‘അമ്മേ… അവിടൊരെട്ടുകാലി ഇരിക്കുന്നു..’
‘ചെരുപ്പ് വച്ചടിച്ചു കൊല്ലടാ അതിനെ ‘
‘അമ്മ കൊല്ല്…’

‘ചേട്ടാ.. ബാത്രൂമില്‍ ഒരെട്ടുകാലി ഇരിക്കുന്നെന്ന്.. ഒന്നടിച്ചു കൊന്നേ.. എന്റെ കയ്യില്‍ മാവ് പറ്റിയിരിക്കുവാ..’

ഏല്‍പ്പിച്ചിരിക്കുന്നതൊരു കൊലപാതക ദൌത്യമാണ്, അതും ഇക്കാര്യത്തില്‍ ഭര്‍ത്താവിന്റെ താല്പര്യമില്ലായ്മ അറിഞ്ഞുകൊണ്ട് തന്നെ. മക്കളുടെ സംരക്ഷണാര്‍ഥം ഒരു പിതാവിന് തന്റെ ആദര്‍ശങ്ങളില്‍ മായം കലര്‍ത്തേണ്ടി വരുന്നു. കീഴ്വഴക്കം നോക്കുകയാണെങ്കില്‍ അഹിംസയും മൃഗസ്‌നേഹവുമൊക്കെ പരമസാത്വിക ജന്മങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അതായത് വല്ല ബുദ്ധനോ യേശുവോ അതുപോലുള്ള മറ്റ് ഗുരുക്കന്മാര്‌ക്കോ ഒക്കെ. എങ്കിലും അവനവനെ കൊണ്ട് ആകുന്ന രീതിയില്‍ ഇവരുടെയൊക്കെ പാത പിന്തുടരാം എന്ന് വിചാരിക്കുമ്പോള്‍ തടസ്സങ്ങള്‍ ഏറെ. യവനിക എന്ന സിനിമയിലെ ഒരു ഡയലോഗ് ഓര്‍ത്തെടുക്കുകയാണെങ്കില്‍ ‘കുറ്റകൃത്യങ്ങള്‍ക്ക് ഒരു ധീര സാഹസികതയുടെ പരിവേഷമുണ്ടെന്നും’ ആ പരിവേഷം പുരുഷലക്ഷണമായി കാണുന്ന സ്ത്രീകളില്‍ സ്വപത്‌നിക്കും സ്ഥാനമുണ്ടാകുമോ എന്ന ആശങ്കയുടെ, വന്യചിന്തകളുടെ ഫലമായി കൊലപാതകദൌത്യം ഏറ്റെടുക്കുവാന്‍ ഗൃഹനാഥന്‍ തീരുമാനിച്ചു.

വായിച്ചുകൊണ്ടിരുന്ന പത്രം മടക്കിവച്ചിട്ടു കസേരയില്‍ നിന്നുമെണീറ്റു. ബാത്രൂമിന്റെ വാതുക്കല്‍ സ്വപുത്രന്‍ ഒരു കൊലപാതകം കാണുവാനുള്ള കൌതുകത്തോടെ നില്‍ക്കുന്നു. എട്ടു വയസ്സുകാരന് എട്ടുകാലിയെ പേടി. ഹേ പുത്രാ.. എവിടൊക്കെയോ വായിച്ചറിഞ്ഞ അദ്വൈതദര്‍ശനങ്ങള്‍ അനുസരിച്ച് നീയും ആ എട്ടുകാലിയും രണ്ടല്ല. മറിച്ചുള്ള ഭേദചിന്തയാണ് പേടിയുണ്ടാക്കുന്നത്. ആ എട്ടുകാലി നിന്റെ ആത്മാവിനെ പൂര്‍ത്തിയാക്കുന്നു. ഇവനെന്നാണോ ഇതൊക്കെ പഠിക്കുന്നത്. അതുവരെ ഈ പിതാവിന്റെ കൊലപാതകപരമ്പര തുടരുമോ ?

ബാത്രൂമില്‍ കയറി. അതാ ഒരു മൂലയ്ക്ക് ഘടാഘടിയനായ നമ്മുടെ എട്ടുകാലി ഒരു പാറ്റയെ കൊന്ന് അതിന്റെ മുകളില്‍ കയറി ഇരിക്കുന്നു. ഉടലിന് നല്ല വലിപ്പവും ശക്തിയും ഉണ്ട്. മൊത്തത്തില്‍ ഒരു വില്ലന്‍ ലുക്ക്. ഇപ്പോള്‍ ഈ കൊലപാതകത്തിന് ഒരു ഉദ്ദേശശുദ്ധി കൈവന്നപോലെ തോന്നുന്നു. മകന് സ്വസ്ഥമായി നിന്നു കുളിക്കുവാന്‍ നീ അനുവദിക്കില്ല എന്നുള്ള സ്വാര്‍ത്ഥ താല്‍പര്യമല്ല, മറിച്ച് നീ മറ്റ് ജീവികള്‍ക്ക് ഭീഷണിയുണ്ടാക്കുന്നു എന്ന കാരണത്താല്‍ നിന്നെ കൊല്ലുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ധര്‍മ്മസംസ്താപനം. ഇനി വേണ്ടത് ആയുധമാണ്. കക്കൂസ് വൃത്തിയാക്കുന്ന ബ്രഷ് ഇങ്ങെടുത്തു. നരകയാതന അനുഭവിപ്പിച്ചു കൊല്ലുവാന്‍ മോഹമുദിച്ചത് അപ്പോഴാണ്. ബ്രഷ് അവിടെ വച്ചു. ബക്കറ്റില്‍ വെള്ളം നിറച്ചു. അവന്‍ ഒരു സുനാമിയെ എങ്ങനെ നേരിടുന്നു എന്ന് നോക്കാം. ആ വെള്ളമെടുത്ത് ശക്തമായി അവനിരിക്കുന്ന ദിശയിലേക്കൊഴിച്ചു. ആഹാ… എന്ത് രസമുള്ള കാഴ്ച.

എട്ടുകാലി ഓവിരിക്കുന്ന മൂലയിലേക്ക് തിരമാലകളോടൊപ്പം പൊങ്ങിയും താഴ്ന്നും സഞ്ചരിച്ച് ഭിത്തില്‍ ചെന്ന് ഇടിച്ചു കിടന്നു. ഒരു നിമിഷം കാലുകള്‍ കൊണ്ട് ശരീരത്തെ മൂടി മലര്‍ന്നു കിടന്ന അദ്ദേഹം പെട്ടെന്ന് ഒരു യോദ്ധാവിനെ പോലെ ചാടിയെണീറ്റ് കൊലയാളിയുടെ അടുത്തേക്ക് .വേഗതയില്‍ പാഞ്ഞു. ശൌര്യം വര്‍ദ്ധിച്ച് ഗൃഹനാഥന്‍ അവിടെയിരുന്ന ബ്രഷ് എടുത്ത് തന്റെ നേരെ പാഞ്ഞു വന്ന യോദ്ധാവിനെ അടിച്ചു പഞ്ചറാക്കി. ആ അടിയില്‍ ശൂരനായ യോദ്ധാവിന് ഒരു കാലും മറ്റൊരു കാലിന്റെ പകുതിയും നഷ്ടപ്പെട്ടു. ജീവനും പോയോ എന്ന സംശയം ബലപ്പെട്ടു. നിശ്ചലമായ അവസ്ഥ.

‘കേറി കുളിച്ചോ.. ഞാന്‍ അതിനെ പിന്നെ എടുത്ത് കളഞ്ഞോളാം.’

പുറകില്‍ ഇത് കണ്ടുകൊണ്ടു നിന്ന പുത്രന്റെ മുഖത്ത് ഒരു തെളിച്ചം.

ഗൃഹനാഥന്‍ കസേരയില്‍ വന്നിരുന്ന് പത്രവായന തുടര്‍ന്നു. വായനയ്ക്കിടയില്‍ മനസ്സില്‍ ചെറുതായി അസ്വസ്ഥത കടന്നുകൂടി. എന്താ ഇതിപ്പോ ഇങ്ങനെ. ഒരു എട്ടുകാലിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ കുറ്റബോധം തോന്നുന്നതിന് ഒരു പരിധിയുണ്ട്. ഒരുറുംബിനോ അല്ലെങ്കില്‍ കൊതുകിനോ ഒക്കെ കൊടുക്കുന്ന അത്ര. പിന്നെയത് കോഴി, പൂച്ച, പട്ടി എന്നിവയൊക്കെയാകുമ്പോഴേക്കും ആഴം കൂടും. അങ്ങനെയൊക്കെയാണ് പൊതുവേ നാട്ടുനടപ്പ്. ഇതൊരു അദ്വൈതിക്ക് ചേര്‍ന്നതല്ലല്ലോ. പക്ഷേ സ്വാഭാവികചിന്ത അങ്ങനെയാണ് കടന്നുവരുന്നത്. അത് പോരാ. വലിയ മഹാത്മാക്കളൊക്കെ എല്ലാ ജീവനും വിലപ്പെട്ടതെന്ന് പറഞ്ഞു തന്നിട്ടുണ്ട്. അപ്പോള്‍ ചെയ്തത് മഹാപരാധം തന്നെയെന്നുറപ്പിച്ചു. പത്രമെടുത്ത് മാറ്റിവച്ച് ചിന്ത വഴി കുറച്ച് കുറ്റബോധവും കൂടി കുഴിച്ചെടുത്ത് ഭാവി അദ്വൈതി വ്യസനപ്പെടുവാന്‍ തുടങ്ങി.

ആ ജീവിയെ കൊല്ലേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. അതിനറിയാവുന്ന രീതിയില്‍ വേട്ടയാടി ജീവിച്ചുകൊണ്ടിരുന്നപ്പോള്‍ സങ്കുചിതമായ വീട്, കുടുംബം എന്ന ചട്ടക്കൂടിലേക്ക് ഒതുങ്ങി ചിന്തിച്ച ഒരു ഗൃഹനാഥന്റെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ രക്തസാക്ഷിയാവുകയായിരുന്നു ടിയാന്‍. അങ്ങനെ ആവാസവ്യവസ്ഥിതിയിന്‍മേലുള്ള കടന്നാക്രമണത്തില്‍ വീരമൃത്യു വരിച്ച എട്ടുകാലി പരമ്പരയിലെ ഒടുവിലത്തെ കണ്ണി. ഒരു പ്രവാചകസ്വരൂപം ആയിരുന്നോ അദ്ദേഹം ? ആ വ്യക്തിത്വത്തിനെ ആരാധിക്കപ്പെടുന്ന രീതിയില്‍ രചന നടത്തുവാന്‍ പ്രാപ്തിയുള്ള ഒരു അനുയായി കൂടി ഉണ്ടായിരുന്നെങ്കില്‍ പ്രവാചകന്റെ പേരില്‍ ഒരു എട്ടുകാലി മതം ഉയര്‍ന്നേനെ . മനുഷ്യജന്മം വേട്ടയാടപ്പെടേണ്ട ഒന്നായും എഴുതപ്പെട്ട് മതമൌലികവാദികള്‍ തലമുറകളോളം മനുഷ്യവേട്ടയ്ക്ക് ആഹ്വാനം നല്‍കി വന്നേനെ. ചെറിയ കുറ്റബോധം ഒരു പരിഹാസചിന്തയായി വളര്‍ന്നു ഗൃഹനാഥന്റെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവന്നു.

‘അച്ഛാ.. അത് ചത്തിട്ടില്ല. ക്ലോസെറ്റിന്റെ പുറകിലേക്ക് കയറിയിട്ടുണ്ട്..’

കുളി കഴിഞ്ഞെത്തിയ മകന്റെ വാക്കുകള്‍ തെല്ലൊരു അമ്പരപ്പ് ഉളവാക്കി. എട്ടുകാലി പുലിയാണല്ലോ…വെറുതെയോര്‍ത്തു.

പുത്രന്‍ ഒരുങ്ങി സ്‌കൂളില്‍ പോയി. കുറച്ച് നേരം TV യൊക്കെ കണ്ടുകൊണ്ടിരുന്ന ഗൃഹനാഥനില്‍ തൂറാമ്മുട്ടല്‍ തലപൊക്കിത്തുടങ്ങി. അപോ ആ ക്രിയയങ്ങ് നടത്തുക തന്നെ. കൂട്ടത്തില്‍ മുറിവേറ്റ ആ പ്രവാചകനെയും കൊന്നേക്കാം.ഉയര്‍ത്തെഴുന്നേല്‍ക്കുമോന്ന് അറിയണമല്ലോ. അഥവാ അങ്ങനെ അവതരിച്ചാല്‍ ഈ മനുഷ്യജന്മം ആ മതം പ്രചരിപ്പിക്കുവാന്‍ ഉഴിഞ്ഞുവച്ചോളാം. ഈ പാസ്ടര്‍ മനു മേനോന്‍ എന്നൊക്കെ പറയുന്നത് പോലെ എട്ടുകാലിമത പ്രചാരകനായി ഒരു ഇരുകാലി.

ബാത്രൂമില്‍ കയറി വാതിലടച്ചു. യൂറോപ്യന്റെ പുറകിലിരിക്കുന്ന ഒളിപ്പോരാളിയെ വകവരുത്തിയാല്‍ സ്വസ്ഥമായി ട്രെയിന് പച്ചക്കൊടിയും കാണിച്ചിട്ട് ഇരിക്കാം. ബക്കറ്റില്‍ നിന്നും കുറെ വെള്ളമെടുത്ത് ക്ലോസറ്റിന്റെ പിന്‍ഭാഗങ്ങളിലേക്ക് ശക്തിയായി ഒഴിച്ചു. ടിയാന്‍ വന്നില്ല. പിന്നെയും ഒഴിച്ചു. അവിടെയുള്ള ലക്ഷണം കാണുന്നില്ല. വല്ലവിധേനയും രക്ഷപ്പെട്ടുകാണും. ങ്ങ്ഹാ… പോട്ടെ. അങ്ങനെ ആസനസ്ഥനായി ഒന്നരക്കാല് നഷ്ടപ്പെട്ട പ്രവാചകന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ മുന്നിലേക്ക് വെറുതെ ഒരു നോട്ടം പോയി. അതാ തൊട്ടുമുന്‍പില്‍ കതകിന്റെ അരികിലായി അദ്ദേഹം നില്‍ക്കുന്നു. അനക്കം തീരെയില്ല. ക്ഷീണിതനാണ്. എന്തായിരിക്കാം പ്രവാചകന്റെ ഭാവം?

ശാന്തം

പ്രവാചകന്‍ സാത്വികനാണ്. മനുഷ്യജന്മങ്ങളോട് എന്നും ഒരു വിധേയനെപ്പോലെ പെരുമാറിയിട്ടും ഇങ്ങനൊരു ദുരന്തം നേരിട്ടല്ലോ എന്ന ആ വിഷമത്തില്‍ ഗൃഹനാഥനും പങ്ക് ചേരുന്നു. ഇതിലൂടെ പ്രവാചകന്‍ ഗൃഹനാഥന് പ്രിയപ്പെട്ടവനാകുന്നു. പ്രവാചകന്റെ കുലമാകട്ടെ അദ്വൈതിയായ ഗൃഹനാഥന്റെ അനുഗ്രഹാശിസ്സുകളോടെ ശ്രേഷ്ടമായ ധര്‍മ്മപരിപാലനം, അതായത് മനുഷ്യസേവ നടത്തി മുക്തി നേടി സവര്‍ണ്ണ പരിവേഷം കൈവരിക്കും. അപ്പോള്‍ പ്രവാചകന്‍ കുലദൈവവും ഗൃഹനാഥന്‍ പ്രപഞ്ചനാഥനുമാകും.

രൌദ്രം

പ്രവാചകന്‍ പോരാളിയാണ്. അവന്റെ സിരകളിലൂടെ പക തിളച്ചുമറിയുന്നു. ഈ മുറിവുകള്‍ ഒന്ന് കരിഞ്ഞിരുന്നുവെങ്കില്‍ കുലദ്രോഹികളായ ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിക്കാമായിരുന്നു എന്ന ചിന്ത മാത്രം. പ്രതികാരം ചെയ്യുമെന്നുറപ്പുള്ള , വര്‍ണ്ണാശ്രമധര്‍മ്മങ്ങളെ പാടെ നിരാകരിക്കുന്ന ഈ ജന്തുവിനെ നോവിച്ചു വിട്ടതില്‍ ഗൃഹനാഥന്‍ അസ്വസ്ഥനാകുന്നു. കൊല്ലുക തന്നെ. അതെ, പ്രപഞ്ചനാഥനോട് പ്രതികാരബുദ്ധി പ്രകടിപ്പിച്ചു എന്ന കാരണം കൊണ്ട് സ്വധര്‍മ്മങ്ങളിലുണ്ടായ വീഴ്ച ഈ എട്ടുകാലി കുലത്തിനെ അവര്‍ണ്ണരായി മാറ്റും. ഗൃഹനാഥനും പിന്നെ മനുഷ്യനോടുള്ള വിധേയത്വം കൊണ്ട് സവര്‍ണ്ണരായ പട്ടിക്കും പൂച്ചക്കും വരെ അടിമകളായി ജീവിക്കുന്നതാണ് ഇനി എട്ടുകാലിയുടെ കുലധര്‍മ്മം.

ചിന്താലോകത്ത് നിന്നും ക്ലോസറ്റില്‍ നിന്നും ഗൃഹനാഥന്‍ എണീറ്റു. അവിടെയായി ഇരുന്ന ടോഇലെറ്റ് ബ്രഷ് കൊണ്ട് ഒറ്റയടിക്ക് തന്നെ പ്രവാചകന്റെ കഥ തീര്‍ത്തു. നേരമ്പോക്ക് ചിന്തകളെയും അവിടെ ഉപേക്ഷിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് പ്രഭാതത്തിലുള്ള തീവണ്ടിക്ക് പച്ചക്കൊടി കാണിച്ചിട്ട് ഗൃഹനാഥന്‍ അങ്ങനെ ഇരുന്നപ്പോള്‍ തൊട്ടു മുന്‍പില്‍ അതേ സ്ഥലത്ത് നില്‍ക്കുന്നു, അതേ ഗണത്തില്‍പെട്ട ഘടാഘടിയനായ ഒരു എട്ടുകാലി. ഉത്തരം കിട്ടാതിരുന്ന ഒരു ചോദ്യം അദ്വൈതിയുടെ മനസ്സിലേക്ക് വീണ്ടും ഇരച്ചുകയറി.

ആ ആറരക്കാലി സവര്‍ണ്ണനോ അതോ അവര്‍ണ്ണനോ ?

You May Also Like

ഇതാണ് ഭാവിയിലെ ബോട്ട് : വീഡിയോ

ഇനി ജലത്തിലൂടെ പറക്കാനാണ്‌ ബോട്ടുകള്‍ വേണ്ടത്. അത്തരത്തിലുള്ള ക്വോഡ്രോഫോയില്‍ ബോട്ടുകള്‍ വരാന്‍ പോകുകയാണ്.

ജീവിക്കാനുള്ള സമരങ്ങള്‍ – ഷാജഹാന്‍ നന്മണ്ട

പുറമ്പോക്കില്‍ നഗരം പുറംതള്ളിയ മാലിന്യക്കൂമ്പാരത്തിലേക്ക് ആരോ വലിച്ചെറിഞ്ഞ സിഗരറ്റ്കുറ്റി എരിഞ്ഞ് ഉയര്‍ന്ന പുകപടലത്തിലേക്കും, നഗരസഭയൊരുക്കുന്ന വമ്പന്‍ താരനിശയുടെ പ്രചരണത്തിനായി ഉച്ചഭാഷിണിവാഹനം പറത്തിവിട്ട കടലാസു നോട്ടീസ്സുകളിലേക്കും പെയ്ത മഴ പതിവ് ദുര്‍ഗന്ധത്തിനു മുകളില്‍ മറ്റൊരു അസഹ്യമായ ഗന്ധം അന്തരീക്ഷത്തില്‍ ലയിപ്പിച്ചു.

പിതാവിന് ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തു കൊടുത്താല്‍ ? വീഡിയോ

ന്യൂ ജനറേഷന്‍ പിള്ളാരുടെ അടുത്തു അത്രത്തോളം ടെക്നിക്കല്‍ അറിവ് ഇല്ലാത്ത വീട്ടിലെ മുതിര്‍ന്നവര്‍ ഓണ്‍ലൈന്‍ ടിക്കറ്റോ മറ്റോ എടുക്കാന്‍ പറഞ്ഞാല്‍ എന്താകും അവസ്ഥ ???

ജയകൃഷ്ണന്റെ ഗ്ളാമർ പലപ്പോഴും പല വേഷങ്ങൾക്കും വിഘാതമായിട്ടുണ്ടാകാം

ടെലിവിഷനിലൂടെ ഏവർക്കും സുപരിചിതനായ നടൻ. സിനിമകളിലും നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇനി വരാനിരിക്കുന്ന താത്വിക അവലോകനത്തിൽ നല്ല വേഷമാണെന്ന് തോന്നുന്നു