ്ടത്. പയറുപോലെ നടക്കുന്ന ഞാനൊക്കെ ഒരു കിലോമീറ്റര്‍ അകലേക്ക്‌ എങ്ങനെ സ്കൂട്ടാകമെന്നു ആലോചിക്കുമ്പോഴാ അങ്ങേരു പുലിയെക്കാണാന്‍ പോകുന്നത്. പതിയെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു” അപ്പൂപ്പാ ഓടാന്‍ പറ്റില്ലെങ്കില്‍ അങ്ങോട്ട്‌ പോകണ്ട കേട്ടോ”. അത് കേട്ടപ്പോഴാ പുള്ളിക്കു ബോധം വന്നത്. എന്നെ ഒന്ന് നോക്കിയിട്ട് അങ്ങേരു തിരിച്ചു നടന്നു. എവിടുന്നോ കറങ്ങി തിരിഞ്ഞു വന്ന പാവം പുലിയെ പട്ടികയ്ക്ക് അടിച്ചും ഇഷ്ടിക്കക്ക് എറിഞ്ഞും കൊന്നിട്ട് പുലിയേം പിടിച്ചു ഫോട്ടോക്ക് പോസു ചെയ്ത വീരശൂരപരാക്രമികള്‍ക്ക് എതിരെ പിറ്റേന്ന് ഫൊരെസ്റ്റ്കാരു കേസ്‌ എടുത്തത്‌ വേറെ കഥ.

നമുക്ക് നമ്മുടെ ആനയെക്കാണാന്‍ പോയ ചേട്ടന്മാരുടെ അടുത്തേക്ക് പോകാം. അവര് ചെന്നപ്പോ അറിഞ്ഞു ആന ഇടഞ്ഞോടി അവിടെയുള്ള ഒരു ചെറിയ പുഴയില്‍  ചാടിയെന്നു. ആഹാ എങ്കില്‍ ഈ പാലത്തെ കേറി നിന്ന് കാണാമെടാ ഉവ്വേ എന്നും പറഞ്ഞു രണ്ടു പേരും കൂടി പാലത്തേല്‍ കയറി താഴേക്ക്‌ നോക്കി നിന്നു. പിന്നീട് നടന്ന സംഭവങ്ങള്‍ അവരുടെ വാരഫലം തീര്ത്തും മോശമാണെന്ന് തെളിയിക്കുന്നതായിരുന്നു. ഇവര് രണ്ടു പേരും താഴേക്ക്‌ നോക്കി നിന്ന സമയത്ത് ആന പുഴ നീന്തിക്കയറി അപ്പുറതുകൂടി വന്നു പാലത്തില്‍ കയറി. ഒരാള്‍ തിരിഞ്ഞു നോക്കിയതും ആന പുറകില്‍ നില്‍ക്കുന്നു. പിന്നെ നടന്നത് ഒളിമ്പിക്സില്‍ ഹുസൈന്‍ ബോള്‍ട്ട് ഓടിയതിലും വലിയ ഓട്ടമായിരുന്നു. ആന പുറകെയും. വളവു തിരിഞ്ഞു ഓടി ചെല്ലുമ്പോള്‍ അവര് കണ്ടു ദൈവദൂതനെപ്പോലെ ഒരു പിക്കപ്പ് അപേ അവരുടെ എതിരെ വരുന്നു. ഓടിക്കൊണ്ട്‌ തന്നെ ഡ്രൈവറോട് പറഞ്ഞു “ചേട്ടാ വണ്ടി തിരിച്ചോ  ആന വരുന്നുണ്ടെ “. പിന്നെ അവര് കണ്ടത് ഒരു ചങ്കു തകര്‍പ്പന്‍ കാഴ്ചയാരുന്നു. അപേക്കാരന്‍ വന്ന അതെ സ്പീഡില്‍ തന്നെ വെട്ടി തിരിഞ്ഞതും തിരിച്ചു പോയതും  കഴിഞ്ഞു. അതുപോലെ ഒരു വണ്ടി തിരിക്കുന്നത് അവരുടെ ജീവിതത്തില്‍ ആദ്യമായിട്ടും അവസാനമായിട്ടുമാണ് അവരു കാണുന്നത്. നിങ്ങള് പോരുന്നുണ്ടോ എന്ന് ചോദിച്ചില്ലെങ്കിലും ചാടിക്കയറാനുള്ള ഗാപ്‌ പോലും അവന്‍ തന്നില്ലലോ എന്ന് ദയനീയമായി ഓടിയവരിലോരാളും വീട്ടിലിരിക്കുന്നവരുടെ പ്രാര്‍ഥനയുടെ  ഫലമായി ജീവിച്ചിരിക്കുന്നവനുമായ സര്‍വ്വോപരി ഞങ്ങടെ അയല്‍വാസിയുമായ ചാക്കോ ചേട്ടന്‍ ഇപ്പോഴും പറയും. കൂടെ ആ ഡ്രൈവറെ വിളിക്കുന്ന വാക്കുകള്‍  മാത്രം ഇവിടെ എഴുതാന്‍ കൊള്ളുകേല.

You May Also Like

കുഞ്ഞിക്കഥ 2012 വേര്‍ഷന്‍

മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയി. വഴിയില്‍ വെച്ച് കാറ്റ് വീശിയപ്പോള്‍ കരിയില പാറിപോവാതിരിക്കാനായി മണ്ണാങ്കട്ട കരിയിലയുടെ മുകളില്‍ കയറിയിരുന്നു. ഇതു കണ്ട ഒരു സദാചാരവാദി, അനാശാസ്യം നടത്തിയെന്നു പറഞ്ഞ് മണ്ണാങ്കട്ടയെയും കരിയിലയെയും തല്ലികൊന്നു!

ഒരു ‘വെളുക്കാന്‍’ കാലത്ത്..

ക്‌ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ.. അതേ.. അങ്ങനെയാണ് ഈ സ്‌റ്റോറി തുടങ്ങുന്നത്. കുടുംബത്തിലെ ബാക്കി എല്ലാവരും എക്‌സെപ്റ്റ് മൈ ഫാദര്‍ വെളുത്തു ഇരിക്കുമ്പോള്‍, നോം മാത്രം കറുത്ത് ഇരിക്കുന്നത് പീരിയോഡിക് ടേബിള്‍ ഓഫ് എലെമെന്റ്‌സില്‍ (periodic table of elements) ചേനയുടെ ഇംഗ്ലീഷ് നെയിം ചേര്‍ക്കുന്നത് പോലെ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിടുണ്ട്. ആയതു കൊണ്ട് പ്രായ പൂര്‍ത്തി ആകുന്നതിനു 34 വര്‍ഷം മുമ്പ് തന്നെ ഞാന്‍ വെളുക്കാനുള്ള എന്റെ യജ് ഞം തുടങ്ങി കഴിഞ്ഞിരുന്നു.

നായര് ചെക്കനെ പ്രണയിച്ച ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നാസര്‍ ചെക്കന്‍റെ കഥ..

എന്താണ്? തലക്കെട്ട്‌ കണ്ടിട്ട് വിശ്വാസം വരുന്നില്ലേ..? അതോ ഒന്നും മനസ്സിലാവുന്നില്ലേ..? അതൊരു കാലം. പ്രീഡിഗ്രിയും കഴിഞ്ഞ് ഡിഗ്രിയും മോഹിച്ച് (ന്ന് വെച്ചാല്‍ റിസള്‍ട്ട്‌ വന്നിട്ടില്ല) തേരാ പാരാ നടക്കുന്ന ആ കാലത്ത് ഞാന്‍ കണ്ട ഒരു ഉമ്മച്ചിക്കുട്ടി എനിക്ക് എട്ടിന്‍റെ പണി തന്ന സുന്ദരമായ ഒരു കഥയാണ് ഇത്. ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്‌ എന്നൊക്കെ പറയുന്നത് ഇതാണോ എന്ന് പറഞ്ഞാല്‍ ഇതാണ്.

സുലൈമാന്‍ നബിയുടെ കോഴി

ആല്യാക്ക പതിവ് പോലെ താഴോട്ടും നോക്കി തന്നെ നടക്കുന്നു. പെട്ടന്നാണ് നിലത്ത് കിടക്കുന്ന ഒരു പേഴ്സ് ആല്യാക്കയുടെ ശ്രദ്ധയില്‍ പെട്ടത്, നല്ല പുതിയ പെഴ്സാണെന്നു തോന്നുന്നു ആല്യാക്ക ആയിശുവിനോടായി പറഞ്ഞു.. പിന്നെ നാല് പാടും നോക്കി , ആരെയും കാണാനില്ല , മെല്ലെ പേഴ്സ് എടുക്കാന്‍ വേണ്ടി കുനിഞ്ഞതും, പേഴ്സ് മുമ്പോട്ട്‌ നീങ്ങിയതും ഒപ്പമായിരുന്നു, ഇതെന്താ പ്പത് ന്റെ റബ്ബേ.. മണിപ്പെഴ്സ്‌ ഒറ്റക്ക് നീങ്ങെ ..ആയിശു അത്ഭുതം കൂറി, ആല്യാക്ക ഒന്ന് കൂടി ചുറ്റുപാടും നോക്കി, ഇല്ല ആരും കണ്ടിട്ടില്ല, ഒരടി കൂടി മുന്നോട്ടു വെച്ചു .. പേഴ്സില്‍ കൈ വെച്ചു, വെച്ചില്ല, അപ്പോഴേക്കും പേഴ്സ് വീണ്ടും മുന്നോട്ടു നീങ്ങുന്നു. ആല്യാക്കയും, ആയിശുവും ആകെ അന്ധാളിച്ചു പോയി,