ആര്‍ക്കും എപ്പഴും മതവും ജാതിയും മാറാം, അതും ഓണ്‍ലൈനായി തന്നെ !

320

01

‘ദേ, ചേട്ടനീ വാര്‍ത്ത വായിച്ചില്ലേ?’ മാതൃഭൂമിപ്പത്രം ഊണുമേശമേല്‍ നിവര്‍ത്തിവിരിച്ച്, അതിന്റെ പേജുകളോരോന്നായി വായിച്ചു തീര്‍ക്കുന്നതിനിടയില്‍ ശാരി, എന്റെ ധര്‍മ്മദാരങ്ങള്‍, വിളിച്ചു ചോദിച്ചു.

‘ഏതു വാര്‍ത്ത?’ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ നിന്നു തലയുയര്‍ത്താതെ ഞാന്‍ ചോദിച്ചു.

‘ആര്‍ക്കും എപ്പഴും മതവും ജാതിയും മാറാമെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിയ്ക്ക്ണൂന്ന്. ഓണ്‍ലൈനായി മതവും ജാതിയും മാറാമെന്നും പറഞ്ഞിരിയ്ക്ക്ണു.’

‘അതെയോ?’ ഇന്ത്യന്‍ പത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ ഞാന്‍ നോക്കാന്‍ തുടങ്ങിയിരുന്നില്ല. വിദേശപത്രങ്ങള്‍ക്കാണു മുന്‍ഗണന. കമ്പ്യൂട്ടറിനെ ‘നിദ്ര’യിലാക്കി ഞാനെഴുന്നേറ്റ് ഊണുമുറിയിലേയ്ക്കു ചെന്നു.

‘ങാ ഹാ, നേരം വെളുത്തപ്പൊ മുതല് ചേട്ടന്‍ കമ്പ്യൂട്ടറിന്മേല്‍ കമഴ്ന്നടിച്ചു കിടന്നിട്ടും ഈ ന്യൂസു കണ്ടില്ലാ, ഇല്ലേ?’ ഞാന്‍ അമേരിക്കന്‍ പത്രങ്ങളും ബ്രിട്ടീഷ് പത്രങ്ങളും വായിയ്ക്കുന്നതിനെപ്പറ്റി അവള്‍ക്ക് ലവലേശം ബഹുമാനമില്ല. നാട്ടുകാര്യങ്ങളറിയാന്‍ നാട്ടിലെ പത്രങ്ങള്‍ വായിയ്ക്കണം. അല്ലാതെ കണ്ട അമേരിക്കയിലേയും ബ്രിട്ടനിലേയും പത്രങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം! ഇപ്പോള്‍ത്തന്നെ കണ്ടില്ലേ. അതാണ് അവളുടെ ചോദ്യം.

‘ഇല്ല.’ ഞാന്‍ തല ചൊറിഞ്ഞു. ‘എവിടെ, നോക്കട്ടെ.’ ഞാന്‍ പത്രത്തിനായി കൈ നീട്ടി.

‘അതു വേണ്ട. ഞാന്‍ വായിച്ചു തീര്‍ന്നിട്ടു തരാം. ഈ വാര്‍ത്ത വേണങ്കി ഞാന്‍ വായിച്ചു കേള്‍പ്പിയ്ക്കാം.’ അത് അവളുടെ പതിവാണ്. പത്രത്തിന് ഇരുപത്തെട്ടു പേജുണ്ടെങ്കില്‍ ഇരുപത്തെട്ടു പേജും വായിച്ചു തീര്‍ത്ത ശേഷമേ അവള്‍ പത്രം വിട്ടു തരാറുള്ളു. നെറ്റില്‍ കാണാത്ത പല വാര്‍ത്തകളും പത്രത്തിലുണ്ടാകും. അവയെപ്പറ്റി പറയുമ്പോള്‍ അവളുടെ പത്രാസൊന്നു കാണേണ്ടതു തന്നെയാണ്.

സുപ്രീംകോടതിവിധിയുടെ വാര്‍ത്ത അവള്‍ വായിച്ചു കേള്‍പ്പിച്ചു. വാര്‍ത്തയുടെ രത്‌നച്ചുരുക്കം ഇതായിരുന്നു: മതം മാറുന്നതു തടഞ്ഞുകൊണ്ട് പല സംസ്ഥാനങ്ങളും പലപ്പോഴായി നിയമങ്ങള്‍ പാസ്സാക്കിയിരുന്നു. ആ നിയമങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട ഒരപേക്ഷമേല്‍ സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയായിരുന്നു, അത്. സ്വന്തം മനഃസാക്ഷിയ്ക്കനുസരിച്ച് ഏതു മതത്തിലും വിശ്വസിയ്ക്കാനുള്ള മൌലികസ്വാതന്ത്ര്യം ഭരണഘടനയില്‍ ആലേഖനം ചെയ്തിട്ടുള്ളതാണ്. ആ മൌലികാവകാശത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തിയിരിയ്ക്കുന്ന എല്ലാ സംസ്ഥാനനിയമങ്ങളും അസാധുവായി സുപ്രീം കോടതി പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി വിധിച്ചിരിയ്ക്കുന്നു. തന്നെയുമല്ല, ഓണ്‍ലൈന്‍ വഴി ഒരു മതം വിടാനും മറ്റൊരു മതത്തില്‍ ചേരാനുമുള്ള സംവിധാനം എല്ലാ മതങ്ങളും ഉടന്‍ ഒരുക്കണമെന്നും സുപ്രീം കോടതി കല്പിച്ചിരിയ്ക്കുന്നു.

കോടതിയുടെ കല്പനയെപ്പറ്റി പല മതങ്ങളും ജാതികളും മുന്‍പേ തന്നെ ഊഹിച്ചെടുത്തു കാണണം. കാരണം കോടതിവിധിയോടൊപ്പം തന്നെ, കോടതിനിര്‍ദ്ദേശപ്രകാരമുള്ള ഓണ്‍ലൈന്‍ സംവിധാനം പല മതങ്ങളും ജാതികളും സൃഷ്ടിച്ചു കഴിഞ്ഞിരിയ്ക്കുന്നു. ഇതിനുള്ള തയ്യാറെടുപ്പും അവര്‍ നേരത്തേ തന്നെ നടത്തിയിരുന്നിരിയ്ക്കണം.

മതം മാത്രമല്ല, ജാതിയും ഓണ്‍ലൈന്‍ വഴി മാറാമത്രെ. പത്രത്തില്‍ ചില മേജര്‍ മതങ്ങളുടേയും, ജാതികളുടേയും പരസ്യങ്ങള്‍ പോലും വന്നു കഴിഞ്ഞിരിയ്ക്കുന്നു. എല്ലാ പരസ്യങ്ങളും തങ്ങളുടെ മതത്തില്‍ അഥവാ ജാതിയില്‍ ചേരാന്‍ ജനതയെ ‘ഹൃദയപൂര്‍വ്വം’ ക്ഷണിച്ചിരിയ്ക്കുന്നതും ശാരി കാണിച്ചു തന്നു. എല്ലാ പരസ്യങ്ങളിലും വെബ്‌സൈറ്റ് അഡ്രസ്സുകളും കൊടുത്തിട്ടുണ്ട്.

ആശ്ചര്യം. മതംമാറ്റപ്രക്രിയ അതിലളിതം. പേരും മേല്‍വിലാസവും മറ്റും എഴുതിച്ചേര്‍ത്ത്, വോട്ടേഴ്‌സ് ഐഡിയുടേയോ ആധാര്‍ കാര്‍ഡിന്റേയോ സ്‌കാന്‍ അപ്‌ലോഡു ചെയ്ത്, മറ്റൊരു മതത്തിന്റേയോ ജാതിയുടേയോ അംഗമല്ലെന്ന സത്യപ്രസ്താവന സെലക്റ്റു ചെയ്ത്, പേജിന്റെ ചുവട്ടിലെ ‘സബ്മിറ്റ്’ ബട്ടണ്‍ ക്ലിക്കു ചെയ്താലുടന്‍ ഇരുപതക്കങ്ങളുള്ള ഒരു നമ്പര്‍ തെളിഞ്ഞു വരുന്നു. അതു സൂക്ഷിച്ചു വയ്ക്കുക. മതത്തില്‍ ചേര്‍ന്നു കഴിഞ്ഞു. സിമ്പിള്‍!

ഒരു മതത്തില്‍ നിന്നു വിട്ട ശേഷമേ മറ്റൊരു മതത്തില്‍ ചേരാനാകൂ. ഒരേ സമയം പല വഞ്ചികളില്‍ കാലു കുത്തുന്ന പരിപാടി നടപ്പില്ല എന്നര്‍ത്ഥം. ഒരു മതം വിടുന്നതും എളുപ്പമാണ്. ഓരോ വെബ്‌സൈറ്റിലും ‘ജോയിന്‍’ എന്ന ലിങ്കുള്ളതു പോലെ തന്നെ ‘ലീവ്’ എന്ന ലിങ്കുമുണ്ട്. ആ മതം വിടാനാണെങ്കില്‍ ലോഗിന്‍ ചെയ്ത ശേഷം ലീവ് എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക. മതം വിട്ടതിന്റെ തെളിവായി ഇരുപതക്കമുള്ള പുതിയൊരു നമ്പര്‍ തെളിഞ്ഞു വരുന്നു. അതു സൂക്ഷിച്ചു വയ്ക്കുക. അത്രയേ വേണ്ടൂ.

ഒരു ജാതിയില്‍ നിന്ന് മറ്റൊരു ജാതിയിലേയ്ക്കു ‘ചാടാനു’ള്ള പ്രക്രിയയും സമാനം തന്നെ.

സന്തോഷം സഹിയ്ക്കവയ്യാതെ ഞാന്‍ ഉറക്കെച്ചിരിച്ചു. അതുകണ്ട് ശാരി ചോദിച്ചു, ‘എന്താ ചിരിയ്ക്കണത്?’

‘2002ലെ ഗുജറാത്തു സംഭവം കഴിഞ്ഞപ്പൊ മുതല്‍ ഞാന്‍ ഹിന്ദുമതത്തില്‍ നിന്നു മാറണംന്നു വിചാരിച്ചിരിയ്‌ക്ക്യേയിരുന്നു. തേടിയ വള്ളി കാലില്‍ച്ചുറ്റി. ഇപ്പൊത്തന്നെ മതം മാറിക്കളയാം.’

‘ദേ, ചേട്ടന്‍ തോന്ന്യാസൊന്നും കാണിയ്ക്കല്ലേ.’ ഭര്‍ത്താവായ എന്നോട് ആദരവ് എന്ന വികാരം അവള്‍ക്കു തീരെയില്ല. ‘എന്നോടും കൂടി ആലോചിച്ചിട്ടേ എന്തും ചെയ്യാവൂട്ടോ.’ അവള്‍ പകുതി താക്കീതായും പകുതി അപേക്ഷയായും പറഞ്ഞു.

‘എന്നോടും കൂടി’ എന്നു പറഞ്ഞത് അവളുടെ അച്ഛനോടും കൂടി എന്നുദ്ദേശിച്ചാണ്. ഞാന്‍ എന്തു തീരുമാനമെടുത്താലും അതിന്റെ വരും വരായ്കകളെപ്പറ്റി അവള്‍ അവളുടെ അച്ഛനെക്കൊണ്ട് പരിശോധിപ്പിയ്ക്കുന്നതു പതിവാണ്. അച്ഛന്‍ ശരി വയ്ക്കാത്തതിനെയൊക്കെ അവള്‍ കണ്ണുമടച്ച് എതിര്‍ക്കും.

ഇതിപ്പോ, ഓണ്‍ലൈനായതുകൊണ്ട് അവളുടെ അച്ഛന്റെ പരിശോധനയ്ക്കും അപ്രൂവലിനുമായി കാത്തു നില്‍ക്കേണ്ട കാര്യമില്ല. മതം മാറിക്കഴിഞ്ഞേ അച്ഛനറിയുകയുള്ളു താനും.

1984ല്‍ ഡല്‍ഹിയില്‍ ഒട്ടേറെ സിക്കുകാര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ത്തന്നെ ഹിന്ദുമതം വിടുന്ന കാര്യം ഞാനാലോചിച്ചതായിരുന്നു. പിന്നെയതു പോട്ടെ എന്നു വച്ചു. പക്ഷേ 2002ലെ ഗുജറാത്ത് സംഭവം കൂടി കഴിഞ്ഞപ്പോള്‍ ഹിന്ദുമതം വിടുന്ന കാര്യം വെറുതേ ആലോചിയ്ക്കുക മാത്രമല്ല, തീരുമാനിയ്ക്കുക തന്നെ ചെയ്തു. അന്ന് കഷ്ടപ്പാടുകളനുഭവിച്ച ഇസ്ലാം മതാനുയായികളോടുള്ള സഹതാപം പ്രകടിപ്പിയ്ക്കാന്‍ വേണ്ടിയും ഹിന്ദുമതാനുയായികളുടെ ദുഷ്‌ച്ചെയ്തികള്‍ക്കുള്ള പ്രായശ്ചിത്തമെന്ന നിലയിലുമാണ് ഞാന്‍ ഇസ്ലാം മതം സ്വീകരിയ്ക്കാന്‍ തീരുമാനിച്ചത്. അന്ന് ഇവള്‍, ഈ ശാരി, തടസ്സം നിന്നു. പലപ്പോഴും അവള്‍ പറയുന്നതിനപ്പുറത്തേയ്ക്കു പോകാന്‍ എനിയ്ക്കു പറ്റാതാകാറുണ്ട്. അതിനിടയില്‍ ഗുജറാത്ത് സംസ്ഥാനസര്‍ക്കാര്‍ മതംമാറ്റം ഫലപ്രദമായി തടയുന്ന നിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തിരുന്നു. ഗുജറാത്തില്‍ ചെന്നു മതം മാറാനായിരുന്നു എന്റെ പരിപാടി. ആ പരിപാടി അന്നങ്ങനെ പൊളിഞ്ഞു.

സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധിയോടെ മതം മാറ്റത്തിനുള്ള തടസ്സങ്ങളൊക്കെ നീങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു. ഈ അവസരം ഉപയോഗിയ്ക്കുക തന്നെ. ‘ഇപ്പൊത്തന്നെ ഹിന്ദുമതം വിട്ടുകളയാം.’ ഞാന്‍ കമ്പ്യൂട്ടര്‍ മുറിയിലേയ്ക്കു നടന്നു.

‘ദേ, വേണ്ടട്ടോ, വെറുതേ വല്ലതും ചെയ്‌തേക്കല്ലേ.’ പത്രവും കൈയിലെടുത്തുകൊണ്ട് ശാരി പരിഭ്രാന്തയായി എന്റെ പുറകേ വന്നു. ‘ചേട്ടന്‍ വല്ല മതത്തിലുമൊക്കെ ചേര്‍ന്ന് എന്നേം കുഞ്ഞുങ്ങളേം വഴിയാധാരമാക്കല്ലേ.’

‘ഷൊര്‍ണൂര് സൌമ്യയെ കൊന്നത് ഒരു ഹിന്ദുവായിരുന്നു. ഗോവിന്ദച്ചാമി. ഡെല്ലീല് നിര്‍ഭയയെ ബലാല്‍ക്കാരം ചെയ്തു കൊല്ലാറാക്കീത് മുഴുവനും ഹിന്ദുക്കളായിരുന്നു. അക്രമം ചെയ്യുന്ന മതത്തില്‍ ഞാന്‍ നില്‍ക്കില്ല. ഇനിയൊരൊറ്റ സെക്കന്റു പോലും വെയിറ്റു ചെയ്യുന്ന പ്രശ്‌നമില്ല.’ ‘പ്രശ്‌നമില്ല’ എന്ന പദത്തിനു ഞാന്‍ ഊന്നല്‍ നല്‍കി.

കമ്പ്യൂട്ടറിനെ സുഷുപ്തിയില്‍ നിന്നുണര്‍ത്തി ഞാന്‍ ഹിന്ദുമതത്തിന്റെ വെബ്‌സൈറ്റു തുറന്നു.

‘നില്‍ക്ക്. ചേട്ടന്‍ ഹിന്ദുമതം വിടുന്നതിനു മുന്‍പ് ഇതു കൂടി പറയ്. ഹിന്ദുമതം വിട്ടിട്ട് ഏതു മതത്തിലാണു ചേരാന്‍ പോകുന്നത്? അതാദ്യം പറ.’ ശാരിയുടെ മുഖത്തു ഗൌരവം പരന്നു. ‘ദേ, മോള്‍ടെ കല്യാണം തീര്‍ച്ചയാക്കി വച്ചിരിയ്ക്കണ കാര്യം മറന്നോ? ചേട്ടന്‍ മതം മാറിയാല്‍ കല്യാണം അലസിപ്പോകും. ഞാമ്പറഞ്ഞില്ലെന്നു വേണ്ട.’

ശരിയാണ്. മകള്‍ക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി, ഇരുകൂട്ടര്‍ക്കും പരസ്പരം ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു, ഇനി കല്യാണത്തീയതി നിശ്ചയിയ്ക്കാന്‍ മാത്രമേ ബാക്കിയുള്ളു. വധുവിന്റെ അച്ഛന്‍ അന്യമതക്കാരനായി എന്നറിഞ്ഞാല്‍ കല്യാണക്കാര്യം കലങ്ങിയതു തന്നെ.

ശാരിയുടെ ചോദ്യം പ്രസക്തമാണ്. ഏതു മതത്തിലാണു ചേരുക?

ഗുജറാത്ത് സംഭവത്തെത്തുടര്‍ന്ന് ഇസ്ലാം മതത്തില്‍ ചേരാനായിരുന്നു തീരുമാനമെടുത്തിരുന്നത്. ഞാനതു സൂചിപ്പിച്ചു.

ശാരി പൊട്ടിത്തെറിച്ചു. ‘അസ്സലായി. ഗുജറാത്ത്, ഗുജറാത്ത് ന്നും പറഞ്ഞാണോ ചേട്ടന്‍ ഇസ്ലാം മതത്തില്‍ ചേരാന്‍ പോണത്? ഈയിടെ തീവ്രവാദികള് പാക്കിസ്ഥാനിലെ നൂറ്റിച്ചില്വാനം കുട്ടികളെ…’ അവളുടെ ശബ്ദം ഇടറി. ക്രൂരത അവള്‍ക്കു സഹിയ്ക്കാനാകില്ല. അല്പസമയം കഴിഞ്ഞ്, ശബ്ദം വീണ്ടെടുത്തുകൊണ്ട് അവള്‍ തുടര്‍ന്നു. ‘ദുഷ്ടന്മാര്ന്ന് ചേട്ടന്‍ തന്നെ അന്നു പറഞ്ഞല്ലോ. എന്നിട്ടെന്തേ? ഒക്കെ മറന്നു പോയോ?’

ആ സംഭവത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഉള്ളു വിറയ്ക്കുന്നു. നൂറിലേറെ കുട്ടികളെ കൊല ചെയ്ത നിഷ്ഠുരരായ ആ തീവ്രവാദികള്‍ ഇസ്ലാമില്‍ തുടരുവോളം ഞാന്‍ ഇസ്ലാം മതത്തില്‍ ചേരുന്നില്ല. എങ്കിലും ഗുജറാത്തിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നുണ്ട്. പാക്കിസ്ഥാനിലെ തീവ്രവാദികള്‍ ഈ പാതകം ചെയ്തില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഇസ്ലാമില്‍ ചേരുമായിരുന്നു.

തത്കാലം മറ്റേതെങ്കിലും മതത്തില്‍ ചേരാം. ഏതു മതമാണു പറ്റിയത്?

യേശുക്രിസ്തുവിനോട് എനിയ്ക്ക് വലിയ ആദരവുണ്ട്. കുരിശില്‍ക്കിടന്നു പിടയുമ്പോഴും ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോടു പൊറുക്കേണമേ എന്ന് ഈശ്വരനോടു പ്രാര്‍ത്ഥിച്ച മഹാത്മാവാണ് അദ്ദേഹം. പക്ഷേ, ചില ക്രിസ്തുമതാ!നുയായികള്‍ വലിയ പാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ബാല്യത്തില്‍ പള്ളിയിലെ ഗായകസംഘത്തിലുണ്ടായിരുന്ന ഭക്തനായിരുന്നു ജര്‍മ്മനിയിലെ ഹിറ്റ്‌ലര്‍. പറഞ്ഞിട്ടെന്തു കാര്യം! ജൂതന്മാര്‍ മാത്രമായി അറുപതു ലക്ഷം പേര്‍ ഹിറ്റ്‌ലറുടെ കല്പന പ്രകാരം വധിയ്ക്കപ്പെട്ടു. അതിനു പുറമെ ലക്ഷക്കണക്കിനു മറ്റുള്ളവരും.

റഷ്യയിലെ സ്റ്റാലിനും ഇറ്റലിയിലെ മുസ്സൊലീനിയും ഒട്ടും മോശമായിരുന്നില്ല. അവരും ക്രിസ്ത്യാനികളായിരുന്നു. അതിനൊക്കെപ്പുറമേ, ഇറാക്ക് അമേരിക്കയ്‌ക്കെതിരെ അണ്വായുധങ്ങള്‍ പ്രയോഗിയ്ക്കാനൊരുങ്ങുന്നു എന്നാരോപിച്ചുകൊണ്ട് ജോര്‍ജ്ജ് ബുഷ് ഇറാക്കിനെ ആക്രമിച്ചു. ഇറാക്കിന്റെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല. ഒട്ടേറെപ്പേര്‍ മരണപ്പെട്ടു. അതു തന്നെയുമല്ല, ഗ്വാണ്ടനാമോ ജയിലില്‍ തടവുകാരെ തോന്നുന്നതു പോലൊക്കെ പീഡിപ്പിച്ചോളാനും ബുഷ് അനുവാദം കൊടുത്തു.

ഇല്ല, ക്രിസ്തുമതം സ്വീകരിയ്ക്കുന്നതും ശരിയാവില്ല.

സിക്കു മതത്തിലും ചേരാനാവില്ല. സിക്കു തീവ്രവാദികള്‍ രണ്ടു പാ!തകങ്ങള്‍ ചെയ്തിട്ടുണ്ട്. ഒന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചു. അതു ചെയ്യരുതായിരുന്നു. രണ്ട്, അവര്‍ എമ്പെറര്‍ കനിഷ്‌ക ബോംബു വച്ചു തകര്‍ത്ത് 329 നിരപരാധികളായ യാത്രക്കാരെ കുരുതി കൊടുത്തു.

ഇനി അവശേഷിയ്ക്കുന്നത് ബുദ്ധമതം മാത്രമാണ്. ബുദ്ധമതത്തിനും പ്രശ്‌നങ്ങളുണ്ട്. നടന്നു പോകുമ്പോള്‍ ഉറുമ്പു പോലും പാദത്തിനടിയില്‍ പെട്ടു മരണമടയാനിട വരരുത് എന്നായിരുന്നു ശ്രീബുദ്ധന്‍ അനുശാസിച്ചിരുന്നത്. ശ്രീബുദ്ധന്റെ അഹിംസാസിദ്ധാന്തത്തെ പാടേ അവഗണിച്ചുകൊണ്ട് ജപ്പാനിലെ ബുദ്ധമതക്ഷേത്രങ്ങള്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തിന് അനുകൂലമായ നിലപാടെടുത്തു. ആ യുദ്ധത്തില്‍ ജപ്പാന്‍ നടത്തിയ കൊലകള്‍ അഞ്ചോ പത്തോ ആയിരുന്നില്ല, മൂന്നു കോടിയായിരുന്നു. അഹിംസാസിദ്ധാന്തത്തെ കാറ്റില്‍ പറത്തിയ ബുദ്ധമതത്തിലും ചേരാനാവില്ല.

ജനാധിപത്യത്തില്‍ സര്‍ക്കാരും മതങ്ങളുമെല്ലാം ജനതയെ കുരുതി കൊടുക്കുകയല്ല, സംരക്ഷിയ്ക്കുകയാണു ചെയ്യേണ്ടത്. ജനതയെ ഉപദ്രവിയ്ക്കുന്നവര്‍ ജനാധിപത്യത്തിനെതിരാണ്. ജനതയോടു ക്രൂരത കാണിയ്ക്കുന്ന മതങ്ങളെ പിന്തുണയ്ക്കാനാവില്ല.

നിരാശ തോന്നി. ചേരാന്‍ പറ്റിയ മതമില്ലാതായിപ്പോയി. എല്ലാ മതങ്ങളും കൊല്ലും കൊലയും കൂടിയും കുറഞ്ഞും നടത്തിയിരിയ്ക്കുന്നു. അഹിംസയെ എല്ലാ മതങ്ങളും അവഗണിച്ചിരിയ്ക്കുന്നു.

എന്നാല്‍പ്പിന്നെ ജാതി മാറിയാലോ? ഈഴവജാതിയില്‍ തുടരുന്നതുകൊണ്ടു പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ല. ഈഴവജാതിയ്ക്കകത്ത് പരസ്പര സ്പര്‍ദ്ധയൊഴിഞ്ഞ നേരമില്ല. വീ എസ്സും പിണറായിയും ഈഴവര്‍ തന്നെയെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കലഹങ്ങളെയാണ് ഇരുവരും ഓര്‍മ്മിപ്പിയ്ക്കാറ്. എസ് എന്‍ ഡി പിയും ശിവഗിരി മഠവും തമ്മിലും സ്വരച്ചേര്‍ച്ചയില്ല. അതിനൊക്കെപ്പുറമേ, കൂത്തുപറമ്പിലും തലശ്ശേരിയിലും കണ്ണൂരും മറ്റും നടക്കാറുള്ള രാഷ്ട്രീയ കലാപങ്ങള്‍ മുഖ്യമായും ഈഴവര്‍ തമ്മില്‍ത്തന്നെയുള്ളവയാണ്. ആരോമലും ചന്തുവും തമ്മിലുണ്ടായ കലഹവും പ്രസിദ്ധമാണല്ലോ.

ഈ എം എസ്സിനെ എനിയ്ക്ക് ഇഷ്ടമായിരുന്നു. ‘നമ്പൂതിരിയായിക്കളയാം.’ ഞാന്‍ പറഞ്ഞു.

‘കോഴിക്കോട്ടെ അദീതിയുടെ കാര്യം ചേട്ടന്‍ മറന്നു പോയോ?’ ശാരി ഉടന്‍ ഓര്‍മ്മപ്പെടുത്തി. അദീതിയെപ്പറ്റിയുള്ള പത്രവാര്‍ത്ത വായിച്ച് അന്നവള്‍ കണ്ണീര്‍ വാര്‍ത്തിരുന്നു.

‘എങ്കില്‍ നമ്പൂതിരിയാകുന്നില്ല.’ ആറുവയസ്സുകാരിയായ പാവം അദീതി രണ്ടാനമ്മയുടെ ക്രൂരമായ പീഡനമേറ്റു മരണമടഞ്ഞ വാര്‍ത്ത എങ്ങനെ മറക്കാനൊക്കും! ‘എന്നാല്‍പ്പിന്നെ കെ പി എം എസ്സില്‍ ചേരാം. അവര്‍ ക്രൂരത കാണിച്ചതായി കേട്ടിട്ടില്ല.’

‘കെ പി എമ്മെസ്സുകാര് മണ്ണില്‍ നിന്നു സ്വര്‍ണ്ണം വിളയിയ്ക്കുന്നവരാണ്. നമ്മുടെ ഗോപി ഒന്നു വന്നു പോയിക്കഴിയുമ്പോള്‍ പറമ്പൊന്നു കാണണം. എന്തൊരു ഭംഗിയാണ്‍ ചേട്ടന്‍ തന്നെ അതു പറയാറുമുണ്ട്.’ തൂമ്പ കൊണ്ടു മാജിക്ക് കാണിയ്ക്കാനറിയാം ഗോപിയ്ക്ക്. ശാരിയും ഞാനും ഗോപിയുടെ ആരാധകരാണ്. കാടു പിടിച്ചു കിടക്കുന്ന പറമ്പ് ഗോപിയുടെ സ്പര്‍ശമേറ്റാല്‍ ലാന്റ് സ്‌കേപ്പിംഗ് നടത്തിയ പോലെ സുന്ദരമായിത്തീരും. ഞാന്‍ നോക്കി നിന്നു പോയിട്ടുണ്ട്.

‘മമ്മട്ടിയെടുത്ത് മുറ്റത്തെ പുല്ലൊന്നു ചെത്താന്‍ പോലും ചേട്ടനെക്കൊണ്ടാവില്ല.’ ശാരി പരിഹസിച്ചു. പുല്ലുചെത്തുകയെന്ന സാഹസത്തിനു ഞാന്‍ തുനിഞ്ഞപ്പോഴൊക്കെ അവളെന്നെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. മുറ്റം കിളച്ചു മറിച്ച പോലെയാകുമ്പോള്‍ മുറ്റമടി ദുഷ്‌കരമായിത്തീരുന്നു. ‘പിന്നെയെങ്ങനെ കെ പി എമ്മെസ്സില്‍ ചേട്ടനു ചേരാനാകും?’

‘എന്നാപ്പിന്നെ വിശ്വകര്‍മ്മാവാകാം.’

‘പൊടിപ്പന്‍! മരത്തിന്റെ അലമാരേടെ പിടി ടൈറ്റാക്കാന്‍ ഇത്രേം നാളായിട്ടു ചേട്ടനു പറ്റീല്ലല്ലോ.’ പിടിയുടെ ചുവട്ടിലെ സ്‌ക്രൂ ഊരിപ്പോന്നതുകൊണ്ട് പിടി ഏറെ നാളായി ഒറ്റസ്‌ക്രൂവിന്മേല്‍ വട്ടം കറങ്ങിക്കൊണ്ടിരിയ്ക്കുന്നു. പിടിയുടെ സ്ഥാനം അല്പമൊന്നു മാറ്റി, പുതിയ രണ്ടു ദ്വാരങ്ങളുണ്ടാക്കിയ ശേഷം നട്ടും ബോള്‍ട്ടുമിട്ടു മുറുക്കണം. തേക്കു കൊണ്ടുള്ള അലമാര. സ്‌ക്രൂഡ്രൈവറുകൊണ്ടു തുളയ്ക്കാന്‍ പല തവണ ശ്രമിച്ചു. പരാജയപ്പെട്ടു.

അലമാരയുടെ പിടി ഉറപ്പിയ്ക്കാന്‍ മാത്രമായി മണിയാശാരിയെ വിളിയ്ക്കാന്‍ പറ്റില്ല. തിരക്കുള്ളയാളാണു മണി. മണിയെക്കൊണ്ട് എന്തെങ്കിലും മേജര്‍ പണി ചെയ്യിപ്പിയ്ക്കുന്ന സമയത്ത് ഇതു കൂടി ശരിയാക്കിക്കാം എന്നു കരുതി നീട്ടിവച്ചുകൊണ്ടിരിയ്ക്കുന്നു. ശാരിയ്ക്ക് ദിവസേന ഒരിരുപതു തവണയെങ്കിലും അലമാര തുറക്കേണ്ടി വരും. അതുകൊണ്ട് പിടി നന്നാക്കാത്തതിനെപ്പറ്റി ദിവസവും ചുരുങ്ങിയത് ഒരു തവണയെങ്കിലും അവള്‍ പരാതിപ്പെടുകയും ചെയ്യും.

മരപ്പണിയില്‍ മണിയ്ക്കുള്ള വൈദഗ്ദ്ധ്യം ആയുഷ്‌കാലം മുഴുവന്‍ തപസ്സിരുന്നാല്‍പ്പോലും എനിയ്ക്കു കിട്ടുകയില്ലെന്നുറപ്പാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് എന്റെ വീടിന്റെ എല്ലാ മരപ്പണികളും ചെയ്തത് മണിയായിരുനു. അടുക്കളയിലെ ജനല്‍ ഒരു ഗ്രില്ലാണ്. ഒരു ഡസന്‍ കമ്പിയഴികള്‍ ആറു പട്ടകളിലൂടെയും നാലു മരക്കട്ടിളകളിലൂടെയും കടത്തിയുണ്ടാക്കിയ ഗ്രില്ല്. അവയില്‍ ഒരു കമ്പി പോലും അല്പമൊന്നു വളഞ്ഞാല്‍, ഗ്രില്ലു വികലമാകും, അടുക്കളയും വികലമാകും. മണി വര്‍ക്ക് ഷോപ്പില്‍ പോയി പട്ടകള്‍ തുളപ്പിച്ചു കൊണ്ടു വന്നു. കട്ടിളകള്‍ കൂട്ടി ഓരോ അഴിയും പത്തു ദ്വാരങ്ങളിലൂടെ അടിച്ചു കയറ്റണം. പത്തു ദ്വാരങ്ങളും നേര്‍വരയിലല്ലെങ്കില്‍ അഴികള്‍ വളഞ്ഞു പുളഞ്ഞിരിയ്ക്കും. ചിലപ്പോള്‍ അഴികള്‍ കയറുകയുമില്ല.

‘അഴികള്‍ക്ക് വളവുണ്ടാകുമോ ചേട്ടാ?’ അന്നു ശാരി മെല്ലെ എന്റെ ചെവിയില്‍ ചോദിച്ചിരുന്നു. എനിയ്ക്കുമുണ്ടായിരുന്നു, ഭയാശങ്കകള്‍. മറുപടി പറയാന്‍ കഴിഞ്ഞില്ല. അല്പം പോലും വൈകല്യമുണ്ടെങ്കില്‍ ജനല്‍ ഉപയോഗശൂന്യമായിപ്പോകും. വലിയ വില കൊടുത്തു വാങ്ങിയ മരം. ശ്വാസമടക്കിപ്പിടിച്ചു നോക്കി നിന്നു.

പക്ഷേ മണിയ്ക്ക് ഒരു കൂസലുമുണ്ടായില്ല. അഴികള്‍ ഒന്നിനു പിറകെ ഒന്നായി മണി അടിച്ചു കയറ്റിക്കൊണ്ടിരുന്നു. എല്ലാ അഴികളും അടിച്ചു കയറ്റിക്കഴിഞ്ഞ ശേഷം ഒരു പച്ചയീര്‍ക്കിലിക്കഷ്ണം കൊണ്ട് അഴികള്‍ തമ്മിലുള്ള വിടവുകള്‍ അളന്നും നോക്കി. എല്ലാ വിടവുകളും കിറുകൃത്യം.

സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി. നൂറു രൂപയാണ് അക്കാലത്തെ പ്രതിദിന കൂലി. ശാരിയുടെ ശുപാര്‍ശ സ്വീകരിച്ച് അന്നു മണിയ്ക്ക് ഇരട്ടി കൊടുത്തു. ഗ്രില്ലില്‍ പ്രതിഫലിച്ച കൈപ്പുണ്യത്തിനു തക്ക പ്രതിഫലമായില്ല എക്ട്രാ കൊടുത്ത നൂറു രൂപ എന്നറിയാഞ്ഞല്ല. അത്രയെങ്കിലും കൊടുത്തില്ലെങ്കില്‍ അതു നന്ദികേടാകുമായിരുന്നു.

‘വിശ്വകര്‍മ്മാക്കളില്‍ സ്വര്‍ണ്ണപ്പണിക്കാരും പെടും.’ താലിമാലയില്‍ തെരുപ്പിടിച്ചുകൊണ്ടു ശാരി പറഞ്ഞു. ‘ഈ മാലടെ കൊളുത്ത് അകന്നു പോയിട്ട് അതൊന്ന് അടുപ്പിയ്ക്കാന്‍ ചേട്ടനെക്കൊണ്ടായില്ലല്ലോ. ഒടുവില്‍ സുകൂനെക്കൊണ്ടു തന്നെ ചെയ്യിയ്‌ക്കേണ്ടി വന്നു.’

സംഗതി ശരി തന്നെ. കൊളുത്ത് അകന്നതുകൊണ്ട് മാല ഒന്നു രണ്ടു തവണ ഊരിപ്പോന്നു. ചവണ കൊണ്ട് കൊളുത്ത് അടുപ്പിയ്ക്കാന്‍ എനിയ്‌ക്കൊരു പേടി. കൊളുത്ത് ഒടിഞ്ഞു പോയാലോ. ഒടിഞ്ഞാല്‍പ്പിന്നെ അതു വിളക്കിച്ചേര്‍ക്കാന്‍ കൂടുതല്‍ സ്വര്‍ണ്ണം വേണ്ടി വരും. അതിനു പണം വേണം. പണത്തിനു ഞെരുക്കമുണ്ടു താനും. അങ്ങനെയാണ് സുകുത്തട്ടാനെത്തന്നെ സമീപിച്ചത്. സുകു അത് ഒന്നാന്തരമായി ശരിയാക്കിത്തരികയും ചെയ്തു. കൂലിയൊന്നും വാങ്ങിയതുമില്ല.

‘കെ പി എമ്മെസ്സാകാനും പറ്റില്ല, വിശ്വകര്‍മ്മാവാകാനും പറ്റില്ല. എന്നാപ്പിന്നെ നായരാകാം.’ ഞാന്‍ അല്പമൊരു ശങ്കയോടെയാണ് അതു പറഞ്ഞത്.

ശങ്കിയ്ക്കാന്‍ കാരണമുണ്ട്. എന്റെ ആരാധനാപാത്രങ്ങളില്‍ ഭൂരിഭാഗവും നായര്‍ ജാതിയില്‍ പെടുന്നവരാണ്. കൃഷ്ണന്‍ നായരെന്ന ജയനായിരുന്നു സിനിമാനടന്മാരില്‍ എന്റെ ആരാധനാപാത്രം. യശഃശരീരനായ സി അച്യുതമേനോനായിരുന്നു ഞാനാരാധിച്ചിരുന്ന കേരളരാഷ്ട്രീയത്തിലെ ഒരേയൊരു നേതാവ്. സാഹിത്യത്തിലാണെങ്കില്‍ എന്റെ ആരാധനാപാത്രം എം ടി വാസുദേവന്‍ നായരാണ്. ശാരിയുടേതും നായര്‍ തന്നെ: യശഃശരീരനായ എം കെ മേനോന്‍.

‘അതേയ്, ഓരോരോ ജാതീല് ചേരണങ്കില്‍ അതിനുള്ള യോഗ്യത വേണം. എല്ലാ അലവലാദികളും കൂടി വലിഞ്ഞുകയറിച്ചെന്നാല്‍ ജാതിക്കാര് വെഷമിച്ചു പോവേള്ളു.’ ശാരി ചില നേരത്ത് യാതൊരു ദയവുമില്ലാതെ പറഞ്ഞു കളയും. ‘നായരാവണങ്കില്‍ ഒന്നുകില്‍ രാഷ്ട്രീയം വേണം. അല്ലെങ്കില്‍ പാടാനറിയണം. അല്ലെങ്കില്‍ അഭിനയിയ്ക്കാനറിയണം. അല്ലെങ്കില്‍ എഴുതാനറിയണം. ചേട്ടന് ഇതില് ഏതെങ്കിലും പറ്റ്വോ? എപ്പഴും കമ്പ്യൂട്ടറും വച്ച് എന്തൊക്കെയോ കുത്തിക്കുറിയ്ക്കണ്ണ്ട്. എന്നാല്‍ ഇത്രേം കാലായിട്ട് കാര്യോള്ള എന്തെങ്കിലും എഴുതീട്ട്‌ണ്ടോ? പാട്ടു പാടാനാണെങ്കില്‍…’

എന്റെ കഴിവുകളുടെ നീതിപൂര്‍വ്വകമായൊരു വിലയിരുത്തല്‍ ശാരിയില്‍ നിന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. കഷ്ടകാലത്തിന് എന്റെ എഴുത്തിനെപ്പറ്റി നാട്ടുകാര്‍ക്കും അവളുടെ അഭിപ്രായം തന്നെയാണുള്ളതെന്ന് ഞാന്‍ ഇതിനകം മനസ്സിലാക്കിയെടുത്തിട്ടുണ്ട്.

അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്കു മണമില്ല. സാരമില്ല. അവള്‍ ഇന്നിപ്പോള്‍ പറഞ്ഞതൊക്കെ മാറ്റിപ്പറയുന്നൊരു കാലം വരും. അന്നവള്‍ എന്റെ കഴിവുകള്‍ ശരിയ്ക്കു മനസ്സിലാക്കിക്കോളും. പക്ഷേ, ആ കാലം വന്നെത്തും വരെ അവളെക്കൊണ്ട് വായടച്ചു വയ്പിച്ചിട്ടും കാര്യമില്ല. അഭിപ്രായപ്രകടനസ്വാതന്ത്ര്യം മതസ്വാതന്ത്ര്യം പോലെ തന്നെയുള്ള മൌലികാവകാശമാണല്ലോ.

മതവും ജാതിയും മാറാനുള്ള എന്റെ ആവേശം തണുത്തുറഞ്ഞു പോയി. അഹിംസ തത്വത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും കര്‍ശനമായി സ്വീകരിച്ചു നടപ്പാക്കുന്ന മതങ്ങള്‍ ലോകത്തില്ലാതെ പോയി. അതുകൊണ്ടെനിയ്ക്ക് മതം മാറാനാകുന്നില്ല. ജാതി മാറാമെന്നു വച്ചാല്‍, അന്യജാതിയില്‍ ചേരാനുള്ള പ്രാഥമിക യോഗ്യത എനിയ്‌ക്കൊട്ടില്ല താനും. ഞാനെന്തു ചെയ്യും!

എന്റെ മുഖത്തെ മങ്ങല്‍ കണ്ട് ശാരിയുടെ നോട്ടം ആര്‍ദ്രമായി. ‘ചേട്ടനെന്തിനാ മതോം ജാതീം മാറണത്. ദാ, ഹിന്ദുമതത്തിന്റെ പരസ്യം വായിച്ചു നോക്ക്. ‘അക്രമരഹിതമായ, സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു ഭാരതം ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മതസാഹോദര്യം നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’ ഇതില്‍ക്കൂടുതലെന്താ ചേട്ടനു വേണ്ടത്.’

‘ഓഹോ, അവരങ്ങനേയും പറഞ്ഞിട്ടുണ്ടോ. അതു ഞാനറിഞ്ഞില്ല. മറ്റു മതങ്ങളോ? അവരൊക്കെ എന്താ പറഞ്ഞിരിയ്ക്കുന്നത്?’

‘അങ്ങനൊക്കെത്തന്നെ അവരും പറഞ്ഞിട്ടുണ്ട്. എല്ലാവരും അക്രമത്തെ അപലപിയ്ക്കുന്നു എന്ന് എടുത്തു പറഞ്ഞിട്ടൂണ്ട്.’ പരസ്യവാചകങ്ങള്‍ അവള്‍ ചൂണ്ടിക്കാണിച്ചു. ‘പിന്നെന്തിനു ചേട്ടന്‍ ഹിന്ദുമതം വിടണം?’

‘അതു ശരി.’ എനിയ്ക്ക് അല്പം ആശ്വാസമായി. ‘അങ്ങനെയാണെങ്കില്‍ കുഴപ്പമില്ല. മതാനുയായികളെ നിലയ്ക്കു നിര്‍ത്താന്‍ ഓരോ മതത്തിനും കഴിയണം. ഇനിയെന്തെങ്കിലും അക്രമം നടന്നാല്‍ അന്നു ഞാന്‍ മതം മാറും. പറഞ്ഞേയ്ക്കാം.’ ഹിന്ദുമതത്തിന്റെ താത്കാലിക വക്താവായി മാറിയ ശാരിയെ ഞാന്‍ ഭീഷണിപ്പെടുത്തി.

‘അക്രമം നടന്നാലല്ലേ മാറേണ്ടൂ. മതസാഹോദര്യം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് എല്ലാ മതങ്ങളും പറഞ്ഞിരിയ്ക്കുന്ന നിലയ്ക്ക് മതത്തിന്റെ പേരില്‍ അക്രമമൊന്നും ഇനിയുണ്ടാവുകയില്ലല്ലോ.’ ശാരിയ്ക്കത് ഉറപ്പാണ്. ‘ദാ, പിന്നേയുമുണ്ടു പല വാഗ്ദാനങ്ങളും.’ അവള്‍ പരസ്യങ്ങളില്‍ വിരലോടിച്ചു വായിച്ചു. ‘സ്ത്രീധനം, മദ്യപാനം, മയക്കുമരുന്ന്, പീഡനങ്ങള്‍, അഴിമതി എന്നിവയില്‍ നിന്നെല്ലാം മതത്തേയും ജാതിയേയും മോചിപ്പിയ്ക്കുമെന്നും മിയ്ക്ക മതങ്ങളുടേയും ജാതികളുടേയും പരസ്യങ്ങളിലുണ്ട്. ദാ വായിച്ചു നോക്കിക്കോ.’ അവളെന്റെ താടി പിടിച്ചുയര്‍ത്തി. ‘ചേട്ടന് ഇത്രയൊക്കെപ്പോരേ?’

(ഈ കഥ സാങ്കല്പികം മാത്രമാണ്.)