online-media

എന്താണ് ഇന്നത്തെ സമൂഹത്തില്‍ മാധ്യമങ്ങളുടെ പ്രസക്തി? അവര്‍ ചെയ്യുന്ന “പണിക്ക്” മാധ്യമ ധര്‍മ്മം എന്ന് തന്നെയാണോ പേര്? അതോ കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടു വരുന്ന അവരുടെ ആടിനെ പട്ടിയാക്കുന്ന നിലപാടുകളെ നമ്മള്‍ കാണുകയും കൈയ്യടിക്കുകയും ചെയ്യുന്നത് കൊണ്ട് പഴയ മാമന്മാരും അപ്പുപ്പന്മാരും ഈ ന്യൂ ജനറേഷന്‍ മാധ്യമ പ്രവര്‍ത്തനത്തെ കാലത്തിനു അനുസരിച്ച് കോലത്തില്‍ ഉണ്ടായ മാറ്റമായി അംഗീകരിച്ചു മിണ്ടാതെ മാറി നിന്നും നില്‍ക്കണമോ?

ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടാലുടനെ ചാനലില്‍ ബ്രേക്കിംഗ് ന്യൂസ് ! സോഷ്യല്‍ മീഡിയകള്‍ നിറച്ച് ബാനറുകള്‍..അതിന്റെ കൂടെ ചില ദ്വായാര്‍ഥ പ്രയോഗങ്ങളും.!

ഒരു കാലത്ത് എന്നും രാത്രി ദൂരദര്‍ശനില്‍ വരുന്ന 15 മിനിറ്റ് ദൈര്‍ഖ്യമുള്ള 7 മണി വാര്‍ത്തയായിരുന്നു എല്ലാ മലയാളികളുടെയും ഏക ആശ്രയം. ആവശ്യമുള്ള വാര്‍ത്തകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നല്‍കാന്‍ ഈ ചാനല്‍ എന്നും ശ്രദ്ധിക്കുകയും’ ചെയ്തിരുന്നു.

പക്ഷെ ഇന്നത്തെ കണക്കുകള്‍ കേട്ടാല്‍ നമ്മള്‍ ഞെട്ടിപോകും. ചില പഞ്ചായത്തുകളിലെ ലോക്കല്‍ ന്യൂസ്‌ ചാനലുകളില്‍ തുടങ്ങി സകല ദിനപത്രങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  ന്യൂസ്‌ ചാനലുകളുണ്ട്. അവരുടെ രീതിയില്‍ വാര്‍ത്തകള്‍ വളച്ചു ഓടിക്കാനും പിന്നെ തെളിയിക്കാനും അവര്‍ ഈ ചാനലുകളെ ഉപയോഗിക്കുന്നു.

ഈ ചാനലുകളെ കൂടാതെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍..! ഇവയുടെ കണക്ക് എടുക്കുന്നതിലും ഭേദം ഹരിനാമ കീര്‍ത്തനം വായിക്കുന്നതാണ്. അല്‍പ്പം പുണ്യം എങ്കിലും ലഭിക്കും. ഇതിനും പുറമേയാണ് ബ്ലോഗുകളിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും നടക്കുന്ന പത്രപ്രവര്‍ത്തനം.

തുടക്കത്തില്‍ പറഞ്ഞ പോലെ കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേ കയര്‍ എടുക്കാന്‍ ഓടുന്ന രീതിയിലേക്ക് നമ്മുടെ പത്രപ്രവര്‍ത്തനം തരംതാഴ്ന്നു കഴിഞ്ഞു. വാര്‍ത്തകളിലെ വസ്തുതകള്‍ തിരിച്ചറിയാന്‍ അല്ല മറിച്ച് വാര്‍ത്തകളിലെ നെഗറ്റീവ് ഇമെജ്ജിന്റെ കച്ചവടമൂല്യത്തിലാണ് എല്ലാവരുടെയും കണ്ണ്.

നടന്‍ സലിം കുമാറിനെ നമ്മുടെ ഓണ്‍ലൈന്‍ മാധ്യമ ലോകം എത്ര തവണ കൊന്നു. ഒന്ന് ഷുഗര്‍ ടെസ്റ്റ്‌ ചെയ്യാന്‍ ആശുപത്രിയില്‍ പോയ അദ്ദേഹത്തെ നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ അടിയന്തരാവസ്ഥയില്‍ വരെ എത്തിച്ചത് നമ്മള്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് കണ്ടതാണ്. മാള അരവിന്ദന്‍ എന്ന അതുല്യ നടന്‍ ഈ ലോകത്തോട്‌ വിട പറയുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മലയാളത്തിലെ മാധ്യമ ലോകം ആ മരണം പ്രഖ്യാപിച്ചിരുന്നു.

വെറുതെ ആരോ ഇരുന്നു എന്തോ വിചാരിച്ചു അതില്‍ കുറച്ചു മസാല കലര്‍ത്തി ലക്ഷകണക്കിന് വരുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ എഴുതിയാല്‍ മതി..മറ്റുള്ളവര്‍ തനിയെ അത് ഏറ്റെടുക്കും…പിന്നെ ബാക്കി അവര്‍ നോക്കിക്കോളും..

സിനിമയുടെ ഗ്ലാമര്‍ കണ്ടു കൊണ്ടാകും ഇപ്പോള്‍ മാധ്യമങ്ങള്‍ പതിവായി കൊല്ലുന്നത് സിനിമക്കാരെ തന്നെയാണ്. ഈ അടുത്ത കാലത്ത് സലിം കുമാര്‍, മാള ചേട്ടന്‍ എന്നിവര്‍. കുറച്ചു കാലം മുന്‍പ് മോഹന്‍ലാല്‍, യേശുദാസ്, നടി കനക എന്നിവരെയും മാധ്യമങ്ങള്‍ കൊന്നു തള്ളിയിരുന്നു..!

മരണം മാത്രമല്ല സിനിമാക്കാരെ ബാധിക്കുന്നത്. വിവാഹം, ജനനം, പുതിയ സിനിമ തുടങ്ങി ഇവരെ കുറിച്ച് വാര്‍ത്തകള്‍ പുറത്തിറക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്ന കാലമാണ്. ഒരു മാധ്യമം വാര്‍ത്ത പുറത്തു വിട്ടു കഴിഞ്ഞാല്‍ അത് അടിച്ചുമാറ്റി കുറച്ചു കൂടി എരിവും പുളിയും ഒക്കെ ചേര്‍ത്ത് ഇപ്പുറത്ത് വിളംബാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹവും ഉണ്ട്.  ഓണ്‍ലൈന്‍ മീഡിയകളുടെ എണ്ണം വര്‍ദ്ധിക്കുന്നതാന് ഇങ്ങനെ വ്യാജവാര്‍ത്തകള്‍ പെരുകാന്‍ കാരണം എന്ന് ചില സിനിമക്കാര്‍ വീക്ഷിക്കുന്നു.

വരുംകാലത്ത് വാര്‍ത്ത എന്ന് പറയുന്നത് വെറുമൊരു സങ്കല്‍പ്പിക സൃഷ്ടി മാത്രമായി മാറും. വെറുതെ കണ്ടു ചിരിച്ചു പുച്ചിച്ചു തല്ലാന്‍ വേണ്ടി മാത്രം സൃഷ്ട്ടിക്കപെടുന്ന വാര്‍ത്തകളെയാണ് നാം കാത്തിരിക്കുന്നത് അല്ലെങ്കില്‍ ഭാവിയില്‍ കാത്തിരിക്കാന്‍ പോകുന്നത്. അതിന്റെ ഒപ്പം പത്രപ്രവര്‍ത്തനം എന്ന തൊഴില്‍ തന്നെ ഇല്ലാതാകും. പിന്നെ നമ്മള്‍ പറയും വാര്‍ത്ത നമ്മള്‍ തന്നെ ഉണ്ടാക്കും നമ്മുടെ വാര്‍ത്ത..!

Advertisements