Health
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: മരണനിരക്ക് കൂടുന്നു
ആന്റിബയോട്ടിക്കുകള്‍ക്ക് എതിരെ രോഗാണുക്കള്‍ നേടുന്ന പ്രതിരോധശേഷി മൂലം ലോകവ്യാപകമായി സാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് ഉയരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിനു കനത്ത വെല്ലുവിളി ഉയര്‍ത്തി; കീമോതെരാപ്പിക്ക് വിധേയരാകുന്ന രോഗികളിലും, അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയരാകുന്നവരിലും ഒക്കെ മാത്രമായി ഒതുങ്ങി നിന്ന ആന്റിബയോട്ടിക് കൊണ്ട് നശിപ്പിക്കാന്‍ പ്രയാസമുള്ള ‘സൂപ്പര്‍ രോഗാണുക്കള്‍’ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതായുള്ള കണ്ടെത്തല്‍ വൈദ്യശാസ്ത്രരംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസ്ഥയുടെ ദൂരെവ്യാപമായ പ്രത്യാഘാതങ്ങള്‍ ഭാരതം പോലെ താഴ്ന്ന വരുമാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍ ഒരു സുനാമി പോലെ ആഞ്ഞടിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
92 total views
മരണത്തിന്റെ മുന്തിരിക്കുല എന്നറിയപ്പെടുന്ന MRSA സൂപ്പര്‍ ബാക്ടീരിയ
ആന്റിബയോട്ടിക്കുകള്‍ക്ക് എതിരെ രോഗാണുക്കള്‍ നേടുന്ന പ്രതിരോധശേഷി മൂലം ലോകവ്യാപകമായി സാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് ഉയരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിനു കനത്ത വെല്ലുവിളി ഉയര്‍ത്തി; കീമോതെരാപ്പിക്ക് വിധേയരാകുന്ന രോഗികളിലും, അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയരാകുന്നവരിലും ഒക്കെ മാത്രമായി ഒതുങ്ങി നിന്ന ആന്റിബയോട്ടിക് കൊണ്ട് നശിപ്പിക്കാന്‍ പ്രയാസമുള്ള ‘സൂപ്പര്‍ രോഗാണുക്കള്‍’ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതായുള്ള കണ്ടെത്തല്‍ വൈദ്യശാസ്ത്രരംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസ്ഥയുടെ ദൂരെവ്യാപമായ പ്രത്യാഘാതങ്ങള്‍ ഭാരതം പോലെ താഴ്ന്ന വരുമാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍ ഒരു സുനാമി പോലെ ആഞ്ഞടിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉയര്‍ന്ന പ്രതിശീര്‍ഷവരുമാനമുള്ള വികസിതരാജ്യങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ തുലോം കുറവാണെന്നുള്ളതും, ആദ്യഘട്ടമായി പ്രയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ പ്രയോജനരഹിതമായിക്കാണുമ്പോള് രണ്ടാംനിരയിലും മൂന്നാംനിരയിലുമുള്ള വിലയേറിയ ഔഷധങ്ങള്‍ സുലഭമാണെന്നുള്ളതും, ഈ പ്രശ്നം അവരെ ഏറെയൊന്നും അലട്ടാതിരിക്കാനുള്ള കാരണങ്ങളായിക്കരുതാം.
എന്നിരുന്നാലും വൃത്തിശൂന്യത, ശുദ്ധജലദൌര്‍ലഭ്യം, ആഭ്യന്തരകലഹങ്ങള്‍, എച് ഐ വീ പോലെയുള്ള രോഗങ്ങളുടെ വര്‍ധിച്ച സാന്നിധ്യം എന്നിവയൊക്കെക്കൊണ്ട് വലയുന്ന വികസ്വര രാജ്യങ്ങളില്‍ വര്‍ധിച്ച അളവില്‍ കണ്ടുവരുന്ന സാംക്രമിക രോഗങ്ങളും, അവയുടെ ചികിത്സക്കായി പൊള്ളുന്ന വിലകൊടുത്തു ഔഷധങ്ങള്‍ വാങ്ങി ഉപയോഗിക്കുവാന്‍ കഴിയാത്ത രീതിയിലുള്ള ദാരിദ്രവും, സാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് കുത്തനെ ഉയര്‍ത്തും എന്നതില്‍ സംശയിക്കേണ്ടതില്ല. സാംക്രമികരോഗങ്ങള്‍ക്ക് വിളനിലമാകുന്ന വികസ്വരരാജ്യങ്ങളിലെ ജീവിതസാഹചര്യങ്ങള്‍; മരുന്നുകളെക്കൊണ്ട് നശിപ്പിക്കാനാവാത്ത ബാക്ടീരിയകളുടെ പെട്ടെന്നുള്ള വളര്‍ച്ചക്കും വ്യാപനത്തിനും വഴിവെക്കുകയും രോഗാതുരരായ കുഞ്ഞുങ്ങള്‍, വൃദ്ധജനങ്ങള്‍ തുടങ്ങിയവരില്‍ മാരകവും, ദീര്‍ഘവുമായ രോഗാവസ്ഥകള്‍ സംജാതമാകുവാന്‍ ഇടവരുത്തുകയും ചെയ്യും.
ഇത്തരം ജീവന് രക്ഷാ ഔഷധങ്ങള്‍ നിര്‍വീര്യമാകാനും, സൂപ്പര്‍ രോഗാണുക്കള്‍ പെരുകാനുമുള്ള കാരണങ്ങള്‍ പലതാണ്.
അമിത ഉപയോഗം:
രോഗത്തിന്റെ ചികിത്സക്ക് അന്ത്യന്താപേക്ഷിതമാണെങ്കിലും അല്ലെങ്കിലും ആന്റിബയോട്ടിക്കുകളുടെ വര്‍ദ്ധിതമായ ഉപയോഗം ആണ് ഏറ്റവും പ്രധാനമായ കാരണം. ഭാരതം, ചൈന, ബ്രസീല്‍ തുടങ്ങിയ ഉയര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളില്‍, ആളോഹരി വരുമാനത്തില്‍ ഉള്ള വര്‍ധനയ്ക്ക് അനുസൃതമായി വിലയേറിയ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും വര്‍ധിച്ചു വരുന്നു. ന്യൂമോണിയാ പോലെയുള്ള സാംക്രമിക രോഗങ്ങള്‍ മൂലം മാത്രം ദശലക്ഷത്തോളം കുഞ്ഞുങ്ങള്‍ പ്രതിവര്‍ഷം മരിച്ചു വീഴുന്ന വികസ്വര രാജ്യങ്ങളില്‍ ജീവന് രക്ഷക്കായി പ്രയോഗിക്കുന്ന ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നത് കഠിനമായ ദൌത്യം ആണെങ്കില്‍ പോലും, ജലദോഷത്തിനും, ചുമക്കും, വയറിളക്കത്തിനും ഒക്കെ അമിതമായി ആന്റിബയോട്ടിക്കുകളെ ആശ്രയിക്കുന്ന പ്രവണത നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്നു. രണ്ടായിരത്തിഅഞ്ചിനും രണ്ടായിരത്തിപ്പത്തിനും ഇടയിലുള്ള കാലഘട്ടത്തില്‍ ഭാരതത്തിലെ പ്രതിശീര്‍ഷ ആന്റിബയോട്ടിക് ഉപയോഗത്തില്‍ ഉണ്ടായ വര്‍ധന മുപ്പത്തിഏഴു ശതമാനം ആണ്. പെനിസില്ലിനുകള്, സെഫലോസ്പോരിനുകള്, മുന്‍കാലത്ത് വിലയേറിയത് എന്ന് കരുതപ്പെട്ടിരുന്ന ക്വിനലോനുകള്, കാര്ബാപ്പെനങ്ങള് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകളില്‍ ആണ് ഈ വര്‍ധന ഏറ്റവും കൂടുതലായി കാണുന്നത്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ചുരുങ്ങിയ വിലയില്‍ ലഭ്യമായിരുന്നതും എന്നാല്‍ ന്യൂമോണിയാക്കും, വയറിളക്കത്തിനും, മൂത്രത്തില്‍ പഴുപ്പിനും മറ്റും ഉള്ള ചികിത്സകള്‍ക്കു വളരെ പ്രയോജനം ചെയ്തിരുന്നതുമായ കോ -ട്രൈമോക്സസോള് [സെപ്ട്രാന്‍] എന്ന മരുന്നിനു എതിരെ ന്യൂമോകൊക്കൈ, ഈ – കോളി എന്നീ ബാക്ടീരിയങ്ങള്‍ പ്രധിരോധശേഷി നേടിക്കഴിഞ്ഞതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ഈ രാജ്യങ്ങളില്‍ മരുന്ന് കുറിക്കുന്നവര്‍ അമിതോപയോഗത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ഒട്ടും ചിന്തിക്കാത്തതും, വ്യക്തിപരവും, സ്ഥാപനങ്ങള്ക്കായുള്ളതുമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഔഷധക്കുറിപ്പിനെ ദുരുപയോഗം ചെയ്യുന്നതുമാണ് ഈ അവസ്ഥക്ക് കാരണം എന്ന് വൈദ്യശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി മധ്യചൈനയില്‍ ഇന്‍ഷ്വറന്‍സ് ഉള്ള രോഗികള്‍ക്ക് കൂടിയ തുകക്കുള്ള മരുന്നെഴുതി ലാഭത്തിന്റെ ഒരു അംശം പോക്കെറ്റില്‍ ആക്കുന്ന ഡോക്ടര്‍മാരും, തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗം ആന്റി ബയോട്ടിക് കച്ചവടം കൊണ്ട് നേടുന്ന ആശുപത്രികളും വേണ്ടാത്ത മരുന്നുകള്‍ രോഗികളില്‍ കേട്ടിയെല്പ്പിക്കുന്നു. രോഗിക്ക് ഉണ്ടാകുന്ന അപകടാവസ്ഥയോ, സമൂഹത്തിനുണ്ടാകുന്ന ഭവിഷ്യത്തോ ഒക്കെ പണസമ്പാദനത്തിനുള്ള ഈ ഉപാധിക്ക് മുന്പില് അവഗണിക്കപ്പെടുമ്പോള്‍ അവരുടെ തെറ്റായ തീരുമാനത്തിലൂടെ ലോകത്തുള്ള അനേകം കോടി മനുഷ്യരുടെ ജീവന് ഭീഷണി ഉയരുന്നു.
ചൈനയില്‍ ഡോക്ടര്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നാണ് കൈക്കൂലിയായി പണം ലഭിക്കുന്നത് എങ്കില്‍ ഭാരതത്തില്‍ സ്ഥിതിവിശേഷം അതിലും ഭീകരം അത്രേ! മരുന്ന് കമ്പനിക്കാരുടെ കയ്യില്‍ നിന്നും നേരിട്ടുള്ള പണപ്പിരിവാണ് ഇവിടെ നടക്കുന്നത്. പണ്ടൊക്കെ പേനയും, പേപ്പര്‍വെയിറ്റും സമ്മാനമായി കിട്ടിയിരുന്ന സ്ഥാനത്തു ഇന്ന് മരുന്നെഴുതുന്ന വകയില്‍ മരുന്ന് കമ്പനികളുടെ കയ്യില്‍നിന്നും മാസാമാസം ലക്ഷങ്ങള്‍ കൈക്കൂലിയായി കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ നമ്മുടെ രാജ്യത്ത് വിലസുന്നു. എഴുതുന്ന ഒരുകുപ്പി മരുന്നിനു ഇത്രരൂപ എന്ന് വിലയിട്ടു പണം കൈപ്പറ്റുന്നവര്‍, ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് എഴുതിയവകയില്‍ മരുന്ന് കമ്പനിയെക്കൊണ്ട് വീടും പരിശോധനാ മുറിയും മറ്റും എയര്‍കണ്ടീഷന്‍ ചെയ്യിക്കുന്നവര്‍, കോടികളുടെ മരുന്നെഴുതുമ്പോള്‍ സമ്മാനമായി ബെന്‍സ് കാര്‍ കൈപ്പറ്റുന്നവര്‍ എന്നിങ്ങനെ വിവിധതരം ഡോക്ടര്‍മാര്‍ നമ്മുടെ ഇടയില്‍ ഉണ്ടത്രേ. ഇതിനൊക്കെ പുറമേ സ്ഥിരമായി ബിസിനസ് തരുന്ന ഡോക്ടര്‍മാരെ മരുന്ന് കമ്പനികള്‍ വിദേശത്ത് ഉല്ലാസയാത്രക്ക് അയക്കുന്നതും നാട്ടുനടപ്പാണ്. ചാരിറ്റിയുടെ മറവിലും മറ്റും ബ്ലേഡു കമ്പനി നടത്തുന്ന ആശുപത്രികള്‍ ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിത്തരുന്ന മരുന്നുകളെ തെരഞ്ഞുപിടിച്ച് രോഗികളില്‍ അടിച്ചേല്‍പ്പിക്കുന്നു.
തങ്ങള്‍ ചെയ്യുന്നത് എന്താണെന്നുള്ള തിരിച്ചറിവ് പോലുമില്ലാതെ ‘പിടിച്ചു കെട്ടിയതുപോലെ’ രോഗം ഭേദമാക്കാന്‍ പുറംവേദനക്ക് പോലും ആന്റിബയോട്ടിക് കൊടുക്കുന്ന ആയുര്‍വേദ -ഹോമിയോ -യൂനാനി-സിദ്ധ വൈദ്യന്മാരും, ആന്റിബയോട്ടിക് ‘മന്ത്രപ്പൊടി ‘ ഉള്ളില്‍ സേവിക്കാന്‍ കൊടുക്കുന്ന കൂടോത്ര-ചാത്തന് സേവക്കാരും, വ്യാജന്മാരും വാഴുന്ന ആരോഗ്യരംഗവും, തലവേദനക്ക് ആന്റിബയോട്ടിക് മരുന്നുകടയില്‍നിന്നും ചോദിച്ചുവാങ്ങി തിന്നുന്ന പ്രബുദ്ധരായ രോഗികളും നിറയുമ്പോള്‍ ‘സൂപ്പെര് രോഗാണുക്കള്‍ക്ക്’ വളക്കൂറുള്ള ഒരു ‘കള്‍ച്ചര്‍ മീഡിയം’ ആയി മാറിയിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ചിത്രം പൂര്‍ണമാകുന്നു.
പല പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളിലും രോഗ നിര്‍ണ്ണയത്തിനായി ചിലവേറിയ പരിശോധനകള്‍ നടത്തുവാന്‍ സാധിക്കാതെ രോഗലക്ഷണങ്ങള്‍ കണ്ടു മാത്രം ആന്റിബയോട്ടിക്കുകള്‍ കൊടുക്കുന്ന രീതി പ്രയോഗത്തില്‍ ഉണ്ടെങ്കിലും, നമ്മുടെ നാട്ടില്‍ പരിശോധനകള്‍ക്കും കമ്മീഷന് ലഭിക്കുന്ന നാട്ടുനടപ്പ് നിലവില്‍ ഉള്ളതിനാല്‍, പരിശോധനാഫലം എന്ത് തന്നെ ആയാലും കണ്ണും പൂട്ടി ഏറ്റവും കൂടുതല്‍ കമ്മീഷന് ലഭിക്കുന്ന മരുന്ന് എഴുതുന്ന പ്രവണതയും നിലവില്‍ ഉണ്ട്.
മറ്റു കാരണങ്ങള്‍
ഇതിനൊക്കെ പുറമേ മാംസാഹാരത്തിനു വേണ്ടി സംരക്ഷിക്കപ്പെടുന്ന മൃഗങ്ങളെ രോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ മനുഷ്യരില്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ നിര്‍ബാധം പ്രയോഗിക്കാറുണ്ട്. ഇത് പുതിയ സൂപ്പര്‍ അണുക്കളുടെ പിറവിക്കും, മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ ബാധിക്കാവുന്ന മാരകമായ അണുക്കളില്‍ പ്രധിരോധ ശേഷി വ്യാപിക്കാനും ഇടയാക്കുന്നു. വികസിത രാജ്യങ്ങളില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന ആന്റി ബയോട്ടിക് കമ്പനികളില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന അമിതമായ മരുന്നിന്റെ അളവ്, അന്തരീക്ഷത്തിലുള്ള രോഗാണുക്കളുടെ പ്രധിരോധ ശേഷി വര്‍ദ്ധിപ്പിച്ചു നല്കുന്നു.
ഭാവിയിലെ ദുരന്തഭീഷണി
രോഗാണുക്കളുടെ പ്രധിരോധശേഷി വര്‍ദ്ധിക്കുകയും, മാരക രോഗങ്ങള്‍ പകര്‍ന്നു പിടിക്കുകയും ചെയ്യുമ്പോള്‍ അവയെ നിയന്ത്രിക്കാന്‍ പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കേണ്ടി വരും .ഇതിനായുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്നുണ്ടെങ്കിലും കൂടിയ പങ്കും അത് വന്‍കിട ബഹുരാഷ്ട്ര മരുന്ന് കമ്പനികളുടെ പരീക്ഷണശാലകളിലാണ്. പക്ഷെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം ജീവന് രക്ഷക്കായി കൊടുക്കേണ്ട ഈ ഔഷധങ്ങള്‍, ശതകോടി കണക്കിനു പണം മുടക്കി ഗവേഷണത്തിലൂടെ കണ്ടു പിടിക്കുന്നത് ലാഭകരം അല്ലാത്തതിനാല്‍ ഈ കമ്പനികള്‍ അതില്‍ അത്ര താല്പര്യം കാണിക്കുന്നില്ല. ഈ പണം മുടക്കിയാല്‍ ഡയബെറ്റിസ്, രക്തസമ്മര്‍ദം, മറവിരോഗങ്ങള്‍, മാനസികരോഗങ്ങള്‍ തുടങ്ങി ജീവിതകാലം മുഴുവന്‍ മരുന്ന് വാങ്ങേണ്ട അസുഖങ്ങള്‍ക്ക് പുതിയ മരുന്ന് കണ്ടുപിടിക്കുക, പഴയമരുന്നുകള് പുതിയ കുപ്പിയില്‍ ആക്കുക എന്നീ വിനോദങ്ങളില്‍ ആണ് ഈ ബഹു രാഷ്ട്ര കുത്തകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
മാരകമായ സൂപ്പര്‍ രോഗാണുക്കളെ ചെറുക്കുവാനുള്ള പുതിയ ആന്റിബയോട്ടിക്കുകള്‍ നിര്‍മ്മിക്കുവാനും അത് ന്യായമായ വിലയ്ക്ക് പാവപ്പെട്ട രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുവാനും വികസ്വര രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്നു മുന്‍കൈ എടുക്കേണ്ടതിന്റെ ആവശ്യകത അന്താരാഷ്ട്ര വൈദ്യശാസ്ത്ര രംഗം ചൂണ്ടിക്കാണിക്കുന്നു. ബാക്ടീരിയല്‍ പ്രധിരോധത്തിനെതിരെ [റെസിസിസ്ടന്സ് ] നൂതനമായ ആശയങ്ങളില്‍ ഊന്നി പട പൊരുതാന്‍ തയ്യാറെടുക്കുന്ന വൈദ്യശാസ്ത്രത്തിനു അതിന്റെ ഉള്ളിലും പുറത്തുമുള്ള സമൂഹത്തിന്റെയും, ഭരണകൂടങ്ങളുടെയും പിന്തുണ അത്യന്താപേക്ഷിതമാണ്.
[ഈ ലേഖനത്തിലെ ചില വിവരങ്ങള്‍ക്ക് ബ്രിട്ടീഷ് മെഡിക്കല്‍ ജെര്ണലിനോട് കടപ്പാടുണ്ട് ]
93 total views, 1 views today