Featured
ഇങ്ങനെയുമുണ്ടോ കളികള്‍?
ചില വിചിത്രമായ കായിക വിനോദങ്ങളെക്കുറിച്ച് ഇത്തിരിക്കാര്യം!
117 total views

ഏതെങ്കിലും തരാം കായികവിനോദത്തില്‍ ഒരിക്കലെങ്കിലും പങ്കെടുക്കാത്തവരായി ആരും ഉണ്ടാവില്ല. കളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ക്രിക്കറ്റും ഫുട്ബോളുമൊക്കെയാവും പലരുടെയും മനസിലേയ്ക്ക് ആദ്യം എത്തുന്നതും. നാടന്‍ കളികളെക്കുറിച്ച് ആലോചിച്ചാല്‍ കബഡിയും തലപ്പന്തുകളിയും ഓര്‍മയില്‍ എത്തും. നമ്മുടെ നാട്ടിലേതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും അവരുടേതായ പ്രാദേശിക കായിക വിനോദങ്ങള്‍ ഉണ്ട്. അവയില്‍ ചിലതൊക്കെ വളരെ വിചിത്രവും ആണ്. അത്തരം ചില വിചിത്ര വിനോദങ്ങളെ പരിചയപ്പെടാം നമ്മുക്കിനി.
ചെസ് ബോക്സിംഗ്
പേരുതന്നെ വിചിത്രം അല്ലെ? ഫ്രാന്‍സില്‍ രൂപം കൊണ്ട ഈ കളിയുമായി ബന്ധിപ്പിക്കാന്‍ ഒരു പ്രയോഗമേ തോന്നുന്നുള്ളൂ മീന്‍ അവിയല്‍! ചെസ്സും ബോക്സിങ്ങും മാറിമാറി വരുന്ന കായിക വിനോദമാണിത്. രണ്ടിലും പ്രാവീണ്യം നേടിയവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ ആവൂ എന്നര്‍ത്ഥം.
വൈഫ് ക്യാരിയിംഗ്
പേരിലുണ്ട് എല്ലാം. ഭാര്യ ഒരു കുരിശാണ് എന്ന് ചിന്തിക്കുന്ന ഭര്ത്താക്കന്മാര് ഈ കളിക്ക് പോയാല്‍ കൂടുതല്‍ സന്തോഷം ലഭിക്കും!! സ്വന്തം ഭാര്യയേയും പൊക്കിക്കൊണ്ട് ഓടുന്നതാണ് കളി. ഇടയ്ക്ക് കയറ്റിറക്കങ്ങളും ചെറു തോടുകളും ഒക്കെ കാണും. ഫിന്‍ലാന്‍ഡ് ആണ് ഈ രസികന്‍ കളിയുടെ ജന്മദേശം.
ഫ്രോഗ് ജമ്പിംഗ്
നമ്മുടെ തവളച്ചാട്ടമല്ല അമേരിക്കയിലെ ഫ്രോഗ് ജമ്പിംഗ്. പ്രത്യേകം പരിശീലിപ്പിച്ച തവളകളെ ചാടിക്കുന്ന കളിയാണിത്. ഏറ്റവും കൂടുതല്‍ ദൂരം നിര്‍ത്താതെ ചാടുന്ന തവള ആണ് വിജയി.
ലാ ടോമാറ്റിന
സോയ അക്തറിന്റെ ‘സിന്ധഗി ന മിലേംഗി ദൊബാര’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നാം കണ്ട തക്കാളിയേറാണ് സംഭവം. ഒരു തെരുവ് നിറയെ തക്കാളി ആയിരിക്കും. എല്ലാവരും തക്കാളിനീരില്‍ കുളിച്ചു നില്ക്കും.
ചീസ് റോളിംഗ്
ബ്രിട്ടനില്‍ രൂപം കൊണ്ട കളിയാണിത്. കുത്തനെയുള്ള മലഞ്ചെരുവിലൂടെ ഉരുണ്ട വെണ്ണക്കട്ടികള്‍ ഉരുട്ടിവിടും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അവ താഴെ എത്തുന്നതിനു മുന്‍പേ കൈക്കലാക്കണം.
ഇനിയുമുണ്ടാവും ഒട്ടേറെ വിചിത്ര വിനോദങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും. പക്ഷെ, അവയൊക്കെയും അവ രൂപം കൊണ്ട പ്രദേശത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. നമ്മുക്ക് വിചിത്രം ആയി തോന്നാമെങ്കിലും അവ രൂപം കൊണ്ട നാട്ടിലെ ആളുകള്‍ക്ക് അവ വളരെ വിലപ്പെട്ടവ ആവാം. നമ്മുടെ നാടന്‍ കളികളെ മനസിലാക്കുവാന്‍ വിദേശീയര്‍ക്കു ഒരു പരിധി ഉള്ളതുപോലെ അവ മനസിലാക്കുവാന്‍ നമ്മുക്കും കഴിയാതെ പോകുന്നതാവാം.
118 total views, 1 views today