ആ ചില്ലറ തുട്ടുകള്ക്കെന്ത് കനം
ഇന്നലെ ( ഫെബ്രുവരി പത്ത്) മാധ്യമം ദിനപ്പത്രത്തിനോടൊപ്പമുള്ള കുടുംബ മാധ്യമം സപ്ലിമെന്റില്‍ പ്രസിദ്ധപ്പെടുത്തിയ “ആ ചില്ലറ തുട്ടുകള്‍ക്ക് എന്ത് കനം “ എന്ന അനുഭവക്കുറിപ്പ് “ആരാണ് മഹാന് “ എന്ന പേരില്‍ ബ്ലോഗില്‍ ഞാന്‍ പോസ്റ്റ് ചെയ്തത് ഇവിടെ അമര്‍ത്തി വായിക്കുക. പേരു മാറ്റം എന്റെ അനുവാദത്തോടെ പത്രം നടത്തിയതാണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ച കൊട്ടാരക്കരയിലെ പള്ളിയില്‍ ജുമാ നമസ്കാര( വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ മദ്ധ്യാഹ്ന സമയം കൃത്യ നേരത്ത് എല്ലാ വിശ്വാസികളും നിര്‍ബന്ധമായി ഒത്തു ചേര്‍ന്ന് പങ്കെടുക്കേണ്ട പ്രാര്‍ത്ഥന)ത്തിനായി ഞാന്‍ പോയി. പതിവ് മുഖങ്ങളുമായി കണ്ട്മുട്ടി അഭിവാദ്യം അര്‍പ്പിച്ച് പള്ളിക്കാമ്പൌണ്ടില്‍ കയറിയ ഞാന്‍ ഒരു ചെറിയ ആള്‍ക്കൂട്ടം കണ്ട് അവിടേക്ക് എത്തി നോക്കി. ഏകദേസം 9വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി ഒരു സ്കൂട്ടറിന്റെ പുറകില്‍ ഇരിക്കുന്നു. അവളുടെ അഛന് എന്ന് തോന്നിക്കുന്ന ഒരാള്‍ അടുത്ത് നില്‍പ്പുണ്ട്. ആ സ്കൂട്ടറിലും പെണ്‍കുട്ടിയിലും ചില പ്രത്യേകതകള്‍ ഞാന്‍ കണ്ടു.
പെണ്‍കുട്ടിയുടെ തല നേരെ നില്ക്കുന്നില്ല, ആടിയും കുഴഞ്ഞും ആ തല നേരെ നില്ക്കാന് പാട് പെടുകയാണ്. ശരീരഭാഗങ്ങളും ആവശ്യാനുസരണം വഴങ്ങാത്ത സ്ഥിതിയിലാണ്.
സ്കൂട്ടര്‍ ആ കുട്ടിക്ക് പിന് സീറ്റില്‍ ഇരിക്കാന്‍ തക്ക വിധത്തില്‍ സീറ്റിനു ക്രമീകരണം ചെയ്ത് നിര്‍മിച്ചിട്ടുള്ളതാണ്.
തന്റെ വൈകല്യത്തെ അവഗണിച്ച് ഒരു നേരിയ പുഞ്ചിരി ശാലീനമായ ആ മുഖത്ത് അവള് ഒളിപ്പിച്ച് വെച്ചിരുന്നു. നെറ്റിയില്‍ ചന്ദനം പൂശി മദ്ധ്യത്തില്‍ ചെറിയ പൊട്ട് തൊട്ടിരുന്ന അവളില്‍ എന്തെന്നില്ലാത്ത ഒരു ഓമനത്വം തെളിഞ്ഞു നിന്നു. അവളുടെ അച്ഛനും സാധുത്വവും മാന്യതയും തോന്നിപ്പിക്കുന്ന ഒരു മനുഷ്യനായിരുന്നു. അയാള്‍ നെറ്റിയില്‍ ചന്ദനം പൂശി, തൊഴു കൈകളുമായി ആള്‍ക്കാരെ ചെറിയ പുഞ്ചിരിയുമായി നേരിട്ടു.. അവര്‍ കുട്ടിയുടെ ചികിത്സാ ചെലവിന് സഹായാഭ്യര്‍ത്ഥനയുമായി ധാരാളം ആള്ക്കാര് ഒത്ത് ചേരുന്ന ഈ നേരത്ത് പള്ളി കാമ്പൌണ്ടില് പള്ളി ഭരണ സമിതിയുടെ അനുവാദത്തോടെ നില്‍ക്കുകയാണ്. ചികിത്സക്കും പെണ്‍കുട്ടികളെ കെട്ടിക്കാനും അങ്ങിനെ പല ആവശ്യങ്ങള്‍ പറഞ്ഞ് ധന സഹായത്തിനായി പലരും വെള്ളിയാഴ്ച്ച പള്ളി കാമ്പൌണ്ടില് വരുന്നത് പതിവ് കാഴ്ച്ചയാണ്.
‘അമ്മാ തായേ,’ ‘അച്ഛാ ഈ കാലില്ലാത്തവനെ സഹായിക്കണേ!’ ‘എന്റെ മോളെ കെട്ടിക്കണേ!’ ഇങ്ങിനെയുള്ള അലമുറയിടല്‍ പതിവായി കേള്‍ക്കാറുണ്ടെങ്കിലും അതെല്ലാം ഭൂരിഭാഗവും വെറും തട്ടിപ്പാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ പള്ളി പരിസരത്ത് വെച്ചായതിനാല്‍ പലരും കയ്യിലെ ചില്ലറ, വിളിച്ച് കൂവുന്നവന്റെ പാത്രത്തിലും വിരിച്ചിരിക്കുന്ന തോര്‍ത്തിലും ഇടാറുണ്ട്.
ആ കൂട്ടര് ഇന്നത്തെ ദിവസവും എത്തി അവിടവിടെയായി അവരുടെ മുമ്പില്‍ തോര്‍ത്തും വിരിച്ച് ഇരിക്കുന്നുമുണ്ട്.
അവരില്‍ നിന്നും വ്യത്യസ്തമായി ഈ മനുഷ്യനും മകളും ആരോടും ഒന്നും ആവശ്യപ്പെടുന്നില്ലാ എന്നും ഞാന്‍ നിരീക്ഷിച്ചു. ആ കുട്ടി ഏതോ രോഗം വന്ന് ഈ അവസ്ഥയിലായതാണെന്നും അയാള്‍ക്കുള്ള എല്ലാ മുതലും വിറ്റ് ചികിത്സിച്ചപ്പോള്‍ അല്‍പ്പം തളര്‍ച്ച മാറി ഈ അവസ്തയിലെങ്കിലും എത്തി ചേര്‍ന്നെന്നും ഇനിയും ചികിത്സ ആവശ്യമുണ്ടെന്നും അതിനായി ധന സമാഹരണത്തിനായി എത്തിയതാണെന്നും ആരോ പറഞ്ഞതനുസരിച്ച് പള്ളി ഭരണക്കാരെ കണ്ടുവെന്നും അവര്‍ വഴി പള്ളി ഇമാമിനെ വിവരം ധരിപ്പിച്ചിട്ടുണ്ട് എന്നും ഇമാം പ്രാര്‍ത്ഥനക്ക് മുന്നോടിയായുള്ള അന്നത്തെ തന്റെ പ്രസംഗത്തിന് ശേഷം കുട്ടിയുടെ വിവരം വിശ്വാസികളോട് പറയുമെന്നും നമസ്കാരം കഴിഞ്ഞ് ആള്ക്കാര് ഇറങ്ങുമ്പോള്‍ തനിക്ക് ധന സഹായം ലഭിക്കുമെന്നു പ്രതീക്ഷിച്ച് അവിടെ നില്‍ക്കുകയാണെന്നും അയാള്‍ പറഞ്ഞു. കുട്ടി മൂന്നാം ക്ലാസില്‍ പഠിക്കുകയാണെന്നും പഠനത്തില്‍ അവള് മിടുക്കി ആയതിനാല്‍ ആ സ്കൂട്ടര്‍ റോട്ടറി ക്ലബ്ബ്കാര്‍ നല്‍കിയതാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കരയില്‍ നിന്നും കൊല്ലത്തേക്ക് പോകുന്ന വഴിയില്‍ ഒരു ഗ്രാമത്തിലായിരുന്നു അയാളുടെ വീട്.
ഓമനത്വമുള്ള ആ മുഖം കണ്ടപ്പോള്‍ മനസില്‍ വല്ലാത്ത വിഷമം അനുഭവപ്പെട്ടു. ഓടിച്ചാടി കളിക്കേണ്ട ഈ പ്രായത്തില്‍ ആ കുഞ്ഞിന്റെ അവസ്ഥ കാണുമ്പോള്‍ ആര്‍ക്കാണ് പ്രയാസം തോന്നാതിരിക്കുക?!.എന്റെ കയ്യിലുണ്ടായിരുന്ന ചെറിയ തുക ആ മനുഷ്യന്റെ കയ്യില്‍ വെച്ച് കൊടുത്ത് ഞാന്‍ പള്ളിയില്‍ കയറി പോയി.
പ്രസംഗത്തിനു ശേഷം ഇമാം ആ കുട്ടിയുടെ ദയനീയ അവസ്ഥയെ പറ്റി അദ്ധ്യക്ഷ പീഠത്തില്‍ വെച്ച് വിവരിക്കുകയും സമൂഹത്തില്‍ ഇങ്ങിനെ ആര്‍ക്കെങ്കിലും സംഭവിക്കുമ്പോള്‍ അവരെ സഹായിക്കാനാണ് ദൈവം നമുക്ക് ധനം തന്ന് സമ്പന്നരാക്കുന്നതെന്നും അപ്രകാരം സമൂഹത്തില്‍ പരസ്പരം സഹായിച്ച് കഴിയുമ്പോള്‍ മാത്രമേ മനുഷ്യ ജന്മം സാര്‍ത്ഥകമാകൂ എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. വൃക്ഷം തന്റെ ഫലം ഭക്ഷിക്കാറില്ലെന്നും നദി തന്റെ ജലം കുടിക്കാറില്ലെന്നും അപ്രകാരം മറ്റുള്ളവരെ സഹായിച്ച് ജീവിക്കാനാണ് ദൈവം നമുക്ക് ജീവിതം നല്‍കിയതെന്നും കബീര്‍ദാസിന്റെ ഈരടികള്‍ ഉദ്ധരിച്ച് അദ്ദേഹം സമര്‍ത്ഥിച്ചു.
ഏതായാലും പ്രാര്‍ത്ഥന കഴിഞ്ഞ് ആള്ക്കാര് ഇറങ്ങിയപ്പോള്‍ ആ മനുഷ്യന്റെ കയ്യില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ നിറയുന്ന വിധത്തില്‍ നോട്ടുകള്‍ കിട്ടി.
അസാധാരണമല്ലാത്ത ഈ സംഭവം പറയാനല്ല ഞാന്‍ ഇവിടെ മുതിരുന്നത്. ഇതിനു ശേഷം നടന്ന ഒരു മഹനീയ പ്രവര്‍ത്തിക്ക് ഞാന്‍ സാക്ഷി ആയത് വെളിപ്പെടുത്തേണ്ടിയിരിക്കുന്നു.വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ ധാരാളം ഭിക്ഷക്കാര് പള്ളിക്കാമ്പൌണ്ടില്‍ കൈ നീട്ടി ഇരിക്കാറുണ്ട് എന്ന് ഞാന്‍ പറഞ്ഞിരുന്നുവല്ലോ. ഇന്നത്തെ ദിവസം അവരുടെ കളക്ഷനെ ബാധിക്കുന്ന വിധം ആ പെണ്‍കുട്ടിക്ക് വിശ്വാസികള്‍ പൈസ്സാ കൊടുത്തിരുന്നത് കാരണം പലരുടെയും അമര്‍ഷം അവരുടെ നിലവിളിയിലൂടെ ഉച്ചത്തില്‍ പ്രകടിപ്പിച്ചിരുന്നു. പലര്‍ക്കും പതിവിലും കുറച്ചാണ് കളക്ഷന്‍ ലഭിച്ചത്. അരിശം നിറഞ്ഞ കണ്ണുകളോടെ പെണ്‍കുട്ടിയെ നോക്കിയതിനു ശേഷമാണ് അവരില്‍ പലരും സ്ഥലം കാലിയാക്കിയത്. എന്നാല്‍ കവിളില്‍ ക്യാന്‍സര്‍ ബാധിച്ച് മുഖത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഒരുഭിക്ഷക്കാരനും(അയാള്‍ പതിവായി വെള്ളിയാഴ്ച്ചകളില്‍ പള്ളിക്കാമ്പൌണ്ടില്‍ വരുന്ന ആളാണ്) ഒരു വൃദ്ധയും പെണ്‍കുട്ടിയെ തുറിച്ച് നോക്കി അവിടെ തന്നെ നിന്നു.
പെണ്‍കുട്ടിയുടെ പിതാവ് നോട്ടുകള്‍ നിറഞ്ഞ കവര്‍ പള്ളി സെക്രട്ടറിയെയും പ്രസിഡന്റിനെയും എണ്ണാനായി ഏല്‍പ്പിച്ച് അവരെ തൊഴുതു. അവര്‍ ആ കവര്‍ തിരികെ അയാള്‍ക്ക് തന്നെ കൊടുത്തു എങ്കിലും അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി അത് എത്രയുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താനായി എന്നെ ചുമതലപ്പെടുത്തി. കമ്മറ്റി ഓഫീസിന്റെ മുന്‍ഭാഗം കിടന്ന മേശയില്‍ നോട്ടുകള്‍ കുടഞ്ഞിട്ട് എന്റെ ചുമതലയില്‍ മൂന്ന് പേര് നോട്ടുകള്‍ പരസ്യമായി എണ്ണി തിട്ടപ്പെടുത്താന്‍ തുടങ്ങി. ക്യാന്‍സര്‍ രോഗിയും വൃദ്ധയും അപ്പോഴും നോട്ടുകള്‍ എണ്ണുന്നതിനെയും പെണ്‍കുട്ടിയെയും മാറി മാറി നോക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസില്‍ രോഷം പതഞ്ഞ് പൊന്തി. അവര്‍ക്ക് രണ്ട് പേര്‍ക്കും അല്‍പ്പം തുക കിട്ടിയത് കയ്യില്‍ പൊതിഞ്ഞ് വെച്ചിട്ടുണ്ട്. പിന്നെ എന്തിനു ഈ പാവം പെണ്‍കുട്ടിക്ക് ലഭിച്ചത് അസൂയയോടെ നോക്കുന്നു. ഈ ചിന്തയായിരുന്നു എന്റെ രോഷത്തിന്റെ ഹേതു.
തുക എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ അതൊരു വലിയ തുക ഉള്ളതായി ബോദ്ധ്യപ്പെട്ടു. ആ തുക പെണ്‍കുട്ടിയുടെ പിതാവിനെ ഏല്‍പ്പിക്കാനായി ഞാന്‍ അയാളെ അടുത്തേക്ക് വിളിപ്പിച്ച നേരം നടേ പറഞ്ഞ രണ്ട് പേരും ഞങ്ങളുടെ അരികിലേക്ക് വന്നു. ഉള്ളിലെ രോഷം ശബ്ദത്തില്‍ കലര്‍ത്തി ഞാന്‍ അവരോടു ചോദിച്ചു;
‘ങൂം, എന്ത് വേണം.’
അവര്‍ കയ്യില്‍ ഇരുന്ന പൊതി അവര്‍ക്ക് അന്ന് ഭിക്ഷയായി കിട്ടിയത് പെണ്‍കുട്ടിയുടെ കയ്യില്‍ വെച്ച്കൊടുത്തു. ആ വൃദ്ധ പെണ്‍കുട്ടിയുടെ തലയില്‍ തന്റെ മെലിഞ്ഞ കൈ കൊണ്ട് തലോടി വിറക്കുന്ന സ്വരത്തില്‍ പറഞ്ഞു’ കുഴന്തക്ക് ഉടമ്പ് ശീഘ്രം ശരിയായിടും’
ക്യാന്‍സര്‍ രോഗി തന്റെ പകുതി മുഖം വെച്ച് കുട്ടിയെ നോക്കി ചിരിച്ചു.
ആ കാഴ്ച്ച കണ്ട് ഞാന്‍ തരിച്ച് നിന്നു.
പെണ്‍കുട്ടിയുടെ പിതാവ് അവര്‍ നല്കിയ തുക നിരസിച്ചപ്പോള്‍ ആ രണ്ട് പേരുടെയും മുഖത്തെ ദയനീയ ഭാവം കണ്ട് ഞങ്ങള്‍ അത് വാങ്ങുവാന്‍ അയാളെ നിര്‍ബന്ധിച്ചു. അവസാനം അയാള്‍ അത് വാങ്ങി.
അവിടെ എണ്ണിയ നോട്ടുകളില്‍ കാണപ്പെട്ട വലിയ തുകക്കുള്ള നോട്ടുകള്‍ നല്‍കിയവരെക്കാളും ആ മൊത്തം തുകയേക്കാളും ഏറ്റവും വിലയുള്ളത് ആ രണ്ട് സാധുക്കളുടെ സംഭാവനയാണെന്ന് എനിക്ക് തീര്‍ച്ചയുണ്ട്.
ക്രൂരതയും സ്വാര്‍ത്ഥതയും ലോകത്തില്‍ ഈ കാലത്ത് നിറഞ്ഞ് നില്ക്കുന്നു എങ്കിലും നന്മയുടെ വെളിച്ചം ആ ഇരുട്ടിനെയെല്ലാം തൂത്തെറിയാന്‍ ഇപ്പോഴും അവശേഷിക്കുന്നു എന്നും ഞാന്‍ തിരിച്ചറിയുന്നു
285 total views, 3 views today
