Featured
ആ വാര്‍ഡും പേവാര്‍ഡും പിന്നെ ഞാനും
മാന്യ സഹോദരന്മാരെ. ഞാന്‍ ഒരു പരമ്പരാഗത ബ്ലോഗു കര്‍ഷകനാണ്. എന്റെ അനുഭവം കേള്‍ക്കൂ. ബൂലോകം ഓണ്‍ ലൈനില്‍ ഈയിടെ ഏറ്റവും നല്ല ബ്ലോഗ് കര്‍ഷകര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു എന്നു കേട്ടു. അങ്ങിനെ ഈ പാവം ഞാനും ബൂലോകത്തേക്ക് ഒന്ന് വിളിച്ചു.
94 total views

മാന്യ സഹോദരന്മാരെ. ഞാന്‍ ഒരു പരമ്പരാഗത ബ്ലോഗു കര്‍ഷകനാണ്. എന്റെ അനുഭവം കേള്‍ക്കൂ. ബൂലോകം ഓണ്‍ ലൈനില്‍ ഈയിടെ ഏറ്റവും നല്ല ബ്ലോഗ് കര്‍ഷകര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു എന്നു കേട്ടു. അങ്ങിനെ ഈ പാവം ഞാനും ബൂലോകത്തേക്ക് ഒന്ന് വിളിച്ചു.
ഹലോ ഹലോ ബൂലോകം ഓണ്‍ലൈന്‍ അല്ലേ?
അല്ല യമലോകം ഓഫ് ലൈനാ, താനാരാ?
ഞാന്‍ ചാലിയാര്‍
ങാ എന്താ അലിയാരെ, ഈ നട്ടപ്പാതിരക്കു?
അയ്യോ അലിയാരല്ല. ചാലിയാര്‍.
ഏതു ചാലിയാര്‍ ?????????????
അങ്ങ് കേട്ടു കാണും. ലോക പ്രസിദ്ധ ബ്ലോഗറാ. ഒബാമ ഇന്നലയൂം പറഞ്ഞതെ ഉള്ളൂ. എന്റെ ‘അവളുടെ പുളൂസു’ എന്ന പോസ്റ്റ് വായിച്ചു മിഷേല്‍ ഒബാമ ചിരിച്ചു ചിരിച്ചു പുഷപ്പ് ചെയ്ത കാര്യം.
എന്തിനാടോ ചിരിക്കുമ്പോ പുഷപ്പ് ചെയ്യുന്നതു.
അവരൊക്കെ അങ്ങിനെയാ സാര്‍, സന്തോഷം വന്നാല്‍ നാല് പുഷപ്പ് . അതാ അവരുടെ രീതി.
ആട്ടെ തനിക്കിപ്പോ എന്താ വേണ്ടേ.
ഒരു അവാര്‍ഡ് ! ഒരേ ഒരു അവാര്‍ഡ്
ഈ നട്ടപ്പാതിരക്കോ ?
നാളെ ആയാലും മതി സാര്‍. പക്ഷെ തരണം.
എടൊ കോപ്പാ.. ചാലിയാര്‍ ഞാന്‍ കണ്ടിരുന്നു.
ഞാന്‍ പറഞ്ഞില്ലേ അങ്ങ് കാണാതിരിക്കില്ല എന്നു. ആട്ടെ കണ്ടപ്പോ എന്ത് തോന്നി ?
നിലവാരം ഇല്ല.
എനിക്കോ ബ്ലോഗിനോ ????
രണ്ടിനും.
അയ്യോ അങ്ങ് അങ്ങിനെ പറയരുത്. അങ്ങ് എന്റെ അവസാനത്തെ ആശ്രയമാണ്. ആധുനിക മലയാള ഭാഷയുടെ പിതാവായ അങ്ങ് എന്നെ കൈ വിടല്ലേ. അങ്ങ് കൂടി കൈ വിട്ടാല്‍ പിന്നെ ഈ കൃഷി ഞാനങ്ങു നിര്‍ത്തും. എന്നിട്ട് കാര്‍ഷിക ലോണെടുത്ത് ജീപ്പും ബസ്സും വാങ്ങി കടം കയറിയ വയനാട്ടിലെ കര്‍ഷകരെ പോലെ ഞാനും…
എടൊ അവിവേഗം ഒന്നും കാണിക്കരുത്.
എന്നാല്‍ ദയവായി എന്റെ ബ്ലോഗ് തോട്ടം ഒന്ന് വന്നു കാണു. ഞാന്‍ കൃഷി ചെയ്തു വിളയിച്ച അക്ഷരങ്ങളുടെ നവരസങ്ങള്‍.
അക്ഷരങ്ങളിലും നവ രസങ്ങളോ ?
അതേ സാര്‍, ഭീഭല്സം, ആഭാസം, അശ്ലീലം, ആക്ഷേപം, പ്രണയം, രാഷ്ട്രീയം, നീരസം, വിമര്‍ശം, വിമ്മിഷ്ടം, കൂടാതെ ഞാന്‍ തന്നെ പരീക്ഷിച്ചു വിജയിപ്പിച്ച മൂന്നു രസങ്ങള്‍ വേറെയും
അതെന്തോക്കെയാ ???
അതൊക്കെ ഉണ്ട്. സാറ് തോട്ടത്തിലേക്ക് വാ . അക്ഷരങ്ങളുടെ വിത്തെറിഞ്ഞു ഞാന്‍ വിളയിച്ച മലയാള സാഹിത്യത്തിന്റെ ഏദന്‍ തോട്ടം ബൂലോകത്തെ ഇളം കാറ്റില്‍ പടര്‍ന്നു പരിലസിക്കുന്ന വര്‍ണ മനോഹര ഊഷ്മള സുരഭില ശീതള കോമള ചാരുത ………..
ഒന്ന് നിര്‍ത്തെടോ. അത്രയ്ക്ക് വലിയ കര്‍ഷകനാണോ താന്‍ ????
പിന്നല്ലാതെ …………..
ആര് പറഞ്ഞു ?
എന്റെ കെട്ടിയോള്. നല്ല വായനക്കാരിയാ…
എന്തൊക്കെ വായിക്കും ????
ബാലരമ, ബാല മംഗളം, കളിച്ചെപ്പ്, പൂമ്പാറ്റ, കളിക്കുടുക്ക… ടിങ്കനെയും കപീഷിനെയും വലിയ ഇഷ്ടമാ സര്.
കപീഷിനെ ഇഷ്ട്ടപ്പെടാതിരിക്കില്ല. തന്റെ കൂടെ അല്ലേ താമസം.
ഈ സാറിന്റെ ഒരു തമാശ കേട്ടാല്‍ കത്തി എടുത്തു കുത്താന്‍ തോന്നും.
ഒന്ന് പോടോ….. മനുഷ്യനെ മെനക്കെടുത്താതെ.
എനിക്കിതാ പിടിക്കാത്തെ. സാറിന്റെ ഒരു ദേഷ്യം.!!!
ഇതാടോ തന്റെ കൃഷി ????? . നല്ലത് വല്ലതും മുളപ്പിക്കെടോ
ഉണ്ട് സാര്‍. ബഷീര്‍, ഏം ട്ടി, മുകുന്ദന്, ഓ വി വിജയന്, സക്കറിയ, പൊറ്റക്കാട്, കമലാ സുരയ്യ, അഴീക്കോട്, സുഗതകുമാരി, വള്ളത്തോള്‍, കുമാരനാശാന്, …..
ഇവരൊക്കെ ആരാ??
അറിയില്ലേ സാര്‍, മലയാള സാഹിത്യത്തിനു മഹത്തായ സംഭാവനകള്‍ നല്കിയ ഉന്നതര്‍. ഇവരുടെയൊക്കെ കൃഷിയോട് കട പിടിക്കുന്ന വിത്തുകള്‍ ഞാന്‍ മുളപ്പിച്ചിട്ടുണ്ട് സാര്‍.
ഇതൊക്കെ താന്‍ തന്നെ തീരുമാനിച്ചാല്‍ മതിയോ ????????
പോരല്ലോ…….അതിനല്ലേ സാറിനെ ഞാന്‍ എന്റെ തോട്ടത്തിലേക്ക് വിളിക്കുന്നത്.
ശരി നാളെ വരാം.
ഓക്കേ സാര്‍…. ഞാന്‍ കാത്തിരിക്കും..
അന്ന് എനിക്ക് സന്തോഷം കൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല. നാളെ എന്റെ ബ്ലോഗ് അഭിനവ മലയാള ഭാഷയുടെ ‘വന്ധ്യ’ പിതാവ് , ബ്ലോഗാതി ബ്ലോഗന്, സാക്ഷാല്‍ ബൂലോക മാഹാരാജാവിന്റെ പാദ സ്പര്‍ശനത്താല്‍ ധന്യമാകാന്‍ പോകുന്നു. ഇതിലും വലിയ ഒരു സന്തോഷം ഏതു ഹാപ്പി ജാം കഴിച്ചാല്‍ കിട്ടും !!!
അങ്ങിനെ പിറ്റേന്ന് രാവിലെ തന്നെ അവര്‍ പരിശോധനക്കായ് എത്തി. ഞാന്‍ എന്റെ ബ്ലോഗു മുഴുവന്‍ അവരെ കൊണ്ട് നടന്നു കാണിച്ചു.
കൃഷി ഒന്നും അത്രയ്ക്ക് മെച്ചമില്ലല്ലോടോ ?
സാറ് മുഴുവന്‍ ഒന്ന് നടന്നു കാണു.
എന്താടോ ഈ പോസ്റ്റിനൊക്കെ ഒരു കൂമ്പ് വാട്ടം ?
അതു ജാലകം അഗ്രിഗേറ്റര്‍ തളിക്കുന്നതിനു മുമ്പുള്ള കൃഷിയാ സാര്‍. വേണ്ടത്ര പരാഗണം നടന്നില്ല.
അപ്പൊ ഇതോ…വെട്ടു കിളി ശല്യം ഉണ്ടല്ലോ ?
ഇല്ല സാര്‍..ഞാന്‍ അനോണി സള്ഫാന് തളിച്ചിട്ടുണ്ട്.
ഇതെന്താടോ ഇവിടെ ഒരു കനാല്‍ ?
അതു കണ്ണീര് ചാലാണ് സാര്‍. എന്റെ വായനക്കാര്‍ പോസ്റ്റ് വായിച്ചു കരഞ്ഞ കണ്ണീര് ഒഴുകിപ്പോയതാ.
എന്തിനാടോ അവര്‍ കരയുന്നത്.?
ചില വായനക്കാര്‍ അങ്ങിനെ ആണു സാര്‍,
‘ഇതു വായിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി,
എന്റെ ഇട നെഞ്ചില്‍ ഒരു കഠാര കുത്തി ഇറക്കുന വേദന,
കരഞ്ഞു നിലവിളിച്ചു കൊട്നാണ് വായിച്ചു തീര്‍ത്തത്.
സങ്കടം കൊണ്ട് മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല,
എന്റെ കരളു പിടയുന്നു. എനിക്ക് കുളിര് കോരുന്നു …ഇങ്ങനെ ഒക്കെ പറഞ്ഞു കരയും സാര്‍,
ഹ ഹ ഹ ഈ വായനക്കാരുടെ ഒരു കാര്യം. ഇതെന്താടോ ഈ പലകയില്‍ എഴുതി വെച്ചത്.???
അതു വായനക്കാര്‍ തന്ന അംഗീകാരമാണ് സാര്‍.
എന്റെ എഴ്ത്തു ബഷീറിനെ പോലെ ആണു, തകഴിയെ പോലെ ആണു, മുകുന്ദനെ പോലെ ആണു എന്നൊക്കെ ഉള്ള സൂക്തങ്ങളാണ് സാര്‍,
>>>താങ്കളുടെ എഴുത്തില്‍ വിശ്വവിഖ്യാതനായ റഷ്യന്‍ പുരാണേതിഹാസ സാഹിത്യകാരന് മുഫിയോ മോപസാങ്ങിനെ സ്വാധീനാമാണ് ഞാന്‍ കാണുന്നത് >>>>>>> ആരാടോ ഇതു.
ഒരു നിരൂപകന് ആണു സാര്‍,
എടൊ ഇതൊന്നുമല്ല ബ്ലോഗിന് വേണ്ടത്. …എഴുത്ത് നാച്വറല്‍ ആവണം.
ആക്കാം സാര്‍,
ഇതെന്താടോ ഈ മണല്‍ കൂട്ടി ഇട്ടിരിക്കുന്നത്. ?????
അതൊക്കെ ഊഷര ഭൂമിയിലെ വിലാപ കാവ്യങ്ങളാണ് സാര്‍,
എന്നാല്‍ ശരി ഞാന്‍ പോട്ടെ.
സാര്‍ അവാര്‍ഡിനെ പറ്റി ഒന്നും പറഞ്ഞില്ല.
എടൊ കോപ്പന് അലിയാരെ ..
അലിയാരല്ല സാ..ര്‍, ചാലിയാര്‍
ങാ ചാലിയാറെ..ഇതൊന്നുമല്ല ബ്ലോഗിന് വേണ്ടത്. ടെമ്പ്ലേറ്റ് നന്നാവണം. ഫോണ്ട് നന്നാവണം, നല്ല ഗാഡ്ജെറ്റ്കള് വേണം, ധാരാളം ഫോളോവേര്സ് വേണം, സിലോപ്പി കാഷ്ടിക്കുംപോലെ പോസ്റ്റുകള്‍ ഇട്ടു കൊണ്ടേ ഇരിക്കണം, അതിലെല്ലാം ഉപരി, യമലോകം ഓണ്‍ലൈനില്‍ എല്ലാം കൊണ്ട് വന്നു തേമ്പണം, ഇത്രയും മതി യോഗ്യത.
അപ്പൊ സാര്‍, ഒരു സംശയം. ഭാഷാ ശുദ്ധി, അക്ഷര ശുദ്ധി, പദങ്ങളുടെ വിന്യാസം, സൌന്ദര്യം, ഘടന, ശൈലി, പ്രയോഗങ്ങളുടെ ഔചിത്യം, വര്നനകളുടെ ആകര്‍ഷണീയത, എഴുത്തിലെ സംസ്ക്കാരം, സാമൂഹിക പ്രതിബദ്ധത, അവബോധം, കാലിക പ്രസക്തി, കാഴ്ചപ്പാടുകളിലെ മാനുഷിക വശം, സാഹിത്യ ബോധം……….
മണ്ണാങ്കട്ട. താന്‍ ഏതു കോത്തായത്തെ ബ്ലോഗറാടോ, ഇതൊക്കെ നോക്കാന്‍ അറിയുമെങ്കില്‍ ഞാന്‍ ഈ ഏര്‍പ്പാടിന് നിക്കുമോടോ ചാലിയാറെ. ?
അപ്പൊ പിന്നെ എങ്ങിനെ സാര്‍ സൂപര്‍ ബ്ലോഗറെ കണ്ടെത്തും.?
എടൊ പത്തു എണ്ണത്തിനെ ചന്തയില്‍ കൊണ്ട് നിര്‍ത്തി കൂട്ടത്തില്‍ നല്ലതിനെ തിരഞ്ഞെടുക്കാന്‍! പറഞ്ഞാല്‍ കച്ചവടക്കാര്‍ക്ക് അതില്‍ നല്ലതെന്ന് തോന്നുന്നതിനെ തിരഞ്ഞെടുക്കാന്‍ വല്ല ബുദ്ധി മുട്ടും ഉണ്ടാകുമോ ?
അപ്പൊ ഇവരൊക്കെ ഒരു പ്രോഡക്റ്റ് ആണ് എന്നാണോ ??
ഏയ് എന്താ ചാലിയാര്‍, ഞാന്‍ നിനക്ക് മനസ്സിലാകാന്‍ ഒരു ഉദാഹരണം പറഞ്ഞതല്ലേ
ഓ മനസ്സിലായി, ഉപമ..ഉപമ, അപ്പൊ സാറിനു ഇതൊരു ‘കുള’ ത്തൊഴിലാ അല്ലേ. മൂരിക്കച്ചവടം പോലെ ആണോ ഈ സാഹിത്യമൊക്കെ
പിന്നല്ലാതെ, ഈ ‘കുള’ത്തൊഴില്‍ വെച്ചു ഞാന്‍ മലയാള സാഹിത്യത്തെ പുല്ലും വൈക്കോലും തീറ്റിച്ചു പുഷ്ടിപ്പെടുത്തും, എന്നിട്ട് ഇഷ്ടം പോല സാഹിത്യം കറന്നെടുക്കും !
എന്നു വെച്ചാല്‍ ???
എന്നു വെച്ചാല്‍ വലിയ അവാര്‍ഡ് ദാന ചടങ്ങ് ഏര്‍പ്പെടുത്തി ഞാന്‍ ബ്ലോഗിന് പുറത്തുള്ള സാഹിത്യ ലോകത്തിനു കാണിച്ചു കൊടുക്കും, ഇവരാണ് ബൂലോകത്തെ ഏറ്റവും നല്ല എഴുത്തുകാര്‍, ബ്ലോഗുകള്‍ എന്നാല്‍ കക്കൂസ് സാഹിത്യം എന്നു ധരിച്ചവര്‍ ഇവരെ കണ്ടു ഒന്നൂടെ വിലയിരുത്തൂ എന്നു.
എങ്കില്‍ നടക്കട്ടെ.
ഒകെ അപ്പൊ അവാര്‍ഡിന് കാണാം
ബൈ ബൈ, ഗുഡ് ബൈ
ഗുഡ് ബൈ
(ഇതു 50 പേര്‍ക്ക് ളീൃംമൃറ ചെയ്യുന്നവര്‍ക്ക് പല ഗുണങ്ങളും ഉണ്ടാകും. നിങ്ങളുടെ ബ്ലോഗിന് വെച്ചടി വെച്ചടി കയറ്റം കിട്ടും. നിങ്ങളുടെ ബ്ലോഗ് വിമര്‍ശിക്കുന്നവരുടെ മുടി കൊഴിഞ്ഞു പോകും. അവരുടെ ബ്ലോഗ് പൂരം കഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ, അഥവാ ആളില്ലാത്ത ചാലിയാര്‍ പോലെ ആകും)
സംഗതി അതു തന്നെ. അവാര്‍ഡ് കിട്ടാത്തതിലുള്ള കടുത്ത അസൂയ. അതു തന്നെ. അതു തന്നെ.
95 total views, 1 views today