Share The Article

01നല്ല മര്യാദക്കുട്ടികളെപോലെ അച്ചടക്കത്തോടെ ക്യൂ നിന്ന് ‘ബിവറേജസ്’ മേടിച്ച് അത് അകത്താക്കി കഴിഞ്ഞാല്‍ അതുവരെ കാണിച്ച മര്യാദയൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അകത്താക്കുന്നതോടെ ചിലര്‍ കരയാനും മറ്റു ചിലര്‍ ചിരിക്കാനും തുടങ്ങും.മറ്റു ചിലര്‍ വഴക്ക് കൂടുന്ന മട്ടിലാവും. അങ്ങനത്തെ ഒരു സംഭവമായിരുന്നു_ കൂട്ടുകാരിയുമായി ബസ്സ് സ്റ്റോപ്പിലേക്ക് വന്ന എന്നോട്, ഒരാള്‍ വളരെ ദേഷ്യത്തോടെ ഏതോ രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയെ പറ്റി ചോദിച്ചു.ചോദിക്കുന്ന ആളുടെ മുഖഭാവം കണ്ട് പേടിച്ച്,ആര്‍ അല്ലെങ്കില്‍ എന്തിനെപറ്റിയാണ് ചോദിക്കുന്നത് എന്ന് മനസ്സിലാകാതെ, ‘എന്നോട് ഒന്നും പറഞ്ഞില്ല’ വളരെ ഭവ്യതയോടെ പറഞ്ഞു എന്റെ മറുപടി കേട്ടതും അവിടെയുള്ളവരല്ലാം കൂട്ടചിരിയായി.പിന്നീട് അങ്ങോട്ട് വന്നവരോടെല്ലാം ആ ചോദ്യം ചോദിക്കുന്നുണ്ട്.കുടിച്ച് ഫിറ്റ് ആയി ആരോടെങ്കിലും വഴക്ക് കൂടാനുള്ള മനോഭാവത്തിലാണ്.നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താവനകള്‍ കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ട്.അയാളുടെ ചോദ്യവും അതിനുള്ള ചിലരുടെ മറുപടിയും മറ്റ് ചിലരുടെ പ്രകോപ്പിക്കാനുള്ള മറുപടിയും രസകരമായിരുന്നു. ‘ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസം’ എന്ന് പറയുന്നത് പോലെയാണ്.പക്ഷെ ആ സീനുകള്‍ അധികം കണ്ട് ആസ്വദിക്കാന്‍ സാധിച്ചില്ല.കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്ന വേറെ സ്തീകളും അവരവരുടെ ബസ്സില്‍ കേറി പോയതോടെ, അയാള്‍ പിന്നെയും പ്രസ്താവന ചോദിച്ച് എന്റെ നേരെ തിരിഞ്ഞു.കൂടെയുള്ളവര്‍ അപ്പോഴും ചിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഇനി അവിടെ നില്‍ക്കുന്നത് പന്തിയല്ല എന്ന് തോന്നിയ ഞാന്‍ വേഗം ഓട്ടോയില്‍ അടുത്ത ബസ്സ് സ്റ്റോപ്പിലേക്ക് പാഞ്ഞു.എല്ലാം കണ്ട് കൊണ്ടിരുന്ന ഓട്ടോയുടെ ഡ്രൈവര്‍,’ചേച്ചി പേടിച്ചിട്ട് ഓടുകയാണോ ‘ എന്ന ചോദ്യത്തിന് ……’അല്ല’ _ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞെങ്കിലും ഇനി ആ കുടിയന്‍ ബസ്സിലെങ്ങാനും ഉണ്ടാവല്ലേ എന്ന് മനസ്സില്‍ അറിയാതെ ഒരു പ്രാര്‍ത്ഥന ഉണ്ടായിരുന്നു.

ആതിഥേയ മര്യാദയുടെ ഭാഗമായി കൊടുക്കുന്ന ‘സ്മാള്‍ / ഒന്ന് വീശല്‍ …….പാനീയങ്ങളും ചിലപ്പോള്‍ ‘ആരാന്റെ അമ്മക്ക് ……എന്ന പഴഞ്ചൊലിന് ചേര്‍ന്ന രീതിയില്‍ ചിരിക്കാന്‍ വക കിട്ടാറുണ്ട്.പണ്ട് കാലത്തൊക്കെ വീടിന്റെ പുറകിലോ അല്ലെങ്കില്‍ അധികം പബ്ലിസിറ്റി കൊടുക്കാതെയാണ്‍ വിളമ്പിയിരുന്നത്. എന്നാല്‍ ഇന്ന് ‘മിനിബാര്‍ ‘എന്ന പേരില്‍ വീടിന്റെ ഒരു ഭാഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. കണ്ടാല്‍ ഒരു ചെറിയ അലമാരയായിട്ടെ തോന്നുകയുള്ളൂ, മാന്ത്രികന്‍ തന്റെ മാന്ത്രിക വടി ചുഴറ്റി അത്ഭുതങ്ങള്‍ കാണിച്ച് തരുന്നത് പോലെ, ആ അലമാര തുറക്കുകയും അതിനകത്തെ ചില ഭാഗങ്ങള്‍ തിരിക്കുകയും കറക്കുകയും ചെയ്യുന്നതോടെ ആവശ്യത്തിന് വലിപ്പമുള്ള ഒരു മേശയായി മാറും.പോരാത്തതിന് നീളം കൂടിയതും കുറഞ്ഞതും ത്രികോണാകൃതിലുമൊക്കെയായി പലതരം ഗ്‌ളാസ്സുകള്‍ .ഓരോ തരം ഗ്ലാസ്സിലും കുടിക്കേണ്ടവയെ പറ്റി വിവരിക്കുകയാണ് അവിടത്തെ ഗൃഹനാഥന്‍ കൂട്ടത്തില്‍ ഭാര്യയുടെ ഗുണങ്ങളും അവരുടെ ‘ഇന്റീരിയര്‍ ഡെക്കറേഷനിലെ അഭിരുചിയും വിവരിക്കുന്നുണ്ട്.ഇതിനകം ഏതാനും ഗ്‌ളാസ്സുകള്‍ വീശിയ അദ്ദേഹം വളരെ സ്വകാര്യമായീ ‘ഭാര്യ എന്നെ ഇതുവരെ തല്ലിയിട്ടില്ല ട്ടോ’..ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും.അതിന്റെ സത്യാവസ്ഥ മനസ്സിലാക്കി വരുമ്പോഴേക്കും എന്റെ നല്ലൊരു കൂട്ടുകാരിയെ നഷ്ടപ്പെടുമോ എന്ന പേടിയില്‍, ഞാന്‍ ചിരിച്ച് കൊണ്ട് അവിടെന്ന് മുങ്ങി …. എന്നാലും?

ഇത് പോലെ ഓര്‍ത്ത് ചിരിക്കാനുള്ള ഒരു പാട് അവസരങ്ങളുണ്ടായിട്ടുണ്ട് . എന്നാലും മദ്യത്തെയോ മദ്യപാനികളെയോ _ അവര്‍ക്കായിട്ടുള്ള ന്യായീകരണങ്ങളെയോ ഒരിക്കലും മനസ്സ് കൊണ്ട് അംഗീകരിക്കാനായിട്ടില്ല

പലതരം സംസ്ഥാനങ്ങളുടെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനിടയിലാണ്, ചെറിയ ഇരുമ്പ് കൊണ്ടുണ്ടാക്കിയ മനോഹരമായ മെഴുകുതിരി വെക്കാനുള്ള സ്റ്റാന്‍ഡ് കണ്ടത്. വാങ്ങിക്കാനുള്ള ഉദ്ദേശത്തോടെ കടക്കാരനെ സമീപച്ചെങ്കിലും ഭയങ്കര വില. വിലപേശലില്‍ വിജയിക്കുമോ ഇല്ലയോ എന്ന ഒരു നിലപാടില്‍ നില്‍ക്കുമ്പോഴാണ് ആ സാധനങ്ങളെ പറ്റി കൂടുതലറിയാനായി ശ്രമിച്ചത്. Chhattigarh,ലെ ഒരു ഗ്രാമത്തിലെ ആള്‍ക്കാരാണ് ഇത് ഉണ്ടാക്കുന്നത് .’അവരുടെ കൈയ്യില്‍ നിന്ന് നിങ്ങള്‍ മേടിക്കുമോ _ എന്റെ ചോദ്യത്തിന്

ഒരു ചെറിയ ചിരിയോടെ അയാള്‍ പറഞ്ഞു ‘ അവര്‍ക്ക് പൈസയേക്കാളും അത്യാവശ്യം മദ്യം ആണ്. അത് മുടക്കാതെ എത്തിച്ചു കൊടുക്കാറുണ്ട്.’

മുതലാളിയോടൊപ്പം ആ തമാശയില്‍ പങ്ക് ചേര്‍ന്നെങ്കിലും അതൊരിക്കലും ആരാന്റെ അമ്മക്ക് …….അതിനോട് യോജിക്കാന്‍ തോന്നിയില്ല. മനോഹരമായ കരകൗശല ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന അവരുടെ കഴിവിനെക്കുറിച്ച് ആരാധന തോന്നിയെങ്കിലും മദ്യത്തിന് അടിമപ്പെട്ട അവരുടെ ജീവിതരീതിയും മറ്റും ഓര്‍ത്ത് മനസ്സില്‍ വിഷമം തോന്നി.

ഒഴിയാബാധപോലെ മദ്യത്തിന് അടിമയാവര്‍ അങ്ങനെ എത്ര പേര്‍?