Featured
ആശയം… ഗര്‍ഭാശയം …
ഒരു അന്തവും കുന്തവും കിട്ടാതെ വില്ലന്‍ സ്പെസിമനില്‍ സൂക്ഷിച്ചു നോക്കുന്നതായും , പിന്നെ വലത്തേ ചെന്നിക്ക് ചൂണ്ടു വിരല്‍ കുത്തി ആലോചിക്കുന്നതായും അഭിനയിച്ചു ..
134 total views

മെഡിക്കല്‍ കോളേജിലെ പരീക്ഷകള്‍ തമാശകളുടെ ഒരു ലേബര്‍ റൂം ആണ് .ഈറ്റില്ലം എന്നും പറയുന്നവരുണ്ട് .
പലതും കാമ്പസ്സുകളില്‍ പറഞ്ഞു പറഞ്ഞു പഴകിയതാണ് ..ഓരോ കോളേജുകളില്‍ ഓരോ ആളുകള്‍ ആയിരിക്കും കഥാപാത്രം എന്ന് മാത്രം . കഥ ഒന്ന് തന്നെ.
സാമ്പിള്‍ ഒരെണ്ണം ഇറക്കി നോക്കാം . ഒത്താല്‍ ഒത്തു .
കഥ പതോളജി വൈവ കേന്ദ്രത്തില്‍ നിന്നും… റിപ്പോര്‍ട്ട് കാമറമാന്‍ സതീഷിനോപ്പം പ്രകാശ് രഘുവംശം .
അതാണല്ലോ ഇപ്പൊ പതിവ് .
നായകനായ അദ്ധ്യാപഹയന് ബുദ്ധിജീവിയാണ് .
ഡോക്ടര്‍ , അദ്ധ്യാപകന് തുടങ്ങിയ ചട്ടക്കൂടുകള്ക്കൊന്നും ഒതുക്കി നിര്‍ത്താന്‍ പറ്റാത്തവന് .
നാടകം ( എഴുത്തും അഭിനയവും) , കവിത , കഥ ..തുടങ്ങി സകലകലാവല്ല്യപ്പന് .
നേരമ്പോക്കിന് ശാസ്ത്ര സാഹിത്യ ഭവിഷ്യത്ത് , നല്ല നിലയില്‍ ജീവിക്കുന്ന മറ്റു ഡോക്ടര്‍ മാരെ തെറി വിളിച്ചു പത്രങ്ങളില്‍ ലേഖനം എഴുത്ത് .
അന്ന് ടി വി യില്‍ ആ പരിപാടി തുടങ്ങിയിട്ടില്ല .പാവം ദൂരദര്ശന് മാത്രമേ ഉള്ളൂ ..വൈകിട്ട് ഏഴു മണിക്ക് അലക്കിയ കോട്ടുമിട്ട് വന്നിരുന്ന് വഴിയേ പോകുന്നവനെ യൊക്കെ വിളിച്ചു വരുത്തി അലക്കി വിടുന്ന നികൃഷ്ട കുമാരന്മാരുടെ ചാനലുകള്‍ വന്നിട്ടില്ല. ദൂരദര്ഷനന്മാര്ക്ക് അക്കാലം ഇത്തരം കലാ പരിപാടികളില്‍ താല്പര്യം ഇല്ലായിരുന്നു . ഇപ്പോള്‍ കാമ്പട്ടീഷന് വന്നപ്പോള്‍ ലേശം കൃമി കടി അവര്‍ക്കും തുടങ്ങിയിട്ടുണ്ട് .
ചുരുക്കിപ്പറഞ്ഞാല്‍ അദ്ധ്യാപകന് കൊടും ഭീകരന് , അഇമന് സവാഗിരി യുടെ സ്വന്തം അനിയന് .
പെണ്പിള്ളാരുടെ ആരാധാനാ പാത്രം , അതെ കാരണം കൊണ്ട് തന്നെ പയ്യന്മാരുടെ വര്‍ഗ ശത്രു , കുലംകുത്തി ..
വില്ലന്‍ പ്രതീക്ഷിച്ച പോലെ വിദ്യാര്‍ഥി. വിദ്യ അഭ്യസിക്കാനായി ആര്‍ത്തിയോടെ കോളേജില്‍ വന്നവന് , അതൊഴികെ എല്ലാം അഭ്യസിച്ചു കഴിഞ്ഞവന് ..ലേശം കഞ്ചാവ് ബാധയും ഉണ്ടെന്നു പറയപ്പെട്ടിരുന്നു അക്കാലം , ഇപ്പോള്‍ ജെന്റില്‍ മാന്യന് .
എവിടെയോ വമ്പന്‍ ഡോക്ടറും , ഐ എം എ നേതാവും ആയി വിലസുന്നുണ്ടാവും ..തടിച്ചു കൊഴുത്ത ഭാര്യ , രണ്ടു ഉരുണ്ട മക്കള്‍ , ഐ ടെന്‍ കാറ് , ഇരുനില മാളിക ഇവയൊക്കെ ഉണ്ടായിരിക്കും എന്ന് പറയാന്‍ ഒരു ആറ്റുകാല്‍ ഗോപാല കൃഷ്ണന് സാറിന്റെയും സഹായം വേണ്ടാ ..
കഥയിലേക്ക് .. കണ്ണാടിപ്പെട്ടിയിലെ ഫോര്‍മാലിനില്‍ കിടന്നു ചുക്കി ചുളിഞ്ഞ ശരീര ഭാഗത്തെ ചൂണ്ടി സാറ് ..
‘ ഇത് എന്തരു എന്ന് പറയയെടെ അപ്പീ ‘
സസ്പെന്‍സ് കളഞ്ഞേക്കാം. കഥയില്‍ എന്തിന് സസ്പെന്‍സ് .
പണ്ടാരോ ബുദ്ധി ജീവി ചോദിച്ചപോലെ ഒരു പുസ്തകം വിറ്റു പോകാന്‍ സസ്പെന്‍സ് ഒരു പ്രധാന ഘടകം ആയിരുന്നെങ്കില്‍ , ലോകത്ത് ഇത്ര മാത്രം ബൈബിള്‍ എങ്ങിനെ വിറ്റു പോകുന്നു ??
വീണ്ടും കഥയിലേക്ക് ….സംഭവം ഒരു ഗര്‍ഭ പാത്രം ആയിരുന്നു ..
ആശയപരമായി പറഞ്ഞാല്‍ ഗര്‍ഭാശയം .., ‘ദി ഐഡിയ ഓഫ് ബികമിങ്ങ് പ്രഗ്നന്ട്’എന്ന് തര്‍ജമ .
ഒരു അന്തവും കുന്തവും കിട്ടാതെ വില്ലന്‍ സ്പെസിമനില്‍ സൂക്ഷിച്ചു നോക്കുന്നതായും , പിന്നെ വലത്തേ ചെന്നിക്ക് ചൂണ്ടു വിരല്‍ കുത്തി ആലോചിക്കുന്നതായും അഭിനയിച്ചു ..
ഏറ്റില്ല. മുറ്റിയ നടികര്‍ തിലകം ആണ് മുന്നില്‍ .
പയലിനു യാതൊരു ഐഡിയയും ഇല്ല എന്ന് ഗുരുവിനു പിടി കിട്ടി ..
രക്ഷിക്കാന്‍ ഒരു പിടി വള്ളി വച്ചു നീട്ടി , ക്ലൂ …
‘ ഇത് നിനക്കും എനിക്കും ഇല്ലാ ‘ ഹാളില്‍ ഇരിക്കുന്ന എല്ലാവരും കേള്‍ക്കെ ഗുരുവര്യന് പുച്ഛത്തോടെ പ്രഖ്യാപിച്ചു .
ക്ലൂ പിടികിട്ടിയിട്ടു ആണോ അതോ ചിരവൈരിയായ സാറിനെ ആക്കാന്‍ ആണോ എന്നറിയില്ല .
ശിഷ്യന് അതെ ഒച്ചയില്‍ പറഞ്ഞു ‘ ബ്രയിന്‍ ‘
എന്നിട്ടും പയ്യന്‍സ് പരീക്ഷയില്‍ തോറ്റു . അതാണ് അതിശയം ..എനിഗ്മ യില്‍ പൊതിഞ്ഞ മിസ്റ്ററി …
[divider]
എഴുതിയത് : മോനി കെ വിനോദ്
[divider]
135 total views, 1 views today