ഇങ്കുലാബ് തങ്കച്ചന്‍

ദുരിതങ്ങളുടെ പെരുമഴകാലമായിരുന്നു ബാല്യവും കൌമാരവും കണ്ണുനീര്‍ വീണുഉണങ്ങിയ മുഖവും വിശന്നു ഒട്ടിയ വയറുമായി മറക്കാന്‍ കഴിയാത്ത ചിത്രങ്ങള്‍ മനസ്സില്‍ കോറിയിട്ട ഒരു കാലം അങ്ങനെ ഒരു വിശപ്പിന്റെ വിളി കത്തി ജ്വലിച്ചു നിന്ന സമയത്താണ് തോമാ ചേട്ടനെ പരിച്ചയപെടുന്നത് .തോമാച്ചേട്ടന്‍ തരകന്‍ ആണ് കല്യാണം മുതല്‍ ജാഥയ്ക്ക് ആളെ സംഘടിപ്പിച്ചു കൊടുക്കുന്നത് വരെയുള്ള സകല തരികിടകളും നടത്തി ജീവിച്ചു പോന്ന ഒരു പാവം കുട്ടനാടുകാരന്‍ .വീട്ടിലെ ദൈന്യത കണ്ടിട്ടാണ് തോമാ ചേട്ടന്‍ എന്നെ കൂടെ കൂട്ടുന്നത്‌ കേരള കൊണ്ഗ്രെസ്സ് പാര്‍ട്ടിയുടെ ജില്ല സംസ്ഥാന സമ്മേളനങ്ങള്‍ തുടങ്ങി കഴിഞ്ഞാല്‍ തോമാച്ചേട്ടന്‍ എന്നെ അങ്ങോട്ടേക്ക് കൊണ്ട് പോകും തല ഒന്നിന് 500 വീതം തോമാചേട്ടന് കിട്ടും.മിക്കവാറും തിരുവനന്തപുരത്തോ കണ്ണുരോ ഒക്കെ ആകും സമ്മേളനങ്ങള്‍ അത് കൊണ്ട്  ഏ സി കോച് ബസില്‍ വെറുതെ ഇരുന്നു പല സ്ഥലങ്ങളും കണ്ടുനല്ല ഫുഡും കഴിച്ചു അടിച്ചു പൊളിച്ചു പോയി വരാം.തിരികെ പോരുമ്പോള്‍ ബസില്‍ ഫുള്‍ പൊട്ടിക്കും വേണമെങ്കില്‍ പോയി കുടിക്കാം ആ ശീലം തുടങ്ങാത്തത് കൊണ്ട് ഒരു പെപ്സിയോ ജുസോ കൊണ്ട് ഞാന്‍ ഒരിടം പിടിക്കും .

അന്നും പതിവ് പോലെ ഒരു ഗ്രൂപ്പിന്റെ ജില്ല സമ്മേളനം ആയിരുന്നു പാര്‍ടിക്ക് ഒട്ടും പിന്തുണ ഇല്ലാത്ത ജില്ല ആയതു കൊണ്ട് ജില്ല സെക്ക്രെട്ടെരി അല്ലാത്ത എല്ലാവരും കൂലി തൊഴിലാളികള്‍ . പാര്‍ട്ടി ചെയര്‍മാന്‍ വരുമ്പോള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കണം അലക്കി തേച്ച ഖദര്‍ ചുളിയാത്ത നിലയില്‍ ഞങ്ങള്‍ ഒരു അന്‍പതോളം തൊഴിലാളികള്‍ സമ്മേളന ഹാളില്‍ കയറി ഇരുന്നു .മിക്കവാറും എല്ലാ ആളുകളും സ്വന്തം നിലയില്‍ നന്നായി മിനുങ്ങിയിട്ടുണ്ട്‌ ജില്ല സെക്രെട്ടെരി തോമാച്ചനെ വിളിച്ചു “എന്താടോ ഇത് ബാറില്‍ കൂടി ഇത്ര സ്മെല്‍ ഇല്ലല്ലോ താന്‍ ഒരു കാര്യം ചെയ്യ് കുടിക്കാത്ത ഒരു പത്തു പതിനഞ്ചു പേരെ വിളിച്ചു മുന്നില്‍ ഇരുത്തു “ആദ്യം നറുക്ക് വീണത്‌ എനിക്കാണ് ആദ്യത്തെ നിരയില്‍ ഇരിക്കാന്‍ പോലും മദ്യപിക്കാത്തവരെ കിട്ടാന്‍ തോമാച്ചന്‍ നന്നേ പണിപെട്ടു.ചെയര്‍മാന്‍ വന്നതോടെ  തൊണ്ട പൊട്ടുന്ന ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു ഞങ്ങള്‍ വാങ്ങുന്ന കാശിനു കൂറ് കാണിച്ചു.

പ്രസംഗത്തിനിടയില്‍ ഒന്നിലധികം തവണ ചെയര്‍മാന്‍ എന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നി കഴിഞ തവണ റാന്നിയില്‍    ചെയര്‍മാന്‍ വന്നപ്പോഴും ഞാന്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു , പ്രസംഗം കഴിഞ്ഞു  എന്നോട് വേദിയിലേയ്ക്ക് ചെല്ലാന്‍ കൈ കൊണ്ട് ചെയര്‍മാന്‍ ആങ്ങ്യം കാട്ടി “ജോസപ്പേ ഇവന് പാര്‍ടിയില്‍ എന്നതാ സ്ഥാനം ” ജില്ലാ സെക്രെട്ടെരിയോടാണ് ചോദ്യം, അത് പിന്നെ തോമാച്ചന്റെ ആളാ സെക്രെട്ടെരി കൈ ഒഴിഞ്ഞു . “നീയ് ഒരു കാര്യം ചെയ്യ് സമ്മേളനം കഴിയുമ്പോള്‍ എന്നെ വന്നു കാണു” തമ്പുരാനെ, ചെയര്‍മാന് ഇഷ്ട്ടപെട്ടാല്‍ ജാതകം തന്നെ മാറും വലിയ ആശ്രിത വത്സലന്‍ ആണെന്നാണ് കേള്‍വി.വല്ല നേതാക്കളില്ലത്ത ജില്ലയിലെ  ഒരു പാര്‍ട്ടി ഭാരവാഹിത്വം അത് മതി പിന്നെ പിടിച്ചു കേറാന്‍  കസേരയില്‍ വന്നിരുന്നു കിട്ടാവുന്ന സ്ഥാനമാനങ്ങളുടെ  കിനാവ്‌ കണ്ടു ഇരുന്നു .

സമ്മേളനം കഴിഞ്ഞു ചെയര്‍മാനും കൂട്ടര്‍ക്കും കാപ്പി കുടി ഉണ്ട് ഞാന്‍ പതിയെ ഡൈനിംഗ് ഹാളിനു വെളിയില്‍ ചെയര്‍മാന് മുഖം കാണത്തവിധം മാറി നിന്നു.കാപ്പി ഒന്ന് മുത്തിയിട്ട് കൈയിലെ കൈലേസ് കൊണ്ട് മുഖം തുടച്ചിട്ടു ചെയര്‍മാന്‍ എഴുന്നേറ്റു എന്റെ അടുത്തേക്ക് നടന്നു . ഇത് അത് തന്നെ ചെയര്‍മാന് എന്നെ പിടിച്ചിരിക്കുന്നു പാര്‍ടിയുടെ യൂത്ത് വിങ്ങിലെയ്ക്ക് ചേരാന്‍ നേരിട്ടു വിളിക്കാന്‍ ആണ് വരവ് . കുറഞ്ഞ പക്ഷം ഒരു ജില്ലാ പ്രസിഡന്റ്‌ സ്ഥാനം എങ്കിലും ഇല്ലങ്കില്‍ ഞാന്‍ വഴങ്ങില്ല ചെയര്‍മാന്റെ ഓരോ സ്റ്റെപ്പിനും എന്റെ ആത്മവിശ്വാസം വര്‍ധിച്ചു കൊണ്ടിരുന്നു .”എന്താ പേര് ” തങ്കച്ചന്‍ ഞാന്‍ ആത്മ വിശ്വാസം വിടാതെ പറഞ്ഞു .
“തങ്കച്ചന്‍ ഒരു കാര്യം ചെയ്യണം ഇനി സമ്മേളനത്തിന് വരുമ്പോള്‍ ചാനല്‍ ക്യമാരക്കാര്‍ക്ക് മുഖം കിട്ടാത്ത വണ്ണം എവിടെയെങ്കിലും ഒന്ന് ഒതുങ്ങി നില്‍ക്കണം ഇപ്പൊ കഴിഞ്ഞ അഞ്ചു ജില്ലാ സമ്മേളനത്തിന്റെയും മുന്‍ നിരയില്‍ തന്റെ മുഖം ഉണ്ടായിരുന്നു ഇനി അത് മതി ചാനലുകാര്‍ക്ക് നമ്മുടെ സമ്മേളനം കൂലി തൊഴിലാളികളുടെ പിന്ബലത്തിലാണ് എന്ന് പാടി നടക്കാന്‍ “ഞാന്‍ കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ ചൊങ്ങി താഴേക്കു പോകുന്നത് പോലെ തോന്നി .തിരികെ വണ്ടിയില്‍ എത്തുമ്പോള്‍ വണ്ടിയില്‍ സല്സയുടെ കൂതറ ബ്രാണ്ട് മദ്യ വിതരണം  പൊടി  പൊടിക്കുന്നു ഒരു പെഗ് വാങ്ങി വെള്ളം ചേര്‍ക്കാതെ വിഴുങ്ങിയിട്ട് സീറ്റിലേയ്ക്ക് ചാഞ്ഞു ….