പ്രിയപ്പെട്ട ലിജീഷ് .. ഈ പുസ്തകം നീ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ ചേച്ചിക്ക് വേണ്ടി ത്തന്നെ ഒപ്പിട്ട് സൂക്ഷിച്ചിരുന്നതാവാം അല്ലേ..?

പഴയ പുസ്തകങ്ങള്‍ വില്‍ക്കാന്‍ നിരത്തി വച്ചിരിക്കുന്ന എറണാകുളത്തെ വഴിയോരങ്ങള്‍ എന്റെ എല്ലാക്കാലത്തേയും ദൌര്‍ബ്ബല്യങ്ങളാണ്. ആരുടെയൊക്കെയോ കൈകളിലൂടെ മാറിമാറി സഞ്ചരിച്ച് പുതിയൊരവകാശിക്കായി അവരങ്ങനെ നിശ്ശബ്ദരായി കാത്തിരിക്കും. അവയില്‍ ആരുടെയൊക്കെ മനസ്സുണ്ടാകും..? സ്‌നേഹവും കലാപവും വിപ്ലവവുമുണ്ടാകും..? എനിക്കു വേണ്ടിയും നിരവധി പുസ്തകങ്ങള്‍ ആ വഴിയോരങ്ങള്‍ കാത്തു വച്ചിട്ടുണ്ട്. ഒരു പക്ഷേ ഇനിയൊരിക്കലും പ്രിന്റ് ചെയ്യാനിടയില്ലാത്ത ഒരു ഗ്രന്ഥശാലയില്‍ നിന്നും മേടിക്കാന്‍ കഴിയാത്ത പുസ്തകങ്ങള്‍.. 1973 ല്‍ പബ്ലിഷ് ചെയ്ത മെലങ്ങത്ത് നാരായണന്‍ കുട്ടിയുടെ സംഘകാല കൃതികളുടെ തര്‍ജ്ജമ, പണ്ടത്തെ പ്രഭാത് ബുക്‌സിന്റെ റഷ്യയില്‍ പ്രിന്റ് ചെയ്തിരുന്ന വിശ്വസാഹിത്യങ്ങള്‍, പ്രമുഖരുടെ ലേഖനങ്ങള്‍ അങ്ങനെ എത്രയോ വിലപ്പെട്ട പുസ്തകങ്ങള്‍ കൈക്കലാക്കി ഞാനൊരു പുസ്തകമുതലാളിച്ചി ആയിരിക്കുന്നു.

ഇന്നും ഇങ്ങനെയൊരു അലച്ചിലിലായിരുന്നൂ ഞാന്‍.. മലയാളം ഒന്നുമില്ലെന്ന് പറഞ്ഞപ്പോഴും നിരന്നിരിക്കുന്ന ഇംഗ്ലീഷുകാരുടെയിടയില്‍ നിന്നും ഞാന്‍ ചില മലയാളം അക്ഷരങ്ങളെന്നെ ഒളിഞ്ഞു നോക്കുന്നത് കണ്ടു. ആവേശത്തോടെ വാരിയെടുത്തവയില്‍ നിന്നും ഒരു പുസ്തകം ഞാന്‍ മറിച്ചു നോക്കി. പഴയ പുസ്തകങ്ങള്‍ പലപ്പോഴും ചില രഹസ്യങ്ങള്‍ ഒളിപ്പിക്കുന്നുണ്ടാകും. ചില കുറിപ്പുകള്‍, അടിവരകള്‍, അതിലൂടെ കടന്നു പോയവരുടെ തിരുശേഷിപ്പുകള്‍ അതൊക്കെ കുസൃതി കലര്‍ന്ന മനസ്സോടെ ഞാനെന്റെ ഇഷ്ടത്തിനനുസരിച്ച് അവയെല്ലാം മാറ്റിവായിക്കും. അപ്പോള്‍ എനിക്ക് മുന്‍പേ അതിലെ വാക്കുകളിലൂടെ കടന്നു പോയവരുടെ മനസ്സിലൂടെയും സാഹചര്യങ്ങളിലൂടെയും ഞാന്‍ യാത്രചെയ്യും. പഴയ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ഇങ്ങനെയുമുണ്ടാകും ചില ഗുണങ്ങള്‍.. അവയിലൊക്കെ മറ്റൊരു കഥയുണ്ടാകും.

ഞാന്‍ കയ്യിലെടുത്ത ഒരു പുസ്തകത്തിന്റെ ആദ്യപേജില്‍ എഴുതിയിരിക്കുന്നു, ‘ചേച്ചിക്ക്.. ഇഷ്ടത്തോടെ ലിജീഷ്.’ എന്നാലും ഇഷ്ടത്തോടെ ഏതോ ലിജീഷ് കൊടുത്ത പുസ്തകം ഈ ചേച്ചിക്കെങ്ങനെ ഉപേക്ഷിക്കാന്‍ സാധിച്ചു..? ഏതെങ്കിലുമൊരു ആക്രിക്കച്ചവടക്കാരനു തൂക്കി വില്‍ക്കേണ്ടിയിരുന്നില്ല ഈ ഇഷ്ടത്തെ. എനിക്ക് വിഷമമായി. ഞാന്‍ വീണ്ടും പേജുകള്‍ മറിച്ചു. ‘ഗുജറാത്ത് ‘ എന്നാണു പുസ്തകത്തിന്റെ പേരു. സിവിക് ചന്ദ്രന്‍ അവതാരികയുടെ ആദ്യമെഴുതിയിരിക്കുന്നു. ‘നാം നമ്മെ ഏതോ ദൈവത്തിനു വിട്ടുകൊടുക്കുകയാണോ..’ ആഹാ..! ഇഷ്ടവിഷയത്തോടുള്ള ഇഷ്ടം പുസ്തകത്തോടും തോന്നുന്നുണ്ട്. പുറം ചട്ടയുടെ ബാക്ക് പേജിലേക്ക് ചെന്നു. അയ്യോ.. ഇതു എനിക്ക് പരിചയമുള്ളൊരു ലിജീഷ്… എന്റെ ഫേസ് ബുക്ക് സുഹൃത്ത്. കേരളത്തിലെ SFI പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ വേറിട്ടൊരരധ്യായമായ മടപ്പള്ളി കോളേജ് പ്രശ്‌നത്തെക്കുറിച്ചെഴുതിയപ്പോഴാണു ലിജീഷിനെ ശ്രദ്ധിച്ചത്. അങ്ങിനെയാണു സുഹൃത്തുക്കളായത്. പക്ഷേ ഇതറിഞ്ഞതേയില്ലല്ലോ. വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു പുസ്തകത്തിന്റെ ഉടമയെന്ന്..! അരാഷ്ട്രീയ തലമുറയെന്ന് സ്ഥിരമായി പഴികേള്‍ക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ നിന്നും അഭിമാനപൂര്‍വ്വമാണു സിവിക് ചന്ദ്രന്‍ ലിജീഷിനെ പരിചയപ്പെടുത്തുന്നത്..!

അവിടെ നിന്ന് തന്നെ ആമുഖവും വായിച്ചു. അതില്‍ ഗുജറാത്തെന്ന കലാപഭൂമിയില്‍നീന്ന് മുറിഞ്ഞു പോയ ഹൃദയവുമായി എഴുത്തുകാരന്‍ ചോദിക്കുന്നു. ‘എന്റെ പിതൃക്കന്മാരേ.. ഞാനുണ്ടാവും മുന്‍പ്, ഞങ്ങള്‍ക്കെല്ലാം മുന്‍പ് ഇവിടെ എന്തായിരുന്നു? പക്ഷികളെത്തിന്നുന്ന പക്ഷികളും പാമ്പുകളെത്തിന്നുന്ന പാമ്പുകളും എനിക്ക് മുന്‍പേ പിറന്നിരുന്നോ…?’

പ്രിയപ്പെട്ട ലിജീഷ്.. ഈ പുസ്തകം നീ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ ചേച്ചിക്ക് വേണ്ടിത്തന്നെ ഒപ്പിട്ട് സൂക്ഷിച്ചിരുന്നതാവാം അല്ലേ.. നോക്കൂ അതെനിക്ക് തന്നെ കിട്ടി… ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ആ പുസ്തകം ഏറെ ഇഷ്ടത്തോടെ ഒപ്പിട്ട് തരുമ്പോള്‍ നിന്റെ മനസ്സിലുണ്ടായിരുന്ന സ്‌നേഹത്തെക്കുറിച്ചാണ്.

-ലാലി

“Although she was a logical, practical person, she believed that in books there existed a kind of magic. Between the aging covers on these shelves, contained in tiny, abstract black marks on sheets of paper, were voices from the past. Voices that reached into the future, into Claire’s own heart and mind, to tell her what they knew, what they’d learned, what they’d seen, what they’d felt. Wasn’t that magic?”
― Christi Phillips, The Devlin Diary

You May Also Like

കുട്ടികള്‍ കാണേണ്ടത് നാം അവര്‍ക്കായി തിരഞ്ഞെടുക്കുന്ന സ്വപ്നങ്ങളല്ല, അവരുടെ സ്വപ്നങ്ങളാണ്

നിങ്ങളുടെ കുട്ടികള്‍ അദ്ധ്വാനിക്കുന്നത് അവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ???

ആംബറിനുള്ളിലെ ചരിത്രം, ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ദിനോസറുകൾ തിരിച്ചു വന്നാൽ എങ്ങനെയിരിക്കും..?

ആംബറിനുള്ളിലെ ചരിത്രം Sudhakaran Kanhangad ആറര കോടി വർഷങ്ങൾക്ക് മുൻപ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ദിനോസറുകൾ…

വഴി പിഴക്കുന്ന ബാല്യങ്ങള്‍ – ബൈജു ജോര്‍ജ്ജ്

കാലത്തിന്റെ വളര്‍ച്ച അവരില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതുതന്നെയാണ് …!, ആധുനിക ലോകത്തിന്റെ വളര്‍ച്ചക്ക് അത് അത്യാവശ്യമാണുതാനും ..!

ഭയങ്കര പനിയോ നല്ല പനിയോ?

പണ്ട് നമ്മള്‍ ‘നല്ലപനി’ എന്നാണല്ലൊ പനിവരുമ്പോള്‍ പറയാറ്. ഇന്നത് ‘ഭയങ്കര പനി’ എന്ന നിലയിലേക്ക് മാറ്റിച്ചിന്തിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. വീണ്ടും പഴയചിന്തയിലേക്ക് നമ്മള്‍ തിരിച്ചുപോകേണ്ടിയിരിക്കുന്നു. കാരണം പനി ഒരു രോഗമല്ല എന്നതുതന്നെ.!