ആര്‍ത്തി…..!
നഗ്ന മേനിമിനുപ്പുകളെ തഴുകുന്ന ക്യാമറക്കണ്ണുകള്‍ ഗ്യാലറിയുടെ വിദൂര മൂലകളില്‍ സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനുകളില്‍ സൌന്ദര്യ മല്‍സരവേദിയുടെ ദൃശ്യങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. സ്ക്രീനിന് മുമ്പില്‍ ശേഖരനും ഭാനുമതിയും ആകാംക്ഷയാല്‍ പിടയുന്ന മനസുകളുമായി നിന്നു. മിസ് കേരള മല്‍സരത്തില്‍ മകളെ പങ്കെടുപ്പിക്കാനെത്തിയ ഗ്രാമീണരായ ആ മാതാപിതാക്കള്‍ പരിചയക്കുറവുകൊണ്ടാകണം ഗ്യാലറിയുടെ മുന്‍വശത്തൊന്നും സ്ഥാനം കിട്ടാതെ പിറകിലേക്ക് തള്ളപ്പെട്ടത്.
സ്ക്രീനില്‍ തിളച്ചുമറിയുന്ന നഗ്നമേനികളില്‍ ഒരു മറുക് തിരഞ്ഞ് ഭാനുമതി നിരാശപ്പെടുമ്പോള് ശേഖരന്റെ മനസില്‍ ആര്‍ത്തി അതിന്റെ അഗ്നി നാവുരയുകയായിരുന്നു.
‘മുഖമില്ലെങ്കില്‍ എല്ലാം ഒരു പോലെ….’ ഭാനുമതിയുടെ പിറുപിറുക്കലുകളെ ശേഖരന് ശരിവെച്ചു.
‘അതേയതെ, നമ്മുടെ മകളെ തിരിച്ചറിയാനേ കഴിയുന്നില്ല.’
‘എന്താണിവര്‍ ഈ കുട്ടികളുടെ മുഖം കാണിക്കാത്തത്’ ഭാനുമതി അസ്വസ്ഥയായി.
ശേഖരനാണ് അതാദ്യം കണ്ടത്. അവിടെ കൂടിയ പുരുഷാരത്തില്‍ ഭൂരിപക്ഷത്തിന്റെയും കണ്ണുകളില്‍ തീ നാവുകള്‍! അത് കാട്ടിക്കൊടുക്കാനായി ഭാര്യയെ അയാള്‍ തൊട്ടുവിളിച്ചു. തിരിഞ്ഞുനോക്കിയ ഭാനുമതി ഭയന്നു നിലവിളിച്ചു. അയാളുടെ കണ്ണുകളിലും അഗ്നി നാവുകള്‍!
240 total views, 3 views today
