ഇഞ്ചി മിട്ടായി (ചെറുകഥ) – രഞ്ജിത്ത് നീലന്‍..

350

indian_beggar_woman

 

റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ തിരക്ക് വളരെകുറവായിരുന്നു , തോളില്‍ കിടന്നുറങ്ങുന്ന മകനെ ഒന്നൂടെ കൈ കൊണ്ട് ചേര്‍ത്ത്പ്പിടിച്ച് ഭാര്യയുടെ മടിയില്‍ തലവെച്ചുറങ്ങുന്നു മൂത്തമകളുടെ തലയില്‍ വാത്സല്യപൂര്‍വ്വം തലോടിയപ്പോള്‍ ഭാര്യ അയാളുടെ കൈയുടെ മുകളില്‍ കൈ വെച്ചിട്ട് അയാളുടെ കണ്ണുകളില്‍ നോക്കി

ഭാര്യയുടെ കണ്ണുകളിലെ തീക്ഷ്ണമായ പ്രണയം അയാളെ മറ്റൊരു ലോകത്തില്‍ എത്തിച്ചു …………….

പെട്ടന്ന് അയാളുടെ സീറ്റിന്റെ അരികില്‍ ഒക്കത്തൊരു കുട്ടിയുമായി ഒരു നാടോടി പെണ്‍കുട്ടി വന്നു ..

ഒരു കൈയില്‍ രണ്ട് പാറകഷണങ്ങള്‍ കൂട്ടിപിടിച്ച് , അവ രണ്ടും ഒരു പ്രത്യേക താളത്തില്‍ ചലിപ്പിച്ച് പെണ്‍കുട്ടി ഉച്ചത്തില്‍ പാടി ………

‘എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുക്കാരാ…’ മലയാളം പാട്ടാണ് പാടുന്നതെങ്കിലും അത് പാടുന്നത് മലയാളി കുട്ടിയല്ല എന്ന് അവളുടെ പദപ്രയോഗങ്ങളില്‍ നിന്നും അയാള്‍ക്ക് മനസ്സിലായി , അയാള്‍ ആ പെണ്‍കുട്ടിയെ സൂക്ഷിച്ച് നോക്കി

മുഷിഞ്ഞ വസ്ത്രവും ചെമ്പിച്ച തലമുടിയും ശോഷിച്ച ശരീരവും അവളുടെ ഒക്കത്തിരിക്കുന്ന കുട്ടിയുടെ കൈയില്‍ രണ്ടു ഇഞ്ചി മുട്ടായിയുണ്ട് , ഒരു പക്ഷെ അത് ട്രെയിനില്‍നിന്ന് ആരെങ്കിലും കൊടുത്തത് ആകും ….

പാട്ട് കേട്ടിട്ട് അയാളുടെ തോളില്‍ കിടന്ന കുട്ടി ഉണര്‍ന്നു ഉച്ചത്തില്‍ കരഞ്ഞു

കുട്ടിയുടെ കരച്ചില്‍ കേട്ടിട്ട് അയാള്‍ പറഞ്ഞു ..

ഇത് എന്തൊരു കഷ്ട്ടം ആണ് ഒന്ന് നിര്‍ത്തികൂടെ ഈ മുടിഞ്ഞ പാട്ട് …

പെണ്‍കുട്ടി പെട്ടന്ന് പാട്ട് നിര്‍ത്തി അയാളുടെ നേരെ കൈ നീട്ടി

അയാള്‍ കരയുന്ന കുട്ടിയുടെ പുറത്തു തട്ടിക്കൊണ്ട് ഒന്നുമറിയാത്ത പോലെ ഇരുന്നു

പെണ്‍കുട്ടി അയാളുടെ തോളില്‍ തോണ്ടിയിട്ട് വീണ്ടും കൈ നീട്ടി ….

അയാള്‍ പെണ്‍കുട്ടിയെ നോക്കിയിട്ട് പറഞ്ഞു

നിനക്കൊന്നും വേറെ പണിയില്ലേ , നിന്റെ ഒടുക്കത്തെ തൊള്ള കാരണം ഉറങ്ങി കിടന്ന കുട്ടി ഉണര്‍ന്നു , ഇനി ഇതിനെ എങ്ങനെ ഞാന്‍ ഒന്ന് ഉറക്കും ….. ഒന്ന് പോയെ ശല്യങ്ങള്‍

പാട്ട് പാടിയ നാടോടി പെണ്‍കുട്ടി ഒന്നും പറയാതെ മെല്ലെ നടന്നു പോയി

പെണ്‍കുട്ടി പോയപ്പോള്‍ അയാളുടെ കുട്ടി കരച്ചില്‍ നിര്‍ത്തി ….

അപ്പോള്‍ അയാള്‍ കണ്ടു

അയാളുടെ കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ നാടോടി പെണ്‍കുട്ടിയുടെ ഒക്കത്തിരുന്ന കുട്ടി കൊടുത്ത രണ്ട് ഇഞ്ചിമുട്ടായി അയാളുടെ കുട്ടിയുടെ കൈയില്‍ ………..