Featured
ആ മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞ് പറന്നകന്നിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം : ഷീബ എഴുതുന്നു
ഇന്ന് കമലാ സുരയ്യയുടെ മൂന്നാം ചരമ വാര്‍ഷികം. മലയാള ഭാഷക്ക് നീര്‍മ്മാതള പൂക്കളുടെ സൌരഭ്യം നഷ്ടമായിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം തികയുന്നു. ചന്ദന മരങ്ങളുടെ മദഗന്ധം ഇനി മലയാളി വായനക്കാരെ മത്തു പിടിപ്പിക്കില്ല. സ്‌നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന ആ നിഷ്‌കളങ്ക മനസ്സിനേറ്റ കൂരമ്പിന്റെ നീറ്റലില്‍ ഇനിയും വേദനിക്കാന്‍ വയ്യെന്നു പറഞ്ഞ് ആ മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞ് പറന്നകന്നിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം.
111 total views

ഇന്ന് കമലാ സുരയ്യയുടെ മൂന്നാം ചരമ വാര്‍ഷികം. മലയാള ഭാഷക്ക് നീര്‍മ്മാതള പൂക്കളുടെ സൌരഭ്യം നഷ്ടമായിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം തികയുന്നു. ചന്ദന മരങ്ങളുടെ മദഗന്ധം ഇനി മലയാളി വായനക്കാരെ മത്തു പിടിപ്പിക്കില്ല. സ്‌നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന ആ നിഷ്‌കളങ്ക മനസ്സിനേറ്റ കൂരമ്പിന്റെ നീറ്റലില്‍ ഇനിയും വേദനിക്കാന്‍ വയ്യെന്നു പറഞ്ഞ് ആ മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞ് പറന്നകന്നിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം.
ജീവ ശാസ്ത്രപരമായ സ്ത്രീപുരുഷാന്തരങ്ങളെ അതിന്റെ പരസ്പര പൂരകത്വത്തിലും, സൌന്ദര്യത്തിലും ആവിഷ്‌ക്കരിക്കുന്നതില്‍ അവരോളം വിജയിച്ചവര്‍ മലയാളത്തില്‍ വേറെ ഇല്ല. പ്രണയവും, രതിയും, പ്രതി ലൈംഗികതയും സത്യസന്ധതയോടെ ആവിഷ്‌കരിച്ച് മലയാളിയുടെ സഹജമായ കാപട്യങ്ങളെ പരിഹസിച്ച മലയാളത്തിന്റെ കമലയെ അവഗണിച്ചോ, ആരാധിച്ചോ, അകറ്റി നിര്‍ത്താനും അപദാനങ്ങളുടെ ആഘോഷങ്ങളിലും, പരിഹാസത്തിന്റെ നിന്ദാ സ്തുതികളിലും കഥാപാത്ര വല്‍ക്കരിക്കാനുമാണ് അവര്‍ ജീവിച്ചിരിക്കെ മലയാളി എന്നും ശ്രമിച്ചിട്ടുള്ളത്.
മലയാളത്തിന്റെ സര്‍ഗാത്മക പ്രതിഭാസമായിരുന്ന കമലാ സുരയ്യ അവരുടെ രചനകളിലൂടെ നടത്തിയ യാത്രകളില്‍ പലപ്പോഴും, തരിശു നിലങ്ങളില്‍ പ്രേമത്തിന്റെ വിലാപ കാവ്യം തിരഞ്ഞ് അവര്‍ അസ്വസ്ഥയായി. ചന്ദന മരങ്ങളുടെ മദഗന്ധം മലയാളി യാഥാസ്ഥിതികതയുടെ നാലുകെട്ടുകളില്‍ അസ്വസ്ഥത പടര്‍ത്തിയപ്പോള്‍ സ്ത്രീ ലൈംഗികതയുടെ സ്വയം നിര്‍ണയാവകാശം അവരെ ലസ്ബിയന്‍ എന്ന് മുദ്ര കുത്തിച്ചപ്പോള്‍, സ്‌നേഹം നല്‍കുന്നത് ഒരു പട്ടിയാണെങ്കിലും ഞാന്‍ പിന്നാലെ പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് മലയാളി വായനയുടെ ആമാശയത്തില്‍ അവര്‍ ദഹനക്കേടുകള്‍ തീര്‍ത്തു.
അകലുന്ന കാഴ്ചകളും, അസ്വസ്ഥമാകുന്ന മനസ്സിന്റെ നോവുകള്‍ക്കും ഒപ്പൊം സ്‌നേഹത്തിന്റെ കടല്‍ കൊതിക്കുന്ന അവരുടെ ആത്മാവിന്റെ ഉള്ളറകളില്‍, അക്കാലങ്ങളില്‍ നാം കോരി നിറച്ചത് ആരോപണത്തിന്റെയും, പരിഹാസത്തിന്റെയും കൂരമ്പുകള്‍ ആയിരുന്നു. മഴയും, മലയാളവും, മലയാഴ്മയും വേണ്ടെന്നു വെച്ച് മൂന്നാം പ്രവാസത്തിനു അവര്‍ ലാവണം മാറും വിധം നോവിന്റെ സങ്കടല്‍ മാത്രം നല്‍കി മലയാളി ഒരു കാലത്ത് അവരെ പൂനയിലേക്ക് നാടുകടത്തിയപ്പോള്‍ ലോകത്തിനു മുന്നില്‍ മലയാളി ഒരിക്കല്‍ കൂടി ചെറുതായി പോയി. വെറും വെറും മലയാളിയായി പോയി. അപ്പോഴും പതിവുപോലെ കേരളീയ പൊതു മനസ്സിന്റെ പതിവ് നാട്യങ്ങളാകുന്ന കപട കണ്ണീര്‍ പ്രതികരണങ്ങള്‍ക്ക് അപ്പുറം ആത്മാര്‍ഥതയുടെ അകംപൊരുള്‍ ആര്‍ക്കും അവകാശപെടാന്‍ കഴിഞ്ഞിരുന്നില്ല
ജീവിതത്തിലുടനീളം ശാന്തിയും, സമാധാനവും,സുരക്ഷയും തേടി അലയുകയായിരുന്ന മാധവികുട്ടി എന്ന എഴുത്തുകാരി. അതിന്റെ കലമ്പലുകളും,കഥ പറച്ചിലുകളുമായിരുന്നു അവരുടെ രചനകളിലുടനീളം നിറഞ്ഞു നിന്നത്. എന്നാല്‍ തന്നെ സമാധാനത്തിലും,സമര്‍പ്പണത്തിലും അധിഷ്ഠിതം ആയ ഒരു മതത്തിലും, സ്‌നേഹത്തിന്റെ മറുവാക്കായ സൃഷ്ടാവിലും സമര്‍പ്പിച്ചതിലൂടെ സുരയ്യ എന്ന ആ സാധു സ്ത്രീ ശാന്തിയുടെ ശാശ്വത തലങ്ങളില്‍ സുരക്ഷിതവും,സംതൃപ്തയുമായി.ശാന്തി തേടി അലഞ്ഞ മനസ്സിലെ അശാന്തിയുടെ തിരകള്‍ വിശ്വാസത്തിന്റെ തീരത്ത് ചെന്നണഞ്ഞു.അവിടെയും അവരെ ജനം വെറുതെ വിട്ടില്ല.കൃഷ്ണനും,ക്രിസ്തുവും,അല്ലാഹു വും തനിക്കു ഒന്നാണെന്ന ഏറ്റവും വലിയ സത്യം, ആ പരമമായ സത്യം, ഏക ദൈവ വിശ്വാസിയായ അവര്‍ സമൂഹത്തോട് തുറന്നടിച്ചപ്പോള്‍ അവരെ ചിത്ത ഭ്രമക്കാരിയായി ചിത്രീകരിക്കാനായിരുന്നു അവിടെയും മത്സരം.ഒരു മതം മാറ്റത്തിന്റെ അകമ്പടി വേണ്ടായിരുന്നു മാധവികുട്ടിയുടെ മതനിരപേക്ഷ മനസ്സിനെ വായിച്ചെടുക്കാന്‍ എന്നിട്ടും ചില ധാര്‍ഷ്ട്ട്യങ്ങള്‍ക്ക് മറുപടി പറഞ്ഞ ചരിതാര്ത്യത്തിനപ്പുറം മനസമാധാനത്തിന്റെ തീരത്തേക്കായിരുന്നു അവര്‍ പ്രയാണം ചെയ്തത്.സ്‌നേഹം മാത്രം കൊതിച്ച ആ പാവം കിളി കൂടൊഴിഞ്ഞ് പറന്നകന്നപ്പോള്‍ അവസാനം ചേക്കേറിയ ചില്ല അവരെ തഴഞ്ഞില്ല, മറ്റുള്ളവര്‍ക്ക് കൊട്ടിഘോഷിക്കാന്‍ തക്ക ഒന്നും അതിലില്ലെന്നു തെളിയിച്ചു അവരുടെ ഭൌതിക ശരീരം അവര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെ, സ്‌നേഹാദരങ്ങളോടെ ഖബറടക്കിയപ്പോള്‍.
അവര്‍ മരിച്ചപ്പോള്‍ മാത്രമാണ് പ്രബുദ്ധ കേരളം മാധവികുട്ടി എന്ന ഹിന്ദുവും, കമല സുരയ്യ എന്ന മുസ്ലീമും ഒന്നായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഒരു മതം മാറ്റത്തിലൂടെ ഒരു സമൂഹത്തിനു അവര്‍ നല്‍കിയ പാഠം അദ്വൈതം എന്ന സിദ്ധാന്തം തന്നെ ആയിരുന്നു. രണ്ടും രണ്ടല്ല ഒന്നാണ് എന്ന്മതത്തിന്റെ പേരില്‍ കടിപിടി കൂടുന്ന ജനങ്ങള്‍ക്കുള്ള ഒരു ഓര്‍മപെടുത്തല്‍. അവര്‍ അതിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത് ഹൈന്ദവികതയും, ഇസ്ലാമികതയും എന്നാല്‍ രണ്ടും രണ്ടല്ല ഒന്നാണ് എന്ന മഹത്തായ ദര്‍ശനികതയായിരുന്നു.
അവരുടെ ശക്തമായ രചനകളെക്കള്‍ മലയാളിയാല്‍ വായിക്കപെട്ടത് അവരുടെ ജീവിതമായതിനാല്‍ ഒരുപക്ഷെ ആ ഒരു കാഴ്ചപ്പാടോടെ മാത്രം അവരെ വായിച്ചവര്‍ക്ക് ഈ ലേഖനം ഒരു കല്ലുകടിയായി തോന്നാം നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകുന്ന തലത്തിലേക്ക് ഈ ലേഖനം വായിക്കപെടുമെന്ന ചിന്ത നിലനില്‍ക്കെ, ഇന്നത്തെ കേരളത്തിന് ആവശ്യം ആത്മീയതയിലധിഷ്ടിതമായ ഒരു അച്ചടക്ക സ്ത്രീ ചിന്തയാണ് എന്ന പോസിറ്റീവ് നിലപാട് തറയില്‍ നിന്ന് നോക്കി കാണുമ്പോള്‍, പീഡിപ്പിക്കപെടുന്ന, ചവിട്ടിയരക്കപെടുന്ന സ്ത്രീത്വത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ നീതിയുടെ പക്ഷം ചേരേണ്ട ആക്ടിവിസ്ടായി അവര്‍ നിലനിന്നില്ല എന്നത് അവരുടെ ന്യൂന്യതയായി ഞാന്‍ നോക്കി കാണുന്നു.അജിത മുതല്‍ സാറാ ജോസഫ് വരെയുള്ള ആക്ട്ടിവിസ്ട്ടുകളും, എഴുത്തുകാരികളും ഉയര്‍ത്തിപിടിക്കുന്ന വനിതാ വിമോചന പ്രശ്‌നങ്ങളില്‍ അവരെപോലെയുള്ള സ്വതന്ത്ര ധിഷണാശാലിയുടെ സാന്നിധ്യം ഒരു പക്ഷെ അവര്‍ ജീവിചിരിക്കുമായിരുന്നെങ്കില്‍ ഒരു മുതല്‍കൂട്ടായി ഇന്ന് മാറിയേനെ. തന്മൂലം തന്നെ അവരുടെ വിയോഗം വിശാലമായി ചിന്തിക്കുന്ന, കേവലം മതത്തിന്റെ മതില്‌കെട്ടിനകത്തു ബന്ധിക്കപെടാത്ത സ്വതന്ത്ര മനസ്സുള്ള മലയാളി സ്ത്രീയുടെ ഒരു രാഷ്ട്രീയ നഷ്ടം കൂടിയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
ബൂലോകം മാധവിക്കുട്ടി സ്‌പെഷ്യല്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍.
- ബൂലോകം മാധവിക്കുട്ടി സ്‌പെഷ്യല്‍ പതിപ്പ് ഇവിടെ വായിക്കാം
- ബൂലോകം മാധവിക്കുട്ടി സ്‌പെഷ്യല്‍ പതിപ്പ് എഡിറ്റോറിയല്‍ – ഡോക്ടര്‍ അരുണ്‍ കൈമള്‍ എഴുതുന്നു
- നാവിക വേഷം ധരിച്ച കുട്ടി – ഇന്ദു മേനോന് എഴുതുന്നു
- കമലാ, നീ ഇനിയും പിറക്കുക – പദ്മ എഴുതുന്നു
- ആ മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞ് പറന്നകന്നിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം : ഷീബ രാമചന്ദ്രന് എഴുതുന്നു
- മാധവിക്കുട്ടി ഒരു അനുസ്മരണം : ഗ്രേസി എഴുതുന്നു
- മാധവിക്കുട്ടി, പ്രണയത്തിന്റെ തെളിനീരുറവ : ഷേയ എഴുതുന്നു
112 total views, 1 views today